Thursday, May 3, 2007

പ്രാക്ടിക്കല്‍ ലൈഫ്

വളരെ നാളുകള്‍ക്കു ശേഷം ഞാനിന്നാണ് വീണ്ടും അവനെക്കുറിച്ചോര്‍ക്കുന്നത്. പ്രണയത്തിന്റെ നാലഞ്ചുകൊല്ലങ്ങള്‍ക്കു ശേഷം, ഒരു ദിനം നിര്‍ദ്ദാക്ഷണ്യം തന്നെ തള്ളിപ്പറഞ്ഞ്, എങ്ങോട്ടോ മറഞ്ഞതാണ്. അവനോടുള്ള വാശിയില്‍ പിന്നെ ഞാന്‍ അവനെ അന്വേഷിച്ചതുമില്ല, അറിയുവാന്‍ ആഗ്രഹിച്ചതുമില്ല. പക്ഷെ...

വിവാഹത്തിന്റെ തലേന്ന് എത്ര സുന്ദരമായാണ് ഞാനവനെ മറന്നത്. എനിക്ക് വല്ലാത്ത അഹങ്കാരമാ‍യിരുന്നു, അവനെ തോല്പിച്ചതിലുള്ള അഹങ്കാരം, ജീവിതത്തില്‍ ജയിക്കുന്നതിന്റെ അഹങ്കാരം. അവനെന്താണ് എന്നെക്കുറിച്ചു കരുതിയിരുന്നത്, എന്നെ വിട്ടിട്ടുപോയാല്‍, കരഞ്ഞുകൊണ്ട് പിന്നാലെ ചെല്ലുമെന്നോ? അതോ ജീവിതകാലം മുഴുവന്‍ രാധയായി കഴിയുമെന്നോ? കഴുത്തില്‍ താലി വീണപ്പോഴും, ആദ്യരാത്രിയില്‍ കൈകള്‍ക്കുള്ളില്‍ ഞെരിയുമ്പോഴും എന്റെ കണ്ണുകള്‍ തുറന്നുതന്നെയിരുന്നു, വാശിയോടെ ഞാന്‍ അവനെനോക്കി ചിരിക്കുകയായിരുന്നു.

ഇന്ന് ഭര്‍ത്താവിന്റെ കൈ തട്ടിമാറ്റി വശം തിരിഞ്ഞ്, വാപൊത്തി വിങ്ങുമ്പോള്‍... ഞാന്‍ തോറ്റുപോയെന്ന് അവസാനം മനസിലാക്കുമ്പോള്‍... ഇറ്റുവീണ കണ്ണുനീരിന്റെ ചൂടില്‍ മോള്‍ ഉറക്കമുണരുമ്പോള്‍... എന്റെ കണ്ണുകള്‍ ഇപ്പോഴും തുറന്നു തന്നെയിരിക്കുന്നു. പക്ഷെ, അവനെ തോല്‍പ്പിച്ച ചിരിയില്ല, പകരം അവന്റെ സ്നേഹമറിയാതെ പോയ ഇത്രയും വര്‍ഷങ്ങള്‍, അവനെ വെറുത്ത് മനസു ദുഷിപ്പിച്ച എത്രയോ മണിക്കൂറുകള്‍... ഇവയൊന്നും തിരിച്ചെടുക്കുവാനോ തിരുത്തിക്കുറിക്കുവാനോ കഴിയില്ലെന്ന നിസ്സഹായത... അതായിരുന്നു അപ്പോളെന്റെ മുഖത്ത്.

ഇപ്പോഴും സംശയങ്ങള്‍ ബാക്കി... എന്നോടെന്തിനായിരുന്നു അവനത് മറച്ചുവെച്ചത്? ഇതറിഞ്ഞും ഞാനവനെ സ്നേഹിച്ച്, വിവാഹം കഴിക്കുമെന്നു കരുതിയോ? അത്രയും ആത്മാര്‍ത്ഥത എനിക്കുണ്ടോ? പരിഭവിച്ചു മറിഞ്ഞുകിടക്കുന്ന ഭര്‍ത്താവിന്റെ മുടിയിഴകളില്‍ കൈയോടിച്ച്, അയാളിലേക്ക് ചേരുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു...

വൈകുന്നേരം ചന്തയില്‍, ദൂരക്കഴ്ചയില്‍ കണ്ട ഒരു പഴയ സുഹൃത്തിനെ പരിചയം പുതുക്കുവാന്‍ വിളിച്ചു നിര്‍ത്തിയത്, യാദൃശ്ചികമായി വിഷയം അവനിലെത്തിയത്, അവനെ തോല്പിച്ച കഥ ആവേശപൂര്‍വ്വം സുഹൃത്തിനോട് പറഞ്ഞത്, വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അവന്‍ രക്താര്‍ബുദം വന്ന് ഈ ലോകം വെടിഞ്ഞെന്ന വിവരം സുഹൃത്തെന്നോട് പറഞ്ഞത്... നാളെ രാവിലെ ബ്രഡിന്റെയൊപ്പം ജാമോ മുട്ടയോ എന്ന്, നാളെയെന്തുപറഞ്ഞ് ഓഫീസില്‍ നിന്നും നേരത്തേയിറങ്ങണമെന്ന്, വൈകിട്ട് ഷോപ്പിംഗ് കഴിഞ്ഞ് പുറത്തെവിടെനിന്ന് ആഹാരം കഴിക്കണമെന്ന്... ഇങ്ങിനെയൊക്കെ ഓര്‍ത്തോര്‍ത്ത് ഞാനെപ്പോഴോ ഉറങ്ങിപ്പോയി...
--

5 comments:

  1. ഏതു നശിച്ച നേരത്താണോ ഞാനാ പഴയ കൂട്ടുകാരനെ ചന്തയില്‍ കണ്ടുമുട്ടിയത്... തോല്‍പ്പിച്ചെന്നു കരുതിയിരുന്ന ഞാന്‍, തോല്‍ക്കുകയാണെന്നറിയുന്നത് തീരെ സുഖമുള്ള കാര്യമല്ലല്ലോ!

    ബി പ്രാക്ടിക്കല്‍!
    അതൊക്കെ കഴിഞ്ഞ കാലം... കഥ... ശുഭം!
    --

    ReplyDelete
  2. പ്രാക്റ്റിക്കല്‍ ലൈഫ് - നല്ല കഥ. പ്രാക്റ്റിക്കല്‍ ആവാതെ തരമില്ലെന്നുള്ളവരും, ആവാന്‍ വിധിക്കപ്പെട്ടവരും, ഇടയ്ക്കൊരു വിധിയും.

    ReplyDelete
  3. ചാത്തനേറ്: ഹരീ പറയുന്നതു കൊണ്ട് വിഷമം തോന്നരുത് ഇത് പക്കാ സിനിമാക്കഥയാണ്.
    ഒരുപാട് സിനിമകളു കാണുന്നതു കൊണ്ട് ഇത് ഏതൊക്കെ സിനിമേലു വന്ന തീമാണെന്ന് പറയണ്ടല്ലോ?

    കഴിഞ്ഞ പോസ്റ്റുമാതിരി പുതുതായി എന്തേലും കണ്ടുപിടിക്കൂ..

    ReplyDelete
  4. സുവിനോട്,
    ഉം... അങ്ങിനെ കരുതാം... :)

    കുട്ടിച്ചാത്തനോട്,
    സമ്മതിക്കുന്നു, നായകന്റെ കാര്യത്തിൽ. പക്ഷെ നായിക പഴയതാണോ? ഞാൻ കണ്ടിട്ടില്ല... പുതുമ എളുപ്പമല്ലല്ലോ... നന്ദി :)

    അരീക്കോടനോട്,
    നന്ദി :)
    --

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--