Saturday, August 29, 2009

ദൃശ്യം@അനന്തപുരി (Drisyam Photo Exhibition)

Drisyam@ananthapuri - A photography exhibition organized by KeralaClicks.
ഓണ്‍‌ലൈന്‍ ഫോട്ടോ-ഷെയറിംഗ് / സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫ്ലിക്കറിലെ, ‘കേരളാക്ലിക്ക്സ്’ ഗ്രൂപ്പ് നടത്തുന്ന രണ്ടാമത് ഫോട്ടോഗ്രഫി എക്സിബിഷന് ആഗസ്റ്റ്‌ 30-ന് രാവിലെ തിരുവന്തപുരം മ്യൂസിയം ആഡിറ്റോറിയത്തില്‍ തുടക്കമാവും. പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ശ്രീ. ഷാജി എന്‍. കരുണാണ് പ്രദര്‍ശനം ഉത്ഘാടനം ചെയ്യുന്നത്. ലളിത കലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ പ്രമുഖ ശില്പി ശ്രീ. കാനായി കുഞ്ഞിരാമന്‍; സി-ഡിറ്റ് മുന്‍ ഡയറക്ടറും ഇപ്പോള്‍ കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ബയോ-ഇന്‍ഫര്‍മാറ്റിക്സ് ഡയറക്ടറുമായ ശ്രീ. അച്ചുത്‌ശങ്കര്‍ എസ്. നായര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

 കേരളാക്ലിക്ക്സ്

KeralaClicks.net Home-page.കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഫോട്ടോഗ്രഫി തത്പരരായ ആയിരത്തോളം അംഗങ്ങള്‍ അടങ്ങുന്ന ഒരു ചെറു സമൂഹമാണ് ‘കേരളാക്ലിക്ക്സ്’. കേരളത്തിന്റെ സംസ്കാരവും കലയും ജീവിതവും ചരിത്രവും എല്ലാം ചിത്രങ്ങളിലൂടെ മനസിലാക്കുകയും; അവയെക്കുറിച്ചുള്ള ധാരണകള്‍ പങ്കുവെയ്ക്കുകയും ചെയ്യുവാനൊരിടം എന്ന നിലയ്ക്കാണ് കേരളാക്ലിക്ക്സ് ആരംഭിക്കുന്നത്. സ്വദേശീയരും വിദേശീയരുമുള്‍പ്പെടുന്ന ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ പിന്തുണയോടെ ഈ ലക്ഷ്യത്തിലേക്കെത്തുവാന്‍ കേരളാക്ലിക്ക്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.

 ദൃശ്യം

Drisyam@ananthapuri in KeralaClicks.net Group.കേരളാക്ലിക്ക്സിന്റെ പ്രവര്‍ത്തനങ്ങളെ പൊതുധാരയിലെത്തിക്കുക, കൂടുതല്‍ അംഗങ്ങളെ ഇതിലേക്ക് കൊണ്ടുവരിക, ഫോട്ടോഗ്രഫി ഒരു ഉപജീവനമാര്‍ഗമായി കരുതാത്ത ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനൊരു അവസരമൊരുക്കുക; കേരളാക്ലിക്ക്സിന്റെ ‘ദൃശ്യം’ എന്ന പരമ്പരയിലെ ഫോട്ടോഗ്രഫി എക്സിബിഷനുകളുടെ ലക്ഷ്യങ്ങള്‍ ഇവയാണ്. 2008 ഡിസംബറില്‍ കൊച്ചി ഡര്‍ബാര്‍ ഹാളിലാണ് ആദ്യ പ്രദര്‍ശനമായ ‘ദൃശ്യം 2008’ നടന്നത്. പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ദൃശ്യം 2008-നു ലഭിച്ച അനുകൂല പ്രതികരണങ്ങളാണ്, ‘ദൃശ്യം @ അനന്തപുരി’ എന്ന പേരില്‍ രണ്ടാമതൊരു പ്രദര്‍ശനം നടത്തുവാന്‍ കേരളാക്ലിക്ക്സിന് പ്രചോദനവും പ്രേരണയുമായത്. ‘ദൃശ്യം 2008’-ന് ലഭിച്ച സ്വീകരണം തന്നെ ‘ദൃശ്യം@അനന്തപുരി’ക്കും ലഭിക്കും എന്ന ശുഭാപ്തിവിശ്വാസമാണ് സംഘാടകര്‍ക്കുള്ളത്.

 ദൃശ്യം @ അനന്തപുരി

Drisyam@ananthapuri - Photography Exhibition Brochure.നൂറിനു മേല്‍ അംഗങ്ങളുടെ നൂറ്റി ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. ആഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 എന്നീ തീയതികളിലായി തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിലാണ് ചിത്ര പ്രദര്‍ശനം നടക്കുക. രാവിലെ 10.00 മുതല്‍ വൈകുന്നേരം 06.00 വരെ ഏവര്‍ക്കും പ്രദര്‍ശനം കാണുവാന്‍ അവസരമുണ്ടായിരിക്കും. പ്രവേശനം സൌജന്യം.

ഉദ്ഘാടനം: ശ്രീ. ഷാജി എന്‍. കരുണ്‍
വിശിഷ്ടാതിഥികള്‍: ശ്രീ. കാനായി കുഞ്ഞിരാമന്‍, ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍

തീയതി: ആഗസ്റ്റ് 30, 2009
സമയം: രാവിലെ 11.00 മണി
സ്ഥലം: മ്യൂസിയം ആഡിറ്റോറിയം, തിരുവനന്തപുരം

ഏവര്‍ക്കും സ്വാഗതം...

കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Drisyam@ananthapuri at Museum Auditorium, TVPM, Kerala
2. KeralaClicks Home


Description: Drisyam@ananthapuri (Drisyam @ Ananthapuri) - A photography exhibition organized by KeralaClicks - A Flickr group; comprising of Keralites and non-Keralites, our aim is to understand Kerala and share our thoughts on its rich natural beauty, history, culture, art and literature through the medium of photography. Drisyam@ananthapuri will showcase more than 125 exhibits from over a hundred photographers, across various photo categories,
from 30th Aug to 1st Sep, 2009 at Museum Auditorium, Thiruvananthapuram, Kerala. The event is being inaugurated by internationally acclaimed Film Director and Cinematographer Sri. Shaji N. Karun on 30th Aug, 2009 at 11.00 AM. Renowned sculptor Sri. Kanayi Kunhiraman (former Chairman, Lalit Kala Academy) and the Director of Centre for Bioinformatics, University of Kerala Dr. Achuthsankar S. Nair (former Director, C-DIT) will be the distinguished guests for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. August 29, 2009. Brochure/Logo Design by Haree.

--