Saturday, January 27, 2007

ചില പ്രണയരംഗങ്ങള്‍

രംഗം 1
പ്രണയമിന്നവനവളോടതിലൊളിഞ്ഞ
സൌന്ദര്യമതുപൊന്‍‌നിലാവില്‍ ചാഞ്ചാടി
നില്‍ക്കുമൊരു പച്ചപ്പുല്‍നാമ്പിന്‍ മുനയിലെ
ഇറ്റുന്ന മഞ്ഞുതുള്ളിതന്‍ തെളിഞ്ഞ,
മിഴിവാര്‍ന്ന സൌന്ദര്യം.
കറുത്തനിലത്തെ നിറമുള്ള ചതുരങ്ങള്‍
അവന്റെ നിലയ്ക്കാത്ത തേങ്ങലുകള്‍;
കൂന്തലിന്‍ മദ്ധ്യേ ചില നിറമുള്ള ശലഭങ്ങള്,
പിന്നെപ്പാറും മുടിക്കൊപ്പം കളിച്ചിടൂം
ചില വര്‍ണ്ണനാടകള്‍ തന്‍ കൂട്ടവും,
പിന്നെയൊതുക്കിയ മുറമ്പിന്നലിന്‍
മുകളിലെ വാസനയകന്ന മുല്ലയും,
അങ്ങിനെയവളുടെ പല ഭൌതികങ്ങള്‍
അതൊക്കെയുമിവനിന്നാ നിറമുള്ള ചതുരങ്ങള്‍.

രംഗം 2
കണക്കുപുസ്തകത്തിലവളുടെ
മിന്നുന്ന പേനതന്‍ കിരുകിരുപ്പ്.
ചേര്‍പ്പുകള്‍, കൂട്ടലുകള്‍ പിന്നെക്കുറെ
തെറ്റിയ കണക്കിന്‍ കളികളും
ഏകാന്തതയും അവളുമുണ്ടാമുറിക്കുള്ളില്‍
പിന്നെയവിടുള്ളതൊരെരിയുന്ന ദീപവും.
ദീപത്തിന്‍ പീതപ്രഭ ചെന്നുചേരുന്നു
ചുടുചോരതണുപ്പിക്കുമവള്‍തന്‍ ചെറുചുണ്ടില്‍
മൂളിപ്പാട്ടുകളീരടികള്‍ പിന്നെ
പാടുവാനാവാ‍ത്ത നിശബ്ദരാഗങ്ങളും.
ഇവയെല്ലാമുദിക്കുന്നതവള്‍തന്‍ ചെറുചുണ്ടില്‍
എന്നാലതുതോന്നിലെനിക്കു പലപ്പോഴും.
വാതായനങ്ങളേറെയുണ്ടവളുടെ
വെള്ളയടിച്ചോരാനാലു ചുവരിനും
വാതിലുകള്‍ കൊട്ടിയടച്ചവള്‍ മുറിതന്‍
ജനാലകള്‍ മലര്‍ക്കെത്തുറന്നു.
എത്തിനോക്കുന്നു ജനാലതന്‍പടിയിന്മേല്‍
മുറ്റത്തുനില്‍ക്കും വള്ളിച്ചെടിതന്‍ തലപ്പൊന്ന്
ആ ഇരട്ടത്തളിരിന്റെയടിയിലായ്
സ്വച്ഛമായ്, ശാന്തമായ് ഉറങ്ങുന്നൊരു
ശലഭത്തിന്‍ ആദിയാം വരയന്‍ പുഴു.
എന്‍സ്വപ്നങ്ങളും ഒളിവിലെവിടെയോ
കാലവും കാത്തിരിപ്പൂ പുഴുവിനെപ്പോല്‍
.
ദീപനാളത്തെ ഇരുട്ടില്‍ ചാലിച്ചവള്‍
പിന്നീടെപ്പൊഴോ കണ്‍പോളകള്‍ ചാരി
ഏതോ സ്വപ്നത്തിന്‍ മഞ്ചലിലേറി
യാത്രയായ് രാത്രിയില്‍ ചന്ദ്രനോടൊപ്പം.

രംഗം 3
മഞ്ഞുകാലത്തിന്‍ തണുപ്പില്‍ കുതിര്‍ന്നൊ-
രാരാത്രി, ഇരുണ്ടരാത്രി
ചവറുനിറഞ്ഞൊരാവിജനമാം നിരത്തി-
ന്നരികേ നടന്നു നീങ്ങി ഞാന്‍ വൃഥാ
എന്‍ ചിന്തകള്‍ വീണമീട്ടും വഴികളെങ്കിലും
യുക്തികള്‍ വഴിയിലെ കല്ലുകള്‍
ദുഃഖം മനസില്‍ നിറെയെയുണ്ടെങ്കിലും
പുഞ്ചിരിതൂകുന്ന മുഖപടമിട്ടുഞാന്‍
ആരും നടക്കാത്ത, ആര്‍ക്കാര്‍ക്കുമറിയാത്ത
പ്രണയവഴികള്‍ താണ്ടി ഞാനിനിയും മുന്നോട്ട്
വിളക്കിന്‍ കാലുകളേറെ കടന്നു ഞാനൊടുവില്‍
വന്നെത്തിയാ തുരുമ്പിച്ച കത്താത്ത വിളക്കുകാലരികത്ത്
അതിനുമപ്പുറമല്ലോ അവളുടെ സാകേതം,
അതിലവളെക്കാണുവാന്‍ പടുപാടെത്രയും.
തലയും കുമ്പിട്ടൊരുകാലുപൊക്കി കൈകളൊളിപ്പിച്ചു
വഴിവിളക്കുകാലും ചാരി, എന്നാലവളുടെ ചലനങ്ങള്‍ വീക്ഷിച്ച്
എന്തുകൊണ്ടറിയില്ലന്നങ്ങിനെ നിന്നു ഞാന്‍
സൂചികളോടുന്നു പിന്നെയും പിന്നെയും
ദീപമണഞ്ഞു, ശാന്തം വിരിഞ്ഞു.
ഞാന്‍...

രംഗം 4
ചിന്തകള്‍ ചിലതുണ്ടവനിലും
എന്നലവയെല്ലാമവളുടെ ചിന്തകള്‍
സ്നേഹമെന്തെന്നറിയുന്നതു പിന്നെ
സ്നേഹത്തിന്‍ വിലയറിയുന്നതും
സ്നേഹിക്കുവാനറിയുന്നതും
എനിക്കുമാത്രമെന്നവന്റെ ശാഠ്യം.
ചിത്രമെഴുത്തിലവനിടും വരകള-
വന്റെ മനസ്സിലെ മാറുന്ന ചിന്തകള്‍,
രേഖകള്‍ നേര്‍‌രേഖകളെങ്കിലും
ചിലതുണ്ട്, വല്ലാതെ വളഞ്ഞവ.
ഛായയവളുടെതല്ലേ പടങ്ങള്‍ക്ക്
വരച്ചതു ചുളിവീണ വൃദ്ധമുഖമെങ്കിലും
അവനിന്നറിയാം പലനിറക്കൂട്ടുകള്‍
അവയിലെല്ലാമവന്‍ ചാലിച്ചു സ്വപ്നങ്ങള്‍
ശരിയാണവയെല്ലാമവളെക്കുറിച്ചുള്ള
അവന്റെയാശകള്‍തന്‍ സ്വപ്നഭേദങ്ങള്‍
അവനിന്നെഴുതിയ ചിത്രങ്ങളേറെയു-
ണെങ്കിലുമൊന്നില്ലവളുടെ ചിന്തയില്‍
എല്ലാമവനെഴുതിയതവന്റെതന്‍
മനസ്സിന്‍ നിണമൊഴുകും വശങ്ങളില്‍.

രംഗം 5
മതി തീരെനല്‍കില്ല ദൈവം, സുന്ദര
കന്യകള്‍ക്കെന്നിന്നവള്‍ കേട്ടൊരു വാചകം
സുന്ദരിയോ, മതിശാലിനിയോ താന്‍,
അതുതന്നെയിവളുടെ ഇന്നുള്ള ചിന്ത
പുഴുവിന്‍ സ്വപ്നത്തിലിന്നുമവശേഷിപ്പൂ
പൊട്ടിമുളയ്ക്കാത്ത ഇളം വര്‍ണ്ണച്ചിറകുകള്‍
അവളും ദുഃഖിപ്പൂ പുഴുവിനോടൊപ്പം
പിന്നെ പ്രാര്‍ത്ഥിപ്പൂ നേരം വന്നണയുവാന്‍
മുറിയ്ക്കൊരു പൊടിമണം, തീരാത്ത
ചുക്കിലി, തളരാത്ത കീടങ്ങള്‍
എല്ലാമകറ്റി ശുചിയാക്കീടുവാന്‍
ശ്രമിച്ചു തളര്‍ന്നവള്‍ ദീപമൊരുക്കി.
പുതുവസ്ത്രത്തിന്‍ ഗന്ധത്തില്‍
പൊങ്ങിയനൂലിഴ തടവി പഴയ
വസ്ത്രത്തെമറന്നവള്‍ പിന്നീടെപ്പോഴോ
ആ എണ്ണവറ്റിയ ദീപം തെളിയിച്ചു.

രംഗം 6
രാത്രിയൊരു തീരാത്ത തുടര്‍ക്കഥ
നശ്വരരാത്രിതന്‍ അനശ്വരമാനസമെന്നില്‍ കുടിവെച്ചു
ഞാനും തുടര്‍ന്നേകനായ് തന്നെ.
കഴിഞ്ഞുപോയി മഞ്ഞുകാലം, ഇതേതുകാലം
അറിയില്ല, വേനലല്ലെങ്കില്‍ ശരത്.
നക്ഷത്രങ്ങള്‍, തിങ്കള്‍ പിന്നെയെന്‍ നോവുന്ന
ചിന്തകളൊക്കെയും മറച്ചുനീങ്ങുന്നു
ചില കറുത്ത കാര്‍മേഖങ്ങള്‍.
അന്നവള്‍ വായിക്കുന്നേതോ ചെറുപുസ്തകം
നിന്നു ജനാലയ്ക്കരികില്‍ നിശ്ചേഷ്ടയായ്
കണ്ടുകാണും ചിലപ്പോളവളെന്നെ
എന്തുകാര്യം ഞാന്‍ തികച്ചുമപരിചിതന്‍.
ഇന്നന്റെ ചിന്തയതിങ്ങനെ പോകുന്നു,
എന്തിനു ഞാനവളെയറിഞ്ഞു, അവളെന്നെയറിയില്ലയെങ്കില്‍?
ഇനിയും ഞാനവളെയറിഞ്ഞീലയോ,
അറിഞ്ഞതൊക്കെയും തെറ്റോ?അതുമിന്നറിയില്ല.
പാതിചാരിയ കണ്ണാടി ജനാലകള്‍ പിന്നൊരെവനിക
അതിനുപിന്നില്‍ വിരിച്ചൊരു നിഴലായവളെന്നെ
എങ്ങോട്ടൊക്കെയോ കൊത്തിപ്പറിക്കുന്നു.
വാനത്തു ചന്ദ്രനോട്ടം തുടര്‍ന്നു
ദീപമണഞ്ഞു, നിഴലും മറഞ്ഞു.
വ്യഥയും നിലച്ചു, രാത്രിയിലവളുടെ മുറിയുമലിഞ്ഞു.
ഞാന്‍...

രംഗം 7
എവിടെയാണവന്‍? അറിയില്ലതിനാല്‍
അവനെക്കുറിച്ചിനി എന്തെഴുതീടുവാന്‍
അവനെയറിഞ്ഞിട്ടു നാളുകളേറെയായ്
എങ്ങിനെ, എങ്ങിനെ, എങ്ങിനെയറിയുവാന്‍?
തിരക്കുകള്‍ പലതില്‍ ചിലപ്പോള്‍ തിരഞ്ഞുവെങ്കിലും
കണ്ടീല്ലവനെ, ഇന്നവനുള്ളതെന്‍ ഭാവനകളില്‍
നിലയ്ക്കാതെയെരിയുന്ന ഭാവനകള്‍,
സത്യമോ മിഥ്യയോ, അറിയില്ലെനിക്കതിന്നുമേ
കാ‍ത്തിരിക്കുവാനേറെയുണ്ടെനിക്കിന്ന്
കൂട്ടത്തിലൊന്നായവനെയും ചേര്‍ത്തിടാം
ഒടുവിലതിനൊരന്ത്യമായവനെത്തുകില്‍
പൂര്‍ത്തീകരിച്ചിടാമന്നവനെ നിസ്സംശയം.

രംഗം 8
യാഥാര്‍ത്ഥ്യങ്ങളെ സ്വപ്നമായ് കാണുക,
എന്നെങ്കിലുമതു സത്യമായ് വന്നിടും.
ഒടിവിലാപ്പുഴുവിനും ലഭിച്ചൂ ചിറകുകള്‍
വിരിച്ചുപറന്നവനുടന്‍ മാനത്തേക്ക്
ഒടുവില്‍ തളര്‍ന്നപ്പോള്‍ തുനിഞ്ഞു നിലത്തേക്ക്
ചിറകടിക്കാതെ കാറ്റിനോടൊത്തിറങ്ങുവാന്‍
അയ്യോ, കഷ്ടം വന്നിറങ്ങിയതൊരു
ദുഷ്ടകീടം വിരിച്ച വലയ്ക്കുള്ളില്‍
പരിശ്രമങ്ങള്‍ വൃഥാവിലാവുന്നു
നിലയ്ക്കുന്നവനുള്ളില്‍ ശ്വാസനിശ്വാസവും
കാലുകളെട്ടുമായന്തകനെത്തുന്നു
വിശപ്പാണതിനിന്നു മറ്റൊരു പകയില്ല.
ജീവിതമാധുര്യമറിഞ്ഞിറക്കും മുന്‍പേ
ഇറക്കുന്നവനീയവനിയില്‍ കയ്പാകുമന്ത്യം.
അവളിപ്പോള്‍ നോക്കുന്നതുഞാന്‍
എന്‍‌നിശ്വാസത്തെ വിയര്‍പ്പാക്കിവാങ്ങി,
പിന്നതില്‍ ചുംബിച്ചവള്‍ക്കു ഞാന്‍ നല്‍കിയ
സുന്ദരമായൊരാ സിന്ദൂരച്ചെപ്പിനെ.
അവളതെറിയുന്നു ജനാലയിലൂടെ
വലപൊട്ടിച്ചു മണ്ണില്‍ ചിതറുന്നു കുങ്കുമം.
പറന്നുപൊങ്ങുന്നാശലഭം വാനത്തേക്ക്
കുങ്കുമം ചുമപ്പിച്ചൊരിരട്ടച്ചിറകുമായ്.
അവളും പറന്നുപോയ് പിന്നീടെപ്പൊഴോ
സ്വപ്നങ്ങളവളുടെ കൂടെയുണ്ടാവാം.
എങ്ങോട്ടുപോയവള്‍? അതെനിക്കറിയില്ല
ഇന്നവളെ ഞാന്‍ തിരയുന്നതുമില്ല.
എങ്കിലുമെന്‍ ഭാവനകളിലവളും ജീവിക്കുന്നു
എരിയും ഭാവങ്ങളായല്ലതു നിശ്ചയം.
നിങ്ങളറിഞ്ഞേക്കാമെന്‍ ഭാവനകളെ
കാരണം നമ്മളിന്നദ്വൈതത്തില്‍
അവളുടെ ജീവിതമെങ്ങിനെ വന്നുവോ
സ്വൈര്യമോ, സ്വസ്ഥമോ അതോ ഒരു നരകമോ?
ശരി, നിങ്ങളുടെയിഷ്ടമെന്റെയുമിഷ്ടം
‘ജീവിതം സുഖകരമവള്‍ക്കുമായീടട്ടെ’.
ഒന്നോര്‍ത്താലിതിവിടെപ്പറയുന്നതിലെന്തര്‍ത്ഥം,
എന്നാലീവേളയില്‍ വേറെന്തു ചൊല്ലുവാന്‍.

രംഗം 9
ഞാന്‍...
--
ഫെബ്രുവരി, 2001: കോളേജ് മാഗസീനിലേക്കായി ഞാനെഴുതിയ കവിത. ഇപ്പോള്‍ വീണ്ടുമിവിടെ കുറിച്ചപ്പോള്‍ മനസില്‍ തോന്നിയ ചെറിയ ചില മാ‍റ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം.
--

11 comments:

  1. ചില പ്രണയരംഗങ്ങള്‍.
    പല നേരങ്ങളിലായി അരങ്ങേറുന്ന ധാരാളം പ്രണയരംഗങ്ങളുണ്ടല്ലോ നമ്മുടെ ജീവിതത്തില്‍? അങ്ങിനെ ചില രംഗങ്ങളാണിവിടെ. 2001 ഫെബ്രുവരിയില്‍ കോളേജ് മാഗസീനിലേക്കായി ഞാനെഴുതിയ കവിത. ഇപ്പോള്‍ വീണ്ടുമിവിടെ കുറിച്ചപ്പോള്‍ മനസില്‍ തോന്നിയ ചെറിയ ചില മാ‍റ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം. നീളം വല്ലാതെ കൂടുതലാണ്, സദയം ക്ഷമിക്കുക.
    --

    ReplyDelete
  2. നമസ്കാരം ഹരീ..
    കവിത വായിച്ചു.
    നീളം ‘അല്പം’കൂടിയതിനു ആദ്യമേ ക്ഷമാപണം പറയുന്നുണ്ടല്ലൊ!അങ്ങനെയെങ്കില്‍ നീളം ‘അല്പംകൂടി’കുറയ്ക്കാമായിരുന്നില്ലേ?ഹിഹി..

    കവിത വായിച്ചു തീരുന്നതിനു മുമ്പേ പല തവണ ആദ്യഭാഗങ്ങളിലേയ്ക്ക് ‘സ്ക്രോള്‍ ’ചെയ്ക വേണ്ടിവരും,ആ ഭാഗം ഓര്‍ക്കണമെങ്കില്‍ !

    എങ്കിലും, ഹരി വിചാരിച്ചാല്‍ നല്ല കവിതകള്‍ എഴുതാന്‍ കഴിയും എന്നുള്ള തെളിവത്രെ ഇക്കവിത!അഭിനന്ദനങ്ങള്‍...

    ReplyDelete
  3. കലക്കി മാഷേ... പക്ഷേ ഖൊരക്പൂറ്‍ rail_way platform ണ്റ്റെ വലിപ്പം കവിതയിലൂടെ കുറക്കാന്‍ ശ്രമിക്കരുത്‌!!!!

    ReplyDelete
  4. Nalla Poem mashey...
    lengh is not an issue....

    keep going...

    ReplyDelete
  5. കവിത മനോഹരമായിട്ടുണ്ട്...
    ബോറടിയില്ലെങ്കില്‍ നീളം കൂടിയാലെന്താ ...
    ഞാനെതെങ്കിലും ഒരു രംഗം തെരഞ്ഞെടുത്ത് ഇതാണ് എന്റെ ഇഷ്ടപ്പെട്ട രംഗം എന്നു പറയാനൊരു ശ്രമം നടത്തി... പക്ഷെ എല്ലാം ഒന്നിനൊന്നു മെച്ചം അപ്പോള്‍ എങ്ങനെ ഒന്നിനെ തെരഞ്ഞെടുക്കും..

    ReplyDelete
  6. ഹരീ, നിങ്ങള്‍ എങ്ങനെ എഴുതണം എന്ന് പറയാനോ എഴുതരുത്‌ എന്ന് പറയാനോ എഴുതുന്നത്‌ ബ്ലോഗരുത്‌ എന്ന് നിര്‍ദേശിക്കാനോ ഞാന്‍ ആളല്ല. പക്ഷേ ഒരു അഭിപ്രായം പറയട്ടെ, കുമാരനാശാനില്‍ നിന്നും ചങ്ങമ്പുഴയിലും ഇടപ്പള്ളിയിലും ഓ.എന്‍.വിയിലും നിന്നുമൊക്കെ മലയാള കവിത മുന്നോട്ടാണ്‌ പോകുന്നത്‌. പോകേണ്ടതും. ദയവ്‌ ചെയ്ത്‌ അടുത്ത കവിത എഴുതുന്നതിനു മുന്‍പ്‌ പുതിയ കവിതകള്‍ കുറച്ചെങ്കിലും വായിക്കുക. അല്ലാതെ കവിതകളെ നൂറ്റാണ്ട്‌ മുന്‍പിലേക്ക്‌ കൊണ്ടുപോകരുത്‌, ദയവ്‌ ചെയ്ത്‌...
    സ്നേഹത്തോടെ അനിയന്‍സ്‌...

    ReplyDelete
  7. ജോണ്‍സണ്‍ മാഷേ,
    നന്ദി, നീളം കൂട്ടണമെന്ന് വിചാരിച്ച മനഃപൂര്‍വ്വം ചെയ്യുന്നതല്ല കേട്ടോ. പിന്നെ, എഴുതിവരുമ്പോള്‍ ഇത്രയുമൊക്കെ ആയിപ്പോവുന്നതാണ്.
    --
    അരീകോടനോട്,
    നീളത്തിന്റെ കാര്യം ഞാന്‍ പറഞ്ഞുവല്ലോ! നീളം കുറയ്ക്കുവാന്‍ തീര്‍ച്ചയായും ശ്രമമുണ്ടാവുന്നതാണ്. :)
    --
    മനുവിനോടും സ്മിതയോടും,
    കമന്റുകള്‍ക്ക് വളരെ നന്ദി. കവിതയുടെ നീളം കുഴപ്പമുണ്ടാക്കിയില്ല എന്നറിയുന്നതില്‍ സന്തോഷം.
    --
    അനിയന്‍സ് എന്ന അനോണിയോട്,
    "അല്ലാതെ കവിതകളെ നൂറ്റാണ്ട്‌ മുന്‍പിലേക്ക്‌ കൊണ്ടുപോകരുത്‌" കവിതകളെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകരുത് എന്നാണ് ഉദ്ദേശിച്ചതെന്നു കരുതുന്നു. എന്തിനാണ് കവിതയെ കാലഘട്ടവുമായി ബന്ധപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്? ഇന്ന കാലത്ത് ഇന്ന രീതിയിലേ കവിത എഴുതാവൂ എന്ന് നിര്‍ബന്ധമുണ്ടോ? പിന്നെ, ഇന്നത്തെ കവിതകള്‍ വായിച്ച് അതുപോലെ എഴുതുക എന്നൊരു ഉദ്ദേശം എനിക്കില്ല. അഭിപ്രായങ്ങള്‍ക്ക് നന്ദി, പക്ഷെ താങ്കളുടെ കാഴ്ചപ്പാടിനോട് ഞാന്‍ തീരെ യോജിക്കുന്നില്ല.
    --

    ReplyDelete
  8. അറിയില്ലാന്നാ തോന്നുന്നെ.. എന്റെ ഏട്ടന്റെ പേര്‌ ഹരി എന്നാ... പിന്നെ ഹരീ... ന്ന് വിളിച്ചു പോവുന്നത്.. തന്റെ കവിതകള്‍ കാണുമ്പോള്‍ എന്റെ നോട്ട് ബുക്കുകളില്‍ ഞാന്‍ എഴുതി കൂട്ടിയിരുന്നതൊക്കെ ഓര്‍ക്കും ... ഒരുപാട് പറയാനുള്ളപ്പോള്‍ എന്താ പറയേണ്ടതെന്നറിയാതെ നില്‍ക്കില്ലെ അതോണ്ടാ അങ്ങിനെ വിളിച്ചു നിര്‍ത്തുന്നെ...മനസ്സിലായോ???

    ReplyDelete
  9. ഇട്ടിമാളുവിന് ഒളിച്ചു കളി ഭയങ്കര ഇഷ്ടമാണെന്നു തോന്നുന്നല്ലോ! പ്രൊഫൈലില്‍ പോലും കാര്യമായൊന്നുമില്ല. :)
    എന്നെങ്കിലും കാണാട്ടോ! (അറിയില്ലെന്നാ തോന്നുന്നേ, എന്നു പറഞ്ഞത് മനസിലായില്ലാ, എന്റെ പടവും വിവരവുമൊക്കെയുണ്ടല്ലോ ബ്ലോഗില്‍ തന്നെ, ‘അറിയില്ല’ എന്നങ്ങുറപ്പുവരുത്താനും കഴിയുന്നില്ലെന്നോ!)
    --
    അതുശരി... ഏതായാലും സമയം പോലെ എന്താ പറയാനുള്ളതെന്നു വെച്ചാല്‍ പറഞ്ഞോളൂട്ടോ... :)
    --

    ReplyDelete
  10. ഹരിയുടെ ഗ്രഹണത്തില്‍ ചിത്രകാരന്‍ എന്തോ അപകടം ഭയക്കുന്നു.
    പ്രേമത്തിന്റെ വാരിക്കുഴിയാണോ,
    സൌഹൃദത്തിന്റെ ചക്കപ്പശയാണൊ, ഇരുട്ടിന്റെ പൊന്‍കവാടമായ സന്ധ്യയുടെ സൌന്ദര്യമാണോ? ആരു നീ വെളിപ്പെടാമോ ?

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--