Tuesday, January 16, 2007

നിരര്‍ത്ഥകം

അവളുടെ കവിളുകള്‍ക്ക് ചോരയുടെ മണം
എന്തുകൊണ്ടെനിക്കങ്ങിനെ തോന്നി?
ചോദിച്ചാലതിനുത്തരമില്ല
അടുത്തറിയുവാന്‍ കഴിയാത്ത
അനുഭവങ്ങളുടെ വിയര്‍പ്പുകണങ്ങള്‍
അവളുടെ വരഞ്ഞ കഴുത്തി-
ലെനിക്കു കാണുവാന്‍ കഴിഞ്ഞു
ചിരിക്കുന്ന മുഖത്തെ ഹൃദയത്തുടിപ്പുകള്‍
എന്നെക്കുഴപ്പിക്കുകയായിരുന്നു.
മുടിയുടെ കറുപ്പ് അവളുടെ
മനസിനേയും മൂടിയിട്ടുണ്ടോ?
എന്റെ സംശയത്തിന്റെ അടിസ്ഥാനം
അവളുടെ സംസാരമോ, പെരുമാറ്റമോ?
അവളുടെ കാല്‍ പതിയും ഭൂമിയില്‍
ഒരു മായും നനവ്
ആ നനവിനുമില്ലേ അല്പം ശോണിമ?
എന്റെ ദാഹം ശമിപ്പിക്കുവാന്‍
അത്രയും ജലം മതിയാവുമായിരുന്നില്ല
ഒരു പക്ഷെ, എന്റെ ദാഹം
അതതിദാഹമായിരിക്കാം.
എന്തിനുമേതിനും അനുകൂലാര്‍ത്ഥങ്ങള്‍
മാത്രം കണ്ടെത്തുവാന്‍ ശ്രമിക്കുന്ന
മനുഷ്യരുടെ പതിപ്പുമാത്രമായ
എന്റെ ദാഹം, തീര്‍ച്ചയായും അതതിദാഹമാണ്.
എങ്കിലും ദാഹങ്ങള്‍ എനിക്കിഷ്ടമാണ്
തീവ്രദാഹങ്ങളോട് പ്രേമവും.
നിര്‍വികാരതയുടെ അനന്തമായ
അര്‍ത്ഥങ്ങള്‍ അവളുടെ
മുഖത്തുനിന്നും വായിച്ചെടുക്കുവാന്‍
ഞാന്‍ ശ്രമിക്കാതിരുന്നില്ല,
ഞാന്‍ പരാജയപ്പെടുകയാണോ?
ചിലപ്പോഴൊക്കെ ഞാന്‍ സംശയിച്ചു
അര്‍ത്ഥമില്ലാത്ത സംശയങ്ങള്‍
എന്റെ ഉറക്കം കെടുത്തുന്നതിനു
മുന്പുതന്നെ ഞാനവയെക്കൊല്ലുന്നു.
കൂട്ടത്തില്‍ ഞാനും മരിക്കുന്നു
അര്‍ത്ഥമില്ലാത്ത ഒരു മരണം!!!
--
ഡിസംബര്‍ 10, 2000: എന്റെ ഡയറിയില്‍ നിന്നുതന്നെ മറ്റൊന്നു കൂടി.

5 comments:

  1. എന്റെയൊരു കവിത. ഡയറിയില്‍ നിന്നു തന്നെയാണിതും. നിരര്‍ത്ഥകമായ വര്‍ത്തമാനജീവിതത്തില്‍ നിന്നൊരേടെന്നോ മറ്റോ ഇതിനെപ്പറയാമെന്നു തോന്നുന്നു. നിങ്ങളേവരും വായിച്ച് അഭിപ്രായം പറയുമെന്നു പ്രതീക്ഷിക്കുന്നു...
    --

    ReplyDelete
  2. പ്രിയ ഹരിക്കുട്ടാ..

    വളരെ പ്രതീക്ഷയോടെയാണ്‍ കവിത തേടീ ഇവിടെ എത്തിയതു.
    എന്തായാലും നിരാശനാകേണ്ടിവന്നില്ല!
    കവിത വായിച്ചു.
    ഹരീടെ കൃതികളിലെല്ലാം മരണഗന്ധം!!
    അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.
    മാത്രമല്ല, കവിതപോലെ വരികളുടെ നീളം കുറച്ചു ഗദ്യമെഴുതിയാല്‍ വല്ല ‘ഗദ്യകവിത’എന്നൊ മറ്റൊ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.
    ക്ഷേമാശംസകളോടെ ,
    മുല്ലശ്ശേരി.

    ReplyDelete
  3. കവിത ഇഷ്ടായി. മാഷ് ചോദിച്ചപോലെ ഇതെന്താ കുട്ടാ എല്ലാത്തിലും ഒരു ശോകം? അതോ ശോകമാണൊ കവിതയുടെ സൌന്ദര്യം? അറിയില്ല.

    ReplyDelete
  4. മാഷേ, പ്രതീ:
    ഞാനറിഞ്ഞുകൊണ്ട് മരണത്തേയും ശോകത്തേയും കൂട്ടിക്കൊണ്ടുവരുന്നതല്ല. എഴുതിവരുമ്പോള്‍ അവയുമുണ്ടാവും എന്നു മാത്രം. പക്ഷെ, മരണമെന്നാല്‍ വിരഹമാവാം, സ്നേഹമില്ലായ്മയാവാം, എതിര്‍പ്പാവാം... പിന്നെ മറ്റൊരു കാര്യമുള്ളത് ഞാന്‍ ദുഃഖിതനായിരിക്കുമ്പോഴേ എനിക്കിങ്ങനെയെന്തെങ്കിലുമൊക്കെ എഴുതുവാന്‍ തോന്നാറുള്ളൂ... അതുമൊരു കാരണമാവാം.
    --

    ReplyDelete
  5. ഹായ് ഹരീ....

    കവിത വായിച്ചു.. എനിക്കിഷ്ടമായി നന്നായിട്ടുണ്ട്...
    മാഷും പ്രതിഭയും പറഞ്ഞപോലെ ഒരു ശോക ഭാവം എവിടെയും... പക്ഷെ സന്തോഷത്തെക്കാള്‍ ശോകമാണ് നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്..
    അതുകൊണ്ടാവാം ഹരീയുടെ വരികളില്‍ അവ അറിയാതെ തന്നെ സ്ഥാനം പിടിക്കുന്നത്...

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--