Thursday, April 19, 2007

ഫ്രണ്ട് റിക്വസ്റ്റ്

ഓര്‍ക്കുട്ടിലധികം കൂട്ടുകാരില്ലാത്തവനാണ് ഞാന്‍. അങ്ങിനെയധികമാരും ഫ്രണ്ട് റിക്വസ്റ്റുകള്‍ അയയ്ക്കാറുമില്ല. നേരിട്ടറിയുവാന്‍ കഴിയുന്ന കുറച്ചു കൂട്ടുകാര്‍, അതായിരുന്നു എനിക്ക് ഓര്‍ക്കുട്ട്. സ്ക്രാപ്പുകളുടേയും ടെസ്റ്റിമോണിയലുകളുടേയും ഫാന്‍സിന്റേയും എണ്ണമെടുത്ത് പറഞ്ഞ് ഞെളിയാന്‍ തക്കവണ്ണം ആരും എന്റെ ഫ്രണ്ട് ലിസ്റ്റിലുമില്ല. വല്ലപ്പോഴും വന്ന് നോക്കുമ്പോള്‍ കാണുന്ന ഒന്നോ രണ്ടോ സ്ക്രാപ്പുകള്‍ക്ക് മറുപടിയിട്ട് മടങ്ങുക, അതായിരുന്നു എനിക്ക് ഓര്‍ക്കുട്ടിംഗ്.

അങ്ങിനെ സ്ക്രാപ്പുകളെന്തെങ്കിലുമുണ്ടോ എന്നൊന്നു നോക്കുവാനെത്തിയതാണ് അന്നും ഞാന്‍. പക്ഷെ, എനിക്ക് പരിചയമില്ലാത്ത ഒരു മുഖം, ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നു. അധികമാരും കൂട്ടുകൂടുവാനെത്താത്ത എന്റെ പ്രൊഫൈലില്‍ ഒരു പെണ്‍കുട്ടി. ഡിനൈ ബട്ടണ്‍ അമര്‍ത്തുവാന്‍ തുടങ്ങിയെങ്കിലും, ഒരു മര്യാദയ്ക്ക് ആരാണ് എന്നൊന്ന് തിരക്കിയിട്ടൊക്കെയാവാം എന്നു കരുതി, അവളുടെ സ്ക്രാപ്പ് ബുക്കിലെത്തി, “ഹൌ യു നോ മി?” എന്ന ഓര്‍ക്കുട്ടിലെ പതിവ് ചോദ്യം ചോദിച്ച് അന്നത്തെ ഓര്‍ക്കുട്ടിംഗ് അവസാനിപ്പിച്ചു.

പിന്നെയും കുറച്ച് ദിവസങ്ങള്‍...
വല്ലപ്പോഴുമൊരിക്കല്‍ ഓര്‍ക്കുട്ടിലെത്തുമ്പോള്‍ ഹോം പേജില്‍ തന്നെ ഒരു റിക്വസ്റ്റായി അവളുണ്ട്. ഞാനിട്ട സ്ക്രാപ്പിന് ഇതുവരെ മറുപടിയില്ല... തിരക്കുകളിലാവുമെന്നു കരുതി, ഞാന്‍ അനങ്ങിയില്ല. ആഴ്ചയൊന്നായി. ഇത്രയുമായിട്ടും സ്ക്രാപ്പിന് മറുപടിയിടാത്ത സ്ഥിതിക്ക് ഡിനൈ ചെയ്യുക തന്നെ. അതിനു മുന്‍പ് ഒന്നുകൂടി അവളുടെ സ്ക്രാപ്പ് ബുക്ക് ഒന്നു നോക്കിയേക്കാം. എന്റേതിനു ശേഷം വന്ന സ്ക്രാപ്പുകളില്‍ ആര്‍ക്കെങ്കിലും മറുപടി കൊടുത്തിട്ടുണ്ടെങ്കില്‍ ഡിനൈ ചെയ്യാം, കൊടുത്തിട്ടില്ലെങ്കില്‍, ഇതുവരെ പിന്നീട് ഓര്‍ക്കുട്ടിലെത്തിയിട്ടില്ല എന്ന് വിശ്വസിച്ച്, അതുകൊണ്ട് അല്പം കൂടി കാക്കാം.. ഇങ്ങിനെയൊക്കെ ചിന്തിച്ച് അവളുടെ പ്രൊഫൈലിലെത്തി. സ്ക്രാപ്പുകളുടെ എണ്ണത്തില്‍ വല്ലാതെ വര്‍ദ്ധനവുണ്ടോ? അപ്പോള്‍ ഈ സ്ക്രാപ്പുകള്‍ക്കൊക്കെയും മറുപടികൊടുക്കുന്ന തിരക്കില്‍ എന്നെ മറന്നതാവും... അല്പമൊരു അരിശത്തൊടെ ഞാന്‍ സ്ക്രാപ്പ് ബുക്ക് തുറന്നു...

ധാരാളം സ്ക്രാപ്പുകള്‍, എല്ലാം പറയുന്നത് ഒന്നു തന്നെ.... അര്‍ത്ഥവും ഒന്നു തന്നെ...
മേ യുവര്‍ സോള്‍ റെസ്റ്റ് ഇന്‍ പീസ്...
--

Saturday, April 14, 2007

ക്ഷണക്കത്ത്

അടുത്ത മാസം എന്റെ വിവാഹമാണ്. അച്ചടിച്ച ക്ഷണക്കത്തുകള്‍ തീര്‍ന്നു പോയതുകൊണ്ടല്ല ഇങ്ങിനെ ഈ ഇന്‍ലന്‍ഡില്‍ നിനക്കുള്ള ക്ഷണം ഞാനെഴുതുന്നത്. എനിക്കറിയാം, നീയെന്നും എന്റെ കൈപ്പടയിലുള്ള എഴുത്തുകളെ, അത് വികൃതമെങ്കിലും, ഇഷ്ടപ്പെട്ടിരുന്നെന്ന്. അതുകൊണ്ട് ഇതും അങ്ങിനെയാവട്ടെയെന്ന് കരുതി.

ഒരു കോളേജ് ദിനാരംഭത്തില്‍, പരിചയം പുതുക്കി നീ നീട്ടിയ കൈയില്‍ തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ ഒരു ഷേക്ക് ഹാന്‍ഡ് തന്നപ്പോള്‍ മുതല്‍, നിന്റെ തണുത്ത വിരലുകളില്‍ മുത്തി യാത്രയാക്കുന്നതുവരെ... എല്ലാം ഞാനോര്‍ക്കുന്നു, ഇന്നലത്തെപ്പോലെ... അകലേക്ക് പായുന്ന കാറിന്റെയുള്ളില്‍ നിന്നും, നിന്റെ കുപ്പിവളയിട്ട കൈകള്‍ വീശി, എന്നോട് യാത്ര ചോദിക്കുമ്പോള്‍, നിന്റെ പൊട്ടിച്ചിരി മഴയായ് പെയ്തിറങ്ങുന്ന വരേയും, നീ അകലുന്നത് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്.

കാര്യത്തിലേക്ക്... അടുത്ത മാസം അഞ്ചാം തീയതി എന്റെ വിവാഹമാണ്. കോളേജ് വിട്ട സമയങ്ങളില്‍ നമ്മള്‍ നടക്കാറുള്ള ആ വഴിയുടെയരികില്‍, യൂക്കാലി മരങ്ങളുടെ നടുവിലുള്ള ആ ആഡിറ്റോറിയം, നീ ഓര്‍ക്കുന്നുവോ? അവിടെവെച്ചാണ് വിവാഹം, കാലത്ത് പത്തിനും പത്തരയ്ക്കും ഇടയ്ക്കാണ് മുഹൂര്‍ത്തം... നീയെത്തുമല്ലോ അല്ലേ?

കത്തെഴുതി മടക്കി, പശയൊട്ടിച്ച് അവന്‍ മേശവലിപ്പ് തുറന്ന് അതിലേക്കിട്ടു. വിലാസമെഴുതാതെ കിടക്കുന്ന അനേകമെഴുത്തുകളിലൊന്നായി ആ ക്ഷണക്കത്തും, എന്നെങ്കിലും വായിക്കപ്പെടുമെന്ന് പ്രതീക്ഷയറ്റ് അവയിലെ അക്ഷരങ്ങളും...
--