Wednesday, May 30, 2007

സപ്തതി - കലാമണ്ഡലം ഗോപി

2007 മെയ് 26, 27 തീയ്യതികളിലായി കലാമണ്ഡലം ഗോപി എന്ന അതുല്യ കഥകളി കലാകാരന്റെ സപ്തതി ഗുരുവായൂര്‍ പത്മനാഭന്‍ നായര്‍ നഗരിയില്‍ വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാരും ആസ്വാദകരും ആഘോഷങ്ങളില്‍ പങ്കുചെര്‍ന്നു. മെയ് 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേരള നാട്യകലയ്ക്ക് കലാമണ്ഡലം ഗോപിയുടെ സംഭാവന എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ചലച്ചിത്ര നടന്മാരായ മുരളി, നെടുമുടി വേണു; കഥകളി കലാകാരനായ കോട്ടയ്ക്കല്‍ ശിവരാമന്‍; കൂടിയാട്ടം കലാകാരനായ വേണുജി എന്നിവര്‍ സംസാരിച്ചു.

വൈകുന്നേരം ആറുമണിയോടെ കഥകളി ആരംഭിച്ചു. പഞ്ചപാണ്ഡവരും പാഞ്ചാലിയും പുറപ്പാട് വേഷങ്ങളായി രംഗത്തെത്തി. ആറുവേഷങ്ങള്‍ ഒരുപോലെ മുദ്രകാട്ടി കലാശമെടുക്കുന്നത് ഒരു നല്ല അനുഭവമായിരുന്നു. അതിനു ശേഷം കലാമണ്ഡലം ഗോപിയെ ‘നടരാജന്‍’ എന്ന കീര്‍ത്തിമുദ്ര അണിയിക്കുന്ന ചടങ്ങായിരുന്നു. മുത്തിക്കുട, ആലവട്ടം, പിന്നണിയില്‍ മേളം, താലത്തില്‍ ദീപവുമായി കഥകളിയിലെ സ്ത്രീവേഷം എന്നീ അലങ്കാരങ്ങളോടെ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. കാവാലം നാരായണപ്പണിക്കരാണ് കീര്‍ത്തിമുദ്ര അണിയിച്ചത്. അതിനു ശേഷം നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറി. ആദ്യ രംഗത്ത് കലാമണ്ഡലം ഗോപി നളനായും മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങിലെത്തി. പച്ചവേഷങ്ങളില്‍ താന്‍ തന്നെ ഒന്നാമന്‍ എന്ന് അടിവരയിടുന്ന രീതിയില്‍ ഗോപിയാശാന്‍ നളനെ അവതരിപ്പിച്ചു. ഗോപിയാശാന്റെ നളനൊത്ത ദമയന്തിയായി മാര്‍ഗി വിജയകുമാറും രംഗം കൊഴുപ്പിച്ചു.

കലി-ദ്വാപരന്മാരായി രംഗത്തെത്തിയത് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും കൊട്ടാരക്കര ഗംഗയുമായിരുന്നു. ശാരീരികാസ്വാസ്ഥ്യം മൂലം നെല്ലിയോടിന് കലിവേഷത്തെ മികച്ചതാക്കുവാന്‍ കഴിഞ്ഞില്ല എന്നത് നിര്‍ഭാഗ്യകരമായി. ചുവപ്പ് താടി വേഷങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുവാന്‍ സ്ത്രീകള്‍ക്കുമാവും എന്ന് തെളിയിച്ച കലാകാരിയാണ് കൊട്ടാരക്കര ഗംഗ. ദ്വാപരനായെത്തിയ ഗംഗ അവസരത്തിനൊത്തുയര്‍ന്ന് കലിയുടെ കുറവു നികത്തി അഭിനയിച്ചു. കലാമണ്ഡലം ഗോപിയുടെ ശൈലി അതുപോലെ പിന്തുടരുന്ന ഒരു കലാകാരനാണ് ഗോപിയുടെ പ്രധാന ശിഷ്യരില്‍ ഒരാളായ കൃഷ്ണകുമാര്‍. കലിയുടെ വാ‍ക്കുകളില്‍ വശംവദനായി നളനെ ചൂതുവിളിക്കുന്ന പുഷ്കരനെയാണ് ഇവിടെ കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. വേര്‍പാട് രംഗങ്ങളില്‍ നളനായി കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരും ദമയന്തിയായി മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുമാണ് രംഗത്തെത്തിയത്. കലാമണ്ഡലം ഗോപി, വളരെ നാടകീയമായി, നളന്റെ വികാരതീവ്രത മുഴുവനും പ്രേക്ഷകരിലെത്തിച്ചാണ് ഈ രംഗം അവസാനിപ്പിക്കാറുള്ളത്. എന്നാല്‍ ഇവിടെ ചന്ദ്രശേഖര വാര്യര്‍ അത്രയും വിജയിച്ചു എന്നു പറയുവാനാവില്ല. കലാനിലയം ഉണ്ണികൃഷ്ണന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി എന്നിവരാണ് പ്രധാനമായും ഈ രംഗങ്ങളില്‍ പാടിയത്. രംഗബോധം, ശബ്ദസൌകുമാര്യം, താളബോധം, സംഗീതം എന്നീഗുണങ്ങളൊക്കെയും സമാസമം ചേര്‍ന്നുള്ള ഗായകനെന്ന നിലയില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയാണ് ഇവരില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരിയാവട്ടെ അമിതമായ സംഗീതപരീക്ഷണങ്ങളിലൂടെ പദങ്ങള്‍ അരോചകമാക്കി.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

കലാമണ്ഡലം ഗോപിയുടെ ജന്മദിനമായ രണ്ടാം ദിവസം; നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, പഞ്ചവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും ഘോഷയാത്രയായി സപ്തതി ആഘോഷ നഗരിയിലെത്തിച്ചു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട്, ഭദ്രദീപം തെളിയിച്ചു. എഴുപത് കഥകളി കലാകാരന്മാര്‍ സപ്തതിയുടെ പ്രതീകമായി എഴുപത് നിലവിളക്കുകള്‍ തെളിയിച്ചു. തുടര്‍ന്ന് കലാമണ്ഡലം ഗോപി തന്റെ ഗുരുക്കന്മാരെ വന്ദിച്ചാദരിക്കുന്ന ചടങ്ങാ‍യ ആചാര്യവന്ദനവും, ശിഷ്യരും മറ്റ് കഥകളി കലാ‍കാരന്മാരും ഗോപിയാശാനെ നമസ്കരിക്കുന്ന ഗുരുപൂജയും നടന്നു.

കേരള കലാമണ്ഡലം ചെയര്‍മാന്‍ കൂടിയായ കവി, പ്രൊഫ. ഓ.എന്‍.വി. കുറുപ്പ് അധ്യക്ഷനായ അനുമോദന സമ്മേളനമായിരുന്നു തുടര്‍ന്ന്. പണ്ട് തോക്കുമായിവന്നുള്ള അധിനിവേശമായിരുന്നെങ്കില്‍, ഇന്ന് സംസ്കാരത്തിനുമേലേയുള്ള അധിനിവേശമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ യുവതലമുറ പരമ്പരാഗതകലയെക്കുറിച്ച് അന്ധരാണ്. വിദേശീയര്‍ കൊള്ളാമെന്നു പറയുന്നതുകൊണ്ടാവരുത് ഗോപിയെപ്പോലെയുള്ളവര്‍ ആദരിക്കപ്പെടുന്നത്. അവരുടെ മഹത്വം അറിഞ്ഞാവണം നമ്മള്‍ ആദരിക്കേണ്ടത്. കേരളമെന്ന് പറഞ്ഞാല്‍ പെട്ടെന്ന് എല്ലാ വിദേശരാജ്യങ്ങളിലും മനസിലാവില്ല, പക്ഷെ അവര്‍ കഥകളിയെ അറിയും, കഥകളി കലാകാരന്മാരെ അറിയും. അങ്ങിനെ നമ്മുടെ സാംസ്കാരികമണ്ഡലത്തിനു മുകളിലുള്ള അധിനിവേശത്തെ ചെറുത്തുനിര്‍ത്തുകയാണ്, ഗോപിയെപ്പോലെയുള്ളവര്‍ ചെയ്യുന്നത്. അതിനാവണം അവര്‍ ആദരിക്കപ്പെടേണ്ടത്. കേരള കലാമണ്ഡലത്തെ ഒരു സര്‍വ്വകലാശാലയായി ഉയര്‍ത്തുവാന്‍ എം.എ. ബേബി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

വള്ളത്തോളിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് പ്രൊഫ. ഓ.എന്‍.വി. കുറുപ്പു തന്നെയാണെന്നും, തന്റെ സ്ഥാനത്തിരുന്ന് ചെയ്യുവാന്‍ കഴിയുന്ന സഹായങ്ങള്‍ തന്നാലാവുന്ന രീതിയില്‍ താന്‍ ചെയ്യുന്നുവെന്നേയുള്ളെന്ന് മന്ത്രി എം.എ. ബേബി പറഞ്ഞു. സംഘാടകസമിതിക്കുവേണ്ടി അദ്ദേഹം കലാമണ്ഡലം ഗോപിക്ക് ആട്ടവിളക്ക് സമ്മാനിച്ചു. തന്റെ പ്രസംഗത്തില്‍ വേദിയിലും സദസിലുമായിരിക്കുന്ന വിവിധ കലാകാരന്മാരെ പേരെടുത്തുപറഞ്ഞ് ആദരിക്കുകയും ചെയ്തു അദ്ദേഹം.

ഗോപിയെന്ന വ്യക്തിയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് തന്റെ പ്രയോഗത്തോടുള്ള ഇഷ്ടം നിമിത്തം, ഇവിടെ വന്ന് പങ്കെടുക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് ഇത്രയധികം പേര്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് തന്റെ മറുപടിപ്രസംഗത്തില്‍ ഗോപി പറഞ്ഞു. തന്റെ മുന്‍ശുണ്ഠിയും കാര്‍ക്കശ്യവും നിമിത്തം ധാരാളം പേരുടെ മുഷിച്ചില്‍ സമ്പാദിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അവയെയൊക്കെ തരണം ചെയ്ത് ഇന്നീ നിലയിലെത്തുവാന്‍ തനിക്കു കഴിഞ്ഞത്, ഗുരുക്കന്മാരുടേയും ശ്രീ.ഗുരുവായൂരപ്പന്റെയും അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. ഗുരുവായ, കലാമണ്ഡലം പത്മനാഭന്‍ നായരെ അനുസ്മരിക്കുവാനും അദ്ദേഹം മറന്നില്ല.

കലാമണ്ഡലം ഹൈദരാലിയേയോ, വെണ്മണി ഹരിദാസിനേയോ ആരും ഒരിടത്തും ഓര്‍ത്തില്ല എന്നത് ആശ്ചര്യകരമായിത്തോന്നി. ഉച്ചയ്ക്ക് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ സുഹൃത് സമ്മേളനവും നടന്നു. വൈകുന്നേരം നാലുമണിക്ക് കല്ലൂര്‍ രാമന്‍‌കുട്ടി മാരാരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറി. ശേഷം പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. നാലുകൃഷ്ണവേഷങ്ങളാണ് രണ്ടാം ദിവസം പുറപ്പാടിനായി രംഗത്തെത്തിയത്. തലേന്നെത്തിയ ആറുവേഷങ്ങളുടെ പുറപ്പാടിനേക്കാള്‍ മികച്ചതായി കൃഷ്ണവേഷങ്ങളുടെ പുറപ്പാട്. ഇന്നത്തെ യുവഗായകരില്‍ ശ്രദ്ധേയനായ കോട്ടയ്‌ക്കല്‍ മധുവായിരുന്നു പുറപ്പാടിന് പാടിയത്. സംഗീതം, ശബ്ദസൌകുമാര്യം എന്നിവയാണ് മധുവിന്റെ പ്രത്യേകതകള്‍. എന്നിരിക്കിലും നാട്യപ്രധാനമായ കഥകളിയില്‍, ഭാവപൂര്‍ണ്ണമായ സംഗീതമാണ് ആവശ്യം. സംഗീതത്തില്‍ ഭാവം കൊണ്ടുവരുവാന്‍ കൂടിക്കഴിഞ്ഞാല്‍ കഥകളിസംഗീതരംഗത്ത് സ്വന്തമായൊരു സ്ഥാനം നേടുവാന്‍ ഈ കലാകാരനു കഴിയും എന്നതില്‍ തര്‍ക്കമില്ല.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

രണ്ടാം ദിവസം ആദ്യകഥ ലവണാസുരവധമായിരുന്നു. ശ്രീരാമന്റെ യാഗാശ്വത്തെ ലവനും കുശനും ചേര്‍ന്ന് ബന്ധിക്കുന്നു. യാഗാശ്വത്തെ പിന്തുടര്‍ന്നെത്തുന്ന ശത്രുഘ്നനെ ലവകുശന്മാര്‍ പരാജയപ്പെടുത്തുന്നു. തുടര്‍ന്നെത്തുന്ന ഹനുമാനെ പരാജയപ്പെടുത്തി സീതയുടെ മുന്നിലെത്തിക്കുന്നു. സീത ഹനുമാനെ മോചിപ്പിക്കുവാന്‍ ലവകുശന്മാരോടു പറയുന്നു. സീതയുടെ അനുഗ്രഹവും വാങ്ങി, ലവകുശന്മാരുടെ വീര്യത്തില്‍ സം‌പ്രീതനായി ഹനുമാന്‍ വിടവാങ്ങുന്നു. ഇത്രയും ഭാഗമാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുടെ ഗുരുവായ കലാമണ്ഡലം രാമന്‍‌കുട്ടിനായരാശാനാണ് ഹനുമാനെ അവതരിപ്പിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍, നര്‍മ്മം ചാലിച്ചുള്ള അദ്ദേഹത്തിന്റെ ഹനുമാന്‍ സദസ്യരെ നന്നായിത്തന്നെ രസിപ്പിച്ചു. കലാമണ്ഡലം ഗോപിയുടെ സതീര്‍ത്ഥ്യനും ഒരുകാലത്ത് കഥകളി അരങ്ങുകളിലെ സ്ഥിരം പങ്കാളിയുമായിരുന്ന കോട്ടയ്‌ക്കല്‍ ശിവരാമനായിരുന്നു സീതയുടെ ഭാഗം അഭിനയിച്ചത്. കലാമണ്ഡലം ഗോപിയുടെ ശിഷ്യരില്‍ പ്രഥമഗണനീയനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ലവനേയും‍, കോട്ടയ്‌ക്കല്‍ കേശവന്‍ കുശനേയും അവതരിപ്പിച്ചു. കലാമണ്ഡലം ഗംഗാധരനായിരുന്നു ഈ ഭാഗത്തെ സംഗീതം കൈകാര്യം ചെയ്തത്. പ്രായാധിക്യത്തിലും, ഇപ്പോഴുള്ള പല ചെറുപ്പക്കാരേക്കാളും നന്നായി അദ്ദേഹം പാടുന്നു എന്നത് ചെറിയ കാര്യമല്ല. ശബ്ദസൌകുമാര്യം കുറവാണെന്നതൊഴിച്ചാല്‍, അദ്ദേഹത്തിന്റെ സംഗീതം കഥകളിക്കിണങ്ങുന്നതുതന്നെയാണ്.

സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

ഏവരും കാത്തിരുന്ന കലാമണ്ഡലം ഗോപിയുടെ ദുര്യോധനന്‍ അരങ്ങിലെത്തുന്ന ഉത്തരാസ്വയംവരമായിരുന്നു അടുത്ത കഥ. ഏകലോചനമടങ്ങുന്ന ദുര്യോധനന്റെ ആദ്യ ശൃംഗാരപദം വളരെ നന്നായിത്തന്നെ അദ്ദേഹം രംഗത്തവതരിപ്പിച്ചു. എന്നാല്‍ വാര്യരുടെ കത്തിവേഷങ്ങളുടെയത്രയും ഗാംഭീര്യം ഗോപിയുടെ കത്തിവേഷത്തിനുള്ളതായി തോന്നിയില്ല. പച്ചവേഷങ്ങളില്‍, പ്രത്യേകിച്ച് നളനായി അഭിനയിക്കുമ്പോള്‍, അനുഭവവേദ്യമാവുന്ന ഗോപിയെന്ന പ്രതിഭയുടെ ആ കരസ്പര്‍ശം ഇതിലുണ്ടായതുമില്ല. ശീലമില്ലാത്തതിനാലാവാം അലര്‍ച്ചകളും വളരെക്കുറവായിരുന്നു. കലാമണ്ഡലം ഷണ്മുഖദാസാണ് ഭാനുമതിയുടെ വേഷമിട്ടത്. പ്രായത്തില്‍ വളരെ ചെറുപ്പമാണെങ്കിലും, മുതിര്‍ന്ന കലാകാരന്മാരോടൊപ്പം വേഷമിടുവാന്‍ താന്‍ പ്രാപ്തനാണെന്ന് തെളിയിച്ച കലാകാരനാണ് ഷണ്മുഖദാസ്. ഇവിടെയും ഇരുത്തം വന്ന അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇവരിരുവരും ചെര്‍ന്നുള്ള ആദ്യരംഗം വളരെ മികച്ചുനിന്നു.

ഉത്തരാസ്വയംവരം കഥകളിയിലെ മറ്റൊരു പ്രധാന വേഷമായ തിഗര്‍ത്തകനായി രംഗത്തെത്തിയത് കോട്ടയ്ക്കല്‍ ദേവദാസാണ്. താടിവേഷങ്ങളില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരുവാന്‍ കഴിഞ്ഞുട്ടുള്ള ഒരു മികച്ച യുവകലാകാരനാണ് അദ്ദേഹം. കേരളത്തിന്റെ തെക്ക് ഭാഗങ്ങളില്‍ അധികം എത്താറില്ലാത്ത കോട്ടയ്ക്കല്‍ നാരായണന്‍, പാലനാട് ദിവാകരന്‍ എന്നിവരായിരുന്നു ഈ കഥയിലെ സംഗീതം നിര്‍വ്വഹിച്ചത്. ചിട്ടപ്രധാനമായ പദങ്ങള്‍ സംഗീതം ചോര്‍ന്നു പോവാതെ പാടുന്നതില്‍ അഗ്രഗണ്യനാണ് കോട്ടയ്ക്കല്‍ നാരായണന്‍. ഹൈദരാലിയുടെ രീതിയില്‍, ലളിതമായ ഒരു സമീപനമാണ് പാലനാട് ദിവാകരന്റേത്. തിഗര്‍ത്തകവട്ടം വരെ കോട്ടയ്ക്കല്‍ നാരായണനും തുടര്‍ന്നുള്ള ഭാഗം പാലനാട് ദിവാകരനുമാണ് പാടിയത്.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

സപ്തതിയുടെ പ്രതീകമായി എഴുപത് വേഷങ്ങള്‍ രംഗത്തെത്തുന്ന രീതിയിലായിരുന്നു കഥകള്‍ തിരഞ്ഞെടുത്തിരുന്നത്. ഗോപിയാശാന്റെ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ കോട്ടയം രാധാകൃഷ്ണവാര്യരുടെ ചിത്രപ്രദര്‍ശനം,കഥകളി സംബന്ധിയായ പുസ്തകങ്ങളുടെ പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം നടന്നു. രണ്ടുദിവസവും ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കെല്ലാവര്‍ക്കും ആഹാരവും ഏര്‍പ്പെടുത്തിയിരുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ വളരെ നന്നായിത്തന്നെ പരിപാടികള്‍ അസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിയ സംഘാടകര്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഗോപിയാശാന്റെ ആരാധകര്‍ക്കും, കഥകളി ആസ്വാദകര്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന രണ്ടു ദിവസങ്ങളായിരുന്നു ഈ ആഘോഷം സമ്മാനിച്ചത് എന്ന് നിസംശയം പറയാം. കലാമണ്ഡലം ഗോപി എന്ന കലാകാരന് എല്ലാവിധ ഭാവുകങ്ങളും ആയുസ്സും ആരോഗ്യവും നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
--



സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ഗോപിയാ‍ശാന്റെ സപ്തതി ആഘോഷം - കളിഭ്രാന്ത്
--
Keywords: Kathakali, Kalamandalam Gopi, Sapthathi, Guruvayur, Guruvayoor, 70, Birthday, Celebrations, Photos, Images, Gallery, Pictures, Kalamandalam Padmanabhan Nair Nagar, Kalamandalam Ramankutty Nair, Nalacharitham, Nalan, Damayanthi, Margi Vijayakumar, Kalamandalam Shanmughadas, Hanuman, Kottackal Chandrasekhara Varier, Duryodhanan, Kathi Vesham, Pacha, Bhanumathi, Utharaswayamvaram, Kottackal Devadas, Kottackal ivaraman, Minukku, Thadi, Thigarthakan, Kali, Dwaparan, Lavan, Kusan, Seetha, Lavanasuravadham, Thiranottam, Kottackal Madhu, Palanadu Divakaran, Pathiyoor Sankarankutty, Kalamandalam Gan, Nelliyodu Vasudevan Nampoothiri, Kottarackara Ganga, Kalamandalam Balasubrahmaniam, Kottackal Kesavan

21 comments:

  1. 2007 മെയ് 26, 27 തീയ്യതികളിലായി കലാമണ്ഡലം ഗോപി എന്ന അതുല്യ കഥകളി കലാകാരന്റെ സപ്തതി ഗുരുവായൂര്‍ പത്മനാഭന്‍ നായര്‍ നഗരിയില്‍ വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാരും ആസ്വാദകരും ആഘോഷങ്ങളില്‍ പങ്കുചെര്‍ന്നു.

    സപ്തതി ആഘോഷത്തെക്കുറിച്ചുള്ള വിവരണവും, ബന്ധപ്പെട്ട ചില ചിത്രങ്ങളും...
    --

    ReplyDelete
  2. വളരെ നല്ല ലേഖനം ഹരീ, ശരിയ്ക്കും സപ്തതി ആഘോഷങളില്‍ പങ്കെടുത്ത് കഥകളി കണ്ട പ്രതീതി.
    കലാമണ്ഡലം ഗോപിയ്ക്ക് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു..

    ReplyDelete
  3. സപ്തതി ആഘോഷത്തെ പറ്റിയറിഞ്ഞിരുന്നു.
    എല്ലാ വിവരങ്ങളും വായിച്ചറിയാനും പറ്റിയിപ്പോള്‍.
    നന്ദി ഹരി..

    ReplyDelete
  4. ഹരീ
    ലേഖനം വളരെ നന്നായിട്ടുണ്ട്.
    ശരിക്കും നേരിട്ടുക്ണ്ട അനുഭൂതി.

    ഫോട്ടോസെല്ലാം വളരെ നന്നായിട്ടുണ്ട്
    എന്നത് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.

    ReplyDelete
  5. വളരേ നന്നായിരിക്കുന്നു സപ്തതി വിവരണം ഹരീ
    വീഡിയോ ഞാന്‍ കല്‍ക്കത്തയില്‍ തിരിച്ചു ചെന്ന ശേഷം അപ് ലോഡ് ചെയ്ത് അറിയിക്കാം

    ശ്യാം

    ReplyDelete
  6. ഹരീ,വളരെ നന്നായിട്ടുണ്ട് ചിത്രങ്ങളും ലേഖനവും.
    എന്റെ ബ്ലോഗിന്റെ ലിങ്കു നല്‍കിയതിനു നന്ദി.

    ReplyDelete
  7. “രംഗബോധം, ശബ്ദസൌകുമാര്യം, താളബോധം, സംഗീതം
    എന്നീഗുണങ്ങളൊക്കെയും സമാസമം ചേര്‍ന്നുള്ള ഗായകനെന്ന
    നിലയില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയാണ് ഇവരില്‍................”

    രംഗബോധത്തിന്റെ കാര്യത്തിലും താളത്തിന്റെ കാര്യത്തിലും
    എനിക്കഭിപ്രായമില്ലാ.’ഉണ്ടാകേണ്ടാ’യുടെ 2ചരണങ്ങള്‍
    പാടാതെ അദ്ദേഹപോയത് എന്താണ്? ഈ രംഗത്തില്‍ മന്തി
    വേഷം സാധാരണ ഉണ്ടാകാറില്ല.എന്നാല്‍ ഇവിടെ മന്തിയുടെ
    വേഷത്തില്‍ ആള്‍ ഉണ്ടായിരുന്നു.എന്നിട്ടും ‘പുരത്തില്‍ മരുവും’
    എന്നചരണം പാടാതെ പത്തിയൂര്‍ ചേങ്കിലവെച്ചുപോയി!
    ഈ പദവുമറ്റും കുറച്ച് ഒച്ചയെടുത്തു ശക്ത്തിയായി പാടണം,
    അതിനു വയ്യാഞ്ഞിട്ടാണോ?
    പിന്നെ താളം,അത് അദ്ദേഹത്തില്ലന്നല്ലാ.പക്ഷേ ചേങ്കിലയി
    താളം പിടിക്കല്‍ കമ്മി.പദം പാടുന്നതിനുള്ള ഇടവേളകളിലും
    പാടിക്കഴിഞ്ഞും അദ്ദേഹം ചേങ്കില കക്ഷത്തില്‍ വച്ച് കയ്യും കെട്ടി
    നില്‍ക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്‍ ചേങ്കില ഒരു
    ബാദ്ധ്യതയായൊ എന്നു തോന്നും.നടനും മേളക്കാര്‍ക്കും താളമിട്ടു
    കൊടുക്കുക(അതിനും ഉപരിയായി താളം നിയന്ത്രിക്കുക) ഇന്നതും
    പൊന്നാനിപാട്ടുകാരന്റെ പ്രധാന ഉത്തരവാദിത്തമാണ്.

    ReplyDelete
  8. “സംഗീതം, ശബ്ദസൌകുമാര്യം എന്നിവയാണ് മധുവിന്റെ
    പ്രത്യേകതകള്‍. എന്നിരിക്കിലും നാട്യപ്രധാനമായ
    കഥകളിയില്‍, ഭാവപൂര്‍ണ്ണമായ സംഗീതമാണ് ആവശ്യം.
    സംഗീതത്തില്‍ ഭാവം കൊണ്ടുവരുവാന്‍ കൂടിക്കഴിഞ്ഞാല്‍
    കഥകളിസംഗീതരംഗത്ത് സ്വന്തമായൊരു സ്ഥാനം നേടുവാന്‍
    ഈ കലാകാരനു കഴിയും എന്നതില്‍ തര്‍ക്കമില്ല.“

    ഉച്ചാരണശിദ്ധിയില്ലായ്മയും(പ്രത്യേകിച്ചും ഖോഷാക്ഷരങ്ങള്‍) മധുവിന്റെ
    ഒരു പ്രധാന പോരായ്കയാണ്.

    ReplyDelete
  9. ലേഖനം വളരെ നന്നായിട്ടുണ്ടു്‌. ദ്വാപരന്റെ വെഷം കത്തിയായിട്ടല്ലേ പതിവു്‌? താടിയായിട്ടും പതിവുണ്ടോ?

    ReplyDelete
  10. സാരംഗി, പി.ആര്‍, വിജില്‍
    വളരെ നന്ദി... സന്തോഷം. :)

    ശ്യാമിനോട്,
    എന്നാണ് കല്‍ക്കത്തയിലെത്തുക? മാഷെവിടെ നിന്നാണത് പകര്‍ത്തിയത്? ഏകലോചനം മുഴുവനും ഉണ്ടോ? എതാ‍യാലും യൂ‌-ട്യൂബില്‍ ഇടുന്നെങ്കില്‍ ലിങ്ക് തരൂ...

    മണിയോട്,
    സാഹിത്യത്തിലെ വരി കുറച്ചു പാടുന്നത് പുതിയ കാര്യമല്ല. അതല്ലല്ലോ രംഗബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘മന്തി’യുടെ വേഷത്തില്‍, എന്നു പറഞ്ഞത് മനസിലായില്ല. കാളയെയാണോ ഉദ്ദേശിച്ചത്? ‘പുരത്തില്‍ മരുവും’ എന്ന പദം പുഷ്കരന്റേതല്ലേ? രംഗബോധത്തിന് ഒരു ഉദാഹരണം: ഉചിതം അപരവരണോദ്യമം, എന്ന നാലാം ദിവസത്തിലെ പദം. അതില്‍ ഉചിതം വിസ്തരിക്കുമ്പോള്‍ ഇടയ്ക്ക്, ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്തിനാ എന്ന ഭാവത്തില്‍ ബാഹുകന്‍ നിശ്ചലനാവും, അപ്പോള്‍ ‘ഉ’ എന്ന അക്ഷരത്തില്‍ നീര്‍ത്തി മുദ്രതുടരുമ്പോള്‍ പാട്ടു തുടരുന്ന പതിവുണ്ട്. ഹൈദരാലിക്കു ശേഷം പത്തിയൂരാണ് അത് ഏറ്റവും നന്നായി അവിടം കൈകാര്യം ചെയ്യുന്നത്. അതുപോലെ ഓരോ മുദ്രയ്ക്കും അനുസൃതമായി പാട്ടിലെ വാക്കുകള്‍ക്ക് ശക്തി കൊടുത്തു പാടുന്നതും ശ്രദ്ധേയമാണ്. പിന്നെ, ചേങ്കിലയില്‍ എത്ര പാട്ടുകാര്‍, പാട്ടിനു ശേഷം താളമടിക്കാറുണ്ട്? താളം പ്രധാനമായും ഇലത്താളത്തിലാണ് നല്‍കുക. പാട്ടു പാടുന്ന അവസരത്തില്‍, അദ്ദേഹം നന്നായി താളമടിക്കാറുമുണ്ട്, താളബോധവുമുണ്ട്. സന്താന ഗോപാലത്തിലെ ബ്രാഹ്മണന്റെ പദത്തിനൊക്കെ കൃത്യമായി താളമിടാറുണ്. താളം മാറുമ്പോള്‍, അതിനനുസരിച്ച് നന്നായിത്തന്നെ പത്തിയൂര്‍ മാറ്റം അറിയിച്ചുകൊടുക്കാറുണ്ട്. ഖോഷാക്ഷരങ്ങള്‍ എന്നുദ്ദേശിച്ചത് എന്തിനെയാണ്? മധുവിന് ഉച്ചാരണശുദ്ധിയില്ല എന്ന് എനിക്ക് തോന്നിയിട്ടില്ല. ചിത്രങ്ങളും ലേഖനങ്ങളും ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)

    കൃഷ്ണനോട്,
    കത്തി മുഖത്തെഴുതി, വെള്ളത്താടി വെച്ച് കണ്ടിട്ടുണ്ട്. കത്തി ദുര്യോധനന്റെ രീതിയില്‍ നിന്നും അല്പം മാറ്റി മുഖത്തെഴുത്തുമായി കണ്ടിട്ടുണ്ട്. ഇങ്ങിനെയും താടിയായിട്ടും കണ്ടിട്ടുണ്ട്. ഏതുമാവാം എന്നാണെന്നു തോന്നുന്നു. ലേഖനം ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)
    --

    ReplyDelete
  11. ഈശ്വരന്മാരെ ഞാന്‍ ഒരുപാട്‌ വിട്ടു! ഇത്തൊക്കെ ഇവിടെയുണ്ടായിരുന്നോ!
    ഹരീ ഒന്നുകില്‍ ഫോട്ടോസ് മെയിലലയച്ചുതൈക, അല്ല്ലെങ്കില്‍ കാണാന്‍ പറ്റണസ്ഥലത്ത് ഹോസ്റ്റുക.
    മ്മെയിലാകും നല്ലത്‌ (ഒരൊറ്റ ഫോട്ടോസ് കാണ് ല്ല്യ വിടെ, ഒക്കെ ഗുണ്‍നനചിഹ്നങളാ‍ാ!)

    ശ്യാമേ, ഗൂഗിളിലിടുമ്പോള്‍ ലിങ്ക്‌ തരണേ്
    (മണീ, ഞാന് വരുന്നു ബ്ലോഗിലേക്ക്‌)
    -സു-

    ReplyDelete
  12. സുനില്‍ മാഷേ,
    അത് നെറ്റ് സ്ലോ ആയതുകൊണ്ടാവും. ഒന്ന് റിഫ്രഷ് ചെയ്ത് നോക്കൂ... ഇവിടെ എല്ലാം കാണണുണ്ടെല്ലോ... എല്ലാം ബ്ലോഗറില്‍ തന്നെയാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്.
    --

    ReplyDelete
  13. അതുകൊണ്ടല്ല എന്ന് തോന്നുന്നു ഹരീ. സൌദിയില്‍ പടങ്ങള്‍ കാണുന്നത് അത്ര ഈസിയല്ല, നെറ്റില്‍ കൂടി (കണ്ട്രോള്‍, റെഗുലേഷന്‍, കണ്ട്രോള്‍ഡ് റിലീസ്... :)). അതാണ് സുനില്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു

    ReplyDelete
  14. വക്കാരി യൂ ആര്‍ കറക്റ്റ്. അപ്പോ എന്താ ചെയ്യാ ഹരീ? എല്ലാം കൂടെ സിപ്പാക്കി മെയില്‍ വിട്ടാല്‍ മതി. നിവ്ര്ത്തിയില്ലാഞിട്ടാ ഡോ.-സു-

    ReplyDelete
  15. haree, njan thamasichhu poyi.. oru professional report thanne! nalla balanced aaya report. ellaam cover cheythittundu. pinne, ELLAAM cover cheyyunathinekkal pradhaanam pradhaana kalaaprakatanangale ppatti kurachhukoodi aaswaadanam ezhuthukayalle? kaaranam athellavarkkum pattillallo?!
    photos pora, ennathhil. mathramalla, aa copy right emblem koduthhirikkunnath budhhimuttaanu. athum thaazhe creditsinte koode mathiyaayirunnu. ithippol aaswdikkaanum printout edukkanum thadassamundaakkunnu.

    ReplyDelete
  16. haree, ths is nth abt d article...but abt d fotos tht u tuk...u cud hav tkn some in a straight angle....evry foto is either lft sided or viceversa....a foto tkn str8 wud chnge d whole luk n feel of d same...othr wise u hav tried 2 capture it a'mst fully...n y didn't u cover d "Ekalochanam" part in d group??? n ur article...it ws a gud wrk coverin all...keep goink:)))

    ReplyDelete
  17. വക്കാരിയോട്,
    അപ്പോള്‍ അതിനെ മറികടക്കുവാനുള്ള കുറുക്കുവഴികളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലേ? ഉണ്ടാവണമല്ലോ എന്തെങ്കിലും... ;)

    അജിത്തിനോട്,
    ആസ്വാദനമായി എഴുതുമ്പോള്‍ അതിന്റെ കഥയും സന്ദര്‍ഭവുമൊക്കെ എഴുതണമല്ലോ? അപ്പോള്‍ ലേഖനം വല്ലാതെ നീണ്ടുപോവില്ലേ എന്നു കരുതിയാണ് ആസ്വാദനം കുറച്ചത്. പിന്നെ ഇവിടെ കഥകളി അരങ്ങിനു മാത്രമല്ലല്ലോ പ്രാധാന്യം, അതുകൊണ്ടാണ് മൊത്തത്തില്‍ ഒരു ലേഖനമാക്കിയത്. ഫോട്ടോസ് പോര, എന്നത് എണ്ണത്തിലാണോ ഗുണത്തിലാണോ? ഗുണത്തിലാണെന്നു കരുതുന്നു; ഉം... കൂടുതല്‍ നന്നാക്കുവാന്‍ ശ്രമിക്കാം. :) പിന്നെ, കോപ്പിറൈറ്റ് കാണിക്കുന്നത്, അതും വശത്തേക്ക് മാറ്റുന്നതാണ്, അടുത്ത തവണ മുതല്‍.

    വാണിയോട്,
    ഹൊ, അവസാ‍നം കാക്ക മലര്‍ന്നു പറക്കും, കാള പെറും, നായയുടെ വാല്‍ നിവരും... :) ഒന്നു രണ്ടു കാര്യങ്ങളുണ്ട്. കൃത്യം നേരേ ഇരുന്ന് എടുത്താല്‍ ആട്ടവിളക്കാവും ചിത്രത്തിന്റെ പകുതിയിലേറെയും, നടുക്ക് നിന്ന് സമയമെടുത്ത് ഫോട്ടോയെടുക്കുവാന്‍ സാധിക്കുകയില്ല (പിറകില്‍ നിന്നും ചീത്ത കേള്‍ക്കും), വശത്തുകൂടെയുള്ള ആംഗിളുകളാണ് എനിക്ക് കൂടുതലിഷ്ടം, നേരേ നിന്നെടുക്കുന്നതിലും വേഷങ്ങളെ ഉള്‍ക്കൊള്ളിക്കുവാന്‍ വശത്തുനിന്നും സാധിക്കും, കഥകളി കാണുവാന്‍ ധാരാളം ആള്‍ക്കാര്‍ ഉണ്ടായിരുന്നതിനാല്‍ വളരെക്കുറച്ച് സ്ഥലങ്ങളില്‍ നിന്ന് എടുക്കുവാനേ സാധിക്കുമായിരുന്നുള്ളൂ, പൂര്‍ണ്ണരൂപത്തില്‍ കഥകളി പകര്‍ത്തുമ്പോള്‍ മറ്റ് വസ്തുക്കള്‍ കൂടുതല്‍ ഫ്രയിമില്‍ കടന്നുവരും, കഥകളിയുടെ ക്ലോസ്-അപ് ഷോട്ടുകളാണ് എനിക്ക് കൂടുതലിഷ്ടം; ഇത്രയുമൊക്കെയുള്ളതിനാലാണ് ഞാന്‍ വശത്തുനിന്നുള്ളതിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. നേരേ നിന്നുള്ളതുമുണ്ട്, പക്ഷെ അവ എനിക്കിഷ്ടമായില്ല. ഏകലോചനത്തിന്റെ ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. പക്ഷെ, അത് മറ്റൊരു പോസ്റ്റാക്കി, ഏകലോചനമെന്തെന്നും വിശദമാക്കി ഒരു പോസ്റ്റിടാമെന്ന് കരുതുന്നു. വന്നതിനും കമന്റിയതിനും സ്പെഷ്യല്‍ നന്ദി... :)
    --

    ReplyDelete
  18. eay, photosinte gunathhinte kaaryamalla, ennathhinte kaaryamaanuddeshichhathu. haree kooduthal photos eduthhirunnallo?!

    ReplyDelete
  19. haree,
    ee chithrangal ingane cheruthaakki,
    clikkiyaal puthiya windowyil varunna pole kodukkunnathenganeyaa?
    onnu mailumo?
    razakma@gmail.com

    ReplyDelete
  20. അജിത്തിനോട്,
    അതില്‍ നല്ലതെന്നു തോന്നിയ കുറച്ചെണ്ണമാണ് അപ്ലോഡ് ചെയ്തത്. 40 ചിത്രങ്ങളുണ്ട്. :)

    വര്‍ത്തമാനത്തിനോട്,
    അത് വളരെ എളുപ്പമാണ്.
    ആദ്യം ചിത്രം അപ്ലോഡ് ചെയ്യുക. അതിനു ശേഷം Edit HTML എന്ന ടാബിലേക്ക് മാറുക. അവിടെ < a > ടാഗിനുള്ളില്‍ കാണുന്ന href=“http://imagelink.jpg” എന്നതിനു ശേഷം target="_blank" എന്നു നല്‍കുക. ഇപ്പോള്‍ ചിത്രം പുതിയ വിന്‍ഡോയിലാവും തുറക്കുക. പോസ്റ്റില്‍ ചിത്രം ചെറുതായി കാണുവാന്‍ < img > എന്ന ടാഗിനുള്ളില്‍ src="http://imagelink.jpg" എന്നതിനു ശേഷം height="xxx", width="xxx" എന്നീ വേരിയബിളുകളും സെറ്റു ചെയ്യുക. അളവുകള്‍ നല്‍കുന്നത് പ്രൊപ്പോര്‍ഷണലായാവണം എന്നു മാത്രം.

    ഉദാ: ഒറിജിനല്‍ ചിത്രം 800 X 600 എന്ന വലുപ്പത്തിലാണെന്നിരിക്കട്ടെ. തമ്പ്‌നെയിലിന്റെ വീതി 125 ആണെങ്കില്‍ പൊക്കം 94 നല്‍കണം. അല്ലെങ്കില്‍ ചിത്രം ഡിസ്റ്റോര്‍ട്ടഡ് ആവും.
    --

    ReplyDelete
  21. valare nannayittund. njan innanu e photos kanunnath.prasthutha paripadiyi neril kanda oru vyakthiyanu

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--