Wednesday, August 22, 2007

ഓര്‍മ്മകളിലൊരു പൂക്കളം

Onam, Pookkalam, Atham, Kuttikkalam, Childhood, Memory, Memories, Thumpi Mamam, Photo Narayanan, Foto, Thumbi
ഏതൊരു മലയാളിയേയും പോലെ ഓണക്കാലമെന്നാല്‍ എനിക്ക് പൂക്കാലമായിരുന്നു, പൂക്കളമൊരുക്കും കാലമായിരുന്നു. ഓണമെന്നു പറഞ്ഞാല്‍ സദ്യയേക്കാള്‍ മുന്നേ എന്റെ മനസിലേക്കെത്തുക, മുറ്റത്തൊരുക്കുന്ന പൂക്കളത്തിലെ നിറക്കൂട്ടുകളാണ്. മുറ്റത്തും തൊടിയിലും വളരുന്ന ചെമ്പരത്തിയും നന്ദ്യാര്‍വട്ടവും പിന്നെ ചെറിയ ഇലകളുമൊക്കെയൊരുക്കുന്ന നിറച്ചാര്‍ത്ത്. നിറങ്ങളില്‍ വൈവിധ്യം കുറയുമെങ്കിലും, അത്രയും നിറങ്ങള്‍ കൂട്ടിക്കലര്‍ത്തി മുറ്റത്ത് വിരിയിക്കുന്ന പൂക്കളങ്ങളുടെ ഭംഗി, അതൊന്നു വേറേ തന്നെയാണ്.

കുട്ടിക്കാലം മുതലുള്ള ശീലമാണ് ഓണത്തിന് അത്തമിടുക എന്നുള്ളത്. തിരുവോണത്തിനു മാത്രമല്ല പത്തുനാളും പൂവിടല്‍ നിര്‍ബന്ധമായിരുന്നു. അനിയത്തിയും ഞാനും, രാവിലെ ആരെണീറ്റ് പൂവിടും എന്നകാര്യത്തില്‍ തര്‍ക്കമായിരുന്നു. ‘ഞാനിടും, ഞാനിടും’ എന്നല്ല; ‘ഇന്നു നീയിട്, നീയിട്’ എന്നു പറഞ്ഞായിരിക്കുമെന്നു മാത്രം. രാവിലെ എഴുനേറ്റ്, കുളിച്ച് വേണം പൂവിടാനെന്നാണ് അമ്മയുടെ പക്ഷം. രാവിലെ എഴുനേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ എല്ലാവരേയും പോലെ ഞങ്ങള്‍ക്കും അത്ര പഥ്യമായിരുന്നില്ല. ഒടുവില്‍ ഞങ്ങളിലാരെങ്കിലും എഴുനേറ്റ് കുളിച്ച് പൂവിടുവാനെത്തും. വീട്ടില്‍ പുറം ജോലിക്ക് നില്‍ക്കുന്ന ചേച്ചി, തലേ ദിവസത്തെ പൂക്കളൊക്കെ എടുത്തുമാറ്റി, ചാണകം മെഴുകി, പൂക്കളം പൂവിടുവാനായി തയ്യാറാക്കിയിട്ടുണ്ടാവും. ഇനി പൂക്കളം നിറയ്ക്കുവാന്‍ പൂക്കള്‍ ഇറുക്കണം, പിന്നീടത് ഒരുക്കണം. അത് അന്നത്തെ ദിവസം പൂവിടുവാന്‍ എഴുന്നേല്‍ക്കുന്നയാളുടെ ഡ്യൂട്ടിയാണ്.

അങ്ങിനെ ചുറ്റുപാടുമുള്ള കൈയെത്തുന്ന പൂക്കളൊക്കെ ചെറിയ പാത്രത്തില്‍ നുള്ളിയിട്ട് പൂക്കളമിടല്‍ ആരംഭിക്കും. ആദ്യം തുമ്പക്കുടം, മൂന്നു പ്രാവശ്യം, ‘പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ’ എന്നൊക്കെ ചൊല്ലി പൂക്കളത്തിനു നടുവില്‍ വെയ്ക്കും. പിന്നെ, മറ്റ് പൂവുകളുടെ ഇതളുകള്‍ അടര്‍ത്തി തുമ്പക്കുടത്തിനു ചുറ്റും നിരത്തി കളം വലുതാക്കും. ഇന്ന് മത്സരങ്ങളില്‍ കാണുന്നതു പോലെ, ആര്‍ഭാടകരമായ പൂക്കളമൊന്നുമല്ല, വളരെക്കുറച്ച് പൂവുകള്‍ കൊണ്ട് ചെറിയ അത്തപ്പൂക്കളം. പിന്നെ ഒന്നാം ഓണമെങ്കില്‍ ഒരു കുട, രണ്ടാമോണമെങ്കില്‍ രണ്ടു കുട എന്നരീതിയില്‍ പൂക്കുടയും കുത്തും. അത്തമിട്ട് കഴിയുമ്പോഴേക്കും, അന്നേ ദിവസം ഉറങ്ങാന്‍ ഭാഗ്യം സിദ്ധിച്ച ഞാനോ അനിയത്തിയോ ഒരു കൈയില്‍ ചാ‍യഗ്ലാസും മറുകൈയില്‍ പേപ്പറുമായി ഉമ്മറത്തെത്തും. മുകളില്‍ നിന്നൊന്നു നോക്കി, പറയാവുന്ന കുറ്റവും, ഇന്നലെ ഞാനിട്ടത് എത്ര നന്നായിരുന്നു, ഇതെന്തോന്ന് പൂക്കളം, എന്നൊക്കെ പറഞ്ഞ് അന്നേ ദിവസത്തെ രണ്ടാം റൌണ്ട് വഴക്കിടല്‍ ആരംഭിക്കും. ‘ഒന്നു സൌര്യം തരുമോ പിള്ളാരേ...’ എന്ന അമ്മയുടെ അടുക്കളയില്‍ നിന്നുള്ള രോദനം വരും വരെ ഇതങ്ങിനെ തുടരും.

തിരുവോണ ദിവസത്തിലേക്കായുള്ള പൂവിടല്‍, ഉത്രാടത്തിന്റന്നു വൈകുന്നേരമാണ് ചെയ്യുക, അന്നാണ് കാര്യമായ പൂവിടല്‍. ഉത്രാടത്തിന്റന്നു ഊണു കഴിഞ്ഞ് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മുറ്റവും തൊടിയുമൊക്കെ വിട്ട്, അല്പം കാടുപിടിച്ചു കിടക്കുന്ന കാവിന്റെ ഭാഗത്തേക്കാണ് യാത്ര. അവിടെ നിന്നും ‘ശദാവരിപ്പച്ച’ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ചെറിയ ഇലകളോടെ, പഴുതാരയുടെ രൂപം ഓര്‍മ്മിപ്പിക്കുന്ന ശദാവരിയിലകള്‍ അത്തക്കളത്തിലെ കടുംപച്ചനിറത്തിന് പറ്റിയതാ‍ണ്. ചെറിയ ഇലകളായതിനാല്‍, നല്ല ഒതുക്കവും കിട്ടും. മറ്റ് പൂവുകളൊക്കെ ചെറുതായി അരിഞ്ഞാണ് അത്തപ്പൂക്കളത്തില്‍ ഉപയോഗിക്കാറ്‌, പക്ഷെ ഒരു വാടിയഛായ തോന്നും അങ്ങിനെ ചെയ്യുമ്പോള്‍. ശദാവരിക്ക് ആ ദോഷവുമില്ല.

മുള്ളുള്ള ശദാവരിയിലകള്‍ സൂക്ഷിച്ച് ഇറുത്തെടുക്കുകയാണ് അടുത്ത പടി. രണ്ടരമണിക്കൂര്‍ പടം അഞ്ചും ആറും മണിക്കൂറെടുത്തു കാണിക്കുന്ന ടി.വി.ക്കുമുന്നില്‍ ചടഞ്ഞിരുന്നാണ് ഈ പരിപാടി. അന്നൊന്നും ഞാന്‍ ഇന്നത്തെപ്പോലെ ഇറങ്ങുന്ന പടമെല്ലാം ഓടിപ്പോയി കാണുന്ന രീതിയായിരുന്നില്ല. തിയേറ്ററിലൊക്കെ സിനിമ കാണല്‍ വളരെ അപൂര്‍വ്വമായിരുന്നു. നല്ല സിനിമയെന്ന് എല്ലാവരും പറഞ്ഞ്, നാട്ടില്‍ ഞങ്ങള്‍ മാത്രമേ ഇനിയതു കാണാനുള്ളൂ എന്ന അവസ്ഥയെത്തുമ്പോളാവും അച്ഛന്‍ കൊണ്ടുപോവാമെന്ന് അര്‍ദ്ധസമ്മതമെങ്കിലും തരുന്നത്. ഓണം റിലീസുകള്‍ ഓണവും കഴിഞ്ഞ് രണ്ടുമാസമെടുക്കും ഞാന്‍ കാണുവാന്‍, അതും അത്രയും നാള്‍ ആ പടങ്ങള്‍ തിയേറ്ററിലുണ്ടെങ്കില്‍. അങ്ങിനെ സിനിമ എന്നത് ഒരു സ്വപ്നമായി കൊണ്ടുനടന്നിരുന്ന കാലത്ത്, ഉത്രാടദിന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം പരസ്യമുള്‍പ്പടെ കണ്ടു തീര്‍ക്കുക ഒരു ജീവിതാഭിലാഷമായിരുന്നു. അങ്ങിനെ സിനിമയൊക്കെ കണ്ട് പൂവൊക്കെ ഒരുക്കിത്തീര്‍ക്കും.

കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുവാന്‍ തുടങ്ങിയതോടെ, ഈ അത്തപ്പൂക്കളങ്ങള്‍ക്ക് ഒരു ‘ഗ്ലാമര്‍’ പോര എന്ന ചിന്തവന്നു. അങ്ങിനെ നൂറും നൂറ്റമ്പതും രൂപയ്ക്ക് പൂവുമേടിക്കുവാന്‍ തുടങ്ങി. വീട്ടിലുള്ള പൂക്കളോടൊപ്പം ഇത്രയും രൂപയ്ക്കുള്ള പൂവും കൂടിയായപ്പോള്‍, പൂക്കളത്തിന്റെ വലുപ്പവും കൂട്ടാമെന്നായി, രീതിയും മാറ്റാമെന്നായി. മുറ്റത്തിട്ടിരുന്ന പൂക്കളം അങ്ങിനെ തിരുവോണനാളില്‍ മാത്രം കാര്‍പോര്‍ച്ചിലേക്ക് മാറ്റി സ്ഥാപിച്ചു. എന്റെ ആവശ്യമാണല്ലോ പൂക്കളത്തിന്റെ ഗ്ലാമര്‍ കൂട്ടുകയെന്നത്, അതുകൊണ്ട് പൂ‍വൊരുക്കലൊഴികെ മറ്റെല്ലാം എന്റെ തലയിലിട്ട്, അനിയത്തി ഭംഗിയായി ബ്ലോക്ക് ബസ്റ്റര്‍ കണ്ടാസ്വദിച്ചു. മുറ്റത്തുനിന്ന് മണ്ണ് വെട്ടി പോര്‍ച്ചിലിട്ട്, ഈര്‍ക്കിലും നൂലുമൊക്കെ ഉപയോഗിച്ച് വട്ടത്തില്‍ തിട്ടകെട്ടി, ചാണകവെള്ളം തളിച്ച് മെഴുകി, ഒരു ഡിസൈനും വരയ്ക്കുമ്പോഴേക്കും സന്ധ്യയാവും. സിനിമയുടെ ശബ്ദരേഖമാത്രമേ കേള്‍ക്കുവാന്‍ കഴിയൂ എന്ന ദേഷ്യത്തിലാണ് ഞാനിത്രയും ചെയ്യുന്നത്. ഇത്രയൊക്കെ ആവുമ്പോഴേക്കും പൂവൊക്കെ റെഡിയായിരിക്കും. മഞ്ഞയ്ക്ക് മഞ്ഞ ജമന്തി, ഓറഞ്ചിന് ബന്ദി, വയലെറ്റിന് വാടാമുല്ല, റോസിന് അരളി, വെള്ളയ്ക്ക് നന്ദ്യാര്‍വട്ടം അല്ലെങ്കില്‍ മൈസൂര്‍ മുല്ല; അങ്ങിനെ എല്ലാ ഐറ്റംസും റെഡി. സന്ധ്യയാവുമ്പോഴേക്കും തുമ്പിമാമനുമെത്തും.

എന്റെ ഓണവും തുമ്പിമാമനുമായി വല്ലാത്ത ബന്ധമാണ്. ആദ്യം തുമ്പിമാമനെ പരിചയപ്പെടുത്താം. ഞങ്ങളുടെ അയല്പക്കത്തുള്ള പ്രായമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം, മണിയന്‍ പിള്ള എന്നാണ് ശരിക്കുള്ള പേര്. നീണ്ട താടിയും, തലേക്കെട്ടും, കൈയുള്ള ബനിയനും, കാവി മുണ്ടുമൊക്കെയായി ഒരു പ്രത്യേക രൂപമാണ്. കുട്ടിക്കാലത്ത് ഞാന്‍ കാണുമ്പോള്‍ മുതല്‍ അവസാനം വരേയും ഈ രൂപത്തിന്ന്‌ ഒരുമാറ്റവും വന്നിട്ടില്ല, പ്രായം ഫുള്‍‌സ്റ്റോപ്പിട്ടതുപോലെ. തുമ്പിമാമന്‍ എന്ന് ഇദ്ദേഹത്തിനു പേരുവന്നതും ഞാനുമായി ബന്ധപ്പെട്ടാണ്. കുട്ടിക്കാലത്ത് എന്റെ കരച്ചില്‍ നിര്‍ത്തുവാനായി ഇദ്ദേഹം തുമ്പിയെപിടിച്ച് നൂലില്‍ കെട്ടി തരുമായിരുന്നത്രേ, നൂലിന്റെ ഒരറ്റം എന്റെ കൈയില്‍, അങ്ങേയറ്റത്ത് പറക്കുന്ന തുമ്പി, അങ്ങിനെയായിരുന്നത്രേ ഞാന്‍ സന്തോഷിച്ചിരുന്നത്, കുട്ടിക്കാലത്തേ ഒരു ചെറിയ ക്രൂരനായിരുന്നെന്നു സാരം. അങ്ങിനെ ആ പ്രായത്തില്‍ ഞാന്‍ വിളിച്ചു തുടങ്ങിയതാണ് തുമ്പിമാ‍മനെന്ന്, അങ്ങിനെയത് സമപ്രായക്കാരായ പല കുട്ടികളും വിളിച്ചു തുടങ്ങി, പതിയെ മുതിര്‍ന്നവരില്‍ ചിലരും ഉപയോഗിച്ചു തുടങ്ങി. വരയ്ക്കുവാനും, തടിപ്പണിയിലും സാമര്‍ത്ഥ്യമുണ്ടായിരുന്ന അദ്ദേഹമാണ് കുട്ടിക്കാലത്ത് എന്നെ വരയ്ക്കുവാന്‍ പഠിപ്പിച്ച ആദ്യ ഗുരു. തടിയില്‍ കൈവണ്ടിയും, ഉന്തുവണ്ടിയും, ഓണത്തിന് പറത്തുവാന്‍ പല രീതിയിലുള്ള പട്ടങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളതും മറ്റാരുമല്ല. വലിയ സാമ്പത്തിക സ്ഥിതിയിലൊന്നുമല്ലായിരുന്ന എന്റെ വീട്ടില്‍ ഇത്തരം കളിപ്പാട്ടങ്ങളായിരുന്നു ഏറെയും.

തുമ്പിമാ‍മനും എത്തിക്കഴിഞ്ഞാല്‍ ഞങ്ങളുടെ അത്തമിടല്‍ തുടങ്ങുകയായി. അനിയത്തിയുമായുള്ള വഴക്കിടലും, ഞെളിഞ്ഞ് നിന്നുള്ള നിര്‍ദ്ദേശം കൊടുക്കലുമൊക്കെയായി പൂവിടലിന്റെ നേതൃസ്ഥാനം ഞാനങ്ങ് ഏറ്റെടുക്കും. ഇത്രയും മണ്ണുവാരി പൂക്കളമൊരുക്കുവാന്‍ എനിക്കറിയാമെങ്കില്‍, പൂവിടുന്നത് ഞാന്‍ പറയുന്നതുപോലെ മതി എന്ന ഭാവമാണ് എനിക്ക്. ചിലപ്പോഴൊക്കെ അച്ഛന്റെ അനിയന്റെ മക്കളുമുണ്ടാവും തിരുവോണത്തിന്. അവരുടെ മുന്‍പില്‍ ചേട്ടന്‍ കളിക്കുകയും മറ്റൊരു രസം. സിനിമ കാണാന്‍ കഴിയാത്തതിന്റെ നിരാശയും അപ്പോള്‍ തീര്‍ക്കും. അങ്ങിനെ രാത്രി 11-12 മണിയോടെ പൂവിടല്‍ അവസാനിക്കും, അല്ലെങ്കില്‍ അച്ഛന്‍ അവസാനിപ്പിക്കും. ആദ്യത്തെ ഡിസൈനുമായി വലിയ ബന്ധമൊന്നും അവസാ‍നം ഉണ്ടാവാറില്ല. പൂവിന്റെ ലഭ്യതയനുസരിച്ച് ഡിസൈന്‍ ഓരോ ഘട്ടത്തിലും മാറിമാറിവരും. ഒടുവില്‍ പൂ തീരുന്നതോടെ അത്തപ്പൂക്കളവും പൂര്‍ത്തിയാവും. രാവിലെ എഴുനേറ്റ് ആദ്യം ചെയ്യുന്നത് പൂക്കളം കാണുക എന്നതാണ്. പകല്‍ വെളിച്ചത്തില്‍ അത് കാണുമ്പോഴുള്ള സുഖം, അത് കണ്ടുതന്നെ അറിയണം. വീടിന്റെ മുന്നിലൂടെ പോവുന്ന കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഗെയിറ്റിനു മുകളിലൂടെ തലയേന്തി നോക്കുമ്പോള്‍, ഒട്ടൊരു ഗമയോടെ അവരുടെ നോട്ടങ്ങളെ അവഗണിച്ചങ്ങിനെ നില്‍ക്കുമ്പോള്‍, എന്തെന്നറിയാത്ത ഒരു അഭിമാനമായിരുന്നു ഉള്ളില്‍.

പിന്നെയുള്ളത് ഫോട്ടോയെടുപ്പാണ്. ഞങ്ങളുടെ അടുത്ത് താ‍മസിക്കുന്ന പ്രായം ചെന്ന ഒരു ഫോട്ടോഗ്രാഫറുണ്ട്, ഫോട്ടോ നാരായണന്‍ എന്നാണ് അറിയപ്പെടുന്നത്. ക്യാമറ എന്ന് നാട്ടുകാര് കേട്ടുവരുമ്പോഴേക്കും ഫോട്ടോഗ്രാഫറായതിനാലുള്ള ഒരു മേല്‍ക്കൊയ്മ അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങളുടെ അത്തപ്പൂക്കളം ഒരിക്കല്‍ കണ്ടപ്പോള്‍ ഇങ്ങോട്ടു വന്നു ചോദിച്ചു, ഒരു ഫോട്ടോയെടുത്തോട്ടെയെന്ന്. ഏതോ ഒരു പരസ്യത്തില്‍ ഉപയോഗിക്കുവാന്‍ കൊടുക്കുവാനാണത്രേ. കൂട്ടത്തില്‍ ഞങ്ങളേയും ചേര്‍ത്തു നിര്‍ത്തി ഓരോ പടമെടുത്തു, പൂവിടുന്നതായും നോക്കി നില്‍ക്കുന്നതുമായുമൊക്കെ. അതിന്റെ ഓരോ കോപ്പി ഞങ്ങള്‍ക്കും തന്നു. പിന്നീടങ്ങോട്ട് അതുമൊരു പതിവായി. ഞങ്ങളുടെ അത്തപ്പൂക്കളത്തിന്റെ ചിത്രം അദ്ദേഹമെടുക്കും, ഞങ്ങള്‍ക്കും ഫോട്ടോ തരും, പ്രിന്റ് അടിക്കുവാനുള്ള പൈസമാത്രം നല്‍കിയാല്‍ മതി. അദ്ദേഹം ആ പൂക്കളത്തിന്റെ പടം ആര്‍ക്കെങ്കിലുമൊക്കെ കൊടുത്ത് കാശുമേടിക്കൂം, അതിനെ എതിര്‍ക്കരുത്. അതായിരുന്നു കരാര്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം തുമ്പിമാമനും ഫോട്ടോ നാരായണനും മണ്മറഞ്ഞു. കഴിഞ്ഞ ഓണത്തിനു മുന്‍പായിരുന്നു ഇവരുടെ മരണം. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് അത്തമൊരുക്കുവാന്‍ ഒരു ശുഷ്കാന്തിയും തോന്നിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം തിരുവോണനാളിലെ അത്തവും കാര്‍ പോര്‍ച്ചില്‍ നിന്നും മുറ്റത്തൊരു ചെറുവൃത്തത്തിലൊതുങ്ങി. ഇന്ന് പൂക്കളമൊരുക്കുന്നതില്‍ സഹായിക്കുവാന്‍ തുമ്പിമാമനില്ല. അനിയത്തി ഹോസ്റ്റലില്‍ പഠിക്കുന്നു, തിരുവോണത്തിന്റെ പിറ്റേന്ന് പരീക്ഷയായതിനാല്‍ ഓണം ഹോസ്റ്റലില്‍ തന്നെ. അച്ഛന്റെ അനിയന്റെ മക്കള്‍ക്കും പരീക്ഷയുടേയും പഠനത്തിന്റേയും തിരക്കുകള്‍. ഞാന്‍ മാത്രമുണ്ട് ഇവിടെ. ഇന്നെനിക്ക് സ്വന്തമായി ക്യാമറയുണ്ട്, എത്ര ഫോട്ടോ വേണമെങ്കിലും എടുക്കാം. പൂ മേടിക്കുവാന്‍ പണം സ്വന്തമായുണ്ട്, എത്ര പൂവേണമെങ്കിലും മേടിക്കാം. ടി.വി.യിലെ ബ്ലോക്ക് ബ്ലസ്റ്റര്‍ കാണാന്‍ പറ്റില്ലെന്നുള്ള ഖേദമില്ലാതെ പൂക്കളമൊരുക്കാം, കാരണം ഞാന്‍ കാണാത്ത പടം ഒരു ചാനലിലും വരുവാന്‍ സാധ്യതയില്ല. എന്നിട്ടും പൂവിടുവാനുള്ള മനസില്ല, ഒറ്റയ്ക്കിരുന്ന് പൂവിടുന്നതില്‍ എന്തു രസം. ഇന്നത്തെ കുട്ടികള്‍ ഒരുതരത്തില്‍ ഭാഗ്യവാന്മാരാണ്, അവരറിയുന്നില്ല അവരെന്താണ് നഷ്ടപ്പെടുത്തുന്നതെന്ന്. പക്ഷെ, എനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് ഞാനറിയുന്നു, ആ നഷ്ടബോധം നികത്താനുമാവില്ല. ഇനി തിരിച്ചുവരാത്ത കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ അയവിറക്കി, ഞാനുമൊരു പൂക്കളമൊരുക്കും ഇത്തവണയും. മുറ്റത്ത് ഒരു ചെറിയ പൂക്കളം.
--

Keywords: Onam, Pookkalam, Atham, Kuttikkalam, Childhood, Memory, Memories, Thumpi Mamam, Photo Narayanan, Foto, Thumbi
--
കുട്ടിക്കാലത്തെ എന്റെ ഓണങ്ങള്‍ മനോഹരമാക്കിയ ഏവരുടേയും സ്മരണയ്ക്കുമുന്നില്‍ നമിച്ചുകൊണ്ട്...
--

Sunday, August 12, 2007

നെഹ്രുട്രോഫി ജലോത്സവം‘07


നെഹ്രുട്രോഫി ജലോത്സവത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല, മലയാളികളില്‍. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ്, ആലപ്പുഴ പുന്നമടക്കായലില്‍ ഈ ജലമേള അരങ്ങേറാറുള്ളത്. വള്ളംകളി ഒരു കായിക ഇനമായി അംഗീകരിച്ച ശേഷമുള്ള ആദ്യത്തെ നെഹ്രുട്രോഫി മത്സരം എന്ന ഒരു പ്രത്യേകത ഈ വര്‍ഷത്തെ (2007 ആഗസ്ത് 11) ജലോത്സവത്തിനുണ്ടായിരുന്നു.

അല്പം ചരിത്രം. 1952-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കേരളം സന്ദര്‍ശിച്ച വേളയില്‍ കോ‍ട്ടയത്തു നിന്നും ആലപ്പുഴവരെ ജലമാര്‍ഗം സഞ്ചരിക്കുകയുണ്ടായി. പണ്ടുകാലത്ത് കായല്‍‌യുദ്ധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ചുണ്ടന്‍ വള്ളങ്ങള്‍, അദ്ദേഹത്തിന്റെ ബോട്ടിനെ അനുഗമിച്ചു. അവയുടെ സൌഹൃദമത്സരവും അരങ്ങേറി. ചുണ്ടാന്‍ വള്ളങ്ങളുടെ പ്രകടനം കണ്ട് ആവേശഭരിതനായ നെഹ്രു അന്ന് ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി, ആലപ്പുഴ വരെ ചുണ്ടന്‍ വള്ളത്തില്‍ സഞ്ചരിക്കുകയുണ്ടായി. തിരികെ ഡല്‍ഹിയിലെത്തിയ നെഹ്രു, തന്റെ കൈയ്യൊപ്പോടു കൂടിയ ഒരു ചുണ്ടന്‍ വള്ളത്തിന്റെ മാതൃക, വെള്ളിയില്‍ തീ‍ര്‍ത്ത് അയച്ചു കൊടുത്തു. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ട്രോഫി, പിന്നീട് നെഹ്രുവിന്റെ കാലശേഷം നെഹ്രുട്രോഫി എന്ന് അറിയപ്പെട്ടുതുടങ്ങി.

മുഖ്യാതിഥിയായെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനായിരുന്നു ജലമേള ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, വിജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചീഫ് സെക്രട്ടറി ലിസി ജേക്കബ്, ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, കെ.എസ്. മനോജ് എം.പി., കെ.സി. വേണുഗോപാല്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ പി.പി. ചിത്തരഞ്ജന്‍ തുടങ്ങി ഒട്ടനേകം വിശിഷ്ടവ്യക്തികള്‍ ജലമേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മത്സരത്തില്‍ പങ്കെടുത്ത18 ചുണ്ടനുകള്‍ അണിനിരന്ന മാസ് ഡ്രില്‍ അരങ്ങേറി.

സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളായിരുന്നു ആദ്യം. 16 വള്ളങ്ങള്‍ നാല് ഹീറ്റ്സുകളിലായി മത്സരിച്ചു. രണ്ടു വള്ളങ്ങള്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തി. ഒന്നാം ഹീറ്റ്സില്‍ ശ്രീ ഗണേശന്‍(വള്ളം നമ്പര്‍:15), ജവഹര്‍ തായങ്കരി(5), വെള്ളം കുളങ്ങര(7‌), നടുഭാഗം(17) എന്നീ ചുണ്ടനുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. രണ്ടാം ഹീറ്റ്സില്‍ പട്ടാറ ചുണ്ടന്‍(12), ആനാരി ചുണ്ടന്‍(18), കരുവാറ്റ(11), സെന്റ്.ജോര്‍ജ്ജ്(1); മൂന്നാം ഹീറ്റ്സില്‍ കാരിച്ചാല്‍(9), ചെമ്പക്കുളം(3), വലിയ ദിവാഞ്ചി(13), കല്ലൂപ്പറമ്പന്‍(2); നാലാം ഹീറ്റ്സില്‍ പായിപ്പാട്(16), ചെറുതന(4), ആലപ്പാട് ചുണ്ടന്‍(6), ആയാമ്പറമ്പു പാണ്ടി(8) എന്നിങ്ങനെയാണ് ഫിനിഷ് ചെയ്തത്. പ്രാഥമിക മത്സരങ്ങളിലെ ചില ചിത്രങ്ങളാണ് ചുവടെ.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

ഇരുട്ടുകുത്തി എ/ബി ഗ്രേഡുകള്‍, വെപ്പ് എ/ബി ഗ്രേഡുകള്‍, എന്നിവയുടെ പ്രാഥമിക-ഫൈനല്‍ മത്സരങ്ങളും; ചുരുളന്‍, വനിത‍ മത്സരങ്ങളുടെ ഫൈനല്‍ എന്നിവയായിരുന്നു തുടര്‍ന്ന്. വെപ്പ് എ-ഗ്രേഡ് ഫൈനലില്‍ അമ്പലക്കടവന്‍(26‌, ബോട്ട് ക്ലബ്: പുന്നമട ബോട്ട് ക്ലബ്), വെങ്ങാഴി(33, എയ്ഞ്ചല്‍ സ്പോര്‍ട്ട്സ് ക്ലബ്), വേണുഗൊപാല്‍(30, എസ്.എന്‍. ബോട്ട് ക്ലബ്) എന്നീ വള്ളങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ഇരുട്ടുകുത്തി എ-ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ അമൃത് ബോട്ട് ക്ലബ് തുഴഞ്ഞ പടക്കുതിര(20) ഒന്നാമതെത്തി. തുരുത്തിത്തറ(21, കായല്പുരം ബോട്ട് ക്ലബ്) രണ്ടാമതും കരുവേലിത്തറ(22, കുട്ടനാട് ബോട്ട് ക്ലബ്) മൂന്നാമതും ഫിനിഷ് ചെയ്തു. വെപ്പ് ബി-ഗ്രേഡ് ഫൈനലില്‍ ലൂര്‍ദ് മാതാ ബോട്ട് ക്ലബ് തുഴഞ്ഞ തോട്ടുകടവന്‍(50) ഒന്നാമതായും പുന്നത്ര പുരക്കല്‍(48, ബ്രദേഴ്സ് ബോട്ട് ക്ലബ്) രണ്ടാമതായും ഫിനിഷ് ചെയ്തു. ഇരുട്ടുകുത്തി ബി-ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ സെന്റ്.സബസ്റ്റ്യന്‍ ഒന്ന്(43, പനങ്ങാട് ബോട്ട് ക്ലബ്) ഒന്നാമതായും ശ്രീഗുരുവായൂരപ്പന്‍(41, യുവജനവേദി ബോട്ട് ക്ലബ്) രണ്ടാമതായും കൊച്ചയ്യപ്പന്‍(35, ശ്രീ. അംബേദ്കര്‍ ബോട്ട് ക്ലബ്) മൂന്നാമതായും ഫിനിഷ് ചെയ്തു. വനിതകളുടെ ഫൈനലില്‍ ചെല്ലിക്കാടന്‍(56, വേമ്പനാട് ലേക്ക് വനിത ബോട്ട് ക്ലബ്), കമ്പനി വള്ളം(55, വനിത ബോട്ട് ക്ലബ്-കുട്ടമംഗലം), കാട്ടില്‍ തെക്കേതില്‍(54, സംയുക്ത സാംസ്കാരിക സമിതി) എന്നിങ്ങനെ ഒന്ന്, രണ്ട്, മൂ‍ന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ചുരുളന്‍ വള്ളങ്ങളുടെ ഫൈനലില്‍ കോടിമത (52, എന്‍.ഐ.എഫ്.ഇ. എസ്.ടി.ആര്‍. കോമ്പ്ലക്സ്) ഒന്നാമതായും, കുറുപ്പു പറമ്പന്‍(51, യുവഭാവന ബോട്ട് ക്ലബ്) രണ്ടാമതായും, മേലങ്ങാടന്‍(53, യൂണിവേഴ്സല്‍ കോളേജ്) മൂന്നാ‍മതായും ഫിനിഷ് ചെയ്തു.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

മത്സരത്തിന്റെ ഇടവേളയില്‍ വിശിഷ്ടാതിഥികള്‍ ബോട്ടില്‍ കായലിനു ചുറ്റും സഞ്ചരിച്ച് കാണികളെ അഭിവാദ്യം ചെയ്തു. മത്സരത്തിനിടയില്‍ നാല് വള്ളങ്ങള്‍ മുങ്ങുകയുണ്ടായി. ഫയര്‍ഫോഴ്സും പോലീ‍സും രക്ഷാപ്രവര്‍ത്തനം നടത്തി. മത്സരാവസാനമായപ്പോഴേക്കും ആകാശം മേഘാവൃതമായി. കുറച്ചു മത്സരങ്ങള്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ തന്നെ പൂര്‍ത്തിയാക്കി. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ജലസാംസ്കാരിക ഘോഷയാത്രയും വള്ളംകളിയുടെ ഭാഗമാ‍യി അരങ്ങേറി.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.


ഒടുവില്‍ കാത്തുകാത്തിരുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.. തേഡ്-ലൂസേഴ്സ് ഫൈനലില്‍ കല്ലൂപ്പറമ്പന്‍(2, ഏയ്ഞ്ചല്‍ ബോട്ട് ക്ലബ്), നടുഭാഗം(17, ഫ്രണ്ട്സ് ബോട്ട് ക്ലബ്), സെന്റ്. ജോര്‍ജ്ജ്(1, ദേശീയ വായനശാല ബോട്ട് ക്ലബ്) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. സെക്കന്റ് ലൂസേഴ്സ് ഫൈനലില്‍ വലിയദിവാഞ്ചി(13, വി വണ്‍ ബോട്ട് ക്ലബ്), കരുവാ‍റ്റ(11, ജയശ്രീ ബോട്ട് ക്ലബ്), വെള്ളംകുളങ്ങര(7, ടൌണ്‍ ബോട്ട് ക്ലബ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. അദ്യപാദ മത്സരങ്ങളില്‍ രണ്ടാമതായെത്തിയ ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ യു.ബി.സി-കൈനകരി തുഴഞ്ഞ ചെറുതന(4) ഒന്നാമതായും, നവജീവന്‍ ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി(5) രണ്ടാമതായും, സി.ബി.സി-ചങ്ങനാശേരി തുഴഞ്ഞ അനാരി(18) മൂന്നാമതായും, സെന്റ് ജോര്‍ജ്ജ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം(3) നാലാമതായും ഫിനിഷ് ചെയ്തു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 5.6 മിനിറ്റില്‍ ഫിനിഷ് ചെയ്ത ശ്രീഗണേഷ്(15, ജീസസ് ബോട്ട് ക്ലബ്, കൊല്ലം) മൂന്നാം സ്ഥാനവും, 5.5 മിനിറ്റില്‍ ഫിനിഷ് ചെയ്ത കാരിച്ചാല്‍(9, സെന്റ്. ജോര്‍ജ് ബോട്ട് ക്ലബ്, കൊല്ലം) രണ്ടാം സ്ഥാനവും നേടി. 5.3 മിനിറ്റില്‍ ഫിനിഷ് ചെയ്ത പായിപ്പാട് ചുണ്ടനാണ്(16, കുമരകം ടൌണ്‍ ബോട്ട് ക്ലബ്, കോട്ടയം) അന്‍പത്തിയഞ്ചാമത് നെഹ്രുട്രൊഫി കരസ്ഥമാക്കിയത്. പായിപ്പാട് ചുണ്ടന് ഇത് ഹാട്രിക് വിജയം കൂടിയായി.


ആലപ്പുഴയില്‍ നിന്നുമുള്ള ബോട്ട് ക്ലബുകള്‍ തുഴഞ്ഞ ഒരു ചുണ്ടനും ഫൈനനലിലെത്തിയില്ല എന്നത് ഒരു പുതുമയായി. രണ്ടു ക്ലബുകള്‍ കൊല്ലത്തുനിന്നും, മറ്റു രണ്ടു ക്ലബുകള്‍ കോട്ടയത്തു നിന്നുമായിരുന്നു ഫൈനലില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് മന്ത്രി എം. വിജയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പായിപ്പാട് ചുണ്ടന്റെ ക്യാപ്റ്റന്‍ കുഞ്ഞുമോന്‍ മ്മേലുവള്ളില്‍ നെഹ്രുട്രോഫി ഏറ്റുവാങ്ങി. ഇനി അടുത്ത വര്‍ഷം ആഗസ്റ്റിലെ രണ്ടാം ശനിയാ‍ഴ്ച, അടുത്ത ജലമാമാങ്കത്തില്‍ വീണ്ടും മാറ്റുരയ്ക്കുവാന്‍ ഈ ചുണ്ടനുകളെത്തും. കായിക ഇനമായി അംഗീകരിച്ച വള്ളംകളിയില്‍ അടുത്ത തവണ മുതല്‍, ഒരേ വലുപ്പത്തിലുള്ള, തുഴക്കാരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളില്ലാത്ത ചുണ്ടന്‍ വള്ളങ്ങളാവും മത്സരിക്കുക.
--
ചിത്രങ്ങള്‍ പിക്കാസയില്‍ കാണുവാന്‍ ഈ ലിങ്ക് നോക്കുക: നെഹ്രുട്രോഫി ജലോത്സവം’07

Keywords: Nehru Trophy Boat Race, NTBR, Punnamada Lake, Alappuzha, August, Vallamkali, Boatrace, Jalamela
--

Friday, August 10, 2007

നളചരിതോത്സവം’07

ചൂതുകളിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് പാണ്ഡവര്‍ വനവാസം ചെയ്യുന്ന കാലം. കാട്ടിലെ വിഷമതകള്‍‍ ലഘൂകരിക്കുന്നതിനായി യുധിഷ്ഠിരന്, ബൃഹദശ്യ മഹര്‍ഷി നൈഷധരാജാവായ നളന്റെ കഥ പറഞ്ഞുകൊടുക്കുന്നു. ചൂതില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് കാട്ടിലെത്തിയ പാണ്ഡവരുടെ കഥയോട് സമാനമാണ് നളന്റെ കഥയും. മഹാഭാരതം വനപര്‍വ്വത്തില്‍ അടങ്ങിയിരിക്കുന്ന നളോപാഖ്യാനം, നളചരിതം എന്നപേരില്‍ ആട്ടക്കഥയാക്കി ഉണ്ണായിവാര്യര്‍ രംഗത്തെത്തിച്ചു. നളചരിതമെന്ന ഒറ്റ ആട്ടക്കഥയിലൂടെ, കഥകളിയില്‍ ചിരപ്രതിഷ്ഠ നേടിയ മഹാനായ പണ്ഡിതനാണ് ഉണ്ണായിവാര്യര്‍. നാടകീയരംഗങ്ങളും, മനോഹരങ്ങളായ പദങ്ങളും, അഭിനയസാധ്യതകള്‍ ധാരാളമുള്ള സന്ദര്ഭങ്ങളും കൊണ്ട് സമ്പന്നമായ നളചരിതം ആട്ടക്കഥ സമ്പൂര്‍ണ്ണമായി, ‘നളചരിതോത്സവം’ എന്ന പേരില്‍ ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിലെ ആഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. ആഗസ്ത് 27 മുതല്‍ 31 വരെയാണ് ‘നളചരിതോത്സവം’ കൊണ്ടാടുക.

ആദ്യ ദിവസം ശ്രീകൃഷ്ണ ഭഗവാന്റെ രക്ഷാ-ശിക്ഷക-മധ്യസ്ഥ ഭാവങ്ങളാല്‍ സമ്പന്നമായ, വയസ്സക്കര നാരായണന്‍ മൂസ്സത് എഴുതിയ ‘ദുര്യോധനവധം’ കഥകളിയോടെയാണ് അഞ്ചുനാള്‍ നീണ്ടു നില്‍ക്കുന്ന കഥകളി ഉത്സവത്തിന് തുടക്കം. നളചരിതം ഒന്നാം ദിവസം (സമ്പൂര്‍ണ്ണം), നളചരിതം രണ്ടാം ദിവസം (സമ്പൂര്‍ണ്ണം), നളചരിതം മൂന്നാം ദിവസം, നളചരിതം നാലാം ദിവസം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറുന്നു.
നോട്ടീസ് പേജ് 2-3
നോട്ടീസ് പേജ് 4-5
നോട്ടീസ് പേജ് 6-7
--