Wednesday, February 21, 2007

രാക്കിളിപ്പാട്ട് പറയുന്നത്


രാക്കിളിപ്പാട്ടെന്ന പ്രിയദര്‍ശന്റെ മലയാളസിനിമയിലെ ഒരു ത്രെഡ് ആണ് ഇതെഴുതുവാനുള്ള പ്രേരണ. പുരുഷരോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്ന ഒരു പോലീസ് ഓഫീസറാണ് അതില്‍ ടബു അവതരിപ്പിക്കുന്ന ഗായത്രി വര്‍മ്മ എന്ന കഥാപാത്രം. ധൈര്യപൂര്‍വ്വമുള്ള ഇടപെടലുകള്‍ കൊണ്ടും, കുറ്റവാളികളോടുള്ള സമീപനം കൊണ്ടും ഗായത്രി വര്‍മ്മ ഒരു ആരാധനാപാത്രമാവുന്നു. അങ്ങിനെ അവര്‍ വിമന്‍സ് കോളേജില്‍ ഒരു പരിപാടി ഉത്ഘാടനം ചെയ്യുവാനായെത്തുന്നു. ചടങ്ങില്‍ ‘അരുന്ധതി’(ദി ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ് എഴുതിയ അരുന്ധതിയല്ല) എന്നൊരെഴുത്തുകാരി സൌഹൃദത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്നു. ഗായത്രി സംസാരിക്കുമ്പോള്‍, അരുന്ധതിയെ സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും പത്രങ്ങളിലൂടെയും മറ്റും അറിയാം, എന്നാല് അവരെവിടെയാണെന്നും മറ്റും അരുന്ധതിക്കറിയുമോ എന്ന് ചോദിക്കുന്നു. പെണ്‍കുട്ടികളുടെ സൌഹൃദം, കോളേജ് വിടുന്നതോടുകൂടി അവസാനിക്കുന്നു, അല്ലെങ്കില്‍ അവസാനിപ്പിക്കേണ്ടി വരുന്നു. ആണ്‍കുട്ടികള്‍ സൌഹൃദം പുറത്തേക്ക്, ക്ലബ്ബുകളിലും ബാറുകളിലും ബീച്ചുകളിലും ഒക്കെയായി തുടരുന്നു. പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിഞ്ഞാല്‍, സൌഹൃദം ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചുവെയ്ക്കുവാനുള്ള മുത്തുമണികള്‍ മാത്രമാവുന്നു, എന്നും മറ്റും തുടര്‍ന്നു പറയുന്നു.

വളരെയൊന്നും പ്രാധാന്യം ചിത്രത്തില്‍ ഈ വിഷയത്തിനു നല്‍കിയിട്ടില്ല. എന്നാല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമായിത്തോന്നുന്നു ഈ കാര്യം. പറഞ്ഞത് സത്യമല്ലേ? പെണ്‍കുട്ടികള്‍ പഠിത്തം കഴിഞ്ഞ് വിവാഹിതരാവുന്നതോടു കൂടി അവരുടെ ലോകം ഭര്‍ത്താവ്, കുട്ടികള്‍, ബന്ധുക്കള്‍, ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ എന്നതില്‍ ഒതുങ്ങുന്നില്ലേ? ചിലപ്പോഴെങ്കിലും സ്വന്തം ബന്ധുജനങ്ങളോടുപോലും പിന്നീടധികം ഇടപെഴകാന്‍ കഴിയാത്ത സാഹചര്യങ്ങളുമുണ്ടാവും. ഇതിനൊരപവാദമായി ചിലരുണ്ടാവാം. എന്നാല്‍ ഭൂരിഭാഗവും, തങ്ങളുടെ കുട്ടിക്കാലം മുതല്‍ക്കേയുള്ള ആത്മാര്‍ത്ഥ സുഹൃത്തുക്കളെ മറക്കുവാന്‍ നിര്‍ബന്ധിതരാവുന്നില്ലേ? ഉണ്ട് എന്നാണ് എന്റെ ഉത്തരം. ഈയൊരു അവസ്ഥ മാറേണ്ട കാലമായില്ലേ?

ഒരു പക്ഷെ, ബ്ലോഗുകളിലൂടെയും ഓര്‍ക്കുട്ടിലൂടെയും മെസ്സഞ്ചറുകളിലൂടെയും സംവേദിക്കുന്ന ഇവിടെയുള്ള സ്ത്രീജനങ്ങള്‍ക്ക് ഈയൊരു പ്രശ്നം അനുഭവപ്പെടുകയില്ലായിരിക്കാം. എന്നാല്‍ കേരളത്തില്‍ മധ്യവര്‍ഗ്ഗത്തിലുള്ള സ്ത്രീകളില്‍ ഭൂരിഭാഗവും ഈ അവസ്ഥയിലാണ്. തങ്ങളുടെ ലോകം ഭര്‍ത്താവിലും കുട്ടികളിലും തളച്ചിടുവാന്‍ നിര്‍ബന്ധിതരായവര്‍. അവര്‍ക്ക് അവരുടേതായ സുഹൃത്തുക്കളില്ല, പ്രവൃത്തികളില്ല, ചിന്തകളില്ല. നഗരങ്ങളിലെ സ്ത്രീകള്‍ കുറച്ചുകൂടി സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നു കരുതാം. എന്നിരുന്നാലും ഭര്‍ത്താവിന്റെ അറിവും സമ്മതവുമില്ലാതെ യാതൊന്നും ചെയ്യുവാന്‍ അവിടെയുള്ളവര്‍ക്കും സാധ്യമാവില്ല. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കുവാന്‍ കഴിവുള്ളവരുടെ പോലും കഥ വ്യത്യസ്തമല്ല. സ്വന്തമായി ജോലിയുള്ളവര്‍ക്ക് കുറച്ച് ഓഫീസ് സുഹൃത്തുക്കള്‍ വ്യക്തിബന്ധങ്ങളായി ഉണ്ടാവാം. എന്നാലവരെക്കുറിച്ചും ഭര്‍ത്താവിനോട് പറഞ്ഞിരിക്കണം. ആവാം, ഒരു പങ്കാളിയെന്ന നിലയ്ക്ക് ഭര്‍ത്താവ് അറിഞ്ഞിരിക്കുന്നത് നല്ലതു തന്നെ, പക്ഷെ തിരിച്ചും പറയേണ്ടതല്ലേ?

എന്തുകൊണ്ട്, ഭര്‍ത്താവിന് ഭാര്യയെ മറ്റൊരു വ്യക്തിയായി കാണുവാന്‍ സാധിക്കുന്നില്ല? അല്ലെങ്കില്‍, അങ്ങിനെയൊരു കാഴ്ചപ്പാട് എന്തുകൊണ്ട് നമ്മുടെ സമൂഹത്തില്‍ ഉണ്ടാവുന്നില്ല? ഇതിനെതിരെ പ്രതികരിക്കുന്ന ഫെമിനിസ്റ്റുകളുടെ ദിശയാവട്ടെ പലപ്പോഴും പുരുഷാധിപത്യത്തില്‍ നിന്നും വനിതാധിപത്യം വരണമെന്ന രീതിയിലാണ്. സമത്വമെന്ന കാഴ്ചപ്പാടിലേക്കാണ് സമൂഹമെത്തേണ്ടതെന്നു തോന്നുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സാമൂഹികവും ജീവശാസ്ത്രപരവുമായ പരിമിതികളുണ്ട്, മേല്‍ക്കൊയ്മകളുമുണ്ട്. അത് പരസ്പരം അറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് കരണീയം.

മറ്റൊന്നുണ്ട്. പലപ്പോഴും സ്ത്രീ-പുരുഷ സമത്വം ചര്‍ച്ചയ്ക്കെത്തുമ്പോള്‍ സ്ത്രീകളോട് കേള്‍ക്കാറുള്ള ചോദ്യമാണ്:
“നിനക്കു സന്ധ്യകഴിഞ്ഞാല്‍ / രാത്രിയില്‍ ഒരു പുരുഷനെപ്പോലെ ഒറ്റയ്ക്കിറങ്ങി നടക്കാനാവുമോ?”
സത്യത്തില്‍, ജീവശാസ്ത്രപരമായോ മറ്റെന്തെങ്കിലും സാങ്കേതിക കാരണം കൊണ്ടോ സ്ത്രീക്ക് നടക്കുവാന്‍ കഴിയായ്കയില്ലല്ലോ? പുരുഷന്മാരില്‍ നിന്നുമുള്ള അക്രമണം, അതല്ലേ അവര്‍ക്കു രാത്രിസഞ്ചാരം ദുഷ്കരമാക്കുന്നത്? സത്യത്തില്‍ ഈ ചോദ്യം തലകുനിപ്പിക്കേണ്ടത് ഇവിടുത്തെ ആണുങ്ങളെത്തന്നെയല്ലേ? മനുസ്മൃതിയിലെ ശ്ലോകം ഇവിടെ പിന്നെയും പ്രസക്തമാവുന്നു.
“പിതാ രക്ഷതി കൌമാരേ,
ഭര്‍ത്താ രക്ഷതി യൌവനേ,
പുത്രോ രക്ഷതി വാര്‍ദ്ധക്യേ,
നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.”
ഈ ശ്ലോകം, (1) പുരുഷന്മാരുടെ അധീനത്തില്‍ സ്ത്രീ എന്നും ബന്ധിക്കപ്പെട്ടവളായിരിക്കുമെന്നും, (2) പുരുഷന്മാര്‍ വേണ്ടും വണ്ണം സ്ത്രീയെ സംരക്ഷിച്ചാല്‍ അവര്‍ക്കു സ്വാതന്ത്ര്യം ആവശ്യം വരികയില്ലെന്നും, രണ്ടു രീതിയില്‍ അര്‍ത്ഥം നല്‍കാറുണ്ട്. നല്ലൊരു വിവരണം ഇവിടെ കാണാം.

വീണ്ടും രാക്കിളിപ്പാട്ടിലേക്ക്. അതിലൊരു പെണ്‍കുട്ടിയെ ഓട്ടോയില്‍ വന്ന പൂവാലന്‍ ഷാളില്‍ പിടിച്ച് വലിക്കുമ്പോള്‍, തല തറയിലിടിച്ച് മരിക്കുന്നുണ്ട്. എന്നാല്‍, പോലീസെത്തുമ്പോള്‍ പ്രതി ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നു. പിടിക്കുവാനായി കാലില്‍ വെടിവെയ്ക്കുന്ന ഗായത്രി വര്‍മ്മയോട് എന്തിന് പ്രതിയെ വെടിവെച്ചു, ഒരു കോളേജ് പയ്യനെപ്പിടിക്കുവാന്‍ വെടിവെയ്ക്കേണ്ടതുണ്ടോ എന്നൊക്കെയും ചോദിക്കുന്നു. ഈയൊരവസ്ഥ നാടിനു നന്നോ? ഇപ്പോള്‍ പല കേസുകളിലും, കുറ്റവാളികള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് വാദിക്കുന്നവര്‍ ധാരാളമായി രംഗത്തെത്തുന്നു. പക്ഷെ, അവരുടെ കുറ്റവാസന തകര്‍ത്തെറിയുന്ന കുടുംബങ്ങളേയും, അവരെ സ്നേഹിക്കുന്നവരുടേയ കണ്ണീരിനേയും കാണുവാന്‍ നാം മറക്കുന്നുണ്ടോ?

ലോകം എത്ര കപടമാണ്. സ്ത്രീധനത്തിനു വേണ്ടി മകനെ പ്രേരിപ്പിക്കുന്ന, മരുമകളെ കൊലയ്ക്കുകൊടുക്കുന്ന അമ്മായിയമ്മമാരും സ്ത്രീകള്‍ തന്നെ. അകന്ന ബന്ധുവായും, അടുത്ത വീട്ടിലെ ചേച്ചിയായും പെണ്‍കുട്ടികളെ വാണിഭസംഘങ്ങള്‍ക്ക് കൈമാറുന്ന, കുടുംബരക്ഷകരും സ്ത്രീകള്‍ തന്നെ. ഇവയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരും സ്ത്രീകള്‍ തന്നെ. ബസില്‍ സ്ത്രീകളുടെ സീറ്റിലിരിക്കുന്ന പുരുഷന്മാരെ എഴുന്നേല്‍പ്പിക്കുവാന്‍ ഉത്സാഹം കാണിക്കാറുണ്ട് സ്ത്രീകള്‍; എന്നല്‍ കൈക്കുഞ്ഞുമായി കയറിവരുന്ന അമ്മയ്ക്കുവേണ്ടി, അവശയായ വൃദ്ധയ്ക്കുവേണ്ടി സീറ്റൊഴിയുവാന്‍ എത്ര സ്ത്രീകള്‍ സൌമനസ്യം കാണിക്കും? പുരുഷന്മാരാണ് ആ കാര്യങ്ങളില്‍ കൂടുതല്‍ ഭേദം.

ഇവിടെ സ്ത്രീകളും മാറണം പുരുഷന്മാരും മാറണം. ഈ മാറ്റം സമൂഹത്തില്‍ അത്ര വേഗമൊന്നുമെത്തുകയുമില്ല. എന്നിരുന്നാലും ഇപ്പോഴേ ഈ രീതിയിലുള്ള ചിന്തകളെങ്കിലും ഉത്ഭവിക്കേണ്ടത് നാളെയുടെ ആവശ്യമാണ്. സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുവാനും ബഹുമാനിക്കുവാനും സാധിക്കുന്ന ഒരു നല്ല നാളേയ്ക്ക്, നമുക്കിന്നേ വിത്തു പാകാം.
--

Saturday, February 17, 2007

ഫ്ലാഷ് പഠിച്ചുതുടങ്ങാം

ഫ്ളാഷ് പഠിച്ചുതുടങ്ങാം - ഫ്ളാഷിനെ പരിചയപ്പെടുത്തുന്ന തുടക്കക്കാര്‍ക്കു വേണ്ടിയുള്ള പുസ്തകം, എഴുതിയത്: ഹരീഷ് എന്‍. നമ്പൂതിരി, പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഇത് എന്റെ പ്രഥമ പുസ്തകം. മെയ്, 2006 ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും കലാപരമായ കഴിവുകളുമുള്ള ആര്‍ക്കും വിജയം കൈവരിക്കാവുന്ന ഒരു മേഖലയാണ് മള്‍ട്ടിമീഡിയ / ന്യൂമീ‍ഡിയ ഡിസൈനിംഗ്. ഈ രംഗത്ത് ഇന്ന് ഏറെ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്ന ഒരു സോഫ്റ്റ്‌വെയറാണ് മാക്രോമീഡിയ ഫ്ലാഷ്. ഫ്ലാഷില്‍ ലഭ്യമായിരിക്കുന്ന ടൂളുകള്‍, ഓപ്ഷനുകള്‍, പാനലുകള്‍, ആക്ഷന്‍സ്ക്രിപ്റ്റുകള്‍ എന്നിങ്ങനെ വിവിധ സങ്കേതങ്ങളെ ഈ പുസ്തകത്തില്‍ ലളിതമായി പരിചയപ്പെടുത്തുന്നു. ഫ്ലാഷിനെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കിക്കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഫ്ലാഷ് പഠനം സുഗമമാവുമെന്നാണ് എന്‍റെ വിശ്വാസം.


അവതാരിക
കമ്പ്യൂട്ടര്‍ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നും നായകസ്ഥാനത്തുണ്ടായിരുന്നു. 1970കളില്‍ പ്രൊഫ. വി. കെ. ദാമോദരന്റെ പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. ഈടുറ്റ ഒരു ഡസനിലധികം കമ്പ്യൂട്ടര്‍ ഗ്രന്ഥങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനോടകം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. തുടക്കത്തില്‍ കമ്പ്യൂട്ടറിന്റെ പൊതുപരിചയവും സാമൂഹികപ്രസക്തിയും കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ പിന്നീട് സാങ്കേതിക മേഖലകളിലേക്കും വികാസം പ്രാപിച്ചു. പ്രോഗ്രാമിംഗ് ഭാഷകളിലും മറ്റുമായി അരഡസനോളം പുസ്തകങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്തുകഴിഞ്ഞു. എന്നാല്‍ ഐ. ടിയിലൂടെ സാധ്യമാ‍യ സര്‍ഗ്ഗാത്മക പ്രയോഗങ്ങളുമായി ബന്ധപ്പെട്ട ആദ്യപുസ്തകം എന്ന വിശേഷണം യുവശാസ്ത്രരചയിതാവാ‍യ ശ്രീ. ഹരീഷ് എന്‍. നമ്പൂതിരിയുടെ ഫ്ലാഷ് പഠിച്ചുതുടങ്ങാം എന്ന ഗ്രന്ഥത്തിന് അവകാശപ്പെട്ടതാണെന്നു തോന്നുന്നു.

ചലനാത്മകമായ ചിത്രപ്രയോഗത്തിന് ലോകമെമ്പാടും ഉപയോഗിച്ചുവരുന്നതും ഇന്റര്‍നെറ്റിലെ ചിത്രസാന്ദ്രതയില്‍ നല്ലൊരു പങ്കു വഹിക്കുന്നതുമായ ഫ്ലാഷ് സോഫ്റ്റ്വെയറിനെക്കുറിച്ചാണ് ഈ പുസ്‌തകം. വളരെ രസകരമായി മൌലീകമായ ഒരു ക്രമത്തില്‍ ശ്രീ. ഹരീഷ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ പ്രസിദ്ധീകരണരംഗത്ത് ഈ പുസ്തകം മാറ്റത്തിന്റെ പ്രതിനിധിയായിരിക്കൂമെന്ന് എനിക്കുറപ്പുണ്ട്.

ഗ്രന്ഥകാരനെക്കുറിച്ച് ഒരുവാക്കു പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമാവില്ല. സര്‍ഗ്ഗ-സാങ്കേതിക വൈഭവങ്ങള്‍ സമന്വയിച്ചിരിക്കുന്ന ഈ യുവപ്രതിഭയ്ക്ക് കമ്പ്യൂട്ടര്‍ സാ‍ഹിത്യരംഗത്ത് ഇനിയുമേറെ സംഭാവനകള്‍ നല്‍കുവാന്‍ വിഭവശേഷിയുണ്ടെന്നാണ് എന്റെ നിഗമനം. കമ്പ്യൂട്ടറിലും കഥകളിസംഗീതത്തിലും ഒരു പോലെ ആകൃഷ്ടനായ ശ്രീ. നമ്പൂതിരിക്ക് കമ്പ്യൂട്ടറില്‍ ദൃശ്യശ്രാവ്യവിരുന്നൊരുക്കുന്ന ഫ്ലാഷ് എന്തുകൊണ്ടും മികച്ച വേദിതന്നെ.

-
ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍
ബയോ ഇന്‍ഫൊര്‍മാറ്റിക്സ് കേന്ദ്രം, കേരള സര്‍വ്വകലാശാല (സി-ഡിറ്റ് മുന്‍: ഡയറക്ടര്‍)


മാധ്യമങ്ങളില്‍
• വീണ്ടും, തെളിയുന്ന എഴുത്ത്
കെ. ടോണി ജോസ് (മലയാള മനോരമ ദിനപ്പത്രം, 2006 ഡിസംബര്‍ 08)
• ഫ്ലാഷ് പഠിച്ചുതുടങ്ങാം
ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍ (വിജ്ഞാനകൈരളി,
2006 ഒക്ടോബര്‍)
• ബുക്ക് റിവ്യൂ - ഫ്ലാഷ് പഠിച്ചുതുടങ്ങാം
ജേക്കബ് ജോര്‍ജ്ജ് ( ഇന്‍ഫോ കൈരളി, 2006 ആഗസ്ത്)
• വായന - ഫ്ലാഷ് പഠിച്ചുതുടങ്ങാം
സുനില്‍ പ്രഭാകര്‍ (മാതൃഭൂമി ദിനപ്പത്രം, 2006 ജൂലയ് 20)


വിശദാംശങ്ങള്‍
പ്രസാധകന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
നാളന്ദ, തിരുവനന്തപുരം

SIL : 2175
ISBN : 81-7638-514-8
FT : 1366

വില : 115 രൂപ


പുസ്തകം എവിടെ ലഭ്യമാകും?
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുസ്തകം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഈ പുസ്തകവും ലഭിക്കേണ്ടതാണ്. കൂടാതെ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പങ്കെടുക്കുന്ന/സംഘടിപ്പിക്കുന്ന പുസ്തകമേളകളിലും ഈ പുസ്തകം ലഭ്യമായിരിക്കും.
തപാലില്‍ പുസ്തകം ലഭിക്കുവാന്: പുസ്തകമാവശ്യപ്പെട്ടുകൊണ്ട്, വിശദാംശങ്ങള്‍ സഹിതം (മുകളില്‍ ശ്രദ്ധിക്കുക) താഴെപ്പറയുന്ന വിലാസത്തില്‍ ഒരെഴുത്തെഴുതിയാല്‍ വി.പി.പി.യായി അയച്ചുതരും.
ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്, നാളന്ദ, തിരുവനന്തപുരം -3
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക. (ഐ.ഇ. ഉപയോഗിക്കുന്നതാവും ഉത്തമം)
--
Keywords: Flash Padichu Thudangam, Flash Padichuthudangam, Haree, Hareesh N. Nampoothiri, Flash Book in Malayalam, Language, Kerala Bhasha Institute, State Institute of Languages, Macromedia Flash

Friday, February 9, 2007

ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മയ്ക്ക്

പ്രണയം അതിന്റെ എല്ലാ വശ്യതകളോടെയും ആകര്‍ഷിച്ചിരുന്ന യുവത്വം. അതിലൂടെയായിരുന്നു അന്നവന്റെ സഞ്ചാരം. പാടവരമ്പത്തുള്ള അമ്പലത്തില്‍ ഉത്സവകാലം. ഉത്സവത്തിന് ഒരു ദിവസം കഥകളിയുണ്ടാവും. കഥയറിയില്ലെങ്കിലും, പദമൊന്നും മനസിലാവില്ലെങ്കിലും കഥകളി കാണുവാന്‍ അവനെന്നും ആവേശമായിരുന്നു. കഥകളിയിലെ നിറക്കൂട്ടുകളും, അലൌകികമായ ആടയാഭരണങ്ങളുമായിരിക്കണം അവനെ ആകര്‍ഷിച്ചത്. തിരശീലയുടെ ഇളകിയാട്ടം പോലും അവന്‍ ആസ്വദിച്ചിരുന്നു ആ കാലത്ത്.

കേളികൊട്ടു തുടങ്ങി. കേളിയോടൊപ്പം അവന്റെ ഹൃദയമിടുപ്പും മുറുകി മുറുകി വരുന്നു. കാവിനരികിലൂടെയുള്ള വഴിയില്‍ ആളുകളുടെ തിരക്ക്. ഉത്സവകാലത്തുമാത്രം ആ വഴി വിജനമാവാറില്ല. അതുകൊണ്ടു തന്നെ ഉത്സവകാലം അവന് അത്ര ആഹ്ലാദകരമല്ല. വിജനമായ വഴിയിലൂടെ ഒറ്റയ്ക്കു നീങ്ങുന്നതായിരുന്നു അവനെന്നും ഇഷ്ടം. അവളുടെ പറന്നു നടക്കുന്ന മുടിയിഴകളും, പാടത്തെ പുല്‍നാമ്പില്‍ മുട്ടിയിഴയുന്ന പാവാടയും നോക്കി അവനങ്ങിനെ അവളുടെ ശ്രദ്ധയില്‍ വരാതെ വളരെ മാറി പിന്നാലെ നടക്കും. അത്രയും മതിയായിരുന്നു അവനെപ്പോഴും. അവന്റെയുള്ളിലെ പ്രണയം അവളെയറിയിക്കണമെന്നു തന്നെ അവനാഗ്രഹിച്ചിരുന്നില്ല. അല്ലെങ്കില്‍, അവനതിന് കഴിഞ്ഞിരുന്നില്ല.

പുറപ്പാട്. തിരശീലയ്ക്കു പിന്നില്‍ കൃഷ്ണവേഷം കാട്ടുന്നതെന്തെന്ന് കാണുവാനവനെന്നും ആഗ്രഹിച്ചിരുന്നു. പക്ഷെ, പിന്നിലൂടെ പോയി നോക്കുവാനവന് ആ‍ഗ്രഹിച്ചിരുന്നുമില്ല.
എങ്കിലും ഇടയ്ക്കിടെ പൊങ്ങിത്താഴുന്ന കൃഷ്ണമുടി അവനെ ഉത്കണ്ഠപ്പെടുത്തിയിരുന്നു. മതിലിനു മുകളിലൂടെ അവളുടെ മുടി പാറുന്നതു കണ്ടാല്‍ അവന് മനസിലാവുമായിരുന്നു അതാരാണെന്ന്. ഗെയിറ്റിനുമുന്നിലൂടെ അവള്‍ പോവുമ്പോള്‍ അവളുടെ കൊലുസിലെ കാണാത്ത മണികള്‍, പോക്കറ്റില്‍ നിന്നെടുത്ത് അവന്‍ ചുണ്ടോടടുപ്പിച്ചു.

കഥയൊരിക്കലും അവനറിയാനാഗ്രഹിച്ചിരുന്നില്ല. എന്നാലിന്നെന്തോ അടുത്തിരുന്നയാളോട് അവന്‍ ‘ഇന്നേതാ കഥ?’ എന്നു തിരക്കി. നളചരിതം നാലാം ദിവസമാണത്രേ, അപ്പോള്‍ മൂന്നു ദിവസങ്ങള്‍ കണ്ടാലേ ഇത് മനസിലാവുകയുള്ളോ? ഹേയ്, അല്ലെങ്കിലും എന്തു മനസിലാവാനാ. അന്നാദ്യമായി അവള്‍ അവനരികിലൂടെപ്പോയി. അവളുടെ മണം ആദ്യമായാണ് അവനറിയുന്നത്. എന്നാല്‍ അവള്‍ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു. തന്നെക്കടന്നു പോയപ്പോള്‍ അവളുടെയുള്ളില്‍ ഒരു വിങ്ങല്‍ താന്‍ കേട്ടുവോ? എന്തുപറ്റിയതാവാം? അവന്‍ വെറുതേ വ്യാകുലപ്പെട്ടു.
--

വിജനമായ പാടവരമ്പിലൂടെ നടക്കുമ്പോള്‍ ആരോ അവളെ പിന്തുടരുന്നത് അവളെന്നും അറിഞ്ഞിരുന്നു. തിരിഞ്ഞു നോക്കുമ്പോഴൊന്നും കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും അതൊരാണിന്റേതാണെന്ന് അവളുറപ്പിച്ചു. ആ തോന്നലവള്‍ക്ക് ഏകാന്തമായ യാത്രയിലെ വിരസതയകറ്റി, ഒരു സുരക്ഷിതത്വമായി അവള്‍ക്കൊപ്പം നടന്നു. ഇപ്പോള്‍ ഉത്സവകാലത്ത്, അവളേറെ വിഷമിച്ചത് ആ ദിവസങ്ങളില്‍, ആ ഒരാള്‍ തന്റെ പിന്നിലുണ്ടാവില്ലല്ലോ എന്നോര്‍ത്തായിരുന്നു. തിരക്കുകള്‍ക്കിടയില്‍ അവന്റെ കാലൊച്ചകള്‍ അവള്‍ക്കറിയുവാനും കഴിഞ്ഞിരുന്നില്ല.

കേളികൊട്ടുകഴിഞ്ഞ് ദീ‍പാരാധനയ്ക്ക് നടയടച്ചു. എങ്ങും നിശബ്ദത. നിശബ്ദതകളിലേ അവള്‍ക്കവനെ അറിയുവാന്‍ കഴിയുമായിരുന്നുള്ളൂ, കൈ തൊഴുതു പിടിച്ചിട്ടുണ്ടെങ്കിലും അവള്‍ ചുറ്റും അവനെ തിരയുകയായിരുന്നു. ഇല്ല, അവന്‍ ഈ കൂട്ടത്തിലില്ല. അല്പം പരിഭവത്തോടെ, നടയിലേക്കു നോക്കി, അവള്‍ ദൈവത്തോട് കെറുവിച്ചു. ഇന്ന് കഥകളിയുണ്ട്, ചില പദങ്ങളൊക്കെ തിരുവാതിരകളിയില്‍ പാടിക്കേട്ടിട്ടുണ്ട്, അല്ല താനും ഏറ്റുപാടി കളിച്ചിട്ടുണ്ട്. തൂണില്‍ ചാരിയ കറുത്ത ബോര്‍ഡില്‍ ചോക്കു കൊണ്ടെഴുതിയിരിക്കുന്നത് അവള്‍ വെറുതേ വായിച്ചു - “നളചരിതം നാലാം ദിവസം”.

വെറുതെ സ്റ്റേജിനരികിലൂടെ നടന്നപ്പോള്‍ അവള്‍ അണിയറയിലേക്കൊന്ന് കണ്ണു പാളി നോക്കി. കൃഷ്ണവേഷം മുഖത്തെഴുത്തുകഴിഞ്ഞ് ഒരു സിഗരറ്റും പുകച്ചു നില്‍ക്കുന്നു. അവളറിയാതെ ചിരിച്ചു... കൃഷ്ണനേ, വിത്സും വലിച്ചു നില്ക്കുന്നു, ഓടക്കുഴലൊക്കെ പഴയകാലത്തല്ലേ... അവള്‍ പൊട്ടിച്ചിരിച്ചു. കുറ്റി ദൂരേക്കെറിഞ്ഞ് കൃഷ്ണന്‍ ഉടുത്തു കെട്ടുവാനായി അകത്തേക്കു കയറി. ചിലങ്കയുടെ കിലുക്കം. അവളപ്പോഴാണോര്‍ത്തത്, തന്റെ കൊലുസിലെ ചില മണികള്‍, അത് പാടവരമ്പിലെവിടെയോ നഷ്ടപ്പെട്ടുവല്ലോ... എങ്കിലും താനവയുടെ കിലുക്കം ആ വരമ്പത്തൂടെ നടക്കുമ്പോള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. പാടവരമ്പ് തീരും വരേയും അതിങ്ങനെ വിദൂരതയില്‍ കേട്ടുകൊണ്ടിരിക്കും.

നളചരിതം, അവളത് പാഠപുസ്തകത്തില്‍ പഠിച്ചിട്ടുള്ളതാണ്. ഹംസം ദൂതുവരുന്ന രംഗമാണ് പഠിക്കുവാനുള്ളത്. അവള്‍ പലപ്പോഴും ആലോചിക്കാറുണ്ട്, നളന്‍ ദമയന്തിയെ പ്രണയിച്ചതു പോലെ ആരെങ്കിലും തന്നേയും താനറിയാതെ പ്രണയിക്കുന്നുണ്ടാവുമെന്ന്. മിന്നല്‍ കൊടിയിറങ്ങിവരുമ്പോലെ, ചന്ദ്രബിംബം ഭൂമിയിലേക്ക് വരുമ്പോലെ, സുവര്‍ണ്ണ ഹംസങ്ങള്‍ അവളുടെ സ്വപ്നങ്ങളില്‍ പലതവണ ദൂതു വന്നു. എങ്കിലും ഉണരുമ്പോള്‍, എങ്ങും നിശബ്ദത. ആ നിശബ്ദതയില്‍ അവനില്ല, ചീവീടുകളുടെ പ്രതിധ്വനിമാത്രം.
--

അരവിന്ദനിഷ്ടമായിരുന്നു സുജിതയെ. അതവളോട് പലതവണ പറയുകയും ചെയ്തു. പക്ഷെ, അവളുടെ മറുപടിയില്‍ മാറ്റമില്ല. എന്താണിഷ്ടമല്ലാത്തതിന് കാരണമെന്നു ചോദിച്ചാല്‍ അതിനും മറുപടിയില്ല. അവളുടെയടുത്തുള്ള അമ്പലത്തില്‍ ഉത്സവം തുടങ്ങി. ഇനിയതു കഴിയും വരെ മിണ്ടാട്ടം തന്നെയുണ്ടാവില്ല. ഇനിയവള്‍ക്ക് മറ്റാരോടെങ്കിലും, ഛേയ്.. അതുണ്ടാവില്ല. ഇനിയെങ്ങാനുമുണ്ടെങ്കില്‍ തന്നെ അതങ്ങു പറഞ്ഞൂടെ. എത്ര നാളായി ഞാനിതുമായി അവളുടെ പിറകേ നടക്കുന്നു.

ഇതിങ്ങിനെ എത്രനാള്‍ കൊണ്ടുപോവാനൊക്കും. ഇന്നതിനൊരു മറുപടി വാങ്ങണം. ഇന്നവസാനത്തെ പിരീയഡ് മലയാളം. അതുകഴിഞ്ഞിട്ടാവട്ടെ, അരവിന്ദ് മനസിലോര്‍ത്തു. പിരീയഡ് കഴിഞ്ഞു, ഇറങ്ങുന്ന വഴിയ്ക്ക് സുജിതയുടെ പുസ്തകക്കെട്ട് മനഃപൂര്‍വ്വം തട്ടിവീഴ്ത്തി അരവിന്ദും പുറത്തുകടന്നു. പുസ്തകത്തിനുള്ളില്‍ നിന്നും കുറേയധികം പേപ്പറുകളും പുറത്തേക്ക് ചിതറി. ഭാഗ്യം, ഇനി അതുമുഴുവന്‍ പെറുക്കി പുറത്തെത്തുമ്പോഴേക്കും വരാന്ത വിജനമാവും. കലപില ശബ്ദങ്ങള്‍ വിദൂരതയിലായി. സുജിത, എല്ലാമടുക്കിപ്പെറുക്കി ബാഗിലാക്കി പുറത്തെത്തി. അരവിന്ദന്‍ കൈവാതില്‍ പടിയിലേക്ക് ചാരി തടഞ്ഞു നിന്നു.
“ഇന്നെനിക്കൊരു മറുപടി തരണം”, അരവിന്ദിന്റെ ശബ്ദം കടുത്തിരുന്നു.
സുജിതയ്ക്ക് ചെറുതായി പേടി തോന്നി, ഒന്നുമറിയാത്തതുപോലെ അരവിന്ദന്റെ മുഖത്തേക്കു നോക്കി നിന്നു.
“ഏന്താണെനിക്കൊരു കുഴപ്പം, അതോ നിനക്കുവേറേയാരേയെങ്കിലും ഇഷ്ടമാണോ? എന്തെങ്കിലുമൊന്ന് പറഞ്ഞു തുലയ്ക്ക്”. സുജിത ഒന്നും മിണ്ടിയില്ല, നോട്ടം താഴേക്കാക്കിയെന്നു മാത്രം.
അരവിന്ദന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു അവളുടെ നിശബ്ദത. പെട്ടെന്നുള്ള പ്രകോപനത്തില്‍, സുജിതയുടെ കരണത്ത് ശക്തിയായി ഒന്നടിച്ചു. അവള്‍ ഓടിയകന്നു... സ്കൂള്‍ ഗേറ്റിലൂടെ പുറത്തേക്കോടുമ്പോള്‍, തന്റെ കൊലുസിലെ മണികള്‍ അടുത്തുതന്നെ കിലുങ്ങുന്നത് അവളറിഞ്ഞില്ല.
--

Wednesday, February 7, 2007

പ്രണയാഭ്യര്‍ത്ഥന

തണുത്ത കല്‍പ്പടവുകള്‍
അവയുടെ മുകളില്‍
വിയര്‍പ്പൊഴുക്കി കാത്തു നിന്ന്
എങ്ങുനിന്നോ അപ്പോള്‍ കിട്ടിയ
ധൈര്യത്തില്‍ ചാടിക്കേറിയൊരു ചോദ്യം:
“എനിക്കു നിന്നെ ഇഷ്ടമാണ്, നിനക്കോ?”
ഉത്തരം വളരെയെളുപ്പം, വേഗത്തില്‍
“ഇഷ്ടമാണ്, നൂറുവട്ടം...
എനിക്കെന്നെ ഇഷ്ടപ്പെടാതെ വയ്യല്ലോ!”

കാല്പുതയുന്ന മണല്‍പ്പരപ്പ്
തിരകൊണ്ട്, കാറ്റേറ്റ്
കപ്പലണ്ടി കൊറിയ്ക്കുന്നതിനിടയില്‍
അവനവളോട് നാളുകളായി
വീര്‍പ്പുമുട്ടിക്കുന്ന കാര്യം:
“എനിക്കു നീ എല്ലാമാണ്, നീയില്ലെങ്കില്‍...”
മുഴുമിപ്പിക്കും മുമ്പ് അവള്‍:
“ശരിതന്നെ... നീയില്ലെങ്കില്‍ എനിക്കും...
എല്ലാം പറയാനൊരാങ്ങള എനിക്കു വേറാരാ?”

വീടുമുറ്റം, കരിയിലയവിടെയുമിവിടെയും,
ബുക്കുമായിപ്പോയവള്‍ ഗേറ്റും തുറന്ന്
പതിയെ അവന്റെയടുത്തേക്ക്,
അയല്പക്കക്കാരിയുടെ വരവ് അമ്മയോട്
പറയാനായി വായ്തുറക്കുന്നതിനിടയില്‍:
“ഞാനെഴുതിയിട്ടുണ്ട്, എന്റെ മനസിതില്‍”
പെട്ടെന്ന് ബുക്കിലൂടെ കണ്ണോടിച്ച്:
മനസിലുള്ള പലരേയും മറന്നവന്‍:
“എത്രനാളായി ഞാനിതു കേള്‍ക്കുവാന്‍...”
--

Thursday, February 1, 2007

കഥകളി ഈ നൂറ്റാണ്ടില്‍

വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പുതന്നെ പറഞ്ഞുകൊള്ളട്ടെ, ഞാനൊരു കഥകളി ഗവേഷകനോ, കഥകളി പഠിച്ചയാളോ ഒന്നുമല്ല. ഒരു സാധാരണ ആസ്വാദകന്‍ മാത്രമാണ്. ഈ ലേഖനത്തില്‍ എന്റെ മനസില്‍ തോന്നിയ ചില ചിന്തകള്‍ പങ്കുവെയ്ക്കുന്നു എന്നുമാത്രം. ഇതിനെക്കുറിച്ച് കഴിയുന്നതും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആത്മാരത്ഥമായി ആഗ്രഹിക്കുന്നു, അങ്ങിനെയെങ്കില്‍ കമന്റുകളിലൂടെ ഇതിലെന്തെങ്കിലും കാമ്പുള്ള സംഗതികള്‍ വന്നേക്കാം... പ്രതീക്ഷയോടെ...
--

കേരളത്തിന്റെ തനതായ കലാരൂപമാണ് കഥകളി എന്നത് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. കൃഷ്ണനാട്ടം, രാമനാട്ടം എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെട്ട കഥകളി, തുടക്കത്തില്‍ ആട്ടപ്രധാനവും ചിട്ടപ്രധാനവുമായിരുന്നു. കിര്‍മ്മീരവധം, ബകവധം തുടങ്ങിയ കോട്ടയം കഥകള്‍ ഇതിന് ഉദാഹരണമായിപ്പറയാം. എന്നാല്‍ കാലാകാലങ്ങളില്‍ ഈ കലാരൂപം വളരെയധികം മാറ്റങ്ങള്‍ക്ക് പാത്രീഭവിച്ചു. ആട്ടപ്രകാരത്തിലും, സംഗീതത്തിലും, വേഷത്തിലും, ചുട്ടിയിലും, അവതരണത്തിലുമൊക്കെ മാറ്റങ്ങള്‍ കാര്യമായിത്തന്നെയുണ്ടായി. നാടകീയതക്കും ഭാവപ്രകടനത്തിനും അവസരമൊരുക്കുന്ന കഥകള്‍ക്ക് ആസ്വാദകരേറി. നളചരിതം, ഉത്തരാസ്വയംവരം ഇവയൊക്കെ ആ ഗണത്തില്‍ പെടും. എന്നിരുന്നാലും ഇന്നത്തെ മാറുന്ന ആസ്വാദകശീലങ്ങള്‍ക്കനുസൃതമായി കുറച്ചു മാറ്റങ്ങള്‍കൂടി ഈ കലാരൂപത്തില്‍ അല്ലെങ്കില്‍ അവതരണ ശൈലിയില്‍ വരുത്തേണ്ടതുണ്ടെന്നു തോന്നുന്നു.

ഉത്സവപ്പറമ്പുകളിലും കഥകളി ക്ലബ്ബുകളിലുമാണ്‌ ഇന്നു സാധാരണയായി കഥകളി സംഘടിപ്പിക്കാറുള്ളത്. ആട്ടവിളക്കിനു മുന്നില്‍ കളിച്ചിരുന്ന കഥകളി ഇന്ന് ഫ്ലൂറസെന്റ് പ്രഭയിലാണ് അരങ്ങേറുന്നത്. പണ്ടു കാലത്ത് ആട്ടവിളക്കിനു മുന്നിലായിരുന്നപ്പോള്‍ പിന്നിലെ തിരശീലയ്ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടായിരുന്നില്ല. മറ്റൊരു രീതിയില്‍, അവിടം സ്വാഭാവികമായിത്തന്നെ ഇരുണ്ടതായിരിക്കും. എന്നാല്‍ ഇന്നത്തെ രീതികള്‍ വ്യത്യസ്തമാണ്. ഇത്രയധികം വെളിച്ചം മുന്നില്‍ നിന്നും സ്റ്റേജിലേക്ക് തെളിക്കുമ്പോള്‍, പിന്നിലെ കര്‍ട്ടന് നന്നായിത്തന്നെ കാണുവാന്‍ സാ‍ധിക്കും. എന്നാല്‍ കഥകളി അരങ്ങിന്റെ പിന്‍‌വശത്തുള്ള കര്‍ട്ടന് ആരും അത്ര പ്രാധാന്യം നല്‍കാറില്ല എന്നതാണ് സത്യം.

കഥകളിയുടെ വേഷങ്ങളെല്ലാം നന്നായി ശോഭിക്കുന്നവയും, ഇരുണ്ട പിന്‍‌വശത്തോട് ചേര്‍ന്നുപോകുന്നതുമാണ്. പല കഥകളി വേദികളിലും ഒരു കര്‍ട്ടന്‍ പോലും പുറകില്‍ കാണാറില്ല, അല്ലെങ്കില്‍ ഏതെങ്കിലുമൊരു തുണി വലിച്ചു കെട്ടിയിരിക്കും. സൈഡ് കര്‍ട്ടനും സമാനരീതിയില്‍ തന്നെ. നല്ല ഇരുണ്ട നിറത്തിലുള്ള കര്‍ട്ടന്‍, കടും നീലയോ കടും പച്ചയോ നിറങ്ങളാണ് ഉത്തമം, പിന്നിലും വശങ്ങളിലും ഉപയോഗിക്കുന്നതാണ് കഥകളിയില്‍ നല്ലത്. ഈ നിറങ്ങളിലുള്ള ഉടയാട ധരിക്കുന്ന വേഷങ്ങള്‍ കഥകളിയില്‍ ഇല്ല എന്നതാണ് ഈ നിറങ്ങളാവാം എന്നു പറയാന്‍ കാരണം. ഈ നിറങ്ങളിലുള്ള ബാക്ക് കര്‍ട്ടന്‍ വേഷങ്ങളുടെ എടുപ്പ് വര്‍ദ്ധിപ്പിക്കുകമാത്രമല്ല, പ്രേക്ഷകന്റെ ശ്രദ്ധ വേഷങ്ങളില്‍ തന്നെ കേന്ദ്രീകരിക്കുവാനും സഹായിക്കും.

മൈക്ക് - സ്പീക്കര്‍ സംവിധാനമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം. ഇവിടെയും തികഞ്ഞ അലംഭാവമാണ് പലയിടത്തും കാണിക്കാറുള്ളത്. ഏറ്റവും അരോചകമായിത്തോന്നുക, പലകപൊക്കികെട്ടിയ സ്റ്റേജില്‍ മൈക്ക് വെയ്ക്കുമ്പോഴുള്ള അവസ്ഥയാണ്. ഓരോ പ്രാവശ്യവും വേഷക്കാരന്‍ കലാശമെടുക്കുമ്പോള്‍ പാട്ടുകാര്‍ മൈക്ക് പൊക്കിപിടിക്കേണ്ടി വരുന്നത് ഞാ‍നൊന്നിലേറെത്തവണ കണ്ടിട്ടുണ്ട്. അല്ലെങ്കില്‍ ചവിട്ടുന്ന ശബ്ദമാവും ചെണ്ടയ്ക്കും മുകളില്‍ കേള്‍ക്കുക. അങ്ങിനെയുള്ള സ്റ്റേജുകളില്‍ മൈക്ക് മുകളില്‍ നിന്നും കെട്ടിത്തൂക്കിയിടുന്നതാവും നല്ലത്. സാധാരണരീതിയില്‍ പാട്ടുകാര്‍ക്കുമാത്രമാണ് മൈക്ക് നല്‍കാറുള്ളത്. ചെണ്ട, മദ്ദളം എന്നിവയുടെ ശബ്ദം പാട്ടിന്റെ മൈക്കിലൂടെത്തന്നെയാണ് കേള്‍ക്കുക. എന്നാല്‍ അത് ശരിയായ ഒരു രീതിയല്ല. അവയ്ക്കും പ്രത്യേകം മൈക്ക് വെച്ച്, ഒരു മിക്സറിലൂടെ എല്ലാ മൈക്കില്‍ നിന്നുമുള്ള ഇന്‍പുട്ട് സംയോജിപ്പിച്ച് സ്പീക്കറിലേക്ക് നല്‍കുന്നതാണ് കൂടുതല്‍ ശ്രവ്യസുഖം തരുന്നത്. സ്റ്റേജില്‍ കേള്‍ക്കുന്നതിനേക്കാള്‍ ഇപ്പോഴത്തെ രീതി അരോചകമാവുക, വേദിയില്‍ നിന്നും അകന്ന മൈക്കിലൂടെ കഥകളി സംഗീതം ശ്രവിക്കുമ്പോഴാണ്. പ്രത്യേകിച്ചും ടെലിവിഷനിലൂടെയും മറ്റും സം‌പ്രേക്ഷണം ചെയ്യുമ്പോള്‍.

ശ്രദ്ധ കൊടുക്കേണ്ട മറ്റൊരു കാര്യമാണ്, കുട്ടിവേഷങ്ങള്‍. കുട്ടിവേഷങ്ങള്‍ക്ക് യാതോരു പ്രാധാന്യവുമില്ലായിരിക്കാം. ഉദാ: ദക്ഷയാഗത്തിലെ ഭൂതഗണങ്ങള്‍, സന്താനഗോപാലത്തിലെ കുട്ടികള്‍ തുടങ്ങിയവ. എന്നിരുന്നാലും ഈ വേഷങ്ങള്‍ കഥകളിത്തനിമയുള്ളവയായിരിക്കേണ്ടേ? പലപ്പോഴും ദക്ഷയാഗത്തിലെ ഭൂതഗണങ്ങള്‍ക്ക് പ്രത്യേകിച്ചൊരു വേഷവുമുണ്ടാവാറില്ല. ബാലെയിലേയോ അല്ലെങ്കില്‍ പുരാണ സീരിയലുകളിലേയോ പോലെ, ഒരു മീശയും വരച്ച് എന്തൊക്കെയോ വാരിച്ചുറ്റി എത്തുന്ന ഈ കുട്ടിവേഷങ്ങള്‍ക്ക് യാതോരു കഥകളിത്തവുമില്ല. പലപ്പോഴും ഇത്തരം വേഷങ്ങള്‍ അരോചകങ്ങളാണെന്നും പറയാതിരിക്കവയ്യ, കുറഞ്ഞപക്ഷം ആ വേഷങ്ങള്‍ ഒഴിവാക്കുകയെങ്കിലും ചെയ്യാവുന്നതാണ്. സന്താനഗോപാലത്തില്‍ അവസാനം കുട്ടികളെ ബ്രഹ്മണന് കൈമാറുന്ന രംഗത്തില്‍, കുട്ടികള്‍ പാന്റും ഷര്‍ട്ടുമൊക്കെയിട്ടെത്തുന്നതും വളരെ അരോചകം തന്നെ. ഉത്തരാസ്വയംവരത്തിലെ ഗോപാലകര്‍, തോരണയുദ്ധത്തിലെ രാക്ഷസന്മാര്‍ ഇവരൊക്കെയും ഈ രീതിയില്‍ യാതോരു ശ്രദ്ധയുമില്ലാതെ, എന്തെങ്കിലുമൊരു വേഷവുമായി രംഗത്തെത്തുന്നവയാണ്. ഇത്തരം കുട്ടിവേഷങ്ങള്‍ക്ക്, കഥകളിത്തനിമയുള്ള വേഷങ്ങള്‍ തീര്‍ച്ചയായും നല്‍കേണ്ടതാണ്, അതിനു കഴിയില്ലെങ്കില്‍ ഈ വേഷങ്ങളെ രംഗത്തുനിന്നും ഒഴിവാക്കുകയെങ്കിലും വേണ്ടതാണ്.

ശ്രദ്ധനല്‍കാത്ത മറ്റൊരു കാര്യമാണ് തിരശ്ശീല. യാതോരു ഔചിത്യവുമില്ലാത്ത, കഥകളിയെക്കുറിച്ച് സാമാന്യധാരണപോലുമില്ലാത്ത വ്യക്തികളാവും
തിരശ്ശീല പിടിക്കുവാന്‍ നിയോഗിക്കപ്പെടുക. എപ്പോള്‍ പിടിക്കണമെന്നോ, എങ്ങിനെ പിടിക്കണമെന്നോ, എവിടെപ്പിടിക്കണമെന്നോ ഇവര്‍ക്ക് പലപ്പോഴും ഒരറിവുമുണ്ടായിരിക്കില്ല. ഇവരെ വിളിച്ചുവരുത്തി തിരശ്ശീല വേണ്ടുംവണ്ണം പിടിപ്പിക്കുക എന്നത് ചെണ്ടക്കാരന്റേയോ പാട്ടുകാരന്റേയോ ചുമതലയാവുന്നു പലപ്പോഴും. ദുഃശാസനന്റെ തിരനോട്ടത്തില്‍, നടന്‍ തിരശ്ശീല അകത്തേക്ക് വലിക്കുമ്പോള്‍, വിട്ടുകൊടുക്കാതെ തിരിച്ച് വലിച്ചു നില്‍ക്കുന്ന തിരശ്ശീലക്കാരേയും ഞാന്‍ കണ്ടിട്ടുണ്ട്. എന്തോ ഒരു വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ഭാവമാണ് തിരശ്ശീലക്കാരന്റെ മുഖത്ത്. കുറഞ്ഞപക്ഷം, കഥയും എവിടെയൊക്കെ തിരശ്ശീല വേണമെന്നും കഥകളിയുടെ തുടക്കത്തില്‍ ആരെങ്കിലും ഇവര്‍ക്കു പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

മേജര്‍സെറ്റ് കഥകളി എന്നുപറഞ്ഞു നടത്തുന്ന കളികളില്‍ പോലും മുകളില്‍ പറഞ്ഞ വീഴ്ചകള്‍ പലപ്പോഴും സംഭവിക്കുന്നു. ഒന്നോ രണ്ടോ കലാകാരന്മാര്‍, വളരെ സീനിയറായതുകൊണ്ട്, അല്ലെങ്കില്‍ എല്ലാ കലാകാരന്മാരും സീനിയറായതൂകൊണ്ടുമാത്രം കഥകളി മേജര്‍സെറ്റാവുമോ? അതിന്റെ അവതരണശൈലിയിലും ആ ഒരു ഗുണനിലവാരം കൊണ്ടുവരുവാന്‍ സംഘാടകര്‍ ശ്രദ്ധിക്കേണ്ടതല്ലേ? കഥ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. ഒരു സീനിയര്‍ നടനെക്കൊണ്ടുവന്ന്, വളരെയൊന്നും ചെയ്യുവാനില്ലാത്ത കഥകളി ആടുവാന്‍ നല്‍കുന്നത് അത്ര നല്ലകാര്യമായി എനിക്കുതോന്നുന്നില്ല. ഈ രീതിയിലുള്ള ചില മാറ്റങ്ങള്‍ കൂടി കഥകളി അരങ്ങിന് ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രേക്ഷകരുടെ മാറുന്ന അഭിരുചികളെ തിരിച്ചറിഞ്ഞ്, സങ്കേതത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ സാധിക്കൂന്ന മാറ്റങ്ങള്‍ അരങ്ങിലെത്തിക്കേണ്ടത് കഥകളിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒഴിച്ചുകൂടുവാനാവാത്തതാണ്.
--