Saturday, December 29, 2007

ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും - പ്രകാശനം


സുഹൃത്തുക്കളേ,
എന്റെ രണ്ടാമത് പുസ്‌തകം, ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’; ഡിസംബര്‍ 30, ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധിയില്‍ പ്രകാശനം ചെയ്യപ്പെടുന്നു. സി-ഡിറ്റ് മുന്‍.ഡയറക്ടര്‍ ഡോ. അച്ചുത്ശങ്കര്‍ എസ്. നായരാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. പുസ്‌തകം ഏറ്റുവാങ്ങുന്നത് ഐ.ടി@സ്കൂള്‍ ഡയറക്ടര്‍ ശ്രീ. അന്‍‌വര്‍ സാദത്ത്. പു‌സ്തകത്തോടൊപ്പം ലഭ്യമാക്കുന്ന അനുബന്ധ സി.ഡി. ഏറ്റുവാങ്ങുന്നത് സി.സി.എം.എസ്, യൂണിവേഴ്സിറ്റി ഓഫ് കേരള ഡയറക്ടര്‍; ശ്രീ. എം. വിജയകുമാര്‍. പ്രസ്‌തുത ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളേയും വിനീതമായി സ്വാഗതം ചെയ്യുന്നു.

പ്രസ്‌തുത ചടങ്ങിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ചുവടെ:


മലയാളത്തിലിറങ്ങുന്ന കമ്പ്യൂട്ടര്‍ മാഗസീനുകളില്‍ പ്രമുഖസ്ഥാനത്തുള്ള ഇന്‍ഫോകൈരളിയാണ് ഈ പുസ്‌തകത്തിന്റെ പ്രസാധകര്‍. പൂര്‍ണ്ണമായും ബഹുവര്‍ണ്ണ അച്ചടിയില്‍, ഇരുനൂറിലധികം പേജുകളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പു‌സ്തകത്തില്‍ വിവരിച്ചിരിക്കുന്ന വിവിധ ഉദാഹരണങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കുവാനായി, സോഴ്സ്‌ഫയലുകള്‍ അടങ്ങുന്ന ഒരു അനുബന്ധ സി.ഡി.യും പുസ്‌തകത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡോബി ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധിഷ്ഠിതമായാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യുടെ 30ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ സോഫ്റ്റ്‌വെയറും സി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പു‌സ്തകം ഓണ്‍‌ലൈനായി വാങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ വെബ്‌പേജില്‍ അതിനുള്ള സാധ്യത ലഭ്യമാണ്.

ഒരിക്കല്‍ കൂടി ഏവരേയും പു‌സ്തകപ്രകാശനചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്...

സസ്നേഹം
Haree | ഹരീ
Keywords: Photoshop Padanavum Prayogavum, Hareesh N. Nampoothiri, ഹരീഷ് എന്‍. നമ്പൂതിരി, ഇന്‍ഫോകൈരളി, ഇന്‍ഫോ കൈരളി, InfoKairali, Info Kairali, Book Release, NishaGandhi, NisaGandhi, Nisha Gandhi, Nisa Gandhi, Thiruvananthapuram, December 30, 2007.
--

Saturday, December 1, 2007

ഫിലിം ഫെസ്റ്റിവല്‍


പതിനൊന്നുമണിയുടെ ഷോ കഴിഞ്ഞ് തിടുക്കത്തില്‍ തിയേറ്ററിന്റെ പടികളിറങ്ങിയോടുകയായിരുന്നു ഞാന്‍. ഒരുപക്ഷെ, അടുത്ത ചിത്രം കാണുവാനുദ്ദേശിക്കുന്ന തിയേറ്ററിന്റെ അകത്തുകയിറിപ്പറ്റുവാന്‍ സാധിച്ചില്ലെങ്കിലോ എന്ന ടെന്‍ഷനുമുണ്ട്. ഈ തിയേറ്ററിലെ അടുത്ത ചിത്രം കാണുവാനായി ആളുകള്‍ തിരക്കിട്ട് മുകളിലേക്ക് കയറിവരുന്നു. അതിനിടയില്‍ ഒരുവന്‍, എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. ആരാണത്? അല്പനേരം ഞാനും അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി, അവനെ പിന്നിട്ട് ഞാന്‍ പടികളിറങ്ങി. എന്റൊപ്പമുള്ള സൂസന്‍, അതാരാണെന്ന് ചോദിച്ചത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല. തിയേറ്ററിന്റെ കവാടം കടക്കുമ്പോള്‍, അറിയാതെ ഞാന്‍ തിരിഞ്ഞു നോക്കി, അവനവിടെയില്ല.

ഫിലിം ഫെസ്റ്റിവലിലെ ചിത്രങ്ങള്‍ ഇടയ്ക്കൊക്കെ വിരസമായും ഇടയ്ക്കൊക്കെ നന്നായും കടന്നുപൊയി. ഫുഡ്‌ബോള്‍‍ കളികാണുവാന്‍ ആണ്‍‌വേഷം കെട്ടേണ്ടിവരുന്ന ഇറാനിയന്‍ പെണ്‍കുട്ടികളുടെ ഗതികേട് കാട്ടിത്തന്ന ‘ഓഫ്‌സൈഡ്’ കണ്ടുകഴിഞ്ഞപ്പോളാണ് ഞാനിവിടെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില മനസിലാവുന്നത്. സൂസനുമൊത്ത് ഇത്രയും തിരക്കുള്ള തിയേറ്ററുകളില്‍ ഫിലിം ഫെസ്റ്റിവലിനു വരാം, സ്റ്റേഡിയത്തില്‍ ഏതു കളിയും കാണാന്‍ പോവാം, ഇഷ്ടമുള്ള വേഷം ധരിക്കാം. എന്നാലിതൊന്നും പറ്റില്ലെന്നു വരികയും, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നോക്കുവാന്‍ പോലീസിനെ നിര്‍ത്തുകയും ചെയ്താല്‍... ‘ഓഫ്‌സൈഡ്’ കണ്ട് ഇങ്ങനെയോരോന്ന് പറഞ്ഞ് ഞാനും സൂസനും പടികളിറങ്ങുമ്പോഴാണ് മറ്റൊരുവാതിലിലൂടെ ഇറങ്ങിവരുന്ന അവനെ ഞാന്‍ കണ്ടത്. എന്നെ കണ്ടില്ലെന്നു തോന്നുന്നു. എന്നെ നോക്കുമോ എന്നറിയാന്‍ അവനെത്തന്നെ ശ്രദ്ധിച്ചാണ് ഞാന്‍ നടന്നത്. സൂസനത് കണ്ടിരിക്കുമോ?

രാ‍ത്രി ഒരു ഷോകൂടിയുണ്ടെങ്കിലും അതിനു നില്‍ക്കുവാന്‍ കഴിയില്ല. രാത്രിയായാല്‍ പിന്നെ കേരളവും മറ്റൊരു ഇറാനാവും. എന്നിട്ടും രാത്രിയില്‍ ‘ഓള്‍ഗ’ കാണുവാന്‍ നിന്നിരുന്നു കഴിഞ്ഞ പ്രാവശ്യം. അതിനു വീട്ടില്‍ നിന്നു കിട്ടിയ ശകാരത്തിനു കണക്കില്ല. അവര്‍ പറയുന്നതിലും കാര്യമില്ലാതില്ല, ഫിലിം കഴിഞ്ഞ് പാതിരാത്രി പന്ത്രണ്ടര മണിക്ക് സഹപാഠിയെന്നു പറയുന്ന പയ്യന്റെ ബൈക്കില്‍ വന്നിറങ്ങിയാല്‍ നാട്ടുകാരെന്തു പറയും എന്നാണ് അവരുടെ ചോദ്യം. ശരിയല്ലേ, നാട്ടുകാര്‍ക്കെന്താണ് പറഞ്ഞുകൂടാത്തത്. ‘ഓള്‍ഗ’ കാണുന്നതിന്റെ ആവേശം പറഞ്ഞാലാരും മനസിലാക്കണമെന്നില്ലല്ലോ. ഒടുവില്‍, അച്ഛന്‍ വന്ന് “സാരമില്ല, ഇനിയിങ്ങനെ വൈകരുത്.” എന്നു പറഞ്ഞതോടെ അമ്മയും തണുത്തു. ഏതായാലും അതില്‍ പിന്നെ രാത്രിയിലെ ഷോ കാണുവാന്‍ ശ്രമിച്ചിട്ടില്ല. ഒരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ എന്നുമനസില്ലാമനസോടെ ആഗ്രഹിക്കുന്ന ചുരുക്കം ചില അവസരങ്ങളിലൊന്നാണിത്.

ഫിലിം ഫെസ്റ്റിവല്‍ ഒരു വികാരമാണ്. ഫെസ്റ്റിവല്‍ ഐഡി കാര്‍ഡും, തോള്‍ സഞ്ചിയും, ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്കുമൊക്കെയായി കുറേപ്പേര്‍ നമുക്കു ചുറ്റും, അവരിലൊരാളായി നമ്മളും. ചുറ്റും സിനിമയെക്കുറിച്ചുള്ള സംസാരങ്ങള്‍ മാത്രം. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പ്രതീതി. ഈ രാത്രിയില്‍ ഫ്ലൂറസെന്റ് വിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ ഇങ്ങിനെ നടക്കുമ്പോള്‍ മനസുനിറയെ ഒരു ദിവസം കൊണ്ട് നമ്മുടെയാരൊക്കെയോ ആയിത്തീര്‍ന്ന ഒരുപിടി കഥാപാത്രങ്ങള്‍. “ഒന്നു വേഗം വാ, ഒന്‍പതരക്കുള്ള ആ ബസ് കിട്ടിയില്ലെങ്കില്‍ കുരിശാവും...” സൂസന്‍ കൈ വലിച്ച് ഓടിക്കഴിഞ്ഞു. വിചാരങ്ങളെ അതിന്റെ പാട്ടിനുവിട്ട് ഞാനും നടപ്പിന് വേഗം കൂട്ടി.

ഭാഗ്യം, ബസ് സ്റ്റാന്‍ഡില്‍ പിടിച്ചതേയുള്ളൂ. പെട്ടെന്നു തന്നെ കയറിപ്പറ്റി ഒരു സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. അടുത്തു തന്നെ സൂസനും. ആരോ എന്നെ നോക്കുന്നുണ്ടോ? ബസിനുള്ളിലൂടെ ഒന്നു കണ്ണോടിച്ചു, ഇല്ല അവനിവിടെയെങ്ങുമില്ല. സൂസനോടെന്തോ പറയുവാന്‍ തുടങ്ങിയപ്പോഴാണ്, അവളുടെ ചുണ്ടിലൊരു ചിരി. “എന്തേ ഒരു ചിരി?”. ചോദ്യത്തിനു മറുപടി തന്നില്ല, ബസിനു പുറത്തേക്ക് അവള്‍ കൈചൂണ്ടി. ബസുകാത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അതാ, അവന്‍; തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട്.

ബസ് നീങ്ങിത്തുടങ്ങി, അവനവിടെത്തന്നെയുണ്ടായിരുന്നു. അറിയാതെപ്പോഴൊക്കെയോ ഞാനും അവനെ നോക്കിക്കൊണ്ടിരുന്നു. പതിയെ ബസ് സ്റ്റാന്‍ഡ് വിട്ടു. സൂസന്‍ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടില്‍, നാളത്തെ സിനിമകളുടെ വിവരണങ്ങള്‍ വായിച്ചു തന്നുകൊണ്ടിരുന്നു. ഇതു കാണണം, അതു കാണണം എന്നൊക്കെയുള്ള അവളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയെല്ലാം ഒരു മൂളലിലൊതുക്കി. ഞാനൊന്നും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ പുസ്തകം മടക്കി, “അല്ല മോളേ, എന്താ നിന്റെ ഉദ്ദേശം?”. ചോദിച്ച അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒന്നു ചിരിച്ച്, പുറത്ത് പിന്നിലോട്ട് പായുന്ന മരങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. തണുത്ത കാറ്റില്‍ പറന്നുപൊങ്ങുന്ന മുടിയിഴകളെ ഷാളുകൊണ്ട് പുതപ്പിച്ച് സൂസനോട് ചോദിച്ചു, “സൂസന്‍, ആരായിരിക്കും അവന്‍? എന്തിനാണ് അവനിങ്ങനെ നോക്കുന്നത്?”. അവളുച്ചത്തില്‍ പൊട്ടിച്ചിരിച്ചു, ആരൊക്കെയോ തിരിഞ്ഞു നോക്കി. അമളി മനസിലായ അവള്‍ ചിരിയൊതുക്കി, ചെവിയില്‍ രഹസ്യമായി പറഞ്ഞു, “അവനു നിന്നോടു പ്രേമമായിരിക്കും, ആദ്യം കാണുമ്പോഴേ തോന്നുന്ന പ്രേമം, അങ്ങിനെയെന്തോ ഒന്നില്ലേ, അതു തന്നെ... നിനക്കുമില്ലേ അവനോടെന്തോ ഒരു ഇത്...”. ആയിരിക്കുമോ? എനിക്കവനോടും തോന്നുന്നുണ്ടോ പ്രണയം? കണ്ടിട്ട് കുഴപ്പമൊന്നും തോന്നുന്നില്ല, ഒന്നുമില്ലെങ്കിലും സിനിമകളൊക്കെ ഇഷ്ടമുള്ളയാളാണല്ലോ, നാളെയാവട്ടെ, കഴുത്തിലെ ഐഡി നോക്കി അവന്റെ പേരെന്താണെന്ന് ഒന്നു മനസിലാക്കണം.

“എടാ, ഞാനെങ്കില്‍ വെയ്ക്കട്ടെ? ഇനി രാത്രി എന്നോടു മിണ്ടി നിന്റെ ഉറക്കം കളയണ്ട. നാളെ പിന്നെയും ഫിലിം ഫെസ്റ്റിവലിനു തെണ്ടാനിറങ്ങാനുള്ളതല്ലേ?” ഗായത്രി പകുതി കളിയായും പകുതി കാര്യമായും ചോദിച്ചത് അവനെവിടെയോ കൊണ്ടു. “നിനക്ക് ഈ സിനിമ എന്നു പറഞ്ഞാലെന്താണെന്നറിയുമോ? അതറിയാത്തവരോട് ഫെസ്റ്റിവലിനെക്കുറിച്ചു പറഞ്ഞിട്ടെന്തു കാര്യം... വെച്ചോ...” പെട്ടെന്നാണവനോര്‍ത്തത്, അവളുടെ കാര്യം ഗായത്രിയോട് പറഞ്ഞില്ലല്ലോ എന്ന്... “വെയ്ക്കല്ലേ... ഒരു കാര്യം. ഇന്നൊരു പെണ്‍കുട്ടിയെ കണ്ടു, ഫെസ്റ്റിവലിന്. നിന്നെപ്പോലെ തന്നെയിരിക്കും. ഒരു മൂന്നു നാലു പ്രാവശ്യമെങ്കിലും ഞങ്ങള്‍ തമ്മില്‍ കണ്ടു. ഞാനിങ്ങനെ സൂക്ഷിച്ചു നോക്കി കുറച്ചു നേരം നിന്നു. അവളെന്തു വിചാരിച്ചു കാണുമോ ആവോ!”. അപ്പുറത്തുനിന്നും ഒരു അലര്‍ച്ചയായിരുന്നു. “എടാ, അലവലാതി. നീയവിടെ ഫിലിം ഫെസ്റ്റിവലിനെന്നും പറഞ്ഞ് പെണ്‍പിള്ളാരുടെ പിന്നാലെയാണല്ലേ... നീയെന്റെ ലീവ് കളയും... മര്യാദയ്ക്ക് സിനിമ വല്ലോം കാണണമെങ്കില്‍ കണ്ട് വീട്ടില്‍ പൊയ്ക്കോളണം. ഓഫീസീന്ന് ലീവുമെടുത്ത് വായിന്നോട്ടം, കൊള്ളാം...”. “ശരി ശരി... ഉത്തരവു പോലെ...”. ഗുഡ്‌നൈറ്റ് പറഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ അവന്‍ ചിന്തിക്കുകയായിരുന്നു, “ഗായത്രിക്കു പകരം അവളായിരുന്നു എന്റെ കാമുകിയെങ്കില്‍!”.


Keywords: IFFK, IFFK'07, 2007, Film Festival, Short Story, Love, International Film Festival of Kerala, Romance, Romantic, Strangers, Love at First Sight, Festival Memories.
--

Thursday, November 15, 2007

എമ്പ്രാന്തിരിയും ഓര്‍മ്മയായി...

A Tribute to Kalamandalam Sankaran Embranthiri.
നവംബര്‍ 13, 2007: കഥകളിസംഗീതത്തിലെ ഒരു കാലഘട്ടത്തിന് ഇന്നു തിരശീല വീണു. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി എന്ന കഥകളിസംഗീതജ്ഞന്റെ മരണത്തോടെ എമ്പ്രാന്തിരി - ഹരിദാസ് - ഹൈദരാലി ത്രയത്തിലെ അവസാന കണ്ണിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. കഥകളിസംഗീതത്തെയും അതിലൂടെ കഥകളിയെത്തന്നെയും ജനകീയമാക്കിയതില്‍ ഇവരുടെ പങ്ക് ചെറുതല്ല. കഥകളിയില്‍ ഏവരാലും അവഗണിക്കപ്പെട്ട്, പുറംതിണ്ണയില്‍ കിടന്നിരുന്ന സംഗീതത്തെ, മുന്‍‌നിരയിലേക്ക് കൊണ്ടുവരിക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ യാഥാസ്ഥിതിക ആസ്വാദകരുടേയും കലാകാരന്മാരുടേയും ഘോരമായ എതിര്‍പ്പിനെ, സ്വന്തം പ്രതിഭകൊണ്ട് തിരുത്തി, സംഗീതത്തെ ഉമ്മറത്തെത്തിക്കുക എന്നത്, എമ്പ്രാന്തിരിയുടെ നിയോഗമായിരുന്നു. തന്റെ ജീവിതം കഥകളിസംഗീതത്തിനായി ഉഴിഞ്ഞുവെച്ച് ആ നിയോഗം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്.

വെള്ളയൂര്‍ ഗ്രാ‍മത്തിലെ ജാലനമഠത്തില്‍ കൃഷ്ണന്‍ എമ്പ്രാന്തിരിയുടേയും, അംബിക അന്തര്‍ജ്ജനത്തിന്റേയും മകനായി 1944 സെപ്റ്റംബര്‍ ഏഴിനായിരുന്നു എമ്പ്രാന്തിരിയുടെ ജനനം. 1957-65 കാലഘട്ടത്തില്‍ കലാ‍മണ്ഡലത്തില്‍ ചേര്‍ന്ന അദ്ദേഹം കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കാവുങ്കല്‍ മാധവപ്പണിക്കര്‍, കലാമണ്ഡലം ഗംഗാധരന്‍ തുടങ്ങിയ പ്രമുഖരുടെ ശിക്ഷണത്തില്‍ കഥകളിസംഗീത പഠനം പൂര്‍ത്തിയാ‍ക്കി. 1965 മുതല്‍ 1970 വരെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ കഥകളി സംഗീത അധ്യാപകനായി ജോലി നോക്കി. 1970-ല്‍ ഫാക്ട് കഥകളി വിദ്യാലയത്തില്‍ സംഗീത അധ്യാപകനായി നിയമിതനായി.

കഥകളി സംഗീതത്തിലെന്നതുപോലെ ശാസ്‌‌ത്രീയ സംഗീതത്തിലും തത്പരനായിരുന്നു അദ്ദേഹം. ജി.പി. ഗോവിന്ദ പിഷാരടി, തൃപ്പൂണിത്തുറ ശങ്കരവാര്യര്‍, എം.ആര്‍. പീതാംബര മേനോന്‍ എന്നിവരുടെ കീഴിലായിരുന്നു ശാസ്ത്രീയസംഗീതപഠനം പൂര്‍ത്തിയാക്കിയത് ശാസ്ത്രീയസംഗീതത്തില്‍ നേടിയ അറിവാണ്, കഥകളിസംഗീതത്തില്‍ വേറിട്ടൊരു പാത പരീക്ഷിക്കുവാന്‍ എമ്പ്രാന്തിരിക്ക് നിമിത്തമായത്. വെണ്മണി ഹരിദാസുമായി ചേര്‍ന്ന് കഥകളിപ്പദകച്ചേരി എന്ന രൂപത്തില്‍, കഥകളിപ്പദങ്ങളെ അവതരിപ്പിച്ചു തുടങ്ങിയതും എമ്പ്രാന്തിരിയാണ്. ഇത് കൂടുതല്‍ കലാസ്വാദകരെ കഥകളിയുമായി അടുപ്പിച്ചു. കഥകളിയിലെ സംഗീതം എത്രമാത്രം ഭാവതീവ്രമാക്കാമെന്ന് തെളിയിക്കുകയായിരുന്നു എമ്പ്രാന്തിരി ചെയ്തത്.

കഥകളിസംഗീതത്തിലെ പരിഷ്കരണങ്ങള്‍ ഭൂരിഭാഗം ആസ്വാദകരും സ്വീകരിച്ചുവെങ്കിലും, യാഥാസ്ഥിതിക മനോഭാവം വെച്ചുപുലര്‍ത്തിയിരുന്ന ആസ്വാദകരും കലാകാരന്മാരും ഇതിനെ വിമര്‍ശിച്ചു. കഥകളിസംഗീതം ചിട്ടപ്രധാനമല്ല, ഭാവപ്രധാനമാണ് എന്ന പക്ഷക്കാരനായിരുന്നു എമ്പ്രാന്തിരി. പലപ്പോഴും നടന്റെ മുദ്ര തീര്‍ന്നിട്ടും, പദങ്ങള്‍ എമ്പ്രാന്തിരി ആവര്‍ത്തിച്ചു പാടി. ഒരു നടനെ സംബന്ധിച്ചിടത്തോളം എമ്പ്രാന്തിരി പൊന്നാനി പാടുമ്പോള്‍ അരങ്ങത്ത് പ്രവര്‍ത്തിക്കുക എന്നത് അനായാസമായ ഒരു പക്രിയയായിരുന്നില്ല. സംഗീതത്തിലെ മുഴുവന്‍ സംഗതികളും പുറത്തുവരുന്നതുവരെ എമ്പ്രാന്തിരി പദങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, അത്രയും വിശദമായി മുദ്രകാട്ടുക എന്നതുമാത്രമായിരുന്നു നടന്മാര്‍ക്ക് ചെയ്യുവാനാവുമായിരുന്നത്. കഥകളിയെ സംബന്ധിച്ചിടത്തോളം, നടന്റെ മുദ്രകള്‍ക്കനുസൃതമായാണ് ഗായകര്‍ ആലപിക്കേണ്ടതെങ്കിലും, കഥകളി കാണുന്നതിനേക്കാള്‍ കൂടുതല്‍ എമ്പ്രാന്തിരിയുടെ സംഗീതം കേള്‍ക്കുവാന്‍ ആസ്വാദകര്‍ തത്പരരായതോടെ, എമ്പ്രാന്തിരി നടനനുസരിച്ച് പാടണമെന്ന നിര്‍ബന്ധവും കുറഞ്ഞുവന്നു.

തന്റെ സംഗീതജീവിതത്തിന്റെ അവസാനഘട്ടം എമ്പ്രാന്തിരിക്ക് സുഖകരമായിരുന്നില്ല. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് അവ മാറ്റിവെയ്ക്കേണ്ടി വന്നു, പ്രമേഹരോഗത്തെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചു നീക്കേണ്ടി വന്നു; എമ്പ്രാന്തിരിയുടെ സംഗീത ജീവിതം ഇതോടെ അവസാനിച്ചു എന്ന് ആസ്വാദകര്‍ കരുതിയ ഒന്നിലേറെ മുഹൂര്‍ത്തങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാ‍ല്‍ അപ്പോഴെല്ലാം എമ്പ്രാന്തിരി തിരിച്ചുവന്നു. കഥകളിസംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, ഈ രോഗങ്ങള്‍ക്കൊന്നും കീഴടക്കാവുന്നതായിരുന്നില്ല. കുചേലവൃത്തത്തിലെ ‘അജിത! ഹരേ ജയ!’യും ‘പുഷ്കരവിലോചന!’യും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളായിരുന്നു. തന്നെ സ്വയം കുചേലനായി സങ്കല്പിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പാടിയിരുന്ന അദ്ദേഹത്തിന്റെ ഈ പദങ്ങളിലുള്ളത്രയും ഭക്തി, മറ്റാരുപാടിയാലും ഈ പദങ്ങള്‍ക്ക് ഉണ്ടാവില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഹരിദാസ് കഥകളിയിലെ ഭാവഗായകനും, ഹൈദരാലി കഥകളിയിലെ ലളിതസംഗീതജ്ഞനുമായിരുന്നെങ്കില്‍, എമ്പ്രാന്തിരിക്ക് കഥകളിയിലെ ഭക്തിപ്രധാനമായ പദങ്ങളിലായിരുന്നു താത്പര്യം.

എന്നാല്‍ കുചേലവൃത്തവും സന്താനഗോപാലവും മാത്രമായിരുന്നില്ല അദ്ദേഹത്തില്‍ നിന്നും പ്രേക്ഷകര്‍ ആസ്വദിച്ചത്. നളചരിതം നാലാം ദിവസവും, കീചകവധവും, പൂതനാമോക്ഷവും എല്ലാം മികച്ചവതന്നെയായിരുന്നു. ശങ്കരന്‍ എമ്പ്രാന്തിരി - വെണ്മണി ഹരിദാസ് സഖ്യം പോലെയൊരു കൂട്ടുകെട്ട് കഥകളി സംഗീതത്തില്‍ ഇനിയുണ്ടാവുമോ എന്നതും സംശയമാണ്. ഇവര്‍ തമ്മിലുണ്ടായിരുന്ന ആരോഗ്യകരമായ മത്സരവും കഥകളി സംഗീ‍തത്തെ പോഷിപ്പിച്ചു. സമകാലീനരും അടുത്തസുഹൃത്തുക്കളുമായിരുന്ന ഹരിദാസിന്റേയും ഹൈദരാലിയുടേയും അകാലത്തിലുള്ള വിയോഗം എമ്പ്രാന്തിരിയെ ഏറെ വിഷമിപ്പിച്ചു. അവരോടൊപ്പം ചേരുവാനായി ഒടുവില്‍ അദ്ദേഹവും യാത്രയായി.

കഥകളി സംഗീതത്തിനു നല്‍കിയ സംഭാവനകളെ മാനിച്ച് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരളകലാമണ്ഡലം ഏര്‍പ്പെടുത്തിയ സുവര്‍ണമുദ്ര പുരസ്കാരം (1992), കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2002), സ്വാതിസംഗീത പുരസ്കാരം (2003) എന്നിവയാണ് എടുത്തു പറയേണ്ടവ. അടുത്ത കാലത്ത് അധികമൊന്നും അദ്ദേഹം അരങ്ങത്ത് സജീവമായിരുന്നില്ല. ദേശത്ത്, ഭാര്യ സാവിത്ര അന്തര്‍ജ്ജനവുമൊത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു എമ്പ്രാന്തിരി. സിന്ധു, രശ്മി എന്നിവരാണ് മക്കള്‍. അദ്ദേഹത്തിന്റെ സംഗീതസപര്യയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുതിയ കലാകാരന്മാര്‍ ഇനിയുമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


References:
Leading Lights - Kalamandalam Sankaran Embranthiri
Kathakali Artists - Kalamandalam Sankaran Embranthiri


Keywords: Kalamandalam Sankaran Embranthiri, Tribute, Passed Away, Desam, Kathakali, Musician, Sangeetham, Haridas, Haidarali.
--

Saturday, November 3, 2007

മണ്ണാറശാലയിലെ കര്‍ണ്ണശപഥം

2007 നവംബര്‍ 02, വെള്ളി: മണ്ണാറശാല ആയില്യ മഹോത്സവത്തോടനുബന്ധിച്ച്, ഇന്നലെ (2007 നവംബര്‍ 1) രാത്രി കഥകളി അരങ്ങേറി. മാലിയെന്ന വി. മാധവന്‍ നായര്‍ രചിച്ച കര്‍ണ്ണശപഥവും, ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗവുമായിരുന്നു കഥകള്‍. പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ ശാസ്ത്രീയസംഗീത കച്ചേരിക്കും ശേഷം, വളരെ വൈകി രാത്രി പത്തരയോടെയാണ് ആട്ടവിളക്ക് തെളിഞ്ഞത്. എങ്കിലും പുറപ്പാടും ഡബിള്‍ മേളപ്പദവും വിസ്‌തരിച്ചു തന്നെ, ഏതാണ്ട് രണ്ട് മണിക്കൂറോളമെടുത്ത് അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം ശങ്കരവാര്യര്‍‍, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളം; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ട എന്നിങ്ങനെയായിരുന്നു മേളം. പുറപ്പാടും മേളപ്പദവും പാടിയത് പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.

കളിയരങ്ങ് എന്ന പേരില്‍ പുതിയ ഒരു ബ്ലോഗിലേക്ക് ഈ അസ്വാദനം മാറ്റിയിരിക്കുന്നു. ഇവിടെ നിന്നും വായിക്കുക.
--

Wednesday, August 22, 2007

ഓര്‍മ്മകളിലൊരു പൂക്കളം

Onam, Pookkalam, Atham, Kuttikkalam, Childhood, Memory, Memories, Thumpi Mamam, Photo Narayanan, Foto, Thumbi
ഏതൊരു മലയാളിയേയും പോലെ ഓണക്കാലമെന്നാല്‍ എനിക്ക് പൂക്കാലമായിരുന്നു, പൂക്കളമൊരുക്കും കാലമായിരുന്നു. ഓണമെന്നു പറഞ്ഞാല്‍ സദ്യയേക്കാള്‍ മുന്നേ എന്റെ മനസിലേക്കെത്തുക, മുറ്റത്തൊരുക്കുന്ന പൂക്കളത്തിലെ നിറക്കൂട്ടുകളാണ്. മുറ്റത്തും തൊടിയിലും വളരുന്ന ചെമ്പരത്തിയും നന്ദ്യാര്‍വട്ടവും പിന്നെ ചെറിയ ഇലകളുമൊക്കെയൊരുക്കുന്ന നിറച്ചാര്‍ത്ത്. നിറങ്ങളില്‍ വൈവിധ്യം കുറയുമെങ്കിലും, അത്രയും നിറങ്ങള്‍ കൂട്ടിക്കലര്‍ത്തി മുറ്റത്ത് വിരിയിക്കുന്ന പൂക്കളങ്ങളുടെ ഭംഗി, അതൊന്നു വേറേ തന്നെയാണ്.

കുട്ടിക്കാലം മുതലുള്ള ശീലമാണ് ഓണത്തിന് അത്തമിടുക എന്നുള്ളത്. തിരുവോണത്തിനു മാത്രമല്ല പത്തുനാളും പൂവിടല്‍ നിര്‍ബന്ധമായിരുന്നു. അനിയത്തിയും ഞാനും, രാവിലെ ആരെണീറ്റ് പൂവിടും എന്നകാര്യത്തില്‍ തര്‍ക്കമായിരുന്നു. ‘ഞാനിടും, ഞാനിടും’ എന്നല്ല; ‘ഇന്നു നീയിട്, നീയിട്’ എന്നു പറഞ്ഞായിരിക്കുമെന്നു മാത്രം. രാവിലെ എഴുനേറ്റ്, കുളിച്ച് വേണം പൂവിടാനെന്നാണ് അമ്മയുടെ പക്ഷം. രാവിലെ എഴുനേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ എല്ലാവരേയും പോലെ ഞങ്ങള്‍ക്കും അത്ര പഥ്യമായിരുന്നില്ല. ഒടുവില്‍ ഞങ്ങളിലാരെങ്കിലും എഴുനേറ്റ് കുളിച്ച് പൂവിടുവാനെത്തും. വീട്ടില്‍ പുറം ജോലിക്ക് നില്‍ക്കുന്ന ചേച്ചി, തലേ ദിവസത്തെ പൂക്കളൊക്കെ എടുത്തുമാറ്റി, ചാണകം മെഴുകി, പൂക്കളം പൂവിടുവാനായി തയ്യാറാക്കിയിട്ടുണ്ടാവും. ഇനി പൂക്കളം നിറയ്ക്കുവാന്‍ പൂക്കള്‍ ഇറുക്കണം, പിന്നീടത് ഒരുക്കണം. അത് അന്നത്തെ ദിവസം പൂവിടുവാന്‍ എഴുന്നേല്‍ക്കുന്നയാളുടെ ഡ്യൂട്ടിയാണ്.

അങ്ങിനെ ചുറ്റുപാടുമുള്ള കൈയെത്തുന്ന പൂക്കളൊക്കെ ചെറിയ പാത്രത്തില്‍ നുള്ളിയിട്ട് പൂക്കളമിടല്‍ ആരംഭിക്കും. ആദ്യം തുമ്പക്കുടം, മൂന്നു പ്രാവശ്യം, ‘പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ’ എന്നൊക്കെ ചൊല്ലി പൂക്കളത്തിനു നടുവില്‍ വെയ്ക്കും. പിന്നെ, മറ്റ് പൂവുകളുടെ ഇതളുകള്‍ അടര്‍ത്തി തുമ്പക്കുടത്തിനു ചുറ്റും നിരത്തി കളം വലുതാക്കും. ഇന്ന് മത്സരങ്ങളില്‍ കാണുന്നതു പോലെ, ആര്‍ഭാടകരമായ പൂക്കളമൊന്നുമല്ല, വളരെക്കുറച്ച് പൂവുകള്‍ കൊണ്ട് ചെറിയ അത്തപ്പൂക്കളം. പിന്നെ ഒന്നാം ഓണമെങ്കില്‍ ഒരു കുട, രണ്ടാമോണമെങ്കില്‍ രണ്ടു കുട എന്നരീതിയില്‍ പൂക്കുടയും കുത്തും. അത്തമിട്ട് കഴിയുമ്പോഴേക്കും, അന്നേ ദിവസം ഉറങ്ങാന്‍ ഭാഗ്യം സിദ്ധിച്ച ഞാനോ അനിയത്തിയോ ഒരു കൈയില്‍ ചാ‍യഗ്ലാസും മറുകൈയില്‍ പേപ്പറുമായി ഉമ്മറത്തെത്തും. മുകളില്‍ നിന്നൊന്നു നോക്കി, പറയാവുന്ന കുറ്റവും, ഇന്നലെ ഞാനിട്ടത് എത്ര നന്നായിരുന്നു, ഇതെന്തോന്ന് പൂക്കളം, എന്നൊക്കെ പറഞ്ഞ് അന്നേ ദിവസത്തെ രണ്ടാം റൌണ്ട് വഴക്കിടല്‍ ആരംഭിക്കും. ‘ഒന്നു സൌര്യം തരുമോ പിള്ളാരേ...’ എന്ന അമ്മയുടെ അടുക്കളയില്‍ നിന്നുള്ള രോദനം വരും വരെ ഇതങ്ങിനെ തുടരും.

തിരുവോണ ദിവസത്തിലേക്കായുള്ള പൂവിടല്‍, ഉത്രാടത്തിന്റന്നു വൈകുന്നേരമാണ് ചെയ്യുക, അന്നാണ് കാര്യമായ പൂവിടല്‍. ഉത്രാടത്തിന്റന്നു ഊണു കഴിഞ്ഞ് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മുറ്റവും തൊടിയുമൊക്കെ വിട്ട്, അല്പം കാടുപിടിച്ചു കിടക്കുന്ന കാവിന്റെ ഭാഗത്തേക്കാണ് യാത്ര. അവിടെ നിന്നും ‘ശദാവരിപ്പച്ച’ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ചെറിയ ഇലകളോടെ, പഴുതാരയുടെ രൂപം ഓര്‍മ്മിപ്പിക്കുന്ന ശദാവരിയിലകള്‍ അത്തക്കളത്തിലെ കടുംപച്ചനിറത്തിന് പറ്റിയതാ‍ണ്. ചെറിയ ഇലകളായതിനാല്‍, നല്ല ഒതുക്കവും കിട്ടും. മറ്റ് പൂവുകളൊക്കെ ചെറുതായി അരിഞ്ഞാണ് അത്തപ്പൂക്കളത്തില്‍ ഉപയോഗിക്കാറ്‌, പക്ഷെ ഒരു വാടിയഛായ തോന്നും അങ്ങിനെ ചെയ്യുമ്പോള്‍. ശദാവരിക്ക് ആ ദോഷവുമില്ല.

മുള്ളുള്ള ശദാവരിയിലകള്‍ സൂക്ഷിച്ച് ഇറുത്തെടുക്കുകയാണ് അടുത്ത പടി. രണ്ടരമണിക്കൂര്‍ പടം അഞ്ചും ആറും മണിക്കൂറെടുത്തു കാണിക്കുന്ന ടി.വി.ക്കുമുന്നില്‍ ചടഞ്ഞിരുന്നാണ് ഈ പരിപാടി. അന്നൊന്നും ഞാന്‍ ഇന്നത്തെപ്പോലെ ഇറങ്ങുന്ന പടമെല്ലാം ഓടിപ്പോയി കാണുന്ന രീതിയായിരുന്നില്ല. തിയേറ്ററിലൊക്കെ സിനിമ കാണല്‍ വളരെ അപൂര്‍വ്വമായിരുന്നു. നല്ല സിനിമയെന്ന് എല്ലാവരും പറഞ്ഞ്, നാട്ടില്‍ ഞങ്ങള്‍ മാത്രമേ ഇനിയതു കാണാനുള്ളൂ എന്ന അവസ്ഥയെത്തുമ്പോളാവും അച്ഛന്‍ കൊണ്ടുപോവാമെന്ന് അര്‍ദ്ധസമ്മതമെങ്കിലും തരുന്നത്. ഓണം റിലീസുകള്‍ ഓണവും കഴിഞ്ഞ് രണ്ടുമാസമെടുക്കും ഞാന്‍ കാണുവാന്‍, അതും അത്രയും നാള്‍ ആ പടങ്ങള്‍ തിയേറ്ററിലുണ്ടെങ്കില്‍. അങ്ങിനെ സിനിമ എന്നത് ഒരു സ്വപ്നമായി കൊണ്ടുനടന്നിരുന്ന കാലത്ത്, ഉത്രാടദിന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം പരസ്യമുള്‍പ്പടെ കണ്ടു തീര്‍ക്കുക ഒരു ജീവിതാഭിലാഷമായിരുന്നു. അങ്ങിനെ സിനിമയൊക്കെ കണ്ട് പൂവൊക്കെ ഒരുക്കിത്തീര്‍ക്കും.

കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുവാന്‍ തുടങ്ങിയതോടെ, ഈ അത്തപ്പൂക്കളങ്ങള്‍ക്ക് ഒരു ‘ഗ്ലാമര്‍’ പോര എന്ന ചിന്തവന്നു. അങ്ങിനെ നൂറും നൂറ്റമ്പതും രൂപയ്ക്ക് പൂവുമേടിക്കുവാന്‍ തുടങ്ങി. വീട്ടിലുള്ള പൂക്കളോടൊപ്പം ഇത്രയും രൂപയ്ക്കുള്ള പൂവും കൂടിയായപ്പോള്‍, പൂക്കളത്തിന്റെ വലുപ്പവും കൂട്ടാമെന്നായി, രീതിയും മാറ്റാമെന്നായി. മുറ്റത്തിട്ടിരുന്ന പൂക്കളം അങ്ങിനെ തിരുവോണനാളില്‍ മാത്രം കാര്‍പോര്‍ച്ചിലേക്ക് മാറ്റി സ്ഥാപിച്ചു. എന്റെ ആവശ്യമാണല്ലോ പൂക്കളത്തിന്റെ ഗ്ലാമര്‍ കൂട്ടുകയെന്നത്, അതുകൊണ്ട് പൂ‍വൊരുക്കലൊഴികെ മറ്റെല്ലാം എന്റെ തലയിലിട്ട്, അനിയത്തി ഭംഗിയായി ബ്ലോക്ക് ബസ്റ്റര്‍ കണ്ടാസ്വദിച്ചു. മുറ്റത്തുനിന്ന് മണ്ണ് വെട്ടി പോര്‍ച്ചിലിട്ട്, ഈര്‍ക്കിലും നൂലുമൊക്കെ ഉപയോഗിച്ച് വട്ടത്തില്‍ തിട്ടകെട്ടി, ചാണകവെള്ളം തളിച്ച് മെഴുകി, ഒരു ഡിസൈനും വരയ്ക്കുമ്പോഴേക്കും സന്ധ്യയാവും. സിനിമയുടെ ശബ്ദരേഖമാത്രമേ കേള്‍ക്കുവാന്‍ കഴിയൂ എന്ന ദേഷ്യത്തിലാണ് ഞാനിത്രയും ചെയ്യുന്നത്. ഇത്രയൊക്കെ ആവുമ്പോഴേക്കും പൂവൊക്കെ റെഡിയായിരിക്കും. മഞ്ഞയ്ക്ക് മഞ്ഞ ജമന്തി, ഓറഞ്ചിന് ബന്ദി, വയലെറ്റിന് വാടാമുല്ല, റോസിന് അരളി, വെള്ളയ്ക്ക് നന്ദ്യാര്‍വട്ടം അല്ലെങ്കില്‍ മൈസൂര്‍ മുല്ല; അങ്ങിനെ എല്ലാ ഐറ്റംസും റെഡി. സന്ധ്യയാവുമ്പോഴേക്കും തുമ്പിമാമനുമെത്തും.

എന്റെ ഓണവും തുമ്പിമാമനുമായി വല്ലാത്ത ബന്ധമാണ്. ആദ്യം തുമ്പിമാമനെ പരിചയപ്പെടുത്താം. ഞങ്ങളുടെ അയല്പക്കത്തുള്ള പ്രായമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം, മണിയന്‍ പിള്ള എന്നാണ് ശരിക്കുള്ള പേര്. നീണ്ട താടിയും, തലേക്കെട്ടും, കൈയുള്ള ബനിയനും, കാവി മുണ്ടുമൊക്കെയായി ഒരു പ്രത്യേക രൂപമാണ്. കുട്ടിക്കാലത്ത് ഞാന്‍ കാണുമ്പോള്‍ മുതല്‍ അവസാനം വരേയും ഈ രൂപത്തിന്ന്‌ ഒരുമാറ്റവും വന്നിട്ടില്ല, പ്രായം ഫുള്‍‌സ്റ്റോപ്പിട്ടതുപോലെ. തുമ്പിമാമന്‍ എന്ന് ഇദ്ദേഹത്തിനു പേരുവന്നതും ഞാനുമായി ബന്ധപ്പെട്ടാണ്. കുട്ടിക്കാലത്ത് എന്റെ കരച്ചില്‍ നിര്‍ത്തുവാനായി ഇദ്ദേഹം തുമ്പിയെപിടിച്ച് നൂലില്‍ കെട്ടി തരുമായിരുന്നത്രേ, നൂലിന്റെ ഒരറ്റം എന്റെ കൈയില്‍, അങ്ങേയറ്റത്ത് പറക്കുന്ന തുമ്പി, അങ്ങിനെയായിരുന്നത്രേ ഞാന്‍ സന്തോഷിച്ചിരുന്നത്, കുട്ടിക്കാലത്തേ ഒരു ചെറിയ ക്രൂരനായിരുന്നെന്നു സാരം. അങ്ങിനെ ആ പ്രായത്തില്‍ ഞാന്‍ വിളിച്ചു തുടങ്ങിയതാണ് തുമ്പിമാ‍മനെന്ന്, അങ്ങിനെയത് സമപ്രായക്കാരായ പല കുട്ടികളും വിളിച്ചു തുടങ്ങി, പതിയെ മുതിര്‍ന്നവരില്‍ ചിലരും ഉപയോഗിച്ചു തുടങ്ങി. വരയ്ക്കുവാനും, തടിപ്പണിയിലും സാമര്‍ത്ഥ്യമുണ്ടായിരുന്ന അദ്ദേഹമാണ് കുട്ടിക്കാലത്ത് എന്നെ വരയ്ക്കുവാന്‍ പഠിപ്പിച്ച ആദ്യ ഗുരു. തടിയില്‍ കൈവണ്ടിയും, ഉന്തുവണ്ടിയും, ഓണത്തിന് പറത്തുവാന്‍ പല രീതിയിലുള്ള പട്ടങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളതും മറ്റാരുമല്ല. വലിയ സാമ്പത്തിക സ്ഥിതിയിലൊന്നുമല്ലായിരുന്ന എന്റെ വീട്ടില്‍ ഇത്തരം കളിപ്പാട്ടങ്ങളായിരുന്നു ഏറെയും.

തുമ്പിമാ‍മനും എത്തിക്കഴിഞ്ഞാല്‍ ഞങ്ങളുടെ അത്തമിടല്‍ തുടങ്ങുകയായി. അനിയത്തിയുമായുള്ള വഴക്കിടലും, ഞെളിഞ്ഞ് നിന്നുള്ള നിര്‍ദ്ദേശം കൊടുക്കലുമൊക്കെയായി പൂവിടലിന്റെ നേതൃസ്ഥാനം ഞാനങ്ങ് ഏറ്റെടുക്കും. ഇത്രയും മണ്ണുവാരി പൂക്കളമൊരുക്കുവാന്‍ എനിക്കറിയാമെങ്കില്‍, പൂവിടുന്നത് ഞാന്‍ പറയുന്നതുപോലെ മതി എന്ന ഭാവമാണ് എനിക്ക്. ചിലപ്പോഴൊക്കെ അച്ഛന്റെ അനിയന്റെ മക്കളുമുണ്ടാവും തിരുവോണത്തിന്. അവരുടെ മുന്‍പില്‍ ചേട്ടന്‍ കളിക്കുകയും മറ്റൊരു രസം. സിനിമ കാണാന്‍ കഴിയാത്തതിന്റെ നിരാശയും അപ്പോള്‍ തീര്‍ക്കും. അങ്ങിനെ രാത്രി 11-12 മണിയോടെ പൂവിടല്‍ അവസാനിക്കും, അല്ലെങ്കില്‍ അച്ഛന്‍ അവസാനിപ്പിക്കും. ആദ്യത്തെ ഡിസൈനുമായി വലിയ ബന്ധമൊന്നും അവസാ‍നം ഉണ്ടാവാറില്ല. പൂവിന്റെ ലഭ്യതയനുസരിച്ച് ഡിസൈന്‍ ഓരോ ഘട്ടത്തിലും മാറിമാറിവരും. ഒടുവില്‍ പൂ തീരുന്നതോടെ അത്തപ്പൂക്കളവും പൂര്‍ത്തിയാവും. രാവിലെ എഴുനേറ്റ് ആദ്യം ചെയ്യുന്നത് പൂക്കളം കാണുക എന്നതാണ്. പകല്‍ വെളിച്ചത്തില്‍ അത് കാണുമ്പോഴുള്ള സുഖം, അത് കണ്ടുതന്നെ അറിയണം. വീടിന്റെ മുന്നിലൂടെ പോവുന്ന കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഗെയിറ്റിനു മുകളിലൂടെ തലയേന്തി നോക്കുമ്പോള്‍, ഒട്ടൊരു ഗമയോടെ അവരുടെ നോട്ടങ്ങളെ അവഗണിച്ചങ്ങിനെ നില്‍ക്കുമ്പോള്‍, എന്തെന്നറിയാത്ത ഒരു അഭിമാനമായിരുന്നു ഉള്ളില്‍.

പിന്നെയുള്ളത് ഫോട്ടോയെടുപ്പാണ്. ഞങ്ങളുടെ അടുത്ത് താ‍മസിക്കുന്ന പ്രായം ചെന്ന ഒരു ഫോട്ടോഗ്രാഫറുണ്ട്, ഫോട്ടോ നാരായണന്‍ എന്നാണ് അറിയപ്പെടുന്നത്. ക്യാമറ എന്ന് നാട്ടുകാര് കേട്ടുവരുമ്പോഴേക്കും ഫോട്ടോഗ്രാഫറായതിനാലുള്ള ഒരു മേല്‍ക്കൊയ്മ അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങളുടെ അത്തപ്പൂക്കളം ഒരിക്കല്‍ കണ്ടപ്പോള്‍ ഇങ്ങോട്ടു വന്നു ചോദിച്ചു, ഒരു ഫോട്ടോയെടുത്തോട്ടെയെന്ന്. ഏതോ ഒരു പരസ്യത്തില്‍ ഉപയോഗിക്കുവാന്‍ കൊടുക്കുവാനാണത്രേ. കൂട്ടത്തില്‍ ഞങ്ങളേയും ചേര്‍ത്തു നിര്‍ത്തി ഓരോ പടമെടുത്തു, പൂവിടുന്നതായും നോക്കി നില്‍ക്കുന്നതുമായുമൊക്കെ. അതിന്റെ ഓരോ കോപ്പി ഞങ്ങള്‍ക്കും തന്നു. പിന്നീടങ്ങോട്ട് അതുമൊരു പതിവായി. ഞങ്ങളുടെ അത്തപ്പൂക്കളത്തിന്റെ ചിത്രം അദ്ദേഹമെടുക്കും, ഞങ്ങള്‍ക്കും ഫോട്ടോ തരും, പ്രിന്റ് അടിക്കുവാനുള്ള പൈസമാത്രം നല്‍കിയാല്‍ മതി. അദ്ദേഹം ആ പൂക്കളത്തിന്റെ പടം ആര്‍ക്കെങ്കിലുമൊക്കെ കൊടുത്ത് കാശുമേടിക്കൂം, അതിനെ എതിര്‍ക്കരുത്. അതായിരുന്നു കരാര്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം തുമ്പിമാമനും ഫോട്ടോ നാരായണനും മണ്മറഞ്ഞു. കഴിഞ്ഞ ഓണത്തിനു മുന്‍പായിരുന്നു ഇവരുടെ മരണം. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് അത്തമൊരുക്കുവാന്‍ ഒരു ശുഷ്കാന്തിയും തോന്നിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം തിരുവോണനാളിലെ അത്തവും കാര്‍ പോര്‍ച്ചില്‍ നിന്നും മുറ്റത്തൊരു ചെറുവൃത്തത്തിലൊതുങ്ങി. ഇന്ന് പൂക്കളമൊരുക്കുന്നതില്‍ സഹായിക്കുവാന്‍ തുമ്പിമാമനില്ല. അനിയത്തി ഹോസ്റ്റലില്‍ പഠിക്കുന്നു, തിരുവോണത്തിന്റെ പിറ്റേന്ന് പരീക്ഷയായതിനാല്‍ ഓണം ഹോസ്റ്റലില്‍ തന്നെ. അച്ഛന്റെ അനിയന്റെ മക്കള്‍ക്കും പരീക്ഷയുടേയും പഠനത്തിന്റേയും തിരക്കുകള്‍. ഞാന്‍ മാത്രമുണ്ട് ഇവിടെ. ഇന്നെനിക്ക് സ്വന്തമായി ക്യാമറയുണ്ട്, എത്ര ഫോട്ടോ വേണമെങ്കിലും എടുക്കാം. പൂ മേടിക്കുവാന്‍ പണം സ്വന്തമായുണ്ട്, എത്ര പൂവേണമെങ്കിലും മേടിക്കാം. ടി.വി.യിലെ ബ്ലോക്ക് ബ്ലസ്റ്റര്‍ കാണാന്‍ പറ്റില്ലെന്നുള്ള ഖേദമില്ലാതെ പൂക്കളമൊരുക്കാം, കാരണം ഞാന്‍ കാണാത്ത പടം ഒരു ചാനലിലും വരുവാന്‍ സാധ്യതയില്ല. എന്നിട്ടും പൂവിടുവാനുള്ള മനസില്ല, ഒറ്റയ്ക്കിരുന്ന് പൂവിടുന്നതില്‍ എന്തു രസം. ഇന്നത്തെ കുട്ടികള്‍ ഒരുതരത്തില്‍ ഭാഗ്യവാന്മാരാണ്, അവരറിയുന്നില്ല അവരെന്താണ് നഷ്ടപ്പെടുത്തുന്നതെന്ന്. പക്ഷെ, എനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് ഞാനറിയുന്നു, ആ നഷ്ടബോധം നികത്താനുമാവില്ല. ഇനി തിരിച്ചുവരാത്ത കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ അയവിറക്കി, ഞാനുമൊരു പൂക്കളമൊരുക്കും ഇത്തവണയും. മുറ്റത്ത് ഒരു ചെറിയ പൂക്കളം.
--

Keywords: Onam, Pookkalam, Atham, Kuttikkalam, Childhood, Memory, Memories, Thumpi Mamam, Photo Narayanan, Foto, Thumbi
--
കുട്ടിക്കാലത്തെ എന്റെ ഓണങ്ങള്‍ മനോഹരമാക്കിയ ഏവരുടേയും സ്മരണയ്ക്കുമുന്നില്‍ നമിച്ചുകൊണ്ട്...
--