പൈറസി
സംഗീതം, സിനിമ, സോഫ്റ്റ്‌വെയര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ പൈറേറ്റ് ചെയ്യപ്പെടുന്നത്. ഇവയില്‍ സംഗീതവും, സിനിമയും പൈറേറ്റ് ചെയ്യപ്പെടുന്നതിനെ എതിര്‍ക്കുന്നതിന്റെ അതേ അളവില്‍ സോഫ്റ്റ്‌വെയര്‍ പൈറസിയെ എതിര്‍ക്കുവാന്‍ കഴിയുകയില്ല. കാരണം, സോഫ്റ്റ്‌വെയറുകള്‍; ജലം, വൈദ്യുതി തുടങ്ങിയവയെപ്പോലെ അവശ്യ വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ രീതിയില്‍ നോക്കുമ്പോള്‍, സാമൂഹിക പ്രതിബദ്ധതയില്ലാതെ വിപണിയിലെത്തുന്ന കുത്തക സോഫ്റ്റ്‌വെയറുകളെ എതിര്‍ക്കുന്നതില്‍ ന്യായമുണ്ട്. മാത്രവുമല്ല, പലപ്പോഴും സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നതോടെ, അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് അതില്‍ നിന്നുണ്ടാക്കാവുന്ന ലാഭസാധ്യത കഴിയുന്നില്ല. കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കുവാന്‍, തുടര്‍ന്നുള്ള സാങ്കേതിക പിന്തുണയ്ക്ക്, ലൈസന്‍സ് കാലാവധി പുതുക്കുവാന്‍ എന്നിങ്ങനെ പിന്നെയും പണം നല്‍കേണ്ടി വരികയും ചെയ്യുന്നു. ഈ രീതിയിലുള്ള സോഫ്റ്റ്‌വെയറുകളുടെ വിപണനം സമൂഹത്തിന്റെ വികാസത്തിന് വിഘാതമാവും എന്നതിനാലാണ് ഇവയുടെ പൈറസിക്ക് ധാര്‍മ്മിക പിന്തുണ ലഭിക്കുന്നത്, അല്ലാതെ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കുവാന്‍ പണം നല്‍കേണ്ടി വന്നു എന്ന അര്‍ത്ഥത്തിലല്ല. (സോഫ്റ്റ്‌വെയര്‍ പൈറസിയെ അനുകൂലിക്കുന്നു എന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ല. മോഷ്ടിക്കുന്നത് അധാര്‍മ്മികമാണ് എന്നു പറയുമ്പോള്‍, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ എല്ലാവരും ധാര്‍മ്മികമായ പ്രവര്‍ത്തികള്‍ മാത്രമേ ചെയ്യുന്നുള്ളോ എന്നൊരു ചോദ്യമുണ്ടാവും. അതിനാലാണ് സോഫ്‌റ്റ്‌വെയര്‍ പൈറസിക്ക് ധാര്‍മ്മിക പിന്തുണ ലഭിക്കുന്നത്. EULA - End User License Agreement അംഗീകരിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍, ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് അനുയോജ്യമായ പ്രവര്‍ത്തി.) ഒരിക്കല്‍ പണം നല്‍കി വാങ്ങിക്കഴിഞ്ഞാല്‍, അത് ഇഷ്ടാനുസരണം ഉപയോഗിക്കുവാന്‍ ഉപയോക്താവിന് സ്വാതന്ത്ര്യം ലഭിക്കണം എന്നതാണ് ഇതിന്റെ അടിസ്ഥാനാശയം.
സിനിമയുടെയും, സംഗീതത്തിന്റെയും കാര്യം പറയുകയാണെങ്കില്‍; മുടക്കുന്ന വിലയ്ക്കുള്ള മൂല്യം ലഭിക്കാതിരിക്കുക, പുതിയ സാങ്കേതിക വിദ്യകളിലേക്ക് എത്താതിരിക്കുക (ഉദാ: ആഡിയോ സി.ഡി.കള്‍ കാലഹരണപ്പെട്ട സംഗതിയാണ്; അഞ്ചോ ആറോ പാട്ടുകള്‍ അടങ്ങുന്ന ആഡിയോ സി.ഡി.കള്‍ സൂക്ഷിക്കുന്ന പ്രയാസമോര്‍ക്കുമ്പോള്‍ തന്നെ വാങ്ങുവാന്‍ തോന്നുകയില്ല!), ആവശ്യമുള്ളത് ലഭ്യമല്ലാതിരിക്കുക (ഉദാ: കിം കി ഡുക്ക്
ചിത്രത്തിന്റെ ഒറിജിനല്‍ വിസിഡി/ഡിവിഡി ലഭിക്കുക അത്ര എളുപ്പമല്ല. അങ്ങിനെ ലഭിക്കുന്നത് ശരാശരി പ്രേക്ഷകന് അപ്രാപ്യമായ വിലയുള്ളതുമായിരിക്കും.) എന്നിവയൊക്കെയാണ് ഇവയുടെ പൈറസിക്ക് പ്രചാരം നല്‍കുന്നത്. ഇവയില്‍ നിന്നുള്ള വരുമാനം ഒരിക്കല്‍ മാത്രമേ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നുള്ളൂ എന്നതിനാലും, ഇവയ്ക്ക് കോപ്പിറൈറ്റ് പരിരക്ഷ നല്‍കേണ്ടത് ഇവയുടെ നിലനില്പിനു തന്നെ ആവശ്യമായതിനാലും, സാമൂഹികമായി ഇവയൊരു കുത്തകവത്കരണം നടത്തുന്നില്ല എന്നതിനാലും; ഇവയുടെ പൈറസി എതിര്‍ക്കപ്പെടേണ്ടതാണ്.
സംഗീതം/സിനിമ; ഇവയുടെ ഡിജിറ്റല്‍ രൂപങ്ങളുടെ ദുരുപയോഗം തടയണം എന്നു പറയുമ്പോള്‍ തന്നെ, DRM (Digital Rights Management) എന്ന ആശയത്തോട് യോജിക്കുവാനും കഴിയുകയില്ല. ഒരു കാസറ്റ് അല്ലെങ്കില്‍ സി.ഡി. നമ്മള്‍ വാങ്ങുന്നു. അത് കേള്‍ക്കുവാനായി നമ്മുടെ ഒരു സുഹൃത്തിനു നല്‍കുന്നു. ഇതില്‍ തെറ്റുണ്ടെന്ന് ആരും പറയില്ല. എന്നാല്‍ പണം നല്‍കി ഡൌണ്‍ലോഡ് ചെയ്യുന്ന ഒരു ഗാനം അല്ലെങ്കില്‍ ഒരു വീഡിയോ, അത് ഒരു സുഹൃത്തിനു കേള്‍ക്കുവാനായി/കാണുവാനായി നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വന്നാലോ? മറ്റൊരാള്‍ക്ക് കൊടുക്കണമെന്നില്ല, പി.സി.യില്‍ കേള്‍ക്കുന്നതിനൊപ്പം, മൊബൈല്‍ ഫോണിലേക്ക് ലോഡ് ചെയ്ത് കേള്‍ക്കുവാന്‍ പിന്നെയും കാശു കൊടുക്കണമെങ്കിലോ? ഇനി അപ്പോഴും കാശു നല്‍കി, ഇപ്പോഴൊത്തെ മൊബൈല്‍ പുതുക്കി മറ്റൊരു മൊബൈല്‍ വാങ്ങി; അപ്പോള്‍ ലൈസന്‍സ് ആ രീതിയില്‍ പുതുക്കിയാലേ പുതിയ മൊബൈലില്‍ പാട്ടു കേള്‍ക്കുവാന്‍ കഴിയുകയുള്ളൂ എന്നാണ് ലൈസന്‍സ് പറയുന്നതെങ്കില്‍? ഇതൊക്കെയാണ് DRM എതിര്‍ക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകത. അതായത്; സൃഷ്ടിപരവും, വ്യാവസായികവുമായ അവകാശങ്ങള്‍ ഉപഭോക്താവിന്റെ വ്യക്തിസ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന അധികാരമായി മാറുന്ന അവസ്ഥ. ഇത് ഏതൊരു രംഗത്തും അംഗീകരിക്കുവാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ അങ്ങിനെ വാങ്ങുന്ന ഒരു MP3 ഫയല്‍ ഏവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാവുന്ന തരത്തില്‍ ഒരു സൈറ്റില്‍ നല്‍കുകയാണെങ്കിലോ? അത് നല്‍കപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ തെറ്റായ ഉപയോഗമായി കണക്കാക്കാം, അത് ശിക്ഷാര്‍ഹമായിരിക്കുകയും ചെയ്യേണ്ടതുണ്ട്.
പ്ലേജറിസം
പൈറസിയില്‍ മോഷണമുണ്ട്, പ്ലേജറിസവും മോഷണം തന്നെ; അപ്പോള്‍ ഇതു രണ്ടും ഒന്നല്ലേ? അല്ല. ഉദാഹരണത്തിന് ഒരു പാട്ട് അല്ലെങ്കില്‍ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കാണുന്നു. ഇത് പൈറസിയാണ്, എന്നാല്‍ അതെടുത്ത് സ്വന്തം പേരില്‍ അല്ലെങ്കില്‍ സ്വന്തം നേട്ടത്തിനു വേണ്ടി ഉപയോഗിച്ചാലോ? അവിടെ അത് പ്ലേജറിസമാവുന്നു. ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ചിത്രങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍, സാഹിത്യസൃഷ്ടികള്‍ എന്നിവയൊക്കെ എടുത്ത് സ്വന്തമെന്ന രീതിയില്‍ ഉപയോഗിക്കുന്നത് പ്ലേജറിസത്തില്‍ വരുന്നു. അല്ലെങ്കില്‍ മറ്റൊരാളുടെ സൃഷ്ടി, സ്വന്തം സൃഷ്ടിയായി അവതരിപ്പിക്കുന്നു. വിശക്കുമ്പോള്‍ കടയില്‍ കയറി മോഷ്ടിക്കുന്നവനും, അത്യാധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ബാങ്ക് കവര്‍ച്ച ചെയ്യുന്നവനും മോഷ്ടാവ് എന്ന വിശേഷണത്തിന് അര്‍ഹരാണെങ്കിലും, ഇരുവരേയും ഒരേ രീതിയിലല്ലല്ലോ നിയമം നോക്കിക്കാണുന്നത്. അതേ രീതിയില്‍ ആരാണ് സൃഷ്ടിചോരണം നടത്തുന്നത് എന്നതിനനുസരിച്ചും മോഷണത്തിന്റെ ഗൌരവം ഏറിയും, കുറഞ്ഞും ഇരിക്കാറുണ്ട്. വളരെ വ്യാപകമായി കണ്ടുവരുന്നത്; വിവിധ പത്രമാധ്യമങ്ങള്‍ ഇന്റര്‍നെറ്റില്‍ കോപ്പിറൈറ്റോടെയും, കോപ്പിറൈറ്റ് ഇല്ലാതെയും പങ്കുവെയ്ക്കപ്പെടുന്ന ചിത്രങ്ങള്‍; ഉടമകളുടെ അറിവോ, സമ്മതിയോ കൂടാതെ എടുത്തുപയോഗിക്കുന്നതാണ്. ധാര്‍മ്മികതയുടെ അളവുകോലുകൊണ്ടളന്നാലും, വ്യാവസായിക തത്വദീക്ഷകൊണ്ടളന്നാലും; ഇന്റര്‍നെറ്റില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ആര്‍ക്കും എങ്ങിനെയും ഉപയോഗിക്കാം എന്ന ധാരണ മാറ്റപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ജനാധിപത്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതിലൊന്നായ പത്രമാധ്യമങ്ങള്‍ ചോരണവീരന്മാരാവുന്നത് അത്യന്തം അപലപനീയവുമാണ്.
ചിത്രങ്ങള്‍ കോപ്പിറൈറ്റോടു കൂടിയും, കോപ്പിറൈറ്റ് ഇല്ലാതെയും ഇന്റര്‍നെറ്റില്‍ ചേര്‍ക്കപ്പെടാറുണ്ട്. കോപ്പിറൈറ്റുള്ള ചിത്രങ്ങള്‍ അത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്ത് കാണുവാന്‍ മാത്രമാണ് നിയമം ഉപയോക്താവിനെ അനുവദിക്കുന്നത്. എന്നാല്‍ ഒരാള്‍ അതെടുത്ത് സിസ്റ്റത്തിലേക്ക് സേവ് ചെയ്താലോ, വാള്‍പ്പേപ്പറായി ഉപയോഗിച്ചാലോ അറിയുവാന്‍ മാര്‍ഗവുമില്ല, അതിനെതിരെ പ്രതിഷേധിക്കുന്നതില്‍ അര്‍ത്ഥവുമില്ല! സ്വന്തം സിസ്റ്റത്തില്‍, തികച്ചും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഏതൊരു ചിത്രവും ഉപയോഗിക്കുവാന്‍ ഉപയോക്താവിന് അനുവാദം ഉണ്ടായിരിക്കേണ്ടതുമാണ്. എന്നാല്‍ അങ്ങിനെയുള്ള ചിത്രങ്ങളെടുത്ത് സ്വന്തം നേട്ടങ്ങള്‍ക്ക്, പൊതുജനമധ്യത്തില്‍ ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ല. കോപ്പിറൈറ്റോടു കൂടിയ ചിത്രങ്ങളായതിനാല്‍ തന്നെ, അതിന്റെ ഉടമയുടെ അവകാശമാണ്/സ്വാതന്ത്ര്യമാണ് അത് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടയുക, അങ്ങിനെ ഉപയോഗിച്ചാല്‍ പ്രതിഷേധിക്കുക എന്നത്.
കോപ്പിലെഫ്റ്റിലേക്കെത്താം ഇനി. കോപ്പിറൈറ്റ് ബാധകമല്ലാത്ത ചിത്രങ്ങള്‍ ഭൂരിഭാഗവും Attribution-Noncommercial-Share Alike 2.0 Generic എന്ന creative commons ലൈസന്‍സ് പ്രകാരമാണ് പങ്കുവെയ്ക്കപ്പെടുക. അതായത് ചിത്രം ഉപയോഗിക്കുന്നത് ഏത് ആവശ്യത്തിനായാലും അത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് ആവരുത്; ചിത്രത്തിന്റെ ഉടമയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം; ചിത്രത്തില്‍ ഏതെങ്കിലും രീതിയില്‍ മാറ്റം വരുത്തിയാണ് ഉപയോഗിക്കുന്നതെങ്കില്‍, മാറ്റം വരുത്തിയതിനു ശേഷമുള്ള ചിത്രവും ഇതേ പ്രകാരം പങ്കുവെയ്ക്കപ്പെട്ടിരിക്കണം. ഈ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് കോപ്പിറൈറ്റ് ബാധകമല്ലാത്ത ഏതൊരു ചിത്രവും, ഏതൊരാള്‍ക്കും ഉപയോഗിക്കാം. ഉദാ: ബ്ലോഗില്‍ ഇപ്രകാരം ഒരു ചിത്രം ചേര്‍ക്കണമെന്നുണ്ടെങ്കില്‍, അത് ചേര്‍ത്തതിനു ശേഷം ചിത്രത്തിന്റെ URL-ലേക്ക് ലിങ്ക് ചെയ്താല്‍ മതിയാവും. ഇപ്രകാരം ചിത്രം ബ്ലോഗിലെ ഒരു ലേഖനത്തില്‍ ഉപയൊഗിക്കുമ്പോള്‍, ലേഖനം കോപ്പിറൈറ്റോടു കൂടിയാണ് എഴുതപ്പെട്ടിരിക്കുന്നതെങ്കിലും അത് ലൈസന്‍സിന് വിരുദ്ധമാവുന്നില്ല. എന്നാല്‍ ആ ചിത്രം ഏതെങ്കിലും രീതിയില്‍ എഡിറ്റ് ചെയ്തതിനു ശേഷം, അതിന് കോപ്പിറൈറ്റ് പറയുന്നത് creative commons ലൈസന്‍സിന് എതിരാവും.
കോപ്പിറൈറ്റോടു കൂടിയോ, അല്ലാതെയോ ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു ചിത്രവും പത്രമാധ്യമങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ നിയമപരമായി സാധ്യതയില്ലെന്ന് മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നും മനസിലാക്കാവുന്നതാണ്. ചുരുക്കം ചിലര്‍, ചില ചിത്രങ്ങള്‍ പൂര്‍ണ്ണമായും കോപ്പിലെഫ്റ്റായി ലഭ്യമാക്കാറുണ്ട്. വിക്കിയില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ അവയ്ക്ക് ഒരു ഉദാഹരണമാണ്. (ആ ചിത്രങ്ങള്‍ ഉപയോഗിക്കാമെങ്കിലും, അവിടെയും ചിത്രത്തിന്റെ ശ്രോതസ്സ് വിക്കിപീഡിയ എന്നു നല്‍കുന്നതാണ് മാന്യത.)
- എന്തുകൊണ്ട് എല്ലാവരും പൂര്‍ണ്ണമായും കോപ്പിലെഫ്റ്റായി ചിത്രങ്ങള്‍ ലഭ്യമാക്കുന്നില്ല?
ഫോട്ടോഗ്രഫി ചിലര്‍ക്ക് ജീവിതോപാധിയാണ്, ചിലര്‍ക്ക് പ്രധാനജോലിക്കു പുറമേ അധികവരുമാനം നേടുവാനുള്ള മാര്‍ഗമാണ്, ചിലര്‍ക്ക് അതൊരു ഒഴിവുസമയ വിനോദമാണ്, മറ്റുചിലര്‍ക്ക് ക്യാമറ ഉള്ളതുകൊണ്ട് വെറുതേ എടുക്കുന്നു എന്ന രീതിയാണ്. എല്ലാ വിഭാഗത്തില്‍ പെട്ടവരും ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ എതുരീതിയില്‍ പങ്കുവെയ്ക്കപ്പെടണമെന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. ചിത്രങ്ങള്‍ കോപ്പിറൈറ്റോടുകൂടി പങ്കുവെയ്ക്കുന്നതോ, ചിത്രങ്ങള്‍ വില്പനയ്ക്കു വെയ്ക്കുന്നതോ ഒരു തെറ്റല്ല. ഓരോരുത്തരും ചിത്രങ്ങള്‍ക്ക് കോപ്പിറൈറ്റ് നല്‍കുന്നത് അവരവരുടേതായ കാരണങ്ങള്‍ കൊണ്ടാവാം; ചിത്രങ്ങള്‍ക്ക് വരുമാനം പ്രതീക്ഷിച്ച്; ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതു വഴിയുള്ള പേരും, പ്രശസ്തിയും പ്രതീക്ഷിച്ച്; ചിത്രങ്ങള്‍ തന്റെ സ്വകാര്യസ്വത്തുക്കളായി, തനിക്ക് പ്രാതിനിധ്യമുള്ള ഇടങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്തുവാന്‍ താത്പര്യപ്പെടുന്നതുകൊണ്ട്; ചിത്രങ്ങള്‍ മറ്റിടങ്ങളില്‍ കാണുവാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട്; ഇങ്ങിനെ കാരണങ്ങള്‍ പലവിധമാവാം. കാരണം എന്തായാലും ഒരാള്‍ കോപ്പിറൈറ്റോടു കൂടി ചിത്രം നെറ്റില്‍ പങ്കുവെയ്ക്കുന്നു എന്നത് ഒരു മോശം കാര്യമായോ, അധാര്‍മ്മിക പ്രവര്‍ത്തിയായോ, തെറ്റായോ കാണേണ്ടതില്ല. മദ്യപാനം ഒരാളുടെ സ്വാതന്ത്ര്യമാണ്. നിങ്ങള്‍ക്ക് അതിനോട് താത്പര്യമില്ലെങ്കില്‍ അയാളെ ഒഴിവാക്കുക; അതു തന്നെ ഇവിടെയും ചെയ്യാവുന്നതാണ്.
- കോപ്പിറൈറ്റോടുകൂടി ചിത്രം പങ്കുവെയ്ക്കുന്നത്, കുത്തക മുതലാളിത്ത മനോഭാവമല്ലേ?
അല്ല. ഒരു ചിത്രം ഒരു വ്യക്തിയുടെ സൃഷ്ടിപരമായ പ്രകാശനമാണ്. അതില്‍ അയാള്‍ക്കുള്ള അവകാശം, കുത്തക മുതലാളിമാരുടെ ലാഭക്കണ്ണായി വ്യാഖ്യാനിക്കുന്നത് തെറ്റായ സമീപനമാണ്. ഉദാഹരണത്തിന് ഒരാള്‍ ബേക്കല്‍ കോട്ടയുടെ ഒരു ചിത്രമെടുക്കുന്നു എന്നു കരുതുക. ആ ചിത്രത്തിനു മാത്രമേ അയാള്‍ക്ക് അവകാശമുള്ളൂ; ഈ ചിത്രം കണ്ട് മറ്റൊരാള്‍ അതേ സ്ഥലത്തു നിന്നും മറ്റൊരു ചിത്രമെടുത്താല്‍ അതില്‍ ഒരു പരാതിക്കും വകുപ്പില്ല. എന്നാല്‍ ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, ഒരു ചിത്രം ഒരു നിമിഷത്തെ നിശ്ചലമായി പകര്‍ത്തുകയാണ്. മനുഷ്യനിര്‍മ്മിതമായ കൃത്രിമ ഇടങ്ങള്‍ ഇതിനൊരു അപവാദമായേക്കാമെങ്കിലും; ആ നിമിഷം പുനഃസൃഷ്ടിക്കുക മനുഷ്യസാധ്യമായ കാര്യമല്ല. അതിനാല്‍ ആദ്യം ചിത്രമെടുത്തയാള്‍, തന്റെ അതേ രീതിയില്‍ മറ്റാരെങ്കിലും ചിത്രമെടുക്കൂമോ എന്നോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല.
- ഇപ്രകാരം ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണമായ ഉടമസ്ഥാവകാശം വേണമെന്നുണ്ടെങ്കില്‍, അവ നെറ്റില്‍ പങ്കുവെയ്ക്കാതിരിക്കുന്നതല്ലേ അഭികാമ്യം?
പേഴ്സ് പോക്കറ്റടിക്കപ്പെടരുതെന്നുണ്ടെങ്കില്‍ പേഴ്സ് കൊണ്ട് നടക്കാതിരുന്നാല്‍ പോരേ? പോക്കറ്റടിക്കുന്നവരെ പിടിക്കുന്നതും, അവരെ ശിക്ഷിക്കുന്നതും എത്ര അധാര്‍മ്മികമായ പ്രവര്‍ത്തിയാണ്! പേഴ്സ് കൊണ്ടു നടക്കുന്നതും പോര, അത് മോഷ്ടിക്കപ്പെട്ടെന്ന് പരിദേവനവും! - ഈ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ? ഇന്റര്‍നെറ്റ് ഒരു പൊതുസ്ഥലമാണ്. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട സാമാന്യമര്യാദകള്‍ ഇവിടെയും പാലിക്കേണ്ടതുണ്ട്. ട്രാന്‍സ്പോര്‍ട്ട് ബസ് ഒരു പൊതുവാഹനമാണ്, അതുകൊണ്ട് അതില്‍ ഇരിക്കുന്ന അരോടും ആര്‍ക്കും എന്തുമാവാം എന്നില്ലല്ലോ!
- ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സൌജന്യമായി പ്രദര്‍ശിപ്പിച്ച്, ജനസമ്മതി നേടിയതിനു ശേഷം; നേടിയ ജനസമ്മതിയുടെ പുറത്ത് ചിത്രങ്ങള്‍ വില്‍ക്കുന്നത് ശരിയാണോ?
അങ്ങിനെ ചെയ്യുന്നതില്‍ തെറ്റുണ്ടോ? ഇന്റര്‍നെറ്റ് ഒരു വിപണിസാധ്യത കൂടിയാണ്. കൂടുതല്‍ പേരിലേക്ക് ഒരു സേവനം അല്ലെങ്കില്‍ ഒരു ഉല്പന്നം ലഭ്യമാക്കാനാവുന്ന ചെലവു കുറഞ്ഞ മാര്‍ഗം. അതുപയോഗിച്ച് ഒരാള്‍ സ്വന്തം ചിത്രങ്ങള്‍ക്ക് വിപണി കണ്ടെത്തുവാന്‍ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്?
- ചിത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കരുത് എന്നു പറയുന്നത് സങ്കുചിതമനോഭാവമല്ലേ? ഇത് മാനുഷികനന്മയ്ക്ക് എതിരല്ലേ?
ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍ പണത്തിനുള്ള സ്വാധീനം ആര്‍ക്കും തള്ളിപ്പറയുവാന്‍ കഴിയുകയില്ല. ഫോട്ടോഗ്രഫി ഒരു ഒഴിവുസമയ പരിപാടിയായി കാണുന്നവര്‍ക്കും, മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഉള്ളവര്‍ക്കും ഒരുപക്ഷെ ചിത്രങ്ങള്‍ സൌജന്യമായി നല്‍കുവാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇതൊരു ജീവിതോപാധിയായി കൊണ്ടുനടക്കുന്നവര്‍ക്ക് അങ്ങിനെ കരുതുവാന്‍ കഴിയുകയില്ല. മാനുഷിക നന്മയുടെ പുറത്ത് ആരുമെനിക്ക് എന്നും വെറുതേ ആഹാരം തരികയില്ല. ആഹാരത്തിന് വില മേടിക്കുന്നതും അപ്രകാരം നോക്കിയാല്‍ സങ്കുചിത മനോഭാവമാണെന്ന് പറയേണ്ടിവരും. ഇനി അത് സങ്കുചിത മനോഭാവമാണെങ്കില്‍ തന്നെ, അപ്രകാരം ജീവിക്കുവാനും ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഒരാള്‍ പിശുക്കനാണ് എന്നു പറഞ്ഞ് അരുമയാളെ ജയിലിലടയ്ക്കാറില്ല. എല്ലാം സൌജന്യമായി നല്‍കുന്നതാണ് മാനുഷികനന്മ എന്ന നിര്‍വ്വചനവും ശരിയെന്നു തോന്നുന്നില്ല. അന്യന്റെ സ്വകാര്യസ്വത്ത് കൈവശപ്പെടാതിരിക്കുക, മറ്റുള്ളവരുടെ സൃഷ്ടിവൈഭവത്തെ മാനിക്കുക, അന്യന്റെ മുതലെടുത്ത് സ്വന്തം നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക ഇതൊക്കെയും മാനുഷികനന്മ തന്നെയാണ്. ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭിക്കുന്ന മിക്ക സേവനങ്ങളും, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സേവനദാതാവിന് വരുമാനം ലഭ്യമാക്കാറുണ്ട്. അങ്ങിനെയല്ലാതെ ഒന്നിനും നിലനില്പില്ല താനും.
- മാധ്യമങ്ങള്‍(പാവങ്ങള്‍) അത്യാവശ്യത്തിന് ഒരു ചിത്രമുപയോഗിച്ചാല്‍ അത് ഇത്രയും പ്രശ്നമാക്കേണ്ടതുണ്ടോ?
മാധ്യമങ്ങള്‍ നിസ്വാര്‍ത്ഥ പൊതുസേവനമാണ് ചെയ്യുന്നതെന്ന മിഥ്യാധാരണയൊന്നുമില്ലെന്നു കരുതട്ടെ... പത്രങ്ങളും, ദൃശ്യമാധ്യമങ്ങളും എല്ലാം വ്യവസായം തന്നെ. അവരുടെ ഉദ്ദേശലക്ഷ്യവും ലാഭമുണ്ടാക്കുക എന്നതാണ്. അതിനായി ഉപയോഗിക്കുന്ന ഒരു കുറുക്കുവഴിയാണ് നെറ്റിലെ ചിത്രങ്ങള്‍ യാതൊരു പ്രതിഫലവും നല്‍കാതെ എടുത്തുപയോഗിക്കുക എന്നത്. ഒരു ചിത്രം മോഷ്ടിക്കുമ്പോള്‍, അതെടുക്കുവാനായി അധ്വാനിച്ച, സമയം ചിലവഴിച്ച, മുതല്‍ മുടക്കിയ ഒരാളോടു ചെയ്യുന്നത് എത്ര വലിയ അനീതിയാണ്! അതു കാണുവാന്‍ കഴിയാതെ, ചിത്രമെടുത്തുപയോഗിക്കുന്നതില്‍ നീതി കാണുന്നത് എങ്ങിനെയെന്ന് മനസിലാവുന്നില്ല. ഫോട്ടോയെടുത്തയാളുടെ പേരില്ലാതെ ഒരു ചിത്രം പ്രസിദ്ധപ്പെടുത്തുമ്പോള്‍ അത് പത്രത്തിന്റെ സ്വന്തം ചിത്രമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നും ഓര്‍ക്കുക. ചിത്രം മോഷ്ടിച്ചതും പോരാഞ്ഞ്, അതിന്റെ സൃഷ്ടികര്‍ത്താവെന്ന സ്ഥാനം തട്ടിയെടുക്കുന്നതില്‍ പോലും നീതി കാണുന്നവരോട് മറുപടി നല്‍കുന്നത്, ബധിരകര്‍ണങ്ങളില്‍ പെരുമ്പറ മുഴക്കുന്നതിനു സമമാണ്; അധ്വാനിക്കാമെന്നു മാത്രം, പ്രയോജനമുണ്ടാവുകയില്ല!
- EULA (End User License Agreement) അനുസരിക്കാതെ സോഫ്റ്റ്‌വെയറുകള്‍ കട്ടുപയോഗിച്ച് സൃഷ്ടിക്കുന്നവയ്ക്ക് കോപ്പിറൈറ്റ് പറയുവാന്‍ കഴിയുമോ?
ഒരാള്‍ ഒരു ചിത്രം വരയ്ക്കുന്നു, അതിന് ഉപയോഗിച്ചത് മറ്റൊരാളുടെ പെന്‍സില്‍ (വിലകൂടിയ, എന്തെങ്കിലും പ്രത്യേകതകളുള്ളത് എന്നു കരുതുക.) ആണെന്നിരിക്കട്ടെ, ആ പെന്‍സില്‍ അയാളറിയാതെ മോഷ്ടിച്ചതാണെന്നും കരുതാം. ആ പെന്‍സില്‍ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍, ആ രീതിയില്‍ ആ സൃഷ്ടി നടത്തുവാന്‍ സാധിക്കില്ലായിരുന്നു എന്നും വിചാരിക്കൂ. ഇതൊക്കെയാണെങ്കിലും സൃഷ്ടിയുടെ അവകാശം അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്കു തന്നെയാണ്. അതില്‍ അയാള്‍ക്ക് അവകാശവുമുണ്ട്. മോഷ്ടിച്ച പെന്‍സില്‍ ഉപയോഗിച്ചു എന്നതുകൊണ്ട് അയാള്‍ക്ക് ആ ചിത്രം മോഷ്ടിക്കപ്പെട്ടാല്‍ പരാതിപ്പെടുവാന്‍ അവകാശമില്ല എന്നില്ല. അയാള്‍ പെന്‍സില്‍ മോഷ്ടിച്ചെങ്കില്‍, അയാളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാം, ശിക്ഷിക്കാം. നിയമത്തിന്റെ മുന്നില്‍ അതു ‘വേ’, ഇതു ‘റേ’. ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ പെന്‍സിലിന്റെ യഥാര്‍ത്ഥ ഉടമയുടെ ധാര്‍മ്മികതയും പരിശോധിക്കപ്പെടേണ്ടിവരും. ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളാണ് പെന്‍സിലിന്റെ ഉടമയെങ്കില്‍, മോഷ്ടിച്ചതിന് ഒരു ന്യായീകരണവുമില്ല. അങ്ങിനെയല്ലെങ്കില്‍, അയാള്‍ക്ക് മോഷ്ടാവിന്റെ ധാര്‍മ്മികത പരിശോധിക്കുവാന്‍ പോലും അര്‍ഹതയുമില്ല.
- ഒരു സോഫ്റ്റ്‌വെയര്‍ കട്ടുപയോഗിച്ചതിനു ശേഷം, അതില്‍ നിന്നും ലാഭമുണ്ടാക്കുന്നത് ശരിയാണോ?
ശരിയല്ല എന്നു തന്നെയാണ് ഉത്തരം. എന്നാല്‍, സാഹചര്യങ്ങളാണ് ഇതിനു വഴിവെക്കുന്നത്. ബൈബിള്‍ സീരീസിലുള്ള അഡോബി ഫോട്ടോഷോപ്പിന്റെ പുസ്തകത്തിന്റെ വില പുറം രാജ്യങ്ങളില്‍ 50 $ ആണ്. എന്നാല്‍ അവരുടെ ഇന്ത്യയിലെ പുസ്തകത്തിന്റെ വില 500 INR മാത്രവും. പ്രിന്റ് ചെയ്യുന്ന പേപ്പറിന്റെ നിലവാരം കുറഞ്ഞതാണ്, പൂര്‍ണ്ണമായും കളര്‍ അച്ചടിയല്ല ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള പരിമിതികളോടെയാണ് ഈ വിലയ്ക്ക് ലഭിക്കുന്നതെങ്കിലും; ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ അവര്‍ ആ പുസ്തകത്തെ വിപണിയില്‍ എത്തിക്കുന്നു. മറ്റ് പല പുസ്തകങ്ങളുടേയും കാര്യം അപ്രകാരമാണ്. ഈ പുസ്തകങ്ങളുടെ ഫോട്ടോകോപ്പി എടുക്കുന്നതും, ഉപയോഗിക്കുന്നതും കുറ്റകരമാണ്. എന്നാല്‍ പലപ്പോഴും അതു ചെയ്യേണ്ടി വരാറുണ്ട്.
എന്നാല്‍ സോഫ്റ്റ്‌വെയറുകളുടെ കാര്യമെത്തുമ്പോള്‍ 700 $ മുടക്കണം അഡോബിയുടെ ഫോട്ടോഷോപ്പിന്. അത്രയും മുതല്‍മുടക്കുവാന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ചെറുകിട കമ്പനികള്‍ക്കും / പ്രഫഷണലുകള്‍ക്കും സാധിക്കുകയില്ല എന്നതാണ് സത്യം. ഇനി മുടക്കിയാല്‍ തന്നെ അത് വിപണിയില്‍ നിന്നും തിരിച്ചെടുക്കുകയും അസാധ്യമാണ്. പലപ്പോഴും സോഫ്റ്റ്‌വെയറുകളുടെ പുതിയ പതിപ്പുകള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇറങ്ങുമെന്നത് മുടക്കുന്ന മുതലിന്റെ ഒരു ഭാഗമെങ്കിലും തിരിച്ചെത്തുന്നതിനു മുന്‍പു തന്നെ കൂടുതല്‍ മുടക്കേണ്ട സാഹചര്യവും ഉണ്ടാക്കുന്നു. 1) ഇത്രയും രൂപ മുടക്കി (ഫോട്ടോഷോപ്പ് മാത്രം മതിയാവില്ല പലപ്പോഴും), സോഫ്റ്റ്‌വെയര്‍ വാങ്ങിയതിനു ശേഷം ചെയ്തുകൊടുക്കുന്ന പ്രോജക്ടുകളുടെ വിലയും ഉയര്‍ന്നതായിരിക്കും. അത്രയും ഉയര്‍ന്ന വിലകൊടുത്ത് പ്രോജക്ടുകള്‍ ചെയ്യിക്കുവാന്‍ തയ്യാറുള്ളവരും വളരെക്കുറവാണ്. 2) ലൈസന്‍സ് ഉള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു മാത്രമേ ചെയ്യുകയുള്ളൂ, പ്രോജക്ടുകളുടെ ഉയര്‍ന്നവില താങ്ങാവുന്നവരുടെ പ്രോജക്ടുകള്‍ മാത്രമേ എടുക്കുകയുള്ളൂ എന്ന് വിചാരിച്ചാല്‍ അധികം നാള്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല. പ്രത്യേകിച്ചും മറ്റുള്ളവര്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ പ്രോജക്ടുകള്‍ ചെയ്തു കൊടുക്കുന്ന സാഹചര്യത്തില്‍. 3) സൌജന്യസോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ചെയ്യാം എന്നു കരുതിയാല്‍, പ്രൊഫഷണല്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് പകരം വെയ്ക്കാവുന്ന ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ പരിമിതമാണ്. അതുമാത്രമല്ല; മറ്റുള്ളവര്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പുറത്തിറക്കുന്നവയുടെ നിലവാരത്തില്‍, അത്രയും സമയത്തിനുള്ളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ ചെയ്തു കൊടുക്കുക എന്നതും സാധ്യമായ കാര്യമല്ല. ഇതിന് ഒരു പരിഹാരമുള്ളത്, ഇന്ത്യന്‍ വിപണിക്ക് യോജിക്കുന്ന രീതിയില്‍ സോഫ്റ്റ്‌വെയറുകള്‍ പുറത്തിറക്കുക എന്നതാണ്. തുടര്‍ന്നുള്ള ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ഇല്ലാതെയോ, വാല്യു ആഡഡ് സേവനങ്ങള്‍ ഇല്ലാതെയോ, ഉപയോഗിക്കാവുന്ന കാലയളവിന് പരിധികളിട്ടോ ഒക്കെ ഇത് സാധ്യമാക്കാവുന്നതാണ്. അതല്ലെങ്കില്‍; എല്ലാവരും സൌജന്യ സോഫ്റ്റ്‌വെയറുകളിലേക്ക് മാറുക; പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനാല്‍ ലഭിക്കുന്ന മേല്‍ക്കൈ എല്ലാവരും വേണ്ടെന്നു വെയ്ക്കുക; പ്രോജക്ടുകള്‍ ചെയ്യിക്കുവാന്‍ എത്തുന്നവരും ഈ സാഹചര്യം മനസിലാക്കി, അതുമൂലമുണ്ടാവുന്ന മൂല്യശോഷണം/സമയനഷ്ടം അംഗീകരിക്കുക; ഇതൊക്കെ ചെയ്യേണ്ടിവരും.
- അങ്ങിനെയെങ്കില്‍, ചിത്രം മോഷ്ടിക്കുന്നതും ഇതേ രീതിയിലുള്ള വ്യാവസായിക സാഹചര്യങ്ങള്‍ മൂലമാവില്ലേ?
ആവുമോ? ഒരു പത്രസ്ഥാപനത്തിന് ചിത്രം മോഷ്ടിക്കേണ്ട ഒരു സാഹചര്യമാണോ നിലവിലുള്ളത്? സ്വന്തമായി ഫോട്ടോഗ്രാഫര്‍മാര്‍, ഉന്നത നിലവാരമുള്ള ക്യാമറകള്‍ ഇവയൊക്കെ ഒട്ടുമിക്കവാറും എല്ലാ പത്രങ്ങള്‍ക്കുമുണ്ട്. ഇനി ഒരു പ്രത്യേക ചിത്രം വാങ്ങേണ്ട സാഹചര്യം വന്നാല്‍ തന്നെ, പത്രങ്ങള്‍ക്ക് അവയുടെ വില താങ്ങാവുന്നതുമാണ്. കോപ്പിലെഫ്റ്റായി പങ്കുവെയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ പലപ്പോഴും ഉടമയുടെ അനുവാദത്തോടെ, ഉടമയ്ക്ക് ക്രെഡിറ്റ് നല്‍കി, പ്രതിഫലമൊന്നും നല്‍കാതെ തന്നെ ഉപയോഗിക്കുവാനും കഴിയും. ഒരു കുത്തക സോഫ്‌റ്റ്‌വെയര്‍ കമ്പനി പുറത്തിറക്കുന്ന ഉല്പന്നം, അത്രയധികം ലാഭമുണ്ടാക്കുവാന്‍ സാധിക്കാത്ത ഒരു പ്രഫഷണല്‍ / ചെറുകിട കമ്പനി ഉപയോഗിക്കുന്നതും; ഉപജീവനത്തിനായി ചിത്രം വില്‍ക്കുന്നയാള്‍, വിനോദത്തിനായി ചിത്രമെടുക്കുന്നയാള്‍ എന്നിവരുടെയൊക്കെ നെറ്റില്‍ പങ്കുവെയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ ഒരു പത്രമാധ്യമം മോഷ്ടിച്ച് ഉപയോഗിക്കുന്നതും ഒരു തുലാസില്‍ അളക്കാവുന്ന കാര്യങ്ങളല്ല. അത് ധാര്‍മ്മികതയുടെ പേരിലായാലും, നിയമത്തിന്റെ കണ്ണിലൂടെയായാലും. പൈറസി പ്രശ്നം ഭൂരിപക്ഷവും, വ്യക്തികളും / ചെറുകിട സ്ഥാപനകളും കുത്തക കമ്പനികളുടെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതു മൂലവും; പ്ലേജറിസം തിരിച്ച് വ്യക്തികളുടേയും / ചെറുകിട സ്ഥാപനങ്ങളുടേയും സൃഷ്ടികള്‍ വലിയ സ്ഥാപനങ്ങള്‍ / കമ്പനികള്‍ ഉപയോഗിക്കുമ്പോഴുമാണ് ഉയരുന്നത്. ധാര്‍മ്മികതയുടെ പേരില്‍ ഇവയെ താരതമ്യം ചെയ്യുന്നതില്‍ പോലും അധാര്‍മ്മികതയുണ്ടെന്നു തോന്നുന്നു!
• ഇവിടെ പറഞ്ഞിരിക്കുന്നവയെല്ലാം എന്റെ മനസിലാക്കലുകളാണ്. തെറ്റുകളുണ്ടെങ്കില്‍ തിരുത്താം, ഒരു ദുരഭിമാനവുമില്ല; പക്ഷെ യുക്തിസഹമായാവണം തിരുത്തുന്നതെന്നു മാത്രം. • ഇതൊക്കെ എഴുതുമ്പോള്‍ സോഫ്റ്റ്‌വെയര്‍ പൈറസിയെ ഞാന്‍ അനുകൂലിക്കുന്നു എന്നു കരുതരുത്. എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രായോഗികതയിലൂന്നി ഈ രീതിയില്‍ അവതരിപ്പിച്ചു എന്നതേയുള്ളൂ. നിയമപരമായി പൈറസി (ഏതുതരവും, DRM അംഗീകരിക്കാതെ, അതിലൂടെ പുറത്തിറക്കുന്ന മീഡിയ ഉപയോഗിക്കുന്നതു പോലും!) ശിക്ഷാര്‍ഹമാണ്. • അപ്ഡേറ്റുകള്‍ നിറം വ്യത്യാസപ്പെടുത്തി നല്‍കിയിരിക്കുന്നു. Description: Piracy and Plagirism - a comparison. Is piracy and plagiarism two sides of a coin? Can I copy an image over the internet for free? What do you mean by Copyright, Copyleft, Creative Commons etc.? Piracy, an evil? What's DRM? Software Piracy, Audio/Video Piracy. An article by Hareesh N. Nampoothiri aka Haree | ഹരീ --