Tuesday, December 30, 2008

ചിത്രചോരണം - കൂത്തമ്പലം

Image Plagiarism: Koothampalam Magazine.
തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങുന്ന ഒരു കലാസാംസ്കാരിക പ്രസിദ്ധീകരണമാണ് ‘കൂത്തമ്പലം’ മാസിക. ഗോവിന്ദന്‍ എസ്. തമ്പി ചീഫ് എഡിറ്ററും, പി. രവീന്ദ്രന്‍ നായര്‍ എഡിറ്ററുമാണെന്ന് ആദ്യ പേജില്‍ കാണുന്നു. ഡോ. ലീ‍ല ഓംചേരി, പി.കെ. നാരായണന്‍ നമ്പ്യാര്‍, ബി.ഡി. ദത്തന്‍ തുടങ്ങിയ കലാ‍രംഗത്തെ പ്രശസ്തരാണ് ഉപദേശകസമതിയില്‍ അംഗങ്ങളായിരിക്കുന്നത്. മാസികയുടെ ഗ്രാഫിക്സ്, ലേ-ഔട്ട് എന്നീ സംഗതികള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ad▪venture എന്ന കമ്പനിയാണെന്നും കാണുന്നു. ഇങ്ങനെയെല്ലാമായ ‘കൂത്തമ്പല’ത്തിന്റെ 2008 ഡിസംബര്‍ ലക്കം പുസ്തകത്തില്‍ എന്റെ മൂന്ന് ചിത്രങ്ങളാണ്, എന്റെ അറിവോ സമ്മതമോയില്ലാതെ, അഞ്ചിടങ്ങളിലായി ഉപയോഗിച്ചിരിക്കുന്നത്.

മോഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍
എന്റെ ഫ്ലിക്കര്‍ ആല്‍ബത്തില്‍, 'അരങ്ങ്' എന്ന വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും; കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ഒരു ചിത്രവുമാണ് ‘കൂത്തമ്പല’ത്തില്‍ എടുത്തുപയോഗിച്ചിരിക്കുന്നത്.

RavanaMandothiriചവറ അപ്പുക്കുട്ടന്‍ പിള്ള എഴുതിയ ‘കളിയരങ്ങിലെ ഹാസ്യാത്മകത’ എന്ന ലേഖനത്തിലാണ് (പേജ് നമ്പര്‍ 20) ഈ ചിത്രം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഉള്ളടക്കം രേഖപ്പെടുത്തിയിരിക്കുന്ന പേജില്‍ ഇത് പാതി മുറിച്ച്, ലംബമായി തിരിച്ചും ഉപയോഗിച്ചിരിക്കുന്നു.

Karavamsathiമുകളില്‍ പറഞ്ഞ ലേഖനത്തിന്റെ മൂന്നാം പേജിലാണ് (പേജ് നമ്പര്‍ 22) ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. മാസികയുടെ പുറംചട്ടയിലും ഈ ചിത്രം കാണാവുന്നതാണ്.

Bali, Naradan & Ravanan in Balivijayam Kathakali.മാസികയുടെ ഇരുപത്തിയൊന്നാം പേജിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ അവസാനമായി ചേര്‍ത്തിരിക്കുന്ന ചിത്രമാണിത്.

Image Plagiarism: Koothampalam Inner Page. തൊണ്ടിയായി ഒരു പേജ് മാത്രം ഇവിടെ ചേര്‍ക്കുന്നു. മൂന്നു ചിത്രങ്ങളും വാട്ടര്‍മാര്‍ക്കോടെയാണ് ഫ്ലിക്കറില്‍ / ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വാട്ടര്‍മാര്‍ക്കുള്ളത്രയും ഭാഗം ക്രോപ്പ് ചെയ്താണ് മാസികയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്നയാളുടെ ഫോട്ടോയാണിതെന്ന് പറയുവാനുള്ള മാന്യതപോലും കാണിച്ചിട്ടുമില്ല. രസകരമായ സംഗതി, തുടര്‍ന്നു വരുന്ന ‘കൃഷ്ണലീല - മാതൃത്വത്തിന്റെ വേദനകള്‍’ എന്ന ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളോടൊപ്പം ഫോട്ടോഗ്രാഫറുടെ പേര് നല്‍കിയിട്ടുണ്ടെന്നതാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ആ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അപ്പോള്‍ കാര്യങ്ങള്‍ വേണ്ടരീതിയില്‍ ചെയ്യുവാന്‍ അറിയായ്കയല്ല. ഫ്ലിക്കറില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ പൊതുസ്വത്താണെന്നാണോ ഇതിന്റെ എഡിറ്റോറിയല്‍ സംഘത്തിലുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നത്!

മാസികയുടെ ഉള്ളടക്കം പേജില്‍ ലഭ്യമായ ഇ-മെയില്‍ വിലാസത്തില്‍ (koothampalam@gmail.com) ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മെയില്‍ ഡിസംബര്‍ 22-ന് അയയ്ക്കുകയുണ്ടായി. ശൈശവകാലം പിന്നിട്ടിട്ടില്ലാത്ത മാസികയാണെങ്കിലും, ചെയ്ത ചെറ്റത്തരം ചൂണ്ടിക്കാണിക്കുമ്പോള്‍ അവഗണിക്കുക എന്ന തന്ത്രം തുടക്കത്തില്‍ തന്നെ വശത്താക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ എന്റേതാണെന്ന് വ്യക്തമാക്കുന്ന ഒരു തിരുത്ത് മാസികയില്‍ പ്രസിദ്ധീകരിക്കുക, ചെയ്ത തെറ്റ് അംഗീകരിക്കുക എന്നീ ആവശ്യങ്ങളായിരുന്നു ഞാന്‍ ഇ-മെയിലില്‍ ആ‍വശ്യപ്പെട്ടിരുന്നത്. കൂടാതെ, ഇനി വരുന്ന ലക്കങ്ങളില്‍ എന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ മറുപടിയൊന്നും തന്നിട്ടില്ലെങ്കിലും, മാന്യമായ സമീപനം ഈ കാര്യത്തില്‍ മാസികയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു. കലാരംഗത്തെ പ്രമുഖരെ ഉപദേശകസമിതിയില്‍ അവരോധിച്ചതിനു ശേഷം, മറ്റുള്ളവരുടെ കലാപ്രകാശനത്തെ മോഷ്ടിച്ചുപയോഗിക്കുന്നത് ‘കൂത്തമ്പല’ത്തിന് ഒട്ടും യോജിച്ചതല്ല; കലാസാംസ്കാരിക മാസികയെന്ന പേരില്‍ പുറത്തിറക്കുമ്പോള്‍ പ്രത്യേകിച്ചും.

UPDATE
ജൂലൈ 2009 ലക്കത്തില്‍ പ്രസ്തുത ചിത്രങ്ങളെടുത്തത് ഞാനാണെന്നും, പേരു രേഖപ്പെടുത്തുവാന്‍ വിട്ടുപോയതില്‍ ഖേദവും ‘കൂത്തമ്പലം’ മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റു മനസിലാക്കിയതിലും തിരുത്തിയതിലും വളരെ നന്ദി.

Description: Koothampalam Plagiarism, Image Theft. Photography Theft by Koothampalam (Koothambalam) Magazine. The magazine used 3 images from my flickr album and my Kathakali blog in 5 instances; without my knowledge or permission, violating copyright terms and conditions. Dr. Leela Omchery, P.K. Narayanan Nambiar, B.D. Dathan etc. are there in the advisory board. Chief Editor: Govindan S. Thampy and Editor: P. Raveendran Nair. Photos by Hareesh N. Nampoothiri aka Haree | ഹരീ.
--

Saturday, November 22, 2008

പൈറസിയും പ്ലേജറിസവും (Piracy-and-Plagiarism)

Piracy and Plagirism - a comparison.
പ്ലേജറിസത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോഴൊക്കെ ഉയരുന്ന ഒരു വിഷയമാണ് പൈറസിയും. അപ്പോഴൊക്കെ ഇവ തമ്മിലുള്ള വ്യത്യാസവും, എന്തുകൊണ്ട് പ്ലേജറിസത്തെ എതിര്‍ക്കപ്പെടണമെന്നുള്ളതും വിശദമാക്കേണ്ടിയും വരുന്നു. നിലവിലുള്ള നിയമങ്ങള്‍ കൊണ്ടും, ധാര്‍മ്മികത കൊണ്ടും, ചിലര്‍ രണ്ടും ഇടകലര്‍ത്തിയുമാണ് ഇവയെ അളക്കുന്നത്. ഒരേ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഇവയെ അളക്കുന്നത് അര്‍ത്ഥശൂന്യമാണ്. ആനയിലും, ആടിലും ‘ആ’ എന്ന അക്ഷരമുണ്ടെന്നു കരുതി (അജവും, ഗജവുമെടുത്താല്‍ ‘ജ’ യുമുണ്ട്!) ഇവയെ ആരും താരതമ്യം ചെയ്യാറില്ലല്ലോ!!!

പൈറസി
സംഗീതം, സിനിമ, സോഫ്റ്റ്‌വെയര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ പൈറേറ്റ് ചെയ്യപ്പെടുന്നത്. ഇവയില്‍ സംഗീതവും, സിനിമയും പൈറേറ്റ് ചെയ്യപ്പെടുന്നതിനെ എതിര്‍ക്കുന്നതിന്റെ അതേ അളവില്‍ സോഫ്റ്റ്‌വെയര്‍ പൈറസിയെ എതിര്‍ക്കുവാന്‍ കഴിയുകയില്ല. കാരണം, സോഫ്റ്റ്‌വെയറുകള്‍; ജലം, വൈദ്യുതി തുടങ്ങിയവയെപ്പോലെ അവശ്യ വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ രീതിയില്‍ നോക്കുമ്പോള്‍, സാമൂഹിക പ്രതിബദ്ധതയില്ലാതെ വിപണിയിലെത്തുന്ന കുത്തക സോഫ്റ്റ്‌വെയറുകളെ എതിര്‍ക്കുന്നതില്‍ ന്യായമുണ്ട്. മാത്രവുമല്ല, പലപ്പോഴും സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നതോടെ, അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് അതില്‍ നിന്നുണ്ടാക്കാവുന്ന ലാഭസാധ്യത കഴിയുന്നില്ല. കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കുവാന്‍, തുടര്‍ന്നുള്ള സാങ്കേതിക പിന്തുണയ്ക്ക്, ലൈസന്‍സ് കാലാവധി പുതുക്കുവാന്‍ എന്നിങ്ങനെ പിന്നെയും പണം നല്‍കേണ്ടി വരികയും ചെയ്യുന്നു. ഈ രീതിയിലുള്ള സോഫ്റ്റ്‌വെയറുകളുടെ വിപണനം സമൂഹത്തിന്റെ വികാസത്തിന് വിഘാതമാവും എന്നതിനാലാണ് ഇവയുടെ പൈറസിക്ക് ധാര്‍മ്മിക പിന്തുണ ലഭിക്കുന്നത്, അല്ലാതെ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കുവാന്‍ പണം നല്‍കേണ്ടി വന്നു എന്ന അര്‍ത്ഥത്തിലല്ല. (സോഫ്റ്റ്‌വെയര്‍ പൈറസിയെ അനുകൂലിക്കുന്നു എന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ല. മോഷ്ടിക്കുന്നത് അധാര്‍മ്മികമാണ് എന്നു പറയുമ്പോള്‍, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ എല്ലാവരും ധാര്‍മ്മികമായ പ്രവര്‍ത്തികള്‍ മാത്രമേ ചെയ്യുന്നുള്ളോ എന്നൊരു ചോദ്യമുണ്ടാവും. അതിനാലാണ് സോഫ്‌റ്റ്‌വെയര്‍ പൈറസിക്ക് ധാര്‍മ്മിക പിന്തുണ ലഭിക്കുന്നത്. EULA - End User License Agreement അംഗീകരിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍, ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് അനുയോജ്യമായ പ്രവര്‍ത്തി.) ഒരിക്കല്‍ പണം നല്‍കി വാങ്ങിക്കഴിഞ്ഞാല്‍, അത് ഇഷ്ടാനുസരണം ഉപയോഗിക്കുവാന്‍ ഉപയോക്താവിന് സ്വാതന്ത്ര്യം ലഭിക്കണം എന്നതാണ് ഇതിന്റെ അടിസ്ഥാനാശയം.

സിനിമയുടെയും, സംഗീതത്തിന്റെയും കാര്യം പറയുകയാണെങ്കില്‍; മുടക്കുന്ന വിലയ്ക്കുള്ള മൂല്യം ലഭിക്കാതിരിക്കുക, പുതിയ സാങ്കേതിക വിദ്യകളിലേക്ക് എത്താതിരിക്കുക (ഉദാ: ആഡിയോ സി.ഡി.കള്‍ കാലഹരണപ്പെട്ട സംഗതിയാണ്; അഞ്ചോ ആറോ പാട്ടുകള്‍ അടങ്ങുന്ന ആഡിയോ സി.ഡി.കള്‍ സൂക്ഷിക്കുന്ന പ്രയാസമോര്‍ക്കുമ്പോള്‍ തന്നെ വാങ്ങുവാന്‍ തോന്നുകയില്ല!), ആവശ്യമുള്ളത് ലഭ്യമല്ലാതിരിക്കുക (ഉദാ: കിം കി ഡുക്ക്
ചിത്രത്തിന്റെ ഒറിജിനല്‍ വിസിഡി/ഡിവിഡി ലഭിക്കുക അത്ര എളുപ്പമല്ല. അങ്ങിനെ ലഭിക്കുന്നത് ശരാശരി പ്രേക്ഷകന് അപ്രാപ്യമായ വിലയുള്ളതുമായിരിക്കും.
) എന്നിവയൊക്കെയാണ് ഇവയുടെ പൈറസിക്ക് പ്രചാരം നല്‍കുന്നത്. ഇവയില്‍ നിന്നുള്ള വരുമാനം ഒരിക്കല്‍ മാത്രമേ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നുള്ളൂ എന്നതിനാലും, ഇവയ്ക്ക് കോപ്പിറൈറ്റ് പരിരക്ഷ നല്‍കേണ്ടത് ഇവയുടെ നിലനില്പിനു തന്നെ ആവശ്യമായതിനാലും, സാമൂഹികമായി ഇവയൊരു കുത്തകവത്കരണം നടത്തുന്നില്ല എന്നതിനാലും; ഇവയുടെ പൈറസി എതിര്‍ക്കപ്പെടേണ്ടതാണ്.

സംഗീതം/സിനിമ; ഇവയുടെ ഡിജിറ്റല്‍ രൂപങ്ങളുടെ ദുരുപയോഗം തടയണം എന്നു പറയുമ്പോള്‍ തന്നെ, DRM (Digital Rights Management) എന്ന ആശയത്തോട് യോജിക്കുവാനും കഴിയുകയില്ല. ഒരു കാസറ്റ് അല്ലെങ്കില്‍ സി.ഡി. നമ്മള്‍ വാങ്ങുന്നു. അത് കേള്‍ക്കുവാനായി നമ്മുടെ ഒരു സുഹൃത്തിനു നല്‍കുന്നു. ഇതില്‍ തെറ്റുണ്ടെന്ന് ആരും പറയില്ല. എന്നാല്‍ പണം നല്‍കി ഡൌണ്‍ലോഡ് ചെയ്യുന്ന ഒരു ഗാനം അല്ലെങ്കില്‍ ഒരു വീഡിയോ, അത് ഒരു സുഹൃത്തിനു കേള്‍ക്കുവാനായി/കാണുവാനായി നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വന്നാലോ? മറ്റൊരാള്‍ക്ക് കൊടുക്കണമെന്നില്ല, പി.സി.യില്‍ കേള്‍ക്കുന്നതിനൊപ്പം, മൊബൈല്‍ ഫോണിലേക്ക് ലോഡ് ചെയ്ത് കേള്‍ക്കുവാന്‍ പിന്നെയും കാശു കൊടുക്കണമെങ്കിലോ‍? ഇനി അപ്പോഴും കാശു നല്‍കി, ഇപ്പോഴൊത്തെ മൊബൈല്‍ പുതുക്കി മറ്റൊരു മൊബൈല്‍ വാങ്ങി; അപ്പോള്‍ ലൈസന്‍സ് ആ രീതിയില്‍ പുതുക്കിയാലേ പുതിയ മൊബൈലില്‍ പാട്ടു കേള്‍ക്കുവാന്‍ കഴിയുകയുള്ളൂ എന്നാണ് ലൈസന്‍സ് പറയുന്നതെങ്കില്‍? ഇതൊക്കെയാണ് DRM എതിര്‍ക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകത. അതായത്; സൃഷ്ടിപരവും, വ്യാവസായികവുമായ അവകാശങ്ങള്‍ ഉപഭോക്താവിന്റെ വ്യക്തിസ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന അധികാരമായി മാറുന്ന അവസ്ഥ. ഇത് ഏതൊരു രംഗത്തും അംഗീകരിക്കുവാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ അങ്ങിനെ വാങ്ങുന്ന ഒരു MP3 ഫയല്‍ ഏവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാവുന്ന തരത്തില്‍ ഒരു സൈറ്റില്‍ നല്‍കുകയാണെങ്കിലോ? അത് നല്‍കപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ തെറ്റായ ഉപയോഗമായി കണക്കാക്കാം, അത് ശിക്ഷാര്‍ഹമായിരിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്ലേജറിസം
പൈറസിയില്‍ മോഷണമുണ്ട്, പ്ലേജറിസവും മോഷണം തന്നെ; അപ്പോള്‍ ഇതു രണ്ടും ഒന്നല്ലേ? അല്ല. ഉദാഹരണത്തിന് ഒരു പാട്ട് അല്ലെങ്കില്‍ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കാണുന്നു. ഇത് പൈറസിയാണ്, എന്നാല്‍ അതെടുത്ത് സ്വന്തം പേരില്‍ അല്ലെങ്കില്‍ സ്വന്തം നേട്ടത്തിനു വേണ്ടി ഉപയോഗിച്ചാലോ? അവിടെ അത് പ്ലേജറിസമാവുന്നു. ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ചിത്രങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍, സാഹിത്യസൃഷ്ടികള്‍ എന്നിവയൊക്കെ എടുത്ത് സ്വന്തമെന്ന രീതിയില്‍ ഉപയോഗിക്കുന്നത് പ്ലേജറിസത്തില്‍ വരുന്നു. അല്ലെങ്കില്‍ മറ്റൊരാളുടെ സൃഷ്ടി, സ്വന്തം സൃഷ്ടിയായി അവതരിപ്പിക്കുന്നു. വിശക്കുമ്പോള്‍ കടയില്‍ കയറി മോഷ്ടിക്കുന്നവനും, അത്യാധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ബാങ്ക് കവര്‍ച്ച ചെയ്യുന്നവനും മോഷ്ടാവ് എന്ന വിശേഷണത്തിന് അര്‍ഹരാണെങ്കിലും, ഇരുവരേയും ഒരേ രീതിയിലല്ലല്ലോ നിയമം നോക്കിക്കാണുന്നത്. അതേ രീതിയില്‍ ആരാണ് സൃഷ്ടിചോരണം നടത്തുന്നത് എന്നതിനനുസരിച്ചും മോഷണത്തിന്റെ ഗൌരവം ഏറിയും, കുറഞ്ഞും ഇരിക്കാറുണ്ട്. വളരെ വ്യാപകമായി കണ്ടുവരുന്നത്; വിവിധ പത്രമാധ്യമങ്ങള്‍ ഇന്റര്‍നെറ്റില്‍ കോപ്പിറൈറ്റോടെയും, കോപ്പിറൈറ്റ് ഇല്ലാ‍തെയും പങ്കുവെയ്ക്കപ്പെടുന്ന ചിത്രങ്ങള്‍; ഉടമകളുടെ അറിവോ, സമ്മതിയോ കൂടാതെ എടുത്തുപയോഗിക്കുന്നതാണ്. ധാര്‍മ്മികതയുടെ അളവുകോലുകൊണ്ടളന്നാലും, വ്യാവസായിക തത്വദീക്ഷകൊണ്ടളന്നാലും; ഇന്റര്‍നെറ്റില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ആര്‍ക്കും എങ്ങിനെയും ഉപയോഗിക്കാം എന്ന ധാരണ മാറ്റപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ജനാധിപത്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതിലൊന്നായ പത്രമാധ്യമങ്ങള്‍ ചോരണവീരന്മാരാവുന്നത് അത്യന്തം അപലപനീയവുമാണ്.

ചിത്രങ്ങള്‍ കോപ്പിറൈറ്റോടു കൂടിയും, കോപ്പിറൈറ്റ് ഇല്ലാതെയും ഇന്റര്‍നെറ്റില്‍ ചേര്‍ക്കപ്പെടാറുണ്ട്. കോപ്പിറൈറ്റുള്ള ചിത്രങ്ങള്‍ അത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്ത് കാണുവാന്‍ മാത്രമാണ് നിയമം ഉപയോക്താവിനെ അനുവദിക്കുന്നത്. എന്നാല്‍ ഒരാള്‍ അതെടുത്ത് സിസ്റ്റത്തിലേക്ക് സേവ് ചെയ്താലോ, വാള്‍പ്പേപ്പറായി ഉപയോഗിച്ചാലോ അറിയുവാന്‍ മാര്‍ഗവുമില്ല, അതിനെതിരെ പ്രതിഷേധിക്കുന്നതില്‍ അര്‍ത്ഥവുമില്ല! സ്വന്തം സിസ്റ്റത്തില്‍, തികച്ചും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഏതൊരു ചിത്രവും ഉപയോഗിക്കുവാന്‍ ഉപയോക്താവിന് അനുവാദം ഉണ്ടായിരിക്കേണ്ടതുമാണ്. എന്നാല്‍ അങ്ങിനെയുള്ള ചിത്രങ്ങളെടുത്ത് സ്വന്തം നേട്ടങ്ങള്‍ക്ക്, പൊതുജനമധ്യത്തില്‍ ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ല. കോപ്പിറൈറ്റോടു കൂടിയ ചിത്രങ്ങളായതിനാല്‍ തന്നെ, അതിന്റെ ഉടമയുടെ അവകാശമാണ്/സ്വാതന്ത്ര്യമാണ് അത് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടയുക, അങ്ങിനെ ഉപയോഗിച്ചാല്‍ പ്രതിഷേധിക്കുക എന്നത്.

കോപ്പിലെഫ്റ്റിലേക്കെത്താം ഇനി. കോപ്പിറൈറ്റ് ബാധകമല്ലാത്ത ചിത്രങ്ങള്‍ ഭൂരിഭാഗവും Attribution-Noncommercial-Share Alike 2.0 Generic എന്ന creative commons ലൈസന്‍സ് പ്രകാരമാണ് പങ്കുവെയ്ക്കപ്പെടുക. അതായത് ചിത്രം ഉപയോഗിക്കുന്നത് ഏത് ആവശ്യത്തിനായാലും അത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് ആവരുത്; ചിത്രത്തിന്റെ ഉടമയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം; ചിത്രത്തില്‍ ഏതെങ്കിലും രീതിയില്‍ മാറ്റം വരുത്തിയാണ് ഉപയോഗിക്കുന്നതെങ്കില്‍, മാറ്റം വരുത്തിയതിനു ശേഷമുള്ള ചിത്രവും ഇതേ പ്രകാരം പങ്കുവെയ്ക്കപ്പെട്ടിരിക്കണം. ഈ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് കോപ്പിറൈറ്റ് ബാധകമല്ലാത്ത ഏതൊരു ചിത്രവും, ഏതൊരാള്‍ക്കും ഉപയോഗിക്കാം. ഉദാ: ബ്ലോഗില്‍ ഇപ്രകാരം ഒരു ചിത്രം ചേര്‍ക്കണമെന്നുണ്ടെങ്കില്‍, അത് ചേര്‍ത്തതിനു ശേഷം ചിത്രത്തിന്റെ URL-ലേക്ക് ലിങ്ക് ചെയ്താല്‍ മതിയാവും. ഇപ്രകാരം ചിത്രം ബ്ലോഗിലെ ഒരു ലേഖനത്തില്‍ ഉപയൊഗിക്കുമ്പോള്‍, ലേഖനം കോപ്പിറൈറ്റോടു കൂടിയാണ് എഴുതപ്പെട്ടിരിക്കുന്നതെങ്കിലും അത് ലൈസന്‍സിന് വിരുദ്ധമാവുന്നില്ല. എന്നാല്‍ ആ ചിത്രം ഏതെങ്കിലും രീതിയില്‍ എഡിറ്റ് ചെയ്തതിനു ശേഷം, അതിന് കോപ്പിറൈറ്റ് പറയുന്നത് creative commons ലൈസന്‍സിന് എതിരാവും.

കോപ്പിറൈറ്റോടു കൂടിയോ, അല്ലാതെയോ ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു ചിത്രവും പത്രമാധ്യമങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ നിയമപരമായി സാധ്യതയില്ലെന്ന് മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നും മനസിലാക്കാവുന്നതാണ്. ചുരുക്കം ചിലര്‍, ചില ചിത്രങ്ങള്‍ പൂര്‍ണ്ണമായും കോപ്പിലെഫ്റ്റായി ലഭ്യമാക്കാറുണ്ട്. വിക്കിയില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ അവയ്ക്ക് ഒരു ഉദാഹരണമാണ്. (ആ ചിത്രങ്ങള്‍ ഉപയോഗിക്കാമെങ്കിലും, അവിടെയും ചിത്രത്തിന്റെ ശ്രോതസ്സ് വിക്കിപീഡിയ എന്നു നല്‍കുന്നതാണ് മാന്യത.)
 1. എന്തുകൊണ്ട് എല്ലാവരും പൂര്‍ണ്ണമായും കോപ്പിലെഫ്റ്റായി ചിത്രങ്ങള്‍ ലഭ്യമാക്കുന്നില്ല?
  ഫോട്ടോഗ്രഫി ചിലര്‍ക്ക് ജീവിതോപാധിയാണ്, ചിലര്‍ക്ക് പ്രധാനജോലിക്കു പുറമേ അധികവരുമാനം നേടുവാനുള്ള മാര്‍ഗമാണ്, ചിലര്‍ക്ക് അതൊരു ഒഴിവുസമയ വിനോദമാണ്, മറ്റുചിലര്‍ക്ക് ക്യാമറ ഉള്ളതുകൊണ്ട് വെറുതേ എടുക്കുന്നു എന്ന രീതിയാണ്. എല്ലാ വിഭാഗത്തില്‍ പെട്ടവരും ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ എതുരീതിയില്‍ പങ്കുവെയ്ക്കപ്പെടണമെന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. ചിത്രങ്ങള്‍ കോപ്പിറൈറ്റോടുകൂടി പങ്കുവെയ്ക്കുന്നതോ, ചിത്രങ്ങള്‍ വില്പനയ്ക്കു വെയ്ക്കുന്നതോ ഒരു തെറ്റല്ല. ഓരോരുത്തരും ചിത്രങ്ങള്‍ക്ക് കോപ്പിറൈറ്റ് നല്‍കുന്നത് അവരവരുടേതായ കാരണങ്ങള്‍ കൊണ്ടാവാം; ചിത്രങ്ങള്‍ക്ക് വരുമാനം പ്രതീക്ഷിച്ച്; ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതു വഴിയുള്ള പേരും, പ്രശസ്തിയും പ്രതീക്ഷിച്ച്; ചിത്രങ്ങള്‍ തന്റെ സ്വകാര്യസ്വത്തുക്കളായി, തനിക്ക് പ്രാതിനിധ്യമുള്ള ഇടങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്തുവാന്‍ താത്പര്യപ്പെടുന്നതുകൊണ്ട്; ചിത്രങ്ങള്‍ മറ്റിടങ്ങളില്‍ കാണുവാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട്; ഇങ്ങിനെ കാരണങ്ങള്‍ പലവിധമാവാം. കാരണം എന്തായാലും ഒരാള്‍ കോപ്പിറൈറ്റോടു കൂടി ചിത്രം നെറ്റില്‍ പങ്കുവെയ്ക്കുന്നു എന്നത് ഒരു മോശം കാര്യമായോ, അധാര്‍മ്മിക പ്രവര്‍ത്തിയായോ, തെറ്റായോ കാണേണ്ടതില്ല. മദ്യപാനം ഒരാളുടെ സ്വാതന്ത്ര്യമാണ്. നിങ്ങള്‍ക്ക് അതിനോട് താത്പര്യമില്ലെങ്കില്‍ അയാളെ ഒഴിവാക്കുക; അതു തന്നെ ഇവിടെയും ചെയ്യാവുന്നതാണ്.

 2. കോപ്പിറൈറ്റോടുകൂടി ചിത്രം പങ്കുവെയ്ക്കുന്നത്, കുത്തക മുതലാളിത്ത മനോഭാവമല്ലേ?
  അല്ല. ഒരു ചിത്രം ഒരു വ്യക്തിയുടെ സൃഷ്ടിപരമായ പ്രകാശനമാണ്. അതില്‍ അയാള്‍ക്കുള്ള അവകാശം, കുത്തക മുതലാളിമാരുടെ ലാഭക്കണ്ണായി വ്യാഖ്യാനിക്കുന്നത് തെറ്റായ സമീപനമാണ്. ഉദാഹരണത്തിന് ഒരാള്‍ ബേക്കല്‍ കോട്ടയുടെ ഒരു ചിത്രമെടുക്കുന്നു എന്നു കരുതുക. ആ ചിത്രത്തിനു മാത്രമേ അയാള്‍ക്ക് അവകാശമുള്ളൂ; ഈ ചിത്രം കണ്ട് മറ്റൊരാള്‍ അതേ സ്ഥലത്തു നിന്നും മറ്റൊരു ചിത്രമെടുത്താല്‍ അതില്‍ ഒരു പരാതിക്കും വകുപ്പില്ല. എന്നാല്‍ ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, ഒരു ചിത്രം ഒരു നിമിഷത്തെ നിശ്ചലമായി പകര്‍ത്തുകയാണ്. മനുഷ്യനിര്‍മ്മിതമായ കൃത്രിമ ഇടങ്ങള്‍ ഇതിനൊരു അപവാദമായേക്കാമെങ്കിലും; ആ നിമിഷം പുനഃസൃഷ്ടിക്കുക മനുഷ്യസാധ്യമാ‍യ കാര്യമല്ല. അതിനാല്‍ ആദ്യം ചിത്രമെടുത്തയാള്‍, തന്റെ അതേ രീതിയില്‍ മറ്റാരെങ്കിലും ചിത്രമെടുക്കൂമോ എന്നോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല.

 3. ഇപ്രകാരം ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണമായ ഉടമസ്ഥാവകാശം വേണമെന്നുണ്ടെങ്കില്‍, അവ നെറ്റില്‍ പങ്കുവെയ്ക്കാതിരിക്കുന്നതല്ലേ അഭികാമ്യം?
  പേഴ്സ് പോക്കറ്റടിക്കപ്പെടരുതെന്നുണ്ടെങ്കില്‍ പേഴ്സ് കൊണ്ട് നടക്കാതിരുന്നാല്‍ പോരേ? പോക്കറ്റടിക്കുന്നവരെ പിടിക്കുന്നതും, അവരെ ശിക്ഷിക്കുന്നതും എത്ര അധാര്‍മ്മികമായ പ്രവര്‍ത്തിയാണ്! പേഴ്സ് കൊണ്ടു നടക്കുന്നതും പോര, അത് മോഷ്ടിക്കപ്പെട്ടെന്ന് പരിദേവനവും! - ഈ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ? ഇന്റര്‍നെറ്റ് ഒരു പൊതുസ്ഥലമാണ്. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട സാമാന്യമര്യാദകള്‍ ഇവിടെയും പാലിക്കേണ്ടതുണ്ട്. ട്രാന്‍സ്പോര്‍ട്ട് ബസ് ഒരു പൊതുവാഹനമാണ്, അതുകൊണ്ട് അതില്‍ ഇരിക്കുന്ന അരോടും ആര്‍ക്കും എന്തുമാവാം എന്നില്ലല്ലോ!

 4. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സൌജന്യമായി പ്രദര്‍ശിപ്പിച്ച്, ജനസമ്മതി നേടിയതിനു ശേഷം; നേടിയ ജനസമ്മതിയുടെ പുറത്ത് ചിത്രങ്ങള്‍ വില്‍ക്കുന്നത് ശരിയാണോ?
  അങ്ങിനെ ചെയ്യുന്നതില്‍ തെറ്റുണ്ടോ? ഇന്റര്‍നെറ്റ് ഒരു വിപണിസാധ്യത കൂടിയാണ്. കൂടുതല്‍ പേരിലേക്ക് ഒരു സേവനം അല്ലെങ്കില്‍ ഒരു ഉല്പന്നം ലഭ്യമാക്കാനാവുന്ന ചെലവു കുറഞ്ഞ മാര്‍ഗം. അതുപയോഗിച്ച് ഒരാള്‍ സ്വന്തം ചിത്രങ്ങള്‍ക്ക് വിപണി കണ്ടെത്തുവാന്‍ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്?

 5. ചിത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കരുത് എന്നു പറയുന്നത് സങ്കുചിതമനോഭാവമല്ലേ? ഇത് മാനുഷികനന്മയ്ക്ക് എതിരല്ലേ?
  ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍ പണത്തിനുള്ള സ്വാധീനം ആര്‍ക്കും തള്ളിപ്പറയുവാന്‍ കഴിയുകയില്ല. ഫോട്ടോഗ്രഫി ഒരു ഒഴിവുസമയ പരിപാടിയായി കാണുന്നവര്‍ക്കും, മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഉള്ളവര്‍ക്കും ഒരുപക്ഷെ ചിത്രങ്ങള്‍ സൌജന്യമായി നല്‍കുവാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇതൊരു ജീവിതോപാധിയായി കൊണ്ടുനടക്കുന്നവര്‍ക്ക് അങ്ങിനെ കരുതുവാന്‍ കഴിയുകയില്ല. മാനുഷിക നന്മയുടെ പുറത്ത് ആരുമെനിക്ക് എന്നും വെറുതേ ആഹാരം തരികയില്ല. ആഹാരത്തിന് വില മേടിക്കുന്നതും അപ്രകാരം നോക്കിയാല്‍ സങ്കുചിത മനോഭാവമാണെന്ന് പറയേണ്ടിവരും. ഇനി അത് സങ്കുചിത മനോഭാവമാണെങ്കില്‍ തന്നെ, അപ്രകാരം ജീവിക്കുവാനും ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഒരാള്‍ പിശുക്കനാണ് എന്നു പറഞ്ഞ് അരുമയാളെ ജയിലിലടയ്ക്കാറില്ല. എല്ലാം സൌജന്യമായി നല്‍കുന്നതാണ് മാനുഷികനന്മ എന്ന നിര്‍വ്വചനവും ശരിയെന്നു തോന്നുന്നില്ല. അന്യന്റെ സ്വകാര്യസ്വത്ത് കൈവശപ്പെടാതിരിക്കുക, മറ്റുള്ളവരുടെ സൃഷ്ടിവൈഭവത്തെ മാനിക്കുക, അന്യന്റെ മുതലെടുത്ത് സ്വന്തം നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക ഇതൊക്കെയും മാനുഷികനന്മ തന്നെയാണ്. ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭിക്കുന്ന മിക്ക സേവനങ്ങളും, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സേവനദാതാവിന് വരുമാനം ലഭ്യമാക്കാറുണ്ട്. അങ്ങിനെയല്ലാതെ ഒന്നിനും നിലനില്പില്ല താനും.

 6. മാധ്യമങ്ങള്‍(പാവങ്ങള്‍) അത്യാവശ്യത്തിന് ഒരു ചിത്രമുപയോഗിച്ചാല്‍ അത് ഇത്രയും പ്രശ്നമാക്കേണ്ടതുണ്ടോ?
  മാധ്യമങ്ങള്‍ നിസ്വാര്‍ത്ഥ പൊതുസേവനമാണ് ചെയ്യുന്നതെന്ന മിഥ്യാധാരണയൊന്നുമില്ലെന്നു കരുതട്ടെ... പത്രങ്ങളും, ദൃശ്യമാധ്യമങ്ങളും എല്ലാം വ്യവസായം തന്നെ. അവരുടെ ഉദ്ദേശലക്ഷ്യവും ലാഭമുണ്ടാക്കുക എന്നതാണ്. അതിനായി ഉപയോഗിക്കുന്ന ഒരു കുറുക്കുവഴിയാണ് നെറ്റിലെ ചിത്രങ്ങള്‍ യാതൊരു പ്രതിഫലവും നല്‍കാതെ എടുത്തുപയോഗിക്കുക എന്നത്. ഒരു ചിത്രം മോഷ്ടിക്കുമ്പോള്‍, അതെടുക്കുവാനായി അധ്വാനിച്ച, സമയം ചിലവഴിച്ച, മുതല്‍ മുടക്കിയ ഒരാളോടു ചെയ്യുന്നത് എത്ര വലിയ അനീതിയാണ്! അതു കാണുവാന്‍ കഴിയാതെ, ചിത്രമെടുത്തുപയോഗിക്കുന്നതില്‍ നീതി കാണുന്നത് എങ്ങിനെയെന്ന് മനസിലാവുന്നില്ല. ഫോട്ടോയെടുത്തയാളുടെ പേരില്ലാതെ ഒരു ചിത്രം പ്രസിദ്ധപ്പെടുത്തുമ്പോള്‍ അത് പത്രത്തിന്റെ സ്വന്തം ചിത്രമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നും ഓര്‍ക്കുക. ചിത്രം മോഷ്ടിച്ചതും പോരാഞ്ഞ്, അതിന്റെ സൃഷ്ടികര്‍ത്താവെന്ന സ്ഥാനം തട്ടിയെടുക്കുന്നതില്‍ പോലും നീതി കാണുന്നവരോട് മറുപടി നല്‍കുന്നത്, ബധിരകര്‍ണങ്ങളില്‍ പെരുമ്പറ മുഴക്കുന്നതിനു സമമാണ്‌; അധ്വാനിക്കാമെന്നു മാത്രം, പ്രയോജനമുണ്ടാവുകയില്ല!

 7. EULA (End User License Agreement) അനുസരിക്കാതെ സോഫ്റ്റ്‌വെയറുകള്‍ കട്ടുപയോഗിച്ച് സൃഷ്ടിക്കുന്നവയ്ക്ക് കോപ്പിറൈറ്റ് പറയുവാന്‍ കഴിയുമോ?
  ഒരാള്‍ ഒരു ചിത്രം വരയ്ക്കുന്നു, അതിന് ഉപയോഗിച്ചത് മറ്റൊരാളുടെ പെന്‍സില്‍ (വിലകൂടിയ, എന്തെങ്കിലും പ്രത്യേകതകളുള്ളത് എന്നു കരുതുക.) ആണെന്നിരിക്കട്ടെ, ആ പെന്‍സില്‍ അയാളറിയാതെ മോഷ്ടിച്ചതാണെന്നും കരുതാം. ആ പെന്‍സില്‍ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍, ആ രീതിയില്‍ ആ സൃഷ്ടി നടത്തുവാന്‍ സാധിക്കില്ലായിരുന്നു എന്നും വിചാരിക്കൂ. ഇതൊക്കെയാണെങ്കിലും സൃഷ്ടിയുടെ അവകാശം അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്കു തന്നെയാണ്. അതില്‍ അയാള്‍ക്ക് അവകാശവുമുണ്ട്. മോഷ്ടിച്ച പെന്‍സില്‍ ഉപയോഗിച്ചു എന്നതുകൊണ്ട് അയാള്‍ക്ക് ആ ചിത്രം മോഷ്ടിക്കപ്പെട്ടാല്‍ പരാതിപ്പെടുവാന്‍ അവകാശമില്ല എന്നില്ല. അയാള്‍ പെന്‍സില്‍ മോഷ്ടിച്ചെങ്കില്‍, അയാളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാം, ശിക്ഷിക്കാം. നിയമത്തിന്റെ മുന്നില്‍ അതു ‘വേ’, ഇതു ‘റേ’. ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ പെന്‍സിലിന്റെ യഥാര്‍ത്ഥ ഉടമയുടെ ധാര്‍മ്മികതയും പരിശോധിക്കപ്പെടേണ്ടിവരും. ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളാണ് പെന്‍സിലിന്റെ ഉടമയെങ്കില്‍, മോഷ്ടിച്ചതിന് ഒരു ന്യായീകരണവുമില്ല. അങ്ങിനെയല്ലെങ്കില്‍, അയാള്‍ക്ക് മോഷ്ടാവിന്റെ ധാര്‍മ്മികത പരിശോധിക്കുവാന്‍ പോലും അര്‍ഹതയുമില്ല.

 8. ഒരു സോഫ്റ്റ്‌വെയര്‍ കട്ടുപയോഗിച്ചതിനു ശേഷം, അതില്‍ നിന്നും ലാഭമുണ്ടാക്കുന്നത് ശരിയാണോ?
  ശരിയല്ല എന്നു തന്നെയാണ് ഉത്തരം. എന്നാല്‍, സാഹചര്യങ്ങളാണ് ഇതിനു വഴിവെക്കുന്നത്. ബൈബിള്‍ സീരീസിലുള്ള അഡോബി ഫോട്ടോഷോപ്പിന്റെ പുസ്തകത്തിന്റെ വില പുറം രാജ്യങ്ങളില്‍ 50 $ ആണ്. എന്നാല്‍ അവരുടെ ഇന്ത്യയിലെ പുസ്തകത്തിന്റെ വില 500 INR മാത്രവും. പ്രിന്റ് ചെയ്യുന്ന പേപ്പറിന്റെ നിലവാരം കുറഞ്ഞതാണ്, പൂര്‍ണ്ണമായും കളര്‍ അച്ചടിയല്ല ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള പരിമിതികളോടെയാണ് ഈ വിലയ്ക്ക് ലഭിക്കുന്നതെങ്കിലും; ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ അവര്‍ ആ പുസ്തകത്തെ വിപണിയില്‍ എത്തിക്കുന്നു. മറ്റ് പല പുസ്തകങ്ങളുടേയും കാര്യം അപ്രകാരമാണ്. ഈ പുസ്തകങ്ങളുടെ ഫോട്ടോകോപ്പി എടുക്കുന്നതും, ഉപയോഗിക്കുന്നതും കുറ്റകരമാണ്. എന്നാല്‍ പലപ്പോഴും അതു ചെയ്യേണ്ടി വരാറുണ്ട്.

  എന്നാല്‍ സോഫ്റ്റ്‌വെയറുകളുടെ കാര്യമെത്തുമ്പോള്‍ 700 $ മുടക്കണം അഡോബിയുടെ ഫോട്ടോഷോപ്പിന്. അത്രയും മുതല്‍മുടക്കുവാന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ചെറുകിട കമ്പനികള്‍ക്കും / പ്രഫഷണലുകള്‍ക്കും സാധിക്കുകയില്ല എന്നതാണ് സത്യം. ഇനി മുടക്കിയാല്‍ തന്നെ അത് വിപണിയില്‍ നിന്നും തിരിച്ചെടുക്കുകയും അസാധ്യമാണ്. പലപ്പോഴും സോഫ്റ്റ്‌വെയറുകളുടെ പുതിയ പതിപ്പുകള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇറങ്ങുമെന്നത് മുടക്കുന്ന മുതലിന്റെ ഒരു ഭാഗമെങ്കിലും തിരിച്ചെത്തുന്നതിനു മുന്‍പു തന്നെ കൂടുതല്‍ മുടക്കേണ്ട സാഹചര്യവും ഉണ്ടാക്കുന്നു. 1) ഇത്രയും രൂപ മുടക്കി (ഫോട്ടോഷോപ്പ് മാത്രം മതിയാവില്ല പലപ്പോഴും), സോഫ്റ്റ്‌വെയര്‍ വാങ്ങിയതിനു ശേഷം ചെയ്തുകൊടുക്കുന്ന പ്രോജക്ടുകളുടെ വിലയും ഉയര്‍ന്നതായിരിക്കും. അത്രയും ഉയര്‍ന്ന വിലകൊടുത്ത് പ്രോജക്ടുകള്‍ ചെയ്യിക്കുവാന്‍ തയ്യാറുള്ളവരും വളരെക്കുറവാണ്. 2) ലൈസന്‍സ് ഉള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു മാത്രമേ ചെയ്യുകയുള്ളൂ, പ്രോജക്ടുകളുടെ ഉയര്‍ന്നവില താങ്ങാവുന്നവരുടെ പ്രോജക്ടുകള്‍ മാത്രമേ എടുക്കുകയുള്ളൂ എന്ന് വിചാരിച്ചാല്‍ അധികം നാള്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല. പ്രത്യേകിച്ചും മറ്റുള്ളവര്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ പ്രോജക്ടുകള്‍ ചെയ്തു കൊടുക്കുന്ന സാഹചര്യത്തില്‍. 3) സൌജന്യസോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ചെയ്യാം എന്നു കരുതിയാല്‍, പ്രൊഫഷണല്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് പകരം വെയ്ക്കാവുന്ന ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ പരിമിതമാണ്. അതുമാത്രമല്ല; മറ്റുള്ളവര്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പുറത്തിറക്കുന്നവയുടെ നിലവാരത്തില്‍, അത്രയും സമയത്തിനുള്ളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ ചെയ്തു കൊടുക്കുക എന്നതും സാധ്യമായ കാര്യമല്ല. ഇതിന് ഒരു പരിഹാരമുള്ളത്, ഇന്ത്യന്‍ വിപണിക്ക് യോജിക്കുന്ന രീതിയില്‍ സോഫ്റ്റ്‌വെയറുകള്‍ പുറത്തിറക്കുക എന്നതാണ്. തുടര്‍ന്നുള്ള ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ഇല്ലാതെയോ, വാല്യു ആഡഡ് സേവനങ്ങള്‍ ഇല്ലാതെയോ, ഉപയോഗിക്കാവുന്ന കാലയളവിന് പരിധികളിട്ടോ ഒക്കെ ഇത് സാധ്യമാക്കാവുന്നതാണ്. അതല്ലെങ്കില്‍; എല്ലാവരും സൌജന്യ സോഫ്റ്റ്‌വെയറുകളിലേക്ക് മാറുക; പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനാല്‍ ലഭിക്കുന്ന മേല്‍ക്കൈ എല്ലാവരും വേണ്ടെന്നു വെയ്ക്കുക; പ്രോജക്ടുകള്‍ ചെയ്യിക്കുവാന്‍ എത്തുന്നവരും ഈ സാഹചര്യം മനസിലാക്കി, അതുമൂലമുണ്ടാവുന്ന മൂല്യശോഷണം/സമയനഷ്ടം അംഗീകരിക്കുക; ഇതൊക്കെ ചെയ്യേണ്ടിവരും.

 9. അങ്ങിനെയെങ്കില്‍, ചിത്രം മോഷ്ടിക്കുന്നതും ഇതേ രീതിയിലുള്ള വ്യാവസായിക സാഹചര്യങ്ങള്‍ മൂലമാവില്ലേ?
  ആവുമോ? ഒരു പത്രസ്ഥാപനത്തിന് ചിത്രം മോഷ്ടിക്കേണ്ട ഒരു സാഹചര്യമാണോ നിലവിലുള്ളത്? സ്വന്തമായി ഫോട്ടോഗ്രാഫര്‍മാര്‍, ഉന്നത നിലവാരമുള്ള ക്യാമറകള്‍ ഇവയൊക്കെ ഒട്ടുമിക്കവാറും എല്ലാ പത്രങ്ങള്‍ക്കുമുണ്ട്. ഇനി ഒരു പ്രത്യേക ചിത്രം വാങ്ങേണ്ട സാഹചര്യം വന്നാല്‍ തന്നെ, പത്രങ്ങള്‍ക്ക് അവയുടെ വില താങ്ങാവുന്നതുമാണ്. കോപ്പിലെഫ്റ്റായി പങ്കുവെയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ പലപ്പോഴും ഉടമയുടെ അനുവാദത്തോടെ, ഉടമയ്ക്ക് ക്രെഡിറ്റ് നല്‍കി, പ്രതിഫലമൊന്നും നല്‍കാതെ തന്നെ ഉപയോഗിക്കുവാനും കഴിയും. ഒരു കുത്തക സോഫ്‌റ്റ്‌വെയര്‍ കമ്പനി പുറത്തിറക്കുന്ന ഉല്പന്നം, അത്രയധികം ലാഭമുണ്ടാക്കുവാന്‍ സാധിക്കാത്ത ഒരു പ്രഫഷണല്‍ / ചെറുകിട കമ്പനി ഉപയോഗിക്കുന്നതും; ഉപജീവനത്തിനായി ചിത്രം വില്‍ക്കുന്നയാള്‍, വിനോദത്തിനായി ചിത്രമെടുക്കുന്നയാള്‍ എന്നിവരുടെയൊക്കെ നെറ്റില്‍ പങ്കുവെയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ ഒരു പത്രമാധ്യമം മോഷ്ടിച്ച് ഉപയോഗിക്കുന്നതും ഒരു തുലാസില്‍ അളക്കാവുന്ന കാര്യങ്ങളല്ല. അത് ധാര്‍മ്മികതയുടെ പേരിലായാലും, നിയമത്തിന്റെ കണ്ണിലൂടെയായാലും. പൈറസി പ്രശ്നം ഭൂരിപക്ഷവും, വ്യക്തികളും / ചെറുകിട സ്ഥാപനകളും കുത്തക കമ്പനികളുടെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതു മൂലവും; പ്ലേജറിസം തിരിച്ച് വ്യക്തികളുടേയും / ചെറുകിട സ്ഥാപനങ്ങളുടേയും സൃഷ്ടികള്‍ വലിയ സ്ഥാപനങ്ങള്‍ / കമ്പനികള്‍ ഉപയോഗിക്കുമ്പോഴുമാണ് ഉയരുന്നത്. ധാര്‍മ്മികതയുടെ പേരില്‍ ഇവയെ താരതമ്യം ചെയ്യുന്നതില്‍ പോലും അധാര്‍മ്മികതയുണ്ടെന്നു തോന്നുന്നു!
സമൂഹത്തില്‍ പൈറസി വളരെ വേരിറങ്ങിയിരിക്കുന്നു. (അതിന് ഈ കമ്പനികള്‍ തന്നെ കുടപിടിച്ചിട്ടുണ്ടെന്നത് മറ്റൊരു വശം!) മുന്‍പു തന്നെ ഇതിനെക്കുറിച്ച് അവബോധമുണ്ടാവേണ്ടതായിരുന്നു; സിഗരറ്റ് വലി അതിന്റെ ഭവിഷ്യത്തുകള്‍ അറിയാതെ തുടങ്ങി, പിന്നീട് അതറിഞ്ഞാലും നിര്‍ത്തുവാന്‍ കഴിയാതെ വരുന്നു. അതേ ദുര്യോഗമാണ് ഇവിടെയും. :-( ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അതൊഴിവാക്കി മുന്നോട്ടു പോവുന്നതും പ്രയാസകരമാക്കിയിരിക്കുന്നു. എന്നാല്‍ അങ്ങിനെയൊരു സാമൂഹിക സാഹചര്യം പോലും, ഇപ്പോള്‍ പത്രങ്ങള്‍ ചിത്രങ്ങള്‍ മോഷ്ടിക്കുന്ന കാര്യത്തിലില്ല. (ഇനി മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അത് പറയാം.) പൈറസി പോലെ പ്ലേജറിസവും ഒരു ശീലമാക്കാതിരിക്കുവാന്‍ ഓരോരുത്തരും യത്നിക്കേണ്ടതുണ്ട്. അല്പം വൈകിയാല്‍, ഒഴിവാക്കുവാന്‍ പ്രയാസമായ ഒരു സാമൂഹിക വിപത്തായി പ്ലേജറിസവും മാറും.

• ഇവിടെ പറഞ്ഞിരിക്കുന്നവയെല്ലാം എന്റെ മനസിലാക്കലുകളാണ്. തെറ്റുകളുണ്ടെങ്കില്‍ തിരുത്താം, ഒരു ദുരഭിമാനവുമില്ല; പക്ഷെ യുക്തിസഹമായാവണം തിരുത്തുന്നതെന്നു മാത്രം. • ഇതൊക്കെ എഴുതുമ്പോള്‍ സോഫ്റ്റ്‌വെയര്‍ പൈറസിയെ ഞാന്‍ അനുകൂലിക്കുന്നു എന്നു കരുതരുത്. എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രായോഗികതയിലൂന്നി ഈ രീതിയില്‍ അവതരിപ്പിച്ചു എന്നതേയുള്ളൂ. നിയമപരമായി പൈറസി (ഏതുതരവും, DRM അംഗീകരിക്കാതെ, അതിലൂടെ പുറത്തിറക്കുന്ന മീഡിയ ഉപയോഗിക്കുന്നതു പോലും!) ശിക്ഷാര്‍ഹമാണ്. • അപ്ഡേറ്റുകള്‍ നിറം വ്യത്യാസപ്പെടുത്തി നല്‍കിയിരിക്കുന്നു. Description: Piracy and Plagirism - a comparison. Is piracy and plagiarism two sides of a coin? Can I copy an image over the internet for free? What do you mean by Copyright, Copyleft, Creative Commons etc.? Piracy, an evil? What's DRM? Software Piracy, Audio/Video Piracy. An article by Hareesh N. Nampoothiri aka Haree | ഹരീ --

Wednesday, November 12, 2008

ചിത്രചോരണം - മാധ്യമം (പരിണാമം ഒന്ന്)

Image Plagiarism by Madhyamam Weekly - Update 1
മാധ്യമം ദിനപ്പത്രത്തോടൊപ്പം വിതരണം ചെയ്യുന്ന ‘വെളിച്ചം’ സപ്ലിമെന്റിന്റെ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍, ഞാന്‍ ഫ്ലിക്കറില്‍ പബ്ലിഷ് ചെയ്തിരുന്ന ‘നളദമയന്തി’ എന്ന ചിത്രം, എന്റെ അറിവോ സമ്മതമോ കൂടാതെ ഉപയോഗിച്ചതിനെക്കുറിച്ച് ഗ്രഹണത്തില്‍ ഇതിനു മുന്‍പ് എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ചിത്രം വെളിച്ചം സപ്ലിമെന്റിന്റെ മുന്‍പേജില്‍ ഉപയോഗിച്ചിരിക്കുന്നതായാണ് പരസ്യത്തില്‍ നിന്നും മനസിലാവുന്നത്. എന്നാല്‍ ചിത്രം ഉപയോഗിച്ചുവെന്നു കരുതപ്പെടുന്ന വെളിച്ചം സപ്ലിമെന്റ് ഏറെ പ്രയത്നിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഭൂരിപക്ഷം ലൈബ്രറികളിലും മാധ്യമം സ്ഥിരമായി സൂക്ഷിക്കുന്ന ഒരു പത്രമല്ല, സൂക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ സപ്ലിമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കാറുമില്ല. അതിനാല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍‍(അവിടെ മാത്രമല്ല, വെളിച്ചത്തിന്റെ മറ്റ് പരസ്യങ്ങളിലും ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നുവെന്ന് പിന്നീട് കാണുകയുണ്ടായി.) പരസ്യത്തിനായി ചിത്രം ഉപയോഗിച്ചു എന്ന രീതിയിലാണ് ഞാന്‍ ഇതുമായി മുന്‍പോട്ടു പോയത്.

മാധ്യമം ദിനപ്പത്രത്തിലും, വെബ് സൈറ്റിലും ലഭ്യമായ വിവിധ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട് എഴുതിയെങ്കിലും, ഒന്നിനുപോലും മറുപടി ലഭിച്ചില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (06 ആഗസ്റ്റ് 2008) ഷബീര്‍, മാധ്യമത്തിന്റെ പീരിയോഡിക്കത്സ് എഡിറ്റര്‍ വിളിക്കുകയുണ്ടായി. ആദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് അബദ്ധത്തില്‍ വന്ന ഒരു പിഴവാണ്. ഇനിമുതല്‍ ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. (ചെലുത്തിയ ശ്രദ്ധയുടെ കാര്യം ഇവിടെ വായിക്കാം.) ഇതിനു പ്രതിവിധിയായി ഞാന്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ചിത്രം എന്റെയാണ് എന്ന് പത്രത്തില്‍ അതേ സ്ഥാനത്ത് പ്രസിദ്ധപ്പെടുത്തുക, അര്‍ഹമായ പ്രതിഫലം നല്‍കുക എന്നിവയായിരുന്നു. പക്ഷെ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് സാധാരണയായി നടക്കുന്ന, ഒരു ചെറിയ കാര്യമായിരുന്നു. ഞാന്‍ കഷ്ടപ്പെട്ടെടുക്കുന്ന ചിത്രങ്ങള്‍; എന്റെ അറിവോ, അനുമതിയോ കൂടാതെ; എന്റെ ചിത്രമാണെന്നു പോലുമില്ലാതെ എടുത്തുപയോഗിച്ച് ആരെങ്കിലുമൊക്കെ ലാഭം ഉണ്ടാക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലെന്ന് അപ്പോള്‍ തന്നെ ഞാനദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ ആലോചിച്ചതിനു ശേഷം വിളിക്കാം എന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും, പിന്നീട് ഒരു വിവരവുമുണ്ടായില്ല.

കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരുന്നതിനു ശേഷം, എന്റെ സുഹൃത്തു കൂടിയായ ഒരു അഡ്വ. എ.കെ. രാജശ്രീയെ കണ്ട് ഈ കാര്യത്തില്‍ നിയമവിധേയമായി എന്തു ചെയ്യാമെന്ന് അന്വേഷിക്കുകയും, ഈ കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. തീരുമാന പ്രകാരം 22 സെപ്റ്റംബര്‍ 2008 ന് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കുകയുണ്ടായി. വക്കീല്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഒരു മറുപടി നല്‍കണം എന്നായിരുന്നു അതില്‍ ആവശ്യപ്പെട്ടിരുന്നത്. പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവര്‍ മറുപടി തന്നു, പക്ഷെ അത് ഇപ്രകാരമായിരുന്നു: (പ്രസക്തമായ ഭാഗം മാത്രം.)
At the very outset, we would like to inform you that there's absolutely no violation of any kind of copyright law, cyber law by publishing an advertisement as stated in your notice. Moreover it will not attract any provisions of Indian penal code also. We had absolutely no intention, and it's not our policy to plagiarise the work done by your client or anyone else. Please inform your client that we have published the photograph from the collection of our own photographer from his innumerable photo collection and as said it will not attract any kind of copyright law as alleged in your notice. Out advertisement has nothing to do with the watermarked photograph as stated in your notice.
അവര്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം എന്റേതല്ല, അത് അവരുടെ ഒരു ഫോട്ടോഗ്രാഫറുടെ അതിവിശാലമായ ചിത്രശേഖരത്തില്‍ നിന്നും ഉള്ളതാണ്, അത് ഉപയോഗിച്ചതു വഴി അവര്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല എന്നുമാണ് അവരുടെ വാദം. ഈ കേസുമായി മുന്‍പോട്ടു പോയാല്‍; ചിത്രം എന്റേതാണെന്ന് തെളിയിക്കേണ്ടി വരുമെന്നും, തെളിയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നും ഒരു മുന്നറിയിപ്പും ഒടുവിലുണ്ട്. അവരുടെ പ്ലേജറിസം സംബന്ധിച്ച ‘പോളിസി’യെക്കുറിച്ച് ഇതിനോടകം തന്നെ എല്ലാവരും മനസിലാക്കിയിരിക്കുന്നതാണ്. പക്ഷെ, ഫ്ലിക്കറില്‍/ഇന്റര്‍നെറ്റില്‍ ചേര്‍ക്കപ്പെടുന്ന ഫോട്ടോയെല്ലാം അവരുടെ ഫോട്ടോഗ്രാഫറുടെ ചിത്രശേഖരത്തിലേക്കാണ് ചേര്‍ക്കപ്പെടുന്നതെന്നത് പുതിയ അറിവായിരുന്നു.

ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമം (1957, Chapter XIII, സെക്ഷന്‍ 63) ഇങ്ങിനെ പറയുന്നു:
63. Offence of infringement of copyright or other rights conferred by this Act. Any person who knowingly infringes or abets the infringement of-
(a) the copyright in a work, or
(b) any other right conferred by this Act, 125[except the right conferred by section 53A]
126[shall be punishable with imprisonment for a term which shall not be less than six months but which may extend to three years and with fine which shall not be less than fifty thousand rupees but which may extend to two lakh rupees.

ചിത്രം ഫ്ലിക്കറില്‍ ചേര്‍ക്കുവാനായി ക്രോപ്പ് ചെയ്ത ഭാഗമാണ് മഞ്ഞ നിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ ചിത്രത്തിന്റെ ബാക്ക്‍ഗ്രൌണ്ട് പൂര്‍ണ്ണമായും കറുപ്പിക്കുകയും; ബ്രൈറ്റ്നെസ്, കോണ്‍‌ട്രാസ്റ്റ്, വൈറ്റ് ബാലന്‍സ് എന്നിവ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. പരസ്യത്തില്‍ ഉപയോഗിക്കുന്നതിനായി മാധ്യമം ക്രോപ്പ് ചെയ്ത ഭാഗമാണ് നീല നിറത്തില്‍ കാണുന്നത്.

എന്നാല്‍ ഇവിടെ, ചിത്രം മോഷ്ടിച്ച് ഉപയോഗിച്ചതും പോരാഞ്ഞ്, യഥാര്‍ത്ഥ ഉടമയുടെ അവകാശം നിഷേധിക്കുകയും ചെയ്തിരിക്കുന്നു. ഒരു പത്രസ്ഥാപനം എന്ന നിലയില്‍ തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് മാധ്യമം സ്വയമൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ മറുപടിയോടെ തങ്ങള്‍ തുടര്‍ന്നും മോഷ്ടിക്കും, നിയമത്തിന് എന്തു ചെയ്യുവാന്‍ കഴിയുമെന്നു കാണട്ടെയെന്ന ധിക്കാരപൂര്‍വ്വമായ നിലപാട് എടുത്തിരിക്കുകയാണ് മാധ്യമം. ഈ ചോദ്യങ്ങള്‍ക്ക് മാധ്യമം ഉത്തരം തന്നേ മതിയാവൂ:
 1. സംഭവവുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ച പീരിയോഡിക്കത്സ് എഡിറ്റര്‍, ഷബീര്‍ എന്തുകൊണ്ട് മോഷണം ആദ്യം അംഗീകരിച്ചു?
 2. 2008 മാര്‍ച്ച് 21-ന് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചിത്രമെങ്ങിനെ ഫ്ലിക്കറില്‍ എനിക്ക് 2007 സെപ്റ്റംബര്‍ 2-ന് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു? അതും ഒരു ന്യൂസ്‌പ്രിന്റില്‍ നിന്നും സ്കാന്‍ ചെയ്യുമ്പോള്‍ ലഭിക്കാവുന്നതിലും കൂടുതല്‍ മികവോടെ!
 3. ഫ്ലിക്കറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രത്തിനാണ് കൂടുതല്‍ വ്യാപ്തിയെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. അതെങ്ങിനെ സാധ്യമായി?
 4. ഇനി അതേ ആംഗിളില്‍, അതേ ലൈറ്റിംഗില്‍, അതേ പൊസിഷനില്‍, അതേ ക്യാമറ സെറ്റിംഗുകളില്‍ മറ്റൊരാള്‍ എടുത്ത ചിത്രമാണ് എന്നാണെങ്കില്‍; അത് ലോകത്തെ എട്ടാമത്തെ അത്ഭുതമായി കരുതേണ്ടി വരും! അങ്ങിനെയെങ്കില്‍, ആരാണ് ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍?
തമ്പ്രാന്‍ പറയുന്നതു കേട്ട് ആരുടെയെങ്കിലുമൊക്കെ കുട്ടികളുടെ പിതൃത്വമേറ്റെടുക്കേണ്ടി വന്നിരുന്ന കുടിയാന്മാരുടെ അവസ്ഥയിലല്ല മാധ്യമത്തിലെ ഫോട്ടോഗ്രാഫര്‍മാരെന്നു കരുതുന്നു. സ്വന്തമായി ജനിപ്പിക്കുവാന്‍ കഴിവില്ലാതെ, അന്യന്റെ മുതല്‍ തന്റേതെന്നു പറയേണ്ട ഗതികെട്ട ഫോട്ടോഗ്രാഫര്‍മാരുണ്ടെങ്കില്‍, അങ്ങിനെയൊരു ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി വേണം മാധ്യമത്തിനിനി കളത്തിലിറങ്ങുവാന്‍. Twilight Fairy എന്ന ഫോട്ടോഗ്രാഫറുടെ ഫ്ലിക്കര്‍ ആല്ബത്തിലെ ചിത്രം മോഷ്ടിച്ച് ഉപയോഗിച്ച Times of India-യുടെ അനുഭവം ഇവിടെ വായിക്കാം. എന്നാല്‍ ചെയ്ത തെറ്റ് അംഗീകരിക്കുവാനും, തിരുത്തുവാനും ടൈംസ് ഓഫ് ഇന്ത്യ തയ്യാറായി. ബോബിന്‍സണ്‍ എന്ന മറ്റൊരു ഫോട്ടോഗ്രഫറുടെ ഫ്ലിക്കര്‍ ആല്ബത്തിലെ ചിത്രം കേരളകൌമുദി മോഷ്ടിക്കുകയും; പിന്നീട് ഒരു തിരുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ രീതിയിലൊരു മാന്യമായ സമീപനം പോലും മാധ്യമം പോലെയുള്ള പത്രങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ചിത്രം മോഷ്ടിക്കുകയും, നിയമത്തിന്റെ മുന്നില്‍ അസത്യപ്രസ്താവന നടത്തുകയും ചെയ്ത മാധ്യമത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എന്നാല്‍ സാധ്യമാവുന്ന നിയമനടപടികളുമായി മുന്നോട്ടു പോവുക തന്നെ വേണമെന്നാണ് കരുതുന്നത്. ഈ കാര്യത്തില്‍ ബ്ലോഗ്, ഫ്ലിക്കര്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

• Flickr Link (English): [http://www.flickr.com/photos/haree/3023433903/]


Description: Madhyamam Plagiarism, Image Theft, Update. Photography Theft by Madhyamam Daily. 'NalaDamayanthi' a photo by Haree; published in 'Velicham' (a supplement along with Madhyamam daily); without my knowledge or permission, violating copyright terms and conditions. Photo by Hareesh N. Nampoothiri aka Haree | ഹരീ.
--

Saturday, September 13, 2008

ഓണപ്പാട്ട് - മാവേലി എഴുന്നള്ളും ഓണക്കാലം!


ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഒട്ടുമിക്ക പ്രവാസികളും, സ്വദേശികളും. ഓണത്തിന്റെ രൂപവും, ഭാവവും മാറിയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്, നാളെ ഓണമെന്തെന്ന് ഓര്‍ക്കുവാനുള്ള അവസരം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഓണക്കാലത്തിന്റെ നല്ല ഓര്‍മ്മകള്‍ അയവിറക്കുന്ന, ഒരു ഓണപ്പാട്ട്. :-)


പൂവേ പൂപൊലി കേള്‍ക്കണകാലം
പൂക്കളം മുറ്റത്ത് കണികാണും കാലം
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം.
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

പൂക്കളം മുറ്റത്തിട്ടു, കൂട്ടരൊത്താനന്ദിച്ചു,
ഓണപ്പുടവചുറ്റി, ആയത്തില്‍ ഊയലാടി,
കുമ്മാട്ടിക്കളികണ്ടു, പുലികളിയും പിന്നെ,
കൈകൊട്ടിക്കളിക്കൊപ്പം ശീലുപാടി.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

തൂശനിലയിട്ടു സദ്യയുണ്ടു പിന്നെ,
ഓണക്കളികളും ആര്‍പ്പുമായി,
പത്തുനാള്‍ പോവത്, അറികയില്ല പിന്നെ,
മറ്റൊരോണത്തിനായ് കാക്കലായി.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

ഓര്‍മ്മകളോതുവാന്‍ ഇന്നെനിക്കുണ്ടേറെ
എങ്കിലും കാട്ടുവാന്‍ ആവതില്ല.
ഇക്കാലമോണവും ദൂരെത്തന്നെ, നാളെ,
നിന്നോര്‍മ്മയിലോണം കാണുകില്ല!
ഇക്കാലമോണവും ദൂരെത്തന്നെ, നാളെ,
നിന്നോര്‍മ്മയിലോണം കാണുകില്ല!

പൂവേ പൂപൊലി കേള്‍ക്കണകാലം
പൂക്കളം മുറ്റത്ത് കണികാണും കാലം
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം;
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം;
മാവേലി എഴുന്നെള്ളും, ഓണക്കാലം;
മാവേലി എഴുന്നെള്ളും, ഓണക്കാലം.

പാടിയത്: ശ്രീ [sree]
രചന: Haree | ഹരീ

--
Description: "Poove Poopoli Kelkana Kalam..." An Onappattu(Onam Song) by Hareesh N. Nampoothiri aka Haree | ഹരീ rendered by Sreedevi N. Nampoothiri. Recorded with Audacity. Onam, Good Old Days, Memories.
--

Thursday, August 7, 2008

മാധ്യമം - തുടരുന്ന ചോരണം


മാധ്യമത്തിന്റെ പുതിയ ലക്കത്തിലൂടെ (2008 ആഗസ്റ്റ് 11, പുസ്തകം 11) വെറുതെ ഒന്നു കണ്ണോടിച്ചു. നമ്മുടെ എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടോ എന്നറിയണമല്ലോ! :-) എം.എ. ഷാനവാസ് എന്ന മാന്യദേഹം തന്നെയാണ് കവർ ഡിസൈനർ എന്ന് ഉള്ളിലെ ആദ്യപേജിൽ തന്നെ കാണാം. (കവർ ഡിസൈൻ: ഷാനവാസ് എം.എ.). മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രം ആദ്യം കാണാം. തൂക്കുകയറിന്റെ കറുത്ത ബാക്ക്‌ഗ്രൌണ്ടിലുള്ള ഒരു നല്ല ചിത്രമാണ് കവർപേജിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് എവിടെ നിന്നും ലഭിച്ചു?

ഉത്തരം വളരെ ലളിതം. ഗൂഗിൾ ഇമേജ് സേർച്ചിൽ Noose എന്നോ Hangman's Noose എന്നോ Hang Knot എന്നോ ഒന്ന് തിരഞ്ഞുനോക്കുക. നിങ്ങൾക്ക് ഈ ചിത്രം ലഭിക്കും. ഈ ചിത്രം വളരെയധികം സ്ഥലങ്ങളിൽ കോപ്പിറൈറ്റ് ലംഘനം നടത്തി ഉപയോഗിച്ചിട്ടുണ്ട്. ആരാണ് ഇതിന്റെ യഥാർത്ഥ അവകാശികൾ? ഉത്തരം ഇവിടെ നോക്കിയാൽ ലഭിക്കും. ഇതോ, ഇതോ ആവാം മുഖച്ചിത്രത്തിനായി ഉപയോഗിച്ചത്. ആദം ഹാർട്ട്-ഡേവിസ് എന്ന ഫോട്ടോഗ്രാഫറുടേതാണ് ചിത്രം. Free to download and use! എന്നതിനു ശേഷം ഒരു (c) ലിങ്ക് നൽകിയിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് ഇവിടെ കാണാം. സംക്ഷിപ്തമായി ഇങ്ങിനെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്:
1. If you use our stuff, please link to us to help other people find us.
2. If you make money from using our stuff, share it with us!
3. Don't sell or steal our stuff, or be nasty to us.
4. Don't use our stuff to deceive or mislead others.
5. Thanks very much to our contributors!
6. Please read our privacy policy.
കൂടുതൽ വ്യക്തമായി/വിശദമായി താഴെയുള്ള പാരഗ്രാഫുകളിൽ പറഞ്ഞിട്ടുണ്ട്.

ആദ്യപേജിൽ ഒരു മൈക്രോഫോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നതു കാണാം. “ജനാധിപത്യത്തിലെ കോളനി മര്യാദകൾ” എന്ന കവർസ്റ്റോറിയിലും(പേജ് നമ്പർ 18) ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഇതേ ചിത്രം ഫ്ലിക്കറിൽ ഇവിടെയുണ്ട്. ക്രിയേറ്റീവ് കോമൺസ് ലൈസൻസാണ് ഈ ചിത്രത്തിനും ബാധകം. അതായത് ഈ ചിത്രം എന്തിനെങ്കിലും ഉപയോഗിക്കുന്നെങ്കിൽ; ആരുടെ ചിത്രമാണെന്നത് പ്രതിപാദിച്ചിരിക്കണം, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാടില്ല കൂടാതെ ഈ ചിത്രത്തെ വ്യത്യാസപ്പെടുത്തി ഉപയോഗിക്കുവാനും പാടുള്ളതല്ല.

ഇനി നമുക്ക് വി.കെ. ആദർശ് എഴുതിയ “പൊതുതിരഞ്ഞെടുപ്പിന്റെ ഇന്റർനെറ്റ് യുഗം” എന്ന ലേഖനത്തിലേക്ക് പോവാം. പേജ് നമ്പർ 33-ൽ Emerce എന്ന മാഗസീനുകൾ അടുക്കിയിരിക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം നമുക്ക് ഇവിടെ കാണാം. ഈ ചിത്രവും ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നതാണ്. നഗ്നമായ നിയമലംഘനമാണെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ലല്ലോ! പേജ് നമ്പർ 35-ലേക്ക് എത്താം. "I aAM VoTING OBAMA" എന്നെഴുതിയതിനു കീഴെയായി, ഒരു പട്ടി ജനാലയ്ക്കരികിൽ വന്നു നിൽക്കുന്ന ഒരു ചിത്രം. ആ ചിത്രം ഇവിടെ കാണാം. ഇത് കോപ്പിറൈറ്റ് ഉള്ളതാണ്, മാധ്യമത്തിന് അതൊന്നും ബാധകമല്ല!എസ്. ശാരദക്കുട്ടിയുടെ “ഒരു മഹാവൃക്ഷത്തിന്റെ ധ്യാനങ്ങൾ” എന്ന ലേഖനത്തിന്റെ മൂന്നാം പേജ്, പേജ് നമ്പർ 39-ൽ ഉപ്പുമാങ്ങ ഭരണികൾ നിരന്നിരിക്കുന്ന ഒരു ചിത്രമുണ്ട്. അത് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രം, കളർ ചിത്രം തന്നെ ഇവിടെ കാണാം.(സൂക്ഷിച്ചു നോക്കൂമ്പോൾ ചിത്രങ്ങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. അതിനാൽ ഈ ചിത്രം അതേപടി കോപ്പി ചെയ്തതാണെന്നു പറയുവാൻ കഴിയുകയില്ല.) "കോടതികളെക്കൊണ്ട് സ്ത്രീകൾക്ക് എന്തു പ്രയോജനം?" എന്ന ലേഖനത്തിൽ, 57-ല് ചേർത്തിരിക്കുന്ന പൂച്ചയുടെ ചിത്രം, അത് ഇവിടെ നിന്നും അടിച്ചുമാറ്റിയതാണ്.

സംശയകരമായ ചിത്രങ്ങൾ വാരികയിൽ അവിടെയും, ഇവിടെയുമൊക്കെ ഇനിയും ഉപയോഗിച്ചിട്ടുണ്ടെങ്കിലും; പെട്ടെന്നുള്ള സേർച്ചിൽ ഗൂഗിൾ, ഫ്ലിക്കർ എന്നിവയിൽ നിന്നും അവയുടെ യഥാർത്ഥ ചിത്രങ്ങളുടെ ലിങ്കുകൾ ലഭിച്ചില്ല. മറ്റ് സൈറ്റുകളും ചിത്രങ്ങൾ മോഷ്ടിക്കുവാനായി പരതുന്നുണ്ടാവാം. മുപ്പതോളം ചിത്രങ്ങളാണ്(ഫോട്ടോഗ്രാഫുകൾ) ഈ ലക്കത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ മുഖചിത്രമുൾപ്പടെ ആറെണ്ണം അഞ്ചെണ്ണം ഇന്റർനെറ്റിൽ നിന്നും കോപ്പിറൈറ്റ് നിയമങ്ങൾ ലംഘിച്ച് എടുത്തുപയോഗിച്ചിട്ടുള്ളവയാണ്. ഇനിയും 10 ചിത്രങ്ങളെങ്കിലും അങ്ങിനെ തന്നെ എടുത്തിരിക്കുവാനാണ് സാധ്യത (ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളിൽ; മാധ്യമത്തിന്റെ ചിത്രങ്ങളും മറ്റുള്ളവയും തമ്മിലുള്ള നിലവാരം താരതമ്യം ചെയ്താൽ അത് മനസിലാവുന്നതാണ്.). ബാക്കിയുള്ളവയിൽ 11 എണ്ണവും രാഷ്ട്രീയ നേതാക്കളുടെ അല്ലെങ്കിൽ വ്യക്തികളുടെ ചിത്രമാണ്. അതായത് ക്രിയേറ്റീവായി മാധ്യമം എടുത്തിരിക്കുവാൻ സാധ്യതയുള്ള ചിത്രങ്ങൾ 3 4 എണ്ണം മാത്രം! കോപ്പിറൈറ്റുള്ള ഈ ആറ്‌ അഞ്ച് ചിത്രങ്ങൾ, അവർ വാണിജ്യാവിശ്യത്തിനായി വാങ്ങുകയാണെങ്കിൽ ഇവർക്കുണ്ടാവുന്ന ചെലവ് എത്രയാണെന്ന് ഒന്നൂഹിച്ചു നോക്കൂ. ഇങ്ങിനെ വാരിക, പത്രം എന്നിവയിൽ കൂടി ഇവർ നടത്തുന്ന നിയമലംഘനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. ഈ ലക്കം ഒരു ഉദാഹരണമായി എടുത്തുവെന്നുമാത്രം.

മാധ്യമം-വെളിച്ചം സപ്ലിമെന്റിന്റെ എഡിറ്റർ എന്നെ വിളിക്കുകയുണ്ടായി. അദ്ദേഹം അവധിയിലാണ്, അതിനാലാണ് പ്രശ്നത്തെക്കുറിച്ച് അറിയുവാൻ വൈകിയത്, തിരികെ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞ് വിളിക്കും എന്നാണ് പറഞ്ഞത്. അറിയാതെ പറ്റിയതാണ് എന്നതാണ് അദ്ദേഹം നൽകിയ വിശദീകരണം. ക്രെഡിറ്റ് നൽകണമെന്ന് പറഞ്ഞിരുന്നതാണ്, വിട്ടുപോയതാണ് എന്നൊരു ന്യായീകരണവുമുണ്ട്! അറിയാതെ പറ്റുന്നതല്ല ഇതെന്ന് മനസിലാക്കിക്കുവാൻ കൂടിയാണ് ഈ പോസ്റ്റ്. കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് ഇത്രയുമൊക്കെ ആരോപണം ഉണ്ടായതിനു ശേഷം ഇറങ്ങിയ ലക്കമാണ് ഇതെന്നത് സംഗതിയുടെ ഗൌരവം കൂട്ടുന്നു. ഞങ്ങൾ തോന്നിയതുപോലെ കോപ്പി ചെയ്യും, ഉപയോഗിക്കുകയും ചെയ്യും; ആരെന്തു ചെയ്യുമെന്നു കാണട്ടെ എന്ന തികഞ്ഞ ധാർഷ്ട്യം മാത്രമാണിത്. എം.എ. ഷാനവാസ് എന്ന ഡിസൈനർ തുടർച്ചയായി കോപ്പിറൈറ്റ് ലംഘനം നടത്തുന്നു എന്നു പറഞ്ഞപ്പോൾ സപ്ലിമെന്റ് എഡിറ്റർ നൽകിയ മറുപടി, അദ്ദേഹം അവിടുത്തെ ഡിസൈനറല്ല, സബ്ബ്-എഡിറ്ററാണത്രേ! കൊള്ളാം, ഇതുപോലെയുള്ളവന്മാരെ തന്നെ സബ്ബ്-എഡിറ്റർമാരാക്കി വെക്കണം. സബ്ബ്-എഡിറ്ററേ മോഷ്ടിച്ചു ഡിസൈൻ ചെയ്യുമ്പോൾ, താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ!!!

ഈ ലക്കം എടുത്തുപയോഗിച്ച ചിത്രങ്ങളുടെയൊന്നും ഉടമസ്ഥന്റെ പേര് വാരികയിലില്ല. ഇവരോടൊക്കെ അനുവാദം വാങ്ങി, അതിനു ശേഷമാണ് ഇവയൊക്കെയും പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും വിശ്വസിക്കുവാൻ വയ്യ. അപ്പോൾ പിന്നെ എനിക്കുമൊരു ചിന്ത - ഞാനുമൊരു വാരിക തുടങ്ങിയാലോ!!!

കടപ്പാട്: ഇവിടെ സ്കാൻ ചെയ്ത് ചേർത്തിരിക്കുന്ന ചിത്രങ്ങളുടെ പൂർണ്ണമായ അവകാശം ‘മാധ്യമം’ വാരികയിൽ നിക്ഷിപ്തമാണ്!!!

Description: Madhyamam Weekly August Issue, Image Plagiarism, Image Theft, Photography Theft, Copyright Infringement, Copyright Violation, Article by Hareesh N. Nampoothiri aka Haree | ഹരീ.
--

Friday, August 1, 2008

ചിത്രചോരണം - മാധ്യമം

Photography Theft by Madhyamam Daily.
അവിചാരിതമായാണ് 2008 മാർച്ച് 24-ലെ മാധ്യമം ആഴ്ചപ്പതിപ്പ് ശ്രദ്ധയിൽ പെട്ടത്. പേജുകൾ വെറുതെ മറിച്ച് ഒടുവിൽ ബാക്ക്കവറിന്റെ അകപേജിലെത്തി. മാധ്യമം ദിനപത്രത്തോടൊപ്പം തിങ്കളാഴ്ചകളിൽ ലഭ്യമാക്കുന്ന ‘വെളിച്ചം’ എന്ന സപ്ലിമെന്റിന്റെ പരസ്യമായിരുന്നു ആ പേജിൽ. അതിൽ സാമ്പിളായി നൽകിയിരുന്ന പത്രത്തിന്റെ താളുകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. ഫ്ലിക്കറിൽ ഞാൻ 2007 സെപ്റ്റംബർ 2-ന്‌ പ്രസിദ്ധീകരിച്ച ഒരു ചിത്രം എന്റെ അറിവോ, സമ്മതമോ കൂടാതെ അതിൽ ഉപയോഗിച്ചിരിക്കുന്നു.

NalaDamayanthiമാധ്യമം പത്രം കോപ്പിറൈറ്റ് പരിരക്ഷ ലംഘിച്ച് ഉപയോഗിച്ച എന്റെ ചിത്രം ഫ്ലിക്കറിൽ ഇവിടെ കാണാം. All rights reserved എന്ന് വ്യക്തമായി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിൽ നൽകിയിട്ടുണ്ട്. കൂടാതെ ചിത്രത്തോടൊപ്പം newnmedia എന്ന എന്റെ ബ്രാൻഡ് നെയിം; ‘അരങ്ങ്’ എന്ന ഫ്ലിക്കർ സെറ്റിന്റെ പേര് എന്നിവ ജലമുദ്രണം (വാട്ടർമാർക്ക്) ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ജലമുദ്രണം വരുന്ന ഭാഗം ഒഴിവാക്കിയാണ് പത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

Picture Theft - Madhyamamഈ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാർച്ച് 24, 2008-നാണ്. എന്റെ ചിത്രം പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പത്രത്തിന്റെ തീയതി വ്യക്തമല്ല. അതിനു തൊട്ടുമുൻപുള്ള പത്രത്തിന്റെ തീയതിയായി കാണുന്നത് മാർച്ച് 3, തിങ്കൾ എന്നാണ്. അതിനാൽ എന്റെ ചിത്രമുപയോഗിച്ചിരിക്കുന്ന പത്രം മാർച്ച് 10 അല്ലെങ്കിൽ മാർച്ച് 17-നാവണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്രത്തിന്റെ കോപ്പി ലഭ്യമാക്കുവാൻ ശ്രമിക്കുന്നുണ്ട്. ലഭിക്കുകയാണെങ്കിൽ അതും ഇവിടെ ചേർക്കുന്നതാണ്.

ജോയുടെ ഒരു ചിത്രം പ്രണത ബുക്ക്സ് അനുവാദമില്ലാതെ എടുത്തുപയോഗിച്ചതിനെ തുടർന്നുണ്ടായ അന്വേഷണം ചെന്നു നിന്നത്(ലിങ്ക് ഒന്ന്, രണ്ട്‍) ഷാനവാസ് എം.എ. എന്ന ഡിസൈനറിലാണ്. അദ്ദേഹമാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രങ്ങൾ ചെയ്യുന്നതെന്നും ആ പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗ് പരിശോധിച്ചാലും ഇക്കാര്യം അറിയാവുന്നതാണ്. മാധ്യമത്തിലെ ഒരു ഡിസൈനർ (ഒരുപക്ഷെ ഷാനവാസ് എം.എ. തന്നെ) ആയിരിക്കണമല്ലോ ഈ പേജും ചെയ്തിരിക്കുന്നത്. ആര് ഡിസൈൻ ചെയ്താലും, ഇവ പ്രസിദ്ധീകരിച്ച മാധ്യമം പബ്ലിക്കേഷനാണ് ഈ നിയമലംഘനങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്തം.

ചിത്രം പകർത്തുന്നയാളുടെ പരിശ്രമങ്ങൾക്കോ, കലാഭിരുചിക്കോ ഒരു മാന്യതയും കല്പിക്കാതെ, നെറ്റിൽ നിന്നും യാതൊരു ഉളുപ്പുമില്ലാതെ ചിത്രങ്ങൾ കട്ടുപയോഗിക്കുന്ന, നാണംകെട്ട ഡിസൈനർമാർ, ഈ തൊഴിൽ രംഗത്തുള്ളവർക്കു തന്നെ അപമാനമാണ്. അതു യാതൊരു മടിയുമില്ലാതെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാവട്ടെ ആസനത്തിൽ കിളുത്ത ആലിന്റെ തണലിൽ ലാഭം കൊയ്യുന്നവരും. ഇനി ആരുടെയൊക്കെ ചിത്രങ്ങൾ ഏതൊക്കെ ലക്കങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടാവുമെന്ന് വരും കാലങ്ങളിൽ പുറത്തുവരുമായിരിക്കാം. ഇന്റർനെറ്റിൽ എന്തെങ്കിലും എഴുതിയിടുന്നുണ്ട്, ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട് എന്നു കരുതി, എല്ലാ മാധ്യമങ്ങളും സ്ഥിരമായി തന്റെയെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നറിയുവാനായി പരിശോധിച്ചുകൊണ്ടിരിക്കുക സാധ്യമല്ലല്ലോ! അല്പം വൈകിയെങ്കിലും, ചിത്രം മോഷ്ടിക്കപ്പെട്ടു എന്നത് ഇവിടെ തുറന്നെഴുതുന്നതിന് വിലയില്ലാതാവുന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പിലും, പത്രത്തിലും ഒരുപോലെ പകർപ്പവകാശനിയമ ലംഘനം തുടർക്കഥയായി ചെയ്തുകൊണ്ടിരിക്കുന്ന ‘മാധ്യമം’ പബ്ലിക്കേഷനെതിരെ എന്റെ പ്രതിഷേധം ശക്തമായി ഇവിടെ രേഖപ്പെടുത്തുന്നു.

Description: Photography Theft by Madhyamam Daily. 'NalaDamayanthi' a photo by me; published in 'Velicham' (a supplement along with Madhyamam daily); without my knowledge or permission, violating copyright terms and conditions. Photo by Hareesh N. Nampoothiri aka Haree | ഹരീ.
--

Wednesday, July 30, 2008

ഒരു ഷെഡ്യൂള്‍ഡ് മരണം

Oru Scheduled Maranam (Scheduled Death).
WEDNESDAY, JUNE 25, 2008
എന്റെ ചരമക്കുറിപ്പ്

നിങ്ങളിതു വായിക്കുമ്പോൾ ഞാനിവിടെ ഉണ്ടായിരിക്കില്ല. ഈ വായിക്കുന്നത് ഞാൻ ദിവസങ്ങൾക്കു മുൻപെഴുതി ബ്ലോഗറിലിട്ടിരുന്നതാണ്. ഷെഡ്യൂൾ പ്രകാരം ഇന്ന് പബ്ലിഷായെന്നു മാത്രം. (ഷെഡ്യൂൾഡ് പോസ്റ്റിങ്ങിനെക്കുറിച്ചറിയുവാൻ ഇവിടെ അമർത്തുക.) ഞാൻ മരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. കടൽതീരത്ത് അവസാനമായി വൈകുന്നേരം വെറുതെ നടന്നു. ആരേയും കൂട്ടിനു വിളിച്ചില്ല. ഉടുപ്പി ഹോട്ടലിൽ നിന്നും ഇഡ്ഢലി, വട, സാമ്പാർ അതൊക്കെ കഴിച്ചു. കുട്ടിക്കാലത്ത് തൂങ്ങിയാടി കളിക്കാറുണ്ടായിരുന്ന ആൽമരത്തിനു ചുവട്ടിലും പോയി. അതിനിപ്പോഴും വലിയ മാറ്റമൊന്നുമില്ല. മാറ്റം നമ്മൾ, മനുഷ്യർക്കാണ്‌. പേപ്പറിലൊരു കുറിപ്പെഴുതി വെച്ചുള്ള മരണത്തിന് പുതുമയില്ലല്ലോ... ഇതാവുമ്പോൾ മരിച്ച് ദിവസങ്ങൾക്കു ശേഷം ഒരു കഥയായി ബ്ലോഗിലൂടെ പുറത്തുവരും. രസമല്ലേ?

അപ്പോൾ കാര്യത്തിലേക്ക്. ഞാൻ മരിക്കുകയാണ്. എന്തിനു മരിക്കുന്നു എന്നാണ് ചോദ്യമെങ്കിൽ അതിന്റെ ഉത്തരം എനിക്കും അറിയില്ല. ആഹാരത്തിനാഹാരം, തുണിക്കു തുണി, താമസിക്കുവാനൊരു വീട്, സ്നേഹിക്കുവാനാളുകൾ; ഇവയൊക്കെ എനിക്കുമുണ്ട്. ജോലിയും കാര്യങ്ങളും തരക്കേടില്ലാതെ പോവുന്നുണ്ട്. പിന്നെ എന്തിന്? ഇതൊക്കെയുണ്ടെങ്കിലും, എന്റെ ഇഷ്ടത്തിനല്ല ജീവിക്കുന്നത് എന്നൊരു കാരണം വേണമെങ്കിൽ പറയാം. അല്ലെങ്കിൽ; അറിയാവുന്ന വഴിയേ നടക്കുവാൻ എപ്പോഴും മടുപ്പാണല്ലോ! കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുറിച്ച ചില വരികൾ... മറ്റൊരു പോസ്റ്റാക്കണോ? വേണ്ട, അതും ഇതിന്റെയൊരു ഭാഗമാവട്ടെ. ഈ വരികൾക്ക് എന്താണ് പേരുപറയുക... പേരിന്റെ ആവശ്യമില്ല ഇവയ്ക്ക്.

വല്ലപ്പോഴുമൊക്കെ വല്ലാതെ ജീവിതം മടുത്തുപോവുന്നു,
അപ്പോളൊക്കെയാണ് അവള്‍ ഓര്‍മ്മകളിലെത്തുക;
അവളുണ്ടായിരുന്നെങ്കില്‍, ഈ മടുപ്പുണ്ടാവുകയില്ലെന്നാണോ?
അല്ല, മടുപ്പിന്റെ കുറ്റമേല്‍ക്കാന്‍ ഒരാളുണ്ടാവുന്നതും ഒരു സുഖം!

മല്‍ഹാര്‍ കേട്ട് എന്നെ ഓര്‍ത്തിരുന്ന അവളോടേ എനിക്കു ദേഷ്യമുള്ളൂ!
മീരയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന അവളെ ഞാനറിയുകപോലുമില്ല.
മഴ! അവളെന്നെ ഓര്‍ക്കുന്നുണ്ടാവുമോ? ഉത്തരമർഹിക്കാത്ത ഒരു ചോദ്യം.
ഓര്‍ത്തിരിക്കുവാനഞ്ചാറ്‌ മഴയും, ചില വരികളുമല്ലാതെ മറ്റെന്തുണ്ട്?

ആരാണ് അവൾ? അതാണല്ലോ എനിക്ക് അറിവില്ലാത്തത്. പ്രണയനഷ്ടമോ, പ്രണയനൈരാശ്യമോ ആണോ ഈ മരണം? അല്ല. പ്രണയിക്കുവാൻ എനിക്കറിയില്ലല്ലോ! ആത്മാർത്ഥതയില്ലാത്ത സ്നേഹബന്ധങ്ങൾ മാത്രമേ ഞാനിവിടെ നിന്നും പഠിച്ചിട്ടുള്ളൂ, അതേ പാലിക്കുവാനുമറിയൂ. പ്രണയം, അതിനൊരിക്കലും കീഴടങ്ങുവാൻ ഞാനൊരുക്കമല്ല. ഛെ! അതിനു വേണ്ടിയാണ് മരിച്ചതെന്ന് ആരെങ്കിലും കരുതുമോ? ഹാ, അല്ലെങ്കിൽ തന്നെ ആരാണ് എന്നെ ശരിയായി മനസിലാക്കിയിട്ടുള്ളത്!!!

എങ്ങിനെയാണ് മരിക്കേണ്ടത്? ഷോക്കടിപ്പിച്ചാലോ? അതോ തൂങ്ങിമരിക്കണോ? വിഷം കഴിച്ചും മരിക്കാം... അതിലും വേണ്ടേ ഒരു പുതുമ. പണ്ടൊരു രസികൻ പറഞ്ഞതുപോലെ വിനയന്റെ ഒരു പടമെടുത്ത് അഞ്ചാറുവട്ടം കണ്ടാലോ? ;-) (ഹോ! വ്യക്തിഹത്യ പാടില്ല... മരണക്കുറിപ്പിലെങ്കിലും അതൊഴിവാക്കണമെന്നുണ്ടായിരുന്നു... എന്തു ചെയ്യാം, ചൊട്ടയിലെ ശീലം ചുടല വരെ...) അടഞ്ഞ മുറിക്കുള്ളിൽ, കൈത്തണ്ട മുറിച്ച്, ചോരവാർന്ന്, ഉറക്കത്തിലേക്ക് ഇങ്ങിനെ പതിയെപ്പതിയെ... അതുമതി, പുതുമയില്ലെങ്കിലും ഒരു സുഖമുണ്ട് ഈ മരണത്തിന്.

വിടപറയുന്നത് എപ്പോഴും സങ്കടകരമാണ്. ബന്ധങ്ങളുടെ നൂലിൽ വിശ്വസിക്കുന്ന, സ്നേഹിക്കുന്ന എത്രയോ പേർ ഇനിയും ബാക്കിയുണ്ട്. അവരെയൊക്കെ വിട്ടിട്ട് പോവണോ? ആലോചിക്കുമ്പോൾ സങ്കടം വരുന്നു. എല്ലാവരേയും ഞാനിപ്പോഴും സ്നേഹിക്കുന്നു. അനാവശ്യമായ ഒരു മരണമല്ലേ ഇത്? ആയിരിക്കാം, പക്ഷെ എനിക്കിന്നിത് ഒരു അനിവാര്യതയാണ്. അല്ലെങ്കിൽ വല്ലാതെ ഭ്രാന്തുപിടിക്കുന്നു, ഇടക്കിടെ. അതറിയുവാൻ ആരുമില്ലല്ലൊ! എല്ലാവരോടും വിട...

റ്റാറ്റാ...

Posted by ഗുരു at 09:09 AM ‌| Labels: Short Story, Death


SUNDAY, JUNE 29, 2008
മരിക്കാനെനിക്കു മനസില്ല!

മരണം ഭീരുക്കളാണ് ചെയ്യുന്നതെന്ന് ആരാണോ പറഞ്ഞത്. എത്ര ധൈര്യമുണ്ടെങ്കിലാണ് ഇതു ചെയ്യുവാൻ കഴിയുക! മരിക്കുന്നതിലേറെ ധൈര്യം ജീവിക്കുവാൻ വേണമെന്നോർത്താവാം അയാൾ അങ്ങിനെ പറഞ്ഞത്. ചുരുക്കത്തിൽ മരിക്കാനെനിക്കു മനസില്ല! (അഥവാ ധൈര്യമില്ല!)

ഓഫ്: കൈ മുറിച്ചു, ചോര വാർന്നു, പതിയെപ്പതിയെ ഉറക്കത്തിലേക്ക് വഴുതുകയും ചെയ്തു... പക്ഷെ, കണ്ണു തുറന്നപ്പോൾ ആശുപത്രിക്കിടക്കയിൽ. ഇനി മറ്റൊരു നാളിൽ മരണം വീണ്ടും ഷെഡ്യൂൾ ചെയ്യണം... പക്ഷെ, ഷെഡ്യൂൾഡ് മരണക്കുറിപ്പിന്റെ പുതുമ ഇവിടെ നഷ്ടമായി, അല്ലെ? :-(

Posted by ഗുരു at 12:27 AM ‌| Labels: Return, Death


Description: Oru Sheduled Maranam (Scheduled Death): Short Story by Hareesh N. Nampoothiri aka Haree | ഹരീ.
--

Tuesday, June 10, 2008

കേരള രംഗകലോത്സവം

Kerala RangaKalolsavam Organized by DrisyaVedi, Thiruvananthapuram, Keralam.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ദൃശ്യവേദി’ എന്ന സംഘടനയെ, കഥകളി/ശാസ്ത്രീയ സംഗീതം ആസ്വാദകര്‍ക്ക് പരിചിതമായിരിക്കും. തലസ്ഥാനനഗരിയില്‍ മാസത്തിലൊരിക്കല്‍ ഒരു കഥകളിയെങ്കിലും നടത്തുക എന്ന പ്രഥമലക്ഷ്യത്തോടെ കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നു. കേരള രംഗകലോത്സവം, കേരള നാട്യോത്സവം എന്നിങ്ങനെ രണ്ട് പ്രത്യേക പരിപാടികളും ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്നുണ്ട്. പതിനാലാമത് കേരള രംഗകലോത്സവത്തിന് കഴിഞ്ഞയാഴ്ച തിരിതെളിഞ്ഞു.

Dr. M.K. Ramachandran Nair inaugurating 14th Kerala RangaKalolsavam organized by DrisyaVedi, Thiruvananthapuram, Keralam.കേരള വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. രാ‍മചന്ദ്രന്‍ നായര്‍, പതിനാലാമത് കേരള രംഗകലോത്സവം ഉദ്ഘാടനം ചെയ്തു. ദൃശ്യവേദിയുടെ പ്രസിഡെന്റ് സി.ജി. രാജഗോപാല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്. ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു. കേരളീയ രംഗകലകളുടെ വൈവിധ്യവും ലാവണ്യസങ്കല്പങ്ങളും അറിഞ്ഞ് ആസ്വദിക്കുന്നതിനുള്ള അവസരമായാണ് ഇതു നടത്തുന്നതെന്ന് ദൃശ്യവേദിയുടെ അറിയിപ്പില്‍ പറയുന്നു. ദൃശ്യവേദിയെക്കൂ‍ടാതെ, വിസ്‌കോണ്‍സിന്‍ സര്‍വ്വകലാശാല(അമേരിക്ക), മാര്‍ഗി, തുഞ്ചന്‍സ്മാരക സമിതി, രംഗശ്രീ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് കേരള രംഗകലോത്സവം അരങ്ങേറുന്നത്.

ദൃശ്യവേദിയുടെ സജീവപ്രവര്‍ത്തകനായിരുന്ന സി.ആര്‍. ഹരിയുടെ അനുസ്മരണവും, ഉദ്ഘാടന ചടങ്ങിനോടൊപ്പം നടക്കുകയുണ്ടായി.

കേരള രംഗകലോത്സവത്തിന്റെ ഒന്നാം ദിവസം ‘കീചകവധം’ കഥകളി അരങ്ങേറി. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ കീചകനായും, കലാമണ്ഡലം വിജയകുമാര്‍ സൈരന്ധ്രിയായും വേഷമിട്ടു. കളിയുടെ ആസ്വാദനം ഇവിടെ(ഭാഗം ഒന്ന്, ഭാഗം രണ്ട്) വായിക്കാവുന്നതാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിപാടികള്‍ ചുവടെ:

2008 ജൂണ്‍ 11: രണ്ടാം ദിവസം (ബുധന്‍, വൈകുന്നേരം 6.00 മണി, തീര്‍ത്ഥപാദമണ്ഡപം)
കഥകളിപ്പദക്കച്ചേരി
വോക്കല്‍: പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം വിനോദ്
ചെണ്ട: കലാമണ്ഡലം കൃഷ്ണദാസ്
മദ്ദളം: മാര്‍ഗി രത്നാകരന്‍
ഇടയ്ക്ക: കലാമണ്ഡലം ശ്രീകാന്ത്


2008 ജൂണ്‍ 23: മൂന്നാം ദിവസം (തിങ്കള്‍, വൈകുന്നേരം 6.00 മണി, തീര്‍ത്ഥപാദമണ്ഡപം)
ബാലിവധാങ്കം കൂടിയാട്ടം (മാര്‍ഗിയുടെ സംയുക്താഭിമുഖ്യത്തില്‍)
മാര്‍ഗി മധു: സുഗ്രീവന്‍
മാര്‍ഗി രാമന്‍: ശ്രീരാമന്‍
മാര്‍ഗി രവീന്ദ്രന്‍: ലക്ഷ്മണന്‍
കലാമണ്ഡലം കൃഷ്ണകുമാര്‍: ഹനുമാന്‍
മാ‍ര്‍ഗി സജീവ് നാരായണന്‍: ബാലി
മാര്‍ഗി ഉഷ: താര
മിഴാവ്: മാര്‍ഗി ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, മാര്‍ഗി രാമനുണ്ണി, മാര്‍ഗി സജികുമാര്‍
തിമില: മാര്‍ഗി മോഹനന്‍
ഇടയ്ക്ക: മാര്‍ഗി സുകുമാരപിള്ള
താളം: മാര്‍ഗി സിന്ധു


2008 ജൂലായ് 9: നാലാം ദിവസം (ബുധന്‍, വൈകുന്നേരം 6.00 മണി, തീര്‍ത്ഥപാദമണ്ഡപം)
കേരളസംഗീതക്കച്ചേരി
വോക്കല്‍: ഡോ. ശ്രീവത്സന്‍ ജെ. മേനോന്‍
വയലിന്‍: ആവണീശ്വരം എസ്.ആര്‍. വിനു
മൃദംഗം: വൈക്കം വേണുഗോപാല്‍
ഘടം: കോട്ടയം ഉണ്ണികൃഷ്ണന്‍


2008 ജൂലായ് 10: അഞ്ചാം ദിവസം (വ്യാഴം, വൈകുന്നേരം 6.00 മണി, ശ്രീകാര്‍ത്തികതിരുനാള്‍ തിയേറ്റര്‍)
പൂതനാമോക്ഷം കഥകളി (തോടയം, പുറപ്പാട്, ഇരട്ടമേളപ്പദം എന്നിവയോടു കൂടി)
പുറപ്പാട്: കലാമണ്ഡലം മുകുന്ദന്‍, കലാമണ്ഡലം ശുചീന്ദ്രനാഥ്
പൂതന/ലളിത: മാര്‍ഗി വിജയകുമാര്‍
പാട്ട്: കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍
ചെണ്ട: കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി വേണുഗോപാല്‍
മദ്ദളം: കലാമണ്ഡലം ശശി, കലാനിലയം മനോജ്


2008 ജൂലായ് 18: ആറാം ദിവസം (വെള്ളി, വൈകുന്നേരം 6.00 മണി, തീര്‍ത്ഥപാദമണ്ഡപം)
ജരാസന്ധയുദ്ധം നങ്ങ്യാര്‍കൂത്ത് (രംഗശ്രീയുടെ സംയുക്താഭിമുഖ്യത്തില്‍)
മാര്‍ഗി സതി: കല്പലതിക
മിഴാവ്: മാര്‍ഗി രാമനുണ്ണി, മാര്‍ഗി സജികുമാര്‍
തിമില: മാര്‍ഗി മോഹനന്‍
ഇടയ്ക്ക: മാര്‍ഗി സുകുമാരപിള്ള
താളം: രംഗശ്രീ രേവതി


2008 ജൂലായ് 26: ഏഴാം ദിവസം (ശനി, വൈകുന്നേരം 6.00 മണി, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം)
അയ്യപ്പന്‍ തീയാട്ട് (തുഞ്ചന്‍സ്മാരകസമിതിയുടെ സംയുക്താഭിമുഖ്യത്തില്‍)
മുളങ്കുന്നത്തുകാവ് രാമന്‍ തിയ്യാടിയും സംഘവും.
കളമെഴുത്ത് നാലുമണി മുതല്‍.


2008 ആഗസ്റ്റ് 12: എട്ടാം ദിവസം (ചൊവ്വ, വൈകുന്നേരം 6.00 മണി, ശ്രീകാര്‍ത്തികതിരുനാള്‍ തിയേറ്റര്‍)
രാവണവിജയം കഥകളി
രാവണന്‍: ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള
രംഭ: കലാമണ്ഡലം രാജശേഖരന്‍
ദൂതന്‍: കോട്ടക്കല്‍ രവികുമാര്‍
പാട്ട്: കലാമണ്ഡലം രാജേന്ദ്രന്‍, ഫാക്ട് ദാമു
ചെണ്ട: കോട്ടക്കല്‍ പ്രസാദ്
മദ്ദളം: കലാമണ്ഡലം അച്ചുതവാര്യര്‍


ചുട്ടി: ആ‍ര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍ പിള്ള, മാര്‍ഗി ശ്രീകുമാര്‍, മാര്‍ഗി രവികുമാര്‍
അണിയറ: ഗോപന്‍, തങ്കപ്പന്‍ പിള്ള, തങ്കപ്പന്‍
കളിയോഗം: മാര്‍ഗി
ശബ്ദവും വെളിച്ചവും: അജന്താ സൌണ്ട്സ്Description: Kerala RangaKalolsavam organized by DrisyaVedi in association with Wisconsin University (USA), Margi, Thunchan SmarakaSamithi and RagaSree. Venues: TheethapadaMandapam and SriKarthikaThirunal Theater East Fort(KizhakkeKotta), Thiruvananthapuram.
--

Monday, April 7, 2008

ജോയുടെ ചിത്രവും പ്ലേജറിസവും

Jo - Flickr Image - Plagiarism - Pranitha Books
ഒന്നുരണ്ട് ആഴ്ചകള്‍ മുന്‍പാണ്, ഇന്ന് കഥകളി അരങ്ങില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മുന്‍‌പന്തിയിലുള്ള ഒരു കലാകാരന്റെ വീട്ടില്‍ പോകുവാന്‍ ഇടയായത്. അവിടെ അദ്ദേഹത്തിന്റെ വേഷത്തിന്റെ മനോഹരമായൊരു സ്റ്റിക്കര്‍ ഭിത്തിയിലൊരിടത്ത് പതിപ്പിച്ചിരിക്കുന്നതു കാണുവാന്‍ കഴിഞ്ഞു. കൌതുകം കൊണ്ട് ഞാന്‍ ചോദിച്ചു: “ഇതാരാണ് പുറത്തിറക്കിയത്?”. “അതറിയില്ല, ഒരു ഉത്സവപ്പറമ്പില്‍ കണ്ടപ്പോള്‍ പത്തുരൂപ നല്‍കി വാങ്ങിയതാണ്.”; ഒരു പരിഭവവുമില്ലാതെ വളരെ സന്തോഷത്തോടു കൂടിയാണ് അദ്ദേഹമതു പറഞ്ഞത്. ആ സ്റ്റിക്കറിലാവട്ടെ ആരിറക്കിയെന്നോ, ആരുടെ ഫോട്ടോയെന്നോ; പോട്ടെ, ആരുടെ വേഷമെന്നോ പോലും എഴുതിയിട്ടുമില്ല! കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ പേരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നാലഞ്ചു പേര്‍ അദ്ദേഹത്തെ അറിയുകയെങ്കിലും ചെയ്യുമായിരുന്നു. ഇതൊന്നുമില്ലാതെയിരുന്നിട്ടും, സ്വന്തം പോക്കറ്റില്‍ നിന്നും കാശുമുടക്കി ആ സ്റ്റിക്കര്‍ വാങ്ങി ചുവരിലൊട്ടിച്ച് സന്തോഷിക്കുന്ന അദ്ദേഹത്തോട് ഒന്നും പറയുവാന്‍ എനിക്കുണ്ടായിരുന്നില്ല.

ഇതിപ്പോളിവിടെ പറയുവാനൊരു കാരണമുണ്ട്. Just Jo എന്ന ബ്ലോഗിന്റെ ഉടമയായ ജോയുടെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ചിത്രം; അദ്ദേഹത്തിന്റെ അനുമതിയില്ലാതെ എടുത്ത് പ്രണത ബുക്സ് എന്ന പബ്ലിഷിംഗ് സ്ഥാപനം, ഒരു പുതിയ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഉപയോഗിച്ചു. അതിനെക്കുറിച്ച് ജോ തന്നെ വിശദമായ ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതുവായിക്കുന്ന ഏതൊരാള്‍ക്കും മനസിലാവും, പ്രണത പബ്ലിക്കേഷന്‍സ് നടത്തിയിരിക്കുന്നത് നഗ്നമായ കോപ്പിറൈറ്റ് ലംഘനമാണെന്നും; ജോ അവര്‍ക്കയച്ച എഴുത്തില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും, ഈ പ്രശ്നം കഴിവതും വേഗം അവസാനിപ്പിക്കുകയും ചെയ്യുകയാണ് കരണീയമെന്നും. എന്നാല്‍ അവിടെ പ്രശ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീരുന്നുണ്ടോ?

പബ്ലിഷ് ചെയ്ത പ്രണത ബുക്ക്സും, തന്റെ ഫോട്ടോ അനുമതിയില്ലാതെ എടുത്തുപയോഗിച്ചതില്‍ എതിര്‍പ്പുള്ള ജോയും, ഒന്നും ആ ഫോട്ടോയിലുള്ള കലാകാരനെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല. ആ വ്യക്തിയുടെ അനുവാദമില്ലാതെ ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ ആ ചിത്രം ഉപയോഗിക്കുവാന്‍ നിയമപരമായി സാധ്യമല്ല. ജോയ്ക്ക് പണം നല്‍കിയാലും പ്രണതയെ സംബന്ധിച്ചിടത്തോളം അവര്‍ ചിത്രമുപയോഗിച്ചത് നിയമാനുസൃതമാവുന്നില്ല. അങ്ങിനെയല്ലാതെയാവണമെങ്കില്‍, ആ കലാകാരന്‍ ജോയ്ക്ക് ആ ചിത്രം ആവശ്യം പോലെ ഉപയോഗിക്കുവാന്‍ അനുവാദം നല്‍കിക്കൊണ്ട് ഒരു മോഡല്‍ റിലീസ് ഫോം ഒപ്പിട്ട് നല്‍കിയിട്ടുണ്ടാവണം; അതിന്റെ കോപ്പി പ്രണതയ്ക്ക് ലഭ്യമായിരിക്കുകയും വേണം. ഒരുപക്ഷെ, തെയ്യം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ എടുത്ത ഒരു ചിത്രമായിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുകയില്ലായിരുന്നു. എന്നാലിത് അണിയറയിലോ മറ്റോ വെച്ച് പ്രത്യേകമായി എടുത്ത ചിത്രമായതിനാലും, ചിത്രത്തിലെ വ്യക്തിക്ക് വളരെ പ്രാധാന്യം ഉള്ളതിനാലും, വ്യക്തിയെ തിരിച്ചറിയുവാന്‍ കഴിയുന്ന രീതിയിലായതിനാലും, പ്രസ്തുത കലാകാരന്റെ അനുമതിയില്ലാതെ ആ ചിത്രം വാണിജ്യപരമായോ, വാണിജ്യേതരമായോ ഉപയോഗിക്കുക സാധ്യമല്ല.

ഇവിടെ ജോ-യുടെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ പോലും ഈ കലാകാരന്റെ പേര് ചേര്‍ത്തിട്ടില്ല എന്നതും ദുഃഖകരമാണ്. ഒരുപക്ഷെ, നാളുകള്‍ക്കു ശേഷമാവും ഈ കലാകാരന്‍ തന്റെ ചിത്രം പ്രിന്റ് ചെയ്തു വന്ന ഈ പുസ്‌തകം കാണുന്നതും; അതിനെക്കുറിച്ചൊന്നുമറിയാതെ പോക്കറ്റില്‍ നിന്നും കാശുമുടക്കി അതുവാങ്ങി വീട്ടില്‍ നിധിപോലെ സൂക്ഷിക്കുന്നതും! ജോയ്ക്ക് ക്രഡിറ്റ് നല്‍കാതെ ജോ-യുടെ ചിത്രമുപയോഗിച്ചത് ജോ-യ്ക്ക് വിഷമമുണ്ടാക്കി. എന്നാല്‍ തന്റെയൊരു ചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ വന്നിരിക്കുന്നു; എന്നാല്‍ തന്റെ പേരോ, തന്റെ വേഷത്തെക്കുറിച്ചോ ഒന്നും എവിടെയും പറഞ്ഞിട്ടുമില്ല്ല! ഇതവരെ എത്രമാത്രം വേദനിപ്പിക്കും? അവിടെയാണ് ഈ കലാകാരന്മാര്‍ വ്യത്യസ്തരാവുന്നത്. തങ്ങളുടെ ചിത്രം ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ അച്ചടിച്ചു വന്നുവല്ലോ എന്നു കരുതി അവര്‍ സന്തോഷിക്കും. ആ സന്തോഷം മാത്രം മതി അവര്‍ക്കെന്നു കരുതി നമ്മളും അവരെ മറക്കും!

ജോയായാലും, പ്രണതയായാലും ഈ പ്രശ്നം പരിഹരിക്കുമ്പോള്‍ ആ കലാകാരനെക്കൂടി ഓര്‍ത്തിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു. കുറഞ്ഞപക്ഷം, ആ പുസ്തകത്തിന്റെ ഒരു കോപ്പി അദ്ദേഹത്തിനയച്ചുകൊടുക്കുവാനുള്ള സന്മനസെങ്കിലും ഉണ്ടാവേണ്ടതാണ്.

പിന്‍‌കുറിപ്പ്: അപ്പോള്‍ മുഖത്തുതേപ്പു ചെയ്ത കലാകാരന്റെ കാര്യമോ? സ്വാഹ!

--

Sunday, March 16, 2008

പ്രണയം


ഓരോ പ്രണയവും കഴിയുമ്പോളവന്‍
ശഠിച്ചിരുന്നത്, ഇനിയൊരുപ്രണയമില്ലെന്നായിരുന്നു.
പുതിയതിലേക്ക് കാല്‍ വഴുതുമ്പോള്‍ എന്നും
അവനു തോന്നി; ‘കഴിഞ്ഞതൊന്നും പ്രണയമായിരുന്നില്ല!’

കഴിഞ്ഞതിന്റെ അവസാനനാളുകളിലവള്‍;
കിന്നരിച്ചതന്യന്റെ മാറത്തുനിന്നും തലയുയര്‍ത്തി,
വിയര്‍പ്പിന്റെ പൊടികളാറും മുന്‍പായിരുന്നത്,
ഇപ്പോളവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നില്ല.

പ്രണയത്തെ ആഘോഷമാക്കിയ ചില വര്‍ഷങ്ങള്‍,
പിന്നെ അളക്കുവാനാവാത്ത അകലങ്ങളിലേക്ക്.
വിധിയുടെ കാണാച്ചരടുകള്‍ കെട്ടിയാടിക്കുന്ന
വേഷങ്ങളെക്കുറിച്ച് പരാതിപ്പെടുക വയ്യല്ലോ!

ദൂരെ, ചിലനേരങ്ങളില്‍ മാത്രം തെളിയുന്ന
ദീപങ്ങളുടെ വെട്ടത്തിലനങ്ങുന്ന നിഴലുകള്‍,
ഒറ്റപ്പെടലിന്റെ രാത്രികളില്‍ അവനു കൂട്ടായി
താളം ചവിട്ടിയത് ഈ നിഴലുകളായിരുന്നു.

പ്രണയത്തിന്റെ കാറ്റുതട്ടിയാല്‍ ചിരിച്ചകലുന്നത്,
ഒരുപക്ഷെ, ഉള്ളാലെഭയപ്പെട്ടിരുന്നതിനാലാവാം.
പക്ഷെ, അതിനുകാരണം തേടിക്കണ്ടെത്തുവാന്‍ നേര-
മില്ലാത്തവണ്ണം അവന്‍ പുതിയ പ്രണയങ്ങളിലായിരുന്നു!


Keywords: Pranayam, Love, Poem
--

Wednesday, January 30, 2008

When Brands Deceive!

When Brands Deceive! Poor Service from HP, Low Quality Laptop: dv8216TX
Brands are getting dominated in the arena of IT products presently. The government as well as private institutions have been usually purchasing branded PCs right from the beginning. Now it is the term of home segment too to opt for branded PCs. Laptop market is exclusive for branded items. Even in assembled PCs, parts are from some monopoly brands! For instance, Samsung, LG and Viewsonic lead in the monitor field. But if the leading brands cheat the consumers, what can be done from the part of consumers? Cheating, I mean selling substandard products in the power of brands, not to render deserving service after the sale, not to resolve the issues arouse within the warranty period in proper ways etc. This is my experience with Hewlett Packard, one of the leading computer brand in India.

I am instigated to write this note because of the ill-treatment from HP, one of the foremost brands in Indian Laptop market. It was one and half years back and exactly on June19 2006, I bought a Laptop from HP. The purchase cost for HP Pavilion dv8216TX was Rs 82,000/-. HP offered only one year service for such a cost. Since the laptops could not be serviced locally like PCs, I extended the warranty period for 2 more years by paying Rs 8,000/- to make sure the service facility.

HP Pavilion dv8216TX - Laptop Display Screen Complaint.
Problems started in September 2007. Firstly, it was a line along the screen. Gradually, the number of lines increased as shown in the picture. I took the Laptop to one of the authorized service centres of HP at Thiruvananthapuram on September 26th, 2007. The solution was to replace the display panel since it was a hardware problem. Replacement was made in two weeks, but the new replacement also showed the same problem. After waiting for two more weeks for the next replacement, I contacted again on October 9th to HP Service Centre. They informed me to call HP Customer/Sales Service in Chennai but it was futile. Their only suggestion was to wait more. And the delay prolonged day by day. There was no real action from the part of HP, for the whole month of November.

In December I received an intimation from HP Customer/Sales Service, Chennai that the system could be replaced in full. But there was no further steps from HP's part for weeks together. And at last, after three long months, the new replacement laptop came. The new Laptop is much ahead in performance and features when compared to the one I was having earlier. But, as a professional I suffered a lot. Lot of projects got pending, I skipped a few projects, my goodwill got affected, I failed to keep my promises; and these things cant be resolved easily. There's big difference doing things in time and doing it very late. From my point of view, HP should have settled the issue with in a period of two weeks; one month to the extreme.

The HP Chennai behaved to the customer(me) in such poor ways that not to lift phones, avoid me by telling some lame excuses whenever they attend my calls or not to reply my mails etc. Note that this heinous attitude is occurred from the staff of a brand like HP which claims great tradition and quality in computer hardware manufacturing, sales and service.
HP Website says:
Trust and respect have always been the cornerstones of HP's success and they always will be. The values that Bill Hewlett and Dave Packard established nearly 70 years ago are as relevant today as they've ever been:
1) We are passionate about customers;
2) We have trust and respect for individuals;
3) We perform at a high level of achievement and contribution;
4) We act with speed and agility;
5) We deliver meaningful innovation;
6) We achieve our results through teamwork; and
7) We conduct our business with uncompromising integrity.
But in my experience 1), 2), 4), 5) and 7) proved wrong!

I doubt HP's staff could behave to a consumer like this, just because it is in India! Would a customer in any developed country in which HP makes sales and service experience this kind of grievance? A product priced and paid Rs 80,000/- became useless just after 15 months of its purchase! It shows sheer low quality for sure. And the delay in resolving the issue clearly shows their negative attitude in product support. They have not even provided an external display on temporary basis though the case delayed so long.

An allegation has been surfaced in Cola issue that the multinational companies are imparting products and services of low quality in India compared to the same in developed countries. It is just the same in computer hardware too, we realize now. The Indian situation is helpful to such exploitation. The high talk that "Customer is King" is mere befooling the customers by MNCs. It is essential that we, the consumers should aware of the rights of consumers and how to act in these situations.

Indian Consumer Complaints Forum - I registered a complaint regarding the same issue in Indian Consumer Complaints Forum as well. Click here to view the complaint page.Keywords: HP Pavilion Laptop Issue, Review, Poor Customer Service, Care, Support Failure, Pavilion Series, Business Laptops, Entertainment Laptops, dv8200 Family, dv8216TX.
--

Sunday, January 6, 2008

ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും

Photoshop Padanavum Prayogavum - A tutorial text on Adobe Photoshop CS3 in Malayalam
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഫ്ലാഷ് പഠിച്ചു തുടങ്ങാം’ എന്ന പ്രഥമപുസ്‌തകത്തിനു ശേഷം, 'ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’ എന്ന എന്റെ രണ്ടാമത്തെ പുസ്‌തകം ഇന്‍ഫോ കൈരളി പുറത്തിറക്കി. കമ്പ്യൂട്ടര്‍ ഡിസൈനിംഗ് രംഗത്ത് വളരെ പ്രചാരം നേടിയിട്ടുള്ള ഒരു ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്വെയറാണ് അഡോബി ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധിഷ്ഠിതമായാണ് ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’ എന്ന ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.

ഫോട്ടോഷോപ്പില്‍ ലഭ്യമായ വിവിധ ടൂളുകള്‍, ഓപ്ഷനുകള്‍, പാലെറ്റുകള്‍ എന്നിവയെയെല്ലാം ലളിതമായി പരിചയപ്പെടുത്തുകയാണിതില്‍. ഇവയോരോന്നിനെക്കുറിച്ചും വിവരിക്കുന്നതിനു പകരമായി, ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളാവട്ടെ, നമുക്കു ചുറ്റും കാണപ്പെടുന്നവയുമാണ്. ഫോട്ടോഷോപ്പ് പഠനം രസകരമായ ഒരു അനുഭവമാക്കുവാന്‍ പുസ്‌തകത്തിനു സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പുസ്‌തകത്തോടൊപ്പം ലഭ്യമാക്കിയിരിക്കുന്ന പഠനവിഭവ സി.ഡി. പഠനപക്രിയയ്ക്ക് കൂടുതല്‍ സഹായകകരമാണ്. പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ഉദാഹരണങ്ങളുടെ സോഴ്സ് ഫയലുകളും ചിത്രങ്ങളുമാണ് സി.ഡി.യില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ ഫോട്ടോഷോപ്പ് സി.എസ്.3-യുടെ ട്രയല്‍ വേര്‍ഷന്‍, ഫോട്ടോഷോപ്പിന്റെ സാധ്യതകളെ വിപുലമാക്കുന്ന ആഡ്-ഓണുകള്‍, കൂടുതല്‍ റഫറന്‍സിനുതകുന്ന വെബ് ലിങ്കുകള്‍ എന്നിവയും സി.ഡി.യില്‍ ലഭ്യമാണ്.


അവതാരിക
അഡോബി ഫോട്ടോഷോപ്പ്, ഏവര്‍ക്കും സുപരിചിതമായ ഒരു സോഫ്റ്റ്‌വെയ‌റാണിന്നിത്. കമ്പ്യൂട്ടറിലെ ചിത്രപ്പണികള്‍ക്കാണ് ഇതുപയോഗിക്കുന്നതെന്നും പലര്‍ക്കും അറിവുണ്ടാവും. ഒരിക്കലെങ്കിലും ഒരു ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കാത്തവരും വിരളമായിരിക്കും. എന്നാലതിനു ശേഷമെന്ത്? എങ്ങിനെ ആ ചിത്രത്തിന്റെ വലുപ്പം ക്രമീകരിക്കാം, പല ചിത്രങ്ങള്‍ എങ്ങിനെ കൂട്ടിയിണക്കാം, എങ്ങിനെ അതിനെ ഒരു ആശംസാകാര്‍ഡായി രൂപപ്പെടുത്താം; ഇവയൊക്കെയും ഫോട്ടോഷോപ്പില്‍ സാധ്യമാണെന്ന് നമുക്കേവര്‍ക്കുമറിയാം, പക്ഷെ സ്വന്തമായി ഇതൊക്കെ എങ്ങിനെ ചെയ്യുവാന്‍ സാധിക്കുമെന്ന് നമുക്കിടയില്‍‍ എത്രപേര്‍ക്കറിയാം? ഫോട്ടോഷോപ്പ് സ്വന്തമായി ഉപയോഗിക്കുവാന്‍ നമ്മളെ പ്രാപ്തരാക്കുന്ന ഒരു പുസ്തകമാണ്, ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും.

പേരു സൂചിപ്പിക്കുമ്പോലെ, ഫോട്ടോഷോപ്പിലെ വിവിധ സങ്കേതങ്ങളുടെ കേവല പഠനമല്ല ഇതു സാധ്യമാക്കുന്നത്, പ്രയോഗത്തിലൂടെയുള്ള പഠനമാണ്. ആദ്യ അധ്യായം മുതല്‍ തന്നെ നമ്മള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചിത്രപ്പണികളില്‍ ഏര്‍പ്പെടുകയാണ്. പുസ്തകത്തിന്റെ പകുതിയോളം വിവിധ സങ്കേതങ്ങളെ പരിചയപ്പെടുത്തിയ ശേഷം, സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് എന്തെങ്കിലും ചെയ്തു തുടങ്ങുക എന്ന വ്യവസ്ഥാപിത ശൈലിക്കൊരു മാറ്റമാണിത്. ഓരോ അധ്യാ‍യത്തിലും പരിചയപ്പെടുത്തുന്ന ടൂളുകളും സാധ്യതകളും, ആ അധ്യായത്തില്‍ അടങ്ങിയിരിക്കുന്ന ഉദാഹരണങ്ങളിലൂടെ മനസിലാക്കി, അവ സ്വയം ചെയ്തു നോക്കി, അവയുടെ ഉപയോഗം മനസിലുറപ്പിച്ച് അടുത്ത അധ്യായത്തിലേക്കു നീങ്ങുന്ന സമ്പ്രദായം, ഫോട്ടോഷോപ്പ് പഠക്കുന്നവരുടെ ഉത്സാഹം നിലനിര്‍ത്തുകയും, അവര്‍ മനസിലാക്കുന്ന അറിവുകള്‍ അവരറിയാതെ തന്നെ മനസിലുറപ്പിക്കുക്കയും ചെയ്യുന്നു.

ഫോട്ടോഷോപ്പിന്റെ പത്താം പതിപ്പ്, ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധികരിച്ചെഴുതിയിരിക്കുന്നതാണ് ഈ പുസ്തകം. ഫോട്ടോഷോപ്പിന്റെ സാധ്യതകള്‍ ഇന്ന്‍ കേവലം പിക്സല്‍ ഇമേജ് എഡിറ്റിംഗില്‍ ഒതുങ്ങുന്നില്ല. വെക്ടര്‍ ഡ്രോയിംഗ്, ആനിമേഷന്‍, ത്രിമാന ചിത്രപ്പണികള്‍, വീഡിയോ എഡിറ്റിംഗ്, വെബ് ഡിസൈനിംഗ്, ക്യാമറ റോ എന്നിങ്ങനെ വിപുലമായ സാധ്യതകളുടെ വിശാലമായ ഒരു ലോകമാണ് ഗ്രാഫിക് ഡിസൈനിംഗ് രംഗത്തുള്ളവര്‍ക്ക് ഫോട്ടോഷോപ്പിലൂടെ അഡോബി ഒരുക്കിക്കൊടുക്കുന്നത്. സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ, ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്വെയറിന്റെ സങ്കീര്‍ണ്ണതയും വര്‍ദ്ധിച്ചു. ഫ്ലോപ്പിയില്‍ ഒതുങ്ങിയിരുന്ന ഫോട്ടോഷോപ്പ് ഇന്ന് സി.ഡിയിലും ഡി.വി.ഡിയിലുമാണ് വിപണിയില്‍ ലഭ്യമാവുന്നത്. ഫോട്ടോഷോപ്പ് ഉപയോഗിക്കുവാന്‍ പ്രവര്‍ത്തനക്ഷമതയില്‍ മുന്‍പന്തിയിലുള്ള കമ്പ്യൂട്ടറുകളും ആവശ്യമാ‍ണ്. ഇത്രയും സങ്കീര്‍ണ്ണമായ ഒരു സോഫ്റ്റ്വെയറിനെ പുസ്തകരൂപത്തില്‍ അവതരിപ്പിക്കുക എന്ന ആയാസകരമായ ദൌത്യത്തിന്റെ വിജയം കൂടിയാണ് ഈ പുസ്തകം. മലയാളത്തില്‍ കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്‍ഫോകൈരളിയാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. വിവരസാങ്കേതികവിദ്യയിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി അവര്‍ പുറത്തിറക്കിയിട്ടുള്ള പുസ്തകങ്ങളില്‍ എടുത്തു പറയേണ്ട ഒന്നായി ഈ പുസ്തകം മാറും എന്നാണ് ഞാന്‍ കരുതുന്നത്.

ലേഖകനെക്കുറിച്ച് ഒന്നുരണ്ടു വാചകങ്ങള്‍ കൂടി ചേര്‍ക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമാവില്ല. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഫ്ലാഷ് പഠിച്ചു തുടങ്ങാം’ എന്ന പുസ്തകത്തിലൂടെയും; ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഫോട്ടോഷോപ്പ്,ഫ്ലാഷ് പഠനപരമ്പരകളിലൂടെയും; പുതുമാധ്യമമായ ബ്ലോഗുകളിലെ രചനകളിലൂടെയും; ഡിസൈനിംഗ് രംഗങ്ങളിലുള്ളവര്‍ക്ക് പരിചിതനായ ഹരീഷ് എന്‍. നമ്പൂതിരിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഗ്രാഫിക് ഡിസൈനിംഗ് രംഗത്ത് അദ്ദേഹത്തിനുള്ള പ്രായോഗിക പരിചയവും, പ്രാവീണ്യവും കൂടാതെ സര്‍ഗ്ഗവാസനയുള്ള ഒരു കലാകാരന്‍ എന്ന നിലയിലുള്ള നൈപുണ്യവും ഈ പുസ്തകത്തില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. ശ്രീ. ഹരീഷ് എന്‍. നമ്പൂതിരിക്കും, ഈ പുസ്തകത്തിന്റെ വായനക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍
ബയോ ഇന്‍ഫൊര്‍മാറ്റിക്സ് കേന്ദ്രം, കേരള സര്‍വ്വകലാശാല (സി-ഡിറ്റ് മുന്‍: ഡയറക്ടര്‍)


പ്രകാശനം
കേരള ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി 2007 ഡിസംബര്‍ 29 മുതല്‍ 2008 ജനുവരി 6 വരെ, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘തിരുവനന്തപുരം പുസ്‌തകമേള’യിലാണ് പുസ്‌തകം പ്രകാശനം ചെയ്തത്. ബയോഇന്‍ഫൊര്‍മാറ്റിക്സ് കേന്ദ്രം ഡയറക്ടര്‍ ഡോ. അച്ചുത്‌ശങ്കര്‍ എസ്. നായര്‍, ഐ.ടി.@സ്കൂ‍ള്‍ ഡയറക്ടര്‍ ശ്രീ. അന്‍‌വര്‍ സാദത്തിനു നല്‍കിയാണ് പുസ്‌തകം പ്രകാശനം ചെയ്തത്. പുസ്‌തകത്തോടൊപ്പമുള്ള സി.ഡി., സെന്റര്‍ ഫോര്‍ കണ്‍‌വര്‍ജന്‍സ് മീഡിയ സ്റ്റഡീസ് ഡയറക്ടര്‍ ശ്രീ. എം. വിജയകുമാര്‍ പ്രകാശനം ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശ്രീ. റൂബിന്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി വിദ്യാരംഗം എഡിറ്റര്‍ ശ്രീ. സുനില്‍ പ്രഭാകര്‍ പുസ്‌തകം പരിചയപ്പെടുത്തി സംസാരിച്ചു. ഇന്‍ഫോ കൈരളി ചീഫ് എഡിറ്റര്‍ ശ്രീ. സോജന്‍ ജോസ് സ്വാഗതവും, ശ്രീ. ഹരീഷ് എന്‍. നമ്പൂതിരി നന്ദിയും പറഞ്ഞു.

മാധ്യമങ്ങളില്‍
ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും
രാജേഷ് ടി. ചന്ദ്രന്‍‍‍‍ (വാരാന്ത്യകൌമുദി> വായന, കേരള കൌമുദി ദിനപ്പത്രം - 2008 ജനുവരി 28)

ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും
ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍‍‍ (ഇന്‍ഫോമാധ്യമം> പുസ്‌തകപരിചയം, മാധ്യമം ദിനപ്പത്രം - 2008 ജനുവരി 28)
ഫോട്ടോഷോപ്പ് പഠിക്കാന്‍ ഒരു മലയാളപുസ്‌തകം
സുനില്‍ പ്രഭാകര്‍‍ (നെറ്റ്വര്‍ക്ക് > വായന, മാതൃഭൂമി ദിനപ്പത്രം - 2008 ജനുവരി 25)
ഫോട്ടോഷോപ്പ് പഠനം മലയാളത്തില്‍
മാരീചന്‍ (മാരീചന്റെ വായനശാല (ബ്ലോഗ്) - 2008 ജനുവരി 6)
ഹായ്! എന്തെല്ലാം പുസ്‌തകങ്ങള്‍
ടി.സി. രാജേഷ് (കേരള കൌമുദി - 2008 ജനുവരി 2)
ഹരീയുടെ രണ്ടാമത്തെ പുസ്‌തക പ്രകാശനം - ചില ചിത്രങ്ങള്‍
കേരളാഫാര്‍മര്‍ (വാര്‍ത്തകള്‍ വിശേഷങ്ങള്‍ (ബ്ലോഗ്) - 2007 ഡിസംബര്‍ 30)വിശദാംശങ്ങള്‍
പ്രസാധകന്‍
ഇന്‍ഫോ കൈരളി
കുറുപ്പന്‍‌തറ, കോട്ടയം-686603

ISBN : 978-81-906041-0-9

വില : 200 രൂപ
പേജ് : 204 (കവര്‍ സഹിതം)പുസ്തകം എങ്ങിനെ ലഭ്യമാവും?‍
പുസ്‌തകം ഓണ്‍‌ലൈനായി വാങ്ങുവാനുള്ള സൌകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്‍ഫോകൈരളി പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാവുന്ന പുസ്‌തക‌സ്റ്റാളുകളിലും, പുസ്‌തകമേളകളിലും ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’ ലഭ്യമാവേണ്ടതാണ്.


Keywords: Photoshop Padanavum Prayogavum, Malayalam Book on Adobe Photoshop, Photoshop Tutorial Text in Malayalam, Learning Material, InfoKairali, Info Kairali, Publications, Magazine, Hareesh N. Nampoothiri, Author, Book Release.
--