Sunday, May 20, 2007

കര്‍ണ്ണശപഥം - ആട്ടക്കഥയ്ക്കൊരു പുതുഭാഷ്യം

കര്‍ണ്ണശപഥം - ആട്ടക്കഥയ്ക്കൊരു പുതുഭാഷ്യം
കഥകളിയില്‍, പുതുതായി എഴുതപ്പെട്ട കഥകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണല്ലോ കര്‍ണ്ണശപഥം. മാലി എന്ന തൂലികാ‍നാമത്തില്‍ അറിയപ്പെടുന്ന വി. മാധവന് നായരാണ് കര്‍ണ്ണശപഥം ആട്ടക്കഥയുടെ രചയിതാവ്. ലളിതമായ മലയാളപദാവലിയില്‍ എഴുതപ്പെട്ടിരിക്കുന്ന ഇതിലെ പദങ്ങള്‍ വളരെയെളുപ്പം മനസിലാവുന്നവയാണ്, അതുകൊണ്ടുതന്നെ ഈ കഥ ഏവര്‍ക്കും പ്രീയപ്പെട്ടതുമായി. ശുദ്ധമലയാളത്തില്‍ എഴുതിയിരിക്കുന്ന ഇതിലെ പദങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗങ്ങളും മനോഹരങ്ങളാണ്. കര്‍ണ്ണനും ദുര്യോധനുമായുള്ള ആത്മബന്ധം, കര്‍ണ്ണനും കുന്തിയുമായുള്ള സമാ‍ഗമം, ദുര്യോധനനുവേണ്ടി എന്നും നിലകൊള്ളുമെന്നുള്ള കര്‍ണ്ണന്റെ ശപഥം എന്നിവയിലൂടെയാണ് കര്‍ണ്ണശപഥം ആട്ടക്കഥയുടെ സഞ്ചാരം. കുന്തി കര്‍ണ്ണനെ കാണുന്നതും, അവര്‍ തമ്മിലുള്ള സംവാദവും വളരെ നാടകീയമായി ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നു. ഇത്രയൊക്കെ ഗുണങ്ങള്‍ ഇതിനുണ്ടെങ്കില്‍ തന്നെയും പോരായ്മകളും ഏറെ ചൂണ്ടിക്കാണിക്കുവാനുണ്ട്.

രംഗങ്ങള്‍ വേര്‍തിരിച്ചിട്ടില്ലാത്തതും ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്താത്തതുമാണ് പ്രധാനപ്പെട്ട ഒരു പോരായ്മ. കഥയുടെ തുടക്കത്തില്‍ ഇപ്പോള്‍ ആലപിക്കാറുള്ള “വീര്യാമ്പുരാശി വിധിവേഷു...” എന്നുതുടങ്ങുന്ന ശ്ലോകം തന്നെ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ഇതുപാടി ദുര്യോധനന്റെ തിരനോട്ടം കഴിഞ്ഞ് തിരശ്ശീല മാറ്റിയാല്‍ പിന്നെ തിരശ്ശീല കഥയുടെ അവസാനമാണ് പിടിക്കുന്നത്. ദുര്യോധനനും ഭാനുമതിയുമായുള്ള ആദ്യരംഗം ശൃംഗാരമല്ല എന്നതും എടുത്തു പറയേണ്ടതാണ്. ദുഃഖിതയായി കാ‍ണപ്പെടുന്ന ഭാനുമതിയോട് കാരണമന്വേഷിച്ചുകൊണ്ടുള്ള ദുര്യോധനന്റെ പദമാണ് ആദ്യം. “കാതര വിലോചനേ, കാതരയാകുവാന്‍...” എന്നു തുടങ്ങുന്ന ഈ പദം, കത്തി വേഷങ്ങളുടെ പ്രഥമ പദങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പാടി രാഗത്തിലുള്ളതുമല്ല. അത്ര പതിഞ്ഞ മട്ടിലല്ലാത്തതിനാലും രാഗം പാടിയല്ലാത്തതിനാലും ഉത്തരാസ്വയംവരത്തിലെ “കല്യാണി കാണ്‍ക, മമ വല്ലഭേ...”യുടേയോ കീചകവധത്തിലെ “മാലിനി രുചിരം, ഗുണശാലിനീ...”യുടേയോ ഗാംഭീര്യം ഇതിനില്ല.


യുദ്ധത്തില്‍ ദുര്യോധനന്‍ വധിക്കപ്പെട്ടാലോ എന്ന ഭയം തന്നിലുണ്ടെന്ന് ഭാനുമതി അറിയിക്കുന്നു. കോപിഷ്ഠനായ ദുര്യോധനന്‍ ഭാനുമതിയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു, പക്ഷെ ഭാനുമതി സമാധാനിക്കുന്നില്ല. ഇവിടെ കര്‍ണ്ണന്‍ രംഗപ്രവേശം ചെയ്യുന്നു. ഭാര്യയും ഭര്‍ത്താവുമായി സംസാരിച്ചിരിക്കുന്നിടത്തേക്ക് കര്‍ണ്ണന്‍, ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്ന രീതിയില്‍,
എങ്ങിനെ പ്രവേശിക്കുവാന്‍ സാധിക്കും? എനിക്കു തോന്നുന്നത്, ഇവിടെ ദുര്യോധനന്‍ ഒരു ദൂതനെ വിളിച്ച് കര്‍ണ്ണനെ ആളയിച്ച് വരുത്തുന്നതായോ മറ്റോ കാണിക്കണമെന്നാണ്‍. കര്‍ണ്ണശപഥം കഥ, കേവലം ഒരു ദിവസം നടക്കുന്നത്താകയാലും, കര്‍ണ്ണന്‍ സ്നാനം കഴിയാതെ എത്തി എന്നുള്ളതിനാലും, അത്യാവശ്യമായി ദുരോധനന്‍ ആളയച്ചുവരുത്തി എന്നതിനല്ലേ കൂടുതല്‍ ഭംഗി? ഭാര്യയെ സമാശ്വസിപ്പിക്കുവാന്‍ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തുമ്പോള്‍, അവര്‍ തമ്മിലുള്ള ആഴം പ്രേക്ഷകര്‍ക്ക് വ്യക്തമാവുകയും ചെയ്യും. കര്‍ണ്ണനോട് ഭാനുമതിയെ ആശ്വസിപ്പിക്കുവാന്‍ പറഞ്ഞ് ദുര്യോധനന്‍ രംഗം വിടുന്നു. കര്‍ണ്ണന്റെ വാക്കുകളാല്‍ ഭയമകന്ന് ഭാനുമതി ഉല്ലാസവതിയാവുന്നു. ഇവിടെയും കര്ണ്ണന്‍ ദുര്യോധനനെ വിളിച്ചു വരുത്തുന്നതായി അഭിനയിക്കാവുന്നതാണ്. ദുര്യോധനന്‍ വെറുതെ പ്രവേശിക്കുന്നത്, പിന്നെയും അനുചിതമാണ്.

സന്തോഷവതിയായ ഭാനുമതിയെക്കണ്ട് ദുര്യോധനന്‍ കര്‍ണ്ണനോട് നന്ദി പറയുന്നു. അപ്പോള്‍ ദുഃശാസനന്‍ വെപ്രാളത്തോടെ എത്തിച്ചേരുന്നു. മന്ത്രിമാരെല്ലാം ആസന്നമായ യുദ്ധത്തെപ്പറ്റി സംസാരിക്കുവാന്‍ തന്ത്രഗൃഹത്തില്‍ തയ്യാറായിരിക്കുന്നു എന്ന് ദുഃശാസനന്‍ ഉണര്‍ത്തിക്കുന്നു. സഭയിലേക്ക് പോകുവാനായി ദുര്യോധനന്‍ കര്‍ണ്ണനേയും വിളിക്കുന്നു. കര്‍ണ്ണന്‍ പറയുന്നു, ഞാന്‍ ഗംഗയില്‍ സ്നാനം നടത്തിയതിനു ശേഷം എത്തിച്ചേര്‍ന്നു കൊള്ളാമെന്ന്.
ഇവിടെ കാര്യമായി ഘടനയില്‍ മാറ്റമുണ്ടാവേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ദുഃശാസനന് ഇവിടെ തിരനോട്ടം നിശ്ചയിച്ചിട്ടില്ല. അത് വേണമെന്നില്ല, ഒഴിവാക്കാം. എന്നാല്‍ ഈ രംഗം മറ്റൊരു രീതിയിലാവുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് എന്റെ അഭിപ്രായം.

ഉല്ലാസവതിയായ ഭാനുമതിയെക്കണ്ട് ദുര്യോധനന്‍ സന്തോഷിക്കുന്നു. സന്തുഷ്ടനായ ദുര്യോധനന്‍ കര്‍ണ്ണനെ യാത്രയാക്കുന്നു. കര്‍ണ്ണനാവട്ടെ, താന്‍ ഗംഗയിലൊന്ന് സ്നാനം കഴിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പോവുന്നു എന്നുപറഞ്ഞ് രംഗം വിടുന്നു. ദുര്യോധനനും ഭാനുമതിയും സംഭാഷണത്തിലേക്ക് കടക്കുന്നു. ഇവിടെ ദുര്യോധനന്‍, കര്‍ണ്ണനോടുള്ള തന്റെ സ്നേഹവും വിശ്വാസവും ഭാനുമതിയോടുള്ള സംഭാഷണത്തിലൂടെ പ്രേക്ഷകരിലെത്തിക്കണം. എങ്കിലേ “അനുജാതരോടു രണം നിനവില്‍ പാപമെങ്കില്‍, ഇനിയെന്നെ വെടിഞ്ഞിടാന്‍ അനുമതി തരുന്നിതാ...” എന്ന് ദുര്യോധനന്‍ അവസാനഭാഗത്ത് പറയുമ്പോള്‍, ദുര്യോധനന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം പ്രേക്ഷകനിലെത്തുകയുള്ളൂ.
മനോധര്‍മ്മാട്ടത്തിനൊടുവിലായി, ദുഃശാസനന്‍ കാണുവാനാഗ്രഹിക്കുന്നുവെന്ന് ദ്വാരപാലകന്‍ അറിയിക്കുന്നതായി ആടി, കാണുവാനുള്ള അനുവാദം കൊടുക്കുന്നു.

ദുഃശാസനന്റെ പദത്തിനു ശേഷം, തന്ത്രഗൃഹത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പായി ദുര്യോധനന്‍ ഗംഗയില്‍ സ്നാനത്തിനായി പോയ കര്‍ണ്ണനെക്കൂടി വിവരം ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവരുവാനായി ദുഃശാസനനോട് പറയുന്നു. അപ്പോള്‍ ദുഃശാസനന്‍, കര്‍ണ്ണനെ വിളിക്കേണ്ട കാര്യമുണ്ടോ, ഇവിടെ കര്‍ണ്ണനെന്ത് പ്രാധാന്യം, എന്നിങ്ങനെ തനിക്ക് കര്‍ണ്ണനോടുള്ള അനിഷ്ടം വെളിവാക്കണം. ദുര്യോധനന്‍ അപ്പോള്‍ പറയണം, തനിക്ക് രക്തബന്ധത്തിലുള്ളവരേക്കാള്‍ വിശ്വാ‍സമാണ് കര്‍ണ്ണനെയെന്ന്. പിന്നീടവസനമുള്ള ദുഃശാസനന്റെ പദത്തില്‍ ചോദിക്കുന്നുണ്ട് “രക്തബന്ധസമ ശക്തിയുള്ളൊരു ബന്ധമേതുള്ളൂ...” എന്നകാര്യം ഓര്‍ക്കുക. കര്‍ണ്ണനും കുന്തിയുമായുള്ള ബന്ധത്തിന്റെ രഹസ്യം “ജേഷ്ഠ കേള്‍ക്കുക സ്പഷ്ടമായി...” എന്ന പദത്തിലൂടെ ദുര്യോധനനെ അറിയിക്കുമ്പോളുള്ള ദുഃശാസനന്റെ ഉത്സാഹം, ഇവിടെ കര്‍ണ്ണനോട് ദുഃശാസനനുള്ള നീരസം വെളിവാക്കുകയാണെങ്കില്‍ മാത്രമേ നീതീകരിക്കപ്പെടുകയുള്ളൂ. അതുപോലെ, ഇപ്പോള്‍ കാണിക്കുന്ന രീതിയില്‍, സഭയിലേക്ക് പുറപ്പെടുന്ന ദുഃശാസനന്‍, എന്തിന് കര്‍ണ്ണന്റെ സ്നാനസ്ഥലത്തെത്തി എന്നും വ്യക്തമാവില്ല. ആ കുറവും ഈ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഇല്ലാതാവുന്നു.


കര്‍ണ്ണന്റെ ജന്മരഹസ്യം അറിഞ്ഞ് ദുഃശാസനന്‍ സഭയിലെത്തി ദുര്യോധനനെ അറിയിക്കുന്ന “ജേഷ്ഠ കേള്‍ക്കുക സ്പഷ്ടമായി...” എന്ന പദം, തുടര്‍ന്നുള്ള ദുര്യോധനന്റെ “ശെട, ശെട, മതിയെട കഠിനം വചനം...” എന്ന മറുപടി പദം എന്നിവ ഒഴിവാക്കുന്നതായിക്കാണുന്നു. ഇവയാടിയാല്‍ തന്നെയും കൂടിപ്പോയാല്‍ പത്തുമിനിറ്റില്‍ താഴെയേ എടുക്കുകയുള്ളൂ. അപ്പോള്‍ പിന്നെ ഇവ ഒഴിവാക്കുന്നതെന്തിനാണ്? അതിനു ശേഷമുള്ള ദുര്യോധനന്റെ പദം “കഥയെല്ലാ‍മറിവായി, പൃഥയുടെ സുതാ സഖേ...” എന്നതും പൂര്‍ണ്ണമായി ആലപിക്കാറില്ല. എന്നാല്‍ ഈ പദങ്ങള്‍ ഒഴിവാക്കി കര്‍ണ്ണന്റെ ശപഥത്തിലേക്ക് പെട്ടെന്നെത്തുമ്പോള്‍, പ്രേക്ഷകന് കര്‍ണ്ണന്റെ വികാരം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. എല്ലാ പദങ്ങള്‍ക്കും ചെറുവേഷങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന് മനസിലാക്കണം. ദുര്യോധനന്റേയും ദുഃശാസനന്റേയു പദങ്ങള്‍ ലോപിപ്പിക്കുക വഴി, കര്‍ണ്ണന്റെ ശപഥത്തിന്റെ ശക്തി കുറയുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അതുപോലെ ആദ്യരംഗം കഴിഞ്ഞ്, അവസാനം വരെ വേഷമഴിക്കാതെയിരിക്കുന്ന കലാകാരന്മാ‍രോടു(ദുര്യോധനനും ദുഃശാസനനും) ചെയ്യുന്ന അനീതികൂടിയാണ് അവര്‍ക്കുള്ള പദം ഒഴിവാക്കുന്നത്. ഈ രീതിയിലുള്ള തിരുത്തലുകള്‍ കര്‍ണ്ണശപഥം ആട്ടക്കഥയില്‍ കൊണ്ടുവരുന്നത് ഉചിതമാവുമെന്ന് ഞാന്‍ കരുതുന്നത്.

ഇവിടെ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അതു കാര്യകാരണസഹിതം ചൂണ്ടിക്കാണിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
--


Keywords: Karnasapatham, Attakkatha, Kalamandalam Gopi, Pacha Vesham, Karnan, Kunthi, Mali, V. Madhavan Nair, Kathakali Play

24 comments:

 1. ലാളിത്യം കൊണ്ടും ശുദ്ധമലയാളം പദങ്ങളുടെ ഭംഗികൊണ്ടും കുറഞ്ഞ കാലയളവില്‍ തന്നെ ഏറെ ശ്രദ്ധനേടിയ ഒരു ആട്ടക്കഥയാണ് കര്‍ണ്ണശപഥം. കുന്തിയും കര്‍ണ്ണനും തമ്മില്‍ കുരുക്ഷേത്രയുദ്ധത്തിനു മുന്നോടിയായി കണ്ടുമുട്ടുന്ന മഹാഭാരതത്തിലെ സന്ദര്‍ഭമാണ് ആട്ടക്കഥയ്ക്ക് ആധാരം. ആട്ടക്കഥയുടെ അവതരണത്തില്‍ ഇപ്പോള്‍ കാണുന്ന ചില അപാകതകള്‍ ഞാനിവിടെ ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിച്ചിരിക്കുന്നു. തെറ്റുകളുണ്ടാവാം, ഇതിനെക്കുറിച്ച് അറിവും താത്പര്യവുമുള്ളവര്‍ പിഴവുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ താത്പര്യപ്പെടുന്നു.
  --

  ReplyDelete
 2. ഹരി പറയുന്നതെല്ലാം അതിന്റെ അവതരണ രീതിയെക്കുറിച്ചാ‍്ണ്. പക്ഷെ ഈ കഥക്ക്‌ സാങ്കേതികമായി തന്നെ മറ്റൂ‍ൂകുറവുകളുണ്ട്‌. ഒരു നാ‍ായകനെ ഉണ്ടാക്കുവാന്‍ മാലിക്ക് കഴിഞിട്ടില്ല എന്നാണെന്റെ തോന്നല്‍. പാട്ടിന്റെഭാഷ അതിലളിതമായി, സിനിമാപ്പാട്ടായി! കഥകളിയൂടെ അടിസ്ഥാന ഘടനയില്‍ ന്നിന്നും മാറുമ്പോള്‍ ഏതെങ്കിലും ഒരു പ്രത്യേക് രംഗമോ പാട്ടോ ഒക്കെയാണ് ആ കഥയുടെ ജീവന്‍ നിലനിര്‍ത്തുന്നത്ത്, ഇവിടെ പാട്ടാണെന്നു തോന്നുന്നു ജീവന്‍. സാഹിത്യമില്ലായ്മ അതിന്റെ കുറവും.
  മാ‍ലി ജീവിച്ചിരിപ്പുണ്ടെന്നതിനാല്‍ അദ്ദേഹം ഉത്സാ‍ാഹിച്ചാല്‍ ഇനിയും നന്നാക്കാനുള്ള് ചാന്‍സ് ഉണ്ട്‌.
  അധികം കണ്ടിട്ടില്ലാത്ത,, എന്നാല്‍ ധാരാള്‍Lഅം കേട്ട ഒരു കഥയാണിത് എനിക്കെന്നിരിക്കെ “അധിക”പ്രസംഗവും നല്ല്ലതല്ലല്ലോ. -സു-

  ReplyDelete
 3. അപ്പൂസ് ഈ ലേഖനം മുഴുവന്‍ വായിച്ചില്ല. സുനിലേട്ടന്റെ കമന്റും ലേഖനത്തിന്റെ ആദ്യ ഭാഗവും വായിച്ചു.
  മാലി ഇല്ലാതായിട്ട് വര്‍ഷങ്ങളായതറിഞ്ഞില്ലേ സുനിലേട്ടാ?

  ഇവിടെ
  നോക്കൂ.
  അപ്പൂസിന്‍ ആള്‍ മാറിയതല്ലല്ലോ അല്ലേ?

  ReplyDelete
 4. ഹൊ, ഹോ, അപ്പൂ‍ൂസേ, നാട്‌ വിട്ടിട്ട് കാലം കുറെ ആയി. ഓര്‍മ്മയുണ്ടായിരുന്നില്ല, അറിഞിരുന്നില്ല എന്നൊക്കെ ന്യായം പറയാം, അല്ലേ? -സു-

  ReplyDelete
 5. ഹരീ, മുഴുവന്‍ വായിച്ചില്ല. എങ്കിലും ത്യാഗത്തെ അഭിനന്ദിക്കാതെ വയ്യ.. ആശംസകള്‍..

  ReplyDelete
 6. കര്‍ണ്ണശപധത്തിന് ഒരു പുതിയ രംഗഭാഷ്യം ചമക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ.

  ReplyDelete
 7. Dear Hari,

  I went through your article on Karna sapadham & Gopi Asan's Saptati. At the very out set , your review on Saptathi Aghosham is exemplory. I can see a great Kathalai fan & a real Kathakali critic in you.
  Coming to Karna sapadham, most of of arguments are valid. And if you critically analyse the story, presentaion etc there are many points to be debated. The first scene it self, think from a 'drama' point of view , will any Queen, that too Duryodhana's wife-Bhanumathy, will say ' Bhavanu mruthyu neritunnakil'!.. No Kshatriya women should never say that....... Like wise as you are aware, in Mhabharata, Karna learns his real parents from Lord Krishna. Then where is the room for such a drama of Karna-Kunti dialogue. In 1982/83 I wrote an article on Karnasapadha in Chalakudy Kathakali Clud Souveier. If you can get it you will be surprised to see that once another youngester like you thought in your lines........ That is why decided to respond to you. Those who view Kathakali seriously will have same line thought.. But later I asked question to me , in spite of all the defects, why Mali's Karsapadham is conquering stages....
  Eventhough in the text, there is little scope for eloboration of attams- Kalamandalam Gopi especillay has contributed much to make it real Kathakali stuff. Take for example "thanayarilagrajanivan suchariuthe' & imagine how buetifully GopiAsan presents it. Like wise eventhough , the SahityaPushti of Padams are "Kashti', Sanakaran Embranthiri & Haridas made it immorable. Whatever is said & done, a count of stages that occupied by Mali's Karnasapadham, in past 40 years( 1967-2007) will reveal that Mali has created what is needed. Thus we can only admire him......What is its secret of sucess? I do fear that anybody attempts like you make a new Attaprakaram & stage it all 'charm' of Karna sapadham' will be lost. It will resemble "uttaraswaravaram' or similar Kathakali.

  Hence Dear Hari, your IDEA is Good, bu Katha is Mali's'.

  Best Wishes

  Rajasekhar.P

  ReplyDelete
 8. സുനിലിനോട്,
  അതെ, പദങ്ങളാണ് ജീവന്‍, പക്ഷെ ആടുവാന്‍ ഏറെയൊന്നുമില്ല വരികളില്‍. അപ്പൂസ് പറഞ്ഞതുപോലെ മാലി ഇപ്പോളില്ല. പക്ഷെ, അതുകൊണ്ട് രംഗഭാഷ്യത്തില്‍ മാറ്റം വരുത്തുന്നതില്‍ കുഴപ്പമില്ല. സാഹിത്യത്തില്‍ തൊടാതിരുന്നാല്‍ മതിയാവും.

  സാല്‍ജോ, മണി
  വായിച്ചതിനും കമന്റിയതിനും വളരെ നന്ദി. :)

  രാജശേഖര്‍ പി.യോട്,
  ആദ്യമായി താങ്കളുടെ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി.
  • അതെ, കഥയില്‍ മഹാഭാരതം മൂലകഥയില്‍ നിന്നും വരുത്തിയിട്ടുള്ള വ്യതിയാനങ്ങള്‍ സ്പഷ്ടമാണ്. ഭാനുമതി ആ രീതിയില്‍ പറയുകയുമില്ലായിരിക്കാം. പിന്നെ, ഉള്ളിന്റെയുള്ളിലുള്ള ഒരു ഭയം, അത് ഏതൊരു സ്ത്രീയായാലും പുരുഷനായാലും ഉണ്ടാവില്ലേ? അത് സ്വകാര്യതയില്‍ പങ്കാളിയോട് പങ്കുവെച്ചിരിക്കുകയും ചെയ്യാം. ഉത്തരന്‍ ഒരു ക്ഷത്രിയകുമാരനായിരുന്നു, എന്നിട്ടും ഭയന്നില്ലേ? അതുപോലെ...
  • 1982/83-ലെ സുവനീര്‍ എനിക്കിനി കിട്ടുമെന്നു കരുതുന്നില്ല... :( അതിന്റെ കോപ്പി കൈയിലുണ്ടെങ്കില്‍ പേജുകള്‍ സ്കാന്‍ ചെയ്ത് എവിടെയെങ്കിലും ഹോസ്റ്റ് ചെയ്തിരുന്നാല്‍ നന്നായേനേ... ഒരു ബ്ലോഗ് തുടങ്ങൂ. :) അതെ, സമാന ആശയമുള്ള സുഹൃത്തുക്കളും എനിക്കുണ്ട്.
  • അതെ ഗോപിയാശാന്റെ പാത്രരൂപീകരണം സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നതു തന്നെ. ‘സുതരിലഗ്രജനിവന്‍ സുചരിതേ...’ എന്നത് മൂന്ന്-നാല് രീതിയില്‍ ഗോപിയാശാന്‍ പ്രകടമാക്കുമ്പോള്‍ പ്രേക്ഷകന്‍ കര്‍ണ്ണന്റെ അഭിമാനം, ആഹ്ലാദം ഒക്കെ അനുഭവിച്ചറിയും. പക്ഷെ, അങ്ങിനെ ചില ഭാഗങ്ങളിലല്ലാതെ ഗോപിയാശാനും ഒന്നും ചെയ്യുവാനില്ല... വെറുതെ പദങ്ങളുടെ മുദ്രകാണിച്ചുപോവുക എന്നതു മാത്രമേ ചെയ്യുവാനുള്ളൂ, അതിന് ഗോപിയാശാന്‍ വേണമെന്നില്ലല്ലോ!
  • മാലിയുടെ സാഹിത്യപാടവത്തെ ചോദ്യം ചെയ്യുക എന്നൊരു ലക്ഷ്യം എനിക്കില്ല... അതിനു ഞാനാളുമല്ല. മാലി ചമച്ച ആട്ടക്കഥയ്ക്കുള്ളില്‍ നിന്നു തന്നെ, സാഹിത്യത്തിലെ ഒരു വാക്കുപോലും വ്യത്യാസപ്പെടുത്താതെ, ഇപ്പോഴുള്ള മനോധര്‍മ്മങ്ങളും, രംഗങ്ങളും ഒന്നു പരിഷ്കരിച്ചാല്‍ കൂടുതല്‍ ആസ്വാദ്യകരമാവില്ലേ എന്നൊരു സംശയം പ്രകടിപ്പിച്ചുവെന്നു മാത്രം. ആ രംഗങ്ങളും മറ്റും ചിട്ടചെയ്തത് മാലിയാണെന്നും കരുതുവാന്‍ വയ്യ...
  • ഞാനിവിടെ പറഞ്ഞിരിക്കുന്ന മാറ്റങ്ങള്‍, കര്‍ണ്ണശപഥത്തില്‍ ചിട്ട കൊണ്ടുവരണമെന്നല്ല. രംഗങ്ങളില്‍ കുറച്ചുകൂടി സ്വാഭാവികത കൊണ്ടുവരണമെന്നു മാത്രം. അതുകൊണ്ടു തന്നെ ഈ മാറ്റങ്ങള്‍ കര്‍ണ്ണശപഥത്തിന്റെ ലാളിത്യത്തെ ഇല്ലായ്മചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അതൊരിക്കലും ഉത്തരാസ്വയംവരമോ, നളചരിതമോ ആവില്ലതാനും!
  --

  ReplyDelete
 9. കര്‍ണശപഥം ഇത്രയും പ്രചാരം നേടിയതിന്റെ കാരണം ഇന്നും അജ്ഞാതമാണ്. കുന്തിയേയും കര്‍ണനേയും പ്രധാനഭാഗങ്ങള്‍ക്ക് നല്‍കിയുള്ള കഥ, ഒരു സ്ത്രീ വേഷത്തിന്‍് പ്രാധന്യമുള്ള കഥ, സ്ത്രീ വേഷം കഥയുടെ കാതലായ രഹസ്യസൂക്ഷിപ്പുകാരിയാവുക, ഒരു പ്രധാന നടനു അവതരിപ്പിക്കാന്‍ പാകത്തിലുള്ള സ്ത്രീ വേഷ കേന്ദ്രീകരണം, വികാരനിര്‍ഭരമാ‍യ അമ്മ-മകന്‍ സംഭാഷണങ്ങള്‍ ഇവയൊക്കെയായിരിക്കണം ഇതിനു പിന്നില്‍. കൂടാതെ കൃഷ്ണന്‍ നായരെപ്പോലെ വന്‍പന്മാര്‍ സ്ത്രീവേഷത്തിലേക്കു പോകുന്നതിലെ “ത്രില്‍” ഉം കളിഭ്രാന്തന്മാരെ ആകര്‍ഷിച്ചിരിക്കാം. കര്‍ണനേയും ശപഥത്തേയും ചുറ്റിപ്പറ്റി കഥ മെനയേണ്ടതിനു പകരം ആദ്യം ദുര്യോധനനും ദുശ്ശാസനനും തമ്മിലുള്ള ചുറ്റിക്കളി കൂടിപ്പോയതിനാല്‍ ശപഥത്തിനു പിരിമുറുക്കം കുറയുന്നു. കുന്തിയും കര്‍ണനും മാത്രമായി അവതരിക്കപ്പെടുമ്പോല്‍ ഈ കുറവ് കാണാറില്ല.

  ആധുനിക ആട്ടക്കഥകളൊന്നും പച്ചപിടിച്ചിട്ടില്ല. വള്ളത്തോള്‍‍ പോലും എഴുതിനോക്കിയതാണ്. നിഴല്‍ക്കുത്ത് മാത്രം വേറിട്ടു നില്‍ക്കുന്നു. മാലി സാ‍ാഹിത്യം കൂടുതല്‍ മലയാളമാക്കിയതും രാഗങ്ങളില്‍ വ്യ്ത്യസ്തത കൊണ്ടുവന്നതൊന്നും സ്വീകരണത്തിനു കാരണങ്ങളല്ല.
  എഴുപതുകളില്‍ മലയാളി മനസ്സിനു ഒരു അമ്മ-മകന്‍ ബന്ധം അല്ലെങ്കില്‍ വേരുകള്‍ അറിയാത്ത മനുഷ്യന്‍- ഇമേജിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് സോഷ്യോളൊജിസ്റ്റുകള്‍ ചീന്തിക്കട്ടെ.

  ReplyDelete
 10. Dear Hari,

  Thank you for your response. Now Iam abroad , & we will meet when I am there in Koch & discuss further........... Many points to discuss.. I wish to share "my experiments with Kathakali' & the I am sure you will like it. So also I have lot of information on Mali,s effort to make Karnasapadahm a success story. ( From Vaikom Thankappan pillai who did music for it )

  The "Ethiravan Kathiran' ,s comment contains a very valid point. The sociological aspect & contemperory relevance of Charactors in any art form including Kathakali. That is how Karna fit in to the system. Kalamandalam Gopi stood in the fore front for portraying such charectors narrating the situation of ' helplessness' . - - Nala, Rukmangatha,Karna represented many real situations of present day life.

  Best regards

  All the best Hari

  ReplyDelete
 11. ഹരീ:
  മറന്നു. നല്ല ലേഖനം.കഥകളിയെക്കുറിച്ച് വളരെക്കുറിച്ചേ വിമര്‍ശനങ്ങള്‍ വരാറുള്ളു. അമ്പലപ്പുഴ രാ‍മവര്‍മ്മയെപ്പോലുള്ളവര്‍ വിരളമാണ്. എന്‍. പി. വിജയകൃഷ്ണന്‍ സജീവമാണ്. സാ‍ാഹിത്യകാരന്മാര്‍ ദൃശ്യകലകളില്‍ നിന്നു പാടേ അകന്നുനില്‍ക്കുകയാണിന്ന്. എന്താണിവര്‍ക്കിങ്ങ്നെ അലര്‍ജി?

  ഒരോ കഥകളിയ്ക്കും വിമര്‍ശനം അത്യാവശ്യമാണ്. പാശ്ചാത്യനാടുകളില്‍ ഓരോ തിയേറ്റര്‍ ഷോയ്ക്കും ഉടന്‍ നിരൂപണം വരും. എത്ര പ്രഗല്‍ഭരേയും “പെര്‍ഫോമന്‍സ്” നന്നല്ലെങ്കില്‍ വലിച്ചു താഴെയിടും. നമുക്ക് അങ്ങനെയൊന്നില്ല.

  ഹരീ തുടര്‍ച്ചയായി ബ്ലൊഗിലെഴുതിയാല്‍ നന്നായിരിക്കും.

  ഇതിന്റെയൊക്കെ വീഡിയോ എടുക്കാന്‍ പറ്റാറുണ്ടോ? സമ്മ്തിക്കുമോ അവര്‍? എന്തിനാണ്‍ കഥകളിക്കാര്‍ വീഡിയോ എടുക്കുന്നത് തടയുന്നത്? ഇങ്ലീഷില്‍ counter productive" എന്നണിതിനു വാക്ക്.

  ഈയിടെ ഇരിഞ്ഞാലക്കുടെ ഒരു അതിവിശേഷ സംഭവം നടന്നു. തെക്കും വടക്കും ചിട്ടകളില്‍ പുറപ്പാടും അഷ്ടകലാശവും. പലരോടും വീഡിയോ എടുക്കാന്‍ താണു കേണപെക്ഷിച്ചിട്ടും മറുപടി പോലുമില്ല. (യാഹൂ ഗ്രൂപിലുള്ള ഇ- മെയില്‍ വഴി)
  ദൂരദേശങ്ങളിലുള്ള ഞങ്ങളെ നിങ്ങളൊക്കെ സഹായിച്ചെങ്കില്‍ എന്ന് ആശിയ്ക്കുന്നത് തെറ്റാണോ?

  ഹരിയുടെ സിനിമ നിരൂപണവും ശ്രദ്ധിച്ച് വായിക്കറുണ്ട്. “കറുത്ത പക്ഷികള്‍” ഹരി പറഞ്ഞതിലും നന്നായിരുന്നു. പ്രത്യേകിച്ചും അവസാന ഭാഗം.

  ReplyDelete
 12. എതിരന്‍ കതിരവനോട്,
  ശരിയാണ്. ആ രീതിയിലും ചിന്തിക്കാവുന്നതാണ്. പക്ഷെ, എന്നെ കര്‍ണ്ണശപഥത്തിലേക്ക് ആകര്‍ഷിച്ചത് അതിലെ പദങ്ങള്‍ തന്നെയായിരുന്നു. പല സിനിമകളിലും കണ്ടപോലെ, കുട്ടി കര്‍ണ്ണശപഥം കണ്ടിട്ട് കര്‍ണ്ണനോട് കുന്തിചെയ്തതു ശരിയോ എന്നൊന്നും ആലോചിച്ചു ഞാനന്ന് മിനക്കെട്ടിരുന്നില്ല. അതുകൊണ്ട്, കുറെയധികം പേര്‍ക്ക് ലളിതമായ പദങ്ങള്‍ ഇതിനോട് ഇഷ്ടം തോന്നുവാന്‍ കാ‍രണമായിട്ടുണ്ടെന്നത് നിഃസംശയം പറയാം. ആധുനിക ആ‍ട്ടക്കഥകളില്‍, അര്‍ജ്ജുനവിഷാദവൃത്തം (ഏഷ്യാനെറ്റ് കഥകളി സമാരോഹത്തില്‍ കണ്ടതാണ്, പിന്നീടെവിടെയും കണ്ടിട്ടില്ല) തരക്കേടില്ലാത്തതായിത്തോന്നി. ആധുനിക ആ‍ട്ടക്കഥകള്‍ വേണമോ എന്നും ചിന്തിക്കാവുന്നതാണ്. പഴയകാലത്ത് എഴുതപ്പെട്ടവയില്‍ തന്നെ കൂടിയാല്‍ 20 എണ്ണമാവും അരങ്ങ് സ്ഥിരമായി കാണുന്നത്. ഒരിക്കല്‍ മാത്രം അരങ്ങത്തെത്തിക്കുവാനായി പുതിയ ആട്ടക്കഥകള്‍ എഴുതേണ്ടതുണ്ടോ?

  രാജശേഖര്‍ പി.യോട്,
  തീര്‍ച്ചയായും. നമുക്ക് കാണാം. പറ്റിയാല്‍ എവിടെയെങ്കിലും കഥകളി നടക്കുന്ന സ്ഥലത്ത് തന്നെ കാണാം. എനിക്ക് ‘മേക്കിംഗ് ഓഫ് കര്‍ണ്ണശപഥ’യെപ്പറ്റി ഒന്നും തന്നെ അറിയില്ല. :) തങ്കള്‍ക്ക് ഒരു ബ്ലോഗ് തുടങ്ങി, താങ്കളുടെ ഈ അനുഭവങ്ങള്‍ അതിലൂടെ പങ്കുവെച്ചുകൂടെ? കഥകളിയെക്കുറിച്ച് ബ്ലോഗ് ചെയ്യുന്നവര്‍ വളരെ വിരളമാണ്, ചര്‍ച്ചകളും വിരളമാണ്.

  എതിരന്‍ കതിരവനോട്,
  യാഹൂ കഥകളി ഗ്രൂപ്പിലൂടെയാണോ? ഹേയ്, കഥകളി നടന്മാരൊന്നും അങ്ങിനെ വീഡിയോ എടുക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാറുള്ളതായി എനിക്കറിയില്ല. എനിക്ക് വീഡിയോ റിക്കാര്‍ഡ് ചെയ്യുവാനുള്ള സൌകര്യമില്ല. ഒരു പക്ഷെ, അനുവാദം ചോദിക്കാതെ റിക്കാര്‍ഡ് ചെയ്തപ്പോള്‍ എതിര്‍ത്ത് പറഞ്ഞിട്ടുണ്ടാവാം, അതും സംഘാടകരാവാനാണ് സാധ്യത. പറഞ്ഞത് വളരെ ശരിയാണ്. ഓരോ അരങ്ങിനേയും വിലയിരുത്തുന്നത് വളരെ നല്ല കാര്യമാവും. ഒരുപക്ഷെ, കഥകളി കലാകാരന്മാര്‍ക്ക് കുറച്ചു കൂടി ഉത്തരവാദിത്തവും അതുമൂലമുണ്ടാവാം(മദ്യപിച്ച് അരങ്ങ് മോശമാക്കുന്നത് വിരളമല്ല!‌). ചിത്രവിശേഷം ശ്രദ്ധിക്കുന്നതില്‍ വളരെ സന്തോഷം. കറുത്തപക്ഷികള്‍ ഞാന്‍ വളരെ നല്ലത്, എന്നാണല്ലോ പറഞ്ഞത്! (എതിര്‍ക്കാന്‍ പോയിന്റുകളുണ്ട്, പക്ഷെ കണ്ടിറങ്ങിയപ്പോള്‍ ഫീല്‍ ചെയ്ത പടമാണ്... ആ രീതിയില്‍ അത് വിജയിച്ചു എന്നു കരുതാം)
  --

  ReplyDelete
 13. Dear Hari,

  Thank you for your response...
  Very much glad to note that you mentioned " Arjuna Vishada Vrutham". I the author .....Rajasekhar.P..

  Staged several times after Samaroham, mostly in Ernakulam area. That may be the reason , you missed it. Just after Samaroham, there were two or three stages in Quilon ( Kollam Kathakali Club, In a Devi temple where Kathakali is vazhipad etc). Only twice beyond Quilon ( In VJT hall & Theerdha pada Mandapam in Trivandrum), even though Margi Vijaya kumar did Dussala in more than ten occasions.
  Recently I heard from one of the artistes that, in Kazhakoottam Club, they are planning to stage it.. not sure...

  In Asianet, due to some technical reason last scene is not shown....
  In Guruvayoor during next September( first week ), ArjunaVishada Vrutham is planned. I shall let u know the details.. I invite you in advance..

  An audio CD of Arjuna Vishada Vrutham' by our beloved Hyderali is being released.....( Live recording from Ernakulam Katahakali Club Programme). His AIR rendering of the same is also available, I am trying to get it.

  We will definitely meet.........


  With Best Regards

  Rajasekhar.P

  ReplyDelete
 14. സത്യമായും ഞെട്ടി :)
  ഞാന്‍ പേരോര്‍ക്കുന്നുണ്ടായിരുന്നില്ല. രാജ് ബി. ആനന്ദ്, ഒരു എഞ്ചിനീയറാണ് താങ്കളെന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ട്. കഥകളിയില്‍ അധികം ഉപയോഗിക്കാത്ത രാഗങ്ങളുടെ(അല്ലെങ്കില്‍ രാഗഭാവങ്ങളുടെ) ഉപയോഗമാണ് അതില്‍ ഞാനേറ്റവും ശ്രദ്ധിച്ചത്.
  “സുന്ദര സൂനങ്ങളും സുരഭില ചന്ദനവും”, “ശാരദരജനി വരുന്നൂ തേരില്‍“, “തീരാദുഃഖമിതെങ്കിലുമെങ്ങിനെ ചേരാവീരര്‍മാര്‍ക്കു വിലാപം”; ഇവയൊക്കെയാണ് പ്രീയപ്പെട്ട പദങ്ങള്‍.

  ശരിയാണ്, ദുഃശള അര്‍ജ്ജുനനെ കാണുന്ന രംഗമാണത്, അല്ലേ? അതായിരുന്നിരിക്കണം ശരിക്കും കാണേണ്ട രംഗം. :(

  കഴക്കൂട്ടത്ത് നടത്തുന്നതെന്നാണ്? അതിന്റെ വിവരങ്ങള്‍ അറിയിക്കുമോ? ഞാനിപ്പോള്‍ തിരു.പുരത്തായതിനാല്‍, ഒരുപക്ഷെ ഗുരുവായൂരില്‍ എത്തുവാന്‍ കഴിഞ്ഞില്ലെങ്കിലൊ!‍. അതെ, എന്റെ സ്ഥലങ്ങളില്‍ നടത്തപ്പെട്ടിട്ടില്ല. അതാണ് കാണുവാന്‍ കഴിയാഞ്ഞത്.

  അര്‍ജ്ജുനവിഷാദവൃത്തത്തിന്റെ സി.ഡി, എം.പി.3 ആണോ? അല്ലെങ്കില്‍ ഒരു സി.ഡിയില്‍ കൊള്ളിക്കുവാന്‍ കഴിയുമോ? എവിടെ നിന്നും ലഭിക്കും? പ്രത്യേകിച്ചും ലളിത സ്വഭാവമുള്ള ഇതിലെ പദങ്ങള്‍, ഹൈദരാലി മാഷ് നന്നായി പാടിയിട്ടുണ്ടാവുമെന്നും കരുതുന്നു.

  ഒന്നു വിട്ടുപോയി: ഡോ. പി.വേണുഗോപാലെഴുതിയ കൃഷ്ണലീല (അതോ ശ്രീകൃഷ്ണലീലയോ?‌) എന്ന ആട്ടക്കഥയും നവീനകഥകളില്‍ ശ്രദ്ധ നേടിയതാണ്. വളരെ നല്ല സന്ദര്‍ഭവും, ആട്ടത്തിന് സാധ്യതകളുള്ളതുമാണ് കൃഷ്ണലീല.
  --

  ReplyDelete
 15. രാജ് ബ് ആനന്ദ് എന്നല്ല ഹരി. ബി.രാജാനന്ദ് എന്ന ആള്‍ കാറല്‍മണ്ണക്കാരന്‍ സമാരോഹത്തില്‍ അവതരണ്അം നടത്തിയിരുന്നു.
  കൃഷ്ണ്‍ലീല ദൂരദര്‍ശ്Sഅനില്‍ കുറ്Rഅചുദിവസമായി കാണ്‍Nഇച്ചിരുന്നു. നല്ല പദങളും ഉണ്ടായിരുന്നു. ആടാനും വകുപ്പുണ്ട്‌. എന്ന്‌ 2-3 ദിവസം കണ്ടപ്പോള്‍ തോന്നി. ഒന്നുകൂടെ വിസ്തരിച്ച് കണ്ടേ അഭിപ്രായം പറയാന്‍ പറ്റൂ‍ൂ.
  -സു-

  ReplyDelete
 16. ശരിതന്നെ... കെ.ബി.രാജാനന്ദ് എന്നല്ലേ?
  തെറ്റിപ്പോയതാണ്... ക്ഷമിക്കൂ...
  --
  qw_er_ty

  ReplyDelete
 17. ഹരീ:
  അര്‍ജുനവിഷാദവൃത്തത്തിന്റെ സി. ഡി. യൊ എം പി 3യൊ രാജശേഖറിന്റെ പക്കല്‍ നിന്നും കിട്ടുകയാണെങ്കില്‍ എനിയ്ക്കും കൂടി ഒരു കോപ്പി. ശ്രീ രാജശേഖറിന്റെ ഇ മെയില്‍ എങ്ങനെ കിട്ടും? അദ്ദേഹം അനോണിയായി നില്‍ക്കുന്നല്ലോ. പരിചയപ്പെടണമെന്നുണ്ട്.
  സമാരോഹത്തിലെ പല കഥകളും കണ്ടിട്ടുണ്ടെങ്കിലും ഇതു വിട്ടു പോയി. ഇവിടെ, അമേരിക്കയില്‍ ഏഷ്യ നെറ്റ് കിട്ടിത്തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളു. സമാരോഹം rerun ഉണ്ട്. ഇവിടെ വൈകുന്നേരം. ജോലി കഴിഞ്ഞെത്തുമ്പോള്‍ മിക്കവാറും തീരാറാകും. അമൃതയില്‍ രാജാനന്ദ് അവതരിപ്പിക്കുന ഒന്നുണ്ട്. പക്ഷെ മോശം ക്യാമറാ വര്‍ക്കു കൊണ്ട് നശിപ്പിച്ചത്.

  കഥകളിയ്ക്ക് documentation വളരെക്കുറവാണ്‍. കീഴ്പ്പടത്തിന്റെ “വര്‍ക്ക്”പോലും ആരുടെ കയ്യിലുമില്ല. തൃശ്ശൂരെ വേദിക ഈയിടെ കുറെ ശ്രമങ്ങള്‍ നടത്തുന്നു. നാട്ടില്‍ എന്റെ ഒരു ബന്ധുക്കാരനെ ഒരു വീഡിയൊ ക്യാമറയും വാങ്ങിച്ചുകൊടുത്ത് റെക്കോറ്ഡ് ചെയ്യാ‍ന്‍ ചട്ടം കെട്ടി നോക്കി. തിരശ്ശീല പിടുത്തക്കാരന്‍ വരെ അവ്നെ ഓടിച്ചു. കളിക്കാരോ സംഘാടകരോ സമ്മതം തരികയില്ല. ഒരിടത്ത് അവനോടു ചോദിച്ച സംഖ്യ കൊണ്ട് മൂന്നു കഥകളി നടത്താം! VCR ഇറങ്ങിയത് എണ്‍പതുകളിലാണ്. ഒരു ടേപ്പു പോലും വില്‍ക്കാന്‍ ഇറങ്ങിയിട്ടില്ല. marketing value കുറവാണെന്നറിയാം. കോട്ടയ്ക്കല്‍ സംഘത്തിന്റെ മാനേജര്‍ക്ക് ഞാന്‍ ഇക്കാര്യം ഇ-മെയില്‍ അയച്ചു. മറുപടിയില്ല. Phillip zareilli documentation കുറെ ചെയ്തിട്ടുണ്ട്. പക്ഷേ അത് ഒരു യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പൊടിയണിഞ്ഞ് കിടക്കുന്നു.
  നിങ്ങള്‍,നാട്ടിലുള്ളവരോടുള്ള അസൂയ കൊണ്ട് ഇത്രയും എഴുതിപ്പോയതാണ്.

  ഇരിഞ്ഞാലക്കുടെ ഒരാളുടെ കയ്യില്‍ കഥകളിപ്പാട്ടിന്റെ വലിയ കള‍ക്ഷന്‍ ഉണ്ടെന്ന് ഒരു വാര്‍ത്ത വായിച്ചിരുന്നു. അന്വേഷിക്കാന്‍ പറ്റുമോ? അതെല്ലാം സി. ഡി യിലാക്കി സംരക്ഷിക്കേണ്ടതാണ്.

  ഞാന്‍ ഭരതനാട്യത്തെക്കുറിച്ച് എഴുതിയ പോസ്റ്റ് വാ‍യിക്കാന്‍ പറ്റിയൊ?
  qw-er-ty

  ReplyDelete
 18. എതിരനേ, അങനെ റെക്കോറ്ഡ് ചെയ്യുന്നവനെ ഓടിച്ചുവോ? വേദികയുട്റ്റെ വേദിയിലുണ്ടായിട്ടുണ്ടാകാം. കാരണം അവര്‍ ഡി.വിഡി/വി.സി.ഡി എന്നിവ വില്ല്കും എന്നുപറഞിരുന്നു. എന്റെ കയ്യില്‍ ചൊല്ലിയാട്ടം മുതലുള്ള ഡി.വി.ഡി കളുണ്ട്‌ ഇവിടെ. എല്ലാം വേദിക ഇറക്കിയത്‌~. ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ്, കാറല്‍മണ്ണയിലും വി.സി.ഡികള്‍ വില്‍ക്കാന്‍ വച്ചതുകണ്ടു. ആവശ്യമെങ്കില്‍, ബി. രാജ് ആനന്ദ്, കുഞ്ച്hഉ നായര്‍ സ്മാരക ട്രസ്റ്റ്, കാറല്‍മണ്ണ, പാലക്കാട് ജില്ല എന്ന അഡ്ഡ്രസ്സില്‍ ഒന്നെഴുതി നോക്കൂ. രാജ് ആനന്ദ്, നരിപറ്റ എന്നിവര്‍ തീര്‍ച്ചയായും സഹായിക്കും.
  പിന്നെ ഏEഷ്യാനെറ്റിലെ സമാരോഹം നടക്കുനന്ന സമയത്തു തന്നെ അവരോടൊപ്പം നിന്ന്‌ ഞാന്‍ എന്റെ വീഡ്ഇയോയിലും റെക്കോറ്ഡ് ചെയ്തു. ശിവരാമന്റെ പൂതനാമോക്ഷം മാത്രം. ആരും എന്നെ ഓടിച്ചില്ല. അതുപോലെ അവിടുന്നും ഇവിടുന്നും ഒക്കെ ആയി എടുത്തവ കുറച്ചുണ്ട്‌ എന്റെ കയ്യില്‍. പ്രൈവറ്റ് കളക്ഷന്‍സ് ധാരാളമുണ്ട്‌. കിട്ടണ്‍നമെങ്കില്‍ അന്വേഷിച്ച്‌ അലയണം എന്നുമാത്രം.
  (ഞാനൊരു ആളെ കണ്ടിരുന്നു, അദ്ദേഹം കാന്‍സര്‍ രോഗി ആയിരുന്നു. രാമങ്കുട്ടി നായരേ പോലുള്ളവരുട്Tഎ പിന്നാലെ നടന്ന്‌ തിരനോട്ടം മാത്രം റെക്കോറ്ഡ്D ചെയ്ത് സൂക്ഷിക്കുന്ന ഒരു പയ്യന്‍. പാവം മരിച്ചു എന്നു കേട്ടു. തിരനോട്ടത്തിലെ വൈവിധ്യം മാത്രം പകര്‍ത്തി വെക്കും. അദ്ദേഹം എന്നോട്‌ പറഞിരുന്നു നല്ലൊരു കളക്ഷനുണ്ട്‌, തരാം എന്നൊക്കെ. പക്ഷെ എന്തു ചെയ്യാം. ഇങനത്തവരോട്‌ പേരും നാളും അഡ്രസ്സും ചോദിക്കാറ് ഇല്ല. അടുത്ത കളിക്ക്‌ കാണാ ന്ന്‌~ പറയുകയാണ് പതിവ്‌.) താങ്കള്‍ നാട്ടില്‍ വരുന്നുണ്ടെങ്കില്‍ ഇതൊക്കെ സംഘടിപ്പിക്കാം, റിമോട്ട് വെച്ച് സംഘട്റ്റിപ്പിക്കാന്‍ ബുദ്ധിമുട്ടാകും.
  -സു-

  ReplyDelete
 19. Dear Hari,

  Iam much delighted to read that you liked Sundara soonangalum,Saradarajani etc... I can arrange to send the first part ( Audio CD) Ist & IInd scene . The second CD needs some more editing ( Since I am now in Qatar, I do it only in September). For sending the CD please send your postal address to me. My mail id is

  jayarsekhar@hotmail.com

  or

  raju58vaikom@yahoo.com

  (Sorry for responding in English.. I don't have the know how to use malayalam fonts...)


  With Best Regards

  Rajasekhar.P


  Dear Ethiran Kathiravan,

  Iam only glad to contact you.. My mail id given above... Please do reply....

  I can arrange to send a copy to you also, on hearing from you

  With Regards

  Rajasekhar.P

  ReplyDelete
 20. എതിരന്‍ കതിരവനോട്,
  അദ്ദേഹത്തെ ഇപ്പോള്‍ നേരിട്ട് പരിചയപ്പെട്ടു കാണുമെന്നു കരുതുന്നു. :) അവിടെ ടി.വി.ട്യൂണര്‍ ഘടിപ്പിച്ച കമ്പ്യൂട്ടറിലാണ് പരിപാടികള്‍ കാണാറുള്ളതെങ്കില്‍ ടൈം ഷിഫ്റ്റ് ചെയ്ത് കാണുവാന്‍ സാധിക്കില്ലേ? വേദികയൊക്കെ കൊമേഴ്സ്യലായി ഇറക്കുന്നവരല്ലേ? അവരപ്പോള്‍ സമ്മതിക്കാതിരുന്നതില്‍ അത്ഭുതമില്ല. ഗോപിയാശാന്റെ സപ്തതി കവര്‍ ചെയ്യുവാനുള്ള റൈറ്റും വേദികയ്ക്കായിരുന്നു. എങ്കിലും അവര്‍ സാധാ‍രണ കൈയില്‍ പിടിച്ച് എടുത്തവരെ തടഞ്ഞില്ല. പക്ഷെ ട്രൈപ്പോഡുമൊക്കെയായി വന്നവരെ അനുവദിച്ചുമില്ല. പക്ഷെ, സാധാരണ അമ്പലങ്ങളിലും മറ്റും നടത്തുമ്പോള്‍ റിക്കാര്‍ഡ് ചെയ്യുന്നവരെ തടയാറുണ്ടോ? ഭരതനാട്യത്തെക്കുറിച്ചെഴുതിയത് കണ്ടിരുന്നില്ല. ഞാന്‍ പ്രൊഫൈലിലും ബ്ലോഗിലും എത്തിയിരുന്നു. അതില്‍ ആര്‍ക്കൈവ് പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതിനാല്‍ ഞാന്‍ പിന്നിലോട്ട് പോയി നോക്കിയില്ല. ഇപ്പോള്‍ അത് കണ്ടു. പക്ഷെ, ഈസി റീഡിംഗിനുള്ള സാധനമല്ലാത്തതിനാല്‍ ബുക്ക് മാര്‍ക്ക് ചെയ്തു. :)

  രാജശേഖര്‍ പി.യോട്,
  ആഡിയോ സി.ഡി.യായാണോ? എം.പി.3 ആണെങ്കില്‍ മുഴുവനും കൂടെ ഒരു സി.ഡി.യില്‍ നില്‍ക്കില്ലേ? സൂക്ഷിക്കുവാനും, കേള്‍ക്കുവാനും അതല്ലേ കൂടുതല്‍ സൌകര്യം?
  മലയാളം ബ്ലോഗിങ്ങിനെക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം.
  --

  ReplyDelete
 21. ഹരീ:
  രാജശേഖറിന്റെ ഇ-മെയില്‍ ഐ. ഡി. കിട്ടിയതില്‍‍ സന്തോഷം.

  അമ്പലങ്ങളിലെ കഥകളിയുടെ കാര്യം തന്നെയാണ്‍ പറഞ്ഞത്. കളിക്കാരോ നടത്തിപ്പുകാരോ സമ്മതിക്കറില്ല. “നിങ്ങള്‍ കോപ്പി എടുത്ത് കൊണ്ടെ വില്‍ക്കും” എന്നൊക്കെ വിഡ്ഢിത്തം പറയും അവര്‍. അങ്ങനെ വില്‍ക്കാനുണ്ടായിറ്രുന്നെങ്കില്‍ ഞാന്‍ എന്നേ വാങ്ങിച്ചേനേ.കൊട്ടാരക്കര, പുലിയന്നൂര്‍, ഏറ്റുമാനൂര്‍,പാലക്കാട് ഇവിടെയെല്ലാം ഒരു ഹാ‍ാന്‍ഡിക്യാമുമായി എന്റെ ചേട്ടന്റെ മകന്‍ ഓടി നടന്നിട്ടുണ്ട്. പാലക്കാട് കൈപ്പത്തി ക്ഷേത്രത്തിലാണെന്നു തോന്നുന്നു ഭാരവാവാഹികള്‍‍ വലിയ തുക ചോദിച്ചത്.

  ഏഷ്യ നെറ്റ് റ്റി. വിയില്‍ തന്നെ. പലതും റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്.

  ദൂരദര്‍ശന്റെ ആര്‍ക്കൈവ്സില്‍ പഴയ പല ആട്ടങ്ങളും കാണും. പക്ഷെ അതൊക്കെ എങ്ങനെ കിട്ടാന്‍?

  നമ്പീശന്റെ റെകോര്‍ഡിങ്സ് ഉണ്ടോ?

  ഇരിഞ്ഞാലക്കുടെത്തന്നെയല്ലേ ആരുടേയോ കയ്യില്‍ വളരെ പഴയ പദങ്ങള്‍ ഓഡിയൊ ടേപ്‍ ഉള്ളത്?

  ReplyDelete
 22. കതിരവാ, ദൂരദര്‍ശന്‍ തിരുവനന്തപുരം ഇപ്പോ പഴയ സി.ഡിയും ഓഡിയോയും വില്‍ക്കുന്നുണ്ട്‌. പക്ഷെ ഏജന്റുമാരില്ല. അവരുടെ കൌണ്ടറില്‍ ചെല്ലണം.
  ഞാന്‍ തന്ന രാജ് ആനന്ദിനെ അഡ്ഡ്രസ്സില്‍ ഒരെഴുത്തെഴുതൂ. അദ്ദേഹം മറുപടി തരാതിരിക്കില്ല. പിന്നെ, അവര്‍ നമ്പീശനാശാന്റേയും വില്‍ക്കുന്നുണ്ട്‌. തീര്‍ച്ച.
  ഓഡിയോ ക്വാളിറ്റിയെപ്പറ്റി കുറ്റം പറയില്ലെങ്കില്‍ :)
  ഞാന്‍ എന്റെ കയ്യിലുള്ളവ തരാം. ആദ്യം എം.പി 3 ആക്കട്ടെ.

  രാജ്ശേഖര്‍, ലോകം ഉരുണ്ടതാണെന്നതിന്റെ ഒരു തെളിവ്, ന്നാലും അത്ഭുതമായി ട്ടോ.
  സ്നേഹപൂര്‍വ്വം,
  -സു-

  ReplyDelete
 23. ഇപ്പൊഴാ വന്നത്.
  നന്ദി ഈ പോസ്റ്റിനും ചര്‍ച്ചകള്‍ക്കും.

  ReplyDelete
 24. ഞാൻ ലതിക്കും പിന്നിലാ വന്നത്.നല്ല ചർച്ചകൾ.വായിച്ചു.

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--