
ഓരോ പ്രണയവും കഴിയുമ്പോളവന്‍
ശഠിച്ചിരുന്നത്, ഇനിയൊരുപ്രണയമില്ലെന്നായിരുന്നു.
പുതിയതിലേക്ക് കാല്‍ വഴുതുമ്പോള്‍ എന്നും
അവനു തോന്നി; ‘കഴിഞ്ഞതൊന്നും പ്രണയമായിരുന്നില്ല!’
കഴിഞ്ഞതിന്റെ അവസാനനാളുകളിലവള്‍;
കിന്നരിച്ചതന്യന്റെ മാറത്തുനിന്നും തലയുയര്‍ത്തി,
വിയര്‍പ്പിന്റെ പൊടികളാറും മുന്‍പായിരുന്നത്,
ഇപ്പോളവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നില്ല.
പ്രണയത്തെ ആഘോഷമാക്കിയ ചില വര്‍ഷങ്ങള്‍,
പിന്നെ അളക്കുവാനാവാത്ത അകലങ്ങളിലേക്ക്.
വിധിയുടെ കാണാച്ചരടുകള്‍ കെട്ടിയാടിക്കുന്ന
വേഷങ്ങളെക്കുറിച്ച് പരാതിപ്പെടുക വയ്യല്ലോ!
ദൂരെ, ചിലനേരങ്ങളില്‍ മാത്രം തെളിയുന്ന
ദീപങ്ങളുടെ വെട്ടത്തിലനങ്ങുന്ന നിഴലുകള്‍,
ഒറ്റപ്പെടലിന്റെ രാത്രികളില്‍ അവനു കൂട്ടായി
താളം ചവിട്ടിയത് ഈ നിഴലുകളായിരുന്നു.
പ്രണയത്തിന്റെ കാറ്റുതട്ടിയാല്‍ ചിരിച്ചകലുന്നത്,
ഒരുപക്ഷെ, ഉള്ളാലെഭയപ്പെട്ടിരുന്നതിനാലാവാം.
പക്ഷെ, അതിനുകാരണം തേടിക്കണ്ടെത്തുവാന്‍ നേര-
മില്ലാത്തവണ്ണം അവന്‍ പുതിയ പ്രണയങ്ങളിലായിരുന്നു!
Keywords: Pranayam, Love, Poem
--