Chithravishesham Sankethikam Kaliyarangu
Grahanam
Nishchalam
ഗ്രഹണം - ഗ്രഹണം വിട്ടൊഴിയുന്ന ചില ചിന്തകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Friday, November 6, 2009

കലാമണ്ഡലം അവാര്‍ഡുകള്‍ (Kalamandalam-Awards-2008)

Kerala Kalamandalam Fellowship & Awards 2008 - News item by Haree for Grahanam Blog.
നവംബര്‍ 06, 2008: രണ്ടായിരത്തിയെട്ടിലെ കലാമണ്ഡലം ഫെല്ലോഷിപ്പും പുരസ്കാരങ്ങളും, കലാമണ്ഡലം കല്പിതസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ.ജി. പൌലോസ് വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. വാദ്യകലാകാരനായ കലാമണ്ഡലം നാരായണന്‍ നമ്പീശനാണ് കലാമണ്ഡലം ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്. ഇരുപത്തിയയ്യായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.

Friday, September 18, 2009

‘തൗര്യത്രികം’ പുറത്തിറങ്ങി

Thouryathrikam DVD Launch and Documentary Release Function.
സെപ്റ്റംബര്‍ 15, 2009 - തിരുവനന്തപുരം: സാമാന്യജനങ്ങള്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കത്തക്കവിധം കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ ഘടനയേയും വിവിധ വശങ്ങളേയും പരിചയപ്പെടുത്തുന്ന ഡി.വി.ഡി., സ്റ്റേറ്റ് സെന്‍‌ട്രല്‍ ലൈബ്രറി ആഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍, ബഹു. വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എം.എ. ബേബി പ്രകാശനം ചെയ്തു. പ്രേക്ഷകനുമായി സംവേദനം സാധ്യമാക്കുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഇന്ററാക്ടീവ് ഡിസ്കാണ് ഡി.വി.ഡി. രൂപത്തില്‍ ലഭ്യമാവുക.

ചാഴിക്കുന്നത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘തൗര്യത്രികം’ എന്ന പേരില്‍ തന്നെ ഇതോടൊപ്പം പുറത്തിറങ്ങുന്ന എഴുപത്തിയേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം പ്രശസ്ത പിന്നണിഗായകന്‍ ശ്രീ. ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ഡി.വി.ഡി. ഏറ്റുവാങ്ങി. സംവിധായകന്‍ ഹരീഷ് എന്‍. നമ്പൂതിരി സ്വാഗതവും, നിര്‍മ്മാതാവ് ഗോക്കുല്‍ ഗോവിന്ദ് നന്ദിയും പറഞ്ഞു.

‘തൗര്യത്രിക’ത്തിന്റെ ഇന്ററാക്ടീവ് പതിപ്പ് ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ഡി.വി.ഡി. റോം രൂപത്തിലും; മലയാളത്തില്‍ സി.ഡി. റോം രൂപത്തിലും; ഡോക്യുമെന്ററി പതിപ്പ് മലയാളത്തില്‍ വി.സി.ഡി. രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക.

 ചിത്രങ്ങള്‍



കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Thouryathrikam - NEWNMEDIA™


Description: 'Thouryathrikam' - Learn to Enjoy Kathakali. A Documentary & Media Production on Kathakali. Directed by Hareesh N. Nampoothiri aka Haree; Written by Toji and Haree; Produced by Gokul Govind, Chazhikkunnathu Productions; Marketed by Compu-Needs. DVD Launch by Sri. M.A. Baby (Education & Cultural Minister, Kerala State); Documentary Release by Sri. G. Venugopal (Playback Singer); Sri. Madavoor Vasudevan Nair will be the chief guest for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. September 15, 2009.
--


Sunday, September 13, 2009

‘തൗര്യത്രികം’ പുറത്തിറങ്ങുന്നു (Thouryathrikam Documentary Release)

Thouryathrikam - DVD Launch & Documentary Release - Invitation.
രണ്ടായിരത്തിയൊന്‍പത് ജനുവരിയില്‍ ഇവിടെ പരിചയപ്പെടുത്തിയ ‘തൗര്യത്രികം’ ഒടുവില്‍ പുറത്തിറങ്ങുന്നു. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍; ഡോക്യുമെന്ററി, ഡി.വി.ഡി., സി.ഡി. എന്നിങ്ങനെ വിവിധ രൂപത്തില്‍ പുറത്തിറക്കുവാനായി ഏകദേശം പന്ത്രണ്ട് മണിക്കൂറോളം വീഡിയോ എഡിറ്റ് ചെയ്യേണ്ടതായി ഉണ്ടായിരുന്നതിനാലാണ് ഇത്രയും കാലതാമസം നേരിട്ടത്. സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വൈകുന്നേരം 5.30-ന് തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയില്‍ (സ്റ്റേറ്റ് സെന്‍‌ട്രല്‍ ലൈബ്രറി) നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക-വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. എം.എ. ബേബി ‘തൗര്യത്രികം’ ഡി.വി.ഡി. പ്രകാശനം ചെയ്യും. പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ. ജി. വേണുഗോപാലാണ് ഡോക്യുമെന്ററിയുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. കഥകളി ആസ്വാദകര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മുതിര്‍ന്ന കഥകളി ആചാര്യന്‍ ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിനു ശേഷം ‘തൗര്യത്രികം’ ഡോക്യുമെന്ററിയുടെ ഒരു പ്രിവ്യൂ ഷോയും ഉണ്ടായിരിക്കുന്നതാണ്.

 പ്രകാശനം

Thouryathrikam - DVD Launch & Documentary Release - Invitation.
പരിചയമുള്ള ഏവരേയും വിവിധ മാര്‍ഗങ്ങളിലൂടെ വ്യക്തിപരമായി അറിയിക്കുവാന്‍ കഴിയുന്നത്രയും ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. ഏവരേയും പ്രസ്തുത ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.

 ഡോക്യുമെന്ററി

ടൈറ്റിലുകള്‍, ക്രെഡിറ്റ്സ് എന്നിവയുള്‍പ്പടെ എഴുപത്തിയേഴ് മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. സന്ധ്യയ്ക്ക് കേളികൊട്ടു മുതല്‍ വെളുപ്പിന് ധനാശി വരെ മണിക്കൂറുകള്‍ നീളുന്ന ഒരു കഥകളി അവതരണത്തിലെ വിവിധ ഘട്ടങ്ങള്‍, കഥകളിയിലെ വിവിധ സങ്കേതങ്ങള്‍, കഥകളിയിലെ മുദ്രകള്‍ അവയുടെ പ്രയോഗരീതികള്‍, നവരസങ്ങള്‍, പ്രാഥമികമായ മറ്റു വിവരങ്ങള്‍ തുടങ്ങി ഒരു കഥകളി ആസ്വാദകനു തുടങ്ങുവാന്‍ വേണ്ടതെല്ലാം ഈ എഴുപത്തിയേഴു മിനിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു അവസരത്തില്‍ ഏതെങ്കിലും ഒരു തിയേറ്ററില്‍ ഡോക്യുമെന്ററിയുടെ ആദ്യ ഷോ ഉദ്ദേശിച്ചിട്ടുള്ളതിനാല്‍, അതിനു മുന്നോടിയായുള്ള ഒരു പ്രദര്‍ശനമായിരിക്കും ഈ ചടങ്ങിനോടനുബന്ധിച്ച് നടത്തപ്പെടുക. ഇംഗ്ലീഷിലും മലയാ‍ളത്തിലും ഡോക്യുമെന്ററി തയ്യാറായിട്ടുണ്ട്. എന്നാല്‍ വി.സി.ഡി രൂപത്തില്‍ മലയാളം പതിപ്പ് മാത്രമായിരിക്കും ലഭ്യമായിരിക്കുക. വി.സി.ഡി. പതിപ്പിന്റെ വില 99 രൂപ ആയിരിക്കും.

 ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി.‍

ഡോക്യുമെന്ററിയില്‍ കഥകളിയേയും കഥകളി ആസ്വാദനത്തേയും കുറിച്ചുള്ള സംക്ഷിപ്ത രൂപം മാത്രമാണ് ഉള്‍പ്പെടുത്തുവാന്‍ സാധിച്ചിട്ടുള്ളത്. കൂടുതല്‍ വിശദമായ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിയ ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. പതിപ്പുകളും ഡോക്യുമെന്ററിയോടൊപ്പം പുറത്തിറക്കുന്നുണ്ട്. വിന്‍ഡോസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുവാന്‍ തക്കവണ്ണമാണ് സി.ഡി./ഡി.വി.ഡി. എന്നിവ വിഭാവനം ചെയ്തിരിക്കുന്നത്. താഴെപ്പറയുന്ന പതിപ്പുകളാണ് പുറത്തിറങ്ങുക.
1. സി.ഡി. - റോം (മലയാളം) - വില Rs. 149/-
കമ്പ്യൂട്ടറില്‍ സി.ഡി. ഡ്രൈവ് മാത്രം ലഭ്യമായ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. 160-നു മേല്‍ ചിത്രങ്ങളും 82 മിനിറ്റ് വീഡിയോയും സി.ഡി.-റോം പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 576 x 424 വലുപ്പത്തില്‍, 750 kbps വീഡിയോ - 128 kbps ആഡിയോ ബിറ്റ് റേറ്റുകളില്‍ FLV ഫോര്‍മാറ്റിലാണ് വീഡിയോകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 1024 x 768 @ 16 ബിറ്റ് കളര്‍ അല്ലെങ്കില്‍ അതിനു മുകളില്‍ ലഭ്യമായ കമ്പ്യൂട്ടറുകളാണ് ഈ സി.ഡി. പ്രവര്‍ത്തിപ്പിക്കുവാന്‍ അനുയോജ്യം. ഉള്ളടക്കം ശരിയായി ദൃശ്യമാക്കുവാന്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കുകയും വേണം.

2. ഡി.വി.ഡി. - റോം (മലയാളം) - വില Rs. 299/-
ഉയര്‍ന്ന നിലവാരത്തില്‍, കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഉള്ളടക്കങ്ങളില്‍ വ്യത്യാസമില്ല. 290-നു മേല്‍ ദൈര്‍ഘ്യം ഡി.വി.ഡിയിലെ വീഡിയോ ഫയലുകള്‍ക്കെല്ലാം കൂടിയുണ്ട്. 720 x 524 വലുപ്പത്തില്‍, 1700 kbps വീഡിയോ - 160 kbps ആഡിയോ ബിറ്റ് റേറ്റുകളില്‍ FLV ഫോര്‍മാറ്റിലാണ് വീഡിയോകള്‍ ലഭ്യമാക്കിയിരിക്കുന്നത്. കഥാഭാഗങ്ങളുടെ വീഡിയോകള്‍ക്ക് 2000 kbps വീഡിയോ ബിറ്റ് റേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

3. ഡി.വി.ഡി. - റോം (ഇംഗ്ലീഷ്) - വില Rs. 399/-
വിദേശീയരായ കഥകളി ആസ്വാദകരെ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രീമിയം പതിപ്പ്. വീഡിയോ സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പടെ, ഉള്ളടക്കം പൂര്‍ണമായും ഇംഗ്ലീഷിലാണ്. അരങ്ങുകളില്‍ സാധാരണയായി അവതരിപ്പിക്കുന്ന കഥകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കൈപ്പുസ്തകവും, പോസ്റ്റ് കാര്‍ഡ് വലുപ്പത്തില്‍ പ്രിന്റ് ചെയ്ത ചില തിരഞ്ഞെടുത്ത ചിത്രങ്ങളും കൂടുതലായി പ്രീമിയം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കും.

ചില സാങ്കേതിക കാരണങ്ങളാല്‍ ഡോക്യുമെന്ററിയുടെ വി.സി.ഡി. പതിപ്പ് മാത്രമാവും പ്രകാശനത്തിനു ശേഷം ലഭ്യമാവുക. രണ്ടാഴ്ചയ്ക്കകം ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. പതിപ്പുകളും വിപണിയില്‍ ലഭ്യമാവും. പ്രകാശനദിനത്തില്‍ വി.സി.ഡി. വാങ്ങുന്നവര്‍ക്കും, മുന്‍‌കൂര്‍ പണമടച്ച് ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്കും (സി.ഡി./ഡി.വി.ഡി. വിപണിയില്‍ ലഭ്യമാവുന്നതിനു മുന്‍പ് ഓണ്‍‌ലൈനായി ബുക്ക് ചെയ്യുവാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെപ്റ്റംബര്‍ 15-നു ശേഷം ഇവിടം സന്ദര്‍ശിക്കുക.) വിലയില്‍ 20% ഇളവ് ഉണ്ടായിരിക്കുന്നതാണ്.

‘തൗര്യത്രികം’ എന്ന സംരംഭം ഒരു വിജയമാക്കുവാനായി ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Thouryathrikam - NEWNMEDIA™


Description: 'Thouryathrikam' - Learn to Enjoy Kathakali. A Documentary & Media Production on Kathakali. Directed by Hareesh N. Nampoothiri aka Haree; Written by Toji and Haree; Produced by Gokul Govind, Chazhikkunnathu Productions; Marketed by Compu-Needs. DVD Launch by Sri. M.A. Baby (Education & Cultural Minister, Kerala State); Documentary Release by Sri. G. Venugopal (Playback Singer); Sri. Madavoor Vasudevan Nair will be the chief guest for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. August 29, 2009. Brochure/Logo Design by Haree.
--


Saturday, August 29, 2009

ദൃശ്യം@അനന്തപുരി (Drisyam Photo Exhibition)

Drisyam@ananthapuri - A photography exhibition organized by KeralaClicks.
ഓണ്‍‌ലൈന്‍ ഫോട്ടോ-ഷെയറിംഗ് / സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫ്ലിക്കറിലെ, ‘കേരളാക്ലിക്ക്സ്’ ഗ്രൂപ്പ് നടത്തുന്ന രണ്ടാമത് ഫോട്ടോഗ്രഫി എക്സിബിഷന് ആഗസ്റ്റ്‌ 30-ന് രാവിലെ തിരുവന്തപുരം മ്യൂസിയം ആഡിറ്റോറിയത്തില്‍ തുടക്കമാവും. പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ശ്രീ. ഷാജി എന്‍. കരുണാണ് പ്രദര്‍ശനം ഉത്ഘാടനം ചെയ്യുന്നത്. ലളിത കലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ പ്രമുഖ ശില്പി ശ്രീ. കാനായി കുഞ്ഞിരാമന്‍; സി-ഡിറ്റ് മുന്‍ ഡയറക്ടറും ഇപ്പോള്‍ കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ബയോ-ഇന്‍ഫര്‍മാറ്റിക്സ് ഡയറക്ടറുമായ ശ്രീ. അച്ചുത്‌ശങ്കര്‍ എസ്. നായര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

 കേരളാക്ലിക്ക്സ്

KeralaClicks.net Home-page.കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഫോട്ടോഗ്രഫി തത്പരരായ ആയിരത്തോളം അംഗങ്ങള്‍ അടങ്ങുന്ന ഒരു ചെറു സമൂഹമാണ് ‘കേരളാക്ലിക്ക്സ്’. കേരളത്തിന്റെ സംസ്കാരവും കലയും ജീവിതവും ചരിത്രവും എല്ലാം ചിത്രങ്ങളിലൂടെ മനസിലാക്കുകയും; അവയെക്കുറിച്ചുള്ള ധാരണകള്‍ പങ്കുവെയ്ക്കുകയും ചെയ്യുവാനൊരിടം എന്ന നിലയ്ക്കാണ് കേരളാക്ലിക്ക്സ് ആരംഭിക്കുന്നത്. സ്വദേശീയരും വിദേശീയരുമുള്‍പ്പെടുന്ന ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ പിന്തുണയോടെ ഈ ലക്ഷ്യത്തിലേക്കെത്തുവാന്‍ കേരളാക്ലിക്ക്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.

 ദൃശ്യം

Drisyam@ananthapuri in KeralaClicks.net Group.കേരളാക്ലിക്ക്സിന്റെ പ്രവര്‍ത്തനങ്ങളെ പൊതുധാരയിലെത്തിക്കുക, കൂടുതല്‍ അംഗങ്ങളെ ഇതിലേക്ക് കൊണ്ടുവരിക, ഫോട്ടോഗ്രഫി ഒരു ഉപജീവനമാര്‍ഗമായി കരുതാത്ത ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനൊരു അവസരമൊരുക്കുക; കേരളാക്ലിക്ക്സിന്റെ ‘ദൃശ്യം’ എന്ന പരമ്പരയിലെ ഫോട്ടോഗ്രഫി എക്സിബിഷനുകളുടെ ലക്ഷ്യങ്ങള്‍ ഇവയാണ്. 2008 ഡിസംബറില്‍ കൊച്ചി ഡര്‍ബാര്‍ ഹാളിലാണ് ആദ്യ പ്രദര്‍ശനമായ ‘ദൃശ്യം 2008’ നടന്നത്. പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ദൃശ്യം 2008-നു ലഭിച്ച അനുകൂല പ്രതികരണങ്ങളാണ്, ‘ദൃശ്യം @ അനന്തപുരി’ എന്ന പേരില്‍ രണ്ടാമതൊരു പ്രദര്‍ശനം നടത്തുവാന്‍ കേരളാക്ലിക്ക്സിന് പ്രചോദനവും പ്രേരണയുമായത്. ‘ദൃശ്യം 2008’-ന് ലഭിച്ച സ്വീകരണം തന്നെ ‘ദൃശ്യം@അനന്തപുരി’ക്കും ലഭിക്കും എന്ന ശുഭാപ്തിവിശ്വാസമാണ് സംഘാടകര്‍ക്കുള്ളത്.

 ദൃശ്യം @ അനന്തപുരി

Drisyam@ananthapuri - Photography Exhibition Brochure.നൂറിനു മേല്‍ അംഗങ്ങളുടെ നൂറ്റി ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. ആഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 എന്നീ തീയതികളിലായി തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിലാണ് ചിത്ര പ്രദര്‍ശനം നടക്കുക. രാവിലെ 10.00 മുതല്‍ വൈകുന്നേരം 06.00 വരെ ഏവര്‍ക്കും പ്രദര്‍ശനം കാണുവാന്‍ അവസരമുണ്ടായിരിക്കും. പ്രവേശനം സൌജന്യം.

ഉദ്ഘാടനം: ശ്രീ. ഷാജി എന്‍. കരുണ്‍
വിശിഷ്ടാതിഥികള്‍: ശ്രീ. കാനായി കുഞ്ഞിരാമന്‍, ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍

തീയതി: ആഗസ്റ്റ് 30, 2009
സമയം: രാവിലെ 11.00 മണി
സ്ഥലം: മ്യൂസിയം ആഡിറ്റോറിയം, തിരുവനന്തപുരം

ഏവര്‍ക്കും സ്വാഗതം...

കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Drisyam@ananthapuri at Museum Auditorium, TVPM, Kerala
2. KeralaClicks Home


Description: Drisyam@ananthapuri (Drisyam @ Ananthapuri) - A photography exhibition organized by KeralaClicks - A Flickr group; comprising of Keralites and non-Keralites, our aim is to understand Kerala and share our thoughts on its rich natural beauty, history, culture, art and literature through the medium of photography. Drisyam@ananthapuri will showcase more than 125 exhibits from over a hundred photographers, across various photo categories,
from 30th Aug to 1st Sep, 2009 at Museum Auditorium, Thiruvananthapuram, Kerala. The event is being inaugurated by internationally acclaimed Film Director and Cinematographer Sri. Shaji N. Karun on 30th Aug, 2009 at 11.00 AM. Renowned sculptor Sri. Kanayi Kunhiraman (former Chairman, Lalit Kala Academy) and the Director of Centre for Bioinformatics, University of Kerala Dr. Achuthsankar S. Nair (former Director, C-DIT) will be the distinguished guests for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. August 29, 2009. Brochure/Logo Design by Haree.

--


Thursday, July 2, 2009

കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി (Kottackal Parameswaran Namboothiri)

Kottackal Parameswaran Namboothiri - A tribute.
2009 ജൂലൈ 01: ഇന്നു രാവിലെ അന്തരിച്ച പ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി. 72 വയസായിരുന്നു. കൂത്താട്ടുകുളം കുഞ്ചരക്കാട്ടുമനയില്‍ നാരായണന്‍ നമ്പൂതിരിയുടേയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി 1937 ജാനുവരി 31-നായിരുന്നു പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ചേമ്പില്‍ പ്രഭാകരന്‍ നായര്‍, ചേര്‍ത്തല നാരായണപ്പണിക്കര്‍, ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരില്‍ നിന്നും കര്‍ണാടക സംഗീതം അഭ്യസിച്ചതിനു ശേഷം ഇരുപത്തിമൂന്നാം വയസില്‍ അദ്ദേഹം കോട്ടക്കലില്‍ സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. തുടക്കത്തില്‍ കോട്ടക്കല്‍ വാസു നെടുങ്ങാടിയുടേയും പിന്നീട് കോട്ടക്കല്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെയും ശിക്ഷണത്തില്‍ കഥകളി സംഗീതത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹം വിദ്യാഭാസത്തിനു ശേഷം 1994 വരെ കോട്ടക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ അധ്യാപകനായി ജോലി നോക്കി.

Kottackal Parameswaran Namboothiri
കഥകളിയുടെ തനതുസംഗീത പരമ്പരയിലെ അവശേഷിക്കുന്ന സംഗീതജ്ഞരില്‍ പ്രമുഖനായ ഒരു സംഗീതജ്ഞനായിരുന്നു പരമേശ്വരന്‍ നമ്പൂതിരി. രാഗഭാവം കൈവിടാതെ തന്നെ, സ്വരശുദ്ധിയോടെ വാക്കുകള്‍ വ്യക്തമായി ഉച്ചരിച്ച് കഥകളിക്ക് പാടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വാക്കുകള്‍ കൃത്യമായി മുറിക്കുന്നതിലും അദ്ദേഹം വളരെ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ഉദാഹരണമായി പറഞ്ഞാല്‍, ‘കുചേലവൃത്ത’ത്തിലെ “അജിതാഹരേ! ജയ...” എന്ന പദത്തില്‍, “ബലഭദ്രാനുജാ... നിന്നെ...” എന്ന ഭാഗത്ത് ഇപ്പോള്‍ പലരും “ബലഭദ്രാ.....നുജാ.... നിന്നെ...” എന്നു മുറിച്ചു പാടാറുണ്ട്. എന്നാല്‍ ആ പദം കൃഷ്ണനെക്കുറിക്കുന്നതാകയാല്‍ “ബലഭദ്രാനുജാ......” എന്നൊരുമിച്ചു തന്നെ നീട്ടണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ഈ രീതിയില്‍ വരിയുടെ അര്‍ത്ഥം കൂടി മനസില്‍ കണ്ട് വാക്കുകള്‍ മുറിച്ചു പാടുന്ന ഗാ‍യകരെ ഇന്നു വിരളമായേ കാണുവാന്‍ കഴിയുകയുള്ളൂ. ആദ്യ കാല കഥകളി സംഗീതത്തേയും, ഇപ്പോള്‍ പ്രചാരത്തിലുള്ള പരിഷ്കൃത കഥകളി സംഗീതത്തേയും കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി അദ്ദേഹത്തെ കണക്കാക്കുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. അത്രയധികം പ്രചാരം നേടാത്ത കഥാഭാഗങ്ങള്‍ പോലും അദ്ദേഹത്തിനു തോന്നിച്ചിരുന്നു എന്നതും ഇന്നോര്‍ക്കുമ്പോള്‍ ചെറുതല്ലാത്ത ഒരു കാര്യമാണ്.

“അദ്യാപി ഭവല്‍കൃപ, വിദ്യോതമാനമാകും,
പാദ്യാതി ഏല്‍പ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം,
ചൈദ്യാരെ ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ...” - അദ്ദേഹം ചൊല്ലിത്തന്ന പദം ഇപ്പോഴും എന്റെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഒരുപക്ഷെ, കലോപാസകനായി അവസാനകാലം വരെ തുടരുവാന്‍ സാധിക്കുക എന്നതിനപ്പുറമൊന്നും അദ്ദേഹം ഈ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നിരിക്കില്ല. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. തിരുവനന്തപുരത്ത് ദൃശ്യവേദി ജനുവരിയില്‍ അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥകളിയരങ്ങിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കേള്‍ക്കുവാനായത്. കോട്ടക്കല്‍ മധുവാണ് അന്ന് കൂടെപ്പാടുവാനുണ്ടായിരുന്നത്. ഓര്‍മ്മക്കുറവ് കാരണമായി ചില പിശകുകള്‍ സംഭവിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍, ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല.
Kottackal Parameswaran Namboothiri and Kottackal Madhu during SanthanaGopalam at East-Fort, Thiruvananthapuram.

പലപ്പോഴും മരണാനന്തര ബഹുമതിയായി മാത്രമേ കഥകളി കലാകാരന്മാര്‍ക്ക് ആസ്വാദകമനസുകളില്‍ പോലും സ്ഥാനം ലഭിക്കാറുള്ളൂ എന്നത് ദുഃഖകരമായ ഒരു സത്യമാണ്. അത്തരമൊരു ദൌര്‍ഭാഗ്യത്തില്‍ നിന്നും പരമേശ്വരന്‍ നമ്പൂതിരിയും മുക്തനല്ലെന്നു വേണം പറയുവാന്‍. അദ്ദേഹത്തെ കേട്ടിട്ടുള്ള, അദ്ദേഹത്തെക്കുറിച്ചറിവുള്ള എത്ര കഥകളി ആസ്വാദകര്‍ ഇന്നുണ്ടാവുമെന്നതും സംശയമാണ്. കഥകളിയില്‍ വേഷത്തിനുള്ള മേല്‍ക്കൊയ്മ അംഗീകരിച്ചുകോണ്ട്, കഥയ്ക്കും കഥാപാത്രത്തിനുമിണങ്ങുന്ന രീതിയില്‍ പിന്നണിയില്‍ ഒതുങ്ങി നിന്നു പാടുക എന്ന തന്റെ കര്‍മ്മം ഭംഗിയായി നിര്‍വ്വഹിച്ചു വന്ന അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോയതിലും അത്ഭുതമില്ല. എന്നാല്‍ ഒരിക്കല്‍ കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തേയും വിസ്മരിക്കുകയില്ലെന്നും നിസംശയം പറയാം. അടുത്തറിയാവുന്നവര്‍ ‘കൊച്ചേട്ടനെ’ന്നു വിളിച്ച അദ്ദേഹം ഇന്ന് തന്റെ സംഗീതം അവര്‍ക്കായി ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്‍പില്‍ ഈ എളിയ ആസ്വാദകന്റെ സ്മരണാഞ്ജലികള്‍...

അനുബന്ധം:
1. Kottackal Parameswaran Namboothiri - CyberKerala


Description: Kottackal Parameswaran Namboothiri, Kathakali singer passed away on July 01, 2009. A tribute to the great singer by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. July 2009. Photography by Haree.
--


 
Grahanam - Haree's Personal Blog - Articles, Short-Stories, Poems.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome