തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തിരുവയ്യാര്‍ വഴിക്കാണ് തിരുച്ചിയിലേക്ക് മടങ്ങിയത്. ത്യാഗരാജസമാധി, കല്ലണ അണക്കെട്ട് എന്നിവ കാണുക എന്നതായിരുന്നു ഈ വഴി തിരഞ്ഞെടുക്കുവനുള്ള കാരണം. കാവേരിയുടെ സമാന്തരമായാണ് ഈ ചെറിയ പാത പോവുന്നത്. വേനല്‍ക്കാലമായതിനാല്‍ നിറഞ്ഞൊഴുകുന്ന കാവേരിക്കു പകരം വരണ്ടുണങ്ങിയ മണല്‍തിട്ടകള്‍ കണ്ടായിരുന്നു യാത്ര എന്നുമാത്രം. നദിയുടെ നടുവില്‍ നിന്നും വെള്ളമെടുക്കുന്നതിനായുള്ള പമ്പ് ഹൌസുകളും ഇടയ്ക്കിടെ കാണുവാനുണ്ട്. ചില സ്ഥലങ്ങളില്‍ മയിലുകളേയും കാണുവാന്‍ കഴിഞ്ഞു. ഉച്ചയ്ക്ക് മൂന്നരയോടെ തഞ്ചാവൂരില്‍ നിന്നും യാത്ര തിരിച്ച ഞങ്ങള്‍ നാലു മണിയോടെ തിരുവയ്യാറിലെത്തിച്ചേര്‍ന്നു.
കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയായ ത്യാഗരാജസ്വാമികളുടെ സമാധിസ്ഥലമാണ് തിരുവയ്യാറില്‍ സന്ദര്‍ശിക്കുവാനുള്ളത്. മുറ്റത്തു നില്‍ക്കുന്ന ആലിന്റെ ഇലകള്‍ കാറ്റിലാടുന്ന ശബ്ദം മാത്രമാണ് അവിടെ കേള്‍ക്കുവാനുള്ളത്. കാവേരി നദിയോടു ചേര്‍ന്നു തന്നെയുള്ള മണല്‍തിട്ടയിലാണ് വര്‍ഷാവര്‍ഷം ത്യാഗരാജസംഗീതോത്സവം നടക്കുന്നത്. സമാധിയ്ക്ക് അഭിമുഖമായി സംഗീതാരാധന നടക്കുന്ന രണ്ട് സ്ഥിരം വേദികളും ഇവിടെ കാണുവാനുണ്ട്. സമാധിയുടെ ഉള്ളില്‍ നാലുചുവരിലും ത്യാഗരാജകൃതികള്‍ മാര്‍ബിള്‍ ഫലകങ്ങളില്‍ കൊത്തിവെച്ചിരിക്കുന്നതു കാണാം. മാര്‍ബിളില്‍ കൊത്തിയ ചില ശില്പങ്ങളും ഉള്ളിലായുണ്ട്.
കാവേരി നദിക്കു കുറുകെയുള്ള കല്ലണ അണക്കെട്ട് (കല്ലണ എന്നാല്‍ തന്നെ കല്ലുകൊണ്ടുള്ള അണ എന്നാണ്, പിന്നെയൊരു അണക്കെട്ട് ആവശ്യമില്ലെങ്കിലും ഇപ്പോള്‍ കല്ലണ ഒരു പേരായി ഉപയോഗിക്കുന്നതിനാല്‍ അണക്കെട്ടെന്ന് ചേര്‍ക്കുന്നതില്‍ തെറ്റില്ല.) കാണുവാനായാണ് പിന്നീടു പോയത്. കരികാല ചോള എന്ന രാജാവിന്റെ കാലത്താണ് ഈ അണക്കെട്ട് പണിതുയര്‍ത്തിയത്. പൂര്‍ണ്ണമായും കല്ലുകെട്ടി നിര്‍മ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന് മുന്നൂറ്റി ഇരുപത്തിയൊന്‍പത് മീറ്റര്‍ പൊക്കവും ഇരുപതു മീറ്റര്‍ വീതിയുമാണുള്ളത്. കാവേരി നദിയില്‍ നിന്നും, കാര്‍ഷികാവശ്യങ്ങള്‍ക്കായി, അഞ്ച് കനാലുകളിലേക്ക് വെള്ളം തിരിച്ചുവിടുക എന്ന ധര്‍മ്മമാണ് ഈ അണക്കെട്ടിനുള്ളത്. കൃസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടില്‍ തീര്‍ത്ത ഈ അണക്കെട്ട്, ജലസേചനത്തിനായി ഉപയോഗിക്കുന്ന അണക്കെട്ടുകളില്‍ ലോകത്തിലെ തന്നെ പഴക്കം ചെന്നവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. കല്ലണ കെട്ടിയ കരികാല ചോളന്റെയും, കാവേരി അമ്മ(കാവേരി തായ്)യുടേയും ശില്പങ്ങളും ഒരു ഭാഗത്ത് കാണാം. വേനല്‍ക്കാലത്ത് അണക്കെട്ടിനുള്ളില്‍ ഇറങ്ങി ചെറിയ നീരരുവികളില്‍ കാല്‍ നനയ്ക്കാം, മഴക്കാലമായാല്‍ സമീപപ്രദേശങ്ങള്‍ പോലും വെള്ളത്തിനടിയിലുമാവും.
അമ്പലങ്ങള്‍ മാത്രം തുടര്‍ച്ചയായി കണ്ടാല്‍ ആര്‍ക്കും മടുപ്പു തോന്നും. ഇനി തിരുച്ചിയില്‍ കാണുവാനുള്ളതാവട്ടെ റോക്ക് ഫോര്‍ട്ടും അതിനോടനുബന്ധിച്ചുള്ള ഉച്ചൈപിള്ളയാര്‍ കോവിലും മാത്രവും. (പിന്നെയും അമ്പലങ്ങള്‍ ധാരാളമുണ്ട്, ഏറ്റവും പ്രധാനം ഇവിടമാണ്.) അതിനാല്‍ അടുത്ത ദിവസം കൊടൈക്കനാല്‍ വരെ പോയി വരാം എന്നു തീരുമാനിച്ചു. തിരുച്ചിയില്‍ നിന്നും ഏതാണ്ട് ഇരുനൂറു കിലോമീറ്ററോളം യാത്ര ചെയ്യണം കൊടൈക്കനാലിലെത്തുവാന്‍. കൊടൈക്കനാല്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.
അനുബന്ധം:
1. Thiruvaiyaru - Wikipedia
2. Tyāgarāja - Wikipedia
3. Grand Anicut (Kallanai) - Wikipedia
Description: A trip to Trichy (Thiruchi, Thiruchirappally, Thiruchirapalli) - A Travelogue. First day: SreeRanganathaSwamy Temple, Sreerangam: Sculpture, Interior, Corridor, Towers; Second day: Thanjavur Brahideeswara Temple: Towers, Main Shrine, Nandiswaran, Sculpture, Shrine of Subrahmanian, Corridor, Temple Courtyard; Thiruvaiyaru: Saint Thyagaraja Samadhi, Kaveri River, Thayagaraja Sangeetholsavam (Music Festival); Kallana Dam: Built by Karikala Chola, Statue of Karikala Chola, Statue of Kaveri Thai; Third Day: Amsapuram, Silver Cascade Falls, KodaiKanal, Coker's Walk, Bryant Park, Botanical Garden, Forth Day: Rock Fort Temple. A travelogue by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. May 2009. Photography by Haree and Sree.
--