Thursday, July 2, 2009

കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി (Kottackal Parameswaran Namboothiri)

Kottackal Parameswaran Namboothiri - A tribute.
2009 ജൂലൈ 01: ഇന്നു രാവിലെ അന്തരിച്ച പ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി. 72 വയസായിരുന്നു. കൂത്താട്ടുകുളം കുഞ്ചരക്കാട്ടുമനയില്‍ നാരായണന്‍ നമ്പൂതിരിയുടേയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി 1937 ജാനുവരി 31-നായിരുന്നു പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ചേമ്പില്‍ പ്രഭാകരന്‍ നായര്‍, ചേര്‍ത്തല നാരായണപ്പണിക്കര്‍, ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരില്‍ നിന്നും കര്‍ണാടക സംഗീതം അഭ്യസിച്ചതിനു ശേഷം ഇരുപത്തിമൂന്നാം വയസില്‍ അദ്ദേഹം കോട്ടക്കലില്‍ സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. തുടക്കത്തില്‍ കോട്ടക്കല്‍ വാസു നെടുങ്ങാടിയുടേയും പിന്നീട് കോട്ടക്കല്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെയും ശിക്ഷണത്തില്‍ കഥകളി സംഗീതത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹം വിദ്യാഭാസത്തിനു ശേഷം 1994 വരെ കോട്ടക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ അധ്യാപകനായി ജോലി നോക്കി.

Kottackal Parameswaran Namboothiri
കഥകളിയുടെ തനതുസംഗീത പരമ്പരയിലെ അവശേഷിക്കുന്ന സംഗീതജ്ഞരില്‍ പ്രമുഖനായ ഒരു സംഗീതജ്ഞനായിരുന്നു പരമേശ്വരന്‍ നമ്പൂതിരി. രാഗഭാവം കൈവിടാതെ തന്നെ, സ്വരശുദ്ധിയോടെ വാക്കുകള്‍ വ്യക്തമായി ഉച്ചരിച്ച് കഥകളിക്ക് പാടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വാക്കുകള്‍ കൃത്യമായി മുറിക്കുന്നതിലും അദ്ദേഹം വളരെ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ഉദാഹരണമായി പറഞ്ഞാല്‍, ‘കുചേലവൃത്ത’ത്തിലെ “അജിതാഹരേ! ജയ...” എന്ന പദത്തില്‍, “ബലഭദ്രാനുജാ... നിന്നെ...” എന്ന ഭാഗത്ത് ഇപ്പോള്‍ പലരും “ബലഭദ്രാ.....നുജാ.... നിന്നെ...” എന്നു മുറിച്ചു പാടാറുണ്ട്. എന്നാല്‍ ആ പദം കൃഷ്ണനെക്കുറിക്കുന്നതാകയാല്‍ “ബലഭദ്രാനുജാ......” എന്നൊരുമിച്ചു തന്നെ നീട്ടണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ഈ രീതിയില്‍ വരിയുടെ അര്‍ത്ഥം കൂടി മനസില്‍ കണ്ട് വാക്കുകള്‍ മുറിച്ചു പാടുന്ന ഗാ‍യകരെ ഇന്നു വിരളമായേ കാണുവാന്‍ കഴിയുകയുള്ളൂ. ആദ്യ കാല കഥകളി സംഗീതത്തേയും, ഇപ്പോള്‍ പ്രചാരത്തിലുള്ള പരിഷ്കൃത കഥകളി സംഗീതത്തേയും കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി അദ്ദേഹത്തെ കണക്കാക്കുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. അത്രയധികം പ്രചാരം നേടാത്ത കഥാഭാഗങ്ങള്‍ പോലും അദ്ദേഹത്തിനു തോന്നിച്ചിരുന്നു എന്നതും ഇന്നോര്‍ക്കുമ്പോള്‍ ചെറുതല്ലാത്ത ഒരു കാര്യമാണ്.

“അദ്യാപി ഭവല്‍കൃപ, വിദ്യോതമാനമാകും,
പാദ്യാതി ഏല്‍പ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം,
ചൈദ്യാരെ ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ...” - അദ്ദേഹം ചൊല്ലിത്തന്ന പദം ഇപ്പോഴും എന്റെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഒരുപക്ഷെ, കലോപാസകനായി അവസാനകാലം വരെ തുടരുവാന്‍ സാധിക്കുക എന്നതിനപ്പുറമൊന്നും അദ്ദേഹം ഈ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നിരിക്കില്ല. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. തിരുവനന്തപുരത്ത് ദൃശ്യവേദി ജനുവരിയില്‍ അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥകളിയരങ്ങിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കേള്‍ക്കുവാനായത്. കോട്ടക്കല്‍ മധുവാണ് അന്ന് കൂടെപ്പാടുവാനുണ്ടായിരുന്നത്. ഓര്‍മ്മക്കുറവ് കാരണമായി ചില പിശകുകള്‍ സംഭവിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍, ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല.
Kottackal Parameswaran Namboothiri and Kottackal Madhu during SanthanaGopalam at East-Fort, Thiruvananthapuram.

പലപ്പോഴും മരണാനന്തര ബഹുമതിയായി മാത്രമേ കഥകളി കലാകാരന്മാര്‍ക്ക് ആസ്വാദകമനസുകളില്‍ പോലും സ്ഥാനം ലഭിക്കാറുള്ളൂ എന്നത് ദുഃഖകരമായ ഒരു സത്യമാണ്. അത്തരമൊരു ദൌര്‍ഭാഗ്യത്തില്‍ നിന്നും പരമേശ്വരന്‍ നമ്പൂതിരിയും മുക്തനല്ലെന്നു വേണം പറയുവാന്‍. അദ്ദേഹത്തെ കേട്ടിട്ടുള്ള, അദ്ദേഹത്തെക്കുറിച്ചറിവുള്ള എത്ര കഥകളി ആസ്വാദകര്‍ ഇന്നുണ്ടാവുമെന്നതും സംശയമാണ്. കഥകളിയില്‍ വേഷത്തിനുള്ള മേല്‍ക്കൊയ്മ അംഗീകരിച്ചുകോണ്ട്, കഥയ്ക്കും കഥാപാത്രത്തിനുമിണങ്ങുന്ന രീതിയില്‍ പിന്നണിയില്‍ ഒതുങ്ങി നിന്നു പാടുക എന്ന തന്റെ കര്‍മ്മം ഭംഗിയായി നിര്‍വ്വഹിച്ചു വന്ന അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോയതിലും അത്ഭുതമില്ല. എന്നാല്‍ ഒരിക്കല്‍ കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തേയും വിസ്മരിക്കുകയില്ലെന്നും നിസംശയം പറയാം. അടുത്തറിയാവുന്നവര്‍ ‘കൊച്ചേട്ടനെ’ന്നു വിളിച്ച അദ്ദേഹം ഇന്ന് തന്റെ സംഗീതം അവര്‍ക്കായി ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്‍പില്‍ ഈ എളിയ ആസ്വാദകന്റെ സ്മരണാഞ്ജലികള്‍...

അനുബന്ധം:
1. Kottackal Parameswaran Namboothiri - CyberKerala


Description: Kottackal Parameswaran Namboothiri, Kathakali singer passed away on July 01, 2009. A tribute to the great singer by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. July 2009. Photography by Haree.
--

13 comments:

 1. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്‍പില്‍ ആദരാഞ്ജലികളോടെ...
  --

  ReplyDelete
 2. ആദരാഞ്ജലികള്‍... അദ്ദേഹത്തിന്റെ മകന്‍ എന്റെ സുഹൃത്താണ്‌. ഞാന്‍ രാവിലെ തന്നെ മരണ വിവരം അറിഞ്ഞു. ദാ ഇപ്പോഴാ ഇതു കണ്ടത്‌. ഹരി പറഞ്ഞതാണ്‌ സത്യം. മരണ ശേഷം മാത്രമെ ഇവരൊക്കെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുകയുള്ളു.

  ReplyDelete
 3. 2009 ജൂലൈ 01: ഇന്നു രാവിലെ അന്തരിച്ച പ്രസിദ്ധ കഥകളി സംഗീതജ്ഞന് കോട്ടക്കല് പരമേശ്വരന് നമ്പൂതിരി. 72 വയസായിരുന്നു. {പ്രിയപ്പെട്ട ഹരീ, കൊച്ചേട്ടന്റെ പാവനസ്മരണക്കു മുൻപിൽ ഈ എളിയ ആ‍രാധകന്റെയും ആദരാഞ്ജലികൾ}. ചെമ്പൈ വൈദ്യനാഥ ഭാഗവതര്, ചേമ്പില് പ്രഭാകരന് നായര്, ചേര്ത്തല നാരായണപ്പണിക്കര്, ഒളപ്പമണ്ണ വാസുദേവന് നമ്പൂതിരിപ്പാട് തുടങ്ങിയവരില് നിന്നും കര്ണാടക സംഗീതം അഭ്യസിച്ചതിനു ശേഷം ഇരുപത്തിമൂന്നാം വയസില് അദ്ദേഹം കോട്ടക്കലില് സംഗീത വിദ്യാര്ത്ഥിയായി ചേര്ന്നു. {ചെമ്പൈ വൈദ്യനാഥ ഭാഗവതരിൽ നിന്നും കൊച്ചേട്ടൻ കർണാടക സംഗീതം അഭ്യസിച്ച കഥകൾ അദ്ദേഹം നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്}. തുടക്കത്തില് കോട്ടക്കല് വാസു നെടുങ്ങാടിയുടേയും പിന്നീട് കോട്ടക്കല് ഗോപാലകൃഷ്ണക്കുറുപ്പിന്റെയും ശിക്ഷണത്തില് കഥകളി സംഗീതത്തില് പ്രാവീണ്യം നേടിയ അദ്ദേഹം വിദ്യാഭാസത്തിനു ശേഷം 1994 വരെ കോട്ടക്കല് പി.എസ്.വി. നാട്യസംഘത്തില് അധ്യാപകനായി ജോലി നോക്കി. {നെടുങ്ങാടി ആശാനിൽ നിന്നും കഥകളി സംഗീതം അഭ്യസിച്ച് നേടിയ പരിജ്ഞാനത്തിന്റെ പൂർണമായ ആവിഷ്കാരം കൊച്ചേട്ടൻ തന്റെ അവസാന അരങ്ങുവരെ നിലനിർത്തി}. സ്വരശുദ്ധിയോടെ വാക്കുകള് വ്യക്തമായി ഉച്ചരിച്ച് കഥകളിക്ക് പാടുവാന് അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വാക്കുകള് കൃത്യമായി മുറിക്കുന്നതിലും അദ്ദേഹം വളരെ നിഷ്കര്ഷ പുലര്ത്തിയിരുന്നു. {ഹരീ, തീർച്ചയായും ഈ പറഞ്ഞതു് വലിയ ഒരു സത്യം തന്നെ ആണ്. കഥകളിയുടെ തനതു സംഗീതം, അതും രാഗഭാവം കൈവിടാതെ, വ്യക്തമായി വാക്കുകൾ ഉച്ചരിച്ച് സ്വരശുദ്ധിയോടെ പാടുക എന്നതു് കൊച്ചേട്ടന്റെതായ ശൈലി തന്നെ ആയിരുന്നു}. വരിയുടെ അര്ത്ഥം കൂടി മനസില് കണ്ട് വാക്കുകള് മുറിച്ചു പാടുന്ന ഗായകരെ ഇന്നു വിരളമായേ കാണുവാന് കഴിയുകയുള്ളൂ. {തീർച്ചയായും. കൊച്ചേട്ടന്റെ പാട്ട് കേട്ടിട്ടുള്ളവർക്കു് അതു് മനസ്സില്ലാവും}. ആദ്യ കാല കഥകളി സംഗീതത്തേയും, ഇപ്പോള് പ്രചാരത്തിലുള്ള പരിഷ്കൃത കഥകളി സംഗീതത്തേയും കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി അദ്ദേഹത്തെ കണക്കാക്കുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. {കോട്ടക്കൽ നാട്യസംഘത്തിൽ നിന്നും പിരിഞ്ഞശേഷം ‘സൂര്യ റ്റീ.വീ.’ക്കു വേണ്ടി ‘സുപ്രഭാതം’ എന്ന പ്രോഗ്രാമിന്റെ ഇന്റെർവ്യൂയിൽ കൊച്ചേട്ടൻ വളരെ ഭംഗിയായി ഇതിനെപറ്റി പറഞ്ഞിട്ടുണ്ടായിരുന്നു}. “അദ്യാപി ഭവല്കൃപ, വിദ്യോതമാനമാകും,
  പാദ്യാതി ഏല്പ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം,
  ചൈദ്യാരെ ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ...” - അദ്ദേഹം ചൊല്ലിത്തന്ന പദം ഇപ്പോഴും എന്റെ മനസില് തെളിഞ്ഞു നില്ക്കുന്നു. {തീർച്ചയായും ഹരി കൊച്ചേട്ടനെ കുറിച്ച് എഴുതിയ ഒരു കവിത പോലയെ ഈ പദത്തിനെ കാണാൻ സാധിക്കുന്നൊള്ളൂ}. ഒരുപക്ഷെ, കലോപാസകനായി അവസാനകാലം വരെ തുടരുവാന് സാധിക്കുക എന്നതിനപ്പുറമൊന്നും അദ്ദേഹം ഈ ജീവിതത്തില് ആഗ്രഹിച്ചിരുന്നിരിക്കില്ല. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. {കലോപാസനയും നാദോപാസനയും തന്നെ ആയിരുന്നു ആ ധന്യാത്മാവിന്റെ ജീവിത ലക്ഷ്യം}. തിരുവനന്തപുരത്ത് ദൃശ്യവേദി ജനുവരിയില് അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥകളിയരങ്ങിലാണ് ഏറ്റവും ഒടുവില് അദ്ദേഹത്തെ കേള്ക്കുവാനായത്. {ആ നാദധാര ശ്രവിച്ച് ധന്യമായ ദൃശ്യവേദി കഥകളി ആസ്വാദകർ ഒരിക്കലും കൊച്ചേട്ടനെ മറക്കുകയില്ല}. കോട്ടക്കല് മധുവാണ് അന്ന് കൂടെപ്പാടുവാനുണ്ടായിരുന്നത്. പലപ്പോഴും മരണാനന്തര ബഹുമതിയായി മാത്രമേ കഥകളി കലാകാരന്മാര്ക്ക് ആസ്വാദകമനസുകളില് പോലും സ്ഥാനം ലഭിക്കാറുള്ളൂ എന്നത് ദുഃഖകരമായ ഒരു സത്യമാണ് അദ്ദേഹത്തെ കേട്ടിട്ടുള്ള, അദ്ദേഹത്തെക്കുറിച്ചറിവുള്ള എത്ര കഥകളി ആസ്വാദകര് ഇന്നുണ്ടാവുമെന്നതും സംശയമാണ്. {കൃഷ്ണൻ‌നായർ ആശാന്റെ വേഷങ്ങൾ കണ്ടിട്ടില്ലാത്ത യുവകഥകളി കലാകാരന്മാരെ പോലെ കൊച്ചേട്ടന്റെ പാട്ട് കേൾക്കാത്ത കഥകളി ഗായകർ ഉണ്ടാകരുതെ എന്നാണ് പ്രാ‍ർ‌ത്ഥന}. കഥകളിയില് വേഷത്തിനുള്ള മേല്ക്കൊയ്മ അംഗീകരിച്ചുകോണ്ട്, കഥയ്ക്കും കഥാപാത്രത്തിനുമിണങ്ങുന്ന രീതിയില് പിന്നണിയില് ഒതുങ്ങി നിന്നു പാടുക എന്ന തന്റെ കര്മ്മം ഭംഗിയായി നിര്വ്വഹിച്ചു വന്ന അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോയതിലും അത്ഭുതമില്ല. {ആ ‘ഒതുക്കം’ ആയിരുന്നു കൊച്ചേട്ടന്റെ ‘അംഗീകാരം’}. എന്നാല് ഒരിക്കല് കേട്ടിട്ടുള്ളവര് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തേയും വിസ്മരിക്കുകയില്ലെന്നും നിസംശയം പറയാം. {ഒരിക്കൽ കൊച്ചേട്ടന്റെ പാട്ട് കേട്ടിട്ടുള്ളവർ അദ്ദേഹത്തിന്റെ സംഗീതത്തിനു് ‘അടിമപ്പെടും‘ എന്നു തന്നെ സംശയലേശമന്യേ പറയാം}. ഇന്ന് തന്റെ സംഗീതം ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായിക്കഴിഞ്ഞ അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്പില് ഈ എളിയ ആസ്വാദകന്റെ സ്മരണാഞ്ജലികള്... {‘പ്രാതസ്മരണിയനായ’ ആ ഭാവഗായകന് ഈ എളിയ ആസ്വാദകന്റെയും ബാഷ്പാഞ്ജലികൾ}

  ReplyDelete
 4. Dear Haree,

  Thanks that this POST on Grahanam happened today itself, marking your last respects for your Guru as well as one of the great Kathakali Singers of all times whom we all will miss forever.

  Am here to just add to your mention about him that that he was a good painter too. Am sure you too knew, no doubt.

  He had a great sense of humour (bayangara rasikanayirunnoothrey !) as told by someone from Kottakkal who was very much close to him.

  Well, its a great loss for all of us.

  God bless his soul...

  Regards

  Ranjini
  Dubai

  PS : Vaidyanathan Maashey.. thanks to you too for forwarding haree's blog by email. Hope you are keeping well.

  ReplyDelete
 5. It is very sad that our Kochettan is no more. I heard him last in the Drisyavedi, Thiruvananthapuram. A good Kathakali Gayakan with a through knowledge in the Thalam is his base. He knows music very well. But he mix the same only where ever it is needed, but without failing the Kathakalitham. I think he used to incorporate Hameerkalyani Ragam whenever he sings. He also has got a good Stayaayi. I heard that, Kurup asaan used to call him / preferred him as sinkidi (Especially for Utcha Stayi).

  I heard his lavanasuravadham with Keezpadam

  I heard his Santhanagopalam with Padmanabhan nair assan, Balasubramaniam and Sivaram asaan as Krishnan. Hisw brother PD was his sankidi

  I heard his Santanagopalam Padmanabhan nair assan, Balasubramaniam

  I heard his Santanagopalam Keezpadam and Sadanam


  I heard his Kalyanasougandhikam with Keezpadam and Sadanam krishnankutty asaan

  I heard his Kalyanasougandhikam with Sadanam krishnankutty asaan

  I heard his Nalacharitham 1st day with Gopi Asaan and Margi Vijayakumar

  And Last I heard his santhanagopalm with Kesavan Namboothiri and Kottakkal Kesavan. Madhu was his sankidi.


  He used to draw also. Any way we lost a great singer.

  He has got a good number of Shisyas. Kottakkal Narayanan, Kottakkal Madhu, Kottkkal (Vengeri) Narayanan etc…..

  We can listen him way through them. A lot more to write……………………..


  Let us pray.

  ananthan, Kottayam

  ReplyDelete
 6. NambooriAshane ente Adaranjalikal.

  ReplyDelete
 7. അദേഹതിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!
  ഹരി - ഇങനെ ഒരു പോസ്റ്റ് ഇട്ടതിനു സന്തോഷം അറിയിക്കുന്നു.

  ReplyDelete
 8. കൊച്ചേട്ടൻ പോയീന്ന് വിശ്വസിയ്ക്കാൻ പറ്റിയില്ല ആദ്യം.
  അദ്ദേഹത്തിന് ആദരാഞ്ജലികൾ.

  ReplyDelete
 9. ഹരീ,
  കൊച്ചേട്ടനു എന്റേയും ആദരാഞലികൽ
  കഥകളിപാട്ടിൽ തന്റേതയ ഒരു സമ്പ്രദായം കൊണ്ടുവന്ന ഒരു പാട്ടുകരനാണു കൊച്ചേട്ടൻ. എന്നൽ അത് വേണ്ടത്ര ഗൌരവത്തോ‍ടെ ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ലെന്ന് പലപ്പോഴും തൊന്നിയിട്ടുണ്ട്. ശ്രീ അനന്തശിവൻ സൂചിപ്പിച്ചപൊലെ ഹമീർകല്യാണി പൊലെയുള്ളരാഗങ്ങൾ കഥകളിഅരങ്ങത്ത് കൊണ്ടുവന്നു എന്നത് ഒന്ന്. വിജയനാഗരിരാഗം ഏറ്റവും ഫലപ്രദമായി ഉപയോഗിയ്ക്കുന്നതും കണ്ടിട്ടുണ്ട്. പുറമേ മുമ്പിലുള്ള മൈക്രോഫൊൺ വേണ്ടത്ര കണക്കിലെടുക്കതെ സ്വന്തം ശബ്ദം വേണ്ടതുപോലെ മോഡുലേറ്റ് ചെയ്ത് ഭാവത്തെ പ്രകടിപ്പിയ്ക്കുക എന്നതാണു കൊച്ചേട്ടന്റെ തന്ത്രം. അതിനാൽ അരങ്ങിനെ ഭാവോജ്ജ്വലമാക്കുന്നതിന്ന് കൊച്ചേട്ടന്ന് കൊച്ചേട്ടന്റേതായ ഒരു ശൈലിയുണ്ടയിരുന്നു. അതിന്നായി വേണ്ടത്ര ഗ്രുഹപാഠങ്ങൾ ചെയ്യുന്നതിന്ന് അദ്ദേഹത്തിന്ന് ഒരു മടിയും ഊണ്ടയിരുന്നില്ലന്ന് എനിയ്ക്ക് നേരിട്ടറിയവുന്നതാണു. അങ്ങിനത്തേ പാട്ടുകാർ ഇപ്പോഴധികമില്ല എന്ന് സമ്മതിച്ചേ ക്കഴിയൂ. ഈ ഗുണംകൊണ്ടുതന്നെയായിരിയ്ക്കണം അദ്ദേഹം കുറുപ്പിന്റെ കൂടെ പാടുമ്പോൾ ഒരു പ്രത്യേക സുഖം അനുഭവപ്പെട്ടിരുന്നത്. മ്മത്രമല്ല കുറുപ്പിന്ന് ഏറ്റവും പഥ്യമായ ശിങ്കിടികളിൽ ഒരാളായി മാറുകയും ചെയ്തത്. കാരണം കുറുപ്പും മൈക്രോഫോണിനെ ആശ്രയിയ്ക്കാത്ത പാട്ടുകാരനായിരുന്നുവല്ലൊ. കൊച്ചേട്ടൻ പൊന്നാനി പാടുമ്പോഴും തന്റെ നിയോഗം ഭാവോജ്ജ്വലമാക്കലാണു എന്നത് തിരിച്ചറിഞ്ഞആണു പെരുമാറിയിരുന്നത് എന്നത് പ്രത്യെകം എടുത്തു പറയാണ്ടിയിരിയ്ക്കുന്നു.
  ഏതായാലും അദ്ദേഹത്തിന്റെ ആത്മാവിന്ന് നിത്യശാന്തി നേർന്നുകൊള്ളുന്നു.
  മാധവൻ കുട്ടി

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--