
നെഹ്രുട്രോഫി ജലോത്സവത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല, മലയാളികളില്‍. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ്, ആലപ്പുഴ പുന്നമടക്കായലില്‍ ഈ ജലമേള അരങ്ങേറാറുള്ളത്. വള്ളംകളി ഒരു കായിക ഇനമായി അംഗീകരിച്ച ശേഷമുള്ള ആദ്യത്തെ നെഹ്രുട്രോഫി മത്സരം എന്ന ഒരു പ്രത്യേകത ഈ വര്‍ഷത്തെ (2007 ആഗസ്ത് 11) ജലോത്സവത്തിനുണ്ടായിരുന്നു.
അല്പം ചരിത്രം. 1952-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കേരളം സന്ദര്‍ശിച്ച വേളയില്‍ കോട്ടയത്തു നിന്നും ആലപ്പുഴവരെ ജലമാര്‍ഗം സഞ്ചരിക്കുകയുണ്ടായി. പണ്ടുകാലത്ത് കായല്‍യുദ്ധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ചുണ്ടന്‍ വള്ളങ്ങള്‍, അദ്ദേഹത്തിന്റെ ബോട്ടിനെ അനുഗമിച്ചു. അവയുടെ സൌഹൃദമത്സരവും അരങ്ങേറി. ചുണ്ടാന്‍ വള്ളങ്ങളുടെ പ്രകടനം കണ്ട് ആവേശഭരിതനായ നെഹ്രു അന്ന് ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി, ആലപ്പുഴ വരെ ചുണ്ടന്‍ വള്ളത്തില്‍ സഞ്ചരിക്കുകയുണ്ടായി. തിരികെ ഡല്‍ഹിയിലെത്തിയ നെഹ്രു, തന്റെ കൈയ്യൊപ്പോടു കൂടിയ ഒരു ചുണ്ടന്‍ വള്ളത്തിന്റെ മാതൃക, വെള്ളിയില്‍ തീര്‍ത്ത് അയച്ചു കൊടുത്തു. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ട്രോഫി, പിന്നീട് നെഹ്രുവിന്റെ കാലശേഷം നെഹ്രുട്രോഫി എന്ന് അറിയപ്പെട്ടുതുടങ്ങി.
മുഖ്യാതിഥിയായെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനായിരുന്നു ജലമേള ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, വിജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചീഫ് സെക്രട്ടറി ലിസി ജേക്കബ്, ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, കെ.എസ്. മനോജ് എം.പി., കെ.സി. വേണുഗോപാല്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ പി.പി. ചിത്തരഞ്ജന്‍ തുടങ്ങി ഒട്ടനേകം വിശിഷ്ടവ്യക്തികള്‍ ജലമേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മത്സരത്തില്‍ പങ്കെടുത്ത18 ചുണ്ടനുകള്‍ അണിനിരന്ന മാസ് ഡ്രില്‍ അരങ്ങേറി.






സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളായിരുന്നു ആദ്യം. 16 വള്ളങ്ങള്‍ നാല് ഹീറ്റ്സുകളിലായി മത്സരിച്ചു. രണ്ടു വള്ളങ്ങള്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തി. ഒന്നാം ഹീറ്റ്സില്‍ ശ്രീ ഗണേശന്‍(വള്ളം നമ്പര്‍:15), ജവഹര്‍ തായങ്കരി(5), വെള്ളം കുളങ്ങര(7), നടുഭാഗം(17) എന്നീ ചുണ്ടനുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. രണ്ടാം ഹീറ്റ്സില്‍ പട്ടാറ ചുണ്ടന്‍(12), ആനാരി ചുണ്ടന്‍(18), കരുവാറ്റ(11), സെന്റ്.ജോര്‍ജ്ജ്(1); മൂന്നാം ഹീറ്റ്സില്‍ കാരിച്ചാല്‍(9), ചെമ്പക്കുളം(3), വലിയ ദിവാഞ്ചി(13), കല്ലൂപ്പറമ്പന്‍(2); നാലാം ഹീറ്റ്സില്‍ പായിപ്പാട്(16), ചെറുതന(4), ആലപ്പാട് ചുണ്ടന്‍(6), ആയാമ്പറമ്പു പാണ്ടി(8) എന്നിങ്ങനെയാണ് ഫിനിഷ് ചെയ്തത്. പ്രാഥമിക മത്സരങ്ങളിലെ ചില ചിത്രങ്ങളാണ് ചുവടെ.








സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
ഇരുട്ടുകുത്തി എ/ബി ഗ്രേഡുകള്‍, വെപ്പ് എ/ബി ഗ്രേഡുകള്‍, എന്നിവയുടെ പ്രാഥമിക-ഫൈനല്‍ മത്സരങ്ങളും; ചുരുളന്‍, വനിത മത്സരങ്ങളുടെ ഫൈനല്‍ എന്നിവയായിരുന്നു തുടര്‍ന്ന്. വെപ്പ് എ-ഗ്രേഡ് ഫൈനലില്‍ അമ്പലക്കടവന്‍(26, ബോട്ട് ക്ലബ്: പുന്നമട ബോട്ട് ക്ലബ്), വെങ്ങാഴി(33, എയ്ഞ്ചല്‍ സ്പോര്‍ട്ട്സ് ക്ലബ്), വേണുഗൊപാല്‍(30, എസ്.എന്‍. ബോട്ട് ക്ലബ്) എന്നീ വള്ളങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ഇരുട്ടുകുത്തി എ-ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ അമൃത് ബോട്ട് ക്ലബ് തുഴഞ്ഞ പടക്കുതിര(20) ഒന്നാമതെത്തി. തുരുത്തിത്തറ(21, കായല്പുരം ബോട്ട് ക്ലബ്) രണ്ടാമതും കരുവേലിത്തറ(22, കുട്ടനാട് ബോട്ട് ക്ലബ്) മൂന്നാമതും ഫിനിഷ് ചെയ്തു. വെപ്പ് ബി-ഗ്രേഡ് ഫൈനലില്‍ ലൂര്‍ദ് മാതാ ബോട്ട് ക്ലബ് തുഴഞ്ഞ തോട്ടുകടവന്‍(50) ഒന്നാമതായും പുന്നത്ര പുരക്കല്‍(48, ബ്രദേഴ്സ് ബോട്ട് ക്ലബ്) രണ്ടാമതായും ഫിനിഷ് ചെയ്തു. ഇരുട്ടുകുത്തി ബി-ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ സെന്റ്.സബസ്റ്റ്യന്‍ ഒന്ന്(43, പനങ്ങാട് ബോട്ട് ക്ലബ്) ഒന്നാമതായും ശ്രീഗുരുവായൂരപ്പന്‍(41, യുവജനവേദി ബോട്ട് ക്ലബ്) രണ്ടാമതായും കൊച്ചയ്യപ്പന്‍(35, ശ്രീ. അംബേദ്കര്‍ ബോട്ട് ക്ലബ്) മൂന്നാമതായും ഫിനിഷ് ചെയ്തു. വനിതകളുടെ ഫൈനലില്‍ ചെല്ലിക്കാടന്‍(56, വേമ്പനാട് ലേക്ക് വനിത ബോട്ട് ക്ലബ്), കമ്പനി വള്ളം(55, വനിത ബോട്ട് ക്ലബ്-കുട്ടമംഗലം), കാട്ടില്‍ തെക്കേതില്‍(54, സംയുക്ത സാംസ്കാരിക സമിതി) എന്നിങ്ങനെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ചുരുളന്‍ വള്ളങ്ങളുടെ ഫൈനലില്‍ കോടിമത (52, എന്‍.ഐ.എഫ്.ഇ. എസ്.ടി.ആര്‍. കോമ്പ്ലക്സ്) ഒന്നാമതായും, കുറുപ്പു പറമ്പന്‍(51, യുവഭാവന ബോട്ട് ക്ലബ്) രണ്ടാമതായും, മേലങ്ങാടന്‍(53, യൂണിവേഴ്സല്‍ കോളേജ്) മൂന്നാമതായും ഫിനിഷ് ചെയ്തു.








സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
മത്സരത്തിന്റെ ഇടവേളയില്‍ വിശിഷ്ടാതിഥികള്‍ ബോട്ടില്‍ കായലിനു ചുറ്റും സഞ്ചരിച്ച് കാണികളെ അഭിവാദ്യം ചെയ്തു. മത്സരത്തിനിടയില്‍ നാല് വള്ളങ്ങള്‍ മുങ്ങുകയുണ്ടായി. ഫയര്‍ഫോഴ്സും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. മത്സരാവസാനമായപ്പോഴേക്കും ആകാശം മേഘാവൃതമായി. കുറച്ചു മത്സരങ്ങള്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ തന്നെ പൂര്‍ത്തിയാക്കി. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ജലസാംസ്കാരിക ഘോഷയാത്രയും വള്ളംകളിയുടെ ഭാഗമായി അരങ്ങേറി.








സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
ഒടുവില്‍ കാത്തുകാത്തിരുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.. തേഡ്-ലൂസേഴ്സ് ഫൈനലില്‍ കല്ലൂപ്പറമ്പന്‍(2, ഏയ്ഞ്ചല്‍ ബോട്ട് ക്ലബ്), നടുഭാഗം(17, ഫ്രണ്ട്സ് ബോട്ട് ക്ലബ്), സെന്റ്. ജോര്‍ജ്ജ്(1, ദേശീയ വായനശാല ബോട്ട് ക്ലബ്) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. സെക്കന്റ് ലൂസേഴ്സ് ഫൈനലില്‍ വലിയദിവാഞ്ചി(13, വി വണ്‍ ബോട്ട് ക്ലബ്), കരുവാറ്റ(11, ജയശ്രീ ബോട്ട് ക്ലബ്), വെള്ളംകുളങ്ങര(7, ടൌണ്‍ ബോട്ട് ക്ലബ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. അദ്യപാദ മത്സരങ്ങളില്‍ രണ്ടാമതായെത്തിയ ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ യു.ബി.സി-കൈനകരി തുഴഞ്ഞ ചെറുതന(4) ഒന്നാമതായും, നവജീവന്‍ ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി(5) രണ്ടാമതായും, സി.ബി.സി-ചങ്ങനാശേരി തുഴഞ്ഞ അനാരി(18) മൂന്നാമതായും, സെന്റ് ജോര്‍ജ്ജ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം(3) നാലാമതായും ഫിനിഷ് ചെയ്തു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 5.6 മിനിറ്റില്‍ ഫിനിഷ് ചെയ്ത ശ്രീഗണേഷ്(15, ജീസസ് ബോട്ട് ക്ലബ്, കൊല്ലം) മൂന്നാം സ്ഥാനവും, 5.5 മിനിറ്റില്‍ ഫിനിഷ് ചെയ്ത കാരിച്ചാല്‍(9, സെന്റ്. ജോര്‍ജ് ബോട്ട് ക്ലബ്, കൊല്ലം) രണ്ടാം സ്ഥാനവും നേടി. 5.3 മിനിറ്റില്‍ ഫിനിഷ് ചെയ്ത പായിപ്പാട് ചുണ്ടനാണ്(16, കുമരകം ടൌണ്‍ ബോട്ട് ക്ലബ്, കോട്ടയം) അന്‍പത്തിയഞ്ചാമത് നെഹ്രുട്രൊഫി കരസ്ഥമാക്കിയത്. പായിപ്പാട് ചുണ്ടന് ഇത് ഹാട്രിക് വിജയം കൂടിയായി.






ആലപ്പുഴയില്‍ നിന്നുമുള്ള ബോട്ട് ക്ലബുകള്‍ തുഴഞ്ഞ ഒരു ചുണ്ടനും ഫൈനനലിലെത്തിയില്ല എന്നത് ഒരു പുതുമയായി. രണ്ടു ക്ലബുകള്‍ കൊല്ലത്തുനിന്നും, മറ്റു രണ്ടു ക്ലബുകള്‍ കോട്ടയത്തു നിന്നുമായിരുന്നു ഫൈനലില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് മന്ത്രി എം. വിജയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പായിപ്പാട് ചുണ്ടന്റെ ക്യാപ്റ്റന്‍ കുഞ്ഞുമോന്‍ മ്മേലുവള്ളില്‍ നെഹ്രുട്രോഫി ഏറ്റുവാങ്ങി. ഇനി അടുത്ത വര്‍ഷം ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച, അടുത്ത ജലമാമാങ്കത്തില്‍ വീണ്ടും മാറ്റുരയ്ക്കുവാന്‍ ഈ ചുണ്ടനുകളെത്തും. കായിക ഇനമായി അംഗീകരിച്ച വള്ളംകളിയില്‍ അടുത്ത തവണ മുതല്‍, ഒരേ വലുപ്പത്തിലുള്ള, തുഴക്കാരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളില്ലാത്ത ചുണ്ടന്‍ വള്ളങ്ങളാവും മത്സരിക്കുക.
--
ചിത്രങ്ങള്‍ പിക്കാസയില്‍ കാണുവാന്‍ ഈ ലിങ്ക് നോക്കുക: നെഹ്രുട്രോഫി ജലോത്സവം’07
Keywords: Nehru Trophy Boat Race, NTBR, Punnamada Lake, Alappuzha, August, Vallamkali, Boatrace, Jalamela
--
നെഹ്രുട്രോഫി ജലോത്സവം 2007 - ഫോട്ടോ പോസ്റ്റ്. :)
ReplyDelete--
ഞാന്‍ മിസ്സ് ചെയ്തു ഹരീ...
ReplyDeleteഅന്നും ഓഫീസ് ഉണ്ടായിരുന്നു.. ആഹ് സാരമില്ല.. റെക്കാര്‍ഡെഡ് (ഡെഡ്) ലൈവ് കണ്ടു..
ഹരീ,
ReplyDeleteഈ പോസ്റ്റ് എന്നില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു.
നല്ല വര്‍ക്ക്. നന്ദി.
നല്ല പോസ്റ്റ്.പണ്ടൊക്കെ റേഡിയോയിലും പിറ്റേന്നത്തെ പത്രത്തിലുമൊക്കെ നിന്ന് വള്ളംകളിയുടെ കമന്റ്ററി കേള്‍ക്കുമ്പോഴും വായിക്കുമ്പോഴുമുള്ള ഒരു സുഖം.നല്ല ചിത്രങ്ങളും.
ReplyDeleteഇതോന്നും കാണാല്‍ ഭാഗ്യം ഇല്ലാത്തതു കൊണ്ട് ശ്വാസം പിടിച്ചിരുന്നു വിവരണവും ചിത്രവും ആസ്വദിച്ചു. ഒരു ദിനോസോറസിന്റെ വലിപ്പത്തില്‍ നന്ദി രേഖ പെടുത്തുന്നു.
ReplyDeleteഹരീ, വളരെ നല്ല പോസ്റ്റ്.. തികച്ചും ഇന്‍ഫര്‍മേറ്റീവ്.. നന്ദി..
ReplyDeleteപിന്നെ, ചിത്രങ്ങള്‍ മനോഹരം.. ചിത്രങ്ങളില്‍ ഹരി ‘സാങ്കേതിക‘ത്തിലൂടെ പരിചയപ്പെടുത്തിയ ‘ചിത്രങ്ങളിലെ ജലമുദ്രണം‘ വളരെ മനോഹരമായി പ്രയോഗിച്ചിരിക്കുന്നതായി കാണുന്നു.
ESPN കാര് കണ്ടാ തട്ടിക്കൊണ്ട് പോകും. അവര് ഹര്‍ഷ ഭോഗ് ലെ യെ ഒരു വഴിക്കാക്കി...
ReplyDeleteഭായിക്ക് നല്ല സ്കോപ്പ് ഉണ്ട്.
നോക്കുന്നോ ഒരു കൈ...
:)
പൊട്ടന്‍
വിഷിനോട്,
ReplyDeleteഅതെങ്കിലും കണ്ടൂല്ലോ! എനിക്ക് ഈ വള്ളംകളി അത്ര താത്പര്യമൊന്നുമില്ലാത്ത ഒന്നായിരുന്നു, പ്രത്യേകിച്ച് ടി.വി.യില്‍ വരുമ്പോള്‍ കാണാറേയില്ല. പക്ഷെ, ഒരു നാലു വര്‍ഷം മുന്‍പ് ഗാലറിയില്‍ പോയിരുന്ന് കണ്ടു, അപ്പോള്‍ മുതലാണ് ശരിക്കും ഇതിന്റെ ആരാധകനായത്. എല്ലാത്തവണയും പൊവുന്നില്ല എന്നൊക്കെ വിചാരിക്കും, ഇത്തവണയും പോവണമെന്ന് കരുതിയതല്ല, പോരാത്തതിന് ആ ദിവസങ്ങളില്‍ ചെറിയ പനിയും. പക്ഷെ, പോയി... കണ്ടു... മഴ നനഞ്ഞു... പനി മാറുകയും ചെയ്തു. :)
സതീശിനോട്,
ഏതൊരു ആലപ്പുഴക്കാരനും, ഒരിക്കലെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടെങ്കില്‍, പിന്നെ മറക്കില്ല ഈ ജലമാമാങ്കം, അല്ലേ? നന്ദി. :)
തുഷാരത്തൊട്,
നമുക്ക് ഒരിക്കല്‍ നേരിട്ടു കാണാട്ടോ... :)
മയൂരയോട്,
ഇതിനൊക്കെ അത്ര ഭാഗ്യം വേണമോ, നമ്മുടെ സമയമൊന്ന് ശരിയാക്കിയാല്‍ മതി. ഇനിയിപ്പോള്‍ 2008-ല്‍ ആഗസ്റ്റ് രണ്ടാം ശനിയാഴ്ച (ആഗസ്റ്റ് 9) പ്ലാന്‍ ചെയ്തോളൂ. ഹൊ, ഈ നന്ദി കാണാന്‍ ഞാനൊരു കൊന്നത്തെങ്ങിന്റെ മണ്ടേല്‍ കേറണമല്ലോ! നന്ദീട്ടോ... :)
അഭിലാഷിനോട്,
വളരെ നന്ദി. :)
എന്റെ ഉപാസനയോട്,
അത്രയ്ക്കൊക്കെ വേണോ! സുഖിച്ചില്ലാന്നല്ല... :) വളരെ നന്ദി. :)
--
സോറി ഭായ്,
ReplyDeleteഞാന്‍ സുഖിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പറഞ്ഞതല്ല. ഭായ് തെറ്റിദ്ധരിച്ചു. ഒരിക്കല്‍ കൂടി സോറി.
:)
സുനില്‍
സുനിലിനോട്,
ReplyDeleteഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല മാഷേ, ഞാനൊരു തമാശ പറഞ്ഞതല്ലേ... :)
--
:)
ReplyDeleteസുനില്‍