

“അദ്യാപി ഭവല്‍കൃപ, വിദ്യോതമാനമാകും,
പാദ്യാതി ഏല്‍പ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം,
ചൈദ്യാരെ ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ...” - അദ്ദേഹം ചൊല്ലിത്തന്ന പദം ഇപ്പോഴും എന്റെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഒരുപക്ഷെ, കലോപാസകനായി അവസാനകാലം വരെ തുടരുവാന്‍ സാധിക്കുക എന്നതിനപ്പുറമൊന്നും അദ്ദേഹം ഈ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നിരിക്കില്ല. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. തിരുവനന്തപുരത്ത് ദൃശ്യവേദി ജനുവരിയില്‍ അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥകളിയരങ്ങിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കേള്‍ക്കുവാനായത്. കോട്ടക്കല്‍ മധുവാണ് അന്ന് കൂടെപ്പാടുവാനുണ്ടായിരുന്നത്. ഓര്‍മ്മക്കുറവ് കാരണമായി ചില പിശകുകള്‍ സംഭവിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍, ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല.

പലപ്പോഴും മരണാനന്തര ബഹുമതിയായി മാത്രമേ കഥകളി കലാകാരന്മാര്‍ക്ക് ആസ്വാദകമനസുകളില്‍ പോലും സ്ഥാനം ലഭിക്കാറുള്ളൂ എന്നത് ദുഃഖകരമായ ഒരു സത്യമാണ്. അത്തരമൊരു ദൌര്‍ഭാഗ്യത്തില്‍ നിന്നും പരമേശ്വരന്‍ നമ്പൂതിരിയും മുക്തനല്ലെന്നു വേണം പറയുവാന്‍. അദ്ദേഹത്തെ കേട്ടിട്ടുള്ള, അദ്ദേഹത്തെക്കുറിച്ചറിവുള്ള എത്ര കഥകളി ആസ്വാദകര്‍ ഇന്നുണ്ടാവുമെന്നതും സംശയമാണ്. കഥകളിയില്‍ വേഷത്തിനുള്ള മേല്‍ക്കൊയ്മ അംഗീകരിച്ചുകോണ്ട്, കഥയ്ക്കും കഥാപാത്രത്തിനുമിണങ്ങുന്ന രീതിയില്‍ പിന്നണിയില്‍ ഒതുങ്ങി നിന്നു പാടുക എന്ന തന്റെ കര്‍മ്മം ഭംഗിയായി നിര്‍വ്വഹിച്ചു വന്ന അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോയതിലും അത്ഭുതമില്ല. എന്നാല്‍ ഒരിക്കല്‍ കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തേയും വിസ്മരിക്കുകയില്ലെന്നും നിസംശയം പറയാം. അടുത്തറിയാവുന്നവര്‍ ‘കൊച്ചേട്ടനെ’ന്നു വിളിച്ച അദ്ദേഹം ഇന്ന് തന്റെ സംഗീതം അവര്‍ക്കായി ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്‍പില്‍ ഈ എളിയ ആസ്വാദകന്റെ സ്മരണാഞ്ജലികള്‍...
അനുബന്ധം:
1. Kottackal Parameswaran Namboothiri - CyberKerala
Description: Kottackal Parameswaran Namboothiri, Kathakali singer passed away on July 01, 2009. A tribute to the great singer by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. July 2009. Photography by Haree.
--