Wednesday, August 22, 2007

ഓര്‍മ്മകളിലൊരു പൂക്കളം

Onam, Pookkalam, Atham, Kuttikkalam, Childhood, Memory, Memories, Thumpi Mamam, Photo Narayanan, Foto, Thumbi
ഏതൊരു മലയാളിയേയും പോലെ ഓണക്കാലമെന്നാല്‍ എനിക്ക് പൂക്കാലമായിരുന്നു, പൂക്കളമൊരുക്കും കാലമായിരുന്നു. ഓണമെന്നു പറഞ്ഞാല്‍ സദ്യയേക്കാള്‍ മുന്നേ എന്റെ മനസിലേക്കെത്തുക, മുറ്റത്തൊരുക്കുന്ന പൂക്കളത്തിലെ നിറക്കൂട്ടുകളാണ്. മുറ്റത്തും തൊടിയിലും വളരുന്ന ചെമ്പരത്തിയും നന്ദ്യാര്‍വട്ടവും പിന്നെ ചെറിയ ഇലകളുമൊക്കെയൊരുക്കുന്ന നിറച്ചാര്‍ത്ത്. നിറങ്ങളില്‍ വൈവിധ്യം കുറയുമെങ്കിലും, അത്രയും നിറങ്ങള്‍ കൂട്ടിക്കലര്‍ത്തി മുറ്റത്ത് വിരിയിക്കുന്ന പൂക്കളങ്ങളുടെ ഭംഗി, അതൊന്നു വേറേ തന്നെയാണ്.

കുട്ടിക്കാലം മുതലുള്ള ശീലമാണ് ഓണത്തിന് അത്തമിടുക എന്നുള്ളത്. തിരുവോണത്തിനു മാത്രമല്ല പത്തുനാളും പൂവിടല്‍ നിര്‍ബന്ധമായിരുന്നു. അനിയത്തിയും ഞാനും, രാവിലെ ആരെണീറ്റ് പൂവിടും എന്നകാര്യത്തില്‍ തര്‍ക്കമായിരുന്നു. ‘ഞാനിടും, ഞാനിടും’ എന്നല്ല; ‘ഇന്നു നീയിട്, നീയിട്’ എന്നു പറഞ്ഞായിരിക്കുമെന്നു മാത്രം. രാവിലെ എഴുനേറ്റ്, കുളിച്ച് വേണം പൂവിടാനെന്നാണ് അമ്മയുടെ പക്ഷം. രാവിലെ എഴുനേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ എല്ലാവരേയും പോലെ ഞങ്ങള്‍ക്കും അത്ര പഥ്യമായിരുന്നില്ല. ഒടുവില്‍ ഞങ്ങളിലാരെങ്കിലും എഴുനേറ്റ് കുളിച്ച് പൂവിടുവാനെത്തും. വീട്ടില്‍ പുറം ജോലിക്ക് നില്‍ക്കുന്ന ചേച്ചി, തലേ ദിവസത്തെ പൂക്കളൊക്കെ എടുത്തുമാറ്റി, ചാണകം മെഴുകി, പൂക്കളം പൂവിടുവാനായി തയ്യാറാക്കിയിട്ടുണ്ടാവും. ഇനി പൂക്കളം നിറയ്ക്കുവാന്‍ പൂക്കള്‍ ഇറുക്കണം, പിന്നീടത് ഒരുക്കണം. അത് അന്നത്തെ ദിവസം പൂവിടുവാന്‍ എഴുന്നേല്‍ക്കുന്നയാളുടെ ഡ്യൂട്ടിയാണ്.

അങ്ങിനെ ചുറ്റുപാടുമുള്ള കൈയെത്തുന്ന പൂക്കളൊക്കെ ചെറിയ പാത്രത്തില്‍ നുള്ളിയിട്ട് പൂക്കളമിടല്‍ ആരംഭിക്കും. ആദ്യം തുമ്പക്കുടം, മൂന്നു പ്രാവശ്യം, ‘പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ’ എന്നൊക്കെ ചൊല്ലി പൂക്കളത്തിനു നടുവില്‍ വെയ്ക്കും. പിന്നെ, മറ്റ് പൂവുകളുടെ ഇതളുകള്‍ അടര്‍ത്തി തുമ്പക്കുടത്തിനു ചുറ്റും നിരത്തി കളം വലുതാക്കും. ഇന്ന് മത്സരങ്ങളില്‍ കാണുന്നതു പോലെ, ആര്‍ഭാടകരമായ പൂക്കളമൊന്നുമല്ല, വളരെക്കുറച്ച് പൂവുകള്‍ കൊണ്ട് ചെറിയ അത്തപ്പൂക്കളം. പിന്നെ ഒന്നാം ഓണമെങ്കില്‍ ഒരു കുട, രണ്ടാമോണമെങ്കില്‍ രണ്ടു കുട എന്നരീതിയില്‍ പൂക്കുടയും കുത്തും. അത്തമിട്ട് കഴിയുമ്പോഴേക്കും, അന്നേ ദിവസം ഉറങ്ങാന്‍ ഭാഗ്യം സിദ്ധിച്ച ഞാനോ അനിയത്തിയോ ഒരു കൈയില്‍ ചാ‍യഗ്ലാസും മറുകൈയില്‍ പേപ്പറുമായി ഉമ്മറത്തെത്തും. മുകളില്‍ നിന്നൊന്നു നോക്കി, പറയാവുന്ന കുറ്റവും, ഇന്നലെ ഞാനിട്ടത് എത്ര നന്നായിരുന്നു, ഇതെന്തോന്ന് പൂക്കളം, എന്നൊക്കെ പറഞ്ഞ് അന്നേ ദിവസത്തെ രണ്ടാം റൌണ്ട് വഴക്കിടല്‍ ആരംഭിക്കും. ‘ഒന്നു സൌര്യം തരുമോ പിള്ളാരേ...’ എന്ന അമ്മയുടെ അടുക്കളയില്‍ നിന്നുള്ള രോദനം വരും വരെ ഇതങ്ങിനെ തുടരും.

തിരുവോണ ദിവസത്തിലേക്കായുള്ള പൂവിടല്‍, ഉത്രാടത്തിന്റന്നു വൈകുന്നേരമാണ് ചെയ്യുക, അന്നാണ് കാര്യമായ പൂവിടല്‍. ഉത്രാടത്തിന്റന്നു ഊണു കഴിഞ്ഞ് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മുറ്റവും തൊടിയുമൊക്കെ വിട്ട്, അല്പം കാടുപിടിച്ചു കിടക്കുന്ന കാവിന്റെ ഭാഗത്തേക്കാണ് യാത്ര. അവിടെ നിന്നും ‘ശദാവരിപ്പച്ച’ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ചെറിയ ഇലകളോടെ, പഴുതാരയുടെ രൂപം ഓര്‍മ്മിപ്പിക്കുന്ന ശദാവരിയിലകള്‍ അത്തക്കളത്തിലെ കടുംപച്ചനിറത്തിന് പറ്റിയതാ‍ണ്. ചെറിയ ഇലകളായതിനാല്‍, നല്ല ഒതുക്കവും കിട്ടും. മറ്റ് പൂവുകളൊക്കെ ചെറുതായി അരിഞ്ഞാണ് അത്തപ്പൂക്കളത്തില്‍ ഉപയോഗിക്കാറ്‌, പക്ഷെ ഒരു വാടിയഛായ തോന്നും അങ്ങിനെ ചെയ്യുമ്പോള്‍. ശദാവരിക്ക് ആ ദോഷവുമില്ല.

മുള്ളുള്ള ശദാവരിയിലകള്‍ സൂക്ഷിച്ച് ഇറുത്തെടുക്കുകയാണ് അടുത്ത പടി. രണ്ടരമണിക്കൂര്‍ പടം അഞ്ചും ആറും മണിക്കൂറെടുത്തു കാണിക്കുന്ന ടി.വി.ക്കുമുന്നില്‍ ചടഞ്ഞിരുന്നാണ് ഈ പരിപാടി. അന്നൊന്നും ഞാന്‍ ഇന്നത്തെപ്പോലെ ഇറങ്ങുന്ന പടമെല്ലാം ഓടിപ്പോയി കാണുന്ന രീതിയായിരുന്നില്ല. തിയേറ്ററിലൊക്കെ സിനിമ കാണല്‍ വളരെ അപൂര്‍വ്വമായിരുന്നു. നല്ല സിനിമയെന്ന് എല്ലാവരും പറഞ്ഞ്, നാട്ടില്‍ ഞങ്ങള്‍ മാത്രമേ ഇനിയതു കാണാനുള്ളൂ എന്ന അവസ്ഥയെത്തുമ്പോളാവും അച്ഛന്‍ കൊണ്ടുപോവാമെന്ന് അര്‍ദ്ധസമ്മതമെങ്കിലും തരുന്നത്. ഓണം റിലീസുകള്‍ ഓണവും കഴിഞ്ഞ് രണ്ടുമാസമെടുക്കും ഞാന്‍ കാണുവാന്‍, അതും അത്രയും നാള്‍ ആ പടങ്ങള്‍ തിയേറ്ററിലുണ്ടെങ്കില്‍. അങ്ങിനെ സിനിമ എന്നത് ഒരു സ്വപ്നമായി കൊണ്ടുനടന്നിരുന്ന കാലത്ത്, ഉത്രാടദിന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം പരസ്യമുള്‍പ്പടെ കണ്ടു തീര്‍ക്കുക ഒരു ജീവിതാഭിലാഷമായിരുന്നു. അങ്ങിനെ സിനിമയൊക്കെ കണ്ട് പൂവൊക്കെ ഒരുക്കിത്തീര്‍ക്കും.

കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുവാന്‍ തുടങ്ങിയതോടെ, ഈ അത്തപ്പൂക്കളങ്ങള്‍ക്ക് ഒരു ‘ഗ്ലാമര്‍’ പോര എന്ന ചിന്തവന്നു. അങ്ങിനെ നൂറും നൂറ്റമ്പതും രൂപയ്ക്ക് പൂവുമേടിക്കുവാന്‍ തുടങ്ങി. വീട്ടിലുള്ള പൂക്കളോടൊപ്പം ഇത്രയും രൂപയ്ക്കുള്ള പൂവും കൂടിയായപ്പോള്‍, പൂക്കളത്തിന്റെ വലുപ്പവും കൂട്ടാമെന്നായി, രീതിയും മാറ്റാമെന്നായി. മുറ്റത്തിട്ടിരുന്ന പൂക്കളം അങ്ങിനെ തിരുവോണനാളില്‍ മാത്രം കാര്‍പോര്‍ച്ചിലേക്ക് മാറ്റി സ്ഥാപിച്ചു. എന്റെ ആവശ്യമാണല്ലോ പൂക്കളത്തിന്റെ ഗ്ലാമര്‍ കൂട്ടുകയെന്നത്, അതുകൊണ്ട് പൂ‍വൊരുക്കലൊഴികെ മറ്റെല്ലാം എന്റെ തലയിലിട്ട്, അനിയത്തി ഭംഗിയായി ബ്ലോക്ക് ബസ്റ്റര്‍ കണ്ടാസ്വദിച്ചു. മുറ്റത്തുനിന്ന് മണ്ണ് വെട്ടി പോര്‍ച്ചിലിട്ട്, ഈര്‍ക്കിലും നൂലുമൊക്കെ ഉപയോഗിച്ച് വട്ടത്തില്‍ തിട്ടകെട്ടി, ചാണകവെള്ളം തളിച്ച് മെഴുകി, ഒരു ഡിസൈനും വരയ്ക്കുമ്പോഴേക്കും സന്ധ്യയാവും. സിനിമയുടെ ശബ്ദരേഖമാത്രമേ കേള്‍ക്കുവാന്‍ കഴിയൂ എന്ന ദേഷ്യത്തിലാണ് ഞാനിത്രയും ചെയ്യുന്നത്. ഇത്രയൊക്കെ ആവുമ്പോഴേക്കും പൂവൊക്കെ റെഡിയായിരിക്കും. മഞ്ഞയ്ക്ക് മഞ്ഞ ജമന്തി, ഓറഞ്ചിന് ബന്ദി, വയലെറ്റിന് വാടാമുല്ല, റോസിന് അരളി, വെള്ളയ്ക്ക് നന്ദ്യാര്‍വട്ടം അല്ലെങ്കില്‍ മൈസൂര്‍ മുല്ല; അങ്ങിനെ എല്ലാ ഐറ്റംസും റെഡി. സന്ധ്യയാവുമ്പോഴേക്കും തുമ്പിമാമനുമെത്തും.

എന്റെ ഓണവും തുമ്പിമാമനുമായി വല്ലാത്ത ബന്ധമാണ്. ആദ്യം തുമ്പിമാമനെ പരിചയപ്പെടുത്താം. ഞങ്ങളുടെ അയല്പക്കത്തുള്ള പ്രായമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം, മണിയന്‍ പിള്ള എന്നാണ് ശരിക്കുള്ള പേര്. നീണ്ട താടിയും, തലേക്കെട്ടും, കൈയുള്ള ബനിയനും, കാവി മുണ്ടുമൊക്കെയായി ഒരു പ്രത്യേക രൂപമാണ്. കുട്ടിക്കാലത്ത് ഞാന്‍ കാണുമ്പോള്‍ മുതല്‍ അവസാനം വരേയും ഈ രൂപത്തിന്ന്‌ ഒരുമാറ്റവും വന്നിട്ടില്ല, പ്രായം ഫുള്‍‌സ്റ്റോപ്പിട്ടതുപോലെ. തുമ്പിമാമന്‍ എന്ന് ഇദ്ദേഹത്തിനു പേരുവന്നതും ഞാനുമായി ബന്ധപ്പെട്ടാണ്. കുട്ടിക്കാലത്ത് എന്റെ കരച്ചില്‍ നിര്‍ത്തുവാനായി ഇദ്ദേഹം തുമ്പിയെപിടിച്ച് നൂലില്‍ കെട്ടി തരുമായിരുന്നത്രേ, നൂലിന്റെ ഒരറ്റം എന്റെ കൈയില്‍, അങ്ങേയറ്റത്ത് പറക്കുന്ന തുമ്പി, അങ്ങിനെയായിരുന്നത്രേ ഞാന്‍ സന്തോഷിച്ചിരുന്നത്, കുട്ടിക്കാലത്തേ ഒരു ചെറിയ ക്രൂരനായിരുന്നെന്നു സാരം. അങ്ങിനെ ആ പ്രായത്തില്‍ ഞാന്‍ വിളിച്ചു തുടങ്ങിയതാണ് തുമ്പിമാ‍മനെന്ന്, അങ്ങിനെയത് സമപ്രായക്കാരായ പല കുട്ടികളും വിളിച്ചു തുടങ്ങി, പതിയെ മുതിര്‍ന്നവരില്‍ ചിലരും ഉപയോഗിച്ചു തുടങ്ങി. വരയ്ക്കുവാനും, തടിപ്പണിയിലും സാമര്‍ത്ഥ്യമുണ്ടായിരുന്ന അദ്ദേഹമാണ് കുട്ടിക്കാലത്ത് എന്നെ വരയ്ക്കുവാന്‍ പഠിപ്പിച്ച ആദ്യ ഗുരു. തടിയില്‍ കൈവണ്ടിയും, ഉന്തുവണ്ടിയും, ഓണത്തിന് പറത്തുവാന്‍ പല രീതിയിലുള്ള പട്ടങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളതും മറ്റാരുമല്ല. വലിയ സാമ്പത്തിക സ്ഥിതിയിലൊന്നുമല്ലായിരുന്ന എന്റെ വീട്ടില്‍ ഇത്തരം കളിപ്പാട്ടങ്ങളായിരുന്നു ഏറെയും.

തുമ്പിമാ‍മനും എത്തിക്കഴിഞ്ഞാല്‍ ഞങ്ങളുടെ അത്തമിടല്‍ തുടങ്ങുകയായി. അനിയത്തിയുമായുള്ള വഴക്കിടലും, ഞെളിഞ്ഞ് നിന്നുള്ള നിര്‍ദ്ദേശം കൊടുക്കലുമൊക്കെയായി പൂവിടലിന്റെ നേതൃസ്ഥാനം ഞാനങ്ങ് ഏറ്റെടുക്കും. ഇത്രയും മണ്ണുവാരി പൂക്കളമൊരുക്കുവാന്‍ എനിക്കറിയാമെങ്കില്‍, പൂവിടുന്നത് ഞാന്‍ പറയുന്നതുപോലെ മതി എന്ന ഭാവമാണ് എനിക്ക്. ചിലപ്പോഴൊക്കെ അച്ഛന്റെ അനിയന്റെ മക്കളുമുണ്ടാവും തിരുവോണത്തിന്. അവരുടെ മുന്‍പില്‍ ചേട്ടന്‍ കളിക്കുകയും മറ്റൊരു രസം. സിനിമ കാണാന്‍ കഴിയാത്തതിന്റെ നിരാശയും അപ്പോള്‍ തീര്‍ക്കും. അങ്ങിനെ രാത്രി 11-12 മണിയോടെ പൂവിടല്‍ അവസാനിക്കും, അല്ലെങ്കില്‍ അച്ഛന്‍ അവസാനിപ്പിക്കും. ആദ്യത്തെ ഡിസൈനുമായി വലിയ ബന്ധമൊന്നും അവസാ‍നം ഉണ്ടാവാറില്ല. പൂവിന്റെ ലഭ്യതയനുസരിച്ച് ഡിസൈന്‍ ഓരോ ഘട്ടത്തിലും മാറിമാറിവരും. ഒടുവില്‍ പൂ തീരുന്നതോടെ അത്തപ്പൂക്കളവും പൂര്‍ത്തിയാവും. രാവിലെ എഴുനേറ്റ് ആദ്യം ചെയ്യുന്നത് പൂക്കളം കാണുക എന്നതാണ്. പകല്‍ വെളിച്ചത്തില്‍ അത് കാണുമ്പോഴുള്ള സുഖം, അത് കണ്ടുതന്നെ അറിയണം. വീടിന്റെ മുന്നിലൂടെ പോവുന്ന കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഗെയിറ്റിനു മുകളിലൂടെ തലയേന്തി നോക്കുമ്പോള്‍, ഒട്ടൊരു ഗമയോടെ അവരുടെ നോട്ടങ്ങളെ അവഗണിച്ചങ്ങിനെ നില്‍ക്കുമ്പോള്‍, എന്തെന്നറിയാത്ത ഒരു അഭിമാനമായിരുന്നു ഉള്ളില്‍.

പിന്നെയുള്ളത് ഫോട്ടോയെടുപ്പാണ്. ഞങ്ങളുടെ അടുത്ത് താ‍മസിക്കുന്ന പ്രായം ചെന്ന ഒരു ഫോട്ടോഗ്രാഫറുണ്ട്, ഫോട്ടോ നാരായണന്‍ എന്നാണ് അറിയപ്പെടുന്നത്. ക്യാമറ എന്ന് നാട്ടുകാര് കേട്ടുവരുമ്പോഴേക്കും ഫോട്ടോഗ്രാഫറായതിനാലുള്ള ഒരു മേല്‍ക്കൊയ്മ അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങളുടെ അത്തപ്പൂക്കളം ഒരിക്കല്‍ കണ്ടപ്പോള്‍ ഇങ്ങോട്ടു വന്നു ചോദിച്ചു, ഒരു ഫോട്ടോയെടുത്തോട്ടെയെന്ന്. ഏതോ ഒരു പരസ്യത്തില്‍ ഉപയോഗിക്കുവാന്‍ കൊടുക്കുവാനാണത്രേ. കൂട്ടത്തില്‍ ഞങ്ങളേയും ചേര്‍ത്തു നിര്‍ത്തി ഓരോ പടമെടുത്തു, പൂവിടുന്നതായും നോക്കി നില്‍ക്കുന്നതുമായുമൊക്കെ. അതിന്റെ ഓരോ കോപ്പി ഞങ്ങള്‍ക്കും തന്നു. പിന്നീടങ്ങോട്ട് അതുമൊരു പതിവായി. ഞങ്ങളുടെ അത്തപ്പൂക്കളത്തിന്റെ ചിത്രം അദ്ദേഹമെടുക്കും, ഞങ്ങള്‍ക്കും ഫോട്ടോ തരും, പ്രിന്റ് അടിക്കുവാനുള്ള പൈസമാത്രം നല്‍കിയാല്‍ മതി. അദ്ദേഹം ആ പൂക്കളത്തിന്റെ പടം ആര്‍ക്കെങ്കിലുമൊക്കെ കൊടുത്ത് കാശുമേടിക്കൂം, അതിനെ എതിര്‍ക്കരുത്. അതായിരുന്നു കരാര്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം തുമ്പിമാമനും ഫോട്ടോ നാരായണനും മണ്മറഞ്ഞു. കഴിഞ്ഞ ഓണത്തിനു മുന്‍പായിരുന്നു ഇവരുടെ മരണം. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് അത്തമൊരുക്കുവാന്‍ ഒരു ശുഷ്കാന്തിയും തോന്നിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം തിരുവോണനാളിലെ അത്തവും കാര്‍ പോര്‍ച്ചില്‍ നിന്നും മുറ്റത്തൊരു ചെറുവൃത്തത്തിലൊതുങ്ങി. ഇന്ന് പൂക്കളമൊരുക്കുന്നതില്‍ സഹായിക്കുവാന്‍ തുമ്പിമാമനില്ല. അനിയത്തി ഹോസ്റ്റലില്‍ പഠിക്കുന്നു, തിരുവോണത്തിന്റെ പിറ്റേന്ന് പരീക്ഷയായതിനാല്‍ ഓണം ഹോസ്റ്റലില്‍ തന്നെ. അച്ഛന്റെ അനിയന്റെ മക്കള്‍ക്കും പരീക്ഷയുടേയും പഠനത്തിന്റേയും തിരക്കുകള്‍. ഞാന്‍ മാത്രമുണ്ട് ഇവിടെ. ഇന്നെനിക്ക് സ്വന്തമായി ക്യാമറയുണ്ട്, എത്ര ഫോട്ടോ വേണമെങ്കിലും എടുക്കാം. പൂ മേടിക്കുവാന്‍ പണം സ്വന്തമായുണ്ട്, എത്ര പൂവേണമെങ്കിലും മേടിക്കാം. ടി.വി.യിലെ ബ്ലോക്ക് ബ്ലസ്റ്റര്‍ കാണാന്‍ പറ്റില്ലെന്നുള്ള ഖേദമില്ലാതെ പൂക്കളമൊരുക്കാം, കാരണം ഞാന്‍ കാണാത്ത പടം ഒരു ചാനലിലും വരുവാന്‍ സാധ്യതയില്ല. എന്നിട്ടും പൂവിടുവാനുള്ള മനസില്ല, ഒറ്റയ്ക്കിരുന്ന് പൂവിടുന്നതില്‍ എന്തു രസം. ഇന്നത്തെ കുട്ടികള്‍ ഒരുതരത്തില്‍ ഭാഗ്യവാന്മാരാണ്, അവരറിയുന്നില്ല അവരെന്താണ് നഷ്ടപ്പെടുത്തുന്നതെന്ന്. പക്ഷെ, എനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് ഞാനറിയുന്നു, ആ നഷ്ടബോധം നികത്താനുമാവില്ല. ഇനി തിരിച്ചുവരാത്ത കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ അയവിറക്കി, ഞാനുമൊരു പൂക്കളമൊരുക്കും ഇത്തവണയും. മുറ്റത്ത് ഒരു ചെറിയ പൂക്കളം.
--

Keywords: Onam, Pookkalam, Atham, Kuttikkalam, Childhood, Memory, Memories, Thumpi Mamam, Photo Narayanan, Foto, Thumbi
--
കുട്ടിക്കാലത്തെ എന്റെ ഓണങ്ങള്‍ മനോഹരമാക്കിയ ഏവരുടേയും സ്മരണയ്ക്കുമുന്നില്‍ നമിച്ചുകൊണ്ട്...
--

29 comments:

  1. ഓര്‍മ്മകളിലൊരു പൂക്കളം. എല്ലാ മലയാളികള്‍ക്കുമുണ്ടാവും പങ്കുവെയ്ക്കുവാന്‍ ചില ഓണസ്മരണകള്‍. എനിക്കുമുണ്ട്, എഴുതുവാനാണെങ്കില്‍ ഒത്തിരിയൊത്തിരി. ഓണനാളുകളില്‍ എനിക്കേറ്റവും പ്രീയപ്പെട്ട, അല്ലെങ്കില്‍ പ്രീയപ്പെട്ടതായിരുന്ന, പൂക്കളങ്ങളെക്കുറിച്ചൊരു പോസ്റ്റ്. വായിക്കൂ, അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കൂ...
    --

    ReplyDelete
  2. ഒരുപാട് ഓണങ്ങള്‍ മനസ്സിലേയ്ക്ക് നിറച്ചു ഈ പോസ്റ്റ്..പൂക്കളങ്ങള്‍ ദിവസേന തീര്‍ത്തിരുന്ന ഓണത്തിന്‍റെ ഓര്‍മ്മകളില്ലെങ്കിലും അയല്‍വക്കത്തെ ചേച്ചി ഓണക്കാലത്ത് ദിവസേന ചെയ്തിരുന്ന കാര്യങ്ങള്‍ ഹരി ഇവിടെ വിവരിച്ചപ്പോള്‍ അവയൊക്കെ വീണ്ടും ഉള്ളില്‍ ഉണര്‍ന്നു.

    ഹരി പറഞ്ഞതെ എനിക്കും പറയാനുള്ളു...
    "ഇന്നത്തെ കുട്ടികള്‍ ഒരുതരത്തില്‍ ഭാഗ്യവാന്മാരാണ്, അവരറിയുന്നില്ല അവരെന്താണ് നഷ്ടപ്പെടുത്തുന്നതെന്ന്. പക്ഷെ, എനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് ഞാനറിയുന്നു, ആ നഷ്ടബോധം നികത്താനുമാവില്ല"

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

    ReplyDelete
  3. ഹരീ,
    ഓണാശംസകള്‍‍.
    തുമ്പിമാമന്‍റെ ചിത്രവും അദ്ദേഹത്തെക്കുറിച്ചു് എഴുതിയതും കൂടുതല്‍‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  4. ഹരീ.. ഓര്‍മ്മകളിലെ പൂക്കളം ഹൃദ്യമായിരിക്കുന്നു.
    ഓണാശംസകള്‍.

    ReplyDelete
  5. അകം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  6. ഓണക്കാലം ഓര്‍മ്മകുറിപ്പുകളുടെ കാലവുമാണെന്ന് തോന്നീട്ടുണ്ട്; പക്ഷേ എന്തോ വളരെ വ്യത്യസ്ഥമായി തോന്നീ ഹരീയുടെ ഈ കുറിപ്പും ചിത്രങ്ങളും..
    ഓണവും ബാല്യവും ബന്ധങ്ങളുമെല്ലാം നിറഞ്ഞൊരു കുറിപ്പ്.'തുമ്പി മാമനും, ഫോട്ടൊ നാരായണനും കഥാപാത്രങ്ങള്‍ ആകുമ്പോള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു..ഇന്നത്തെ കുട്ടികളുടെ നഷ്ടഭാഗ്യങ്ങളെ കുറിച്ചുള്ള വരികള്‍ പ്രത്യേകിച്ചും..

    ഓണാശംസകള്‍..!

    ReplyDelete
  7. വായിച്ചു തുടങ്ങിയപ്പോള്‍ സാധാരണ ക്ലീഷേ ഓര്‍മ്മക്കുറിപ്പായി തോന്നി.പിന്നിടുന്തോറും ഒരു നൊസ്റ്റാള്‍ജിയ..ഓര്‍മ്മ വന്നതു,പൂക്കളമല്ല,പുല്‍ക്കൂടാണ്,ക്രിസ്തുമസ് തലേന്ന് ഇതു പോലെ പകല്‍ മുഴുവന്‍ ഇരുന്നു ഒരു പുല്‍ക്കൂടൊരുകി,അതു കണ്‍നിറയെ കാണുന്ന കാഴ്ച.ഇപ്പോള്‍ അതും ഓര്‍മ്മയായി.തന്നെയിതൊക്കെ ചെയ്യുന്നതില്‍ എന്തു രസം????

    ReplyDelete
  8. ഞാനേതണ്ടിതുപോലൊരെണ്ണം എഴുതി തുടങ്ങിയതായിരുന്നു - ഇത്രയും വൃത്തിയിലല്ല - അതും ഓണത്തെപ്പറ്റി. ഇതു വായിച്ചപ്പോള്‍ ഞാന്‍ ഒരു 15 കൊല്ലം പിറകോട്ടുപോയി. ഡാങ്ക്സ്‌...

    ReplyDelete
  9. “എനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് ഞാനറിയുന്നു, ആ നഷ്ടബോധം നികത്താനുമാവില്ല.“

    എന്നിട്ടും ഒരു ക്ഷണ നേരമെങ്കിലും എനിക്ക് എന്റെ ബാല്യം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു. പുലര്‍കാലത്ത് കുട്ടികള്‍ മത്സരിച്ച് പൂവടര്‍ക്കാന്‍ ഓടുന്ന കലപില ശബ്ധം അകലെ നിന്ന് കേള്‍ക്കുന്നത് പോലെ തോന്നി.

    ഹരി,‘ഓര്‍മ്മകളിലൊരു പൂക്കളം‘ ഒരു ചിത്രം പോലെ മനസില്‍ തെളിഞ്ഞ് നില്‍ക്കുന്നു. നന്ദി.

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍........

    ReplyDelete
  10. ഹരിയണ്ണാ,
    ഓണസ്മുതികള്‍ നന്നായി. ഹരിയണ്ണന്‍ ഒരു ക്രൂരനായിരിക്കാം, പാവം ക്രൂരന്‍. (ടി.ജി.രവി അറിയണ്ട. ന്നെ കൊല്ലും ഓന്‍)
    ഹ ഹ.
    :)
    സുനില്‍

    ReplyDelete
  11. ഹരീ..ഓര്‍മയിലെ ഈ പൂക്കളം..
    ഏറെ ഹൃദ്യം..
    വായിച്ച് മനസ്സുനിറയുന്നു.

    ReplyDelete
  12. അതീവ ഹൃദ്യം ഈ പോസ്റ്റ്. ഓണത്തിനൊരു പായസം കുടിച്ച പോലെ. തുമ്പിമാമനെ ഒക്കെ വീണ്ടും ഓര്‍ക്കുന്നത് നല്ലമനസ്സിന്റെ ഗുണം.

    ഓണാശംസകള്‍!

    ReplyDelete
  13. ഹരീ,
    വളരെ നല്ല ഓണക്കുറിപ്പുകള്‍. ഫോട്ടോ കൊടുത്തതും കൊള്ളാം.

    ReplyDelete
  14. ഓര്‍മ്മകളിലൊരു പൂക്കളം നല്ലൊരു ഓര്‍മ്മപ്പെടുത്തലായി.തുമ്പി മാമനേയും ഫോട്ടോഗ്രാഫര്‍ നാരായണന്‍ ചേട്ടനേയും ഒത്തിരി ഇഷ്ടമായി..കൂടാതെ ആ ചിത്രങ്ങളും

    ReplyDelete
  15. ഹരീ മനോഹരമാ‍യിരിക്കുന്നു...പൂക്കളം പോലെ ഹൃദ്യമായ ഓര്‍മച്ചിത്രം :)

    ReplyDelete
  16. “ഇനി തിരിച്ചുവരാത്ത കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ അയവിറക്കി, ഞാനുമൊരു പൂക്കളമൊരുക്കും ഇത്തവണയും. മുറ്റത്ത് ഒരു ചെറിയ പൂക്കളം.“

    ഞാനും ,മുറ്റത്തല്ല ,ബാല്‍കണിയില്‍
    ഓണാശംസകള്‍

    ReplyDelete
  17. Onappookkalam pole nannayi ee Onasmrithi hari

    ReplyDelete
  18. മനോഹരമായ ഓര്‍മ്മപ്പൂക്കളം! തുമ്പിമാമനേയും ഫോട്ടോ നാരായണനേയും ലോകത്തിനു മുന്നിലുയര്‍ത്തെഴുന്നേല്പിച്ച് അനശ്വരരാക്കിയല്ലൊ.

    പിന്നെ ശതാവരിയിലയുടെ ഓര്‍മ്മക്കായി അതിന്റെ ഛായയുള്ള ഇല ഞാനും ഇട്ടിട്ടുണ്ട് ഈ വര്‍ഷത്തെ പൂക്കളത്തില്‍. അതു വായിച്ചപ്പോള്‍ അത്ഭുതം തോന്നി.
    തിരുവോണത്തിന്റെ പിറ്റേന്ന് പരീക്ഷ വെയ്ക്കുന്നത് ശിക്ഷാര്‍ഹമാക്കണം :)

    ReplyDelete
  19. ഓര്‍മ്മകളിലൊരു പൂക്കളം വായിച്ചിവിടെ അഭിപ്രായമറിയിച്ച
    തുഷാരം,
    വേണു,
    കൃഷ്,
    ഷാന്‍,
    അലിഫ്,
    മൃദുല്,
    ദീപു - “എഴുതൂന്നേ, അത് എഴുതാതെ ഉപേക്ഷിക്കണ്ട. :)”,
    മയൂര,
    സുനില്‍,
    എന്റെ കിറുക്കുകള്,
    ഇഞ്ചിപ്പെണ്ണ്,
    ഡാന്‍ഡി,
    പൈങ്ങോടന്‍,
    മനു,
    പ്രിയംവദ,
    ജി.മനു,
    നിര്‍മ്മല - “ഇത് ഡീംഡ് യൂണിവേഴ്സിറ്റികളുടെ കാലമാണ്, പരിക്ഷ അവര്‍ക്കിഷ്ടമുള്ളപ്പോള്‍ വയ്ക്കൂം! :(”,
    തുടങ്ങിയവര്‍ക്കും; ഇതുവായിച്ച മറ്റെല്ലാവര്‍ക്കും വളരെ വളരെ നന്ദി.

    ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
    ഓണാശംസകള്‍...
    ഹരീ
    --

    ReplyDelete
  20. നൊസ്റ്റാള്‍ജിക്.

    നിര്‍മ്മല ചേച്ചിയുടെ സ്ക്രാപ്പ് ബുക്കില്‍ നിന്നാണിത് കണ്ടത്. (link)

    ReplyDelete
  21. ഹരി... ഞാനും ഓര്‍ത്തു പഴയ പൂക്കളമിടല്‍... മുക്കുറ്റി ഒഴിച്ച് ബാക്കി പൂവെല്ലാം തലേദിവസം തന്നെ അറുത്തുവെക്കുമായിരുന്നു... പൂക്കളമിട്ടാലെ അമ്മ രാവിലത്തെ ഭക്ഷണം തരുള്ളു... രാവിലെ അടുത്ത വീടുകളിലെല്ലാം പോയി പൂക്കളം കാണും... ആരുടേതാ കൂടുതല്‍ ഭംഗി എന്നു നോക്കാന്‍...

    ReplyDelete
  22. ദിവയോട്,
    :) നന്ദി.

    ഇട്ടിമാളുവിനോട്,
    ഇത്തവണയും പൂവിട്ടിരുന്നുവോ? വാ‍യിച്ചതിനും കമന്റിയതിനും നന്ദി. :)
    --

    ReplyDelete
  23. ഹരി.. പൂക്കളമിട്ടിരുന്നു... മറുപടി കുറെ വൈകിയല്ലെ...ക്ഷമി ;)

    ReplyDelete
  24. ഓണം മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാത്തതുകൊണ്ട്
    ഓണക്കാലം കഴിഞ്ഞാലും ഇത് വായിക്കാം.
    അടുത്ത ഓണം കഴിഞ്ഞാലുമീ സദ്യ മറക്കുകയുമില്ല..
    ഓ.ടോ:‌ എന്റെ ഉപാസന..ഒരു ഹരിയണ്ണന്‍ ഇവിടുണ്ടെ..ദുഷ്ടന്‍..പരമദുഷ്ടന്‍..

    ReplyDelete
  25. "ഇന്നത്തെ കുട്ടികള്‍ ഒരുതരത്തില്‍ ഭാഗ്യവാന്മാരാണ്, അവരറിയുന്നില്ല അവരെന്താണ് നഷ്ടപ്പെടുത്തുന്നതെന്ന്. പക്ഷെ, എനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് ഞാനറിയുന്നു, ആ നഷ്ടബോധം നികത്താനുമാവില്ല" ഞാനും പലപ്പോഴും വിചാരിക്കാറുണ്ടിങ്ങനെ.

    കഥകളിപോസ്റ്റില്‍ നിന്നാണിവിടെയെത്തിയത്. ഒത്തിരി താമസിച്ചു, എന്നാലും സാരമില്ല, നല്ലയൊരു പോസ്റ്റ് വായിക്കാന്‍ സാധിച്ചു.

    കഥകളിയെ അകലെനിന്നു നോക്കിയിരുന്നു, ഇപ്പോള്‍ ഹരിയുടെ പോസ്റ്റിലൂടെ അറിയുന്നു. നന്ദി.

    ReplyDelete
  26. ഹരീ,
    ആളറിയാതെയാണ് വായിച്ചത്..ഒരു കമന്റിടാന്‍ നോക്കിയപ്പോളാണ് ഹരിയാണെന്നു മനസ്സിലായത്.

    എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.
    ഹരീ പറഞ്ഞതുപോലെ എല്ലാ മലയാളിയ്ക്കുമുണ്ടാകും ഓര്‍മ്മയിലൊരു പൂക്കളം..
    ഞാനിതിന്റെ ലിങ്ക് കേരളക്ലിക്സിലെ ‘പൂക്കളം’ ത്രെഡ്ഡിലിടുന്നു.
    ഓണാശംസകളോടെ
    സസ്നേഹം
    ജെപി

    ReplyDelete
  27. ഹരീയുടെ ഓണസ്മൃതികള്‍ വളരെയിഷ്ടപ്പെട്ടു...
    ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

    ReplyDelete
  28. @ ഇട്ടിമാളു,
    മറുപടിയുടെ മറുപടി കുറച്ചധികം വൈകി.... :-)

    @ ഹരിയണ്ണൻ@harilal,
    :-) അടുത്ത ഓണമിങ്ങെത്തി...

    @ ശാലിനി,
    :-) നഷ്ടബോധങ്ങളുടെ കൂട്ടത്തിൽ ഇനിയുമുണ്ടാവും പലതും. എപ്പോഴെങ്കിലുമൊക്കെ ഇങ്ങിനെ ഓർമ്മകളിൽ തെളിഞ്ഞുവരുന്നവ... നന്ദി.

    @ jp,
    വളരെ നന്ദി. :-) ഇതെങ്ങിനെ ഈ പഴയ പോസ്റ്റിലേക്കെത്തി? വെറുതെ പഴയ പോസ്റ്റുകൾ നോക്കിയപ്പോൾ കണ്ടതാണോ?

    @ sanju,
    :-) നന്ദി. ഓണാശംസകൾ...
    --

    ReplyDelete
  29. Wow... it is such a nostalgic post! Brilliantly written! :)

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--