Showing posts with label Copyright Violations. Show all posts
Showing posts with label Copyright Violations. Show all posts

Tuesday, December 30, 2008

ചിത്രചോരണം - കൂത്തമ്പലം

Image Plagiarism: Koothampalam Magazine.
തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങുന്ന ഒരു കലാസാംസ്കാരിക പ്രസിദ്ധീകരണമാണ് ‘കൂത്തമ്പലം’ മാസിക. ഗോവിന്ദന്‍ എസ്. തമ്പി ചീഫ് എഡിറ്ററും, പി. രവീന്ദ്രന്‍ നായര്‍ എഡിറ്ററുമാണെന്ന് ആദ്യ പേജില്‍ കാണുന്നു. ഡോ. ലീ‍ല ഓംചേരി, പി.കെ. നാരായണന്‍ നമ്പ്യാര്‍, ബി.ഡി. ദത്തന്‍ തുടങ്ങിയ കലാ‍രംഗത്തെ പ്രശസ്തരാണ് ഉപദേശകസമതിയില്‍ അംഗങ്ങളായിരിക്കുന്നത്. മാസികയുടെ ഗ്രാഫിക്സ്, ലേ-ഔട്ട് എന്നീ സംഗതികള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ad▪venture എന്ന കമ്പനിയാണെന്നും കാണുന്നു. ഇങ്ങനെയെല്ലാമായ ‘കൂത്തമ്പല’ത്തിന്റെ 2008 ഡിസംബര്‍ ലക്കം പുസ്തകത്തില്‍ എന്റെ മൂന്ന് ചിത്രങ്ങളാണ്, എന്റെ അറിവോ സമ്മതമോയില്ലാതെ, അഞ്ചിടങ്ങളിലായി ഉപയോഗിച്ചിരിക്കുന്നത്.

മോഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍
എന്റെ ഫ്ലിക്കര്‍ ആല്‍ബത്തില്‍, 'അരങ്ങ്' എന്ന വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും; കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ഒരു ചിത്രവുമാണ് ‘കൂത്തമ്പല’ത്തില്‍ എടുത്തുപയോഗിച്ചിരിക്കുന്നത്.

RavanaMandothiriചവറ അപ്പുക്കുട്ടന്‍ പിള്ള എഴുതിയ ‘കളിയരങ്ങിലെ ഹാസ്യാത്മകത’ എന്ന ലേഖനത്തിലാണ് (പേജ് നമ്പര്‍ 20) ഈ ചിത്രം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഉള്ളടക്കം രേഖപ്പെടുത്തിയിരിക്കുന്ന പേജില്‍ ഇത് പാതി മുറിച്ച്, ലംബമായി തിരിച്ചും ഉപയോഗിച്ചിരിക്കുന്നു.

Karavamsathiമുകളില്‍ പറഞ്ഞ ലേഖനത്തിന്റെ മൂന്നാം പേജിലാണ് (പേജ് നമ്പര്‍ 22) ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. മാസികയുടെ പുറംചട്ടയിലും ഈ ചിത്രം കാണാവുന്നതാണ്.

Bali, Naradan & Ravanan in Balivijayam Kathakali.മാസികയുടെ ഇരുപത്തിയൊന്നാം പേജിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ അവസാനമായി ചേര്‍ത്തിരിക്കുന്ന ചിത്രമാണിത്.

Image Plagiarism: Koothampalam Inner Page. തൊണ്ടിയായി ഒരു പേജ് മാത്രം ഇവിടെ ചേര്‍ക്കുന്നു. മൂന്നു ചിത്രങ്ങളും വാട്ടര്‍മാര്‍ക്കോടെയാണ് ഫ്ലിക്കറില്‍ / ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വാട്ടര്‍മാര്‍ക്കുള്ളത്രയും ഭാഗം ക്രോപ്പ് ചെയ്താണ് മാസികയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്നയാളുടെ ഫോട്ടോയാണിതെന്ന് പറയുവാനുള്ള മാന്യതപോലും കാണിച്ചിട്ടുമില്ല. രസകരമായ സംഗതി, തുടര്‍ന്നു വരുന്ന ‘കൃഷ്ണലീല - മാതൃത്വത്തിന്റെ വേദനകള്‍’ എന്ന ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളോടൊപ്പം ഫോട്ടോഗ്രാഫറുടെ പേര് നല്‍കിയിട്ടുണ്ടെന്നതാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ആ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അപ്പോള്‍ കാര്യങ്ങള്‍ വേണ്ടരീതിയില്‍ ചെയ്യുവാന്‍ അറിയായ്കയല്ല. ഫ്ലിക്കറില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ പൊതുസ്വത്താണെന്നാണോ ഇതിന്റെ എഡിറ്റോറിയല്‍ സംഘത്തിലുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നത്!

മാസികയുടെ ഉള്ളടക്കം പേജില്‍ ലഭ്യമായ ഇ-മെയില്‍ വിലാസത്തില്‍ (koothampalam@gmail.com) ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മെയില്‍ ഡിസംബര്‍ 22-ന് അയയ്ക്കുകയുണ്ടായി. ശൈശവകാലം പിന്നിട്ടിട്ടില്ലാത്ത മാസികയാണെങ്കിലും, ചെയ്ത ചെറ്റത്തരം ചൂണ്ടിക്കാണിക്കുമ്പോള്‍ അവഗണിക്കുക എന്ന തന്ത്രം തുടക്കത്തില്‍ തന്നെ വശത്താക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ എന്റേതാണെന്ന് വ്യക്തമാക്കുന്ന ഒരു തിരുത്ത് മാസികയില്‍ പ്രസിദ്ധീകരിക്കുക, ചെയ്ത തെറ്റ് അംഗീകരിക്കുക എന്നീ ആവശ്യങ്ങളായിരുന്നു ഞാന്‍ ഇ-മെയിലില്‍ ആ‍വശ്യപ്പെട്ടിരുന്നത്. കൂടാതെ, ഇനി വരുന്ന ലക്കങ്ങളില്‍ എന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ മറുപടിയൊന്നും തന്നിട്ടില്ലെങ്കിലും, മാന്യമായ സമീപനം ഈ കാര്യത്തില്‍ മാസികയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു. കലാരംഗത്തെ പ്രമുഖരെ ഉപദേശകസമിതിയില്‍ അവരോധിച്ചതിനു ശേഷം, മറ്റുള്ളവരുടെ കലാപ്രകാശനത്തെ മോഷ്ടിച്ചുപയോഗിക്കുന്നത് ‘കൂത്തമ്പല’ത്തിന് ഒട്ടും യോജിച്ചതല്ല; കലാസാംസ്കാരിക മാസികയെന്ന പേരില്‍ പുറത്തിറക്കുമ്പോള്‍ പ്രത്യേകിച്ചും.

UPDATE
ജൂലൈ 2009 ലക്കത്തില്‍ പ്രസ്തുത ചിത്രങ്ങളെടുത്തത് ഞാനാണെന്നും, പേരു രേഖപ്പെടുത്തുവാന്‍ വിട്ടുപോയതില്‍ ഖേദവും ‘കൂത്തമ്പലം’ മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റു മനസിലാക്കിയതിലും തിരുത്തിയതിലും വളരെ നന്ദി.

Description: Koothampalam Plagiarism, Image Theft. Photography Theft by Koothampalam (Koothambalam) Magazine. The magazine used 3 images from my flickr album and my Kathakali blog in 5 instances; without my knowledge or permission, violating copyright terms and conditions. Dr. Leela Omchery, P.K. Narayanan Nambiar, B.D. Dathan etc. are there in the advisory board. Chief Editor: Govindan S. Thampy and Editor: P. Raveendran Nair. Photos by Hareesh N. Nampoothiri aka Haree | ഹരീ.
--

Wednesday, November 12, 2008

ചിത്രചോരണം - മാധ്യമം (പരിണാമം ഒന്ന്)

Image Plagiarism by Madhyamam Weekly - Update 1
മാധ്യമം ദിനപ്പത്രത്തോടൊപ്പം വിതരണം ചെയ്യുന്ന ‘വെളിച്ചം’ സപ്ലിമെന്റിന്റെ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍, ഞാന്‍ ഫ്ലിക്കറില്‍ പബ്ലിഷ് ചെയ്തിരുന്ന ‘നളദമയന്തി’ എന്ന ചിത്രം, എന്റെ അറിവോ സമ്മതമോ കൂടാതെ ഉപയോഗിച്ചതിനെക്കുറിച്ച് ഗ്രഹണത്തില്‍ ഇതിനു മുന്‍പ് എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ചിത്രം വെളിച്ചം സപ്ലിമെന്റിന്റെ മുന്‍പേജില്‍ ഉപയോഗിച്ചിരിക്കുന്നതായാണ് പരസ്യത്തില്‍ നിന്നും മനസിലാവുന്നത്. എന്നാല്‍ ചിത്രം ഉപയോഗിച്ചുവെന്നു കരുതപ്പെടുന്ന വെളിച്ചം സപ്ലിമെന്റ് ഏറെ പ്രയത്നിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഭൂരിപക്ഷം ലൈബ്രറികളിലും മാധ്യമം സ്ഥിരമായി സൂക്ഷിക്കുന്ന ഒരു പത്രമല്ല, സൂക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ സപ്ലിമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കാറുമില്ല. അതിനാല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍‍(അവിടെ മാത്രമല്ല, വെളിച്ചത്തിന്റെ മറ്റ് പരസ്യങ്ങളിലും ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നുവെന്ന് പിന്നീട് കാണുകയുണ്ടായി.) പരസ്യത്തിനായി ചിത്രം ഉപയോഗിച്ചു എന്ന രീതിയിലാണ് ഞാന്‍ ഇതുമായി മുന്‍പോട്ടു പോയത്.

മാധ്യമം ദിനപ്പത്രത്തിലും, വെബ് സൈറ്റിലും ലഭ്യമായ വിവിധ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട് എഴുതിയെങ്കിലും, ഒന്നിനുപോലും മറുപടി ലഭിച്ചില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (06 ആഗസ്റ്റ് 2008) ഷബീര്‍, മാധ്യമത്തിന്റെ പീരിയോഡിക്കത്സ് എഡിറ്റര്‍ വിളിക്കുകയുണ്ടായി. ആദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് അബദ്ധത്തില്‍ വന്ന ഒരു പിഴവാണ്. ഇനിമുതല്‍ ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. (ചെലുത്തിയ ശ്രദ്ധയുടെ കാര്യം ഇവിടെ വായിക്കാം.) ഇതിനു പ്രതിവിധിയായി ഞാന്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ചിത്രം എന്റെയാണ് എന്ന് പത്രത്തില്‍ അതേ സ്ഥാനത്ത് പ്രസിദ്ധപ്പെടുത്തുക, അര്‍ഹമായ പ്രതിഫലം നല്‍കുക എന്നിവയായിരുന്നു. പക്ഷെ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് സാധാരണയായി നടക്കുന്ന, ഒരു ചെറിയ കാര്യമായിരുന്നു. ഞാന്‍ കഷ്ടപ്പെട്ടെടുക്കുന്ന ചിത്രങ്ങള്‍; എന്റെ അറിവോ, അനുമതിയോ കൂടാതെ; എന്റെ ചിത്രമാണെന്നു പോലുമില്ലാതെ എടുത്തുപയോഗിച്ച് ആരെങ്കിലുമൊക്കെ ലാഭം ഉണ്ടാക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലെന്ന് അപ്പോള്‍ തന്നെ ഞാനദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ ആലോചിച്ചതിനു ശേഷം വിളിക്കാം എന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും, പിന്നീട് ഒരു വിവരവുമുണ്ടായില്ല.

കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരുന്നതിനു ശേഷം, എന്റെ സുഹൃത്തു കൂടിയായ ഒരു അഡ്വ. എ.കെ. രാജശ്രീയെ കണ്ട് ഈ കാര്യത്തില്‍ നിയമവിധേയമായി എന്തു ചെയ്യാമെന്ന് അന്വേഷിക്കുകയും, ഈ കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. തീരുമാന പ്രകാരം 22 സെപ്റ്റംബര്‍ 2008 ന് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കുകയുണ്ടായി. വക്കീല്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഒരു മറുപടി നല്‍കണം എന്നായിരുന്നു അതില്‍ ആവശ്യപ്പെട്ടിരുന്നത്. പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവര്‍ മറുപടി തന്നു, പക്ഷെ അത് ഇപ്രകാരമായിരുന്നു: (പ്രസക്തമായ ഭാഗം മാത്രം.)
At the very outset, we would like to inform you that there's absolutely no violation of any kind of copyright law, cyber law by publishing an advertisement as stated in your notice. Moreover it will not attract any provisions of Indian penal code also. We had absolutely no intention, and it's not our policy to plagiarise the work done by your client or anyone else. Please inform your client that we have published the photograph from the collection of our own photographer from his innumerable photo collection and as said it will not attract any kind of copyright law as alleged in your notice. Out advertisement has nothing to do with the watermarked photograph as stated in your notice.
അവര്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം എന്റേതല്ല, അത് അവരുടെ ഒരു ഫോട്ടോഗ്രാഫറുടെ അതിവിശാലമായ ചിത്രശേഖരത്തില്‍ നിന്നും ഉള്ളതാണ്, അത് ഉപയോഗിച്ചതു വഴി അവര്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല എന്നുമാണ് അവരുടെ വാദം. ഈ കേസുമായി മുന്‍പോട്ടു പോയാല്‍; ചിത്രം എന്റേതാണെന്ന് തെളിയിക്കേണ്ടി വരുമെന്നും, തെളിയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നും ഒരു മുന്നറിയിപ്പും ഒടുവിലുണ്ട്. അവരുടെ പ്ലേജറിസം സംബന്ധിച്ച ‘പോളിസി’യെക്കുറിച്ച് ഇതിനോടകം തന്നെ എല്ലാവരും മനസിലാക്കിയിരിക്കുന്നതാണ്. പക്ഷെ, ഫ്ലിക്കറില്‍/ഇന്റര്‍നെറ്റില്‍ ചേര്‍ക്കപ്പെടുന്ന ഫോട്ടോയെല്ലാം അവരുടെ ഫോട്ടോഗ്രാഫറുടെ ചിത്രശേഖരത്തിലേക്കാണ് ചേര്‍ക്കപ്പെടുന്നതെന്നത് പുതിയ അറിവായിരുന്നു.

ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമം (1957, Chapter XIII, സെക്ഷന്‍ 63) ഇങ്ങിനെ പറയുന്നു:
63. Offence of infringement of copyright or other rights conferred by this Act. Any person who knowingly infringes or abets the infringement of-
(a) the copyright in a work, or
(b) any other right conferred by this Act, 125[except the right conferred by section 53A]
126[shall be punishable with imprisonment for a term which shall not be less than six months but which may extend to three years and with fine which shall not be less than fifty thousand rupees but which may extend to two lakh rupees.

ചിത്രം ഫ്ലിക്കറില്‍ ചേര്‍ക്കുവാനായി ക്രോപ്പ് ചെയ്ത ഭാഗമാണ് മഞ്ഞ നിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ ചിത്രത്തിന്റെ ബാക്ക്‍ഗ്രൌണ്ട് പൂര്‍ണ്ണമായും കറുപ്പിക്കുകയും; ബ്രൈറ്റ്നെസ്, കോണ്‍‌ട്രാസ്റ്റ്, വൈറ്റ് ബാലന്‍സ് എന്നിവ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. പരസ്യത്തില്‍ ഉപയോഗിക്കുന്നതിനായി മാധ്യമം ക്രോപ്പ് ചെയ്ത ഭാഗമാണ് നീല നിറത്തില്‍ കാണുന്നത്.

എന്നാല്‍ ഇവിടെ, ചിത്രം മോഷ്ടിച്ച് ഉപയോഗിച്ചതും പോരാഞ്ഞ്, യഥാര്‍ത്ഥ ഉടമയുടെ അവകാശം നിഷേധിക്കുകയും ചെയ്തിരിക്കുന്നു. ഒരു പത്രസ്ഥാപനം എന്ന നിലയില്‍ തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് മാധ്യമം സ്വയമൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ മറുപടിയോടെ തങ്ങള്‍ തുടര്‍ന്നും മോഷ്ടിക്കും, നിയമത്തിന് എന്തു ചെയ്യുവാന്‍ കഴിയുമെന്നു കാണട്ടെയെന്ന ധിക്കാരപൂര്‍വ്വമായ നിലപാട് എടുത്തിരിക്കുകയാണ് മാധ്യമം. ഈ ചോദ്യങ്ങള്‍ക്ക് മാധ്യമം ഉത്തരം തന്നേ മതിയാവൂ:
  1. സംഭവവുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ച പീരിയോഡിക്കത്സ് എഡിറ്റര്‍, ഷബീര്‍ എന്തുകൊണ്ട് മോഷണം ആദ്യം അംഗീകരിച്ചു?
  2. 2008 മാര്‍ച്ച് 21-ന് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചിത്രമെങ്ങിനെ ഫ്ലിക്കറില്‍ എനിക്ക് 2007 സെപ്റ്റംബര്‍ 2-ന് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു? അതും ഒരു ന്യൂസ്‌പ്രിന്റില്‍ നിന്നും സ്കാന്‍ ചെയ്യുമ്പോള്‍ ലഭിക്കാവുന്നതിലും കൂടുതല്‍ മികവോടെ!
  3. ഫ്ലിക്കറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രത്തിനാണ് കൂടുതല്‍ വ്യാപ്തിയെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. അതെങ്ങിനെ സാധ്യമായി?
  4. ഇനി അതേ ആംഗിളില്‍, അതേ ലൈറ്റിംഗില്‍, അതേ പൊസിഷനില്‍, അതേ ക്യാമറ സെറ്റിംഗുകളില്‍ മറ്റൊരാള്‍ എടുത്ത ചിത്രമാണ് എന്നാണെങ്കില്‍; അത് ലോകത്തെ എട്ടാമത്തെ അത്ഭുതമായി കരുതേണ്ടി വരും! അങ്ങിനെയെങ്കില്‍, ആരാണ് ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍?
തമ്പ്രാന്‍ പറയുന്നതു കേട്ട് ആരുടെയെങ്കിലുമൊക്കെ കുട്ടികളുടെ പിതൃത്വമേറ്റെടുക്കേണ്ടി വന്നിരുന്ന കുടിയാന്മാരുടെ അവസ്ഥയിലല്ല മാധ്യമത്തിലെ ഫോട്ടോഗ്രാഫര്‍മാരെന്നു കരുതുന്നു. സ്വന്തമായി ജനിപ്പിക്കുവാന്‍ കഴിവില്ലാതെ, അന്യന്റെ മുതല്‍ തന്റേതെന്നു പറയേണ്ട ഗതികെട്ട ഫോട്ടോഗ്രാഫര്‍മാരുണ്ടെങ്കില്‍, അങ്ങിനെയൊരു ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി വേണം മാധ്യമത്തിനിനി കളത്തിലിറങ്ങുവാന്‍. Twilight Fairy എന്ന ഫോട്ടോഗ്രാഫറുടെ ഫ്ലിക്കര്‍ ആല്ബത്തിലെ ചിത്രം മോഷ്ടിച്ച് ഉപയോഗിച്ച Times of India-യുടെ അനുഭവം ഇവിടെ വായിക്കാം. എന്നാല്‍ ചെയ്ത തെറ്റ് അംഗീകരിക്കുവാനും, തിരുത്തുവാനും ടൈംസ് ഓഫ് ഇന്ത്യ തയ്യാറായി. ബോബിന്‍സണ്‍ എന്ന മറ്റൊരു ഫോട്ടോഗ്രഫറുടെ ഫ്ലിക്കര്‍ ആല്ബത്തിലെ ചിത്രം കേരളകൌമുദി മോഷ്ടിക്കുകയും; പിന്നീട് ഒരു തിരുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ രീതിയിലൊരു മാന്യമായ സമീപനം പോലും മാധ്യമം പോലെയുള്ള പത്രങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ചിത്രം മോഷ്ടിക്കുകയും, നിയമത്തിന്റെ മുന്നില്‍ അസത്യപ്രസ്താവന നടത്തുകയും ചെയ്ത മാധ്യമത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എന്നാല്‍ സാധ്യമാവുന്ന നിയമനടപടികളുമായി മുന്നോട്ടു പോവുക തന്നെ വേണമെന്നാണ് കരുതുന്നത്. ഈ കാര്യത്തില്‍ ബ്ലോഗ്, ഫ്ലിക്കര്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

• Flickr Link (English): [http://www.flickr.com/photos/haree/3023433903/]


Description: Madhyamam Plagiarism, Image Theft, Update. Photography Theft by Madhyamam Daily. 'NalaDamayanthi' a photo by Haree; published in 'Velicham' (a supplement along with Madhyamam daily); without my knowledge or permission, violating copyright terms and conditions. Photo by Hareesh N. Nampoothiri aka Haree | ഹരീ.
--

Thursday, August 7, 2008

മാധ്യമം - തുടരുന്ന ചോരണം


മാധ്യമത്തിന്റെ പുതിയ ലക്കത്തിലൂടെ (2008 ആഗസ്റ്റ് 11, പുസ്തകം 11) വെറുതെ ഒന്നു കണ്ണോടിച്ചു. നമ്മുടെ എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടോ എന്നറിയണമല്ലോ! :-) എം.എ. ഷാനവാസ് എന്ന മാന്യദേഹം തന്നെയാണ് കവർ ഡിസൈനർ എന്ന് ഉള്ളിലെ ആദ്യപേജിൽ തന്നെ കാണാം. (കവർ ഡിസൈൻ: ഷാനവാസ് എം.എ.). മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രം ആദ്യം കാണാം. തൂക്കുകയറിന്റെ കറുത്ത ബാക്ക്‌ഗ്രൌണ്ടിലുള്ള ഒരു നല്ല ചിത്രമാണ് കവർപേജിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് എവിടെ നിന്നും ലഭിച്ചു?

ഉത്തരം വളരെ ലളിതം. ഗൂഗിൾ ഇമേജ് സേർച്ചിൽ Noose എന്നോ Hangman's Noose എന്നോ Hang Knot എന്നോ ഒന്ന് തിരഞ്ഞുനോക്കുക. നിങ്ങൾക്ക് ഈ ചിത്രം ലഭിക്കും. ഈ ചിത്രം വളരെയധികം സ്ഥലങ്ങളിൽ കോപ്പിറൈറ്റ് ലംഘനം നടത്തി ഉപയോഗിച്ചിട്ടുണ്ട്. ആരാണ് ഇതിന്റെ യഥാർത്ഥ അവകാശികൾ? ഉത്തരം ഇവിടെ നോക്കിയാൽ ലഭിക്കും. ഇതോ, ഇതോ ആവാം മുഖച്ചിത്രത്തിനായി ഉപയോഗിച്ചത്. ആദം ഹാർട്ട്-ഡേവിസ് എന്ന ഫോട്ടോഗ്രാഫറുടേതാണ് ചിത്രം. Free to download and use! എന്നതിനു ശേഷം ഒരു (c) ലിങ്ക് നൽകിയിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് ഇവിടെ കാണാം. സംക്ഷിപ്തമായി ഇങ്ങിനെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്:
1. If you use our stuff, please link to us to help other people find us.
2. If you make money from using our stuff, share it with us!
3. Don't sell or steal our stuff, or be nasty to us.
4. Don't use our stuff to deceive or mislead others.
5. Thanks very much to our contributors!
6. Please read our privacy policy.
കൂടുതൽ വ്യക്തമായി/വിശദമായി താഴെയുള്ള പാരഗ്രാഫുകളിൽ പറഞ്ഞിട്ടുണ്ട്.

ആദ്യപേജിൽ ഒരു മൈക്രോഫോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നതു കാണാം. “ജനാധിപത്യത്തിലെ കോളനി മര്യാദകൾ” എന്ന കവർസ്റ്റോറിയിലും(പേജ് നമ്പർ 18) ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഇതേ ചിത്രം ഫ്ലിക്കറിൽ ഇവിടെയുണ്ട്. ക്രിയേറ്റീവ് കോമൺസ് ലൈസൻസാണ് ഈ ചിത്രത്തിനും ബാധകം. അതായത് ഈ ചിത്രം എന്തിനെങ്കിലും ഉപയോഗിക്കുന്നെങ്കിൽ; ആരുടെ ചിത്രമാണെന്നത് പ്രതിപാദിച്ചിരിക്കണം, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാടില്ല കൂടാതെ ഈ ചിത്രത്തെ വ്യത്യാസപ്പെടുത്തി ഉപയോഗിക്കുവാനും പാടുള്ളതല്ല.

ഇനി നമുക്ക് വി.കെ. ആദർശ് എഴുതിയ “പൊതുതിരഞ്ഞെടുപ്പിന്റെ ഇന്റർനെറ്റ് യുഗം” എന്ന ലേഖനത്തിലേക്ക് പോവാം. പേജ് നമ്പർ 33-ൽ Emerce എന്ന മാഗസീനുകൾ അടുക്കിയിരിക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം നമുക്ക് ഇവിടെ കാണാം. ഈ ചിത്രവും ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നതാണ്. നഗ്നമായ നിയമലംഘനമാണെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ലല്ലോ! പേജ് നമ്പർ 35-ലേക്ക് എത്താം. "I aAM VoTING OBAMA" എന്നെഴുതിയതിനു കീഴെയായി, ഒരു പട്ടി ജനാലയ്ക്കരികിൽ വന്നു നിൽക്കുന്ന ഒരു ചിത്രം. ആ ചിത്രം ഇവിടെ കാണാം. ഇത് കോപ്പിറൈറ്റ് ഉള്ളതാണ്, മാധ്യമത്തിന് അതൊന്നും ബാധകമല്ല!



എസ്. ശാരദക്കുട്ടിയുടെ “ഒരു മഹാവൃക്ഷത്തിന്റെ ധ്യാനങ്ങൾ” എന്ന ലേഖനത്തിന്റെ മൂന്നാം പേജ്, പേജ് നമ്പർ 39-ൽ ഉപ്പുമാങ്ങ ഭരണികൾ നിരന്നിരിക്കുന്ന ഒരു ചിത്രമുണ്ട്. അത് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രം, കളർ ചിത്രം തന്നെ ഇവിടെ കാണാം.(സൂക്ഷിച്ചു നോക്കൂമ്പോൾ ചിത്രങ്ങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. അതിനാൽ ഈ ചിത്രം അതേപടി കോപ്പി ചെയ്തതാണെന്നു പറയുവാൻ കഴിയുകയില്ല.) "കോടതികളെക്കൊണ്ട് സ്ത്രീകൾക്ക് എന്തു പ്രയോജനം?" എന്ന ലേഖനത്തിൽ, 57-ല് ചേർത്തിരിക്കുന്ന പൂച്ചയുടെ ചിത്രം, അത് ഇവിടെ നിന്നും അടിച്ചുമാറ്റിയതാണ്.

സംശയകരമായ ചിത്രങ്ങൾ വാരികയിൽ അവിടെയും, ഇവിടെയുമൊക്കെ ഇനിയും ഉപയോഗിച്ചിട്ടുണ്ടെങ്കിലും; പെട്ടെന്നുള്ള സേർച്ചിൽ ഗൂഗിൾ, ഫ്ലിക്കർ എന്നിവയിൽ നിന്നും അവയുടെ യഥാർത്ഥ ചിത്രങ്ങളുടെ ലിങ്കുകൾ ലഭിച്ചില്ല. മറ്റ് സൈറ്റുകളും ചിത്രങ്ങൾ മോഷ്ടിക്കുവാനായി പരതുന്നുണ്ടാവാം. മുപ്പതോളം ചിത്രങ്ങളാണ്(ഫോട്ടോഗ്രാഫുകൾ) ഈ ലക്കത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ മുഖചിത്രമുൾപ്പടെ ആറെണ്ണം അഞ്ചെണ്ണം ഇന്റർനെറ്റിൽ നിന്നും കോപ്പിറൈറ്റ് നിയമങ്ങൾ ലംഘിച്ച് എടുത്തുപയോഗിച്ചിട്ടുള്ളവയാണ്. ഇനിയും 10 ചിത്രങ്ങളെങ്കിലും അങ്ങിനെ തന്നെ എടുത്തിരിക്കുവാനാണ് സാധ്യത (ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളിൽ; മാധ്യമത്തിന്റെ ചിത്രങ്ങളും മറ്റുള്ളവയും തമ്മിലുള്ള നിലവാരം താരതമ്യം ചെയ്താൽ അത് മനസിലാവുന്നതാണ്.). ബാക്കിയുള്ളവയിൽ 11 എണ്ണവും രാഷ്ട്രീയ നേതാക്കളുടെ അല്ലെങ്കിൽ വ്യക്തികളുടെ ചിത്രമാണ്. അതായത് ക്രിയേറ്റീവായി മാധ്യമം എടുത്തിരിക്കുവാൻ സാധ്യതയുള്ള ചിത്രങ്ങൾ 3 4 എണ്ണം മാത്രം! കോപ്പിറൈറ്റുള്ള ഈ ആറ്‌ അഞ്ച് ചിത്രങ്ങൾ, അവർ വാണിജ്യാവിശ്യത്തിനായി വാങ്ങുകയാണെങ്കിൽ ഇവർക്കുണ്ടാവുന്ന ചെലവ് എത്രയാണെന്ന് ഒന്നൂഹിച്ചു നോക്കൂ. ഇങ്ങിനെ വാരിക, പത്രം എന്നിവയിൽ കൂടി ഇവർ നടത്തുന്ന നിയമലംഘനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. ഈ ലക്കം ഒരു ഉദാഹരണമായി എടുത്തുവെന്നുമാത്രം.

മാധ്യമം-വെളിച്ചം സപ്ലിമെന്റിന്റെ എഡിറ്റർ എന്നെ വിളിക്കുകയുണ്ടായി. അദ്ദേഹം അവധിയിലാണ്, അതിനാലാണ് പ്രശ്നത്തെക്കുറിച്ച് അറിയുവാൻ വൈകിയത്, തിരികെ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞ് വിളിക്കും എന്നാണ് പറഞ്ഞത്. അറിയാതെ പറ്റിയതാണ് എന്നതാണ് അദ്ദേഹം നൽകിയ വിശദീകരണം. ക്രെഡിറ്റ് നൽകണമെന്ന് പറഞ്ഞിരുന്നതാണ്, വിട്ടുപോയതാണ് എന്നൊരു ന്യായീകരണവുമുണ്ട്! അറിയാതെ പറ്റുന്നതല്ല ഇതെന്ന് മനസിലാക്കിക്കുവാൻ കൂടിയാണ് ഈ പോസ്റ്റ്. കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് ഇത്രയുമൊക്കെ ആരോപണം ഉണ്ടായതിനു ശേഷം ഇറങ്ങിയ ലക്കമാണ് ഇതെന്നത് സംഗതിയുടെ ഗൌരവം കൂട്ടുന്നു. ഞങ്ങൾ തോന്നിയതുപോലെ കോപ്പി ചെയ്യും, ഉപയോഗിക്കുകയും ചെയ്യും; ആരെന്തു ചെയ്യുമെന്നു കാണട്ടെ എന്ന തികഞ്ഞ ധാർഷ്ട്യം മാത്രമാണിത്. എം.എ. ഷാനവാസ് എന്ന ഡിസൈനർ തുടർച്ചയായി കോപ്പിറൈറ്റ് ലംഘനം നടത്തുന്നു എന്നു പറഞ്ഞപ്പോൾ സപ്ലിമെന്റ് എഡിറ്റർ നൽകിയ മറുപടി, അദ്ദേഹം അവിടുത്തെ ഡിസൈനറല്ല, സബ്ബ്-എഡിറ്ററാണത്രേ! കൊള്ളാം, ഇതുപോലെയുള്ളവന്മാരെ തന്നെ സബ്ബ്-എഡിറ്റർമാരാക്കി വെക്കണം. സബ്ബ്-എഡിറ്ററേ മോഷ്ടിച്ചു ഡിസൈൻ ചെയ്യുമ്പോൾ, താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ!!!

ഈ ലക്കം എടുത്തുപയോഗിച്ച ചിത്രങ്ങളുടെയൊന്നും ഉടമസ്ഥന്റെ പേര് വാരികയിലില്ല. ഇവരോടൊക്കെ അനുവാദം വാങ്ങി, അതിനു ശേഷമാണ് ഇവയൊക്കെയും പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും വിശ്വസിക്കുവാൻ വയ്യ. അപ്പോൾ പിന്നെ എനിക്കുമൊരു ചിന്ത - ഞാനുമൊരു വാരിക തുടങ്ങിയാലോ!!!

കടപ്പാട്: ഇവിടെ സ്കാൻ ചെയ്ത് ചേർത്തിരിക്കുന്ന ചിത്രങ്ങളുടെ പൂർണ്ണമായ അവകാശം ‘മാധ്യമം’ വാരികയിൽ നിക്ഷിപ്തമാണ്!!!

Description: Madhyamam Weekly August Issue, Image Plagiarism, Image Theft, Photography Theft, Copyright Infringement, Copyright Violation, Article by Hareesh N. Nampoothiri aka Haree | ഹരീ.
--

Friday, August 1, 2008

ചിത്രചോരണം - മാധ്യമം

Photography Theft by Madhyamam Daily.
അവിചാരിതമായാണ് 2008 മാർച്ച് 24-ലെ മാധ്യമം ആഴ്ചപ്പതിപ്പ് ശ്രദ്ധയിൽ പെട്ടത്. പേജുകൾ വെറുതെ മറിച്ച് ഒടുവിൽ ബാക്ക്കവറിന്റെ അകപേജിലെത്തി. മാധ്യമം ദിനപത്രത്തോടൊപ്പം തിങ്കളാഴ്ചകളിൽ ലഭ്യമാക്കുന്ന ‘വെളിച്ചം’ എന്ന സപ്ലിമെന്റിന്റെ പരസ്യമായിരുന്നു ആ പേജിൽ. അതിൽ സാമ്പിളായി നൽകിയിരുന്ന പത്രത്തിന്റെ താളുകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. ഫ്ലിക്കറിൽ ഞാൻ 2007 സെപ്റ്റംബർ 2-ന്‌ പ്രസിദ്ധീകരിച്ച ഒരു ചിത്രം എന്റെ അറിവോ, സമ്മതമോ കൂടാതെ അതിൽ ഉപയോഗിച്ചിരിക്കുന്നു.

NalaDamayanthiമാധ്യമം പത്രം കോപ്പിറൈറ്റ് പരിരക്ഷ ലംഘിച്ച് ഉപയോഗിച്ച എന്റെ ചിത്രം ഫ്ലിക്കറിൽ ഇവിടെ കാണാം. All rights reserved എന്ന് വ്യക്തമായി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിൽ നൽകിയിട്ടുണ്ട്. കൂടാതെ ചിത്രത്തോടൊപ്പം newnmedia എന്ന എന്റെ ബ്രാൻഡ് നെയിം; ‘അരങ്ങ്’ എന്ന ഫ്ലിക്കർ സെറ്റിന്റെ പേര് എന്നിവ ജലമുദ്രണം (വാട്ടർമാർക്ക്) ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ജലമുദ്രണം വരുന്ന ഭാഗം ഒഴിവാക്കിയാണ് പത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

Picture Theft - Madhyamamഈ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാർച്ച് 24, 2008-നാണ്. എന്റെ ചിത്രം പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പത്രത്തിന്റെ തീയതി വ്യക്തമല്ല. അതിനു തൊട്ടുമുൻപുള്ള പത്രത്തിന്റെ തീയതിയായി കാണുന്നത് മാർച്ച് 3, തിങ്കൾ എന്നാണ്. അതിനാൽ എന്റെ ചിത്രമുപയോഗിച്ചിരിക്കുന്ന പത്രം മാർച്ച് 10 അല്ലെങ്കിൽ മാർച്ച് 17-നാവണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്രത്തിന്റെ കോപ്പി ലഭ്യമാക്കുവാൻ ശ്രമിക്കുന്നുണ്ട്. ലഭിക്കുകയാണെങ്കിൽ അതും ഇവിടെ ചേർക്കുന്നതാണ്.

ജോയുടെ ഒരു ചിത്രം പ്രണത ബുക്ക്സ് അനുവാദമില്ലാതെ എടുത്തുപയോഗിച്ചതിനെ തുടർന്നുണ്ടായ അന്വേഷണം ചെന്നു നിന്നത്(ലിങ്ക് ഒന്ന്, രണ്ട്‍) ഷാനവാസ് എം.എ. എന്ന ഡിസൈനറിലാണ്. അദ്ദേഹമാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രങ്ങൾ ചെയ്യുന്നതെന്നും ആ പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗ് പരിശോധിച്ചാലും ഇക്കാര്യം അറിയാവുന്നതാണ്. മാധ്യമത്തിലെ ഒരു ഡിസൈനർ (ഒരുപക്ഷെ ഷാനവാസ് എം.എ. തന്നെ) ആയിരിക്കണമല്ലോ ഈ പേജും ചെയ്തിരിക്കുന്നത്. ആര് ഡിസൈൻ ചെയ്താലും, ഇവ പ്രസിദ്ധീകരിച്ച മാധ്യമം പബ്ലിക്കേഷനാണ് ഈ നിയമലംഘനങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്തം.

ചിത്രം പകർത്തുന്നയാളുടെ പരിശ്രമങ്ങൾക്കോ, കലാഭിരുചിക്കോ ഒരു മാന്യതയും കല്പിക്കാതെ, നെറ്റിൽ നിന്നും യാതൊരു ഉളുപ്പുമില്ലാതെ ചിത്രങ്ങൾ കട്ടുപയോഗിക്കുന്ന, നാണംകെട്ട ഡിസൈനർമാർ, ഈ തൊഴിൽ രംഗത്തുള്ളവർക്കു തന്നെ അപമാനമാണ്. അതു യാതൊരു മടിയുമില്ലാതെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാവട്ടെ ആസനത്തിൽ കിളുത്ത ആലിന്റെ തണലിൽ ലാഭം കൊയ്യുന്നവരും. ഇനി ആരുടെയൊക്കെ ചിത്രങ്ങൾ ഏതൊക്കെ ലക്കങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടാവുമെന്ന് വരും കാലങ്ങളിൽ പുറത്തുവരുമായിരിക്കാം. ഇന്റർനെറ്റിൽ എന്തെങ്കിലും എഴുതിയിടുന്നുണ്ട്, ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട് എന്നു കരുതി, എല്ലാ മാധ്യമങ്ങളും സ്ഥിരമായി തന്റെയെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നറിയുവാനായി പരിശോധിച്ചുകൊണ്ടിരിക്കുക സാധ്യമല്ലല്ലോ! അല്പം വൈകിയെങ്കിലും, ചിത്രം മോഷ്ടിക്കപ്പെട്ടു എന്നത് ഇവിടെ തുറന്നെഴുതുന്നതിന് വിലയില്ലാതാവുന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പിലും, പത്രത്തിലും ഒരുപോലെ പകർപ്പവകാശനിയമ ലംഘനം തുടർക്കഥയായി ചെയ്തുകൊണ്ടിരിക്കുന്ന ‘മാധ്യമം’ പബ്ലിക്കേഷനെതിരെ എന്റെ പ്രതിഷേധം ശക്തമായി ഇവിടെ രേഖപ്പെടുത്തുന്നു.

Description: Photography Theft by Madhyamam Daily. 'NalaDamayanthi' a photo by me; published in 'Velicham' (a supplement along with Madhyamam daily); without my knowledge or permission, violating copyright terms and conditions. Photo by Hareesh N. Nampoothiri aka Haree | ഹരീ.
--

Monday, April 7, 2008

ജോയുടെ ചിത്രവും പ്ലേജറിസവും

Jo - Flickr Image - Plagiarism - Pranitha Books
ഒന്നുരണ്ട് ആഴ്ചകള്‍ മുന്‍പാണ്, ഇന്ന് കഥകളി അരങ്ങില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മുന്‍‌പന്തിയിലുള്ള ഒരു കലാകാരന്റെ വീട്ടില്‍ പോകുവാന്‍ ഇടയായത്. അവിടെ അദ്ദേഹത്തിന്റെ വേഷത്തിന്റെ മനോഹരമായൊരു സ്റ്റിക്കര്‍ ഭിത്തിയിലൊരിടത്ത് പതിപ്പിച്ചിരിക്കുന്നതു കാണുവാന്‍ കഴിഞ്ഞു. കൌതുകം കൊണ്ട് ഞാന്‍ ചോദിച്ചു: “ഇതാരാണ് പുറത്തിറക്കിയത്?”. “അതറിയില്ല, ഒരു ഉത്സവപ്പറമ്പില്‍ കണ്ടപ്പോള്‍ പത്തുരൂപ നല്‍കി വാങ്ങിയതാണ്.”; ഒരു പരിഭവവുമില്ലാതെ വളരെ സന്തോഷത്തോടു കൂടിയാണ് അദ്ദേഹമതു പറഞ്ഞത്. ആ സ്റ്റിക്കറിലാവട്ടെ ആരിറക്കിയെന്നോ, ആരുടെ ഫോട്ടോയെന്നോ; പോട്ടെ, ആരുടെ വേഷമെന്നോ പോലും എഴുതിയിട്ടുമില്ല! കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ പേരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നാലഞ്ചു പേര്‍ അദ്ദേഹത്തെ അറിയുകയെങ്കിലും ചെയ്യുമായിരുന്നു. ഇതൊന്നുമില്ലാതെയിരുന്നിട്ടും, സ്വന്തം പോക്കറ്റില്‍ നിന്നും കാശുമുടക്കി ആ സ്റ്റിക്കര്‍ വാങ്ങി ചുവരിലൊട്ടിച്ച് സന്തോഷിക്കുന്ന അദ്ദേഹത്തോട് ഒന്നും പറയുവാന്‍ എനിക്കുണ്ടായിരുന്നില്ല.

ഇതിപ്പോളിവിടെ പറയുവാനൊരു കാരണമുണ്ട്. Just Jo എന്ന ബ്ലോഗിന്റെ ഉടമയായ ജോയുടെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ചിത്രം; അദ്ദേഹത്തിന്റെ അനുമതിയില്ലാതെ എടുത്ത് പ്രണത ബുക്സ് എന്ന പബ്ലിഷിംഗ് സ്ഥാപനം, ഒരു പുതിയ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഉപയോഗിച്ചു. അതിനെക്കുറിച്ച് ജോ തന്നെ വിശദമായ ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതുവായിക്കുന്ന ഏതൊരാള്‍ക്കും മനസിലാവും, പ്രണത പബ്ലിക്കേഷന്‍സ് നടത്തിയിരിക്കുന്നത് നഗ്നമായ കോപ്പിറൈറ്റ് ലംഘനമാണെന്നും; ജോ അവര്‍ക്കയച്ച എഴുത്തില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും, ഈ പ്രശ്നം കഴിവതും വേഗം അവസാനിപ്പിക്കുകയും ചെയ്യുകയാണ് കരണീയമെന്നും. എന്നാല്‍ അവിടെ പ്രശ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീരുന്നുണ്ടോ?

പബ്ലിഷ് ചെയ്ത പ്രണത ബുക്ക്സും, തന്റെ ഫോട്ടോ അനുമതിയില്ലാതെ എടുത്തുപയോഗിച്ചതില്‍ എതിര്‍പ്പുള്ള ജോയും, ഒന്നും ആ ഫോട്ടോയിലുള്ള കലാകാരനെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല. ആ വ്യക്തിയുടെ അനുവാദമില്ലാതെ ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ ആ ചിത്രം ഉപയോഗിക്കുവാന്‍ നിയമപരമായി സാധ്യമല്ല. ജോയ്ക്ക് പണം നല്‍കിയാലും പ്രണതയെ സംബന്ധിച്ചിടത്തോളം അവര്‍ ചിത്രമുപയോഗിച്ചത് നിയമാനുസൃതമാവുന്നില്ല. അങ്ങിനെയല്ലാതെയാവണമെങ്കില്‍, ആ കലാകാരന്‍ ജോയ്ക്ക് ആ ചിത്രം ആവശ്യം പോലെ ഉപയോഗിക്കുവാന്‍ അനുവാദം നല്‍കിക്കൊണ്ട് ഒരു മോഡല്‍ റിലീസ് ഫോം ഒപ്പിട്ട് നല്‍കിയിട്ടുണ്ടാവണം; അതിന്റെ കോപ്പി പ്രണതയ്ക്ക് ലഭ്യമായിരിക്കുകയും വേണം. ഒരുപക്ഷെ, തെയ്യം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ എടുത്ത ഒരു ചിത്രമായിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുകയില്ലായിരുന്നു. എന്നാലിത് അണിയറയിലോ മറ്റോ വെച്ച് പ്രത്യേകമായി എടുത്ത ചിത്രമായതിനാലും, ചിത്രത്തിലെ വ്യക്തിക്ക് വളരെ പ്രാധാന്യം ഉള്ളതിനാലും, വ്യക്തിയെ തിരിച്ചറിയുവാന്‍ കഴിയുന്ന രീതിയിലായതിനാലും, പ്രസ്തുത കലാകാരന്റെ അനുമതിയില്ലാതെ ആ ചിത്രം വാണിജ്യപരമായോ, വാണിജ്യേതരമായോ ഉപയോഗിക്കുക സാധ്യമല്ല.

ഇവിടെ ജോ-യുടെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ പോലും ഈ കലാകാരന്റെ പേര് ചേര്‍ത്തിട്ടില്ല എന്നതും ദുഃഖകരമാണ്. ഒരുപക്ഷെ, നാളുകള്‍ക്കു ശേഷമാവും ഈ കലാകാരന്‍ തന്റെ ചിത്രം പ്രിന്റ് ചെയ്തു വന്ന ഈ പുസ്‌തകം കാണുന്നതും; അതിനെക്കുറിച്ചൊന്നുമറിയാതെ പോക്കറ്റില്‍ നിന്നും കാശുമുടക്കി അതുവാങ്ങി വീട്ടില്‍ നിധിപോലെ സൂക്ഷിക്കുന്നതും! ജോയ്ക്ക് ക്രഡിറ്റ് നല്‍കാതെ ജോ-യുടെ ചിത്രമുപയോഗിച്ചത് ജോ-യ്ക്ക് വിഷമമുണ്ടാക്കി. എന്നാല്‍ തന്റെയൊരു ചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ വന്നിരിക്കുന്നു; എന്നാല്‍ തന്റെ പേരോ, തന്റെ വേഷത്തെക്കുറിച്ചോ ഒന്നും എവിടെയും പറഞ്ഞിട്ടുമില്ല്ല! ഇതവരെ എത്രമാത്രം വേദനിപ്പിക്കും? അവിടെയാണ് ഈ കലാകാരന്മാര്‍ വ്യത്യസ്തരാവുന്നത്. തങ്ങളുടെ ചിത്രം ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ അച്ചടിച്ചു വന്നുവല്ലോ എന്നു കരുതി അവര്‍ സന്തോഷിക്കും. ആ സന്തോഷം മാത്രം മതി അവര്‍ക്കെന്നു കരുതി നമ്മളും അവരെ മറക്കും!

ജോയായാലും, പ്രണതയായാലും ഈ പ്രശ്നം പരിഹരിക്കുമ്പോള്‍ ആ കലാകാരനെക്കൂടി ഓര്‍ത്തിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു. കുറഞ്ഞപക്ഷം, ആ പുസ്തകത്തിന്റെ ഒരു കോപ്പി അദ്ദേഹത്തിനയച്ചുകൊടുക്കുവാനുള്ള സന്മനസെങ്കിലും ഉണ്ടാവേണ്ടതാണ്.

പിന്‍‌കുറിപ്പ്: അപ്പോള്‍ മുഖത്തുതേപ്പു ചെയ്ത കലാകാരന്റെ കാര്യമോ? സ്വാഹ!

--

Thursday, March 1, 2007

യാഹൂവിന്റെ ബ്ലോഗ് മോഷണം


യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില്‍ നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. ഇതുവരേയും യാഹൂ, വരുത്തിയ പിഴവ് അംഗീകരിക്കുവാനോ, മോഷണത്തിന് ഇരയായ ബ്ലോഗറോട് ക്ഷമചോദിക്കുവാനോ തയ്യാറായിട്ടില്ല. യാഹൂവിന്റെ ഈ നടപടികള്‍ക്കെതിരെ മാര്‍ച്ച് 5 തിങ്കളാഴ് ബ്ലോഗേഴ്സ് എല്ലാവരും ഒരു പ്രതിഷേധ പോസ്റ്റ് അവരവരുടെ ബ്ലോഗില്‍ ചേര്‍ക്കുന്നു.
പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വിഷയത്തിലൊരു പോസ്റ്റ് ഞാനും ചേര്‍ക്കുന്നു.
എന്താണ് പ്രശ്നം? ‌| ഉത്തരവാദിത്തം ആര്‍ക്ക്? ‌| എങ്ങിനെ പ്രതിഷേധിക്കാം? | എന്തിന് പ്രതിഷേധിക്കണം?
--
കുറിപ്പ്: ഈ ലേഖനത്തിലെ വാചകങ്ങളും, പ്ലേഗറിസത്തിനെതിരായ ലോഗോയും ഉപയോഗിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ചിത്രത്തില്‍ യാതോരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തുവാന്‍ പാടുള്ളതല്ല (വളരെ നിര്‍ബന്ധം) കൂടാതെ ഈ ലോഗോ ഉപയോഗിക്കുന്നവര്‍, സൃഷ്ടാവെന്ന നിലയില്‍ എന്റെ പേരുകൂടി പറയുകയാണെങ്കില്‍ വളരെ സന്തോഷം (നിര്‍ബന്ധമില്ല).
--

കഥ ഇതുവരെ
മാര്‍ച്ച് 13, 2006:
‘സു’വെന്ന് അറിയപ്പെടുവാനാഗ്രഹിക്കുന്ന, സൂര്യഗായത്രി ബ്ലോഗിലൂടെ പരിചിതയായ, കേരളത്തില്‍ നിന്നുള്ള ഒരു വീട്ടമ്മ ‘കറിവേപ്പില’ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ്, തന്‍റെ പാചക പരീക്ഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനായി ആരംഭിക്കുന്നു. “നിങ്ങള്‍ ഇതിനെ കറിവേപ്പില പോലെ തള്ളിക്കളയില്ല” എന്ന വിശ്വാസത്തിലാണ് താന്‍ ഈ ബ്ലോഗ് ആരംഭിക്കുന്നതെന്ന് സ്വാഗതത്തില്‍ തന്നെ സു സൂചിപ്പിക്കുന്നുമുണ്ട്.

ഫെബ്രുവരി 05, 2007:
‘കറിവേപ്പില’ തുടങ്ങി വര്‍ഷം ഒന്നാവുന്നു. ഉള്ളടക്കം കൊണ്ട് ഇതിനോടകം തന്നെ ഈ ബ്ലോഗ് ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ പാചകബ്ലോഗുകളില്‍ എടുത്തുപറയാവുന്ന ഒന്നായി ‘കറിവേപ്പില’ മാറി. എന്നാല്‍ ഈ ദിനം ‘കറിവേപ്പില’യില്‍ വന്നത് പാചകവിധിയായിരുന്നില്ല, ഒരു പരിഭവമായിരുന്നു. ബ്ലോഗിലെ കളവ് എന്ന പേരില്‍ ഒരു പോസ്റ്റ്, യാഹൂ തുടങ്ങിയ മലയാളം പോര്‍ട്ടറില്‍ തന്റെ പാചകക്കുറിപ്പുകള്‍, അതേപടി വന്നതിലുള്ള വിഷമം അതില്‍ സു തുറന്നു പറഞ്ഞു. കൂട്ടത്തില്‍ ഈ രീതിയില്‍ മറ്റാരെങ്കിലും തന്റെ പാചകക്കുറിപ്പുകള്‍ സ്വന്തം സൈറ്റുകളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ എടുത്തു മാറ്റണമെന്ന അറിയിപ്പും.

ഫെബ്രുവരി 10, 2007:
ബ്ലോഗിലെ കളവ് എന്ന പോസ്റ്റിനെ ആധാരമാക്കി ധാരാളം ചര്‍ച്ചകള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ നടന്നു (ബ്ലോഗിലെ കളവ് എന്ന പോസ്റ്റിന്റെ കമന്റ് ഫീഡുകള്‍ നോക്കിയാല്‍ ചര്‍ച്ചയുടെ ഒരു ഏകദേശ ധാരണ ലഭിക്കും.). ഇതിനെ നിസാരമായി തള്ളിക്കളയാതെ, ഭാവിയില്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒരു പ്രശ്നമായിക്കണ്ട്, യാഹൂവിനെ പ്രതിഷേധമറിയിക്കുക എന്ന അഭിപ്രായത്തോട് കൂടുതലാളുകളും യോജിച്ചു. പലരും യാഹൂവിന് ഇതില്‍ പ്രതിഷേധമറിയിച്ച് കത്തെഴുതുകളുമയച്ചു.

ഫെബ്രുവരി 15, 2007:
ഇ-മെയിലിലൂടെ പ്രതിഷേധമറിയിച്ച പലര്‍ക്കും യാഹൂവിന്റെ മറുപടി ലഭിച്ചു. താഴെപ്പറയുന്ന രീതിയിലായിരുന്നൂ അവയൊക്കെയും.
Thank you for writing in to Yahoo! India.

The content and information provided on Yahoo! language websites (urls
are given at the end of this message) are provided by Webdunia.com.
Should you have any concerns on copyright violations, please write in to
copyright@webdunia.com and it will be addressed by the webdunia team.

Regards
Jenny
Customer Care Team
Yahoo! India
ഈ മൊഷണത്തില്‍ തങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്നൂം, മലയാളം പോര്‍ട്ടലിലേക്ക് വേണ്ട കണ്ടന്റുകള്‍ തയ്യാറാക്കുന്നത് വെബ്‍ദുനിയ എന്ന കമ്പനിയാണെന്നും, കോപ്പിറൈറ്റ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും അതുകൊണ്ട് തന്നെ അവര്‍ കൈകാര്യം ചെയ്യും എന്ന നിലപാടായിരുന്നു യാഹൂ കൈക്കൊണ്ടത്. Yahoo! Inc. ലേക്ക് മെയിലയച്ചവര്‍ക്ക് ലഭിച്ച മറുപടി Yahoo! India Inc. മായി ബന്ധപ്പെടുക എന്നായിരുന്നു. Yahoo! India പറഞ്ഞത് വെബ് ദുനിയയെ ബന്ധപ്പെടുവാനും. കോപ്പിയടിക്കപ്പെട്ട കണ്ടന്റ് വന്നത് യാഹൂവിന്റെ പോര്‍ട്ടലിലായതിനാലും കണ്ടന്റ് ലഭ്യമാക്കിയത് വെബ്‍ദുനിയയാണെന്ന് എവിടെയും പ്രകടമായി കാണാത്തതിനാലും Yahoo! India തന്നെയാണ് ഈ മോഷണത്തിന് ഉത്തരവാദി എന്ന നിലപാടില്‍ ബ്ലോഗേഴ്സ് ഉറച്ചു നിന്നു.

ഫെബ്രുവരി 19, 2007:
ബ്ലോഗേഴ്സിന്റെ പ്രതിഷേധം ബ്ലോഗിങ്ങിലൂടെത്തന്നെയാക്കുവാനും, എല്ലാ ബ്ലോഗേഴ്സും ഒരു ദിവസം ഒരുമിച്ച് പ്രതിഷേധിക്കുവാനും തീരുമാനിക്കുന്നു. ജിഞ്ചര്‍ & മാംഗോ എന്ന ബ്ലോഗുടമയാണ് (ഇഞ്ചിപ്പെണ്‍) ഇതിനായി മുന്നിട്ടിറങ്ങിയത്. ഈ പ്രശ്നത്തില്‍ പ്രതിഷേധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ ബ്ലോഗുകളില്‍, പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട് ഒരു പോസ്റ്റ് മാര്‍ച്ച് 5ന്‌ ഇടുക എന്നതാണ് ഉദ്ദേശിക്കുന്നത്. യാഹുവിന്റെ ഈ പ്രശ്നത്തോടുള്ള സമീപനം മാറ്റുക, പറ്റിയത് തെറ്റാണെന്നും അവരും അതിന് ഉത്തരവാദികളാണെന്നും അംഗീകരിക്കുക, ബ്ലോഗേഴ്സിനോട് അതിന്റെ പേരില്‍ മാപ്പപേക്ഷിക്കുക, മോഷണത്തിന് ഇരയായ ബ്ലോഗേഴ്സിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ബ്ലോഗേഴ്സിന്റെ ആവശ്യങ്ങള്‍.

ഫെബ്രുവരി 28, 2007:
വെബ്‍ദുനിയയുടെ സി.ഇ.ഓയുടെ പക്കല്‍ നിന്നും പല ബ്ലോഗേഴ്സിനും ഒരു മെയില്‍ ലഭിക്കുന്നു.
Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website (http://malayalam.yahoo.in/ ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com/

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,
Vinay Chhajlani CEO Webdunia.com (India) Pvt Ltd
മാര്‍ച്ച് രണ്ടിന് ബ്ലോഗേഴ്സിന്റെ പ്രശ്നങ്ങള്‍ അവര്‍ അവരുടെ ബ്ലോഗിലൂടെ കേള്‍ക്കുന്നതും, അതിനവരുടെ മറുപടി അപ്പോള്‍ത്തന്നെ തരുന്നതുമാണെന്നാണ് കത്തിന്റെ ഉള്ളടക്കം.

മാര്‍ച്ച് 2, 2007:
കൈപ്പള്ളി എന്ന ബ്ലോഗറുടെ
Yahoo's Copyright infringement on Malayalam Blog content എന്ന പോസ്റ്റിന് അനുബന്ധമായി കമന്റുകളിലൂടെ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍, വെബ്‍ദുനിയ (അല്ലെങ്കില്‍ വെബ്‍ദുനിയ എന്ന് നടിച്ചിരുന്നയാള്‍) വേഡ്‍പ്രസ്സിലെ ബ്ലോഗ് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.

മാര്‍ച്ച് 5, 2007:
ഇന്ന് പ്രതിഷേധ ദിനം. യാഹൂവിനും പ്ലേഗറിസത്തിനും എതിരായ പോരാട്ടത്തില്‍ നിരവധി ബ്ലോഗര്‍മാര്‍ അണിചേര്‍ന്നു. പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നവരുടെ വിവരങ്ങള്‍ ഇവിടെ കാണാവുന്നതാണ്. ഒരുപക്ഷെ ഈ പ്രതിഷേധം കൊണ്ട് യാഹൂ മുട്ടുകുത്തുകയോ മാപ്പു പറയുകയോ ചെയ്യുകയില്ലായിരിക്കാം, എന്നിരുന്നാലും ഇത്തരം മോഷണങ്ങള്‍ ഇനിയും അരങ്ങേറുവാതിരിക്കുവാനുള്ള ശക്തമായ ഒരു സന്ദേശമായി ഇതുമാറും എന്നതില്‍ സംശയമില്ല.

മാര്‍ച്ച് 7, 2007:
പ്രതിഷേധം - കഥ തുടരുന്നു
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
കോപ്പിറൈറ്റ് വയലേഷന്‍സ്
പ്രതിഷേധിക്കാം അല്ലേ? - കറിവേപ്പില
കടന്നല്‍ക്കൂട്ടത്തില്‍ കല്ലെറിയരുതേ... - വിശ്വബൂലോഗം
കക്കാ‍നും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
രണ്ടായിരത്തിയേഴ് മാര്‍ച്ച് അഞ്ച് പ്രതിഷേധ ദിനം - ഒരു കര്‍ഷകന്‍
കോപ്പിയടിക്കപ്പുറം - സിബു
ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും.. - ആലിഫ്
ബ്ലോഗ് മോഷണം - എന്റെ പ്രതിഷേധം - ശ്രീജിത്ത് കെ
യാഹൂ! ഇന്ത്യയ്‌ക്കെതിരെയുള്ള പകര്‍പ്പവകാശ ലംഘന ആരോപണം - വക്കാരിമഷ്ടാ
എന്റെ പ്രതിഷേധം - ജ്യോതിര്‍മയി
--
ഇവിടെയെഴുതിയിരിക്കുന്നതില്‍ എനിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കമന്റായി ഇടുവാന്‍ താത്പര്യപ്പെടുന്നു.
--