Thursday, July 2, 2009

കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി (Kottackal Parameswaran Namboothiri)

Kottackal Parameswaran Namboothiri - A tribute.
2009 ജൂലൈ 01: ഇന്നു രാവിലെ അന്തരിച്ച പ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി. 72 വയസായിരുന്നു. കൂത്താട്ടുകുളം കുഞ്ചരക്കാട്ടുമനയില്‍ നാരായണന്‍ നമ്പൂതിരിയുടേയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി 1937 ജാനുവരി 31-നായിരുന്നു പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ചേമ്പില്‍ പ്രഭാകരന്‍ നായര്‍, ചേര്‍ത്തല നാരായണപ്പണിക്കര്‍, ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരില്‍ നിന്നും കര്‍ണാടക സംഗീതം അഭ്യസിച്ചതിനു ശേഷം ഇരുപത്തിമൂന്നാം വയസില്‍ അദ്ദേഹം കോട്ടക്കലില്‍ സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. തുടക്കത്തില്‍ കോട്ടക്കല്‍ വാസു നെടുങ്ങാടിയുടേയും പിന്നീട് കോട്ടക്കല്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെയും ശിക്ഷണത്തില്‍ കഥകളി സംഗീതത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹം വിദ്യാഭാസത്തിനു ശേഷം 1994 വരെ കോട്ടക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ അധ്യാപകനായി ജോലി നോക്കി.

Kottackal Parameswaran Namboothiri
കഥകളിയുടെ തനതുസംഗീത പരമ്പരയിലെ അവശേഷിക്കുന്ന സംഗീതജ്ഞരില്‍ പ്രമുഖനായ ഒരു സംഗീതജ്ഞനായിരുന്നു പരമേശ്വരന്‍ നമ്പൂതിരി. രാഗഭാവം കൈവിടാതെ തന്നെ, സ്വരശുദ്ധിയോടെ വാക്കുകള്‍ വ്യക്തമായി ഉച്ചരിച്ച് കഥകളിക്ക് പാടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വാക്കുകള്‍ കൃത്യമായി മുറിക്കുന്നതിലും അദ്ദേഹം വളരെ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ഉദാഹരണമായി പറഞ്ഞാല്‍, ‘കുചേലവൃത്ത’ത്തിലെ “അജിതാഹരേ! ജയ...” എന്ന പദത്തില്‍, “ബലഭദ്രാനുജാ... നിന്നെ...” എന്ന ഭാഗത്ത് ഇപ്പോള്‍ പലരും “ബലഭദ്രാ.....നുജാ.... നിന്നെ...” എന്നു മുറിച്ചു പാടാറുണ്ട്. എന്നാല്‍ ആ പദം കൃഷ്ണനെക്കുറിക്കുന്നതാകയാല്‍ “ബലഭദ്രാനുജാ......” എന്നൊരുമിച്ചു തന്നെ നീട്ടണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ഈ രീതിയില്‍ വരിയുടെ അര്‍ത്ഥം കൂടി മനസില്‍ കണ്ട് വാക്കുകള്‍ മുറിച്ചു പാടുന്ന ഗാ‍യകരെ ഇന്നു വിരളമായേ കാണുവാന്‍ കഴിയുകയുള്ളൂ. ആദ്യ കാല കഥകളി സംഗീതത്തേയും, ഇപ്പോള്‍ പ്രചാരത്തിലുള്ള പരിഷ്കൃത കഥകളി സംഗീതത്തേയും കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി അദ്ദേഹത്തെ കണക്കാക്കുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. അത്രയധികം പ്രചാരം നേടാത്ത കഥാഭാഗങ്ങള്‍ പോലും അദ്ദേഹത്തിനു തോന്നിച്ചിരുന്നു എന്നതും ഇന്നോര്‍ക്കുമ്പോള്‍ ചെറുതല്ലാത്ത ഒരു കാര്യമാണ്.

“അദ്യാപി ഭവല്‍കൃപ, വിദ്യോതമാനമാകും,
പാദ്യാതി ഏല്‍പ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം,
ചൈദ്യാരെ ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ...” - അദ്ദേഹം ചൊല്ലിത്തന്ന പദം ഇപ്പോഴും എന്റെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഒരുപക്ഷെ, കലോപാസകനായി അവസാനകാലം വരെ തുടരുവാന്‍ സാധിക്കുക എന്നതിനപ്പുറമൊന്നും അദ്ദേഹം ഈ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നിരിക്കില്ല. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. തിരുവനന്തപുരത്ത് ദൃശ്യവേദി ജനുവരിയില്‍ അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥകളിയരങ്ങിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കേള്‍ക്കുവാനായത്. കോട്ടക്കല്‍ മധുവാണ് അന്ന് കൂടെപ്പാടുവാനുണ്ടായിരുന്നത്. ഓര്‍മ്മക്കുറവ് കാരണമായി ചില പിശകുകള്‍ സംഭവിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍, ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല.
Kottackal Parameswaran Namboothiri and Kottackal Madhu during SanthanaGopalam at East-Fort, Thiruvananthapuram.

പലപ്പോഴും മരണാനന്തര ബഹുമതിയായി മാത്രമേ കഥകളി കലാകാരന്മാര്‍ക്ക് ആസ്വാദകമനസുകളില്‍ പോലും സ്ഥാനം ലഭിക്കാറുള്ളൂ എന്നത് ദുഃഖകരമായ ഒരു സത്യമാണ്. അത്തരമൊരു ദൌര്‍ഭാഗ്യത്തില്‍ നിന്നും പരമേശ്വരന്‍ നമ്പൂതിരിയും മുക്തനല്ലെന്നു വേണം പറയുവാന്‍. അദ്ദേഹത്തെ കേട്ടിട്ടുള്ള, അദ്ദേഹത്തെക്കുറിച്ചറിവുള്ള എത്ര കഥകളി ആസ്വാദകര്‍ ഇന്നുണ്ടാവുമെന്നതും സംശയമാണ്. കഥകളിയില്‍ വേഷത്തിനുള്ള മേല്‍ക്കൊയ്മ അംഗീകരിച്ചുകോണ്ട്, കഥയ്ക്കും കഥാപാത്രത്തിനുമിണങ്ങുന്ന രീതിയില്‍ പിന്നണിയില്‍ ഒതുങ്ങി നിന്നു പാടുക എന്ന തന്റെ കര്‍മ്മം ഭംഗിയായി നിര്‍വ്വഹിച്ചു വന്ന അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോയതിലും അത്ഭുതമില്ല. എന്നാല്‍ ഒരിക്കല്‍ കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തേയും വിസ്മരിക്കുകയില്ലെന്നും നിസംശയം പറയാം. അടുത്തറിയാവുന്നവര്‍ ‘കൊച്ചേട്ടനെ’ന്നു വിളിച്ച അദ്ദേഹം ഇന്ന് തന്റെ സംഗീതം അവര്‍ക്കായി ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്‍പില്‍ ഈ എളിയ ആസ്വാദകന്റെ സ്മരണാഞ്ജലികള്‍...

അനുബന്ധം:
1. Kottackal Parameswaran Namboothiri - CyberKerala


Description: Kottackal Parameswaran Namboothiri, Kathakali singer passed away on July 01, 2009. A tribute to the great singer by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. July 2009. Photography by Haree.
--