Friday, March 20, 2009

പ്രിയം

Priyam - Poem by Haree.
ചില നേരത്തെ നിശ്വാസത്തില്‍
ആഴമെത്തും ചിന്തതന്‍ കിതപ്പും,
കണ്ണുകളില്‍ കനിവിന്റെ
നനുത്ത നിണച്ചാര്‍ത്തും;
കാറ്റിന്റെ സഞ്ചാരപഥങ്ങള്‍
വിരല്‍ തൊട്ടുവരുതിയിലാക്കി
യുതിര്‍ക്കും ഈണങ്ങളില്‍
പ്രണയത്തിന്‍ നിറഭേദങ്ങളും;
തന്ത്രികള്‍ ശ്രുതിചേര്‍ത്തു
മുറുക്കുമ്പോള്‍ പൊഴിയും
വിലാപങ്ങള്‍ പ്രതിധ്വനി-
ച്ചണഞ്ഞുണരും നിശബ്ദതയും;
രാത്രിയും, ചാറ്റലും, ഒറ്റമുറിവെട്ടവും,
മടുപ്പിക്കുന്നൊരീയേകാന്തതയും,
ഓര്‍മ്മകള്‍ വിരമിച്ച തീരങ്ങളും,
നീയും, നിലാവും, നിറച്ചാര്‍ത്തും,
കിനാവിന്റെ മോടിയും, മടിയും,
കടുത്തൊരെതിര്‍പ്പും, വെറുപ്പും,
കനിവില്ലാതെയുതിര്‍ക്കും വരികളും,
കളിവിളക്കും, കളിയും, കളിവാക്കും,
കൊതിതീരാതെ ചിരിക്കും ചിത്രങ്ങളും;
എല്ലാം പ്രിയമെന്നു തോന്നുമ്പോളെ-
വിടെയോ, പ്രിയേയെന്നു കേട്ടു
തിളങ്ങുന്ന മിഴികളും;
അതിനോടു ചേരുവാന്‍
കൊതിക്കും പുരികങ്ങളും,
ഓര്‍ത്തുകിടന്നു പുലരുന്ന രാത്രിയും;
പ്രിയമായതെന്നെന്നു കേട്ടാലറിയില്ല-
യെന്നൊറ്റവാക്കിലുത്തരവും,
തീരാതെയെഴുതുവാന്‍ ഒരുപാടു
നല്‍കുന്നയറിവും വെളിച്ചവും,
ഇന്നുമെനിക്കെന്നുമിവയെല്ലാം
പ്രിയമെന്നു ചൊല്ലുവാന്‍
കൊതിക്കുന്ന ഹൃദയവും,
എല്ലാം തിരിച്ചെടുത്തടക്കുവാന്‍,
മടിച്ചു മടങ്ങുന്ന വിധിയും,
പൊരുത്ത ദോഷങ്ങളും,
അങ്ങിനെ നീളുന്ന പ്രിയങ്ങളും,
ചിലയപ്രിയ സത്യങ്ങളും;
ആരുമേയല്ലന്നൊടുവില്‍
പറഞ്ഞങ്ങുപോകുവാന്‍
നേരത്തു പിടയുന്ന ഹൃദയവും,
മായ്ക്കിലും മായാത്ത വര്‍ണ്ണഭേദങ്ങളും,
കണ്ടുതീരത്ത സ്വപ്നങ്ങളും,
നേരിടാനാവാത്ത സത്യങ്ങളും;
ഒക്കെയ്ക്കുമൊടിവിലകലേക്ക്
പോവുന്ന നീ പറഞ്ഞവതന്റെ
നിലയ്ക്കാത്ത ധ്വനികളും;
പിന്നെപ്പറയുവാന്‍ നേരമെത്താ-
യ്കയാല്‍ ഇന്നേ കുറിക്കുന്നീ,
നിരര്‍ത്ഥമാം വരികളും!

Description: Priyam - A poem by Hareesh N. Nampoothiri aka Haree published in Grahanam blog.
--

12 comments:

  1. കവിതയെന്ന പേരില്‍ എന്തെങ്കിലും എഴുതുവാന്‍ വീണ്ടുമൊരു ശ്രമം... ‘പ്രിയം’.

    ReplyDelete
  2. "കളിവിളക്കും, കളിയും, കളിവാക്കും,
    കൊതിതീരാതെ ചിരിക്കും ചിത്രങ്ങളും;
    എല്ലാം പ്രിയമെന്നു തോന്നുമ്പോളെ-
    വിടെയോ, പ്രിയയെന്നു കേട്ടു
    തിളങ്ങുന്ന മിഴികളും;"


    നൊസ്റ്റാള്‍ജിക് :)
    കവിത നന്നായി ഹരീ

    ReplyDelete
  3. ഹരിയെ കവിതയിലും കൈവച്ചൊ
    സംഭവം കിടു :))

    ReplyDelete
  4. pullankuzhalinte bhaagam nannayi..avidam nalla kavitha..aa alankaram orma varunnilla..satyam brooyal priyam brooyal na brooyal satyamapriyam ennaanu.. but u managed it well ;)

    ReplyDelete
  5. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. @ ...പകല്‍കിനാവന്‍...daYdreamEr...,
    നന്ദി. :-)

    @ ശ്രീഹരി::Sreehari,
    വരികളില്‍ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു. ശ്രീഹരി വരികളെടുത്തെഴുതിയപ്പോളാണ് ശ്രദ്ധിച്ചത്. നന്ദി. :-)

    @ G.manu,
    അയ്യോട! ഇവിടെ പലപ്പോഴും കവിതയില്‍ ഇതിനുമുന്‍പും കൈവെച്ചിട്ടുണ്ട്, തിരിച്ചാരും കൈവെക്കില്ലല്ലോ, കമന്റല്ലേ വെക്കൂ എന്നുറപ്പുള്ളതുകൊണ്ട്. :-D ഏതായാലും അനുഗ്രഹീത നിമിഷകവി ഇങ്ങിനെ പറഞ്ഞല്ലോ... റൊമ്പ സന്തോഷം. :-)

    @ vani,
    Indiaheritage-ന്റെ വാക്കുകള്‍ കടമെടുത്താല്‍
    ==
    "സത്യം ബ്രൂയാല്‍ പ്രിയം ബ്രൂയാല്‍ ന ബ്രൂയാല്‍ സത്യമപ്രിയം."
    എന്നതിലെ
    'ന ബ്രൂയാല്‍ സത്യമപ്രിയം'
    എന്നതിന്‌ അപ്രിയമായ സത്യം പറയരുത്‌ എന്നല്ല അര്‍ത്ഥം
    'സത്യം അപ്രിയം ന ബ്രൂയാല്‍ '
    എന്ന്‌ അന്വയിക്കണം - അതായത്‌ സത്യത്തേ അപ്രിയമാകും വണ്ണം പറയരുത്‌ - ഒന്നു കൂടി വ്യക്തമാക്കിയാല്‍ ഏതു സത്യത്തേയും കഴിയുന്നതും പ്രിയമായ രീതിയില്‍ അവതരിപ്പിക്കണം എന്ന്‌ അര്‍ത്ഥം;
    കാരണം,
    "അപ്രിയസ്യ തു സത്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"
    അപ്രിയമായ സത്യം പറയുന്നവരും അതുചെവിക്കൊള്ളുന്നവരും വളരെ വിരളമാണ്‌.
    ==
    അപ്പോള്‍ പുല്ലാങ്കുഴലൊക്കെ ഇതില്‍ കാണാനൊക്കും അല്ലേ! :-) നന്ദി.

    @ പാവപ്പെട്ടവന്‍,
    നന്ദി. :-)
    --

    ReplyDelete
  7. lalitha sundaramaaya kavitha.

    "തിളങ്ങുന്ന മിഴികളും;
    അതിനോടു ചേരുവാന്‍
    കൊതിക്കും പുരികങ്ങളും,
    ഓര്‍ത്തുകിടന്നു പുലരുന്ന രാത്രിയും"

    othiri ishtamayi ee varikal Haree.

    oru smashayam- Haree enna vakkinte sarikkulla Artham samharikkunnavan ennaano???

    ReplyDelete
  8. @ മേരിക്കുട്ടി(Marykutty),
    നന്ദി. :-)
    ‘ഹരി’ എന്നത് നാമമായെടുത്താല്‍, വിഷ്ണു എന്ന് പ്രാഥമികമായി അര്‍ത്ഥം പറയാം. അപ്പോള്‍ ‘ഹരീ’ എന്നത്, ഹരിയെ നീട്ടി വിളിക്കുന്നു എന്നേയുള്ളൂ. (ഗോപിയെ ഗോപീ...ന്ന് നീട്ടിവിളിക്കും പോലെ...) ഇനി, ‘ഹരി’ എന്നത് ക്രിയയായെടുത്താല്‍ സംഹരിക്കുക, ആകര്‍ഷിക്കുക, ഭാഗിക്കുക എന്നൊക്കെ അര്‍ത്ഥം പറയാം. അപ്പോള്‍ ഹരീ എന്നുപറയുമ്പോള്‍ ക്രിയയ്ക്ക് കുറച്ചു കൂടി ഊന്നല്‍ നല്‍കുന്നു എന്നുമാത്രം. :-) (കളിക്കുക എന്നതിന് ഊന്നല്‍ നല്‍കി ‘ഇനി നീ കളീ...’ എന്നു പറയില്ല്ലേ? അതുപോലെ.) എന്റെ പേര് ഹരീഷ് എന്നാണേ, അതിലെ ഷ് കളഞ്ഞപ്പോള്‍ മിച്ചം വന്നത് ഹരീ, അതാണ് പ്രൊഫൈലില്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ smashayam തീര്‍ന്നല്ലോ, അല്ലേ? :-)

    @ the man to walk with,
    നന്ദി. :-)
    --

    ReplyDelete
  9. കണ്ണാ നിര്‍ത്തി നിര്‍ത്തി പറയൂ. എന്നാലല്ലെ എനിക്ക് ശ്വാസം വിടാന്‍ പറ്റു :(
    സംഭവം കൊള്ളാം. കാര്യം മനസ്സിലായി. കാണാം, കാണണം.

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--