Friday, March 27, 2009

ഗോമ്പറ്റീഷന്‍ ഉത്തരങ്ങള്‍

Mallu Gombetition Answers - Haree.
ഗോമ്പറ്റീഷന്‍ ബ്ലോഗില്‍ നടക്കുന്ന ‘ഇതാരുടെ ഉത്തരങ്ങള്‍?’ മത്സരത്തെക്കുറിച്ച് ഏവര്‍ക്കും അറിവുള്ളതാണല്ലോ. വിശദവിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക. അതില്‍ മുപ്പതാമതായി ഞാനും പങ്കെടുത്തു. ചോദ്യം അവിടെ പോസ്റ്റിയതിനു പിന്നാലെ കൈപ്പളി എനിക്കും ഒരു മെയിലയച്ചു. ഞാന്‍ എഴുതിയ ഉത്തരമൊക്കെ കൃത്രിമമെന്ന് തോന്നുമത്രേ! :-( ഈ ഉത്തരത്തിലൊരെണ്ണം പോലും കൃത്രിമമായി ഞാന്‍ എഴുതിയിട്ടില്ല. ഓരോ ചോദ്യവും വായിച്ച്, അതിനൊക്കെ ഉത്തരമായി മനസില്‍ തോന്നിയത് അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തത്. ഒരു പക്ഷെ ഞാന്‍ ബ്ലോഗില്‍ പ്രധാനമായും എഴുതുന്ന വിഷയങ്ങള്‍ക്ക് (സിനിമ, സാങ്കേതികം, കഥകളി) ഞാനെന്ന വ്യക്തിയുമായി ബന്ധമില്ലാത്തതിനാലാവാം കൈപ്പള്ളിക്ക് (മറ്റു പലര്‍ക്കും) ഉത്തരങ്ങള്‍ കൃത്രിമമെന്ന് തോന്നുവാന്‍ കാരണം. ഗോമ്പറ്റീഷനിലെ ചോദ്യങ്ങളും, അവയ്ക്ക് ഞാന്‍ നല്‍കിയ ഉത്തരങ്ങളും, അവയുടെ വിശദീകരണവും തുടര്‍ന്നു വായിക്കുക.

1. എന്താണു ദൈവം?
മുന്‍പോട്ടു പോകുവാന്‍ ഉത്തരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ കണ്ണടച്ച് ഉള്ളോടു തന്നെ ചോദിക്കുക എന്തു ചെയ്യണമെന്ന്. അപ്പോള്‍ ഉള്ളു തരുന്ന ഉത്തരത്തിനനുസരിച്ച് മുന്‍പോട്ടു പോവുക. ആ ഉത്തരം തരുന്നത് ദൈവം, മനസിന്റെ വെളിച്ചം എന്നു പറയാം.

2. കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങള്‍ക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തില്‍ എഴുതുക.
ദൈവം (ഞാന്‍ മുകളില്‍ പറഞ്ഞ അര്‍ത്ഥത്തില്‍, ഞാന്‍ തന്നെ എന്നും പറയാം.) > കടമ > കുടുംബം > സ്വത്ത് > മതം

3. വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂര്‍ണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. ഇതില്‍ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
സംശയമെന്ത്. ആരാധനാലയം തന്നെ. മനുഷ്യന്റെ ദൌര്‍ബല്യമാണ് അവരെ ആരാധനാലയങ്ങളിലെത്തിക്കുന്നത്. അവരെ ഇതിന്റെ പൊള്ളത്തരം പറഞ്ഞുമനസിലാക്കി, അതില്ലാതായാലും അവര്‍ക്ക് നിലനില്‍പ്പുണ്ടെന്ന് മനസിലാക്കിക്കൊടുത്തതിനു ശേഷമേ പൊളിക്കുകയുള്ളൂ എന്നു മാത്രം. (നടക്കുമോ എന്നത് വേറെ കാര്യം.)
എന്നെ സംബന്ധിച്ചിടത്തോളം ദൈവമെന്നത് അവനവന്റെ തന്നെ ഉള്ളിലെ വെളിച്ചവും നന്മയും സ്നേഹവുമൊക്കെയാണ്. മനസില്‍ ഇതൊന്നുമില്ലാതെ ഏതെങ്കിലുമൊരു ആരാധനാലയത്തില്‍ പോയി ദൈവത്തെ വിളിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നു കരുതുന്നില്ല. ഈ അര്‍ത്ഥത്തില്‍ ദൈവത്തിനു തന്നെയാണ് കടമയേക്കാളും കുടുംബത്തേക്കാളുമൊക്കെ പ്രാധാന്യം ഞാന്‍ നല്‍കുന്നത്.
4. ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
അദ്ധ്യാപകന്‍
അദ്ധ്യാപനം ഒരു തൊഴിലായി കരുതുന്നില്ല. എങ്കിലും ചോദ്യം ആ രീതിയിലായതുകൊണ്ട് അപ്രകാരം ഉത്തരം നല്‍കിയെന്നു മാത്രം.
5. നിങ്ങള്‍ക്ക് 20 വര്‍ഷം പുറകോട്ടു് നീക്കാന്‍ അവസരം കിട്ടിയാല്‍ എന്തു ചെയ്യും?
വര്‍ഷം പുറകോട്ടു നീക്കുകയും, ഇത്രയും കാലത്തെ അനുഭവം മനസിലുണ്ടാവുകയും ചെയ്താല്‍ വരുത്തിയ പിഴവുകള്‍ തിരുത്തുവാന്‍ ശ്രമിക്കും. അങ്ങിനെയല്ലായെങ്കില്‍ പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ല! പിന്നിലോട്ട് നീങ്ങിയതു തന്നെ അറിയണമെന്നില്ലല്ലോ!

6. കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
എന്തെങ്കിലും ആയിത്തീരണം എന്നാഗ്രഹം കുട്ടിക്കാലത്തുമില്ല, ഇപ്പോളുമില്ല. സന്തോഷം, അതിനെ കരിയറുമായി (കരിയറില്‍ ആരാവണം എന്നര്‍ത്ഥത്തിലാണ് ചോദ്യമെന്ന് കരുതുന്നു.) ബന്ധിപ്പിച്ചു കാണുന്നില്ല. പൊതുവേ, അമിതമായി സന്തോഷിക്കുകയോ വല്ലാതെ ദുഃഖിക്കുകയോ ചെയ്യാറില്ല. പിന്നെയും കൂടുതല്‍ ബാധിക്കുന്നത് ദുഃഖമാണ്, അമിതമായ സന്തോഷം ഒരു കാര്യത്തിലും തോന്നാറില്ല.
ഇരുപതു വര്‍ഷം പിന്നോട്ടു നീക്കിയതിനു ശേഷം വീണ്ടും ജീവിച്ചാലും കാര്യമായ മാറ്റമൊന്നുമുണ്ടാകുവാന്‍ സാധ്യത കാണുന്നില്ല. പിന്നെ, പിഴവുകള്‍ പറ്റിയിട്ടുണ്ട്. അത് തിരുത്തുവാന്‍ ശ്രമിക്കും. എന്തെങ്കിലും ആയിത്തീരുക എന്നത് എന്റെ ലക്ഷ്യമല്ല. അതുപോലെ സന്തോഷത്തെക്കുറിച്ചും ദുഃഖത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങളും സത്യസന്ധമായി തന്നെ എഴുതിയതാണ്. എന്നെ നേരിട്ടറിയുന്നവര്‍ക്ക് ഒരുപക്ഷെ അത് സത്യമാണെന്ന് മനസിലാവുമായിരിക്കും.
7. കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതില്‍ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്?
ഇതില്‍ പരിചയമുള്ള ആഹാരസാധനങ്ങള്‍ കുറവാണല്ലോ! ഇതിനോടൊന്നും പ്രത്യേകിച്ച് ഇഷ്ടമില്ല. പീത്സ ഓ.കെ.
ആഹാരസാധനങ്ങള്‍ പലതും എനിക്ക് മനസിലായില്ല, മാത്രവുമല്ല ഞാന്‍ മുട്ടയും പാലും മാത്രം കഴിക്കുന്ന ഒരു വെജിറ്റേറിയനുമാണ്. :-) പീത്സ വല്ലപ്പോഴും കഴിക്കുവാന്‍ ഇഷ്ടമാണ്.
8. ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട)
സ്വന്തം വാഹനം! അതു സൈക്കിളാണെങ്കില്‍ അത്. (ഉപയോഗം കൂടി കണക്കിലെടുക്കണം, എന്നിട്ട്.)
ഫിലോസഫിക്കലായില്ല എന്നു കരുതുന്നു. സ്വന്തം വാഹനം തന്നെയാണ് എനിക്ക് പ്രീയപ്പെട്ടത്. പക്ഷെ, ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരം വരെപ്പോകുവാന്‍ എനിക്ക് കെ.എസ്.ആര്‍.ടി.സി. ബസ് ആണ് ഇഷ്ടം, സൈക്കിളല്ല. അതാണ് ബ്രാക്കറ്റില്‍ ഉപയോഗം കൂടി കണക്കിലെടുക്കണം എന്ന് എടുത്തെഴുതിയത്.
9. കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും?
ഇനി കഷണ്ടിയാവുമോയെന്നു പേടിക്കാണ്ട് ജീവിക്കും!
അതല്ലേ ചെയ്യുവാനുള്ളൂ!
10. കെ. എസ്. കോപാലകൃഷ്ണന്‍ എന്തുകൊണ്ടു്, അടൂര്‍ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല?
കൈപ്പള്ളിയെന്തുകോണ്ട് വിശാലമനസ്കനെപ്പോലെ എഴുതുന്നില്ല?
ഇതൊരു ചോദ്യമാണെങ്കിലും അതിലൊരു ഉത്തരമില്ലേ? ഓരോരുത്തര്‍ക്കും അവരവര്‍ പറഞ്ഞതുമാത്രമേ ചെയ്യുവാന്‍ കഴിയുകയുള്ളൂ എന്ന ഉത്തരം?
11. ഭ്രാന്തു് ഒരു പകര്‍ച്ച വ്യാതിയാണോ?
അല്ലെന്നാണ് അറിവ്.

12. നിങ്ങളുടെ തൊഴില്‍ മേഖല ഏത് ഗണത്തില്‍ പെടും? 1) ഉല്പാതനം 2) കച്ചവടം 3) ജനസേവനം 4‌) വിനിമയം 5‌) വിദ്യാഭ്യാസം
ജോലിയില്ല, ജീവിതമേയുള്ളൂ!
ഇതും സത്യമാണ്. :-) സ്ഥിരമായൊരു ജോലി എനിക്കുണ്ടായിട്ടില്ല, ഇനി ഉണ്ടാകുവാനും സാധ്യത കുറവാണ്. നമ്മുടെ ഇഷ്ടത്തിനൊത്ത് ജീവിക്കുക, ആ ഇഷ്ടങ്ങളില്‍ നിന്നു തന്നെ വരുമാനവും കഴിയുമ്പോലെ ഉണ്ടാക്കുക. ഈ ഒരു ആശയമാണ് എനിക്കുള്ളത്. ഏതെങ്കിലുമൊരു ഗണത്തില്‍ അതിനെ പെടുത്തുവാന്‍ കഴിയുകയില്ല. ഇതും ഫിലോസഫിക്കലായി പറഞ്ഞ ഉത്തരമല്ല. ഞാന്‍ ഇപ്പോള്‍ അപ്രകാരമാണ് ജീവിക്കുവാന്‍ ശ്രമിക്കുന്നത്, അതതുപോലെ പറഞ്ഞുവെന്നു മാത്രം. അല്പം കൂടി വിശദമായ ഉത്തരം നല്‍കാമായിരുന്നെന്നു തോന്നുന്നു. തെറ്റിദ്ധരിപ്പിച്ചതായി തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
13. ഇന്നു നമ്മുടെ നഗരങ്ങളില്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്?
ജോലിയില്ലാത്തവര്‍ക്ക് അതിന്റെ പ്രശ്നം, ജോലിയുള്ളവര്‍ക്ക് അതിന്റെ പ്രശ്നം. പ്രണയിക്കുന്നവര്‍ക്ക് അതിന്റെ പ്രശ്നം, പ്രണയിമില്ലാത്തവര്‍ക്ക് അതിന്റെ പ്രശ്നം. ഇങ്ങിനെ നോക്കിയാല്‍ മൊത്തം പ്രശ്നങ്ങളാണ്. സ്വന്തമായി എന്തെങ്കിലും ചിന്തിച്ച്, ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുവാനുള്ള സാമൂഹിക/വ്യാവസായിക/കുടുംബ സാഹചര്യങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്കില്ല. അതാണെന്നു തോന്നുന്നു ഏറ്റവും വലിയ പ്രശ്നം. നഗരങ്ങളിലെ യുവാക്കള്‍ക്ക്, നഗരത്തിന്റെ വേഗതയ്ക്കനുസരിച്ച് ഈ പ്രശ്നങ്ങളും കൂടുതലായിരിക്കുമെന്നു മാത്രം.
പന്ത്രണ്ടില്‍ പറഞ്ഞ രീതിയില്‍ ഇഷ്ടത്തിനൊത്ത് ജീവിക്കുകയും, ആ ഇഷ്ടങ്ങളില്‍ നിന്നും വരുമാനം കണ്ടെത്തുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതൊക്കെ ഇന്നത്തെ സാമുഹിക/കുടുംബ സാഹചര്യങ്ങളില്‍ അത്ര എളുപ്പം സാധിക്കുമെന്നു തോന്നുന്നില്ല. പ്രായോഗികജീവിതത്തിന് സഹായകമല്ല എന്നതാണ് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വിമര്‍ശനം. ഞാന്‍ കണ്ടും കേട്ടും അറിയുന്ന കാര്യങ്ങള്‍ വെച്ചും, സ്വാനുഭവത്തില്‍ നിന്നും ഇങ്ങിനെയൊരു ഉത്തരമാണ് തോന്നിയത്.
14. മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?
ആരാധകരുടെ കഴിവുകേടു കൊണ്ടല്ലേ? :-)

15. മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ?
വളര്‍ച്ചയും രൂപാന്തരണവും എന്നുമുണ്ടാവും. (കൈപ്പള്ളി എഴുത്തു നിര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പ്രത്യേകിച്ചും! :-D) ഭാഷ ഒരു വിനിമയോപാധി മാത്രമാണ്, അതില്‍ വഷളാവലിന്റെയും മറ്റും പ്രശ്നം ഉദിക്കുന്നില്ല.
ആശയങ്ങള്‍ വഷളാവാം. പക്ഷെ, അതു പ്രകടിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഭാഷ വഷളാണെന്നു പറയുവാനൊക്കുമോ?
16. എന്താണു് സമൂഹിക പ്രതിബദ്ധത?
സമൂഹത്തെ കുടുംബമായും, താന്‍ തന്നെയായും കാണുകയും; താന്‍ തന്റെയും കുടുംബത്തിന്റെയും നന്മയ്ക്കായി നിലകൊള്ളുന്നതുപോലെ സമൂഹത്തിനു വേണ്ടി നിലകൊള്ളുകയും... (ഇനി നന്മയെന്താണ് എന്നതൊക്കെ വിശദീകരിക്കേണ്ടിവരും!)

17. നിങ്ങളുടേ മുന്നില്‍ മൂന്നു buttonകളു ഉണ്ട്.
1) അമര്‍ത്തിയാല്‍ ഈ ലോകത്തിലുള്ള ഏകാധിപതികള്‍ എല്ലാം നിന്ന നില്‍പ്പില്‍ തന്നെ ചത്തു് വീഴും.
2‌) അമര്‍ത്തിയാല്‍ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
3) അമര്‍ത്തിയാല്‍ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗില്‍ ഉള്ള ഓര്‍മ്മ കുറിപ്പിസ്റ്റുകള്‍ക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതില്‍ ഒന്നുമാത്രമെ അമര്‍ത്താന്‍ കഴിയുകയുള്ളു. നിങ്ങള്‍ ഏതമര്‍ത്തും? എന്തുകൊണ്ടു?

1. ഈ ലോകത്ത് ഇപ്പോളുള്ള ഏകാധിപതികള്‍ ആരൊക്കെയാണ്? അവരൊക്കെ ദുഷ്ടന്മാരാണോ? ഇതൊന്നുമറിയാതെ ഈ ബട്ടണ്‍ അമര്‍ത്താനൊക്കില്ല.
2. ഈ ബട്ടണ്‍ അമര്‍ത്തണമെങ്കില്‍ മനോരമക്കാരെനിക്ക് കാശു തരണം. :-) അങ്ങനിപ്പം അവരു കാശുചിലവില്ലാതെ യൂണിക്കോഡിലേക്ക് മാറണ്ട.
3. ഇതിപ്പോള്‍, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാരും ഓര്‍മ്മക്കുറിപ്പിസ്റ്റുകള്‍ തന്നെയല്ലേ! എന്റെ ഓര്‍മ്മയും പോയാലെന്തു ചെയ്യും. അതുകൊണ്ട് ഇതു വേണ്ട.
പിന്നെ, ഞാനൊരു വിശാലമനസ്കനായതുകൊണ്ട് 2 ഞെക്കുന്നു. :-)

18. ഇവരില്‍ താങ്കള്‍ക്ക് ആരെയാണു് കൂടുതല്‍ ബഹുമാനം:
K. കരുണാകരന്‍, EMS, AKG, സി.എച്ച്. മുഹമ്മദ്കോയ,
മന്നത്ത് പത്മനാഭന്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍, Dr. പല്‍‌പു, വെള്ളാപ്പള്ളി നടേശന്‍.

അങ്ങനെയൊരു ബഹുമാനം ഇവരാരോടും തോന്നുന്നില്ല.

19. ആക്ഷേപഹാസ്യവും വ്യക്തിഹത്യയും എങ്ങനെ വേര്‍തിരിച്ചറിയും?
ഉദ്ദേശിക്കുന്ന വ്യക്തിക്കും സന്തോഷം തോന്നുന്നെങ്കില്‍ അത് ആക്ഷേപഹാസ്യം, മറിച്ചാണെങ്കില്‍ വ്യക്തിഹത്യ!

20. നിങ്ങള്‍ Dinnerനു് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്ന രണ്ടു പേരില്‍ ആരെ ക്ഷണിക്കും? അവര്‍ക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
Amithabh Bachan, Pierce Brosnan, Che Guevara, മമ്മൂട്ടി, വീരകേരളവര്‍മ്മ, ശില്പാ ഷെട്ടി, Mohan Lal, Nelson Mandela, Khalil Gibran, പിണറായി വിജയന്‍, സലീം കുമാര്‍, വി.ഡി. രാജപ്പന്‍(കാഥികന്‍), എം.ടി. വാസുദേവന്‍ നായര്‍, Jayalalitha (ex TN CM), വള്ളത്തോള്‍, വയലാര്‍, K. Karunakaran, വിശാലമനസ്കന്‍ (സജീവ് ഇടത്താടന്‍)

ഇവരിലാരാ കുറച്ചു ഭക്ഷിക്കുന്നേ? ;-) ഭക്ഷണം ലഭ്യമായവയില്‍ അവര്‍ക്കിഷ്ടമുള്ളത്. അല്ലാതെ എന്തായാലും എന്റെ ഇഷ്ടത്തിനു വാങ്ങിക്കൊടുക്കില്ല.
1. Pierce Brosnan - പ്രത്യേകിച്ചൊന്നും ഞാനായിട്ട് ചോദിക്കില്ല.
2. വിശാലമനസ്കന്‍ - Pierce-നോട് ചോദ്യം ചോദിക്കുന്നത് വിശാലനായിരിക്കും. ഞാന്‍ എന്നിട്ട് രണ്ടാളുടേയും സംസാരം കേട്ടിരിക്കും. :-)
സത്യത്തില്‍ മാര്‍ക്കേസിനെ വിളിക്കുവാനായിരുന്നു എനിക്കാഗ്രഹം. കൈപ്പള്ളി എനിക്കാ ചോയിസ് തന്നില്ല! :-( പിന്നെ, ഇവിടെല്ലാരും ഉത്തരമെഴുതുന്നത് രണ്ടു പേരേയും വിളിച്ച് ഡിന്നറിനെന്നും പറഞ്ഞ് മുന്നിലിരുത്തും, എന്നിട്ട് ഇന്റര്‍വ്യൂ കണക്ക് ചോദ്യം ചോദിക്കുമെന്ന രീതിയിലാണ്. ഡിന്നറിനിരിക്കുന്ന രണ്ടു പേരും തമ്മില്‍ ഒന്നും മിണ്ടില്ലേ? എനിക്ക് രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചിരിക്കുന്നത് കേള്‍ക്കുവാനാണ് സംസാരിക്കുന്നതിലും കൂടുതലിഷ്ടം. ഇടയ്ക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കുകയും ചെയ്യാമല്ലോ! അതുകൊണ്ട് ഉത്തരം ഇങ്ങിനെയെഴുതി.

21. ഒരു് സംഘം അന്യഗ്രഹ ജീവികള്‍ നക്ഷ്ത്ര സഞ്ചാരത്തിനിടയില്‍ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിര്‍ത്തുന്നു. ഈ അവസരം നിങ്ങള്‍ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങള്‍ അവരോടു് എന്തു ചോദിക്കും? ഭൂമിയില്‍ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവര്‍ക്ക് കാണിച്ചുകൊടുക്കും?
1. ബ്ലോഗിന്റെ അഡ്രസ് കൊടുക്കും.
2. എന്റെ വീട്ടുമുറ്റത്തുവരെ അന്യഗ്രഹത്തിലെ പേടകം വരും, നിങ്ങളുടെയടുത്ത് ഒരു ചന്ദ്രയാനമെങ്കിലും ലാന്‍ഡ് ചെയ്യുമോ ഹേ?
3. ഇതിനപ്പുറം എന്തു പുരോഗതി കാട്ടിക്കൊടുക്കാനാണ്.

22. ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തില്‍ ഇവിടങ്ങളിലെ ഉയര്‍ന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ?
ആവാം, ആവാതിരിക്കാം! സാമ്പത്തികകാര്യങ്ങളില്‍ പിന്നിലാണ്...
ചിലവാക്കുന്നതില്‍ പിന്നിലല്ലാട്ടോ... :-)
23. നിങ്ങള്‍ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും?
രാജിവെയ്ക്കും! :-) വേറെ ഒന്നും ആ സമയത്തില്‍ ചെയ്യുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

24. നിങ്ങള്‍ക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും?
“എന്റെ പക്കല്‍ മിച്ചമുള്ള വരങ്ങളെപ്പോളും രണ്ടായിരിക്കുവാന്‍ അനുഗ്രഹിക്കണം.” - ഇതാവും ആദ്യം ആവശ്യപ്പെടുന്ന വരം.

25. 1 Billion US$ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്തു ചെയ്യും?
ചുമ്മാ അക്കൌണ്ടിലിടും, എന്നിട്ട് പലിശ കൊണ്ട് ഇഷ്ടമുള്ളതുപോലെ ജീവിക്കും.

26. ബ്ലോഗില്‍ നിന്നും ലേഖനങ്ങളും, ചിത്രങ്ങളും അടിച്ചു മാറ്റുന്ന അച്ചടി മാദ്ധ്യമങ്ങളെ എന്തു് ചെയ്യും?
വരങ്ങള്‍ കിടക്കുവല്ലേ... അപ്പോഴത്തെ മൂഡ് പോലെ എന്തേലും ചെയ്യാം. അങ്ങിനെയെന്തെങ്കിലും അത്ഭുതത്തിലൂടെയല്ലാതെ ഒന്നും നടക്കുമെന്നു തോന്നുന്നില്ല. :-(

27. നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയില്‍ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കില്‍ കുറയാതെ വിവരിക്കുക.
ഒന്നാം സ്കാന്‍: രണ്ടു വഴികള്‍, പരസ്പരം കൂട്ടിമുട്ടാതെ... തിരക്കുകള്‍... മതില്‍, മരച്ചില്ലകള്‍, ചുവന്ന മണ്ണ്, കല്ലു പടവുകള്‍... രണ്ടാം സ്കാന്‍: ഇലക്ട്രിക്ക് പോസ്റ്റുകള്‍, അവയെ ബന്ധിപ്പിച്ച് ലൈന്‍ കമ്പികള്‍... ഉണങ്ങിവീണ ഓലകള്‍...

28. ബ്ലോഗില്‍ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?
എഴുതുവാന്‍ ഇഷ്ടമാണ്, ബ്ലോഗിലാവുമ്പോള്‍ നാലാള് വായിക്കുമല്ലോ... അതുകൊണ്ടെഴുതി. എഴുതണമെന്ന് കരുതുന്നു.

29. ഒരു hotel-ല്‍ രണ്ടു blog meet നടക്കുന്നു. അതില്‍ ഒരു bar-ല്‍ ബ്ലോഗ് കവികളും വേറൊരു bar-ല്‍ ബ്ലോഗ് ഓര്‍മ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങള്‍ ഏതു bar-ല്‍ കയറും?
ഏതിലും കയറും.

30. നിങ്ങള്‍ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാന്‍ അവസരം തരുന്നു. എന്തു ചോദിക്കും?
”ബ്ലോഗ് പോസ്സുകളുടേയും കമന്റുകളുടേയുമൊക്കെ സ്റ്റാറ്റിസ്റ്റിക്സ് കാട്ടിത്തരുന്ന ഒരു സാധനം ഉണ്ടാക്കിയല്ലോ, അതു പൂട്ടിക്കെട്ടിയോ?“ എന്നു ചോദിക്കും.

31. ബ്ലോഗില്‍ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു?
അതിനൊരു പ്രത്യേക കാഴ്ചയുടെ ആവശ്യമുണ്ടോ?

32. ഈ പറയുന്ന എഴുത്തുകാരില്‍ ആരെയാണു് കൂടുതല്‍ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദന്‍, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയന്‍, ബഷീര്‍, ആനന്ദ്, വി.കെ.എന്‍, തകഴി, എം.ടി വാസുദേവന്‍ നായര്, പെരുമ്പടവം.
വി.കെ.എന്‍. > ബഷീര്‍ > തകഴി > എം.ടി.വി. ...

33. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
മെലിഞ്ഞാലും പൊക്കം കുറയുവോ? ഉയരമുള്ള തൊഴുത്താണെങ്കില്‍ ഓ.കെ.

34. വാര്‍ത്തകള്‍ ഇല്ലായിരുന്നെങ്കില്‍ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു?
വേറെ എന്തൊക്കെ പരിപാടികള്‍ കിടക്കുന്നു!

ഗോമ്പറ്റീഷന്‍ എന്ന മത്സരം രസകരമാകുന്നത്, ക്ലൂകള്‍ ഒളിപ്പിച്ച ഉത്തരങ്ങളിലൂടെയാണ് എന്നു മനസിലാക്കി തന്നെയാണ് ഞാന്‍ ഉത്തര്‍ങ്ങള്‍ എഴുതിയത്. താഴെപ്പറയുന്ന കാര്യങ്ങളാണ് ഗോമ്പറ്റീഷനില്‍ പങ്കെടുക്കുന്നവരെ എന്റെ പ്രൊഫൈലിലേക്കെത്തിക്കുമെന്ന് ഞാന്‍ കരുതിയത്:
  1. ഓരോന്നു പറയുമ്പോഴും വിശദീകരണങ്ങള്‍ ബ്രാക്കറ്റില്‍ നല്‍കുന്ന രീതി. പലപ്പോഴും ഞാന്‍ ഈ രീതി പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്.
  2. സ്മൈലികളുടെ ധാരാളമായ ഉപയോഗം. അതും ചുരുക്കാതെ വിശദമായി തന്നെ. ഉദാ: :)-ക്കു പകരം :-) ഇങ്ങിനെ മുഴുവനായി.
  3. കൈപ്പള്ളിയോടുള്ള ചോദ്യം, സാങ്കേതിക വിഷയങ്ങളോട് താത്പര്യം സൂചിപ്പിക്കുന്നു.
  4. പ്ലേജറിസത്തെക്കുറിച്ചുള്ള ചോദ്യത്തിനു നല്‍കിയ ഉത്തരം. അച്ചടിമാധ്യമം എന്ന് ചോദ്യത്തില്‍ എടുത്തു ചോദിച്ചിരുന്നതിനാലാണ് അങ്ങിനെ ഉത്തരം നല്‍കിയത്. ഭൂരിഭാഗം കേസുകളിലും പ്രതിഷേധങ്ങളിലും കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് പ്രതിഷേധിക്കാതെയിരിക്കണം എന്നും കരുതുന്നില്ല.
  5. ബ്ലോഗുകളെഴുതുമ്പോള്‍ എന്റെ രീതിയില്‍, കഴിവതും അച്ചടിഭാഷയില്‍ തന്നെയാണ് എഴുതുന്നത്. (എനിക്കിഷ്ടം അതായതുകൊണ്ടാണേ...) കമന്റുമ്പോള്‍ പലപ്പോഴും അങ്ങിനെയാവാറില്ല, അല്പം ലാഘവമായാണ് കമന്റുകള്‍ എഴുതാറ്‌. ഈ രണ്ട് ശൈലിയും എന്റെ ഉത്തരങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം.
  6. നോണ്‍-അറ്റോമിക് ചില്ലുകളാണ് ഞാന്‍ ഉപയോഗിക്കാറ്‌. കൈപ്പള്ളിയുടെ ചോദ്യങ്ങളിലെ അറ്റോമിക് ചില്ലുകളും ഞാന്‍ മാറ്റുകയുണ്ടായി. (അറ്റോമിക് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനാല്‍, പലപ്പോഴും വായന ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആദ്യമതങ്ങ് മാറ്റി.)
വളരെയെളൂപ്പം എന്നെപ്പിടിക്കുട്ടുമെന്നതിനാല്‍ ഒഴിവാക്കിയ ഒരു ചോദ്യം “ബ്ലോഗില്‍ അവസാനമായി വായിച്ച ലേഖനം ഏതാണു്?”. അതിന് പറയുവാനുണ്ടായിരുന്ന ഉത്തരം: മനോജ് കുറൂര്‍ എഴുതിയ ‘കലാമണ്ഡലം ഗോപി: കാലവും ക്രിയയും’ എന്ന ലേഖനം.

ഊഹിച്ച മറ്റു പേരുകള്‍ കൂടി (ഗോമ്പറ്റീഷന്‍ നിയമങ്ങള്‍ അനുസരിച്ച്):
  1. അപ്പു (ഊഹിച്ചവര്‍: 1)
  2. അങ്കിള്‍ (1)
  3. ആഷ | Asha (2)
  4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി (1)
  5. ഞാന്‍ (2)
  6. തമനു (1)
  7. പ്രിയ (5)
  8. മയൂര (1)
  9. സനാതനന്‍ ‍| sanathanan (1)
  10. സു | Su (6‍)
  11. G.manu (2)
  12. Visala Manaskan (1)

ഒടുവില്‍ എന്നെ കണ്ടുപിടിച്ചവര്‍: പത്തു പേര്‍ (ജോഷി, ആഷ | Asha, വല്യമ്മായി. സുല്‍ |Sul, അഭിലാഷങ്ങള്‍, Siju | സിജു, പുള്ളി പുലി, പ്രിയ, കുട്ടിച്ചാത്തന്‍, സാജന്‍| SAJAN)

ചില കമന്റുകള്‍:
  1. ജോഷി - സ്മൈലികളിലെ വ്യത്യാസം ആദ്യമായി പറഞ്ഞത് ഈ കമന്റിലൂടെയാണ്.
  2. വല്യമ്മായി - ഭാഷാശൈലി സു | Su വിന്റേതില്‍ നിന്നും വ്യത്യാസമുണ്ട് എന്നു പറഞ്ഞത് ഈ കമന്റില്‍.
  3. ആഷ | Asha - സ്മൈലികളിലെ വ്യത്യാസം, പ്ലേജറിസം ചോദ്യത്തിനു നല്‍കിയ ഉത്തരം എന്നിവ ശ്രദ്ധിച്ചിട്ടുണ്ട് ഈ കമന്റില്‍.
  4. വല്യമ്മായി - ‘ചെയ്യുവാനില്ല’ എന്ന് ഞാന്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നുണ്ട് എന്നത് ഇവിടെ പറഞ്ഞിരിക്കുന്നു. ഞാന്‍ തന്നെ അതിപ്പോഴാണ് ശ്രദ്ധിക്കുന്നത്.
  5. Siju | സിജു - ഇവിടെ ‘ചെയ്യുവാനില്ല’ ചിത്രവിശേഷത്തില്‍ എത്രപ്രാവശ്യം വന്നിട്ടുണ്ടെന്ന് സിജു തപ്പിയെടുത്തിരിക്കുന്നു!
  6. ആഷ | Asha - ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സു | Su-വില്‍ നിന്നും വ്യത്യസ്തമാണെന്ന് ഇതില്‍ പറയുന്നു.
  7. ആഷ | Asha - യൂണീക്കോഡാക്കുന്നതിനു കാശു വാങ്ങും, ജോലിയുടെ കാര്യം എന്നിവയും ഈ കമന്റില്‍ ശ്രദ്ധിച്ചിരിക്കുന്നു.
  8. അനില്‍ശ്രീ.. - പ്ലേജറിസത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഞാന്‍ നല്‍കിയ ഉത്തരം ഞാന്‍ നല്‍കുവാന്‍ സാധ്യതയില്ല എന്നായിരുന്നു അനില്‍ശ്രീയുടെ വാദം.
  9. അഭിലാഷങ്ങള്‍ - അഭിലാഷല്പം സീരിയസായി പറഞ്ഞ കമന്റാണിത്. സ്നേഹം, ഭയം, ക്രോധം എന്നിവയാണ് ദുഃഖം കൂടുതലായി ഉണ്ടാകുവാനുള്ള കാരണങ്ങള്‍. അവകൂടി ഒഴിവാക്കിയാല്‍ മനസമാധാനമുണ്ടാവും എന്നാണ് അഭിലാഷിന്റെ (കൃഷ്ണേട്ടന്റെ...) മതം. :-) ശരിയാണ് അഭിലാഷേ, ഇവിടെ ഭയവും ക്രോധവും എനിക്ക് കാരണങ്ങളല്ലെന്നു മാത്രം.
  10. അപ്പു - ഉത്തരം കൈപ്പള്ളി പറഞ്ഞതിനു ശേഷമാണ് ഈ ഗംഭീരം കമന്റ്. ഈ ഉത്തരങ്ങള്‍ എന്തുകൊണ്ട് ഞാന്‍ പറഞ്ഞതല്ല, തമനു പറഞ്ഞതാണ് എന്ന് ശക്തവും വ്യക്തവുമായി അപ്പു ഇവിടെ വിശദമാക്കിയിരിക്കുന്നു. :-) വായിച്ചു ഞാന്‍ പോലും ഈ ഉത്തരങ്ങളൊന്നും എന്റേതല്ലേന്ന് സംശയിച്ചു പോയി! :-D

മത്സരശേഷം ഞാന്‍ അവിടെയിട്ട കമന്റുകൂടി ചേര്‍ത്ത് ഈ പോസ്റ്റ് അവസാനിപ്പിക്കട്ടെ. കൈപ്പള്ളിയും അഞ്ചല്‍ക്കാരനും കൂടി ഇത്ര കഷ്ടപ്പെട്ട് ഗോമ്പറ്റീഷനൊക്കെ നടത്തുമ്പോള്‍ ഇത്രയുമെങ്കിലും സ്വന്തം ബ്ലോഗിലും ചെയ്യേണ്ടേ! അതുകൊണ്ട് എഴുതിയെന്നു മാത്രം.
Haree | ഹരീ said...
എല്ലാവര്‍ക്കും നണ്ട്രി. :-) ഹൊ! നിങ്ങളെങ്ങാനും എന്നെ കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ആ കൈപ്പള്ളി എന്നെ വീണ്ടും ചീത്തപറഞ്ഞേനേ! ഇവിടെ ഇതു കൊണ്ട് പോസ്റ്റിയപാടെ പുള്ളി എനിക്കും ഒരു മെയില്‍. മുഴുവന്‍ കൃത്രിമമാണ്, ചോദ്യകര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്, ഇതു നോക്കി അര്‍ക്കും കണ്ടുപിടിക്കുവാനൊക്കില്ല... :-(
• ഞാന്‍ മനഃപൂര്‍വ്വം കൃത്രിമമായ ഉത്തരം നല്‍കുവാന്‍ ശ്രമിച്ചിട്ടില്ല.
• പിന്നെ, ഞാനെഴുതുന്ന സിനിമ, കഥകളി, സാങ്കേതികം ഇവയൊന്നും എന്റെ ഇത്തരം ചിന്തകളുമായി ബന്ധപ്പെടുന്നില്ലല്ലോ, പിന്നെ ഞാനിങ്ങനെയൊക്കെയാവും എന്ന് ഒരൂഹം, അതനുസരിച്ചാവണം കൃത്രിമമായി തോന്നിയത്.
ഓരോ ഉത്തരത്തിനും എനിക്കുള്ള ന്യായീകരണങ്ങളുമായി വൈകാതെ തന്നെ ഗ്രഹണത്തിലൊരു പോസ്റ്റിടുന്നതാണ്. അപ്പോള്‍, ഇവിടെ ചോദിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നതാണ്.
> ഹൊ! സൂവേച്ചിയുമായി എനിക്കിത്രയും മനപ്പൊരുത്തമുണ്ടോ!
> ബെസ്റ്റ്, മത്സരത്തില്‍ പങ്കെടുത്ത ആളായിട്ടു കൂടി ഇടതു വശത്തെ അക്ഷരത്തെറ്റുകളാണോ എന്റേതായെടുത്തേ! എന്നിട്ട് അഞ്ചത്സാണത്രേ ഗമ്പ്ലീറ്റ് റോങ്ങ് ഗസ്സിങ്ങും, ഗമ്പ്ലീറ്റ് റോങ്ങ് അവലോകനങ്ങളും നടത്തുന്നത്! :-P
> @ അനില്‍ശ്രീ... യഹൂ! ഒരു ഓണ്‍ലൈന്‍ മാധ്യമമല്ലേ, കൈപ്പള്ളി അച്ചടി മാധ്യമമെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. യാഹൂവിന് മാന്യതയുള്ളതുകൊണ്ട് പ്രതികരിച്ചു, തെറ്റു തിരുത്തി. ഇല്ലാത്ത ഗുഡ്‌വില്‍ എങ്ങിനെ പോവാന്‍ എന്നാണ് ഇവിടുത്തെ അച്ചടിമാധ്യമങ്ങളുടെ ചിന്ത. മാത്രവുമല്ല, അങ്ങിനെയെങ്കിലും നാലാള് ആ പ്രസിദ്ധീകരണത്തെക്കുറിച്ച് വായ്ക്കുകയും അറിയുകയും ചെയ്യുമെന്ന സൌകര്യവുമുണ്ട്! അച്ചടിമാധ്യമങ്ങളുടെ ഭാഗത്തുനിന്നും 10-ല്‍ 9 കേസുകളിലും ദൌര്‍ഭാഗ്യകരമായ നിലപാടാണുണ്ടായത്. അതാണ് അങ്ങിനെ ഉത്തരമെഴുതിയത്. തീര്‍ച്ചയായും പ്രതിഷേധിക്കും, പക്ഷെ എന്തെങ്കിലും നടക്കുമെന്ന വിശ്വാസത്തിലല്ല പ്രതിഷേധിക്കുന്നത് എന്നു മാത്രം.
കുറേപ്പേര്‍ ഇവിടെയായിരുന്നല്ലേ പിറന്നാള്‍ ആഘോഷിച്ചത്. ഹൊ! അപ്പോള്‍ എല്ലാവര്‍ക്കും ബിലേറ്റഡ് ഹാപ്പി ബര്‍ത്ത്ഡേ... പോയിന്റൊക്കെ അഞ്ചല്‍ക്കാരന്‍ കൂട്ടി കൂട്ടി ഒരു പരുവത്തിലായിക്കാണും. പാവം! :-(
എന്തായാലെന്താ ഇത്രേം ഉദ്വേഗം നിറഞ്ഞ ഒരു ഗോമ്പറ്റീഷന്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു പോവുകയാണ്. മറ്റെല്ലാത്തിലും ഒരു 30-40 കമന്റാവുമ്പോഴേ ആളുടെ കാര്യത്തില്‍ ഒരു തീരുമാനമാവും. പിന്നെല്ലാവരും വന്ന് 2 പോയന്റ് വാരിക്കൊണ്ട് പോവുകേം ചെയ്യും... അതിവിടെ നടന്നില്ലല്ലോ... അഭിലാഷ് പറഞ്ഞ എന്റര്‍ടേന്മെന്റ് ശരിക്കും കിട്ടിയത് ഇതിലല്ലേ? :-P :-D
അപ്പോളെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി പെരുത്ത് നണ്ട്രി. ലാല്‍ സലാം.
--
24-Mar-2009 21:09:00

ഓഫ്: ചോദ്യങ്ങളിലെ അക്ഷരത്തെറ്റുകളുടെ കോപ്പിറൈറ്റ് ഗോമ്പറ്റീഷന്‍ രക്ഷാധികാരിയായ കൈപ്പള്ളിക്ക് സ്വന്തം. :-)
--

Friday, March 20, 2009

പ്രിയം

Priyam - Poem by Haree.
ചില നേരത്തെ നിശ്വാസത്തില്‍
ആഴമെത്തും ചിന്തതന്‍ കിതപ്പും,
കണ്ണുകളില്‍ കനിവിന്റെ
നനുത്ത നിണച്ചാര്‍ത്തും;
കാറ്റിന്റെ സഞ്ചാരപഥങ്ങള്‍
വിരല്‍ തൊട്ടുവരുതിയിലാക്കി
യുതിര്‍ക്കും ഈണങ്ങളില്‍
പ്രണയത്തിന്‍ നിറഭേദങ്ങളും;
തന്ത്രികള്‍ ശ്രുതിചേര്‍ത്തു
മുറുക്കുമ്പോള്‍ പൊഴിയും
വിലാപങ്ങള്‍ പ്രതിധ്വനി-
ച്ചണഞ്ഞുണരും നിശബ്ദതയും;
രാത്രിയും, ചാറ്റലും, ഒറ്റമുറിവെട്ടവും,
മടുപ്പിക്കുന്നൊരീയേകാന്തതയും,
ഓര്‍മ്മകള്‍ വിരമിച്ച തീരങ്ങളും,
നീയും, നിലാവും, നിറച്ചാര്‍ത്തും,
കിനാവിന്റെ മോടിയും, മടിയും,
കടുത്തൊരെതിര്‍പ്പും, വെറുപ്പും,
കനിവില്ലാതെയുതിര്‍ക്കും വരികളും,
കളിവിളക്കും, കളിയും, കളിവാക്കും,
കൊതിതീരാതെ ചിരിക്കും ചിത്രങ്ങളും;
എല്ലാം പ്രിയമെന്നു തോന്നുമ്പോളെ-
വിടെയോ, പ്രിയേയെന്നു കേട്ടു
തിളങ്ങുന്ന മിഴികളും;
അതിനോടു ചേരുവാന്‍
കൊതിക്കും പുരികങ്ങളും,
ഓര്‍ത്തുകിടന്നു പുലരുന്ന രാത്രിയും;
പ്രിയമായതെന്നെന്നു കേട്ടാലറിയില്ല-
യെന്നൊറ്റവാക്കിലുത്തരവും,
തീരാതെയെഴുതുവാന്‍ ഒരുപാടു
നല്‍കുന്നയറിവും വെളിച്ചവും,
ഇന്നുമെനിക്കെന്നുമിവയെല്ലാം
പ്രിയമെന്നു ചൊല്ലുവാന്‍
കൊതിക്കുന്ന ഹൃദയവും,
എല്ലാം തിരിച്ചെടുത്തടക്കുവാന്‍,
മടിച്ചു മടങ്ങുന്ന വിധിയും,
പൊരുത്ത ദോഷങ്ങളും,
അങ്ങിനെ നീളുന്ന പ്രിയങ്ങളും,
ചിലയപ്രിയ സത്യങ്ങളും;
ആരുമേയല്ലന്നൊടുവില്‍
പറഞ്ഞങ്ങുപോകുവാന്‍
നേരത്തു പിടയുന്ന ഹൃദയവും,
മായ്ക്കിലും മായാത്ത വര്‍ണ്ണഭേദങ്ങളും,
കണ്ടുതീരത്ത സ്വപ്നങ്ങളും,
നേരിടാനാവാത്ത സത്യങ്ങളും;
ഒക്കെയ്ക്കുമൊടിവിലകലേക്ക്
പോവുന്ന നീ പറഞ്ഞവതന്റെ
നിലയ്ക്കാത്ത ധ്വനികളും;
പിന്നെപ്പറയുവാന്‍ നേരമെത്താ-
യ്കയാല്‍ ഇന്നേ കുറിക്കുന്നീ,
നിരര്‍ത്ഥമാം വരികളും!

Description: Priyam - A poem by Hareesh N. Nampoothiri aka Haree published in Grahanam blog.
--