Thursday, November 15, 2007

എമ്പ്രാന്തിരിയും ഓര്‍മ്മയായി...

A Tribute to Kalamandalam Sankaran Embranthiri.
നവംബര്‍ 13, 2007: കഥകളിസംഗീതത്തിലെ ഒരു കാലഘട്ടത്തിന് ഇന്നു തിരശീല വീണു. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി എന്ന കഥകളിസംഗീതജ്ഞന്റെ മരണത്തോടെ എമ്പ്രാന്തിരി - ഹരിദാസ് - ഹൈദരാലി ത്രയത്തിലെ അവസാന കണ്ണിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. കഥകളിസംഗീതത്തെയും അതിലൂടെ കഥകളിയെത്തന്നെയും ജനകീയമാക്കിയതില്‍ ഇവരുടെ പങ്ക് ചെറുതല്ല. കഥകളിയില്‍ ഏവരാലും അവഗണിക്കപ്പെട്ട്, പുറംതിണ്ണയില്‍ കിടന്നിരുന്ന സംഗീതത്തെ, മുന്‍‌നിരയിലേക്ക് കൊണ്ടുവരിക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ യാഥാസ്ഥിതിക ആസ്വാദകരുടേയും കലാകാരന്മാരുടേയും ഘോരമായ എതിര്‍പ്പിനെ, സ്വന്തം പ്രതിഭകൊണ്ട് തിരുത്തി, സംഗീതത്തെ ഉമ്മറത്തെത്തിക്കുക എന്നത്, എമ്പ്രാന്തിരിയുടെ നിയോഗമായിരുന്നു. തന്റെ ജീവിതം കഥകളിസംഗീതത്തിനായി ഉഴിഞ്ഞുവെച്ച് ആ നിയോഗം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്.

വെള്ളയൂര്‍ ഗ്രാ‍മത്തിലെ ജാലനമഠത്തില്‍ കൃഷ്ണന്‍ എമ്പ്രാന്തിരിയുടേയും, അംബിക അന്തര്‍ജ്ജനത്തിന്റേയും മകനായി 1944 സെപ്റ്റംബര്‍ ഏഴിനായിരുന്നു എമ്പ്രാന്തിരിയുടെ ജനനം. 1957-65 കാലഘട്ടത്തില്‍ കലാ‍മണ്ഡലത്തില്‍ ചേര്‍ന്ന അദ്ദേഹം കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കാവുങ്കല്‍ മാധവപ്പണിക്കര്‍, കലാമണ്ഡലം ഗംഗാധരന്‍ തുടങ്ങിയ പ്രമുഖരുടെ ശിക്ഷണത്തില്‍ കഥകളിസംഗീത പഠനം പൂര്‍ത്തിയാ‍ക്കി. 1965 മുതല്‍ 1970 വരെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ കഥകളി സംഗീത അധ്യാപകനായി ജോലി നോക്കി. 1970-ല്‍ ഫാക്ട് കഥകളി വിദ്യാലയത്തില്‍ സംഗീത അധ്യാപകനായി നിയമിതനായി.

കഥകളി സംഗീതത്തിലെന്നതുപോലെ ശാസ്‌‌ത്രീയ സംഗീതത്തിലും തത്പരനായിരുന്നു അദ്ദേഹം. ജി.പി. ഗോവിന്ദ പിഷാരടി, തൃപ്പൂണിത്തുറ ശങ്കരവാര്യര്‍, എം.ആര്‍. പീതാംബര മേനോന്‍ എന്നിവരുടെ കീഴിലായിരുന്നു ശാസ്ത്രീയസംഗീതപഠനം പൂര്‍ത്തിയാക്കിയത് ശാസ്ത്രീയസംഗീതത്തില്‍ നേടിയ അറിവാണ്, കഥകളിസംഗീതത്തില്‍ വേറിട്ടൊരു പാത പരീക്ഷിക്കുവാന്‍ എമ്പ്രാന്തിരിക്ക് നിമിത്തമായത്. വെണ്മണി ഹരിദാസുമായി ചേര്‍ന്ന് കഥകളിപ്പദകച്ചേരി എന്ന രൂപത്തില്‍, കഥകളിപ്പദങ്ങളെ അവതരിപ്പിച്ചു തുടങ്ങിയതും എമ്പ്രാന്തിരിയാണ്. ഇത് കൂടുതല്‍ കലാസ്വാദകരെ കഥകളിയുമായി അടുപ്പിച്ചു. കഥകളിയിലെ സംഗീതം എത്രമാത്രം ഭാവതീവ്രമാക്കാമെന്ന് തെളിയിക്കുകയായിരുന്നു എമ്പ്രാന്തിരി ചെയ്തത്.

കഥകളിസംഗീതത്തിലെ പരിഷ്കരണങ്ങള്‍ ഭൂരിഭാഗം ആസ്വാദകരും സ്വീകരിച്ചുവെങ്കിലും, യാഥാസ്ഥിതിക മനോഭാവം വെച്ചുപുലര്‍ത്തിയിരുന്ന ആസ്വാദകരും കലാകാരന്മാരും ഇതിനെ വിമര്‍ശിച്ചു. കഥകളിസംഗീതം ചിട്ടപ്രധാനമല്ല, ഭാവപ്രധാനമാണ് എന്ന പക്ഷക്കാരനായിരുന്നു എമ്പ്രാന്തിരി. പലപ്പോഴും നടന്റെ മുദ്ര തീര്‍ന്നിട്ടും, പദങ്ങള്‍ എമ്പ്രാന്തിരി ആവര്‍ത്തിച്ചു പാടി. ഒരു നടനെ സംബന്ധിച്ചിടത്തോളം എമ്പ്രാന്തിരി പൊന്നാനി പാടുമ്പോള്‍ അരങ്ങത്ത് പ്രവര്‍ത്തിക്കുക എന്നത് അനായാസമായ ഒരു പക്രിയയായിരുന്നില്ല. സംഗീതത്തിലെ മുഴുവന്‍ സംഗതികളും പുറത്തുവരുന്നതുവരെ എമ്പ്രാന്തിരി പദങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, അത്രയും വിശദമായി മുദ്രകാട്ടുക എന്നതുമാത്രമായിരുന്നു നടന്മാര്‍ക്ക് ചെയ്യുവാനാവുമായിരുന്നത്. കഥകളിയെ സംബന്ധിച്ചിടത്തോളം, നടന്റെ മുദ്രകള്‍ക്കനുസൃതമായാണ് ഗായകര്‍ ആലപിക്കേണ്ടതെങ്കിലും, കഥകളി കാണുന്നതിനേക്കാള്‍ കൂടുതല്‍ എമ്പ്രാന്തിരിയുടെ സംഗീതം കേള്‍ക്കുവാന്‍ ആസ്വാദകര്‍ തത്പരരായതോടെ, എമ്പ്രാന്തിരി നടനനുസരിച്ച് പാടണമെന്ന നിര്‍ബന്ധവും കുറഞ്ഞുവന്നു.

തന്റെ സംഗീതജീവിതത്തിന്റെ അവസാനഘട്ടം എമ്പ്രാന്തിരിക്ക് സുഖകരമായിരുന്നില്ല. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് അവ മാറ്റിവെയ്ക്കേണ്ടി വന്നു, പ്രമേഹരോഗത്തെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചു നീക്കേണ്ടി വന്നു; എമ്പ്രാന്തിരിയുടെ സംഗീത ജീവിതം ഇതോടെ അവസാനിച്ചു എന്ന് ആസ്വാദകര്‍ കരുതിയ ഒന്നിലേറെ മുഹൂര്‍ത്തങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാ‍ല്‍ അപ്പോഴെല്ലാം എമ്പ്രാന്തിരി തിരിച്ചുവന്നു. കഥകളിസംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, ഈ രോഗങ്ങള്‍ക്കൊന്നും കീഴടക്കാവുന്നതായിരുന്നില്ല. കുചേലവൃത്തത്തിലെ ‘അജിത! ഹരേ ജയ!’യും ‘പുഷ്കരവിലോചന!’യും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളായിരുന്നു. തന്നെ സ്വയം കുചേലനായി സങ്കല്പിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പാടിയിരുന്ന അദ്ദേഹത്തിന്റെ ഈ പദങ്ങളിലുള്ളത്രയും ഭക്തി, മറ്റാരുപാടിയാലും ഈ പദങ്ങള്‍ക്ക് ഉണ്ടാവില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഹരിദാസ് കഥകളിയിലെ ഭാവഗായകനും, ഹൈദരാലി കഥകളിയിലെ ലളിതസംഗീതജ്ഞനുമായിരുന്നെങ്കില്‍, എമ്പ്രാന്തിരിക്ക് കഥകളിയിലെ ഭക്തിപ്രധാനമായ പദങ്ങളിലായിരുന്നു താത്പര്യം.

എന്നാല്‍ കുചേലവൃത്തവും സന്താനഗോപാലവും മാത്രമായിരുന്നില്ല അദ്ദേഹത്തില്‍ നിന്നും പ്രേക്ഷകര്‍ ആസ്വദിച്ചത്. നളചരിതം നാലാം ദിവസവും, കീചകവധവും, പൂതനാമോക്ഷവും എല്ലാം മികച്ചവതന്നെയായിരുന്നു. ശങ്കരന്‍ എമ്പ്രാന്തിരി - വെണ്മണി ഹരിദാസ് സഖ്യം പോലെയൊരു കൂട്ടുകെട്ട് കഥകളി സംഗീതത്തില്‍ ഇനിയുണ്ടാവുമോ എന്നതും സംശയമാണ്. ഇവര്‍ തമ്മിലുണ്ടായിരുന്ന ആരോഗ്യകരമായ മത്സരവും കഥകളി സംഗീ‍തത്തെ പോഷിപ്പിച്ചു. സമകാലീനരും അടുത്തസുഹൃത്തുക്കളുമായിരുന്ന ഹരിദാസിന്റേയും ഹൈദരാലിയുടേയും അകാലത്തിലുള്ള വിയോഗം എമ്പ്രാന്തിരിയെ ഏറെ വിഷമിപ്പിച്ചു. അവരോടൊപ്പം ചേരുവാനായി ഒടുവില്‍ അദ്ദേഹവും യാത്രയായി.

കഥകളി സംഗീതത്തിനു നല്‍കിയ സംഭാവനകളെ മാനിച്ച് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരളകലാമണ്ഡലം ഏര്‍പ്പെടുത്തിയ സുവര്‍ണമുദ്ര പുരസ്കാരം (1992), കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2002), സ്വാതിസംഗീത പുരസ്കാരം (2003) എന്നിവയാണ് എടുത്തു പറയേണ്ടവ. അടുത്ത കാലത്ത് അധികമൊന്നും അദ്ദേഹം അരങ്ങത്ത് സജീവമായിരുന്നില്ല. ദേശത്ത്, ഭാര്യ സാവിത്ര അന്തര്‍ജ്ജനവുമൊത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു എമ്പ്രാന്തിരി. സിന്ധു, രശ്മി എന്നിവരാണ് മക്കള്‍. അദ്ദേഹത്തിന്റെ സംഗീതസപര്യയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുതിയ കലാകാരന്മാര്‍ ഇനിയുമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


References:
Leading Lights - Kalamandalam Sankaran Embranthiri
Kathakali Artists - Kalamandalam Sankaran Embranthiri


Keywords: Kalamandalam Sankaran Embranthiri, Tribute, Passed Away, Desam, Kathakali, Musician, Sangeetham, Haridas, Haidarali.
--

6 comments:

 1. എമ്പ്രാന്തിരിയും ഓര്‍മ്മയായി...
  എമ്പ്രാന്തിരിയുടെ വിയോഗം കേവലമൊരു കഥകളി സംഗീതജ്ഞന്റെ മരണമല്ല, കഥകളിസംഗീതത്തിലെ ഒരു കാലഘട്ടത്തിന്റെ വിരാമമാണ്...

  ആദരാഞ്ജലികളോടെ...
  --

  ReplyDelete
 2. കുറച്ചുനാള്‍ മുമ്പ് അദ്ദേഹവുമായുള്ള ഒരു ഇന്റര്‍വ്യൂ ടിവിയില്‍ കണ്ടിരുന്നു. അധികം ടിവിയിലേക്ക് ശ്രദ്ധിക്കാത്ത ഞാന്‍ അതു വളരെ സന്തോഷത്തോടെ കണ്ടിരുന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു.

  ആദരാഞ്ജലികളോടെ,

  ReplyDelete
 3. ആത്മാവിനു നിത്യശാന്തി നേരുന്നു. :(

  ReplyDelete
 4. ആദരാഞ്ജലികള്‍..
  ഈ ഓഡിയോ കാസറ്റ്സും, സി.ഡി. കളും ഒക്ക്കെ ഉണ്ടായൈ തീര്‍ന്നത് എത്ര നന്നായി എന്നൊക്കെ തോന്നിപോകുന്ന നിമിഷങ്ങള്‍...

  ReplyDelete
 5. Pl see my artile on Embranthiri
  in Rediffiland

  http://pgr.rediffiland.com/scripts/xanadu_home_view.php

  Regards
  PGR Nair

  ReplyDelete
 6. Hello,
  Your write up regarding Sri.Embranthiri is very good. His demise is a big loss to Kathakali and Kathakali Sangeetham. At the Intial stage Kalamandalam Subramanian was his sinkidi gayakaan.
  C.Ambujakshan Nair

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--