Monday, April 7, 2008

ജോയുടെ ചിത്രവും പ്ലേജറിസവും

Jo - Flickr Image - Plagiarism - Pranitha Books
ഒന്നുരണ്ട് ആഴ്ചകള്‍ മുന്‍പാണ്, ഇന്ന് കഥകളി അരങ്ങില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മുന്‍‌പന്തിയിലുള്ള ഒരു കലാകാരന്റെ വീട്ടില്‍ പോകുവാന്‍ ഇടയായത്. അവിടെ അദ്ദേഹത്തിന്റെ വേഷത്തിന്റെ മനോഹരമായൊരു സ്റ്റിക്കര്‍ ഭിത്തിയിലൊരിടത്ത് പതിപ്പിച്ചിരിക്കുന്നതു കാണുവാന്‍ കഴിഞ്ഞു. കൌതുകം കൊണ്ട് ഞാന്‍ ചോദിച്ചു: “ഇതാരാണ് പുറത്തിറക്കിയത്?”. “അതറിയില്ല, ഒരു ഉത്സവപ്പറമ്പില്‍ കണ്ടപ്പോള്‍ പത്തുരൂപ നല്‍കി വാങ്ങിയതാണ്.”; ഒരു പരിഭവവുമില്ലാതെ വളരെ സന്തോഷത്തോടു കൂടിയാണ് അദ്ദേഹമതു പറഞ്ഞത്. ആ സ്റ്റിക്കറിലാവട്ടെ ആരിറക്കിയെന്നോ, ആരുടെ ഫോട്ടോയെന്നോ; പോട്ടെ, ആരുടെ വേഷമെന്നോ പോലും എഴുതിയിട്ടുമില്ല! കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ പേരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നാലഞ്ചു പേര്‍ അദ്ദേഹത്തെ അറിയുകയെങ്കിലും ചെയ്യുമായിരുന്നു. ഇതൊന്നുമില്ലാതെയിരുന്നിട്ടും, സ്വന്തം പോക്കറ്റില്‍ നിന്നും കാശുമുടക്കി ആ സ്റ്റിക്കര്‍ വാങ്ങി ചുവരിലൊട്ടിച്ച് സന്തോഷിക്കുന്ന അദ്ദേഹത്തോട് ഒന്നും പറയുവാന്‍ എനിക്കുണ്ടായിരുന്നില്ല.

ഇതിപ്പോളിവിടെ പറയുവാനൊരു കാരണമുണ്ട്. Just Jo എന്ന ബ്ലോഗിന്റെ ഉടമയായ ജോയുടെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ചിത്രം; അദ്ദേഹത്തിന്റെ അനുമതിയില്ലാതെ എടുത്ത് പ്രണത ബുക്സ് എന്ന പബ്ലിഷിംഗ് സ്ഥാപനം, ഒരു പുതിയ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഉപയോഗിച്ചു. അതിനെക്കുറിച്ച് ജോ തന്നെ വിശദമായ ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതുവായിക്കുന്ന ഏതൊരാള്‍ക്കും മനസിലാവും, പ്രണത പബ്ലിക്കേഷന്‍സ് നടത്തിയിരിക്കുന്നത് നഗ്നമായ കോപ്പിറൈറ്റ് ലംഘനമാണെന്നും; ജോ അവര്‍ക്കയച്ച എഴുത്തില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും, ഈ പ്രശ്നം കഴിവതും വേഗം അവസാനിപ്പിക്കുകയും ചെയ്യുകയാണ് കരണീയമെന്നും. എന്നാല്‍ അവിടെ പ്രശ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീരുന്നുണ്ടോ?

പബ്ലിഷ് ചെയ്ത പ്രണത ബുക്ക്സും, തന്റെ ഫോട്ടോ അനുമതിയില്ലാതെ എടുത്തുപയോഗിച്ചതില്‍ എതിര്‍പ്പുള്ള ജോയും, ഒന്നും ആ ഫോട്ടോയിലുള്ള കലാകാരനെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല. ആ വ്യക്തിയുടെ അനുവാദമില്ലാതെ ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ ആ ചിത്രം ഉപയോഗിക്കുവാന്‍ നിയമപരമായി സാധ്യമല്ല. ജോയ്ക്ക് പണം നല്‍കിയാലും പ്രണതയെ സംബന്ധിച്ചിടത്തോളം അവര്‍ ചിത്രമുപയോഗിച്ചത് നിയമാനുസൃതമാവുന്നില്ല. അങ്ങിനെയല്ലാതെയാവണമെങ്കില്‍, ആ കലാകാരന്‍ ജോയ്ക്ക് ആ ചിത്രം ആവശ്യം പോലെ ഉപയോഗിക്കുവാന്‍ അനുവാദം നല്‍കിക്കൊണ്ട് ഒരു മോഡല്‍ റിലീസ് ഫോം ഒപ്പിട്ട് നല്‍കിയിട്ടുണ്ടാവണം; അതിന്റെ കോപ്പി പ്രണതയ്ക്ക് ലഭ്യമായിരിക്കുകയും വേണം. ഒരുപക്ഷെ, തെയ്യം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ എടുത്ത ഒരു ചിത്രമായിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുകയില്ലായിരുന്നു. എന്നാലിത് അണിയറയിലോ മറ്റോ വെച്ച് പ്രത്യേകമായി എടുത്ത ചിത്രമായതിനാലും, ചിത്രത്തിലെ വ്യക്തിക്ക് വളരെ പ്രാധാന്യം ഉള്ളതിനാലും, വ്യക്തിയെ തിരിച്ചറിയുവാന്‍ കഴിയുന്ന രീതിയിലായതിനാലും, പ്രസ്തുത കലാകാരന്റെ അനുമതിയില്ലാതെ ആ ചിത്രം വാണിജ്യപരമായോ, വാണിജ്യേതരമായോ ഉപയോഗിക്കുക സാധ്യമല്ല.

ഇവിടെ ജോ-യുടെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ പോലും ഈ കലാകാരന്റെ പേര് ചേര്‍ത്തിട്ടില്ല എന്നതും ദുഃഖകരമാണ്. ഒരുപക്ഷെ, നാളുകള്‍ക്കു ശേഷമാവും ഈ കലാകാരന്‍ തന്റെ ചിത്രം പ്രിന്റ് ചെയ്തു വന്ന ഈ പുസ്‌തകം കാണുന്നതും; അതിനെക്കുറിച്ചൊന്നുമറിയാതെ പോക്കറ്റില്‍ നിന്നും കാശുമുടക്കി അതുവാങ്ങി വീട്ടില്‍ നിധിപോലെ സൂക്ഷിക്കുന്നതും! ജോയ്ക്ക് ക്രഡിറ്റ് നല്‍കാതെ ജോ-യുടെ ചിത്രമുപയോഗിച്ചത് ജോ-യ്ക്ക് വിഷമമുണ്ടാക്കി. എന്നാല്‍ തന്റെയൊരു ചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ വന്നിരിക്കുന്നു; എന്നാല്‍ തന്റെ പേരോ, തന്റെ വേഷത്തെക്കുറിച്ചോ ഒന്നും എവിടെയും പറഞ്ഞിട്ടുമില്ല്ല! ഇതവരെ എത്രമാത്രം വേദനിപ്പിക്കും? അവിടെയാണ് ഈ കലാകാരന്മാര്‍ വ്യത്യസ്തരാവുന്നത്. തങ്ങളുടെ ചിത്രം ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ അച്ചടിച്ചു വന്നുവല്ലോ എന്നു കരുതി അവര്‍ സന്തോഷിക്കും. ആ സന്തോഷം മാത്രം മതി അവര്‍ക്കെന്നു കരുതി നമ്മളും അവരെ മറക്കും!

ജോയായാലും, പ്രണതയായാലും ഈ പ്രശ്നം പരിഹരിക്കുമ്പോള്‍ ആ കലാകാരനെക്കൂടി ഓര്‍ത്തിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു. കുറഞ്ഞപക്ഷം, ആ പുസ്തകത്തിന്റെ ഒരു കോപ്പി അദ്ദേഹത്തിനയച്ചുകൊടുക്കുവാനുള്ള സന്മനസെങ്കിലും ഉണ്ടാവേണ്ടതാണ്.

പിന്‍‌കുറിപ്പ്: അപ്പോള്‍ മുഖത്തുതേപ്പു ചെയ്ത കലാകാരന്റെ കാര്യമോ? സ്വാഹ!

--