Sunday, May 24, 2009

തിരുച്ചിയിലേക്കൊരു യാത്ര - ഭാഗം ഒന്ന്

A trip to Trichy - A photo travelogue by Haree.
യാത്രകള്‍ ഇഷ്ടമാണെങ്കിലും പലപ്പോഴും സമയവും സാഹചര്യവും ഒത്തുവരാറില്ല. അങ്ങിനെയിരിക്കെയാണ് കഴിഞ്ഞ വാരം തിരുച്ചിറപ്പള്ളി അഥവാ തിരുച്ചി(Trichy)യിലേക്കൊരു യാത്ര സാധ്യമായത്. കൂട്ടത്തില്‍ ശ്രീരംഗം, തഞ്ചാവൂര്‍, തിരുവയ്യാറ്‌, കല്ലണ, കൊടൈക്കനാല്‍ തുടങ്ങിയ ഇടങ്ങളും സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. തമിഴ്‌നാട്ടിലെ പട്ടണങ്ങളില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമാണ് തിരുച്ചിക്കുള്ളത്. കാവേരി നദിയുടെ ഓരത്തോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ തന്നെ, തമിഴ്‌നാട്ടിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പച്ചപ്പുനിറഞ്ഞ ഭൂപ്രദേശമാണ് ഇവിടുത്തേത്. ചൂടും അല്പം കുറവുണ്ട്. എറണാകുളത്തു നിന്നുമുള്ള 6866 നമ്പര്‍ തിരുച്ചി എക്സ്‌പ്രസിലായിരുന്നു അങ്ങോട്ടുള്ള യാത്ര. ഒരു മണിക്കൂറോളം വൈകി തിരുച്ചി ഫോര്‍ട്ട് റയില്‍‌വേസ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ സമയം രാവിലെ ഒന്‍പത് മണി.

 ശ്രീരംഗനാഥസ്വാമി ക്ഷേത്രം

ഭക്ഷണവും വിശ്രമവുമൊക്കെ കഴിഞ്ഞ് വൈകുന്നേരം ഏറ്റവും അടുത്തുള്ള ശ്രീരംഗനാഥസ്വാമി ക്ഷേത്രം കാണുവാനായി തിരിച്ചു. ലോകത്താകമാനമുള്ള പ്രവര്‍ത്തനക്ഷമമായ ഹൈന്ദവക്ഷേത്രങ്ങളെടുത്താല്‍ ഏറ്റവും വലുപ്പം ഈ വൈഷ്ണവ ക്ഷേത്രത്തിനത്രേ! ശ്രീകോവിലിനെ ചുറ്റി ഏഴു മതിലുകളാണ് ഈ ക്ഷേത്രത്തിനുള്ളത്. ഇതില്‍ ആദ്യ അഞ്ചു മതിലുകള്‍ക്കും നാലുവശവും ഗോപുരങ്ങളുണ്ട്. ഉള്ളില്‍ നിന്നും രണ്ടാമത്തേതിന് ഒരു ഗോപുരം, പിന്നീട് ശ്രീകോവിലിന്റെ പുറംഭിത്തി, അതിനു ഗോപുരങ്ങളില്ല. അങ്ങിനെ ഇരുപത്തിയൊന്നു ഗോപുരങ്ങളുള്ള ഈ ക്ഷേത്രസമുച്ചയത്തില്‍, ഏറ്റവും പുറത്തുള്ള മതില്‍കെട്ടിന്റെ മുന്‍ഭാഗമുള്ള ഗോപുരമാണ് ഏറ്റവും വലുത്. മൂന്നു മതില്‍ക്കെട്ടുവരെ വാഹനങ്ങള്‍ക്കു വരെ പ്രവേശനമുള്ള സാധാരണ നിരത്തുകളാണ്. നാലാമത്തേതു മുതലാണ് ക്ഷേത്രത്തിന്റേതെന്നു പറയാവുന്ന അന്തരീക്ഷമുള്ളത്.


 തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം

രണ്ടാം ദിവസം പുലര്‍ച്ചെ പ്രസിദ്ധമായ തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലേക്ക് യാത്രയാരംഭിച്ചു. ഏതാണ്ട് അന്‍പത്തിനാല് കിലോമീറ്ററോളം ദൂരമുണ്ട് തിരുച്ചിയില്‍ നിന്നും തഞ്ചാവൂരിലെത്തുവാന്‍. 985 മുതല്‍ 1014 വരെ തമിഴ്‌നാട് ഉള്‍പ്പെടുന്ന ചോളസാമ്രാജ്യം ഭരിച്ച രാജരാജ ചോളനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ ഉത്തരവിട്ടത്. ഇത്രയും ബ്രഹൃത്തായ ഒരു ക്ഷേത്രസമുച്ചയം പൂര്‍ണമായും കല്ലില്‍ നിര്‍മ്മിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ തന്റെ ശക്തിയും പ്രതാപവും വെളിവാക്കുക എന്നൊരു ലക്ഷ്യത്തിനുവേണ്ടി രാജരാജ ചോളന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. കഠിനമായ ശിക്ഷാവിധികളോടെ, നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിച്ച് ധാരാളം പേരെ കുരുതി നല്‍കിയാണ് ക്ഷേത്രം പൂര്‍ത്തിയാക്കിയത്. അതിനാല്‍ തന്നെ ഇവിടെ പ്രാര്‍ത്ഥന ചെയ്താല്‍ ഫലപ്രാപ്തിയുണ്ടാവുകയില്ല എന്നൊരു വിശ്വാസവും പ്രബലമായുണ്ട്. ഇപ്രകാരമുള്ള അമ്പലത്തിന്റെ ദോഷങ്ങള്‍ മാറുവാനായി രാജരാജ ചോളന്‍ പ്രതിഷ്ഠിച്ച ആയിരത്തിയെട്ട് ശിവലിംഗങ്ങള്‍ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നുള്ള ഇടനാഴികളില്‍ കാണാം.


ഒറ്റക്കല്ലില്‍ തീര്‍ത്ത നിരവധി വലിയ കെട്ടുകള്‍ ക്ഷേത്രത്തില്‍ സുലഭമായി കാണാം. രണ്ട് കവാടങ്ങള്‍ പിന്നിട്ടുവേണം പ്രധാന അങ്കണത്തിലെത്തുവാന്‍. പ്രതിഷ്ഠയായ ശിവനെ അഭിമുഖീകരിച്ചിരിക്കുന്ന നന്ദികേശ്വരന്റെ ഒറ്റക്കല്ലില്‍ കൊത്തിയ ശില്പമാണ് ആദ്യം കണ്ണില്‍‌പെടുക. മേല്‍ക്കൂരയില്‍ ചിത്രപ്പണികളോടു കൂടിയ ഒരു കല്‍‌മണ്ഡപത്തിലാണ് നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഏതാണ്ട് 70 മീറ്ററോളം പൊക്കമുണ്ട് പ്രധാന ശ്രീകോവിലിന്റെ താഴികക്കുടം സ്ഥിതി ചെയ്യുന്ന ഗോപുരത്തിന്. ഉള്ളിലെ ശിവന്റെ പ്രതിഷ്ഠയുടെ വലിപ്പവും വിസ്മയിപ്പിക്കുന്നതാണ്.


പ്രധാന ശ്രീകോവിലിനു ചുറ്റും വിശാലമായ നടപ്പാത കാണാവുന്നതാണ്. കരിങ്കല്‍ പാളികളാലാണ് നടപ്പാതയുടെ തറ പാകിയിരിക്കുന്നത്. വെയില്‍ കഠിനമാവുമ്പോള്‍ ചുട്ടുപഴുത്തുകിടക്കുന്ന ഇവയില്‍ ചവുട്ടി നടക്കുക ദുഷ്‌കരമാണ്. പുറം ചുമരിനോട് ചേര്‍ന്ന് പൂര്‍ണമായും കല്ലില്‍ തീര്‍ത്ത ഇടനാഴിയും കാണാം. ഈ ഇടനാഴികളിലാണ് ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചുവരുകളില്‍ ചുവര്‍ച്ചിത്രങ്ങള്‍ അലേഖനം ചെയ്തിട്ടുമുണ്ട്. പ്രധാന ശ്രീകോവിലിന്റെ വശത്തായി ദക്ഷിണാമൂര്‍ത്തിയേയും, പ്രത്യേകം കോവിലുകളില്‍ ഗണപതി, സുബ്രഹ്മണ്യന്‍, രാജരാജേശ്വരി എന്നിവരേയും പ്രതിഷ്ഠിച്ചിരിക്കുന്നു.തഞ്ചാവൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം അടുത്തൊരു ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണവും കഴിച്ച് നേരേ പോയത് തിരുവയ്യാറിലേക്കാണ്. ത്യാഗരാജസംഗീതോത്സവത്തിലൂടെ ഇവിടം ലോകപ്രശസ്തമാണ്. തുടര്‍ന്നുള്ള യാത്രയുടെ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.

അനുബന്ധം:
1. Thiruchirapalli - Wikipedia
2. Sri Ranganathaswamy Temple (Srirangam) - Wikipedia
3. Thanjavur - Wikipedia
4. Brihadeeswarar Temple - Wikipedia

Description: A trip to Trichy (Thiruchi, Thiruchirappally, Thiruchirapalli) - A Travelogue. First day: SreeRanganathaSwamy Temple, Sreerangam: Sculpture, Interior, Corridor, Towers; Second day: Thanjavur Brahideeswara Temple: Towers, Main Shrine, Nandiswaran, Sculpture, Shrine of Subrahmanian, Corridor, Temple Courtyard; Thiruvaiyaru, Kallana Dam; Third Day: Amsapuram, Silver Cascade Falls, KodaiKanal, Coker's Walk, Bryant Park, Botanical Garden, Forth Day: Rock Fort Temple. A travelogue by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. May 2009. Photography by Haree and Sree.
--

11 comments:

 1. തിരുച്ചി യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമായി ഒരു പോസ്റ്റ്.
  --

  ReplyDelete
 2. ഹരീ,
  നന്നായി.വർഷങ്ങൾക്കു മുൻപ് പോയതാണ്.എല്ലാമൊന്ന് ഓർമ്മിക്കാനായി.

  ReplyDelete
 3. അതെ പണ്ട് കണ്ടു മറന്നതാണ്.. ഇപ്പോള്‍ കാണുമ്പൊള്‍... ഒരു പ്രതേക സന്തോഷം....നന്നായിട്ടോ ഹരീ

  ReplyDelete
 4. യാത്രാവിവരണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.. :)ഞാനും പണ്ട് പോയതാ.. ഒരു ഓർമ്മ പുതുക്കലാവട്ടെ :)

  ReplyDelete
 5. നന്നായിട്ടുണ്ട്..
  ഫോട്ടോകള്‍ വലുതല്ല എന്ന പോരായ്മ മാത്രം ...

  ReplyDelete
 6. കൊള്ളാം ഹരീ...

  ഇവിടെ പോയതായി ഓർക്കുന്നേയില്ല.. അടുത്ത തവണ ആവട്ടെ...

  ReplyDelete
 7. ഹരീ, തിരുച്ചി യാത്രാ വിശേഷങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്.

  ReplyDelete
 8. @ വികടശിരോമണി,
  എവിടെയൊക്കെ പോയിരുന്നു അന്ന്? നന്ദി. :-)

  @ കണ്ണനുണ്ണി,
  :-) നന്ദി.

  @ നന്ദന്‍,
  എന്നു പോയി? ഇനി രണ്ടാളും കൂടി ഒന്നു കൂടി പോയി വരൂ... :-)

  @ hAnLLaLaTh,
  ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. അത്രയും വലിപ്പം പോരേ? നന്ദി. :-)

  @ cALviN::കാല്‍‌വിന്‍,
  പോവാത്തതുകൊണ്ടാവും ഓര്‍ക്കാത്തത്. അല്ലാതെ തഞ്ചാവൂര്‍ കണ്ടാല്‍ മറന്നു പോകുമോ? :-)

  @ പി.സി. പ്രദീപ്‌,
  നന്ദി. :-) (പി.സി. ഇനീഷ്യല്‍ തന്നെ? (-:)

  @ പ്രിയ ഉണ്ണികൃഷ്ണന്‍, നിഷ്കളങ്കന്‍,
  വായനയ്ക്കും കമന്റിനും നന്ദി. :-)

  തിരുച്ചിയാത്രയുടെ വിശേഷങ്ങളുടെ അടുത്ത ഭാഗം ഇവിടെ.
  --

  ReplyDelete
 9. എടാ , എനിക്ക് തഞജാവൂര്‍ പോയാല്‍ കൊള്ളാമെന്നുണ്ട് . എത്ര ദിവസം വേണ്ടിവരും ? എപ്പോള്‍ ആണു ബസ്സ് യാത്രയാരംഭിക്കുന്നത്? അതുപോലെ എപ്പോ തിരികെ എത്താന്‍ പറ്റും , തഞ്ജാവൂര്‍ മാ​ത്രമേ പോകുന്നുള്ളൂ എങ്കില്‍.

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--