
ചില നേരങ്ങളില്‍ മാത്രം ഗ്രഹണം വിട്ട് പുറത്തുവരുന്ന ചിന്തകള്‍... അത് കഥയാവാം, കവിതയാവാം അല്ലെങ്കില്‍ ലേഖനങ്ങളാവാം...
Showing posts with label News. Show all posts
Showing posts with label News. Show all posts
Friday, November 6, 2009
കലാമണ്ഡലം അവാര്‍ഡുകള്‍ (Kalamandalam-Awards-2008)

Sunday, September 13, 2009
‘തൗര്യത്രികം’ പുറത്തിറങ്ങുന്നു (Thouryathrikam Documentary Release)

| പ്രകാശനം | |
പരിചയമുള്ള ഏവരേയും വിവിധ മാര്‍ഗങ്ങളിലൂടെ വ്യക്തിപരമായി അറിയിക്കുവാന്‍ കഴിയുന്നത്രയും ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. ഏവരേയും പ്രസ്തുത ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.
| ഡോക്യുമെന്ററി | |
| ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. | |
1. സി.ഡി. - റോം (മലയാളം) - വില Rs. 149/-
കമ്പ്യൂട്ടറില്‍ സി.ഡി. ഡ്രൈവ് മാത്രം ലഭ്യമായ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. 160-നു മേല്‍ ചിത്രങ്ങളും 82 മിനിറ്റ് വീഡിയോയും സി.ഡി.-റോം പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 576 x 424 വലുപ്പത്തില്‍, 750 kbps വീഡിയോ - 128 kbps ആഡിയോ ബിറ്റ് റേറ്റുകളില്‍ FLV ഫോര്‍മാറ്റിലാണ് വീഡിയോകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 1024 x 768 @ 16 ബിറ്റ് കളര്‍ അല്ലെങ്കില്‍ അതിനു മുകളില്‍ ലഭ്യമായ കമ്പ്യൂട്ടറുകളാണ് ഈ സി.ഡി. പ്രവര്‍ത്തിപ്പിക്കുവാന്‍ അനുയോജ്യം. ഉള്ളടക്കം ശരിയായി ദൃശ്യമാക്കുവാന്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കുകയും വേണം.
2. ഡി.വി.ഡി. - റോം (മലയാളം) - വില Rs. 299/-
ഉയര്‍ന്ന നിലവാരത്തില്‍, കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഉള്ളടക്കങ്ങളില്‍ വ്യത്യാസമില്ല. 290-നു മേല്‍ ദൈര്‍ഘ്യം ഡി.വി.ഡിയിലെ വീഡിയോ ഫയലുകള്‍ക്കെല്ലാം കൂടിയുണ്ട്. 720 x 524 വലുപ്പത്തില്‍, 1700 kbps വീഡിയോ - 160 kbps ആഡിയോ ബിറ്റ് റേറ്റുകളില്‍ FLV ഫോര്‍മാറ്റിലാണ് വീഡിയോകള്‍ ലഭ്യമാക്കിയിരിക്കുന്നത്. കഥാഭാഗങ്ങളുടെ വീഡിയോകള്‍ക്ക് 2000 kbps വീഡിയോ ബിറ്റ് റേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
3. ഡി.വി.ഡി. - റോം (ഇംഗ്ലീഷ്) - വില Rs. 399/-
വിദേശീയരായ കഥകളി ആസ്വാദകരെ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രീമിയം പതിപ്പ്. വീഡിയോ സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പടെ, ഉള്ളടക്കം പൂര്‍ണമായും ഇംഗ്ലീഷിലാണ്. അരങ്ങുകളില്‍ സാധാരണയായി അവതരിപ്പിക്കുന്ന കഥകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കൈപ്പുസ്തകവും, പോസ്റ്റ് കാര്‍ഡ് വലുപ്പത്തില്‍ പ്രിന്റ് ചെയ്ത ചില തിരഞ്ഞെടുത്ത ചിത്രങ്ങളും കൂടുതലായി പ്രീമിയം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കും.
ചില സാങ്കേതിക കാരണങ്ങളാല്‍ ഡോക്യുമെന്ററിയുടെ വി.സി.ഡി. പതിപ്പ് മാത്രമാവും പ്രകാശനത്തിനു ശേഷം ലഭ്യമാവുക. രണ്ടാഴ്ചയ്ക്കകം ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. പതിപ്പുകളും വിപണിയില്‍ ലഭ്യമാവും. പ്രകാശനദിനത്തില്‍ വി.സി.ഡി. വാങ്ങുന്നവര്‍ക്കും, മുന്‍കൂര്‍ പണമടച്ച് ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്കും (സി.ഡി./ഡി.വി.ഡി. വിപണിയില്‍ ലഭ്യമാവുന്നതിനു മുന്‍പ് ഓണ്‍ലൈനായി ബുക്ക് ചെയ്യുവാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെപ്റ്റംബര്‍ 15-നു ശേഷം ഇവിടം സന്ദര്‍ശിക്കുക.) വിലയില്‍ 20% ഇളവ് ഉണ്ടായിരിക്കുന്നതാണ്.
‘തൗര്യത്രികം’ എന്ന സംരംഭം ഒരു വിജയമാക്കുവാനായി ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Thouryathrikam - NEWNMEDIA™
Description: 'Thouryathrikam' - Learn to Enjoy Kathakali. A Documentary & Media Production on Kathakali. Directed by Hareesh N. Nampoothiri aka Haree; Written by Toji and Haree; Produced by Gokul Govind, Chazhikkunnathu Productions; Marketed by Compu-Needs. DVD Launch by Sri. M.A. Baby (Education & Cultural Minister, Kerala State); Documentary Release by Sri. G. Venugopal (Playback Singer); Sri. Madavoor Vasudevan Nair will be the chief guest for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. August 29, 2009. Brochure/Logo Design by Haree.
--
Saturday, August 29, 2009
ദൃശ്യം@അനന്തപുരി (Drisyam Photo Exhibition)

| കേരളാക്ലിക്ക്സ് | |
| ദൃശ്യം | |
| ദൃശ്യം @ അനന്തപുരി | |
ഉദ്ഘാടനം: ശ്രീ. ഷാജി എന്‍. കരുണ്‍
വിശിഷ്ടാതിഥികള്‍: ശ്രീ. കാനായി കുഞ്ഞിരാമന്‍, ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍
തീയതി: ആഗസ്റ്റ് 30, 2009
സമയം: രാവിലെ 11.00 മണി
സ്ഥലം: മ്യൂസിയം ആഡിറ്റോറിയം, തിരുവനന്തപുരം
ഏവര്‍ക്കും സ്വാഗതം...
കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Drisyam@ananthapuri at Museum Auditorium, TVPM, Kerala
2. KeralaClicks Home
Description: Drisyam@ananthapuri (Drisyam @ Ananthapuri) - A photography exhibition organized by KeralaClicks - A Flickr group; comprising of Keralites and non-Keralites, our aim is to understand Kerala and share our thoughts on its rich natural beauty, history, culture, art and literature through the medium of photography. Drisyam@ananthapuri will showcase more than 125 exhibits from over a hundred photographers, across various photo categories,
from 30th Aug to 1st Sep, 2009 at Museum Auditorium, Thiruvananthapuram, Kerala. The event is being inaugurated by internationally acclaimed Film Director and Cinematographer Sri. Shaji N. Karun on 30th Aug, 2009 at 11.00 AM. Renowned sculptor Sri. Kanayi Kunhiraman (former Chairman, Lalit Kala Academy) and the Director of Centre for Bioinformatics, University of Kerala Dr. Achuthsankar S. Nair (former Director, C-DIT) will be the distinguished guests for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. August 29, 2009. Brochure/Logo Design by Haree.
--
Thursday, July 2, 2009
കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി (Kottackal Parameswaran Namboothiri)


“അദ്യാപി ഭവല്‍കൃപ, വിദ്യോതമാനമാകും,
പാദ്യാതി ഏല്‍പ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം,
ചൈദ്യാരെ ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ...” - അദ്ദേഹം ചൊല്ലിത്തന്ന പദം ഇപ്പോഴും എന്റെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഒരുപക്ഷെ, കലോപാസകനായി അവസാനകാലം വരെ തുടരുവാന്‍ സാധിക്കുക എന്നതിനപ്പുറമൊന്നും അദ്ദേഹം ഈ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നിരിക്കില്ല. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. തിരുവനന്തപുരത്ത് ദൃശ്യവേദി ജനുവരിയില്‍ അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥകളിയരങ്ങിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കേള്‍ക്കുവാനായത്. കോട്ടക്കല്‍ മധുവാണ് അന്ന് കൂടെപ്പാടുവാനുണ്ടായിരുന്നത്. ഓര്‍മ്മക്കുറവ് കാരണമായി ചില പിശകുകള്‍ സംഭവിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍, ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല.

പലപ്പോഴും മരണാനന്തര ബഹുമതിയായി മാത്രമേ കഥകളി കലാകാരന്മാര്‍ക്ക് ആസ്വാദകമനസുകളില്‍ പോലും സ്ഥാനം ലഭിക്കാറുള്ളൂ എന്നത് ദുഃഖകരമായ ഒരു സത്യമാണ്. അത്തരമൊരു ദൌര്‍ഭാഗ്യത്തില്‍ നിന്നും പരമേശ്വരന്‍ നമ്പൂതിരിയും മുക്തനല്ലെന്നു വേണം പറയുവാന്‍. അദ്ദേഹത്തെ കേട്ടിട്ടുള്ള, അദ്ദേഹത്തെക്കുറിച്ചറിവുള്ള എത്ര കഥകളി ആസ്വാദകര്‍ ഇന്നുണ്ടാവുമെന്നതും സംശയമാണ്. കഥകളിയില്‍ വേഷത്തിനുള്ള മേല്‍ക്കൊയ്മ അംഗീകരിച്ചുകോണ്ട്, കഥയ്ക്കും കഥാപാത്രത്തിനുമിണങ്ങുന്ന രീതിയില്‍ പിന്നണിയില്‍ ഒതുങ്ങി നിന്നു പാടുക എന്ന തന്റെ കര്‍മ്മം ഭംഗിയായി നിര്‍വ്വഹിച്ചു വന്ന അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോയതിലും അത്ഭുതമില്ല. എന്നാല്‍ ഒരിക്കല്‍ കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തേയും വിസ്മരിക്കുകയില്ലെന്നും നിസംശയം പറയാം. അടുത്തറിയാവുന്നവര്‍ ‘കൊച്ചേട്ടനെ’ന്നു വിളിച്ച അദ്ദേഹം ഇന്ന് തന്റെ സംഗീതം അവര്‍ക്കായി ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്‍പില്‍ ഈ എളിയ ആസ്വാദകന്റെ സ്മരണാഞ്ജലികള്‍...
അനുബന്ധം:
1. Kottackal Parameswaran Namboothiri - CyberKerala
Description: Kottackal Parameswaran Namboothiri, Kathakali singer passed away on July 01, 2009. A tribute to the great singer by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. July 2009. Photography by Haree.
--
Thursday, January 22, 2009
തൗര്യത്രികം - ഡോക്യുമെന്ററി (Thouryathrikam - A documentary on Kathakali.)

കഥകളിയിലെ വാദ്യത്തോടോ, സംഗീതത്തോടോ, വേഷഭംഗിയോടോ ഒക്കെ താത്പര്യം തോന്നി കഥകളിയെ കൌതുകപൂര്‍വ്വം വീക്ഷിക്കുന്നവര്‍ കുറവല്ല. എന്നാല്‍ അവരാരും അരങ്ങിനു മുന്നിലിരുന്ന് കഥകളി കാണുവാന്‍ ഉത്സാഹിക്കാറില്ല. കാരണം മറ്റൊന്നുമല്ല, കഥകളിയുടെ രംഗഭാഷ അവര്‍ക്ക് വശമില്ല. സിനിമയോ, സംഗീതമോ, നാടകമോ പോലെ വേദിയ്ക്കുമുന്നില്‍ വെറുതേ വന്നിരുന്ന് ആസ്വദിച്ചു തുടങ്ങുവാന്‍ സാധിക്കുന്ന ഒരു കലയല്ല കഥകളി. അല്പം പ്രയത്നം ആസ്വാദകന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. കഥകളിയെ കൌതുകത്തോടെ നോക്കിക്കാണുന്ന, കഥകളി ആസ്വദിക്കണമെന്ന് താത്പര്യപ്പെടുന്ന സാധാരണക്കാരനെ, കഥകളി ആവശ്യപ്പെടുന്ന പ്രയത്നം കഴിവതും ലഘൂകരിച്ച് ആസ്വാദനത്തിനു പ്രാപ്തനാക്കുക എന്നതാണ് ‘തൗര്യത്രികം’ എന്ന ഈ ഡോക്യുമെന്ററിയിലൂടെ ഉദ്ദേശിക്കുന്നത്.
കഥകളി ഒരു ബാലികേറാമലയാണെന്ന ധാരണ ഒഴിവാക്കുവാന്‍ തക്കവണ്ണമാണ് ഈ ഡൊക്യുമെന്ററി വിഭാവനം ചെയ്തിരിക്കുന്നത്. ഒരു വ്യക്തിക്ക് ഇംഗ്ലീഷ് സാഹിത്യം വായിച്ച് ആസ്വദിക്കണമെന്നുണ്ടെങ്കില്‍ അയാളുടെ ശ്രമങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാല പഠിക്കുന്നതില്‍ നിന്നും തുടങ്ങണമല്ലോ? തുടര്‍ന്ന് അക്ഷരങ്ങളെ ചേര്‍ത്തുള്ള വാക്കുകളും അവയുടെ അര്‍ത്ഥവും മനസിലാക്കണം, വാക്കുകള്‍ കൂട്ടിച്ചേര്‍ന്ന് വാക്യങ്ങളാവുന്ന ഘടനയും പരിചയിക്കണം. ഈ രീതിയില്‍ തന്നെയാണ് ഒരു കഥകളി ആസ്വാദകനും തുടങ്ങേണ്ടത്. ഇരുപത്തിനാല് അര്‍ത്ഥമുദ്രകള്‍; സംയുതം, അസംയുതം, മിശ്രം, സമാനം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി അടിസ്ഥാന മുദ്രകള്‍ ചേര്‍ത്തുണ്ടാക്കുന്ന വാക്കുകള്‍; അര്‍ത്ഥമുദ്രകളെ നൃത്തരൂപത്തില്‍ കൂട്ടിയിണക്കിയുള്ള പദാവതരണം; ഈ രീതിയിലാണ് കഥകളി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം രസഭാവാദികളും സന്ദര്‍ഭങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ കലാകാരന്റെ മുഖത്തു വിരിയുന്നു. കഥകളിയുടെ ഈ ഘടനയെ ലളിതമായി പരിചയപ്പെടുത്തുകയാണ് ‘തൗര്യത്രികം’ എന്ന ഡോക്യുമെന്ററിയുടെ ലക്ഷ്യം.
ആസ്വാദനത്തിന്റെ ബാലപാഠങ്ങള്‍ക്കൊപ്പം ഈ കലാരൂപത്തിന്റെ വികാസപരിണാമത്തെക്കുറിച്ചുള്ള സൂചനകള്‍; വേഷങ്ങള്‍, അലങ്കാരങ്ങള്‍, വസ്ത്രങ്ങള്‍, മുഖത്തെഴുത്ത് മുതലായ സാങ്കേതികാംശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍; കഥകളിയില്‍ ഉപയോഗിക്കുന്ന വിവിധ വാദ്യങ്ങള്‍; സംഗീതത്തില്‍ ഉപയോഗിച്ചുവരുന്ന രാഗങ്ങള്‍; മേളത്തിനടിസ്ഥാനമായ താളങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും ‘തൗര്യത്രിക’ത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സന്ധ്യക്കേളിയില്‍ തുടങ്ങി, വിളക്കുവെച്ച്, ശുദ്ധമദ്ദളം കൊട്ടി, തോടയമെടുത്ത്, പുറപ്പാടാടി, മേളപ്പദം കൊഴുപ്പിച്ച്, കഥ അവതരിപ്പിച്ച്, ഒടുവില്‍ ധനാശി പാടി അവസാനിക്കുന്ന കഥകളിയുടെ അവതരണരീതിയേയും ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നു.
2009 ജനുവരി മാസം 9, 10 തീയതികളിലായി ഈ ഡോക്യുമെന്ററി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പൂര്‍ത്തിയായി. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിശദമായ വിവരങ്ങളും, കൂടുതല്‍ കഥാവതരണ ഭാഗങ്ങളുമടങ്ങുന്ന മള്‍ട്ടിമീഡിയ സി.ഡി, ഡി.വി.ഡി. തുടങ്ങിയവയും ഡോക്യുമെന്ററിയോടൊപ്പം തയ്യാറാവുന്നു. മലയാളത്തിലും, ഇംഗ്ലീഷിലും ലഭ്യമാക്കുന്നതിനാല്‍ സ്വദേശികളും, വിദേശികളുമായ എല്ലാ കലാസ്നേഹികള്‍ക്കും ഇവ പ്രയോജനകരമായിരിക്കും.
| കലാകാരന്മാര്‍ | |
പാട്ട് : പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാനിലയം രാജീവന്‍
ചെണ്ട : കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി വേണുഗോപാല്‍
മദ്ദളം : കലാമണ്ഡലം അച്യുതവാര്യര്‍, കലാനിലയം മനോജ്
ചുട്ടി : ആര്‍.എല്‍.വി. സോമദാസ്, കലാമണ്ഡലം സുകുമാരന്‍
അണിയറ : പള്ളിപ്പുറം ഉണ്ണി, മധുസൂതനന്‍ നായര്‍, രഞ്ജന്‍
കളിയോഗം : സന്ദര്‍ശന്‍, അമ്പലപ്പുഴ
| സാങ്കേതികവിദഗ്ദ്ധര്‍ | |
സംവിധാനം : ഹരീഷ് എന്‍. നമ്പൂതിരി (Haree | ഹരീ)
രചന : റ്റോജി, ഹരീ
ഛായാഗ്രഹണം : ബെന്നി പൂന്തോപ്പ്
ഛായാഗ്രഹണ സഹായി : സേതു
ചിത്രസംയോജനം : ബിനു പുരുഷോത്തമന്‍
കലാസംവിധാനം : സുസു
നിശ്ചലഛായാഗ്രഹണം : സുസു, ഹരീ
നിര്‍മ്മാണ നിര്‍വ്വഹണം : സന്തോഷ്
പി.ആര്‍.ഒ. : ബി. ജോസുകുട്ടി
ലൈറ്റ് യൂണിറ്റ് : ത്രോബ്
| മാധ്യമങ്ങളില്‍ | |
• 2009 ജനുവരി 27 - Express Buzz - Online
• 2009 ജനുവരി 20 - ദീപിക ദിനപ്പത്രം (കോട്ടയം, കൊച്ചി എഡിഷനുകള്‍)
• 2009 ജനുവരി 18 - മാതൃഭൂമി ദിനപ്പത്രം (കോട്ടയം, കൊച്ചി എഡിഷനുകള്‍)
• 2009 ജനുവരി 18 - ജനയുഗം ദിനപ്പത്രം
• 2009 ജനുവരി 10 - മംഗളം ദിനപ്പത്രം (കോട്ടയം എഡിഷന്‍)
| ചില പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ | |
Description: Thouryathrikam - A documentary on Kathakali directed by Hareesh N. Nampoothiri aka Haree | ഹരീ. Script by Toji and Haree. Camera by Benny Poonthoppu and Sethu. Produced by Gokul Govind. Editing by Binu Thiruvananthapuram. Kalamandalam Ramachandran Unnithan, Kalamandalam Vijayakumar, Kalamandalam Hari R. Nair, Kalamandalam Shanmukhadas, Madhu Varanasi, Kalamandalam Sucheendran and Kalamandalam Arun Varier played various roles. Pathiyoor Sankarankutty, Kalamandalam Hareesh Nampoothiri and Kalamandalam Rajeevan rendered padams. Kalamandalam Krishnadas, Margi Venugopal in Chenda and Kalamandalam AchuthaVarier, Kalanilayam Rajeevan in Maddalam were the accompanients. RLV Somadas and Kalamandalam Sukumaran handled the Chutti. Sandarsan Kathakali Vidyalayam, Ambalappuzha provided costumes and ornaments.
--
Friday, August 1, 2008
ചിത്രചോരണം - മാധ്യമം

അവിചാരിതമായാണ് 2008 മാർച്ച് 24-ലെ മാധ്യമം ആഴ്ചപ്പതിപ്പ് ശ്രദ്ധയിൽ പെട്ടത്. പേജുകൾ വെറുതെ മറിച്ച് ഒടുവിൽ ബാക്ക്കവറിന്റെ അകപേജിലെത്തി. മാധ്യമം ദിനപത്രത്തോടൊപ്പം തിങ്കളാഴ്ചകളിൽ ലഭ്യമാക്കുന്ന ‘വെളിച്ചം’ എന്ന സപ്ലിമെന്റിന്റെ പരസ്യമായിരുന്നു ആ പേജിൽ. അതിൽ സാമ്പിളായി നൽകിയിരുന്ന പത്രത്തിന്റെ താളുകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. ഫ്ലിക്കറിൽ ഞാൻ 2007 സെപ്റ്റംബർ 2-ന് പ്രസിദ്ധീകരിച്ച ഒരു ചിത്രം എന്റെ അറിവോ, സമ്മതമോ കൂടാതെ അതിൽ ഉപയോഗിച്ചിരിക്കുന്നു.
ജോയുടെ ഒരു ചിത്രം പ്രണത ബുക്ക്സ് അനുവാദമില്ലാതെ എടുത്തുപയോഗിച്ചതിനെ തുടർന്നുണ്ടായ അന്വേഷണം ചെന്നു നിന്നത്(ലിങ്ക് ഒന്ന്, രണ്ട്‍) ഷാനവാസ് എം.എ. എന്ന ഡിസൈനറിലാണ്. അദ്ദേഹമാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രങ്ങൾ ചെയ്യുന്നതെന്നും ആ പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗ് പരിശോധിച്ചാലും ഇക്കാര്യം അറിയാവുന്നതാണ്. മാധ്യമത്തിലെ ഒരു ഡിസൈനർ (ഒരുപക്ഷെ ഷാനവാസ് എം.എ. തന്നെ) ആയിരിക്കണമല്ലോ ഈ പേജും ചെയ്തിരിക്കുന്നത്. ആര് ഡിസൈൻ ചെയ്താലും, ഇവ പ്രസിദ്ധീകരിച്ച മാധ്യമം പബ്ലിക്കേഷനാണ് ഈ നിയമലംഘനങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്തം.
ചിത്രം പകർത്തുന്നയാളുടെ പരിശ്രമങ്ങൾക്കോ, കലാഭിരുചിക്കോ ഒരു മാന്യതയും കല്പിക്കാതെ, നെറ്റിൽ നിന്നും യാതൊരു ഉളുപ്പുമില്ലാതെ ചിത്രങ്ങൾ കട്ടുപയോഗിക്കുന്ന, നാണംകെട്ട ഡിസൈനർമാർ, ഈ തൊഴിൽ രംഗത്തുള്ളവർക്കു തന്നെ അപമാനമാണ്. അതു യാതൊരു മടിയുമില്ലാതെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാവട്ടെ ആസനത്തിൽ കിളുത്ത ആലിന്റെ തണലിൽ ലാഭം കൊയ്യുന്നവരും. ഇനി ആരുടെയൊക്കെ ചിത്രങ്ങൾ ഏതൊക്കെ ലക്കങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടാവുമെന്ന് വരും കാലങ്ങളിൽ പുറത്തുവരുമായിരിക്കാം. ഇന്റർനെറ്റിൽ എന്തെങ്കിലും എഴുതിയിടുന്നുണ്ട്, ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട് എന്നു കരുതി, എല്ലാ മാധ്യമങ്ങളും സ്ഥിരമായി തന്റെയെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നറിയുവാനായി പരിശോധിച്ചുകൊണ്ടിരിക്കുക സാധ്യമല്ലല്ലോ! അല്പം വൈകിയെങ്കിലും, ചിത്രം മോഷ്ടിക്കപ്പെട്ടു എന്നത് ഇവിടെ തുറന്നെഴുതുന്നതിന് വിലയില്ലാതാവുന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പിലും, പത്രത്തിലും ഒരുപോലെ പകർപ്പവകാശനിയമ ലംഘനം തുടർക്കഥയായി ചെയ്തുകൊണ്ടിരിക്കുന്ന ‘മാധ്യമം’ പബ്ലിക്കേഷനെതിരെ എന്റെ പ്രതിഷേധം ശക്തമായി ഇവിടെ രേഖപ്പെടുത്തുന്നു.
Description: Photography Theft by Madhyamam Daily. 'NalaDamayanthi' a photo by me; published in 'Velicham' (a supplement along with Madhyamam daily); without my knowledge or permission, violating copyright terms and conditions. Photo by Hareesh N. Nampoothiri aka Haree | ഹരീ.
--Tuesday, June 10, 2008
കേരള രംഗകലോത്സവം

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ദൃശ്യവേദി’ എന്ന സംഘടനയെ, കഥകളി/ശാസ്ത്രീയ സംഗീതം ആസ്വാദകര്‍ക്ക് പരിചിതമായിരിക്കും. തലസ്ഥാനനഗരിയില്‍ മാസത്തിലൊരിക്കല്‍ ഒരു കഥകളിയെങ്കിലും നടത്തുക എന്ന പ്രഥമലക്ഷ്യത്തോടെ കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നു. കേരള രംഗകലോത്സവം, കേരള നാട്യോത്സവം എന്നിങ്ങനെ രണ്ട് പ്രത്യേക പരിപാടികളും ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്നുണ്ട്. പതിനാലാമത് കേരള രംഗകലോത്സവത്തിന് കഴിഞ്ഞയാഴ്ച തിരിതെളിഞ്ഞു.
കേരള വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, പതിനാലാമത് കേരള രംഗകലോത്സവം ഉദ്ഘാടനം ചെയ്തു. ദൃശ്യവേദിയുടെ പ്രസിഡെന്റ് സി.ജി. രാജഗോപാല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്. ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു. കേരളീയ രംഗകലകളുടെ വൈവിധ്യവും ലാവണ്യസങ്കല്പങ്ങളും അറിഞ്ഞ് ആസ്വദിക്കുന്നതിനുള്ള അവസരമായാണ് ഇതു നടത്തുന്നതെന്ന് ദൃശ്യവേദിയുടെ അറിയിപ്പില്‍ പറയുന്നു. ദൃശ്യവേദിയെക്കൂടാതെ, വിസ്‌കോണ്‍സിന്‍ സര്‍വ്വകലാശാല(അമേരിക്ക), മാര്‍ഗി, തുഞ്ചന്‍സ്മാരക സമിതി, രംഗശ്രീ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് കേരള രംഗകലോത്സവം അരങ്ങേറുന്നത്.ദൃശ്യവേദിയുടെ സജീവപ്രവര്‍ത്തകനായിരുന്ന സി.ആര്‍. ഹരിയുടെ അനുസ്മരണവും, ഉദ്ഘാടന ചടങ്ങിനോടൊപ്പം നടക്കുകയുണ്ടായി.
കേരള രംഗകലോത്സവത്തിന്റെ ഒന്നാം ദിവസം ‘കീചകവധം’ കഥകളി അരങ്ങേറി. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ കീചകനായും, കലാമണ്ഡലം വിജയകുമാര്‍ സൈരന്ധ്രിയായും വേഷമിട്ടു. കളിയുടെ ആസ്വാദനം ഇവിടെ(ഭാഗം ഒന്ന്, ഭാഗം രണ്ട്) വായിക്കാവുന്നതാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിപാടികള്‍ ചുവടെ:
2008 ജൂണ്‍ 11: രണ്ടാം ദിവസം (ബുധന്‍, വൈകുന്നേരം 6.00 മണി, തീര്‍ത്ഥപാദമണ്ഡപം)
കഥകളിപ്പദക്കച്ചേരി
വോക്കല്‍: പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം വിനോദ്
ചെണ്ട: കലാമണ്ഡലം കൃഷ്ണദാസ്
മദ്ദളം: മാര്‍ഗി രത്നാകരന്‍
ഇടയ്ക്ക: കലാമണ്ഡലം ശ്രീകാന്ത്
2008 ജൂണ്‍ 23: മൂന്നാം ദിവസം (തിങ്കള്‍, വൈകുന്നേരം 6.00 മണി, തീര്‍ത്ഥപാദമണ്ഡപം)
ബാലിവധാങ്കം കൂടിയാട്ടം (മാര്‍ഗിയുടെ സംയുക്താഭിമുഖ്യത്തില്‍)
മാര്‍ഗി മധു: സുഗ്രീവന്‍
മാര്‍ഗി രാമന്‍: ശ്രീരാമന്‍
മാര്‍ഗി രവീന്ദ്രന്‍: ലക്ഷ്മണന്‍
കലാമണ്ഡലം കൃഷ്ണകുമാര്‍: ഹനുമാന്‍
മാര്‍ഗി സജീവ് നാരായണന്‍: ബാലി
മാര്‍ഗി ഉഷ: താര
മിഴാവ്: മാര്‍ഗി ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, മാര്‍ഗി രാമനുണ്ണി, മാര്‍ഗി സജികുമാര്‍
തിമില: മാര്‍ഗി മോഹനന്‍
ഇടയ്ക്ക: മാര്‍ഗി സുകുമാരപിള്ള
താളം: മാര്‍ഗി സിന്ധു
2008 ജൂലായ് 9: നാലാം ദിവസം (ബുധന്‍, വൈകുന്നേരം 6.00 മണി, തീര്‍ത്ഥപാദമണ്ഡപം)
കേരളസംഗീതക്കച്ചേരി
വോക്കല്‍: ഡോ. ശ്രീവത്സന്‍ ജെ. മേനോന്‍
വയലിന്‍: ആവണീശ്വരം എസ്.ആര്‍. വിനു
മൃദംഗം: വൈക്കം വേണുഗോപാല്‍
ഘടം: കോട്ടയം ഉണ്ണികൃഷ്ണന്‍
2008 ജൂലായ് 10: അഞ്ചാം ദിവസം (വ്യാഴം, വൈകുന്നേരം 6.00 മണി, ശ്രീകാര്‍ത്തികതിരുനാള്‍ തിയേറ്റര്‍)
പൂതനാമോക്ഷം കഥകളി (തോടയം, പുറപ്പാട്, ഇരട്ടമേളപ്പദം എന്നിവയോടു കൂടി)
പുറപ്പാട്: കലാമണ്ഡലം മുകുന്ദന്‍, കലാമണ്ഡലം ശുചീന്ദ്രനാഥ്
പൂതന/ലളിത: മാര്‍ഗി വിജയകുമാര്‍
പാട്ട്: കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍
ചെണ്ട: കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി വേണുഗോപാല്‍
മദ്ദളം: കലാമണ്ഡലം ശശി, കലാനിലയം മനോജ്
2008 ജൂലായ് 18: ആറാം ദിവസം (വെള്ളി, വൈകുന്നേരം 6.00 മണി, തീര്‍ത്ഥപാദമണ്ഡപം)
ജരാസന്ധയുദ്ധം നങ്ങ്യാര്‍കൂത്ത് (രംഗശ്രീയുടെ സംയുക്താഭിമുഖ്യത്തില്‍)
മാര്‍ഗി സതി: കല്പലതിക
മിഴാവ്: മാര്‍ഗി രാമനുണ്ണി, മാര്‍ഗി സജികുമാര്‍
തിമില: മാര്‍ഗി മോഹനന്‍
ഇടയ്ക്ക: മാര്‍ഗി സുകുമാരപിള്ള
താളം: രംഗശ്രീ രേവതി
2008 ജൂലായ് 26: ഏഴാം ദിവസം (ശനി, വൈകുന്നേരം 6.00 മണി, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം)
അയ്യപ്പന്‍ തീയാട്ട് (തുഞ്ചന്‍സ്മാരകസമിതിയുടെ സംയുക്താഭിമുഖ്യത്തില്‍)
മുളങ്കുന്നത്തുകാവ് രാമന്‍ തിയ്യാടിയും സംഘവും.
കളമെഴുത്ത് നാലുമണി മുതല്‍.
2008 ആഗസ്റ്റ് 12: എട്ടാം ദിവസം (ചൊവ്വ, വൈകുന്നേരം 6.00 മണി, ശ്രീകാര്‍ത്തികതിരുനാള്‍ തിയേറ്റര്‍)
രാവണവിജയം കഥകളി
രാവണന്‍: ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള
രംഭ: കലാമണ്ഡലം രാജശേഖരന്‍
ദൂതന്‍: കോട്ടക്കല്‍ രവികുമാര്‍
പാട്ട്: കലാമണ്ഡലം രാജേന്ദ്രന്‍, ഫാക്ട് ദാമു
ചെണ്ട: കോട്ടക്കല്‍ പ്രസാദ്
മദ്ദളം: കലാമണ്ഡലം അച്ചുതവാര്യര്‍
ചുട്ടി: ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍ പിള്ള, മാര്‍ഗി ശ്രീകുമാര്‍, മാര്‍ഗി രവികുമാര്‍
അണിയറ: ഗോപന്‍, തങ്കപ്പന്‍ പിള്ള, തങ്കപ്പന്‍
കളിയോഗം: മാര്‍ഗി
ശബ്ദവും വെളിച്ചവും: അജന്താ സൌണ്ട്സ്
Description: Kerala RangaKalolsavam organized by DrisyaVedi in association with Wisconsin University (USA), Margi, Thunchan SmarakaSamithi and RagaSree. Venues: TheethapadaMandapam and SriKarthikaThirunal Theater East Fort(KizhakkeKotta), Thiruvananthapuram.
--
Saturday, December 29, 2007
ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും - പ്രകാശനം

സുഹൃത്തുക്കളേ,
എന്റെ രണ്ടാമത് പുസ്‌തകം, ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’; ഡിസംബര്‍ 30, ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധിയില്‍ പ്രകാശനം ചെയ്യപ്പെടുന്നു. സി-ഡിറ്റ് മുന്‍.ഡയറക്ടര്‍ ഡോ. അച്ചുത്ശങ്കര്‍ എസ്. നായരാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. പുസ്‌തകം ഏറ്റുവാങ്ങുന്നത് ഐ.ടി@സ്കൂള്‍ ഡയറക്ടര്‍ ശ്രീ. അന്‍വര്‍ സാദത്ത്. പുസ്തകത്തോടൊപ്പം ലഭ്യമാക്കുന്ന അനുബന്ധ സി.ഡി. ഏറ്റുവാങ്ങുന്നത് സി.സി.എം.എസ്, യൂണിവേഴ്സിറ്റി ഓഫ് കേരള ഡയറക്ടര്‍; ശ്രീ. എം. വിജയകുമാര്‍. പ്രസ്‌തുത ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളേയും വിനീതമായി സ്വാഗതം ചെയ്യുന്നു.
പ്രസ്‌തുത ചടങ്ങിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ചുവടെ:

മലയാളത്തിലിറങ്ങുന്ന കമ്പ്യൂട്ടര്‍ മാഗസീനുകളില്‍ പ്രമുഖസ്ഥാനത്തുള്ള ഇന്‍ഫോകൈരളിയാണ് ഈ പുസ്‌തകത്തിന്റെ പ്രസാധകര്‍. പൂര്‍ണ്ണമായും ബഹുവര്‍ണ്ണ അച്ചടിയില്‍, ഇരുനൂറിലധികം പേജുകളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന വിവിധ ഉദാഹരണങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കുവാനായി, സോഴ്സ്‌ഫയലുകള്‍ അടങ്ങുന്ന ഒരു അനുബന്ധ സി.ഡി.യും പുസ്‌തകത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡോബി ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധിഷ്ഠിതമായാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യുടെ 30ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ സോഫ്റ്റ്‌വെയറും സി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകം ഓണ്‍ലൈനായി വാങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ വെബ്‌പേജില്‍ അതിനുള്ള സാധ്യത ലഭ്യമാണ്.
ഒരിക്കല്‍ കൂടി ഏവരേയും പുസ്തകപ്രകാശനചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്...
സസ്നേഹം
Haree | ഹരീ
Keywords: Photoshop Padanavum Prayogavum, Hareesh N. Nampoothiri, ഹരീഷ് എന്‍. നമ്പൂതിരി, ഇന്‍ഫോകൈരളി, ഇന്‍ഫോ കൈരളി, InfoKairali, Info Kairali, Book Release, NishaGandhi, NisaGandhi, Nisha Gandhi, Nisa Gandhi, Thiruvananthapuram, December 30, 2007.
--
Sunday, August 12, 2007
നെഹ്രുട്രോഫി ജലോത്സവം‘07

നെഹ്രുട്രോഫി ജലോത്സവത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല, മലയാളികളില്‍. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ്, ആലപ്പുഴ പുന്നമടക്കായലില്‍ ഈ ജലമേള അരങ്ങേറാറുള്ളത്. വള്ളംകളി ഒരു കായിക ഇനമായി അംഗീകരിച്ച ശേഷമുള്ള ആദ്യത്തെ നെഹ്രുട്രോഫി മത്സരം എന്ന ഒരു പ്രത്യേകത ഈ വര്‍ഷത്തെ (2007 ആഗസ്ത് 11) ജലോത്സവത്തിനുണ്ടായിരുന്നു.
അല്പം ചരിത്രം. 1952-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കേരളം സന്ദര്‍ശിച്ച വേളയില്‍ കോട്ടയത്തു നിന്നും ആലപ്പുഴവരെ ജലമാര്‍ഗം സഞ്ചരിക്കുകയുണ്ടായി. പണ്ടുകാലത്ത് കായല്‍യുദ്ധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ചുണ്ടന്‍ വള്ളങ്ങള്‍, അദ്ദേഹത്തിന്റെ ബോട്ടിനെ അനുഗമിച്ചു. അവയുടെ സൌഹൃദമത്സരവും അരങ്ങേറി. ചുണ്ടാന്‍ വള്ളങ്ങളുടെ പ്രകടനം കണ്ട് ആവേശഭരിതനായ നെഹ്രു അന്ന് ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി, ആലപ്പുഴ വരെ ചുണ്ടന്‍ വള്ളത്തില്‍ സഞ്ചരിക്കുകയുണ്ടായി. തിരികെ ഡല്‍ഹിയിലെത്തിയ നെഹ്രു, തന്റെ കൈയ്യൊപ്പോടു കൂടിയ ഒരു ചുണ്ടന്‍ വള്ളത്തിന്റെ മാതൃക, വെള്ളിയില്‍ തീര്‍ത്ത് അയച്ചു കൊടുത്തു. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ട്രോഫി, പിന്നീട് നെഹ്രുവിന്റെ കാലശേഷം നെഹ്രുട്രോഫി എന്ന് അറിയപ്പെട്ടുതുടങ്ങി.
മുഖ്യാതിഥിയായെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനായിരുന്നു ജലമേള ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, വിജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചീഫ് സെക്രട്ടറി ലിസി ജേക്കബ്, ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, കെ.എസ്. മനോജ് എം.പി., കെ.സി. വേണുഗോപാല്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ പി.പി. ചിത്തരഞ്ജന്‍ തുടങ്ങി ഒട്ടനേകം വിശിഷ്ടവ്യക്തികള്‍ ജലമേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മത്സരത്തില്‍ പങ്കെടുത്ത18 ചുണ്ടനുകള്‍ അണിനിരന്ന മാസ് ഡ്രില്‍ അരങ്ങേറി.
സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളായിരുന്നു ആദ്യം. 16 വള്ളങ്ങള്‍ നാല് ഹീറ്റ്സുകളിലായി മത്സരിച്ചു. രണ്ടു വള്ളങ്ങള്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തി. ഒന്നാം ഹീറ്റ്സില്‍ ശ്രീ ഗണേശന്‍(വള്ളം നമ്പര്‍:15), ജവഹര്‍ തായങ്കരി(5), വെള്ളം കുളങ്ങര(7), നടുഭാഗം(17) എന്നീ ചുണ്ടനുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. രണ്ടാം ഹീറ്റ്സില്‍ പട്ടാറ ചുണ്ടന്‍(12), ആനാരി ചുണ്ടന്‍(18), കരുവാറ്റ(11), സെന്റ്.ജോര്‍ജ്ജ്(1); മൂന്നാം ഹീറ്റ്സില്‍ കാരിച്ചാല്‍(9), ചെമ്പക്കുളം(3), വലിയ ദിവാഞ്ചി(13), കല്ലൂപ്പറമ്പന്‍(2); നാലാം ഹീറ്റ്സില്‍ പായിപ്പാട്(16), ചെറുതന(4), ആലപ്പാട് ചുണ്ടന്‍(6), ആയാമ്പറമ്പു പാണ്ടി(8) എന്നിങ്ങനെയാണ് ഫിനിഷ് ചെയ്തത്. പ്രാഥമിക മത്സരങ്ങളിലെ ചില ചിത്രങ്ങളാണ് ചുവടെ.
സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
ഇരുട്ടുകുത്തി എ/ബി ഗ്രേഡുകള്‍, വെപ്പ് എ/ബി ഗ്രേഡുകള്‍, എന്നിവയുടെ പ്രാഥമിക-ഫൈനല്‍ മത്സരങ്ങളും; ചുരുളന്‍, വനിത മത്സരങ്ങളുടെ ഫൈനല്‍ എന്നിവയായിരുന്നു തുടര്‍ന്ന്. വെപ്പ് എ-ഗ്രേഡ് ഫൈനലില്‍ അമ്പലക്കടവന്‍(26, ബോട്ട് ക്ലബ്: പുന്നമട ബോട്ട് ക്ലബ്), വെങ്ങാഴി(33, എയ്ഞ്ചല്‍ സ്പോര്‍ട്ട്സ് ക്ലബ്), വേണുഗൊപാല്‍(30, എസ്.എന്‍. ബോട്ട് ക്ലബ്) എന്നീ വള്ളങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ഇരുട്ടുകുത്തി എ-ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ അമൃത് ബോട്ട് ക്ലബ് തുഴഞ്ഞ പടക്കുതിര(20) ഒന്നാമതെത്തി. തുരുത്തിത്തറ(21, കായല്പുരം ബോട്ട് ക്ലബ്) രണ്ടാമതും കരുവേലിത്തറ(22, കുട്ടനാട് ബോട്ട് ക്ലബ്) മൂന്നാമതും ഫിനിഷ് ചെയ്തു. വെപ്പ് ബി-ഗ്രേഡ് ഫൈനലില്‍ ലൂര്‍ദ് മാതാ ബോട്ട് ക്ലബ് തുഴഞ്ഞ തോട്ടുകടവന്‍(50) ഒന്നാമതായും പുന്നത്ര പുരക്കല്‍(48, ബ്രദേഴ്സ് ബോട്ട് ക്ലബ്) രണ്ടാമതായും ഫിനിഷ് ചെയ്തു. ഇരുട്ടുകുത്തി ബി-ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ സെന്റ്.സബസ്റ്റ്യന്‍ ഒന്ന്(43, പനങ്ങാട് ബോട്ട് ക്ലബ്) ഒന്നാമതായും ശ്രീഗുരുവായൂരപ്പന്‍(41, യുവജനവേദി ബോട്ട് ക്ലബ്) രണ്ടാമതായും കൊച്ചയ്യപ്പന്‍(35, ശ്രീ. അംബേദ്കര്‍ ബോട്ട് ക്ലബ്) മൂന്നാമതായും ഫിനിഷ് ചെയ്തു. വനിതകളുടെ ഫൈനലില്‍ ചെല്ലിക്കാടന്‍(56, വേമ്പനാട് ലേക്ക് വനിത ബോട്ട് ക്ലബ്), കമ്പനി വള്ളം(55, വനിത ബോട്ട് ക്ലബ്-കുട്ടമംഗലം), കാട്ടില്‍ തെക്കേതില്‍(54, സംയുക്ത സാംസ്കാരിക സമിതി) എന്നിങ്ങനെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ചുരുളന്‍ വള്ളങ്ങളുടെ ഫൈനലില്‍ കോടിമത (52, എന്‍.ഐ.എഫ്.ഇ. എസ്.ടി.ആര്‍. കോമ്പ്ലക്സ്) ഒന്നാമതായും, കുറുപ്പു പറമ്പന്‍(51, യുവഭാവന ബോട്ട് ക്ലബ്) രണ്ടാമതായും, മേലങ്ങാടന്‍(53, യൂണിവേഴ്സല്‍ കോളേജ്) മൂന്നാമതായും ഫിനിഷ് ചെയ്തു.
സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
മത്സരത്തിന്റെ ഇടവേളയില്‍ വിശിഷ്ടാതിഥികള്‍ ബോട്ടില്‍ കായലിനു ചുറ്റും സഞ്ചരിച്ച് കാണികളെ അഭിവാദ്യം ചെയ്തു. മത്സരത്തിനിടയില്‍ നാല് വള്ളങ്ങള്‍ മുങ്ങുകയുണ്ടായി. ഫയര്‍ഫോഴ്സും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. മത്സരാവസാനമായപ്പോഴേക്കും ആകാശം മേഘാവൃതമായി. കുറച്ചു മത്സരങ്ങള്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ തന്നെ പൂര്‍ത്തിയാക്കി. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ജലസാംസ്കാരിക ഘോഷയാത്രയും വള്ളംകളിയുടെ ഭാഗമായി അരങ്ങേറി.
സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
ഒടുവില്‍ കാത്തുകാത്തിരുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.. തേഡ്-ലൂസേഴ്സ് ഫൈനലില്‍ കല്ലൂപ്പറമ്പന്‍(2, ഏയ്ഞ്ചല്‍ ബോട്ട് ക്ലബ്), നടുഭാഗം(17, ഫ്രണ്ട്സ് ബോട്ട് ക്ലബ്), സെന്റ്. ജോര്‍ജ്ജ്(1, ദേശീയ വായനശാല ബോട്ട് ക്ലബ്) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. സെക്കന്റ് ലൂസേഴ്സ് ഫൈനലില്‍ വലിയദിവാഞ്ചി(13, വി വണ്‍ ബോട്ട് ക്ലബ്), കരുവാറ്റ(11, ജയശ്രീ ബോട്ട് ക്ലബ്), വെള്ളംകുളങ്ങര(7, ടൌണ്‍ ബോട്ട് ക്ലബ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. അദ്യപാദ മത്സരങ്ങളില്‍ രണ്ടാമതായെത്തിയ ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ യു.ബി.സി-കൈനകരി തുഴഞ്ഞ ചെറുതന(4) ഒന്നാമതായും, നവജീവന്‍ ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി(5) രണ്ടാമതായും, സി.ബി.സി-ചങ്ങനാശേരി തുഴഞ്ഞ അനാരി(18) മൂന്നാമതായും, സെന്റ് ജോര്‍ജ്ജ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം(3) നാലാമതായും ഫിനിഷ് ചെയ്തു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 5.6 മിനിറ്റില്‍ ഫിനിഷ് ചെയ്ത ശ്രീഗണേഷ്(15, ജീസസ് ബോട്ട് ക്ലബ്, കൊല്ലം) മൂന്നാം സ്ഥാനവും, 5.5 മിനിറ്റില്‍ ഫിനിഷ് ചെയ്ത കാരിച്ചാല്‍(9, സെന്റ്. ജോര്‍ജ് ബോട്ട് ക്ലബ്, കൊല്ലം) രണ്ടാം സ്ഥാനവും നേടി. 5.3 മിനിറ്റില്‍ ഫിനിഷ് ചെയ്ത പായിപ്പാട് ചുണ്ടനാണ്(16, കുമരകം ടൌണ്‍ ബോട്ട് ക്ലബ്, കോട്ടയം) അന്‍പത്തിയഞ്ചാമത് നെഹ്രുട്രൊഫി കരസ്ഥമാക്കിയത്. പായിപ്പാട് ചുണ്ടന് ഇത് ഹാട്രിക് വിജയം കൂടിയായി.
ആലപ്പുഴയില്‍ നിന്നുമുള്ള ബോട്ട് ക്ലബുകള്‍ തുഴഞ്ഞ ഒരു ചുണ്ടനും ഫൈനനലിലെത്തിയില്ല എന്നത് ഒരു പുതുമയായി. രണ്ടു ക്ലബുകള്‍ കൊല്ലത്തുനിന്നും, മറ്റു രണ്ടു ക്ലബുകള്‍ കോട്ടയത്തു നിന്നുമായിരുന്നു ഫൈനലില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് മന്ത്രി എം. വിജയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പായിപ്പാട് ചുണ്ടന്റെ ക്യാപ്റ്റന്‍ കുഞ്ഞുമോന്‍ മ്മേലുവള്ളില്‍ നെഹ്രുട്രോഫി ഏറ്റുവാങ്ങി. ഇനി അടുത്ത വര്‍ഷം ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച, അടുത്ത ജലമാമാങ്കത്തില്‍ വീണ്ടും മാറ്റുരയ്ക്കുവാന്‍ ഈ ചുണ്ടനുകളെത്തും. കായിക ഇനമായി അംഗീകരിച്ച വള്ളംകളിയില്‍ അടുത്ത തവണ മുതല്‍, ഒരേ വലുപ്പത്തിലുള്ള, തുഴക്കാരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളില്ലാത്ത ചുണ്ടന്‍ വള്ളങ്ങളാവും മത്സരിക്കുക.
--
ചിത്രങ്ങള്‍ പിക്കാസയില്‍ കാണുവാന്‍ ഈ ലിങ്ക് നോക്കുക: നെഹ്രുട്രോഫി ജലോത്സവം’07
Keywords: Nehru Trophy Boat Race, NTBR, Punnamada Lake, Alappuzha, August, Vallamkali, Boatrace, Jalamela
--
Subscribe to:
Posts (Atom)