ചില നേരങ്ങളില്‍ മാത്രം ഗ്രഹണം വിട്ട് പുറത്തുവരുന്ന ചിന്തകള്‍... അത് കഥയാവാം, കവിതയാവാം അല്ലെങ്കില്‍ ലേഖനങ്ങളാവാം...
Saturday, December 29, 2007
ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും - പ്രകാശനം
സുഹൃത്തുക്കളേ,
എന്റെ രണ്ടാമത് പുസ്‌തകം, ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’; ഡിസംബര്‍ 30, ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധിയില്‍ പ്രകാശനം ചെയ്യപ്പെടുന്നു. സി-ഡിറ്റ് മുന്‍.ഡയറക്ടര്‍ ഡോ. അച്ചുത്ശങ്കര്‍ എസ്. നായരാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. പുസ്‌തകം ഏറ്റുവാങ്ങുന്നത് ഐ.ടി@സ്കൂള്‍ ഡയറക്ടര്‍ ശ്രീ. അന്‍വര്‍ സാദത്ത്. പുസ്തകത്തോടൊപ്പം ലഭ്യമാക്കുന്ന അനുബന്ധ സി.ഡി. ഏറ്റുവാങ്ങുന്നത് സി.സി.എം.എസ്, യൂണിവേഴ്സിറ്റി ഓഫ് കേരള ഡയറക്ടര്‍; ശ്രീ. എം. വിജയകുമാര്‍. പ്രസ്‌തുത ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളേയും വിനീതമായി സ്വാഗതം ചെയ്യുന്നു.
പ്രസ്‌തുത ചടങ്ങിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ചുവടെ:
മലയാളത്തിലിറങ്ങുന്ന കമ്പ്യൂട്ടര്‍ മാഗസീനുകളില്‍ പ്രമുഖസ്ഥാനത്തുള്ള ഇന്‍ഫോകൈരളിയാണ് ഈ പുസ്‌തകത്തിന്റെ പ്രസാധകര്‍. പൂര്‍ണ്ണമായും ബഹുവര്‍ണ്ണ അച്ചടിയില്‍, ഇരുനൂറിലധികം പേജുകളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന വിവിധ ഉദാഹരണങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കുവാനായി, സോഴ്സ്‌ഫയലുകള്‍ അടങ്ങുന്ന ഒരു അനുബന്ധ സി.ഡി.യും പുസ്‌തകത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡോബി ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധിഷ്ഠിതമായാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യുടെ 30ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ സോഫ്റ്റ്‌വെയറും സി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകം ഓണ്‍ലൈനായി വാങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ വെബ്‌പേജില്‍ അതിനുള്ള സാധ്യത ലഭ്യമാണ്.
ഒരിക്കല്‍ കൂടി ഏവരേയും പുസ്തകപ്രകാശനചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്...
സസ്നേഹം
Haree | ഹരീ
Keywords: Photoshop Padanavum Prayogavum, Hareesh N. Nampoothiri, ഹരീഷ് എന്‍. നമ്പൂതിരി, ഇന്‍ഫോകൈരളി, ഇന്‍ഫോ കൈരളി, InfoKairali, Info Kairali, Book Release, NishaGandhi, NisaGandhi, Nisha Gandhi, Nisa Gandhi, Thiruvananthapuram, December 30, 2007.
--
Saturday, December 1, 2007
ഫിലിം ഫെസ്റ്റിവല്‍
പതിനൊന്നുമണിയുടെ ഷോ കഴിഞ്ഞ് തിടുക്കത്തില്‍ തിയേറ്ററിന്റെ പടികളിറങ്ങിയോടുകയായിരുന്നു ഞാന്‍. ഒരുപക്ഷെ, അടുത്ത ചിത്രം കാണുവാനുദ്ദേശിക്കുന്ന തിയേറ്ററിന്റെ അകത്തുകയിറിപ്പറ്റുവാന്‍ സാധിച്ചില്ലെങ്കിലോ എന്ന ടെന്‍ഷനുമുണ്ട്. ഈ തിയേറ്ററിലെ അടുത്ത ചിത്രം കാണുവാനായി ആളുകള്‍ തിരക്കിട്ട് മുകളിലേക്ക് കയറിവരുന്നു. അതിനിടയില്‍ ഒരുവന്‍, എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. ആരാണത്? അല്പനേരം ഞാനും അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി, അവനെ പിന്നിട്ട് ഞാന്‍ പടികളിറങ്ങി. എന്റൊപ്പമുള്ള സൂസന്‍, അതാരാണെന്ന് ചോദിച്ചത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല. തിയേറ്ററിന്റെ കവാടം കടക്കുമ്പോള്‍, അറിയാതെ ഞാന്‍ തിരിഞ്ഞു നോക്കി, അവനവിടെയില്ല.
ഫിലിം ഫെസ്റ്റിവലിലെ ചിത്രങ്ങള്‍ ഇടയ്ക്കൊക്കെ വിരസമായും ഇടയ്ക്കൊക്കെ നന്നായും കടന്നുപൊയി. ഫുഡ്‌ബോള്‍ കളികാണുവാന്‍ ആണ്‍വേഷം കെട്ടേണ്ടിവരുന്ന ഇറാനിയന്‍ പെണ്‍കുട്ടികളുടെ ഗതികേട് കാട്ടിത്തന്ന ‘ഓഫ്‌സൈഡ്’ കണ്ടുകഴിഞ്ഞപ്പോളാണ് ഞാനിവിടെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില മനസിലാവുന്നത്. സൂസനുമൊത്ത് ഇത്രയും തിരക്കുള്ള തിയേറ്ററുകളില്‍ ഫിലിം ഫെസ്റ്റിവലിനു വരാം, സ്റ്റേഡിയത്തില്‍ ഏതു കളിയും കാണാന്‍ പോവാം, ഇഷ്ടമുള്ള വേഷം ധരിക്കാം. എന്നാലിതൊന്നും പറ്റില്ലെന്നു വരികയും, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നോക്കുവാന്‍ പോലീസിനെ നിര്‍ത്തുകയും ചെയ്താല്‍... ‘ഓഫ്‌സൈഡ്’ കണ്ട് ഇങ്ങനെയോരോന്ന് പറഞ്ഞ് ഞാനും സൂസനും പടികളിറങ്ങുമ്പോഴാണ് മറ്റൊരുവാതിലിലൂടെ ഇറങ്ങിവരുന്ന അവനെ ഞാന്‍ കണ്ടത്. എന്നെ കണ്ടില്ലെന്നു തോന്നുന്നു. എന്നെ നോക്കുമോ എന്നറിയാന്‍ അവനെത്തന്നെ ശ്രദ്ധിച്ചാണ് ഞാന്‍ നടന്നത്. സൂസനത് കണ്ടിരിക്കുമോ?
രാത്രി ഒരു ഷോകൂടിയുണ്ടെങ്കിലും അതിനു നില്‍ക്കുവാന്‍ കഴിയില്ല. രാത്രിയായാല്‍ പിന്നെ കേരളവും മറ്റൊരു ഇറാനാവും. എന്നിട്ടും രാത്രിയില്‍ ‘ഓള്‍ഗ’ കാണുവാന്‍ നിന്നിരുന്നു കഴിഞ്ഞ പ്രാവശ്യം. അതിനു വീട്ടില്‍ നിന്നു കിട്ടിയ ശകാരത്തിനു കണക്കില്ല. അവര്‍ പറയുന്നതിലും കാര്യമില്ലാതില്ല, ഫിലിം കഴിഞ്ഞ് പാതിരാത്രി പന്ത്രണ്ടര മണിക്ക് സഹപാഠിയെന്നു പറയുന്ന പയ്യന്റെ ബൈക്കില്‍ വന്നിറങ്ങിയാല്‍ നാട്ടുകാരെന്തു പറയും എന്നാണ് അവരുടെ ചോദ്യം. ശരിയല്ലേ, നാട്ടുകാര്‍ക്കെന്താണ് പറഞ്ഞുകൂടാത്തത്. ‘ഓള്‍ഗ’ കാണുന്നതിന്റെ ആവേശം പറഞ്ഞാലാരും മനസിലാക്കണമെന്നില്ലല്ലോ. ഒടുവില്‍, അച്ഛന്‍ വന്ന് “സാരമില്ല, ഇനിയിങ്ങനെ വൈകരുത്.” എന്നു പറഞ്ഞതോടെ അമ്മയും തണുത്തു. ഏതായാലും അതില്‍ പിന്നെ രാത്രിയിലെ ഷോ കാണുവാന്‍ ശ്രമിച്ചിട്ടില്ല. ഒരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ എന്നുമനസില്ലാമനസോടെ ആഗ്രഹിക്കുന്ന ചുരുക്കം ചില അവസരങ്ങളിലൊന്നാണിത്.
ഫിലിം ഫെസ്റ്റിവല്‍ ഒരു വികാരമാണ്. ഫെസ്റ്റിവല്‍ ഐഡി കാര്‍ഡും, തോള്‍ സഞ്ചിയും, ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്കുമൊക്കെയായി കുറേപ്പേര്‍ നമുക്കു ചുറ്റും, അവരിലൊരാളായി നമ്മളും. ചുറ്റും സിനിമയെക്കുറിച്ചുള്ള സംസാരങ്ങള്‍ മാത്രം. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പ്രതീതി. ഈ രാത്രിയില്‍ ഫ്ലൂറസെന്റ് വിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ ഇങ്ങിനെ നടക്കുമ്പോള്‍ മനസുനിറയെ ഒരു ദിവസം കൊണ്ട് നമ്മുടെയാരൊക്കെയോ ആയിത്തീര്‍ന്ന ഒരുപിടി കഥാപാത്രങ്ങള്‍. “ഒന്നു വേഗം വാ, ഒന്‍പതരക്കുള്ള ആ ബസ് കിട്ടിയില്ലെങ്കില്‍ കുരിശാവും...” സൂസന്‍ കൈ വലിച്ച് ഓടിക്കഴിഞ്ഞു. വിചാരങ്ങളെ അതിന്റെ പാട്ടിനുവിട്ട് ഞാനും നടപ്പിന് വേഗം കൂട്ടി.
ഭാഗ്യം, ബസ് സ്റ്റാന്‍ഡില്‍ പിടിച്ചതേയുള്ളൂ. പെട്ടെന്നു തന്നെ കയറിപ്പറ്റി ഒരു സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. അടുത്തു തന്നെ സൂസനും. ആരോ എന്നെ നോക്കുന്നുണ്ടോ? ബസിനുള്ളിലൂടെ ഒന്നു കണ്ണോടിച്ചു, ഇല്ല അവനിവിടെയെങ്ങുമില്ല. സൂസനോടെന്തോ പറയുവാന്‍ തുടങ്ങിയപ്പോഴാണ്, അവളുടെ ചുണ്ടിലൊരു ചിരി. “എന്തേ ഒരു ചിരി?”. ചോദ്യത്തിനു മറുപടി തന്നില്ല, ബസിനു പുറത്തേക്ക് അവള്‍ കൈചൂണ്ടി. ബസുകാത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അതാ, അവന്‍; തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട്.
ബസ് നീങ്ങിത്തുടങ്ങി, അവനവിടെത്തന്നെയുണ്ടായിരുന്നു. അറിയാതെപ്പോഴൊക്കെയോ ഞാനും അവനെ നോക്കിക്കൊണ്ടിരുന്നു. പതിയെ ബസ് സ്റ്റാന്‍ഡ് വിട്ടു. സൂസന്‍ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടില്‍, നാളത്തെ സിനിമകളുടെ വിവരണങ്ങള്‍ വായിച്ചു തന്നുകൊണ്ടിരുന്നു. ഇതു കാണണം, അതു കാണണം എന്നൊക്കെയുള്ള അവളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയെല്ലാം ഒരു മൂളലിലൊതുക്കി. ഞാനൊന്നും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ പുസ്തകം മടക്കി, “അല്ല മോളേ, എന്താ നിന്റെ ഉദ്ദേശം?”. ചോദിച്ച അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒന്നു ചിരിച്ച്, പുറത്ത് പിന്നിലോട്ട് പായുന്ന മരങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. തണുത്ത കാറ്റില്‍ പറന്നുപൊങ്ങുന്ന മുടിയിഴകളെ ഷാളുകൊണ്ട് പുതപ്പിച്ച് സൂസനോട് ചോദിച്ചു, “സൂസന്‍, ആരായിരിക്കും അവന്‍? എന്തിനാണ് അവനിങ്ങനെ നോക്കുന്നത്?”. അവളുച്ചത്തില്‍ പൊട്ടിച്ചിരിച്ചു, ആരൊക്കെയോ തിരിഞ്ഞു നോക്കി. അമളി മനസിലായ അവള്‍ ചിരിയൊതുക്കി, ചെവിയില്‍ രഹസ്യമായി പറഞ്ഞു, “അവനു നിന്നോടു പ്രേമമായിരിക്കും, ആദ്യം കാണുമ്പോഴേ തോന്നുന്ന പ്രേമം, അങ്ങിനെയെന്തോ ഒന്നില്ലേ, അതു തന്നെ... നിനക്കുമില്ലേ അവനോടെന്തോ ഒരു ഇത്...”. ആയിരിക്കുമോ? എനിക്കവനോടും തോന്നുന്നുണ്ടോ പ്രണയം? കണ്ടിട്ട് കുഴപ്പമൊന്നും തോന്നുന്നില്ല, ഒന്നുമില്ലെങ്കിലും സിനിമകളൊക്കെ ഇഷ്ടമുള്ളയാളാണല്ലോ, നാളെയാവട്ടെ, കഴുത്തിലെ ഐഡി നോക്കി അവന്റെ പേരെന്താണെന്ന് ഒന്നു മനസിലാക്കണം.
“എടാ, ഞാനെങ്കില്‍ വെയ്ക്കട്ടെ? ഇനി രാത്രി എന്നോടു മിണ്ടി നിന്റെ ഉറക്കം കളയണ്ട. നാളെ പിന്നെയും ഫിലിം ഫെസ്റ്റിവലിനു തെണ്ടാനിറങ്ങാനുള്ളതല്ലേ?” ഗായത്രി പകുതി കളിയായും പകുതി കാര്യമായും ചോദിച്ചത് അവനെവിടെയോ കൊണ്ടു. “നിനക്ക് ഈ സിനിമ എന്നു പറഞ്ഞാലെന്താണെന്നറിയുമോ? അതറിയാത്തവരോട് ഫെസ്റ്റിവലിനെക്കുറിച്ചു പറഞ്ഞിട്ടെന്തു കാര്യം... വെച്ചോ...” പെട്ടെന്നാണവനോര്‍ത്തത്, അവളുടെ കാര്യം ഗായത്രിയോട് പറഞ്ഞില്ലല്ലോ എന്ന്... “വെയ്ക്കല്ലേ... ഒരു കാര്യം. ഇന്നൊരു പെണ്‍കുട്ടിയെ കണ്ടു, ഫെസ്റ്റിവലിന്. നിന്നെപ്പോലെ തന്നെയിരിക്കും. ഒരു മൂന്നു നാലു പ്രാവശ്യമെങ്കിലും ഞങ്ങള്‍ തമ്മില്‍ കണ്ടു. ഞാനിങ്ങനെ സൂക്ഷിച്ചു നോക്കി കുറച്ചു നേരം നിന്നു. അവളെന്തു വിചാരിച്ചു കാണുമോ ആവോ!”. അപ്പുറത്തുനിന്നും ഒരു അലര്‍ച്ചയായിരുന്നു. “എടാ, അലവലാതി. നീയവിടെ ഫിലിം ഫെസ്റ്റിവലിനെന്നും പറഞ്ഞ് പെണ്‍പിള്ളാരുടെ പിന്നാലെയാണല്ലേ... നീയെന്റെ ലീവ് കളയും... മര്യാദയ്ക്ക് സിനിമ വല്ലോം കാണണമെങ്കില്‍ കണ്ട് വീട്ടില്‍ പൊയ്ക്കോളണം. ഓഫീസീന്ന് ലീവുമെടുത്ത് വായിന്നോട്ടം, കൊള്ളാം...”. “ശരി ശരി... ഉത്തരവു പോലെ...”. ഗുഡ്‌നൈറ്റ് പറഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ അവന്‍ ചിന്തിക്കുകയായിരുന്നു, “ഗായത്രിക്കു പകരം അവളായിരുന്നു എന്റെ കാമുകിയെങ്കില്‍!”.
Keywords: IFFK, IFFK'07, 2007, Film Festival, Short Story, Love, International Film Festival of Kerala, Romance, Romantic, Strangers, Love at First Sight, Festival Memories.
--
Subscribe to:
Posts (Atom)