Monday, November 30, 2009

മൈ കമന്റ്സ് - ഓര്‍മകളുടെ പുതപ്പ്

My Comments - My comment on Mammootty's Blog.
ഓരോ ബ്ലോഗും പരിപാലിക്കുവാനുള്ള പൂര്‍ണമായ അവകാശം അതാത് ബ്ലോഗ് ഉടമകള്‍ക്കാണല്ലോ! അങ്ങിനെ വരുമ്പോള്‍ അവയിലിടുന്ന കമന്റുകള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ പലപ്പോഴും വെളിച്ചം കാണാറില്ല. അങ്ങിനെ വരുന്ന കമന്റുകള്‍ ഇവിടെ ‘മൈ കമന്റ്സ്’ എന്ന പേരില്‍ ഇവിടെ തന്നെ പ്രസിദ്ധപ്പെടുത്താമെന്നു കരുതുന്നു. ആദ്യമായി ശ്രീ. മമ്മൂട്ടിയുടെ ‘സ്നേഹപൂര്‍വ്വം മമ്മൂട്ടി’ എന്ന ബ്ലോഗില്‍ ‘ഓര്‍മകളുടെ പുതപ്പ്’ എന്ന പോസ്റ്റിന് ഞാനിട്ട കമന്റ് അവിടെ പ്രസിദ്ധീകൃതമാവാത്തതിനാല്‍ ഇവിടെ ചേര്‍ക്കുന്നു. പോസ്റ്റ് വായിച്ചിട്ടില്ലാത്തവര്‍ പോസ്റ്റ് വായിച്ചതിനു ശേഷം കമന്റിലേക്കെത്തുവാന്‍ താത്പര്യപ്പെടുന്നു.

‘സുബ്രഹ്മണ്യപുര’വും ‘പരുത്തിവീരനും’ ഉണ്ടാവുന്നില്ല എന്നു പറയുമ്പോള്‍; അതേ പോലെയുള്ള ചിത്രങ്ങള്‍ ഇവിടെ വേണമെന്നല്ലല്ലോ ഉദ്ദേശിക്കുന്നത്. വ്യത്യസ്തങ്ങളായ പ്രമേയങ്ങളും പുതിയ പരീക്ഷണങ്ങളും ധൈര്യപൂര്‍വ്വം ചെയ്യുവാന്‍ മലയാളസിനിമ പ്രവര്‍ത്തകര്‍ തയ്യാറാവണം എന്നാണ് ഉദ്ദേശിക്കുന്നത്. പക്ഷെ, ‘ആരാധകര്‍’ക്കു വേണ്ടി ചെറിയ ഇന്‍പുട്ടില്‍ (ക്രിയേറ്റീവ് ഇന്‍പുട്ട്) മാക്സിമം പ്രോഫിറ്റ് മാത്രം ലക്ഷ്യം വെച്ചുള്ളവയാണ് ഇന്നിറങ്ങുന്ന ഭൂരിഭാഗം മലയാളം ചിത്രങ്ങളും. അതല്ലാതെയുള്ള സമാന്തര ചിത്രങ്ങളാവട്ടെ മാറ്റങ്ങള്‍ക്കു കൂട്ടാക്കാതെ അനങ്ങാത്ത ഫ്രയിമും മിണ്ടാത്ത കഥാപാത്രങ്ങളുമൊക്കെയായി ‘അവാര്‍ഡ്’ പടമെന്ന സങ്കല്പത്തില്‍ ഒതുങ്ങി പോവുകയും ചെയ്യുന്നു. വ്യാവസായികമായി പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ടെങ്കിലും, നാളെയൊരു കാലത്ത് ഓര്‍ത്തുവെയ്ക്കുവാന്‍ തക്കവണ്ണം എത്ര ചിത്രങ്ങള്‍ മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറങ്ങിയിട്ടുണ്ട് എന്നൊന്ന് ചിന്തിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാവും.

ഇതിനൊരു മറുവശവുമുണ്ട്. ഈ ഗണത്തില്‍ പെടാതെയുള്ള ചില ചിത്രങ്ങള്‍ക്ക് കാഴ്ചക്കാരെ കിട്ടുന്നില്ല. ‘കയ്യൊപ്പ്’ എന്ന ചിത്രം ഒരു ഉദാഹരണം. അതിന്റെയൊടുക്കത്തിലുണ്ടാവുന്ന ഇം‌പാക്ട് ഒരു നായകനും എത്ര തൊണ്ടകീറിയാലും, എത്ര ഇഫക്ടുകളുടെ സഹായത്തോടെ ആക്ഷനുകള്‍ കാട്ടിയാലും ഉണ്ടാവില്ല. പക്ഷെ, സൂപ്പര്‍ഹീറോയല്ലാത്ത മമ്മൂട്ടിയെ കാണാന്‍ പ്രേക്ഷകരില്ല. ഈ തരത്തില്‍ മലയാളിയുടെ ആസ്വാദനശീലത്തെ തിരിച്ചുവിട്ടതിന്റെ പഴിയും സിനിമാപ്രവര്‍ത്തകര്‍ക്കു തന്നെയാണ്. രണ്ടു മണിക്കൂര്‍ കണ്ടു മറക്കുവാനുള്ള ഒരു വിനോദം; ഇതിനപ്പുറമൊരു ചിന്ത ഭൂരിഭാഗം മലയാളികള്‍ക്കുമില്ല. അതങ്ങിനെയല്ല, സിനിമയ്ക്ക് മറ്റു ഭാവങ്ങളുമുണ്ട് എന്നൊന്നു കാട്ടി ഒരു പുതിയ ആസ്വാദനശീലം ഉണ്ടാക്കുവാനുള്ള ശ്രമം സിനിമാക്കാരുടെ ഭാഗത്തുമില്ല. ‘ട്വന്റി 20’ ഒരു നല്ല ഉദാഹരണമാണ്. ഇത്രയധികം കലാകാരന്മാരുടെ സര്‍ഗശേഷി ഒരുമിപ്പിച്ച ആ ചിത്രം അവശേഷിപ്പിക്കുന്നതെന്താണ്? ഭാവിയില്‍, മലയാളസിനിമയെ ഗൌരവപൂര്‍വ്വം വീക്ഷിക്കുന്ന ഒരാളും അതിനെയൊന്നു ഗൌനിക്കുക പോലുമില്ല.

“വെണ്ണിലാകബടിക്കൂട്ടം പോലൊരു കഥ മലപ്പുറത്തെ സെവന്‍സ്‌ ഫുട്ബോളിന്റെ പശ്ചാത്തലത്തിലും ആലോചിച്ചുകൂടായിരുന്നോ?” - സൂപ്പര്‍ സ്റ്റാറുകളല്ല വെണ്ണിലാകബടിക്കൂട്ടത്തില്‍ അഭിനയിച്ചിരിക്കുന്നത്. നായകന്‍ സൂപ്പര്‍ ഹീറോയുമല്ല. അങ്ങിനെയൊരു ചിത്രം ചെയ്യുവാന്‍ ഇവിടെ ഏതു ഹീറോ തയ്യാറാവും? പലപ്പോഴും കേട്ടിട്ടുള്ള ആരോപണമാണ്; സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ ഇഷ്ടത്തിന്, ആരാധകരുടെയും ഇമേജിന്റെയും പേരുപറഞ്ഞ് കഥ മാറ്റുന്നുവെന്ന്. അതിനെക്കുറിച്ച്? ലോഹിതദാസിന്റെ കഥയില്‍ സമീപകാലത്ത് താങ്കളോ മോഹന്‍‌ലാലോ അഭിനയിച്ച ചിത്രങ്ങള്‍ ഉണ്ടാവാത്തതിനു കാരണവും ഇതാണ് എന്നാണ് ഒരു സാധാരണക്കാരനെന്ന നിലയില്‍ ഞാന്‍ കേട്ടും വായിച്ചും അറിയുന്നത്. (സൂപ്പര്‍സ്റ്റാറുകള്‍, മലയാളത്തിലെ മുന്‍‌നിര നായകര്‍ എന്നിങ്ങനെ പേരുവെയ്ക്കാതെയേ പറഞ്ഞു കേട്ടിട്ടുള്ളൂ...)

മറ്റൊന്നുള്ളത്, സിനിമയെന്നാല്‍ ഫാമിലി ഡ്രാമ അല്ലെങ്കില്‍ ആക്ഷന്, അതുമല്ലെങ്കില്‍ കോമഡി‍; ഇത്രയുമൊക്കെയേ മലയാളസിനിമയില്‍ കാണുവാനുള്ളൂ... ത്രില്ലറുകള്‍, സൈക്കോ മൂവികള്‍, ഹൊറര്‍ ചിത്രങ്ങള്‍, കുറ്റാന്വേഷണ ചിത്രങ്ങള്‍... ഈ വിഭാഗങ്ങളിലൊക്കെ നല്ല നല്ല പരീക്ഷണങ്ങള്‍ ഉണ്ടായെങ്കില്‍ എന്നാഗ്രഹിക്കുന്നു. (ഇപ്പോള്‍ ഈ പേരിലിറങ്ങുന്നവയും കോമഡിയായാണ് തോന്നാറുള്ളത്! ഒരു അപവാദം അടുത്തിറങ്ങിയ ‘പാസഞ്ചര്‍’ എന്ന ചിത്രമാണ്.)

ഓണത്തെക്കുറിച്ച് കാര്യമായൊന്നും എഴുതിയില്ലല്ലോ... പറഞ്ഞുവന്നപ്പോള്‍ സിനിമയെക്കുറിച്ചായി... താങ്കള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

ഓഫ്: അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുമല്ലോ...
“...നാനിങനെ ആലോചിക്കുകയാണ്.” എന്നൊക്കെ കാണുമ്പോള്‍ വായനയുടെ ഗൌരവം കുറയുന്നു.
--

6 comments:

  1. യോജിക്കുന്ന മറ്റൊരു പോസ്റ്റ്. എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗില്‍ നിന്നും.

    ReplyDelete
  2. അവിടെയിപ്പോള്‍ കമന്റുകളൊന്നും സ്വീകാര്യമല്ല....

    ReplyDelete
  3. മിക്കവാറും ഇതു കണ്ട് മമ്മൂട്ടി പേടിച്ചു കാണും! അതു കൊണ്ടാണ് കമന്റ് സ്വീകരിക്കാഞ്ഞത് :)

    പക്ഷേ, കാര്യം പറയണമല്ലോ.. മലയാള സിനിമിയുടെ പോക്കിനെ കുറിച്ച്‌ വ്യക്തമായ ധാരണയുള്ള കമന്റ് (പോസ്റ്റ്‌) :)

    ReplyDelete
  4. comment poyittu post polum avide kaanunnilla

    ReplyDelete
  5. :))

    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--