Showing posts with label Songs. Show all posts
Showing posts with label Songs. Show all posts

Sunday, June 13, 2010

പൊരുതൂ... പൊരുതൂ... ("Waka... Waka..." Song in Malayalam)

Shakira: Waka Waka FIFA World Cup 2010 Song: Malayalam Version.
ഷക്കീര പാടി ഇന്നിപ്പോള്‍ ലോകമെങ്ങും പാടുന്ന 'വക്ക... വക്ക...' ലോകക്കപ്പ് ഔദ്യോഗിക ഗാനത്തിനൊരു മലയാള പരിഭാഷ. ഓരോ വാക്കിന്‍റെയും അര്‍ത്ഥം അതേപടി പരിഭാഷപ്പെടുത്താതെ, മൂലഗീതത്തിന്‍റെ ചുവടുപറ്റി പാടുവാനും കഴിയുന്ന രീതിയിലാണ്‌ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിയുന്നത്ര അര്‍ത്ഥം മാറാതെ നോക്കിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ അല്‍പം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഗാനത്തിലെ ഷക്കീര പാടുന്നതല്ലാതെയുള്ള മറ്റ് ഗായകരുടെ വരികള്‍ക്ക് പരിഭാഷ നല്‍കിയിട്ടില്ല. മൂലഗീതത്തിന്‍റെ വരികള്‍ ഇവിടെ നിന്നും ലഭിക്കും. പശ്ചാത്തല സംഗീതം മാത്രമുള്ള കരോക്കെ പതിപ്പ് ഇവിടെ ലഭ്യം.

Monday, April 6, 2009

വിഷുപ്പാട്ട് - വിഷുക്കണി

Vishukkani - A Vishu Song.
ഓണമെന്നതുപോലെ തന്നെ മലയാളികള്‍ക്ക് ഗൃഹാതുരമായൊരു ഓര്‍മ്മയാണ് വിഷുക്കാലവും. സമൃദ്ധിയുടെ വരവ് വിളിച്ചോതിക്കൊണ്ട് കൊന്നമരങ്ങളില്‍ മഞ്ഞക്കൊന്ന പൂത്തുലയുന്ന കാലം. പൂജാമുറിയില്‍ കണിയൊരുക്കി അമ്മ കുട്ടികളെ വിളിച്ചുണര്‍ത്തി, കണ്ണുകള്‍ മൂടി വിഷുക്കണിയുടെ മുന്നിലിരുത്തി കാട്ടുന്ന കണി ആര്‍ക്കാണ് മറക്കുവാന്‍ സാധിക്കുക? ഓണക്കാലത്തെഴുതിയ ഓണപ്പാട്ടെന്നപോലെ ഒരു വിഷുപ്പാട്ട്. (പാടുവാന്‍ ശ്രീ-യെ കിട്ടിയില്ല, അതുകൊണ്ട് വരികള്‍ മാത്രം.) ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

മഞ്ഞക്കണിക്കൊന്ന പൂത്തകാലം,
കണ്ണനെക്കണികണ്ടുണരും നേരം,
പൊന്‍‌കണിവെച്ചു വിളക്കൊരുക്കി,
അമ്മവന്നെന്നെ വിളിച്ചുണര്‍ത്തി.

കണ്ണുകള്‍ചെമ്മെയടച്ചു മെല്ലെ,
മുന്നോട്ടു ചാലവേ നീങ്ങി ഞാനും;
കണ്‍‌തുറന്നപ്പോള്‍ കണ്ടതല്ലോ,
എല്ലാം നിറഞ്ഞൊരു വിഷുക്കണിയും.

'കണികാണും നേരം' പാടിത്തീരും മുന്നേ
പൂത്തിരി കത്തിക്കാനോടി ഞാനും;
പിന്നുണ്ണിക്കണ്ണനു നേദിച്ച പായസം,
കോരിക്കുടിക്കുവാനായണഞ്ഞു.

കാലങ്ങള്‍ മായുന്നു കോലങ്ങളും,
മായാതെ നില്‍ക്കുന്നതൊന്നുമാത്രം.
അന്നമ്മവെച്ച വിഷുക്കണികള്‍,
ഇന്നിന്റെ നോവായ് കണിക്കൊന്നയും.


Description: A Vishu song by Hareesh N. Nampoothiri aka Haree | ഹരീ.
--

Saturday, September 13, 2008

ഓണപ്പാട്ട് - മാവേലി എഴുന്നള്ളും ഓണക്കാലം!


ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഒട്ടുമിക്ക പ്രവാസികളും, സ്വദേശികളും. ഓണത്തിന്റെ രൂപവും, ഭാവവും മാറിയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്, നാളെ ഓണമെന്തെന്ന് ഓര്‍ക്കുവാനുള്ള അവസരം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഓണക്കാലത്തിന്റെ നല്ല ഓര്‍മ്മകള്‍ അയവിറക്കുന്ന, ഒരു ഓണപ്പാട്ട്. :-)


പൂവേ പൂപൊലി കേള്‍ക്കണകാലം
പൂക്കളം മുറ്റത്ത് കണികാണും കാലം
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം.
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

പൂക്കളം മുറ്റത്തിട്ടു, കൂട്ടരൊത്താനന്ദിച്ചു,
ഓണപ്പുടവചുറ്റി, ആയത്തില്‍ ഊയലാടി,
കുമ്മാട്ടിക്കളികണ്ടു, പുലികളിയും പിന്നെ,
കൈകൊട്ടിക്കളിക്കൊപ്പം ശീലുപാടി.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

തൂശനിലയിട്ടു സദ്യയുണ്ടു പിന്നെ,
ഓണക്കളികളും ആര്‍പ്പുമായി,
പത്തുനാള്‍ പോവത്, അറികയില്ല പിന്നെ,
മറ്റൊരോണത്തിനായ് കാക്കലായി.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

ഓര്‍മ്മകളോതുവാന്‍ ഇന്നെനിക്കുണ്ടേറെ
എങ്കിലും കാട്ടുവാന്‍ ആവതില്ല.
ഇക്കാലമോണവും ദൂരെത്തന്നെ, നാളെ,
നിന്നോര്‍മ്മയിലോണം കാണുകില്ല!
ഇക്കാലമോണവും ദൂരെത്തന്നെ, നാളെ,
നിന്നോര്‍മ്മയിലോണം കാണുകില്ല!

പൂവേ പൂപൊലി കേള്‍ക്കണകാലം
പൂക്കളം മുറ്റത്ത് കണികാണും കാലം
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം;
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം;
മാവേലി എഴുന്നെള്ളും, ഓണക്കാലം;
മാവേലി എഴുന്നെള്ളും, ഓണക്കാലം.

പാടിയത്: ശ്രീ [sree]
രചന: Haree | ഹരീ

--
Description: "Poove Poopoli Kelkana Kalam..." An Onappattu(Onam Song) by Hareesh N. Nampoothiri aka Haree | ഹരീ rendered by Sreedevi N. Nampoothiri. Recorded with Audacity. Onam, Good Old Days, Memories.
--