ചില നേരങ്ങളില്‍ മാത്രം ഗ്രഹണം വിട്ട് പുറത്തുവരുന്ന ചിന്തകള്‍... അത് കഥയാവാം, കവിതയാവാം അല്ലെങ്കില്‍ ലേഖനങ്ങളാവാം...
Wednesday, January 17, 2007
കഥകളിയിലെ ലളിതസംഗീതജ്ഞന്‍
കഥകളി സംഗീത ലോകത്തിന് മറ്റൊരു തീരാനഷ്ടമുണ്ടാക്കിക്കൊണ്ട് കലാമണ്ഡലം ഹൈദരാലിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. വേര്‍പാട് എന്നും ദുഃഖകരമാണ്. എന്നാല്‍ ഹൈദരാലിയുടെ മരണം ഒരു അപകടമരണമാണെന്നത് ദുഃഖം ഇരട്ടിയാക്കുന്നു. തന്റെ ശരീരത്തിനും ശാരീരത്തിനും ഒരു സംഗീതജ്ഞന്‍ അവശ്യം നല്‍കേണ്ട പരിചരണം നല്‍കിയ ചുരുക്കം കഥകളിഗായകരില്‍ ഒരാളായിരുന്നു അദ്ദേഹം. സ്വന്തം പ്രവൃത്തിദൂഷ്യം കൊണ്ട് തനിക്ക് ദൈവം നല്‍കിയ കല കൈമോശം വരരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ലഹരിയില്‍ അരങ്ങ് കൈമോശം വന്ന ഒരു ഘട്ടം പോലും അദ്ദേഹത്തിന്റെ കഥകളി സംഗീതജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ കൂടുതല്‍ പാടുവാന്‍ ദൈവം അനുവദിച്ചില്ല എന്നത് ഏറ്റവും ദുഃഖകരമാണ്.
ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രം കഥകളിക്ക് പ്രചാരമുണ്ടായിരുന്ന സമയത്താണ് ഹൈദരാലി കഥകളി സംഗീത ലോകത്തേക്ക് കടന്നു വരുന്നത്. കേവലം സംഗീതബോധം മാത്രം കൈമുതലായുണ്ടായിരുന്ന ഹൈദരാലി, കഥകളി സംഗീതമണ്ഡലത്തില്‍ സ്വന്തമായ ഒരു സ്ഥാനമുറപ്പിച്ചത് കഠിനപ്രയത്നം കൊണ്ടും തളരാത്ത ഇച്ഛാശക്തികൊണ്ടുമാണ്. അഹിന്ദുവായതിന്റെ പേരില്‍ വളരെക്കുറച്ചു വേദികള്‍ മാത്രമാണ് അദ്ദേഹത്തിന് തുടക്കത്തില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഹൈദരാലിയുടെ സംഗീതത്തിനു വേണ്ടിമാത്രമായി കഥകളി അമ്പലമതില്‍ക്കെട്ടിനു പുറത്തു വെച്ചു നടത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കുവാന്‍ അദ്ദേഹത്തിന്റെ സംഗീതത്തിനു സാധിച്ചു.
കഥകളി സംഗീതത്തെ സിനിമാസംഗീതമാക്കിമാറ്റുന്നു എന്ന ആരോപണം ഹൈദരാലിയെക്കുറിച്ചുണ്ട്. എന്നാല്‍ മറ്റൊരു കലാകാരനും ഇത്ര ആയാസരഹിതമായി കഥകളി സംഗീതത്തെ കൈകാര്യം ചെയ്യുവാന്‍ സാധിച്ചിട്ടില്ല എന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ബാണയുദ്ധത്തിലെ ‘കിം കിം അഹോസഖീ’യും കചദേവയാനിയിലെ ‘സുന്ദരകളേബര’യും ഹൈദരാലി സംഗീതത്തിലെ ലാളിത്യത്തിന് മാതൃകകളാണ്. കഥകളി അഭിനയത്തില്‍ നാടകീയത കൊണ്ടുവന്നത് കലാമണ്ഡലം ഗോപിയാണെങ്കില്‍ സംഗീതത്തില്‍ നാടകീയതയുണര്‍ത്തിയത് ഹൈദരാലിയാണെന്ന് നിസ്സംശയം പറയാം. നളചരിതത്തിലെ ‘ഉചിതം, അപര വരണോദ്യമം’ എന്ന പദം ഇതിന് നല്ല ഒരുദാഹരണമാണ്. ഉചിതമെന്ന മുദ്രകാണിക്കുമ്പോള്‍ ഗോപിയാശാന്‍ ഇടയ്ക്കൊന്നു നിര്‍ത്തും, അപ്പോള്‍ സംഗീതവും ‘ഉ’ എന്ന അക്ഷരത്തില്‍ നിര്‍ത്തി രംഗഭാവം വര്‍ദ്ധിപ്പിക്കുന്ന പതിവ് ഹൈദരാലി പാടുമ്പോള്‍ മാത്രമാണ് എനിക്ക് അനുഭവവേദ്യമായിട്ടുള്ളത്.
ഭക്തിപ്രധാന രംഗങ്ങളില്‍ ശങ്കരന്‍ എമ്പ്രാന്തിരി, ഭാവപ്രധാന രംഗങ്ങളില്‍ വെണ്മണി ഹരിദാസ് എന്ന രീതിയില്‍ ഒരു പ്രത്യേക വിഭാഗം ഹൈദരാലിക്ക് കഥകളി സംഗീതത്തില്‍ ആസ്വാദകര്‍ നല്‍കിയിട്ടില്ല. എല്ലാ രംഗങ്ങളിലും, അവ ഭക്തിപ്രധാനമാണെങ്കിലും, ഭാവപ്രധാനമാണെങ്കിലും, ആട്ടപ്രധാനമാണെങ്കിലും, ഹൈദരാലി ഒരുപോലെ പാടി ഫലിപ്പിക്കും. എന്നിരുന്നാലും ചടുല രംഗങ്ങളിലും ഉത്സാഹരംഗങ്ങളിലും ആ ശൈലി ഒന്നു വേറെ തന്നെയാണ്. നളചരിതം നാലാം ദിവസത്തിലെ ‘പൂമാതിനൊത്ത ചാരുതനോ’, ‘ആനന്ദതുന്ദിലനായ് വന്നിതാശുഞാന്‍’ എന്നീ പദങ്ങള്‍ ഹൈദരാലി മനോഹരമാക്കാറുണ്ട്. കല്യാണസൌഗന്ധികം കഥയിലെ ‘പാഞ്ചാല രാജ തനയേ’ എന്ന ഭീമന്റെ പദം, പതിഞ്ഞ പദങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഹൈദരാലിക്കുള്ള മികവ് പ്രതിഫലിപ്പിക്കുന്നു. കീചകവധം കഥയിലെ ‘ഹരിണാക്ഷി, ജനമൌലീമണേ’ എന്ന പദം, അതിലെ തന്നെ ‘മാലിനീ, രുചിരം’ എന്നീ പദങ്ങള്‍ ശൃംഗാരരസ പ്രധാനമായ പദങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഹൈദരാലി കാണിക്കുന്ന ഔചിത്യബോധത്തിന്റെ തെളിവുകളാണ്. സോപാനസംഗീതമല്ല കഥകളി സംഗീതമെന്ന കാഴ്ചപ്പാടായിരുന്നു ഹൈദരാലിക്ക്. സോപാനസംഗീതത്തില്‍ ഭക്തിമാത്രമേയുള്ളൂ, എന്നാല്‍ കഥകളി സംഗീതത്തിന് സമസ്തഭാവങ്ങളും ആവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഒരു കഥകളി സംഗീതജ്ഞനായി മാത്രം അറിയപ്പെടുവാനാണ് ഹൈദരാലി എന്നും ആഗ്രഹിച്ചിരുന്നത്. കഥകളിസംഗീതത്തിലും കര്‍ണ്ണാടകസംഗീതത്തിലും ചില പരീക്ഷണങ്ങള്‍ നടത്തി നോക്കുവാനും അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ തില്ലാനയും വര്‍ണ്ണവും ഏഷ്യാനെറ്റില്‍ ബാലഭാസകറുമായി ചേര്‍ന്നുനടത്തിയ ‘ദി ബിഗ്ബാന്‍ഡ്’ എന്ന പരിപാടിയില്‍ അദ്ദേഹം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
കഥകളി സംഗീതത്തെ സാധാരണക്കാരനിലേക്കും, ആസ്വാദകരെ കഥകളി സംഗീതത്തിന്റെ ലളിത മനോഹര ഭാവങ്ങളിലേക്കും എടുത്തുയര്‍ത്തിയ മറ്റൊരു സംഗീതജ്ഞനില്ലെന്ന് നിസ്സംശയം പറയാം. കഥകളി വേദികളില്‍ ലളിതസംഗീതഭാവമായി നിറഞ്ഞ ഹൈദരാലി ഇനിയില്ല. വിധിയുടെ യാന്ത്രികചലനത്തില്‍ പൊലിഞ്ഞുപോയ ആ കലാപ്രതിഭ, ബാക്കിയാക്കിയ നല്ല അരങ്ങുകളുടെ മാധുര്യം പേറുന്ന കലാസ്വാദകരുടെ ഹൃദയത്തില്‍ മരണമില്ലാതെ തുടരും. പ്രണാമങ്ങള്‍...
--
ഫെബ്രുവരി, 2006: കഥകളി സംഗീതലോകത്തെ അതുല്യ ഗായകന്‍, ഹൈദരാലി നമ്മെവിട്ടു പിരിഞ്ഞിട്ട് ഈ ജനുവരിയില്‍ ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കിഴക്കിന്റെ വെനീസ്’ എന്ന മാസപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് എന്റെയീ ലേഖനം. ഹൈദരാലിയുടെ ഓര്‍മ്മകള്‍ വീണ്ടും ഉണരുന്ന ഈ വേളയില്‍ ബൂലോഗത്തിലെ പ്രിയവായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇവിടെ ചേര്‍ക്കുന്നു.
--
Subscribe to:
Post Comments (Atom)
കഥകളി സംഗീതലോകത്തെ അതുല്യ ഗായകന്‍, കലാമണ്ഡലം ഹൈദരാലി നമ്മെവിട്ടു പിരിഞ്ഞിട്ട് ഈ ജനുവരിയില്‍ ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കിഴക്കിന്റെ വെനീസ്’ എന്ന മാസപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് എന്റെയീ ലേഖനം. ഹൈദരാലിയുടെ ഓര്‍മ്മകള്‍ വീണ്ടും ഉണരുന്ന ഈ വേളയില്‍ ബൂലോഗത്തിലെ പ്രിയവായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഗ്രഹണത്തില്‍ ചേര്‍ത്തിട്ടുണ്ടേ... വായിച്ച് അഭിപ്രായമറിയിക്കുമല്ലോ?
ReplyDelete--
പ്രിയ ഹരിക്കുട്ടാ..
ReplyDeleteഹൈദ്രാലിയെക്കുറിച്ചുള്ള താങ്കളുടെ ഓര്‍മ്മക്കുറിപ്പ് വായിച്ചു.അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
ഹരിയുടെ കഥകളിഭ്രമം കലശലാണല്ലൊ.
അഭിനന്ദനങ്ങള്‍.
ചുരുക്കിപ്പറഞ്ഞാല്‍
“വിഷ്ണു രമയ്ക്കു,നിശയ്ക്കു ശശാങ്കന്‍
ഉമയ്ക്കു ഹരന്‍,
ലേഖനമോര്‍ക്കില്‍ ഹരിക്കും!”
പിന്നെ,ചെറിയ അക്ഷരപ്പിശകുകള്‍ ലേഖനത്തില്‍ കടന്നു കൂടിയിട്ടുണ്ടട്ടോ!
‘സൊ’പാന സംഗീതം സോ വേണം,അടുത്ത വരിയില്‍ ശരിയായിക്കാണാം!.
അവസാന വരിക്കു തൊട്ടുമുന്നെ ‘വിധി’വരുന്നതും നോക്കുക.
ഈ തെറ്റുകള്‍ ലേഖനതിന്റെ ഗുണത്തെ ബാധിക്കുന്നില്ല കെട്ടൊ.
ആശംസകളോടെ,
ഹരീ നല്ല ലേഖനം ഇവിടെ (http://www.chintha.com/node/561) ഞാനും ഒന്നെശ്ഴുതിയിട്ടുണ്ടായിരുന്നു. വായിച്ചു അഭിപ്പ്രായം പറയൂ.
ReplyDeleteഹൈദരാലിയെക്കുറിച്ചുള്ള അനുസ്മരണം ഉചിതമായി. അദ്ദേഹം ആലപിച്ച പല പദങ്ങളും കാതില്‍ മുഴങ്ങി ഇതു വായിച്ചപ്പോള്‍. മാലിയുടെ 'കര്‍ണ്ണശപഥം' അരങ്ങത്ത് പ്രസിദ്ധി നേടുന്നതില്‍ ഹൈദരാലി വഹിച്ച പങ്ക് നിസ്തുലമാണ്.
ReplyDeleteപ്രിയപ്പെട്ട ഹരീ,
ReplyDeleteകഥകളിയരങ്ങിലെ യേശുദാസായിരുന്നു കലാമണ്ഡലം ഹൈദരാലി.
ആ മഹാനുഭാവന്‍ പാടിയ പദങ്ങളുടെ ശേഖരം ആരുടെയെങ്കിലും പക്കല്‍ ലഭ്യമാണോ എന്നറിയുമോ?
ജോണ്‍സണ്‍ മാഷേ,
ReplyDeleteതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
“പേര്‍ത്തു പേര്‍ത്തു ജനകീര്‍ത്ത്യമാന നള
പാര്‍ത്ഥിവോത്തമ സല്‍കീര്‍ത്തികള്‍ കേട്ടേന്‍”
അങ്ങിനെ ഹൈദരാലി എന്ന പാര്‍ത്ഥിവോത്തമന്റെ കീര്‍ത്തി കേട്ടും നേരിട്ടും അറിഞ്ഞതിന്റെ ഒരു പങ്കാണ് ഈ ലേഖനത്തില്‍. അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ അനുഭവിപ്പിച്ച ആനന്ദം ഞാനെങ്ങിനെയാണ് വാക്കുകളിലൂടെ പ്രകടമാക്കുക?
--
പ്രീയപ്പെട്ട സുനില്‍,
താങ്കളുടെ ലേഖനവും നന്നായിരിക്കുന്നു. ഹൈദരാലിയുടെ ഒരു ആത്മകഥാസ്പര്‍ശമുള്ള ഒരു പുസ്തകമുണ്ട് -“ഓര്‍ത്താല്‍ വിസ്മയം”. അതു ഞാന്‍ വായിച്ചിരുന്നു. താങ്കളുടെ ലേഖനത്തില്‍ പറഞ്ഞവ അതിലദ്ദേഹവും പറഞ്ഞിട്ടുണ്ട്. ഓര്‍മ്മക്കുറിപ്പെഴുതിയപ്പോള്‍ ഞാനോര്‍ത്തതാണ്, അവയൊക്കെയും ചേര്‍ക്കണമോ എന്ന്, പിന്നെ വിചാരിച്ചു, ഒരു ആസ്വാദകനെന്ന നിലയില്‍ ഇതിനെയെങ്ങിനെ കാണുന്നു എന്ന രീതിയിലെഴുതാമെന്ന്.
--
ഹരിദാസ് മാഷിനെക്കുറിച്ചെഴുതിയിട്ടുണ്ടെന്ന് ലേഖനത്തില്‍ കണ്ടു. ആ ലിങ്കും കൂടെ എനിക്കു തരുമോ? ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു (ആണ്) പക്ഷെ, അദ്ദേഹം മരിച്ചപ്പോള്‍ എഴുതുവാന്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. രംഗത്തുനിന്നും കുറേനാളായി വിട്ടു നില്‍ക്കുകയുമായിരുന്നല്ലോ അദ്ദേഹം, രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ചുള്ള അറിവുമുണ്ടായിരുന്നു. അതാവാം കാരണം. പിന്നെ, ഹൈദരാലി മാഷിനെ, കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായതുപോലെയായി. അപകടത്തിന്‍` അഴ്ചകള്‍ക്ക് മുമ്പ് ഞാനദ്ദേഹത്തെ കണ്ട് സംസാരിച്ചതുമാണ്. വിധിമതം നിരസിച്ചീടാമോ, അല്ലേ?
--
നന്നായി ഹരി...
ReplyDeleteഹൈദരാലിയുടെ നാട്ടുകാരായ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്നത് താങ്കള്‍ ചെയ്തു. ശ്രീ വി കെ ശ്രീരാമന്‍ ഒടുവില്‍,ഹൈദരാലിക്ക,തുടങ്ങിയ വടക്കാന്ചേരിക്കാരെ കുറിച്ച് മലയാളം മാഗസിനില്‍ 'വടക്കാന്ചേരിയിലേക്കുള്ള വഴി' എന്ന ഒരു ലേഖനം എഴുതിയിരുന്നു. ഹരി അത് വായിച്ചിട്ടുണ്ടോ?
സുരലോഗം,
ReplyDelete‘കര്‍ണ്ണശപഥ’ത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ്.
അദ്ദേഹം പാടി ഏറ്റവും അവസാനം ഞാന്‍ കണ്ട കഥകളി അതായിരുന്നു. ഇന്നും അതു ഞാനോര്‍ക്കുന്നു, യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍. (അദ്ദേഹം മരിച്ചപ്പോള്‍ കൈരളി ടിവി അത് വീണ്ടും വീണ്ടും കാണിക്കുകയുണ്ടായി) ഖേദകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ കര്‍ണ്ണശപഥം മറ്റെവിടെയും എനിക്കു കാണുവാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ‘എന്തിഹ മന്മാനസേ, സന്ദേഹം വളരുന്നു’ അതിപ്രശസ്തമാണല്ലോ? അങ്ങിനെ സന്ദേഹപ്പെടേണ്ട ഒരു പിടി അവസ്ഥകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അന്നവിടെ അദ്ദേഹം പാടിയത്, അത്ര ആസ്വാദ്യകരമായി എനിക്കു തോന്നിയില്ല. എന്നു പറഞ്ഞാലത് അദ്ദേഹത്തിന്റെ കുറ്റമല്ല, ഇത്ര സമയത്തിനുള്ളില്‍ തീര്‍ക്കണം എന്ന രീതിയില്‍ നടത്തിയ ഒരു ‘ഇന്‍സ്റ്റന്റ്’ കഥകളിയായിരുന്നത്. ഗോപിയാശാനായിരുന്നു കര്‍ണ്ണനായി, അദ്ദേഹവും നന്നായില്ല. അതുകൊണ്ടാണ് കര്‍ണ്ണശപഥത്തിലെ പദങ്ങളെക്കുറിച്ച് ഞാനിവിടെ പ്രതിപാദിക്കാതിരുന്നത്.
--
ഇക്കാസ്,
കുറച്ചുപദങ്ങള്‍ എന്റെ പക്കലുണ്ട്. പക്ഷെ അവയൊക്കെയും വിപണിയില്‍ ലഭ്യമായവ തന്നെയാണ്. അതൊക്കെ താങ്കളുടെ കൈയിലും ഉണ്ടാവുമായിരിക്കും.
--
മുംസിയോട്,
ReplyDeleteതാങ്കളാണോ ആ ലേഖനം എഴുതിയത്? ഞാന്‍ വായിച്ചിട്ടില്ല. ഏത് ലക്കത്തിലാണെന്ന് ഒന്നു പറഞ്ഞു തരുമോ? ഞാന്‍ സംഘടിപ്പിക്കുവാന്‍ ശ്രമിക്കാം.
--
ഹരിദാസിനെപ്പറ്റിയുള്ള ലിങ്ക് ഇതാ: http://www.chintha.com/node/430 അഭിപ്രായങള്‍ അവിടെത്തന്നെ എഴുതിയാല്‍ സന്തോഷം.
ReplyDeleteഇപ്പോ ഒരു വി.സി.ഡി കിട്ടി. എംബ്രാന്തിരിയുടെ സന്താനഗോപാലം, ഗുരുവായൂരില്‍ നടന്നത്. ഗോപ്യാശാന്റെ കൃഷ്ണനും രാമങ്കുട്ടിയാശാന്റെ അര്‍ജുനനും പത്മനാഭനാശാന്റെ ബ്രാഹ്മണനും. രാമന്‍കുട്ടിയാശാന് ഒട്ടും വയ്യ, ദേഹം അനങി കളിക്കാന്‍. കഴിഞ ജുല്യ്-ആഗസ്റ്റ് മാസങളില്‍ നാട്ടില്‍ പോയപ്പോള്‍ കാറല്‍മണ്ണയില്‍ വച്ച് കണ്ടിരുന്നു ആശാനെ. ദേഹ സ്വാധീനം വളരെ കുറഞിട്ടുണ്ട്. അതില്‍ ശിവരാമന്‍ തന്നെ ഇപ്പോഴും കഴിവുപോലെ ആടി കളിക്കുന്നത്.
പറഞുവന്നത് എംബ്രാന്തിരിയുടെ പാട്ടിനെക്കുറിച്ചാണ്. നല്ലതായിട്ടുണ്ട്. പറ്റുമെങ്കില്‍ വാങി കാണൂ.-സു-
ഓര്‍ത്താല്‍ വിസ്മയം എന്റെ കയ്യിലുണ്ട്. കോപ്പികള്‍ വേണോ?-സു-
ReplyDeleteസുനിലിനോട്,
ReplyDeleteചിന്തയില്‍ കമന്‍റിടുവാന്‍, ലോഗിന്‍ ചെയ്യണമല്ലോ! അവിടെയും കൂടി ഒരക്കൌണ്ട് തുടങ്ങുവാന്‍ മടിച്ചിട്ടാണ് ഞാന്‍ കമന്‍റ് അവിടെയിടാത്തത്. ഇവിടുത്തെ പോലെ ആര്‍ക്കും കമന്‍റാനുള്ള ഓപ്ഷന്‍ (ബ്ലോഗുടമ ആഗ്രഹിക്കുന്നെങ്കില്‍) ഉണ്ടാവേണ്ടതാനെന്നു തോന്നുന്നു.
--
കഥകളി വി.സി.ഡിയില്‍ കാണുവാന്‍ എനിക്കത്ര താത്പര്യമില്ല. എന്നിരുന്നാലും പ്രമുഖര്‍ പലരും അരങ്ങൊഴിയുമ്പോള്‍, പ്രായമാവുമ്പോള്‍ അവരുടെ നല്ല കാലത്തെ ആട്ടം കാണണമെങ്കില്‍ ഇതിലൂടെയല്ലേ സാധിക്കൂ. രാമന്‍കുട്ടിയാശാന്‍ ശ്രീകൃഷ്ണനാവുകയായിരുന്നു കൂടുതല്‍ നല്ലതെന്നു തോന്നുന്നു. വളരെക്കുറച്ചു സമയമല്ലേയുള്ളൂ, എന്നാല്‍ പ്രാധാന്യമുണ്ടുതാനും. അദ്ദേഹത്തിന് അത്യധ്വാനമില്ലാതെ കളിക്കാമായിരുന്നു.
--
ഹരിദാസ് മാഷിനെക്കുറിച്ചുള്ള ലേഖനവും വായിച്ചു, എന്നാലത് അല്പം ഓ.ടോ അല്ലേ എന്നൊരു സംശയമില്ലാതില്ല. ഹരിദാസിനെക്കുറിച്ച് വളരെക്കുറച്ചു മാത്രമല്ലേ അതില്‍ പറഞ്ഞിട്ടുള്ളൂ? ‘ഓര്‍ത്താല്‍ വിസ്മയം’ ഞാനൊരു പ്രതി വാങ്ങി അന്നു തന്നെ വായിച്ചിരുന്നു.
--
ഹൈദരാലിയെക്കുറിച്ചുള്ള അനുസ്മരണം ഉചിതമായി
ReplyDeleteഹരി.എല്ലാം ഓര്‍മ്മിപ്പിച്ചതിനു് നന്ദി.
ഹരീഷ്, നന്നായിരിക്കുന്നു. കാര്യമാത്രപ്രസക്തം എന്നാല്‍ സമഗ്രവും. അഭിനന്ദനങ്ങള്‍
ReplyDelete