Sunday, January 21, 2007

അവളുടെ പേരെന്തായിരുന്നു?

പേരിന്‍റെ ആവശ്യകതതന്നെ ഇന്നു മറന്നിരിക്കുന്നു.
വര്‍ഷങ്ങളായി ഞങ്ങളെത്രനേരം പലതും സംസാരിച്ചിരിക്കുന്നു,
കുറെനാളുകള്‍ക്കു ശേഷം അവളെന്‍റെ പേരുച്ചരിച്ചു,
അപ്പോളാണ് ഞാനാലോചിച്ചത്, അവളുടെ പേരെന്തായിരുന്നു?

പിന്നോട്ടുമറിയുന്ന കലണ്ടര്‍, അതിലൊരു ദിനം
അന്ന് ചുവന്ന ദുപ്പട്ടയില്‍, ഓറഞ്ച് കുപ്പിവളകളുമിട്ട് അവള്‍.
അവളോടൊപ്പം പടികള്‍ കയറിയപ്പോള്‍ അറിയാത്തഭാവത്തില്‍
വിരലുകളില്‍ തലോടിയപ്പോള്‍ കുപ്പിവളകള്‍ ചിരിച്ചറിയിച്ചു.

കാത്തിരിപ്പിന്‍റെ ഉറക്കം കളയുവാനായി മെല്ലെ അവളുടെ
കൈയില്‍ നുള്ളുവാന്‍ എന്തൊരു ഉത്സാഹമായിരുന്നു അന്നെനിക്ക്!
പക്ഷെ, എന്തുകൊണ്ടോ അവളെന്‍റെ പേരു വിളിച്ചില്ല,
ഞാനും വര്‍ഷങ്ങളോളം അവളുടെ പേരും വിളിച്ചില്ല.

വെള്ളച്ചാട്ടത്തിന്‍റെയരികിലിരുന്ന് ഓരോ പരിഭവത്തിനും
ഓരോ കല്ലുവീതം പെറുക്കിയെറിഞ്ഞ് അവസാനം
മണ്‍‍തരികള്‍ തേടിപ്പോയ ആ കാലം, അതും നീ മറന്നുവോ?
ഇല്ല, മറക്കുവാനത്തരം നിസാരതകള്‍ എന്നാണു നീ ഓര്‍ത്തിരുന്നത്?

ഒരുപക്ഷെ, മരണത്തിന്‍റെ കുളമ്പടികളടുത്തു വരുമ്പോഴും,
നിദ്രയില്‍ സ്വപ്നങ്ങള്‍ അലൊസരപ്പെടുത്തിയുണര്‍ത്തുമ്പോഴും,
മനസ് ശൂന്യമായി ചിന്തകളുടെ ഉറവതേടി അലയുമ്പോഴും
ആ കുപ്പിവളകളുടെ കൊഞ്ചല്‍ ഞാന്‍ പിന്നെയും കേള്‍ക്കുന്നു.
--

11 comments:

 1. ഒരാളുടെ തീവ്രതകള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് നിസാരങ്ങളായേക്കാം. എപ്പോഴൊക്കെയോ എവിടെയൊക്കെയോ സംഭവിച്ച നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍, ചിലപ്പോഴൊക്കെ അവയുടെ ഓര്‍മ്മകള്‍ കവിതകളായേക്കാം. അത്തരത്തിലൊരു കവിത: അവളുടെ പേരെന്തായിരുന്നു?
  --

  ReplyDelete
 2. ഓരോ പരിഭവത്തിനും ഓരോ കല്ല് പെറുക്കിയെറിഞ്ഞിരുന്നെങ്കില്‍... ഇപ്പോഴൊരു കുന്ന് ആയേനെ.

  :) അവളുടെ പേരെന്തായിരുന്നു? നന്നായി.

  ReplyDelete
 3. പ്രതീക്ഷ എപ്പോഴും മനസ്സിന്റെ ഹൃദയമിടിപ്പാണ്,
  ഒരു പേരും,ഒറ്റു മുഖവും ഇല്ലാതെയും പ്രണയം ഓടിയെത്തും, അതു മുന്നോട്ടുള്ള ഓരോ ദിവസത്തെയും, നിറങ്ങളുടെ തേരിലേറ്റും.

  ReplyDelete
 4. അല്ല,ആക്ച്വലി അവളുടെ പേരെന്തായിരുന്നു?:-)


  നല്ല കവിത.തീവ്രതയുള്ള വരികള്‍.നന്നായിട്ടുണ്ട്.

  ReplyDelete
 5. നല്ല വരികള്‍... ഹരീ ഒത്തിരി ഇഷ്ടമായി.

  ReplyDelete
 6. നന്നായിരിക്കുന്നു ഹരീ, അപ്പോ അവലോകനം/നിരൂപണം, മാത്രമല്ല, ഇത്തരം ഞെരിപ്പു കഴിവുകളും ഉണ്ടല്ലേ?

  ReplyDelete
 7. ഹരി... ഒന്നുമില്ല വെറുതെ വിളിച്ചതാ... :)

  ReplyDelete
 8. സുവിനോട്,
  സുവിന് അത്രയേറെ പരിഭവങ്ങളോ? ഹ ഹ ഹ, പേരുപറയാനായിരുന്നെങ്കില്‍, ഇത്രേം വളച്ചുകെട്ടി കവിത എഴുതണമായിരുന്നോ? ;)
  --
  സ്വപ്നങ്ങളുടെ കൂട്ടുകാരിയോട്, ഇതിനു ഞാനെന്തു മറുപടി തരുവാന്‍. മറ്റൊരു കവിതപോലെ ഹൃദ്യം മാഷുടെ കമന്‍റും...
  പിന്നെ, എന്തിനാ പ്രൊഫൈല്‍ വ്യൂ ബ്ലോക്ക് ചെയ്തിരിക്കുന്നത്. അതിലൂടെ മാഷിന്‍റെ ബ്ലോഗുകള്‍ കാണുകയും അവയിലേക്ക് എത്തുകയും ചെയ്യാമല്ലോ?
  --
  പീലിക്കുട്ടിയോട്,
  ചോദ്യത്തിനുത്തരം ഞാന്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞു. ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ വളരെ സന്തോഷം. :)
  --
  ഇത്തിരിവെട്ടം, കുറിമാന്‍
  നല്ല കമന്‍റുകള്‍ക്ക് നന്ദി. അതെന്താണീ ഞെരിപ്പു കഴിവുകള്‍???
  --
  ഇട്ടിമാളൂ,
  എന്തോ പറയാനോങ്ങിയിട്ട് നിര്‍ത്തിയതുപോലെയുണ്ടല്ലോ? കുറ്റമാണെങ്കിലും കുറവാണെങ്കിലും പറയാന്‍ തോന്നിയത് അതു പോലെ പോസ്റ്റൂ... ഇവിടെ വന്നെത്തിനോക്കിയതിലും കമന്‍റിട്ടതിലും വളരെ സന്തോഷം.
  --

  ReplyDelete
 9. ഹരീ, ഒരു നൊസ്റ്റാള്‍ജിക്ക്‌ ഫീലിങ്ങ്‌ തരുന്നുണ്ടീവരികള്‍, എവിടെയോ കുറേ വേദനകള്‍ ഒളിഞ്ഞിരിക്കുന്നു. നന്നയിട്ടുണ്ട്‌....
  '

  ReplyDelete
 10. there is kavitha in it. but pl read, reread n' rereread to make it final piece. thanks

  ReplyDelete
 11. ഫയിസിനോട്,
  കവിത ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം... :) നഷ്ടപ്രണയങ്ങള്‍ എന്നും കവിതകള്‍ക്ക് പ്രിയപ്പെട്ടവയാണ്.
  --
  അജിത്തിനോട്,
  :) ഞാനിത് ഒത്തിരി വായിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. സത്യം പറഞ്ഞാലിത് ഞാന്‍ പലപ്രാവശ്യം ഇവിടെ പോസ്റ്റ് ചെയ്തതിനു ശേഷം വായിച്ചിരുന്നു. വലിയ മാറ്റമൊന്നും വരുത്തേണ്ടതായി തോന്നിയില്ല. അതൊക്കെ കവിത എഴുതുവാനറിയാവുന്നവര്‍ക്കു പറഞ്ഞിട്ടുള്ളതല്ലേ... :)
  --

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--