രണ്ടായിരത്തിയൊന്‍പത് ജനുവരിയില്‍ ഇവിടെ പരിചയപ്പെടുത്തിയ ‘തൗര്യത്രികം’ ഒടുവില്‍ പുറത്തിറങ്ങുന്നു. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍; ഡോക്യുമെന്ററി, ഡി.വി.ഡി., സി.ഡി. എന്നിങ്ങനെ വിവിധ രൂപത്തില്‍ പുറത്തിറക്കുവാനായി ഏകദേശം പന്ത്രണ്ട് മണിക്കൂറോളം വീഡിയോ എഡിറ്റ് ചെയ്യേണ്ടതായി ഉണ്ടായിരുന്നതിനാലാണ് ഇത്രയും കാലതാമസം നേരിട്ടത്. സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വൈകുന്നേരം 5.30-ന് തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയില്‍ (
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി) നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക-വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. എം.എ. ബേബി ‘തൗര്യത്രികം’ ഡി.വി.ഡി. പ്രകാശനം ചെയ്യും. പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ. ജി. വേണുഗോപാലാണ് ഡോക്യുമെന്ററിയുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. കഥകളി ആസ്വാദകര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മുതിര്‍ന്ന കഥകളി ആചാര്യന്‍ ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിനു ശേഷം ‘തൗര്യത്രികം’ ഡോക്യുമെന്ററിയുടെ ഒരു പ്രിവ്യൂ ഷോയും ഉണ്ടായിരിക്കുന്നതാണ്.
പരിചയമുള്ള ഏവരേയും വിവിധ മാര്‍ഗങ്ങളിലൂടെ വ്യക്തിപരമായി അറിയിക്കുവാന്‍ കഴിയുന്നത്രയും ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. ഏവരേയും പ്രസ്തുത ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.
ടൈറ്റിലുകള്‍, ക്രെഡിറ്റ്സ് എന്നിവയുള്‍പ്പടെ എഴുപത്തിയേഴ് മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. സന്ധ്യയ്ക്ക് കേളികൊട്ടു മുതല്‍ വെളുപ്പിന് ധനാശി വരെ മണിക്കൂറുകള്‍ നീളുന്ന ഒരു കഥകളി അവതരണത്തിലെ വിവിധ ഘട്ടങ്ങള്‍, കഥകളിയിലെ വിവിധ സങ്കേതങ്ങള്‍, കഥകളിയിലെ മുദ്രകള്‍ അവയുടെ പ്രയോഗരീതികള്‍, നവരസങ്ങള്‍, പ്രാഥമികമായ മറ്റു വിവരങ്ങള്‍ തുടങ്ങി ഒരു കഥകളി ആസ്വാദകനു തുടങ്ങുവാന്‍ വേണ്ടതെല്ലാം ഈ എഴുപത്തിയേഴു മിനിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു അവസരത്തില്‍ ഏതെങ്കിലും ഒരു തിയേറ്ററില്‍ ഡോക്യുമെന്ററിയുടെ ആദ്യ ഷോ ഉദ്ദേശിച്ചിട്ടുള്ളതിനാല്‍, അതിനു മുന്നോടിയായുള്ള ഒരു പ്രദര്‍ശനമായിരിക്കും ഈ ചടങ്ങിനോടനുബന്ധിച്ച് നടത്തപ്പെടുക. ഇംഗ്ലീഷിലും മലയാളത്തിലും ഡോക്യുമെന്ററി തയ്യാറായിട്ടുണ്ട്. എന്നാല്‍ വി.സി.ഡി രൂപത്തില്‍ മലയാളം പതിപ്പ് മാത്രമായിരിക്കും ലഭ്യമായിരിക്കുക. വി.സി.ഡി. പതിപ്പിന്റെ വില 99 രൂപ ആയിരിക്കും.
ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. |
|
ഡോക്യുമെന്ററിയില്‍ കഥകളിയേയും കഥകളി ആസ്വാദനത്തേയും കുറിച്ചുള്ള സംക്ഷിപ്ത രൂപം മാത്രമാണ് ഉള്‍പ്പെടുത്തുവാന്‍ സാധിച്ചിട്ടുള്ളത്. കൂടുതല്‍ വിശദമായ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിയ ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. പതിപ്പുകളും ഡോക്യുമെന്ററിയോടൊപ്പം പുറത്തിറക്കുന്നുണ്ട്. വിന്‍ഡോസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുവാന്‍ തക്കവണ്ണമാണ് സി.ഡി./ഡി.വി.ഡി. എന്നിവ വിഭാവനം ചെയ്തിരിക്കുന്നത്. താഴെപ്പറയുന്ന പതിപ്പുകളാണ് പുറത്തിറങ്ങുക.
1. സി.ഡി. - റോം (മലയാളം) - വില Rs. 149/-
കമ്പ്യൂട്ടറില്‍ സി.ഡി. ഡ്രൈവ് മാത്രം ലഭ്യമായ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. 160-നു മേല്‍ ചിത്രങ്ങളും 82 മിനിറ്റ് വീഡിയോയും സി.ഡി.-റോം പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 576 x 424 വലുപ്പത്തില്‍, 750 kbps വീഡിയോ - 128 kbps ആഡിയോ ബിറ്റ് റേറ്റുകളില്‍ FLV ഫോര്‍മാറ്റിലാണ് വീഡിയോകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 1024 x 768 @ 16 ബിറ്റ് കളര്‍ അല്ലെങ്കില്‍ അതിനു മുകളില്‍ ലഭ്യമായ കമ്പ്യൂട്ടറുകളാണ് ഈ സി.ഡി. പ്രവര്‍ത്തിപ്പിക്കുവാന്‍ അനുയോജ്യം. ഉള്ളടക്കം ശരിയായി ദൃശ്യമാക്കുവാന്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കുകയും വേണം.
2. ഡി.വി.ഡി. - റോം (മലയാളം) - വില Rs. 299/-
ഉയര്‍ന്ന നിലവാരത്തില്‍, കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഉള്ളടക്കങ്ങളില്‍ വ്യത്യാസമില്ല. 290-നു മേല്‍ ദൈര്‍ഘ്യം ഡി.വി.ഡിയിലെ വീഡിയോ ഫയലുകള്‍ക്കെല്ലാം കൂടിയുണ്ട്. 720 x 524 വലുപ്പത്തില്‍, 1700 kbps വീഡിയോ - 160 kbps ആഡിയോ ബിറ്റ് റേറ്റുകളില്‍ FLV ഫോര്‍മാറ്റിലാണ് വീഡിയോകള്‍ ലഭ്യമാക്കിയിരിക്കുന്നത്. കഥാഭാഗങ്ങളുടെ വീഡിയോകള്‍ക്ക് 2000 kbps വീഡിയോ ബിറ്റ് റേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
3. ഡി.വി.ഡി. - റോം (ഇംഗ്ലീഷ്) - വില Rs. 399/-
വിദേശീയരായ കഥകളി ആസ്വാദകരെ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രീമിയം പതിപ്പ്. വീഡിയോ സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പടെ, ഉള്ളടക്കം പൂര്‍ണമായും ഇംഗ്ലീഷിലാണ്. അരങ്ങുകളില്‍ സാധാരണയായി അവതരിപ്പിക്കുന്ന കഥകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കൈപ്പുസ്തകവും, പോസ്റ്റ് കാര്‍ഡ് വലുപ്പത്തില്‍ പ്രിന്റ് ചെയ്ത ചില തിരഞ്ഞെടുത്ത ചിത്രങ്ങളും കൂടുതലായി പ്രീമിയം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കും.
ചില സാങ്കേതിക കാരണങ്ങളാല്‍ ഡോക്യുമെന്ററിയുടെ വി.സി.ഡി. പതിപ്പ് മാത്രമാവും പ്രകാശനത്തിനു ശേഷം ലഭ്യമാവുക. രണ്ടാഴ്ചയ്ക്കകം ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. പതിപ്പുകളും വിപണിയില്‍ ലഭ്യമാവും. പ്രകാശനദിനത്തില്‍ വി.സി.ഡി. വാങ്ങുന്നവര്‍ക്കും, മുന്‍കൂര്‍ പണമടച്ച് ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്കും (സി.ഡി./ഡി.വി.ഡി. വിപണിയില്‍ ലഭ്യമാവുന്നതിനു മുന്‍പ് ഓണ്‍ലൈനായി ബുക്ക് ചെയ്യുവാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെപ്റ്റംബര്‍ 15-നു ശേഷം ഇവിടം സന്ദര്‍ശിക്കുക.) വിലയില്‍ 20% ഇളവ് ഉണ്ടായിരിക്കുന്നതാണ്.
‘തൗര്യത്രികം’ എന്ന സംരംഭം ഒരു വിജയമാക്കുവാനായി ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Thouryathrikam - NEWNMEDIA™
Description: 'Thouryathrikam' - Learn to Enjoy Kathakali. A Documentary & Media Production on Kathakali. Directed by Hareesh N. Nampoothiri aka Haree; Written by Toji and Haree; Produced by Gokul Govind, Chazhikkunnathu Productions; Marketed by Compu-Needs. DVD Launch by Sri. M.A. Baby (Education & Cultural Minister, Kerala State); Documentary Release by Sri. G. Venugopal (Playback Singer); Sri. Madavoor Vasudevan Nair will be the chief guest for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. August 29, 2009. Brochure/Logo Design by Haree.
--