Sunday, January 6, 2008

ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും

Photoshop Padanavum Prayogavum - A tutorial text on Adobe Photoshop CS3 in Malayalam
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഫ്ലാഷ് പഠിച്ചു തുടങ്ങാം’ എന്ന പ്രഥമപുസ്‌തകത്തിനു ശേഷം, 'ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’ എന്ന എന്റെ രണ്ടാമത്തെ പുസ്‌തകം ഇന്‍ഫോ കൈരളി പുറത്തിറക്കി. കമ്പ്യൂട്ടര്‍ ഡിസൈനിംഗ് രംഗത്ത് വളരെ പ്രചാരം നേടിയിട്ടുള്ള ഒരു ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്വെയറാണ് അഡോബി ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധിഷ്ഠിതമായാണ് ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’ എന്ന ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.

ഫോട്ടോഷോപ്പില്‍ ലഭ്യമായ വിവിധ ടൂളുകള്‍, ഓപ്ഷനുകള്‍, പാലെറ്റുകള്‍ എന്നിവയെയെല്ലാം ലളിതമായി പരിചയപ്പെടുത്തുകയാണിതില്‍. ഇവയോരോന്നിനെക്കുറിച്ചും വിവരിക്കുന്നതിനു പകരമായി, ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളാവട്ടെ, നമുക്കു ചുറ്റും കാണപ്പെടുന്നവയുമാണ്. ഫോട്ടോഷോപ്പ് പഠനം രസകരമായ ഒരു അനുഭവമാക്കുവാന്‍ പുസ്‌തകത്തിനു സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പുസ്‌തകത്തോടൊപ്പം ലഭ്യമാക്കിയിരിക്കുന്ന പഠനവിഭവ സി.ഡി. പഠനപക്രിയയ്ക്ക് കൂടുതല്‍ സഹായകകരമാണ്. പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ഉദാഹരണങ്ങളുടെ സോഴ്സ് ഫയലുകളും ചിത്രങ്ങളുമാണ് സി.ഡി.യില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ ഫോട്ടോഷോപ്പ് സി.എസ്.3-യുടെ ട്രയല്‍ വേര്‍ഷന്‍, ഫോട്ടോഷോപ്പിന്റെ സാധ്യതകളെ വിപുലമാക്കുന്ന ആഡ്-ഓണുകള്‍, കൂടുതല്‍ റഫറന്‍സിനുതകുന്ന വെബ് ലിങ്കുകള്‍ എന്നിവയും സി.ഡി.യില്‍ ലഭ്യമാണ്.


അവതാരിക
അഡോബി ഫോട്ടോഷോപ്പ്, ഏവര്‍ക്കും സുപരിചിതമായ ഒരു സോഫ്റ്റ്‌വെയ‌റാണിന്നിത്. കമ്പ്യൂട്ടറിലെ ചിത്രപ്പണികള്‍ക്കാണ് ഇതുപയോഗിക്കുന്നതെന്നും പലര്‍ക്കും അറിവുണ്ടാവും. ഒരിക്കലെങ്കിലും ഒരു ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കാത്തവരും വിരളമായിരിക്കും. എന്നാലതിനു ശേഷമെന്ത്? എങ്ങിനെ ആ ചിത്രത്തിന്റെ വലുപ്പം ക്രമീകരിക്കാം, പല ചിത്രങ്ങള്‍ എങ്ങിനെ കൂട്ടിയിണക്കാം, എങ്ങിനെ അതിനെ ഒരു ആശംസാകാര്‍ഡായി രൂപപ്പെടുത്താം; ഇവയൊക്കെയും ഫോട്ടോഷോപ്പില്‍ സാധ്യമാണെന്ന് നമുക്കേവര്‍ക്കുമറിയാം, പക്ഷെ സ്വന്തമായി ഇതൊക്കെ എങ്ങിനെ ചെയ്യുവാന്‍ സാധിക്കുമെന്ന് നമുക്കിടയില്‍‍ എത്രപേര്‍ക്കറിയാം? ഫോട്ടോഷോപ്പ് സ്വന്തമായി ഉപയോഗിക്കുവാന്‍ നമ്മളെ പ്രാപ്തരാക്കുന്ന ഒരു പുസ്തകമാണ്, ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും.

പേരു സൂചിപ്പിക്കുമ്പോലെ, ഫോട്ടോഷോപ്പിലെ വിവിധ സങ്കേതങ്ങളുടെ കേവല പഠനമല്ല ഇതു സാധ്യമാക്കുന്നത്, പ്രയോഗത്തിലൂടെയുള്ള പഠനമാണ്. ആദ്യ അധ്യായം മുതല്‍ തന്നെ നമ്മള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചിത്രപ്പണികളില്‍ ഏര്‍പ്പെടുകയാണ്. പുസ്തകത്തിന്റെ പകുതിയോളം വിവിധ സങ്കേതങ്ങളെ പരിചയപ്പെടുത്തിയ ശേഷം, സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് എന്തെങ്കിലും ചെയ്തു തുടങ്ങുക എന്ന വ്യവസ്ഥാപിത ശൈലിക്കൊരു മാറ്റമാണിത്. ഓരോ അധ്യാ‍യത്തിലും പരിചയപ്പെടുത്തുന്ന ടൂളുകളും സാധ്യതകളും, ആ അധ്യായത്തില്‍ അടങ്ങിയിരിക്കുന്ന ഉദാഹരണങ്ങളിലൂടെ മനസിലാക്കി, അവ സ്വയം ചെയ്തു നോക്കി, അവയുടെ ഉപയോഗം മനസിലുറപ്പിച്ച് അടുത്ത അധ്യായത്തിലേക്കു നീങ്ങുന്ന സമ്പ്രദായം, ഫോട്ടോഷോപ്പ് പഠക്കുന്നവരുടെ ഉത്സാഹം നിലനിര്‍ത്തുകയും, അവര്‍ മനസിലാക്കുന്ന അറിവുകള്‍ അവരറിയാതെ തന്നെ മനസിലുറപ്പിക്കുക്കയും ചെയ്യുന്നു.

ഫോട്ടോഷോപ്പിന്റെ പത്താം പതിപ്പ്, ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധികരിച്ചെഴുതിയിരിക്കുന്നതാണ് ഈ പുസ്തകം. ഫോട്ടോഷോപ്പിന്റെ സാധ്യതകള്‍ ഇന്ന്‍ കേവലം പിക്സല്‍ ഇമേജ് എഡിറ്റിംഗില്‍ ഒതുങ്ങുന്നില്ല. വെക്ടര്‍ ഡ്രോയിംഗ്, ആനിമേഷന്‍, ത്രിമാന ചിത്രപ്പണികള്‍, വീഡിയോ എഡിറ്റിംഗ്, വെബ് ഡിസൈനിംഗ്, ക്യാമറ റോ എന്നിങ്ങനെ വിപുലമായ സാധ്യതകളുടെ വിശാലമായ ഒരു ലോകമാണ് ഗ്രാഫിക് ഡിസൈനിംഗ് രംഗത്തുള്ളവര്‍ക്ക് ഫോട്ടോഷോപ്പിലൂടെ അഡോബി ഒരുക്കിക്കൊടുക്കുന്നത്. സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ, ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്വെയറിന്റെ സങ്കീര്‍ണ്ണതയും വര്‍ദ്ധിച്ചു. ഫ്ലോപ്പിയില്‍ ഒതുങ്ങിയിരുന്ന ഫോട്ടോഷോപ്പ് ഇന്ന് സി.ഡിയിലും ഡി.വി.ഡിയിലുമാണ് വിപണിയില്‍ ലഭ്യമാവുന്നത്. ഫോട്ടോഷോപ്പ് ഉപയോഗിക്കുവാന്‍ പ്രവര്‍ത്തനക്ഷമതയില്‍ മുന്‍പന്തിയിലുള്ള കമ്പ്യൂട്ടറുകളും ആവശ്യമാ‍ണ്. ഇത്രയും സങ്കീര്‍ണ്ണമായ ഒരു സോഫ്റ്റ്വെയറിനെ പുസ്തകരൂപത്തില്‍ അവതരിപ്പിക്കുക എന്ന ആയാസകരമായ ദൌത്യത്തിന്റെ വിജയം കൂടിയാണ് ഈ പുസ്തകം. മലയാളത്തില്‍ കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്‍ഫോകൈരളിയാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. വിവരസാങ്കേതികവിദ്യയിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി അവര്‍ പുറത്തിറക്കിയിട്ടുള്ള പുസ്തകങ്ങളില്‍ എടുത്തു പറയേണ്ട ഒന്നായി ഈ പുസ്തകം മാറും എന്നാണ് ഞാന്‍ കരുതുന്നത്.

ലേഖകനെക്കുറിച്ച് ഒന്നുരണ്ടു വാചകങ്ങള്‍ കൂടി ചേര്‍ക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമാവില്ല. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഫ്ലാഷ് പഠിച്ചു തുടങ്ങാം’ എന്ന പുസ്തകത്തിലൂടെയും; ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഫോട്ടോഷോപ്പ്,ഫ്ലാഷ് പഠനപരമ്പരകളിലൂടെയും; പുതുമാധ്യമമായ ബ്ലോഗുകളിലെ രചനകളിലൂടെയും; ഡിസൈനിംഗ് രംഗങ്ങളിലുള്ളവര്‍ക്ക് പരിചിതനായ ഹരീഷ് എന്‍. നമ്പൂതിരിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഗ്രാഫിക് ഡിസൈനിംഗ് രംഗത്ത് അദ്ദേഹത്തിനുള്ള പ്രായോഗിക പരിചയവും, പ്രാവീണ്യവും കൂടാതെ സര്‍ഗ്ഗവാസനയുള്ള ഒരു കലാകാരന്‍ എന്ന നിലയിലുള്ള നൈപുണ്യവും ഈ പുസ്തകത്തില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. ശ്രീ. ഹരീഷ് എന്‍. നമ്പൂതിരിക്കും, ഈ പുസ്തകത്തിന്റെ വായനക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍
ബയോ ഇന്‍ഫൊര്‍മാറ്റിക്സ് കേന്ദ്രം, കേരള സര്‍വ്വകലാശാല (സി-ഡിറ്റ് മുന്‍: ഡയറക്ടര്‍)


പ്രകാശനം
കേരള ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി 2007 ഡിസംബര്‍ 29 മുതല്‍ 2008 ജനുവരി 6 വരെ, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘തിരുവനന്തപുരം പുസ്‌തകമേള’യിലാണ് പുസ്‌തകം പ്രകാശനം ചെയ്തത്. ബയോഇന്‍ഫൊര്‍മാറ്റിക്സ് കേന്ദ്രം ഡയറക്ടര്‍ ഡോ. അച്ചുത്‌ശങ്കര്‍ എസ്. നായര്‍, ഐ.ടി.@സ്കൂ‍ള്‍ ഡയറക്ടര്‍ ശ്രീ. അന്‍‌വര്‍ സാദത്തിനു നല്‍കിയാണ് പുസ്‌തകം പ്രകാശനം ചെയ്തത്. പുസ്‌തകത്തോടൊപ്പമുള്ള സി.ഡി., സെന്റര്‍ ഫോര്‍ കണ്‍‌വര്‍ജന്‍സ് മീഡിയ സ്റ്റഡീസ് ഡയറക്ടര്‍ ശ്രീ. എം. വിജയകുമാര്‍ പ്രകാശനം ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശ്രീ. റൂബിന്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി വിദ്യാരംഗം എഡിറ്റര്‍ ശ്രീ. സുനില്‍ പ്രഭാകര്‍ പുസ്‌തകം പരിചയപ്പെടുത്തി സംസാരിച്ചു. ഇന്‍ഫോ കൈരളി ചീഫ് എഡിറ്റര്‍ ശ്രീ. സോജന്‍ ജോസ് സ്വാഗതവും, ശ്രീ. ഹരീഷ് എന്‍. നമ്പൂതിരി നന്ദിയും പറഞ്ഞു.





മാധ്യമങ്ങളില്‍
ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും
രാജേഷ് ടി. ചന്ദ്രന്‍‍‍‍ (വാരാന്ത്യകൌമുദി> വായന, കേരള കൌമുദി ദിനപ്പത്രം - 2008 ജനുവരി 28)

ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും
ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍‍‍ (ഇന്‍ഫോമാധ്യമം> പുസ്‌തകപരിചയം, മാധ്യമം ദിനപ്പത്രം - 2008 ജനുവരി 28)
ഫോട്ടോഷോപ്പ് പഠിക്കാന്‍ ഒരു മലയാളപുസ്‌തകം
സുനില്‍ പ്രഭാകര്‍‍ (നെറ്റ്വര്‍ക്ക് > വായന, മാതൃഭൂമി ദിനപ്പത്രം - 2008 ജനുവരി 25)
ഫോട്ടോഷോപ്പ് പഠനം മലയാളത്തില്‍
മാരീചന്‍ (മാരീചന്റെ വായനശാല (ബ്ലോഗ്) - 2008 ജനുവരി 6)
ഹായ്! എന്തെല്ലാം പുസ്‌തകങ്ങള്‍
ടി.സി. രാജേഷ് (കേരള കൌമുദി - 2008 ജനുവരി 2)
ഹരീയുടെ രണ്ടാമത്തെ പുസ്‌തക പ്രകാശനം - ചില ചിത്രങ്ങള്‍
കേരളാഫാര്‍മര്‍ (വാര്‍ത്തകള്‍ വിശേഷങ്ങള്‍ (ബ്ലോഗ്) - 2007 ഡിസംബര്‍ 30)



വിശദാംശങ്ങള്‍
പ്രസാധകന്‍
ഇന്‍ഫോ കൈരളി
കുറുപ്പന്‍‌തറ, കോട്ടയം-686603

ISBN : 978-81-906041-0-9

വില : 200 രൂപ
പേജ് : 204 (കവര്‍ സഹിതം)



പുസ്തകം എങ്ങിനെ ലഭ്യമാവും?‍
പുസ്‌തകം ഓണ്‍‌ലൈനായി വാങ്ങുവാനുള്ള സൌകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്‍ഫോകൈരളി പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാവുന്ന പുസ്‌തക‌സ്റ്റാളുകളിലും, പുസ്‌തകമേളകളിലും ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’ ലഭ്യമാവേണ്ടതാണ്.


Keywords: Photoshop Padanavum Prayogavum, Malayalam Book on Adobe Photoshop, Photoshop Tutorial Text in Malayalam, Learning Material, InfoKairali, Info Kairali, Publications, Magazine, Hareesh N. Nampoothiri, Author, Book Release.
--

9 comments:

  1. ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും എന്ന എന്റെ പുസ്‌തകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍... പുസ്‌തകപ്രകാശനവേളയിലെ ചില ചിത്രങ്ങള്‍...
    --

    ReplyDelete
  2. ആശംസകള്‍
    നല്ല സംരംഭമാണ്
    എനിക്ക് ഒരു പുസ്തകം വേണം, ഞാന്‍ ഒമാനിലാണ്.
    ഓണ്‍ ലൈനില്‍ അപേക്ഷിക്കന്‍ ശ്രമിച്ചു, നടന്നില്ല, ക്രഡിറ്റ് കാര്‍ഡ് സ്വീകരിക്കാന്‍ സംവിധാനമില്ലേ,
    എന്താണ് ചേയ്യേണ്ടതെന്ന് അറിയിക്കുമോ
    സസ്നേനം
    മധു

    ReplyDelete
  3. ഇന്നലെ ‘ഫോട്ടോഷോപ്പ് : പഠനവും പ്രയോഗവും’ വാങ്ങി. കൃഷ്ണന്‍ നായരുടെ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ ‘കൈകഴുകി തൊടേണ്ട ഒരു പുസ്തകം‘. മലയാളത്തില്‍ ഇങ്ങനെ ആകര്‍ഷകമായ കെട്ടും മട്ടുമുള്ള പുസ്തകങ്ങള്‍ കുറവാണ്. പക്ഷേ പേപ്പര്‍ ക്വാളിറ്റി അകത്ത് അല്പം കുറവായതു കാരണം, ചിത്രങ്ങളും ടിപ്പുകളും ഡിസൈന്‍ ചെയ്തത്ര ആകര്‍ഷകമായി തോന്നില്ല.
    ടിപ്പുകള്‍ കൊടുത്ത രീതി ഉപകാരപ്രദമാണ്. അദ്ധ്യായം തിരിച്ച് ചിത്രങ്ങളും അവയ്ക്കു താഴെ വിശദീകരണവും കൊടുത്തിരിക്കുന്നത് നന്നായി. പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അതാണുത്തമം. ഇംഗ്ലീഷ് പുസ്തകങ്ങളില്‍ മാത്രമാണ് അങ്ങനെയൊരു പതിവ് കണ്ടിട്ടുള്ളത്. എന്തെങ്കിലും പറഞ്ഞു വച്ചിട്ട് ‘ഇത്രയൊക്കെ മതി‘ എന്ന ഒരു മനോഭാവം ഈ പുസ്തകത്തില്‍ ഒരിടത്തും പ്രകടമാവുന്നില്ല എന്നുള്ളതാണ് ഒറ്റവായനയില്‍ എനിക്കു തോന്നിയ ഹൃദ്യമായ കാര്യം. ആവുന്നത്ര വിശദീകരിച്ചാണ് എഴുത്ത്. വായിക്കുന്നയാള്‍ കാര്യം മനസ്സിലാക്കാതെ പോകരുത എന്ന നിര്‍ബന്ധം ഒരടിയൊഴുക്കായി പുസ്തകത്തിലെമ്പാടുമുണ്ട്. ചിത്രങ്ങളടുക്കാനും അതിനു വിശദീകരണക്കുറിപ്പെഴുതാനും, പിന്നീടു വിശദീകരിക്കുന്ന കാര്യം അദ്ധ്യായമുള്‍പ്പടെ രേഖപ്പെടുത്തി വയ്ക്കാനും എഴുത്തുകാരന്‍ നന്നായി പണിപ്പെട്ടിരിക്കണം അല്ലെങ്കില്‍ നിരവധി പ്രാവശ്യം എഴുതിയവയിലൂടെ കടന്നു പോയിരിക്കണം. ഇതൊന്നും മലയാളത്തില്‍ അത്ര പതിവില്ലാത്തതാണ്.
    എങ്കിലും ഒറ്റവായനയില്‍ പറഞ്ഞിരിക്കുന്ന സംഗതികളെല്ലാം ഹൃദിസ്ഥമാക്കിക്കളയാമെന്ന ധാരണ വേണ്ട. സോഫ്റ്റ്വെയറിന്റെ സങ്കീര്‍ണ്ണത തീര്‍ത്തും മനസ്സിലാക്കി തരുന്നുണ്ട് ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’. വായിച്ചു മാറ്റിവയ്ക്കുക എന്ന പരിപാടി ഈ പുസ്തകത്തിന്റെ കാര്യത്തില്‍ നടപ്പില്ല, പകരം വായിച്ചുകൊണ്ടേയിരിക്കുക- മന‍സ്സിലായ കാര്യങ്ങള്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കുക എന്ന നയമാവും യോജിക്കുക. ആകെ ഒരു പരാതി- പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പരാതിയല്ല- ഉള്ളത് ഭാഷയുടെ കാര്യത്തിലാണ്. ഇംഗ്ലീഷും സാങ്കേതികതയും മലയാളവും ഇടകലരുമ്പോള്‍ ഒരു വലിയ കടമ്പയാണ് അത് സാധാരണക്കാരന്. പക്ഷേ അതൊഴിവാക്കാനാവില്ല, അതുകൊണ്ട് തന്നെ സാങ്കേതികമായി മികച്ച പുസ്തകങ്ങള്‍ ഭാഷയില്‍ ലഭ്യമാകണമെങ്കില്‍ ഇത്തരം ഭാഷയുമായി കൂടുതല്‍ പരിചയമാവുകമാത്രമേ നമുക്ക് ചെയ്യാനുള്ളൂ എന്നു തോന്നുന്നു.
    മൊത്തത്തില്‍ നല്ല ഒരു പുസ്തകം. അതുകൊണ്ട് പ്രത്യേക നന്ദി, ഹരിയ്ക്ക്.

    ReplyDelete
  4. അഭിനന്ദനങ്ങള്‍ ഹരീ.. നാട്ടിലെത്തിയാല്‍ തേടിപ്പിടിക്കുന്നതായിരിക്കും പുസ്തകം. വെള്ളെഴുത്തിന്റെ കുറിപ്പ് അവസരോചിതമായി.

    ReplyDelete
  5. ഹരീ :) പുസ്തകം വാങ്ങി വായിക്കട്ടെ.

    ReplyDelete
  6. ഫ്ലാഷ് പഠനത്തെക്കുറിച്ചെഴുതിയ പുസ്തകം കണ്ടിരുന്നു. വളരെ നന്നായി ചെയ്തിരിക്കുന്നു അത്. ഇതും നന്നായിരിക്കുമെന്നറിയാം. അഭിനന്ദനങ്ങള്‍.

    ReplyDelete
  7. അഭിനന്ദനങ്ങള്‍!!!
    എല്ലാ വിധ ഭാവുകങ്ങളും!!!
    -സയന്‍സ് അങ്കിള്‍

    ReplyDelete
  8. ഫോട്ടോഷോപ്പിലെ എന്റെ പരിമിതമായ അറിവുകൾ വിപുലമാക്കുവാനും. അറിയാവുന്നത്‌ മറ്റുള്ളവർക്ക്‌ പ്രയൊജനപ്പെടുന്നുണ്ടെങ്ക്കിൽ അതിൽ സന്തോഷം ക്കണ്ടെത്തുവാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. വായിച്ച്‌ അഭിപ്രായം പറഞ്ഞാൽ നന്നായിരിക്കും.

    തുടർന്നെഴുതുക.

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--