വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പുതന്നെ പറഞ്ഞുകൊള്ളട്ടെ, ഞാനൊരു കഥകളി ഗവേഷകനോ, കഥകളി പഠിച്ചയാളോ ഒന്നുമല്ല. ഒരു സാധാരണ ആസ്വാദകന്‍ മാത്രമാണ്. ഈ ലേഖനത്തില്‍ എന്റെ മനസില്‍ തോന്നിയ ചില ചിന്തകള്‍ പങ്കുവെയ്ക്കുന്നു എന്നുമാത്രം. ഇതിനെക്കുറിച്ച് കഴിയുന്നതും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആത്മാരത്ഥമായി ആഗ്രഹിക്കുന്നു, അങ്ങിനെയെങ്കില്‍ കമന്റുകളിലൂടെ ഇതിലെന്തെങ്കിലും കാമ്പുള്ള സംഗതികള്‍ വന്നേക്കാം... പ്രതീക്ഷയോടെ...
--
കേരളത്തിന്റെ തനതായ കലാരൂപമാണ് കഥകളി എന്നത് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. കൃഷ്ണനാട്ടം, രാമനാട്ടം എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെട്ട കഥകളി, തുടക്കത്തില്‍ ആട്ടപ്രധാനവും ചിട്ടപ്രധാനവുമായിരുന്നു. കിര്‍മ്മീരവധം, ബകവധം തുടങ്ങിയ കോട്ടയം കഥകള്‍ ഇതിന് ഉദാഹരണമായിപ്പറയാം. എന്നാല്‍ കാലാകാലങ്ങളില്‍ ഈ കലാരൂപം വളരെയധികം മാറ്റങ്ങള്‍ക്ക് പാത്രീഭവിച്ചു. ആട്ടപ്രകാരത്തിലും, സംഗീതത്തിലും, വേഷത്തിലും, ചുട്ടിയിലും, അവതരണത്തിലുമൊക്കെ മാറ്റങ്ങള്‍ കാര്യമായിത്തന്നെയുണ്ടായി. നാടകീയതക്കും ഭാവപ്രകടനത്തിനും അവസരമൊരുക്കുന്ന കഥകള്‍ക്ക് ആസ്വാദകരേറി. നളചരിതം, ഉത്തരാസ്വയംവരം ഇവയൊക്കെ ആ ഗണത്തില്‍ പെടും. എന്നിരുന്നാലും ഇന്നത്തെ മാറുന്ന ആസ്വാദകശീലങ്ങള്‍ക്കനുസൃതമായി കുറച്ചു മാറ്റങ്ങള്‍കൂടി ഈ കലാരൂപത്തില്‍ അല്ലെങ്കില്‍ അവതരണ ശൈലിയില്‍ വരുത്തേണ്ടതുണ്ടെന്നു തോന്നുന്നു.
ഉത്സവപ്പറമ്പുകളിലും കഥകളി ക്ലബ്ബുകളിലുമാണ് ഇന്നു സാധാരണയായി കഥകളി സംഘടിപ്പിക്കാറുള്ളത്. ആട്ടവിളക്കിനു മുന്നില്‍ കളിച്ചിരുന്ന കഥകളി ഇന്ന് ഫ്ലൂറസെന്റ് പ്രഭയിലാണ് അരങ്ങേറുന്നത്. പണ്ടു കാലത്ത് ആട്ടവിളക്കിനു മുന്നിലായിരുന്നപ്പോള്‍ പിന്നിലെ തിരശീലയ്ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടായിരുന്നില്ല. മറ്റൊരു രീതിയില്‍, അവിടം സ്വാഭാവികമായിത്തന്നെ ഇരുണ്ടതായിരിക്കും. എന്നാല്‍ ഇന്നത്തെ രീതികള്‍ വ്യത്യസ്തമാണ്. ഇത്രയധികം വെളിച്ചം മുന്നില്‍ നിന്നും സ്റ്റേജിലേക്ക് തെളിക്കുമ്പോള്‍, പിന്നിലെ കര്‍ട്ടന് നന്നായിത്തന്നെ കാണുവാന്‍ സാധിക്കും. എന്നാല്‍ കഥകളി അരങ്ങിന്റെ പിന്‍വശത്തുള്ള കര്‍ട്ടന് ആരും അത്ര പ്രാധാന്യം നല്‍കാറില്ല എന്നതാണ് സത്യം.
കഥകളിയുടെ വേഷങ്ങളെല്ലാം നന്നായി ശോഭിക്കുന്നവയും, ഇരുണ്ട പിന്‍വശത്തോട് ചേര്‍ന്നുപോകുന്നതുമാണ്. പല കഥകളി വേദികളിലും ഒരു കര്‍ട്ടന്‍ പോലും പുറകില്‍ കാണാറില്ല, അല്ലെങ്കില്‍ ഏതെങ്കിലുമൊരു തുണി വലിച്ചു കെട്ടിയിരിക്കും. സൈഡ് കര്‍ട്ടനും സമാനരീതിയില്‍ തന്നെ. നല്ല ഇരുണ്ട നിറത്തിലുള്ള കര്‍ട്ടന്‍, കടും നീലയോ കടും പച്ചയോ നിറങ്ങളാണ് ഉത്തമം, പിന്നിലും വശങ്ങളിലും ഉപയോഗിക്കുന്നതാണ് കഥകളിയില്‍ നല്ലത്. ഈ നിറങ്ങളിലുള്ള ഉടയാട ധരിക്കുന്ന വേഷങ്ങള്‍ കഥകളിയില്‍ ഇല്ല എന്നതാണ് ഈ നിറങ്ങളാവാം എന്നു പറയാന്‍ കാരണം. ഈ നിറങ്ങളിലുള്ള ബാക്ക് കര്‍ട്ടന്‍ വേഷങ്ങളുടെ എടുപ്പ് വര്‍ദ്ധിപ്പിക്കുകമാത്രമല്ല, പ്രേക്ഷകന്റെ ശ്രദ്ധ വേഷങ്ങളില്‍ തന്നെ കേന്ദ്രീകരിക്കുവാനും സഹായിക്കും.
മൈക്ക് - സ്പീക്കര്‍ സംവിധാനമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം. ഇവിടെയും തികഞ്ഞ അലംഭാവമാണ് പലയിടത്തും കാണിക്കാറുള്ളത്. ഏറ്റവും അരോചകമായിത്തോന്നുക, പലകപൊക്കികെട്ടിയ സ്റ്റേജില്‍ മൈക്ക് വെയ്ക്കുമ്പോഴുള്ള അവസ്ഥയാണ്. ഓരോ പ്രാവശ്യവും വേഷക്കാരന്‍ കലാശമെടുക്കുമ്പോള്‍ പാട്ടുകാര്‍ മൈക്ക് പൊക്കിപിടിക്കേണ്ടി വരുന്നത് ഞാനൊന്നിലേറെത്തവണ കണ്ടിട്ടുണ്ട്. അല്ലെങ്കില്‍ ചവിട്ടുന്ന ശബ്ദമാവും ചെണ്ടയ്ക്കും മുകളില്‍ കേള്‍ക്കുക. അങ്ങിനെയുള്ള സ്റ്റേജുകളില്‍ മൈക്ക് മുകളില്‍ നിന്നും കെട്ടിത്തൂക്കിയിടുന്നതാവും നല്ലത്. സാധാരണരീതിയില്‍ പാട്ടുകാര്‍ക്കുമാത്രമാണ് മൈക്ക് നല്‍കാറുള്ളത്. ചെണ്ട, മദ്ദളം എന്നിവയുടെ ശബ്ദം പാട്ടിന്റെ മൈക്കിലൂടെത്തന്നെയാണ് കേള്‍ക്കുക. എന്നാല്‍ അത് ശരിയായ ഒരു രീതിയല്ല. അവയ്ക്കും പ്രത്യേകം മൈക്ക് വെച്ച്, ഒരു മിക്സറിലൂടെ എല്ലാ മൈക്കില്‍ നിന്നുമുള്ള ഇന്‍പുട്ട് സംയോജിപ്പിച്ച് സ്പീക്കറിലേക്ക് നല്‍കുന്നതാണ് കൂടുതല്‍ ശ്രവ്യസുഖം തരുന്നത്. സ്റ്റേജില്‍ കേള്‍ക്കുന്നതിനേക്കാള്‍ ഇപ്പോഴത്തെ രീതി അരോചകമാവുക, വേദിയില്‍ നിന്നും അകന്ന മൈക്കിലൂടെ കഥകളി സംഗീതം ശ്രവിക്കുമ്പോഴാണ്. പ്രത്യേകിച്ചും ടെലിവിഷനിലൂടെയും മറ്റും സംപ്രേക്ഷണം ചെയ്യുമ്പോള്‍.
ശ്രദ്ധ കൊടുക്കേണ്ട മറ്റൊരു കാര്യമാണ്, കുട്ടിവേഷങ്ങള്‍. കുട്ടിവേഷങ്ങള്‍ക്ക് യാതോരു പ്രാധാന്യവുമില്ലായിരിക്കാം. ഉദാ: ദക്ഷയാഗത്തിലെ ഭൂതഗണങ്ങള്‍, സന്താനഗോപാലത്തിലെ കുട്ടികള്‍ തുടങ്ങിയവ. എന്നിരുന്നാലും ഈ വേഷങ്ങള്‍ കഥകളിത്തനിമയുള്ളവയായിരിക്കേണ്ടേ? പലപ്പോഴും ദക്ഷയാഗത്തിലെ ഭൂതഗണങ്ങള്‍ക്ക് പ്രത്യേകിച്ചൊരു വേഷവുമുണ്ടാവാറില്ല. ബാലെയിലേയോ അല്ലെങ്കില്‍ പുരാണ സീരിയലുകളിലേയോ പോലെ, ഒരു മീശയും വരച്ച് എന്തൊക്കെയോ വാരിച്ചുറ്റി എത്തുന്ന ഈ കുട്ടിവേഷങ്ങള്‍ക്ക് യാതോരു കഥകളിത്തവുമില്ല. പലപ്പോഴും ഇത്തരം വേഷങ്ങള്‍ അരോചകങ്ങളാണെന്നും പറയാതിരിക്കവയ്യ, കുറഞ്ഞപക്ഷം ആ വേഷങ്ങള്‍ ഒഴിവാക്കുകയെങ്കിലും ചെയ്യാവുന്നതാണ്. സന്താനഗോപാലത്തില്‍ അവസാനം കുട്ടികളെ ബ്രഹ്മണന് കൈമാറുന്ന രംഗത്തില്‍, കുട്ടികള്‍ പാന്റും ഷര്‍ട്ടുമൊക്കെയിട്ടെത്തുന്നതും വളരെ അരോചകം തന്നെ. ഉത്തരാസ്വയംവരത്തിലെ ഗോപാലകര്‍, തോരണയുദ്ധത്തിലെ രാക്ഷസന്മാര്‍ ഇവരൊക്കെയും ഈ രീതിയില്‍ യാതോരു ശ്രദ്ധയുമില്ലാതെ, എന്തെങ്കിലുമൊരു വേഷവുമായി രംഗത്തെത്തുന്നവയാണ്. ഇത്തരം കുട്ടിവേഷങ്ങള്‍ക്ക്, കഥകളിത്തനിമയുള്ള വേഷങ്ങള്‍ തീര്‍ച്ചയായും നല്‍കേണ്ടതാണ്, അതിനു കഴിയില്ലെങ്കില്‍ ഈ വേഷങ്ങളെ രംഗത്തുനിന്നും ഒഴിവാക്കുകയെങ്കിലും വേണ്ടതാണ്.
ശ്രദ്ധനല്‍കാത്ത മറ്റൊരു കാര്യമാണ് തിരശ്ശീല. യാതോരു ഔചിത്യവുമില്ലാത്ത, കഥകളിയെക്കുറിച്ച് സാമാന്യധാരണപോലുമില്ലാത്ത വ്യക്തികളാവും തിരശ്ശീല പിടിക്കുവാന്‍ നിയോഗിക്കപ്പെടുക. എപ്പോള്‍ പിടിക്കണമെന്നോ, എങ്ങിനെ പിടിക്കണമെന്നോ, എവിടെപ്പിടിക്കണമെന്നോ ഇവര്‍ക്ക് പലപ്പോഴും ഒരറിവുമുണ്ടായിരിക്കില്ല. ഇവരെ വിളിച്ചുവരുത്തി തിരശ്ശീല വേണ്ടുംവണ്ണം പിടിപ്പിക്കുക എന്നത് ചെണ്ടക്കാരന്റേയോ പാട്ടുകാരന്റേയോ ചുമതലയാവുന്നു പലപ്പോഴും. ദുഃശാസനന്റെ തിരനോട്ടത്തില്‍, നടന്‍ തിരശ്ശീല അകത്തേക്ക് വലിക്കുമ്പോള്‍, വിട്ടുകൊടുക്കാതെ തിരിച്ച് വലിച്ചു നില്‍ക്കുന്ന തിരശ്ശീലക്കാരേയും ഞാന്‍ കണ്ടിട്ടുണ്ട്. എന്തോ ഒരു വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ഭാവമാണ് തിരശ്ശീലക്കാരന്റെ മുഖത്ത്. കുറഞ്ഞപക്ഷം, കഥയും എവിടെയൊക്കെ തിരശ്ശീല വേണമെന്നും കഥകളിയുടെ തുടക്കത്തില്‍ ആരെങ്കിലും ഇവര്‍ക്കു പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
മേജര്‍സെറ്റ് കഥകളി എന്നുപറഞ്ഞു നടത്തുന്ന കളികളില്‍ പോലും മുകളില്‍ പറഞ്ഞ വീഴ്ചകള്‍ പലപ്പോഴും സംഭവിക്കുന്നു. ഒന്നോ രണ്ടോ കലാകാരന്മാര്‍, വളരെ സീനിയറായതുകൊണ്ട്, അല്ലെങ്കില്‍ എല്ലാ കലാകാരന്മാരും സീനിയറായതൂകൊണ്ടുമാത്രം കഥകളി മേജര്‍സെറ്റാവുമോ? അതിന്റെ അവതരണശൈലിയിലും ആ ഒരു ഗുണനിലവാരം കൊണ്ടുവരുവാന്‍ സംഘാടകര്‍ ശ്രദ്ധിക്കേണ്ടതല്ലേ? കഥ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. ഒരു സീനിയര്‍ നടനെക്കൊണ്ടുവന്ന്, വളരെയൊന്നും ചെയ്യുവാനില്ലാത്ത കഥകളി ആടുവാന്‍ നല്‍കുന്നത് അത്ര നല്ലകാര്യമായി എനിക്കുതോന്നുന്നില്ല. ഈ രീതിയിലുള്ള ചില മാറ്റങ്ങള്‍ കൂടി കഥകളി അരങ്ങിന് ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രേക്ഷകരുടെ മാറുന്ന അഭിരുചികളെ തിരിച്ചറിഞ്ഞ്, സങ്കേതത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ സാധിക്കൂന്ന മാറ്റങ്ങള്‍ അരങ്ങിലെത്തിക്കേണ്ടത് കഥകളിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒഴിച്ചുകൂടുവാനാവാത്തതാണ്.
--
കഥകളി ഈ നൂറ്റാണ്ടില്
ReplyDeleteകഥകളിയിലെ അവതരണശൈലിയില്‍ കാലത്തിനനുസൃതമായി വരുത്തേണ്ട ചില മാറ്റങ്ങള്‍ എന്നു ഞാന്‍ കരുതുന്നവ ഇവിടെ ഞാന്‍ പങ്കുവെയ്ക്കുന്നു. മാറ്റങ്ങള്‍ എന്നു പറയുവാനൊക്കുകയില്ല, പ്രൊഫഷണലിസം കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത എന്നു പറയാം. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി സിനിമാറ്റിക് ഡാന്‍സിനുവരെ നല്‍കുന്ന പ്രാധാന്യം; ഞാന്‍ ചര്‍ച്ച ചെയ്യുന്ന മേഖലകളില്‍ കഥകളിക്ക് നല്‍കാറുണ്ടോ? അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
--
ഹരീ,
ReplyDeleteദക്ഷയാഗത്തിലേയും മറ്റും കുട്ടിവേഷങ്ങള്‍ കഥകളിത്തമില്ലാത്ത രീതിയിലാവുന്നത് ചമയം മുഴുവന്‍ കുട്ടികള്‍ക്ക് തന്നെ വിട്ട് കൊടുക്കുന്നത് കൊണ്ടാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഥകളി ട്രൂപ്പിന്റെ ചമയപ്പെട്ടിയില്‍ കൈയ്യിട്ട് കിട്ടുന്ന സാധനങ്ങള്‍ കൊണ്ട് കുട്ടികള്‍ തന്നെ അണിഞ്ഞൊരുങ്ങുന്നു, വസ്ത്രവും മേയ്ക്കപ്പുമേല്ലാം മിക്കപ്പോഴും കുട്ടികളുടെ സ്വന്തം വകയാവും. ഈ ഭാഗത്തിന് ആട്ടക്കഥയില്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടില്ലാത്തത് കൊണ്ടോ അതോ ഹാസ്യരസപ്രധാനമായത് കൊണ്ടോ ആണ് ഇത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. (കോട്ടക്കല്‍ പി.എസ്.വി. നാട്യസംഘത്തിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്.മറ്റ് സ്ഥലങ്ങളില്‍ വ്യത്യാസമുണ്ടാവാം)
അത് പോലെ തന്നെ പ്രൊഫഷണല്‍ ട്രൂപ്പുകള്‍ക്ക് കഥാ സന്ദര്‍ഭമനുസരിച്ച് തിരശ്ശീല പിടിയ്ക്കാന്‍ ആളുകളുമുണ്ട്. സന്ദര്‍ഭത്തിന് ഇണങ്ങിയ രീതിയില്‍ തിരശ്ശീല ഉപയോഗിക്കുമ്പോളാണ് വെറും ഒരു തുണീക്കഷ്ണമായി കാണപ്പെടുന്ന അതിന്റെ വേദിയിലെ രൂപമാറ്റം നമ്മള്‍ കാണുന്നത്. പലപ്പോഴും ഒരു തിരശ്ശീലയ്ക്കപ്പുറവുമിപ്പുറവും യുഗങ്ങളോളം നീളുന്ന കാലവ്യത്യാസം നിഷ്പ്രയാസം ആവിഷ്കരിക്കാന്‍ സാധിയ്ക്കും. തിരശ്ശീലയുടെ പ്രയോഗത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വേണം എന്ന് പറഞ്ഞത് തികച്ചും ശരിയാണ്.
ഹരീ മൈക്കിന്റേയും ലൈറ്റിന്റേയും കാര്യത്തിലും യോജിക്കുന്നു. :-)
ഇതുമാത്രം പോരാ മിടുക്കാ. പണ്ട്, പൊന്നാനി പാടിയിരുന്നവര്‍, ചേങ്ങലകൊണ്ടായിരുന്നു അരങ്ങ് മുഴുവന്‍ നിയന്ത്രിച്ചിരുന്നത്. വ്യക്തി പ്രഭാവം ഇന്ന് ഒരോരുത്തര്‍ക്കും കൂടിയതിനാല്‍ ഇപ്പോള്‍ ചേങ്ങലക്കാരന്റെ കയ്യിലല്ല അരങ്ങ്. അപ്പോ അതൊക്കെ നിയന്ത്രിക്കാന്‍ പണ്ടുണ്ടായിരുന്ന കഥകളിയാശാന്‍ കളിയച്ഛന്‍ തിരിച്ചുവരേണ്ടിയിരിക്കുന്നു. മാത്രമോ? പലരും പലസ്ഥലത്തുനിന്നു വരുന്നു കളിക്കുമുന്‍പ് കണ്ടിട്ടുപ്പോലുമുണ്ടാകില്ല! വിവ്ധ ആശയക്കാര്‍, അപ്പോള്‍ ഒരു കളിനിശ്ചയിച്ചാല്‍ ആരൊക്കെ വിളിക്കണം എന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും അവര്‍ ഒരു ദിവസം മുമ്പെങ്കില്ലും ഒരു രിഹേഴ്സല്‍ നടത്തുകയും ചെയ്യ്ണം, ഒന്നുമല്ലെങ്കില്‍ അത്യാവശ്യം ആശയവിനിമയം നടത്തണം. അതില്‍ മേളക്കാരും പാട്ടുകാരും ആടുന്നവരും പെട്ടിക്കാരും ചുട്ടിക്കാരും എല്ലാവരും വേണം. ഒരു പ്രൊഫഷണല്‍ നാടകരീതി -നരിപ്പറ്റ രാജു പറഞപോലെ.
ReplyDeleteപാട്ടുകാര്‍ക്ക് ശ്രുതിയും മറ്റുമൊന്നും പ്രശ്നമേയല്ല. അവര്‍ക് മൈക്കുപോലെ ഒരു സാധനം വായക്കുമുന്നില്‍ വേണമെന്നേയുള്ളൂ. പിന്നെ അലറി വിളിച്ചോളും! ഒരു കറ്ണ്ണാടക സംഗീതഞ്ജനോ മറ്റോ ആയിരുന്നെകില്‍ എത്ര തവണ ശ്രുതി നോക്കും! മൈക്കിന്റെയും സ്പീക്കറുകളുടേയും ക്വാളിറ്റി നോക്കും! ഞാനിതിനെപ്പറ്റി രാജേന്ദ്രനോടും ഏറ്റുമാനൂര്‍ കണ്ണനോടും മറ്റും സൂചിപ്പിക്കുകയുണ്ടായി. കളി വിളിച്ചുകൂട്ടുന്നവര്‍ക്കുമുണ്ട് ഇതില്‍ ഉത്തരവാദിത്വം.
കൂടുതല്‍ എഴുതിയാല്‍ പോസ്റ്റിനേക്കാള്‍ വലിയ കമന്റാകും. അതിനാല്‍ നിര്‍ത്തട്ടെ. -സു-
http://chithrakaran.blogspot.com/2007/01/blog-post.html കഥകളി ഇന്നത്തെ കലാരൂപമല്ല !!
ReplyDeleteu may read
ഹരിയുടെ ഗ്രഹണത്തില്‍ ചിത്രകാരന്‍ എന്തോ അപകടം ഭയക്കുന്നു.
ReplyDeleteപ്രേമത്തിന്റെ വാരിക്കുഴിയാണോ,
സൌഹൃദത്തിന്റെ ചക്കപ്പശയാണൊ, ഇരുട്ടിന്റെ പൊന്‍കവാടമായ സന്ധ്യയുടെ സൌന്ദര്യമാണോ? ആരു നീ വെളിപ്പെടാമോ ?
വായിച്ചു.. നല്ല ലേഖനം.
ReplyDeleteകഥകളി ടി.വി.യില്‍ മാത്രം കണ്ടിട്ടുള്ളതുകൊണ്ട് കൂടുതലായി ഒന്നും പറയാനില്ല.
തുടര്‍ന്നും എഴുതൂ..
കൃഷ് | krish
ഇന്ന് മാതൃഭൂമിയില്‍ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന പംക്തിയില്‍ കലാമണ്ഡലം രാമന്‍കുട്ടി ആശാന്‍ പറഞ്ഞതു ശ്രദ്ധിക്കൂ:
ReplyDelete“ദൃശ്യഭംഗിക്കുവേണ്ടി കഥകളിവേഷത്തെ സിനിമയിലും സീരിയലിലും അപമാനിക്കുകയാണ്. ഒരു പ്രധാനമലയാള നടനെ ഇങ്ങിനെ വേഷം കെട്ടിച്ചു. കഥകളിയറിയാത്ത അദ്ദേഹത്തെ എട്ടും പത്തും വര്‍ഷം കഥകളി പഠിച്ച എന്‍റെ ശിഷ്യന്മാര്‍ തന്നെയാണ് വേഷം കെട്ടിച്ചത്. വേഷം കെട്ടിച്ച് ഫോട്ടോ എടുക്കാനേ ഇത്തരം ആളുകളെ കൊള്ളൂ”.
--
എത്ര സത്യം! ഒരാവശ്യവുമില്ലാതെ ഇന്നു പല ഗാനരംഗങ്ങളിലും കഥകളി വേഷത്തെ ഉള്‍പ്പെടുത്തുന്നുണ്ട്. കഥകളി കലാകാരന്മാരുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്യുകയാണ് ഇവിടെ. ഒരു രാത്രി കഥകളി ആടുന്നതിലും കൂടുതല്‍ പണം ഒരു ഷോട്ടില്‍ വേഷം കെട്ടി നിന്നാല്‍ ലഭിക്കുമായിരിക്കും, എങ്കിലും കഥകളി എന്ന കലയോട് ചെയ്യുന്ന അനീതിയല്ലേ അത്? ആവശ്യമെങ്കില്‍ കഥകളി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. മണിച്ചിത്രത്താഴില്‍ കഥകളികാണുന്ന ഒരു രംഗമുണ്ട്. അവിടെയാവാം പക്ഷെ, ലജ്ജാവതീയിലെ പോലെ കഥകളിവേഷത്തെ ഊഞ്ഞാലാട്ടേണ്ടതുണ്ടോ?
--
ഒരു സിനിമാനടനുള്ള സാമ്പത്തികവും സാമൂഹികവുമായ ലാഭങ്ങള്‍ പത്തിരുപതുകൊല്ലക്കാലം അശ്രാന്തപരിശ്രമം ചെയ്ത് കഥകളിനടനായ ഒരുവന് കിട്ടിയില്ലെങ്കില്‍ ഇങനെയൊക്കെ ഉണ്ടാകും ഹരീ. അതില്‍ പരിഭവം വേണ്ട.അടിസ്ഥനപരമായി ഈ സാമ്പത്തിക/സാമൂഹിക പ്രശ്നഗ്നള്‍ തന്നെയാണ് കഥകളിനടന്മാര്‍ക്കിടയില്‍ ഉണ്ടാകുന്ന തൊഴുത്തില്‍കുത്തിനും കാരണം. കാലം മാറുകയല്ലേ, വ്യക്തിപ്രഭാവം പണ്ടുണ്ടായതുപോലെ ഇനി ഉണ്ടാകില്ല. രാമങ്കുട്ടിയാശാന് ദഹിച്ചില്ലെങ്കിലും അത് കാലസ്വഭാവം മാത്രം.
ReplyDeleteപക്ഷെ എന്നിരുന്നാലും ഹരി പറയുന്ന മറ്റ് കാര്യങള്‍ ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികള്‍ തമ്മിലുള്ള അടുപ്പവും സംവേദനവും പണ്ടേത്തപ്പോലെ ഇപ്പോലില്ല ഹരീ, അതിനാലാണ് ഞാന്‍ ഒരു റിഹേഴ്സല്‍ ച്ഛായൈല്‍ പാഞത്. കളിയച്ഛന്‍ ഉണ്ടായിരുന്ന സമയത്ത്, ഒരാളുണ്ടായിരുന്നു നിയന്ത്രിക്കാന്‍. ഇപ്പോഴോ? ചൊല്ലിയാടിയതുകാരണം പരസ്പരം പരിചയം കൂടിയില്ലാത്തവര്‍ ഒന്നിച്ച് ആടുന്നു. പക്ഷെ, മനോധര്‍മ്മം എന്നൊരു സംഗതി ഇപ്പോ പുതു നടന്മാരില്‍ എത്രകണ്ട് കണ്ടിട്ടുണ്ട്?ആശയങളുടെ കൊടുക്കല്‍ വാങല്‍ ഇല്ലാതെ, പുതിയ രീതി വരില്ല. അണിയറയില്വെച്ച് സംസാരിക്കാറുണ്ടോ എന്നു സംശയമാണ് ഹരീ. രാത്രി ബസ്സിന് വന്ന് നേരേ ചുട്ടിക്ക് കിടക്കും പിന്നെ സീഥാ കളിയരങില്‍, കഴിഞാല്‍ ഉടന്‍ തടിയെടുക്കും. തിരക്കുപിടിച്ച ജീവിതശൈലിയല്ലേ?
കളി സംഘടിപ്പിക്കുന്നവര്‍ക്ക് എത്ര വിവരമുണ്ട്? പലപ്പോഴും വഴിപാട് കളികളല്ലേ നടക്കാറ്? ഒരു വിവരമുള്ള മേല്‍നോട്ടക്കാരന്‍-കളിയച്ഛന്‍-അത്യാവശ്യമാണ്. പണ്ട് ഉണ്ടായിരുന്നതാണല്ലോ.
കഥകളി സംഗീതത്തില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ രീതി കൊണ്ടുവന്ന സ്ഥിത്തിയ്ക്ക് ശ്രുതിയും മറ്റും നോക്കിയേതീരൂ. അപ്പോ പഴയ അലര്‍ച്ച നടക്കില്ല, സംഗീതാത്മകമായ പദങളിലെങ്കിലും ശബ്ദം പ്രധാനപ്പെട്ടതാണ്. മൈക്ക്/സ്പീക്കറ്/എക്കോ മുതലായവകള്‍ സെറ്റ് ചെയ്തേമതിയാകൂ. അതിന് നിര്‍ബന്ധം പിടിക്കുന്ന ഗായകരും/സംഘാടകരും നമുക്ക് വേണം. അതുപോലെതന്നെയാണ് ഹരി സൂചിപ്പിച്ച ലൈറ്റിങ് അറേഞ്ച്മെന്റ്സ്. നടന്മാരുടെ/മേളക്കാരുടെ കണ്ണില്‍കുത്തുന്ന, ശരീരത്തിലെ ജലാംശം വറ്റിപ്പിക്കുന്ന ലൈറ്റുകള്‍ എന്തിനുവേണ്ടി? ഇവിടെയും ഒരു പുനരാലോചനാത്യാവശ്യമാണ്.
ഒരു പുതുബോധത്തില്‍നിന്നേ ഈവക കാര്യങള്‍ നടപ്പില്‍ വരൂ.
(ചിത്രകാനോട് പോകാന്‍പറയൂ.ആ പദം തന്നെ അദ്ദേഹം വൃത്തികേടാക്കുന്നു. മുന്‍പ് ഒരുവട്ടം ഈ ലിങ്ക് അദ്ദേഹം ഇവിടെ തന്നെ ഇട്ടതല്ലേ? പിന്നെയെന്തിനീ പരസ്യം?)
btഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.
ReplyDeleteകഥകളിയിലും ആവശ്യമുള്ള മാറ്റങള്‍ വരുത്താമെന്നു തന്നെയാണ് ഇതു വായിച്ചപ്പോള്‍ എനിയ്ക്കും തോന്നിയത്.
അതിനു ഹരി പറഞ കാര്യങളും ശ്രിയാണെന്നു തോന്നി..
പക്ഷെ, എനിയ്ക്കത്ഭുതം തോന്നി, ചില കര്യങള്‍ കേട്ടിട്ട്...സന്താനഗോപാലത്തില്‍ കുട്ടികള്‍ ഷ്ര്ട്ടും, പാന്റും...???
കളി കണ്ട് കാലങള്‍ ആയി...എന്റെ ഓര്‍മ്മയിലെ കളിയില്‍ തിരശ്ശീലയെ കുറിച്ചോ, ഭൂതഗണങളെ കുറിച്ചൊ, കുട്ടികളെ കുറിച്ചൊ അശ്രധ്ഹമായ രീതിയില്‍ ഒന്നും കണ്ടതായി ഓര്‍ക്കുന്നില്ല...
പിന്നെ, രാമങ്കുട്ടിയാശാന്‍ പറഞതിനോട് ഞാന്‍ മുഴുവനായും യോജിയ്ക്കുമായിരുന്നു, പണ്ടായിരുന്നെങ്കില്‍, ഇപ്പോഴും,മനസ്സില്‍ അതു തന്നെയാണ് കിടക്കുന്നത്, പക്ഷെ, സുനില്‍ പറഞത് വയിച്ചപ്പോള്‍ അതും ശരിയല്ലേയെന്ന് തോന്നി..
ലോകത്തിന്റെ വേഗത കൂടുമ്പോള്‍, കലയുടെ മൂല്യത്തിന്റെ സ്വഭാവങള്‍ക്കും മാറ്റം വരുമായിരിയ്ക്കും..
കണ്ട് ശീലിച്ചത് മാറുന്നത് കാണുവാന്‍ പണ്ടുള്ളവരും തയ്യാറാവില്ല എന്നതും വാസ്തവം..
കലയോടുള്ള "dedication" കുറയുന്നുണ്ടെന്നത് വേറൊരു സത്യവും
ഇതിനു രണ്ടിനും ഇടയില്‍ കലയുടെ മൂല്യവും..!
ദില്‍ബാസുരനോട്,
ReplyDeleteദക്ഷനും ഭൂതഗണങ്ങളുമായ യുദ്ധം പ്രധാനമായ രംഗം തന്നെ. അത് കോമാളിത്തമാക്കേണ്ടതുമില്ല. ഇങ്ങിനെയുള്ള വേഷങ്ങളാണ് അതിനെ ഒരു കോമാളി രംഗമാക്കിയത്. അതുപോലെ തന്നെ ആ രംഗത്തിലെ ബ്രാഹ്മണന്മാരും. വേഷവും തഥൈവ, ആട്ടവും തഥൈവ. ദക്ഷന്‍റെ യാഗശാലയിലെ ബ്രാഹ്മണരാണെന്നോര്‍ക്കണം, അവരിങ്ങനെയൊക്കെയാവുമോ പെരുമാറുക. തിരശീലയുടെ പ്രയോഗങ്ങളെല്ലാം വളരെ നന്നായിത്തന്നെ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇവിടുത്തെ പ്രശ്നമെന്തെന്നാല്‍ അവ ഉപയോഗിക്കുന്നത് അതിനെക്കുറിച്ച് ശരിയായ ഗ്രാഹ്യമുള്ളവരല്ല എന്നതാണ്.
--
സുനിലിനോട്,
കഥകളിക്കും റിഹേഴ്സലോ? അതിനോടെനിക്കു യോജിപ്പില്ല. ഇങ്ങിനെ പലസ്ഥലത്തു നിന്നും, പല ശൈലികളിലുള്ള ആള്‍ക്കാര്‍ ഒത്തൊരുമയോടെ കളിക്കുന്നതിനും ഒരു പ്രത്യേക സൌന്ദര്യമില്ലേ? പിന്നെ ഒരേ ആളുകള്‍ തന്നെ പലതവണ ഒന്നിച്ചാടുമ്പോള്‍ അവര്‍ തമ്മില്‍ ഒരു പ്രത്യേക ഇണക്കം സ്വാഭാവികമായിത്തന്നെ വന്നുകൊള്ളും. അതിനായി ഒരു റിഹേഴ്സല്‍ ആവശ്യമോ? പിന്നെ, ഇപ്പോള്‍ തന്നെ അണിയറയില്‍ വെച്ച് ചെറുതായി അവര്‍ സംസാരിക്കാറുണ്ടെന്നു തോന്നുന്നു, പ്രത്യേകിച്ചും മനോധര്‍മ്മം ആടുന്നതിനെക്കുറിച്ച്. അതെ, പൂര്‍ണ്ണ ഉത്തരവാദിത്തം കളി സംഘടിപ്പിക്കുന്നവര്‍ക്കാണ്. അല്ലെങ്കില്‍ കഥകളി ട്രൂപ്പുകള്‍ ഗാനമേളക്കാര്‍ ചെയ്യുമ്പോലെ സ്പീക്കര്‍ സെറ്റും ബാക്ക് കര്‍ട്ടനുമൊക്കെയായി നടക്കേണ്ടി വരും. കമന്റ്റ് വലുതായാലും സന്തോഷമേയുള്ളു കേട്ടോ... :)
(ഈ കമന്‍റിനു ശേഷമാണ് സുനിലിന്‍റെ രണ്ടാമത്തെ കമന്‍റ് വന്നത്. ഞാനാദ്യം പോസ്റ്റ് ചെയ്തിരുന്നത്, സാങ്കേതിക കാരണങ്ങളാല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യേണ്ടി വന്നതിനാലാണ് അത് ഇതിനു മുകളിലായി വന്നത്.)
--
ആര്‍ട്ടിസ്റ്റിനോട്,
തീര്‍ച്ചയായും താങ്കളുടെ ലേഖനം അടുത്തു തന്നെ വായിച്ച് അഭിപ്രായമെന്തെങ്കിലും പറയാനായെങ്കില്‍ അവിടെ രേഖപ്പെടുത്തുന്നതാണ്. ചിത്രകാരനെന്തിനാണ് ആര്‍ട്ടിസ്റ്റ് എന്ന് പേരാക്കിയത്? ചിത്രകാരന്‍ എന്തപകടമാണ് മണക്കുന്നത്?
--
കൃഷിനോട്,
വായിക്കുന്നതിനും കമന്‍റുകളിട്ട്പ്രോത്സാഹിപ്പിക്കുന്നതിനും വളരെ നന്ദി... :)
--
സുനിലിന്‍റെ രണ്ടാമത്തെ കമന്‍റിനോട്,
ശരിതന്നെ. എനിക്കങ്ങിനെ കഥകളി വേഷങ്ങളെ ഉപയോഗിക്കുന്നതിനോട് യോജിക്കുവാന്‍ കഴിയുന്നില്ല. സിനിമയേയും കഥകളിയേയും ഞാനൊരുപോലെ സ്നേഹിക്കുന്നു. കഥകളി സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, കഥകളി വേഷങ്ങള്‍ അല്ലെങ്കില്‍ അരങ്ങുകള്‍ കഥയുടെ ഭാഗമാവുന്നതുമൊക്കെ സന്തോഷമുള്ള കാര്യം തന്നെ. പക്ഷെ, ആ വേഷം സിനിമാറ്റിക് ഡാന്‍സിലെ ഒരു വേഷമായി ചിത്രീകരിക്കുന്നതിനോട് എനിക്കു യോജിക്കുവാന്‍ കഴിയുന്നില്ല. കഥകളി വേഷങ്ങള്‍ മാത്രമല്ല; തുള്ളല്‍, മോഹിനിയാട്ടം, തെയ്യം ഈ വേഷങ്ങളൊക്കെയും ഇങ്ങിനെ ഉപയോഗിക്കപ്പെടുന്നുണ്ട്. ‘നോട്ട്ബുക്ക്’ എന്ന പുതിയ ചിത്രത്തിലുമുണ്ട് ഇത്തരത്തിലൊരു ഗാനരംഗം. ഇനി ആ വേഷങ്ങള്‍ പാട്ടിനിടയില്‍ ഉപയോഗിക്കണമെങ്കില്‍ തന്നെ, കമലദളത്തിലും മറ്റും കാണിക്കുന്നതുപോലെ അതിന്‍റേതായ ചുറ്റുപാടുകളില്‍, അതിന്‍റെ തന്നെ നൃത്തച്ചുവടുകളില്‍ ചിത്രീകരിച്ചുകൂടെ?
--
പുതിയ കലാകാരന്മാര്‍ സംവേദിക്കുന്നില്ല എന്നു ഞാന്‍ കരുതുന്നില്ല. രംഗത്ത് സാധാരണയായി അവതരിപ്പിക്കാറില്ലാത്ത കഥയാണെങ്കില്‍ അവര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചചെയ്യാറുമുണ്ട്, ചിലപ്പോഴൊക്കെ പൂര്‍ണ്ണമായും ചൊല്ലിയാടാറുമുണ്ട്. പിന്നീട് പുതിയ കലാകാരന്മാരെല്ലാവരും ആത്മാര്‍ത്ഥതയില്ലാത്തവരാണെന്നും ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് എക്സ്പീരിയന്‍സ് കുറവുണ്ട്; ഷണ്മുഖന്‍, മുരളീകൃഷ്ണന്‍ തുടങ്ങിയ സ്ത്രീവേഷക്കാര്‍, ചെറുപ്പമെങ്കിലും ഗോപിയാശാനോടൊപ്പവും വാര്യരാശാനോടൊപ്പവുമൊക്കെത്തന്നെ വേദി പങ്കിടുന്നു. അവര്‍ക്ക് മനോധര്‍മ്മവും നന്നായിത്തന്നെ വരാറുണ്ട്.
--
ആത്മാര്‍ത്ഥതയില്ലാത്തവര്‍ എന്നു ഞാന്‍ പറഞിട്ടില്ല ഹരീ. ഷണ്മുഖവും മനോജും മുരളീക്ര്ഷ്നനുമൊക്കെ നല്ലവര്‍ തന്നെ. സംശയമില്ല. പക്ഷെ ഞാന്‍ പറഞത് എത്രപേര്‍ ഇതൊരു തപസ്യയായി എടുത്തിരിക്കുന്നു എന്നതാണ്? അതവൌടെ പ്രശ്നമല്ല മുഴുവനും. കാലത്തിന്റെ പ്രത്യെകതയാണ്. കാലത്തിനനുസരിച്ച് കുറച്ചെങ്കിലും മാറിയില്ലെങ്കില്‍ ശരിയാവില്ല എന്നേ ഞാന്‍ പറഞുള്ളൂ.
ReplyDeleteതീര്‍ച്ചയായ്ം വളരെ കെല്പുള്ള ചെറുപ്പക്കാരുണ്ട് ഇപ്പോള്‍. പക്ഷേ അവര്‍ക്കൊക്കെ ഗോപ്യാശാന്റെ “പരിവേഷം“ കിട്ടാന്‍ അല്‍പ്പം ബുധിമുട്ടാണ്. എങനെ ഗോപ്യാശാന്‍ ചതുരവടിവുള്ള മുദ്രകളും നതുവഴി നാടകീയതയും കഥകളിയില്‍ കൊണ്ടുവന്നു? അതുമൊരു കാലത്തിനൊത്ത മാറ്റമായിരുന്നില്ലേ? അതുതന്നെയായിരുന്നില്ലേ കര്‍ണ്ണശപഥത്തിന്റേയും നളചരിതത്തിന്റേയും രുഗ്മാംഗദചരിതത്തിന്റേയുമൊക്കെ വിജയത്തിനുപിന്നില്‍ ഉണ്ടായിരുന്നത്? കാലത്തിന്റെ ശബ്ദമായാണ് എനിക്ക് തോന്നുന്നത്. വളാരെ ചിട്ടയായ കളരിസമ്പ്രദായത്തില്‍നിന്നും വിട്ട് അതേചിട്ടവിടാതെ വിവിധരസാഭിനയങള്‍ ആയിരുന്നു ആളുകള്‍ക്ക് വേണ്ടിയിരുന്നത്. അത് ഗോപ്യാശാന്‍ കൊടുത്തു. അതുപോലെ, ഇന്ന് വേണ്ട, കാലത്തിന്റെ സ്പന്ദനം അറിഞമാറ്റങള്‍ കഥകളിയില്‍ ആവാം, വേണം എന്നേ ഞാന്‍ പറഞുള്ളൂ.
-സു-
ഹരീ,
ReplyDeleteഎനിക്ക് വളരെ ചുരുങ്ങിയ അവസരങ്ങളില്‍ മാത്രമേ കഥകളി ആസ്വദിക്കാനുള്ള അവസരം ലഭിക്കാറുള്ളൂ. അമേരിക്കയിലെ അതിവേഗ ജീവിതശൈലിയിലും കഥകളിയെ ആരാധനയോടെ ആസ്വദിക്കാനും ഒരു ഗവേഷകന്റെ പാടവത്തോടെ അതിനെപ്പറ്റി പ്രതിപാദിക്കാനും ഹരിക്ക് കഴിയുന്നത് ഈശ്വരാധീനം തന്നെ. അഭിനന്ദനള്‍. മേലിലും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
സസ്നേഹം , മനോജ് കുമാര്‍.
എന്തും ഏതും കച്ചവടവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്തല്ലേ നാം ജീവിക്കുന്നത്? ദൈവം പോലും കച്ചവടവസ്തു ആവുമ്പോള്‍, കഥകളിയും വെറുതേ വിടപ്പെടില്ല ഹരീ.
ReplyDeleteഎന്തു കൊണ്ടോ, കേരളീയത ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവും നല്ല പ്രതീകം കഥകളിവേഷം ആണെന്ന ഒരു ബോധം നമ്മില്‍ ഉറച്ചിട്ടുണ്ട്. (ഇത്തവണ ഗണതന്ത്ര ദിവസത്തിലെ കേരളത്തിന്റെ പ്രതിനിധിയായും കണ്ടു ആടിത്തകര്‍ക്കുന്ന ഒരു പച്ചക്കത്തിയെ.). അതു കൊണ്ടു തന്നെയാണ് ആ വേഷത്തിന്റെ പല ഭാവങ്ങള്‍ ഒരു കച്ചവട വസ്തു ആവുന്നതും. പരിഭവിച്ചിട്ട് തീരെ കാര്യമില്ല, സുനില്‍ പറഞ്ഞതു പോലെ.
കഥകളിയുടെ രീതിയില്‍ തന്നെ കാലാനുസൃതമായ - എന്നാല്‍ പാരമ്പര്യം കൈവിടാത്ത -- മാറ്റങ്ങളുണ്ടായാലേ വിദൂരഭാവിയിലും ഈ കലാരൂപം നിലനില്‍ക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ പ്രധാനം, കഥയറിയാതെ ആട്ടം കാണാന്‍ പ്രേക്ഷകന് സാധിക്കണം എന്നതാണ്. സുനില്‍ സൂചിപ്പിച്ച പോലെ, നടന്‍മാര്‍ക്ക് ഈ കല ഒരു തപസ്യ അല്ലാതിരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, അവര്‍ക്ക് സദസ്സില്‍ നിന്ന് ലഭിക്കുന്ന അതീവ ശുഷ്കമായ പ്രതികരണങ്ങളാണ്. പണമോ അംഗീകാരമോ ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും ഒരു ജോലിയോ തപസ്യയോ ആക്കാന്‍ മെനക്കെടുമോ? സാധാരണ ജനത്തിനേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പലപ്പോഴും നടനം കൂടുതല്‍ സാങ്കേതികമാവുമ്പോള്‍ കഥയോ, നടന്‍മാരോ അവരോട് സംവദിക്കാനും മെനക്കെടുന്നില്ല.
പറഞ്ഞു വരുന്നത്, കഥകളി, അതിന്റെ മൂലരൂപത്തില്‍ത്തന്നെ ജനകീയമാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. പണ്ടെങ്ങോ, പുരാണങ്ങളില്‍ ഊന്നി രചിക്കപ്പെട്ട ആട്ടക്കഥകള്‍ മാത്രം പേര്‍ത്തും പേര്‍ത്തും അവതരിക്കപ്പെടുന്ന രീതിയാണ് ആദ്യം മാറേണ്ടത്. കിംഗ് ലിയര്‍ പരീക്ഷിച്ച് കലാമണ്ഡലവും ഒഥല്ലോ (?) ആട്ടക്കഥയാക്കി സദനം ബാലകൃഷ്ണനും ഇതിനൊരു ശ്രമം നടത്തിയതാണ്. എന്തു കൊണ്ടോ, ആ വഴിക്ക് ഒരു പിന്തുടര്‍ച്ചകള്‍ കാണുന്നില്ല. ഷേക്‍സ്പിയര്‍ കഥകള്‍ ആട്ടമാക്കിയത് ഇംഗ്ലീഷ് ജനതക്കു വേണ്ടിയാണെങ്കില്‍, നമ്മള്‍ മലയാളികള്‍ക്ക് വേണ്ടി ആട്ടമാക്കാന്‍ പറ്റിയ എത്ര കഥകളുണ്ട്? ( അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയെ പദ്‌മനാഭന്‍ നായരാശാന്‍ അവതരിപ്പിച്ചാല്‍ എങ്ങിനെയിരിക്കും? :-).
നടന്‍മാര്‍ തമ്മിലുള്ള ആശയവിനിമയവും അനിവാര്യം തന്നെയാണ്. തന്റെ ഭാഗം എങ്ങനെ അവതരിപ്പിക്കാം എന്ന ഉള്‍ക്കാഴ്ച മറ്റൊരു വേഷവുമായി പങ്കുവെക്കുന്നതില്‍ കവിഞ്ഞ്, കഥയുടെ മുഹൂര്‍ത്തങ്ങള്‍ ഫലപ്രദമായി പ്രേക്ഷകനിലെത്തിക്കാന്‍ എങ്ങനെ ഒരു ടീം എന്ന നിലയില്‍ സംവദിക്കാം എന്നതിനായിരിക്കണം ഈ ആശയവിനിമയത്തില്‍ പ്രാധാന്യം. അതുകൊണ്ടു തന്നെയാന് സുനില്‍ പറഞ്ഞപോലെ, ഒരു കളിയച്ഛന്റെ ഭാഗം അനിവാര്യമാവുന്നത്. കഥകളിയും പ്രേക്ഷകനും തമ്മില്‍ വിട്ടുപോയ ബന്ധം വിളക്കിച്ചേര്‍ക്കാനുള്ള കണ്ണികളുടെ നിര്‍മ്മാണം, ഒന്ന് എന്നതില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു എന്നിരിക്കേ, രംഗവിതാനത്തിലും, പ്രകാശനിയന്ത്രണങ്ങളിലും, ശബ്ദവിന്യാസങ്ങളിലും മറ്റും ആധുനികരീതികള്‍ പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. ഈ കലാരൂപത്തിന്റെ പാരമ്പര്യമൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാവണം അത് എന്ന് മാത്രം. (ഉദാഹരണത്തിന്, ആട്ടവിളക്കിന്റെ പ്രകാശം അരങ്ങില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ നാടകീയ മുഹൂര്‍ത്തങ്ങളില്‍ കൃത്രിമ പ്രകാശം ഉപയോഗിക്കാവുന്നതല്ലേ ഉള്ളൂ.)
കണ്ണൂസ്, പുതിയകഥകളും കഥകളിയാക്കുന്നുണ്ട്. പണ്ടേ അതൊരു ജനപ്രിയകലയായിരുന്നില്ല. അതില്‍ വലിയമാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല ഇപ്പോളും. പക്ഷേ ഇപ്പോള്‍ ഉപയോഗിക്കുന്ന സൌകര്യങള്‍/ഉപകരണങള്‍ കഥകളിയുടെ ഘടനയുമായി ഒത്തുചേരണം അതിനുശേഷം, അപ്പോള്‍ ഈ ഉപകരണങള്‍ തന്നെ കഥകളിയുടെ ഘടനയെ അല്‍പ്പമെങ്കിലും മാറ്റിക്കോളും. കമ്പ്യൂട്ടര്‍ നമ്മുടെ ജീവിതത്തിനെ തന്നെ മാറ്റിമറിച്ചില്ലേ? അതുപോലെ.
ReplyDeleteഎന്തായാലും ഈ ലിങ്കുകള്‍ കൂടെ നോക്കൂ.
http://vayanasala.blogspot.com/2006/05/blog-post.html
പിന്നെ ഇതും
http://chintha.com/node/800
ഹരി പറ്റുമെങ്കില്‍ സംവാദത്തില്‍ (ചിന്തയുടെ) മറുപടി എഴുതൂ. അല്ലെങ്കില്‍ അതിനി ഇവിടേയ്ക്ക് പറിച്ചുനടേണ്ടി വരും. അതിന്റെ ആവശ്യമില്ലെന്നുതോന്നുനു.
-സു-
സുനില്‍, പൂതപ്പാട്ടിന്റെ കാര്യം ഞാന്‍ വായിച്ചതായിരുന്നു. ആദ്യ മറുപടി എഴുതിയപ്പോള്‍ ഓര്‍മ്മയില്‍ വന്നില്ല. :(. അത്തരം നല്ല സംരഭങ്ങള്‍ തന്നെയാണ് നമുക്ക് വേണ്ടത്. കഥകളി ക്യാപ്‌സൂള്‍ രൂപത്തിലാക്കുന്നു എന്നൊക്കെയുള്ള പാരമ്പര്യവാദികളുടെ പരിദേവനത്തെ വേദനയോടെയാണെങ്കിലും അവഗണിച്ചേ മതിയാവൂ.
ReplyDeleteകഥകളി ജനപ്രിയകലയായിരുന്നില്ല ഒരിക്കലും എന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, അതുകൊണ്ട് അത് ജനകീയമാവരുത് എന്ന് വരുമോ? പണ്ടു കാലത്ത്, ചെറിയ സദസ്സ് ആണെങ്കിലും അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിരുന്നു. സദസ്സിന്റെ പ്രതികരണം, ശരിയായ ദിശയിലാവുന്നത് നടന്‍മാര്‍ക്കും ഉത്‌സാഹം പകര്‍ന്നിരുന്നു, അത് അവരുടെ മനോധര്‍മ്മ പ്രകടനങ്ങളേയും കഥകളിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയേയും വളരെയേറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ അവസ്ഥ അതല്ലല്ലോ.
ശാസ്ത്രീയ കലകളില്‍ കാലാനുസൃത പരിഷ്കാരങ്ങള്‍ വളര്‍ത്തുന്നത്, കലയെ എത്ര സഹായിക്കുമെന്ന് അറിയാന്‍ പ്രത്യക്ഷമായ ഉദാഹരണം ഡോ. പദ്‌മാ സുബ്രഹ്‌മണ്യത്തിന്റെ പരീക്ഷണങ്ങളാണ്. അത്ര തന്നെ പ്രതിഭാ സമ്പന്നയും, ആദരണീയയും ആയ കനക് റെലേക്ക് മോഹിനിയാട്ടത്തെ ആ നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയാതെ പോവുന്നത് ഒരു പക്ഷേ പാരമ്പര്യത്തെ കൂടുതല്‍ ആശ്രയിക്കുന്നത് കൊണ്ടാവുകയും ചെയ്യാം.
കണ്ണൂസേ, കഥകളിയുടെ സാങ്കേതികത അതിനെ ജനകീയമാക്കാന്‍ തടസ്സമായിനില്‍ക്കുന്നുണ്ട്. പാരമ്പര്യവും തടസ്സമാണ്. എല്ലാ വിദ്യയ്ക്കും അതിന്റേതായ സാങ്കേതിക വശമുണ്ട്. അതറിഞെങ്കിലേ ആസ്വദിക്കാന്‍ പറ്റൂ. ക്രിക്കറ്റായാലും ടെന്നീസായാലും അങനെതന്നെ. പക്ഷെ അവ ജനകീയമായി കാരണം അതില്‍ മൂലധനമിറക്കാനും ഫാഷനാക്കാനും ആളുകളുണ്ട്. കഥകളി, പാരമ്പര്യമെല്ലാം മോശമാണെന്ന ധാരണ ശീലിച്ച (ശീലിപ്പിക്കുന്ന)ഇന്നത്തെ ജനത്തിനിടയില്‍ അത്ര ജനകീയമാകില്ല. അല്ലെങ്കില്‍ അതിനൊരു തലതൊട്ടപ്പനായി, മൂലധനമിറക്കാന്‍ വകയുള്ളവര്‍ വേണം. അതിന് കഥകളിയുടെ കമേഴ്സ്യല്‍ വാല്യൂ കൂടണം.
ReplyDeleteഅങ്ങനെയായാലും പാരമ്പര്യത്തില്‍നിന്നും വല്ലാതെ വിട്ടുകളിക്കുന്നത് എനിക്കും ഇഷ്ടമില്ല. പാരമ്പര്യം എന്നത് സത്യത്തില്‍ ഒരു “തുടര്‍ച്ച”യല്ലേ? തുടര്‍ച്ചയില്ലാതെ നടക്കില്ലല്ലൊ. അപ്പോള്‍ ഒരു ബ്രേക്ക് എന്നപോലെയുള്ള മാറ്റമാണ് വേണ്ടത്. അതിനാണ് പുതിയ ടെക്നോളജികളെ ശരിയായവിധത്തില്‍ ഉപയോഗിക്ക്ണമെന്നു ഞാന്‍ പറയുന്നത്. അപ്പോള്‍ തീര്‍ച്ചയായും മൂല്യം കൂടുകയും കൂടാതെ,ഇപ്പോഴുള്ള കണ്ണൂസ് പറഞ ഇപ്പോഴേ കഥകളിയെപ്പറ്റിയുള്ള ആ ഇമേജും കൂടിയാകുമ്പോള്‍ കഥകളി കുറച്ചുകൂടെ മാര്‍ക്കറ്റ് പിടിക്കും.
സുനിലിനോട്,
ReplyDeleteതീര്‍ച്ചയായും. ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം ആവശ്യമാണ്. മറ്റൊരു കാര്യം നമ്മള്‍ ആലോചിക്കേണ്ടത് കഥകളി ഒരു തപസ്യയായെടുത്ത് ഉപജീവനം കഴിക്കുവാന്‍ കഴിയുമോ എന്ന് പുതുതലമുറയിലെ കലാകാരന്മാര്‍ക്ക് ആലോചിക്കാതെ തരമില്ല. എന്നിരുന്നാലും, അവരവരുടെ പരിധിക്കുള്ളില്‍ നിന്നും അവരതിന്, കുറച്ചുപേരെങ്കിലും, ശ്രമിക്കുന്നുണ്ടെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ... ഗോപിയാശാന്‍ നേടിയെടുത്ത സ്ഥാനം അദ്ദേഹത്തിനു മാത്രമുള്ളതാണ്... അതിനെ വെല്ലുന്ന ഒരു ശൈലിയുമായി ആര്‍ക്കെങ്കിലും വരുവാന്‍ കഴിയുമോ? കഴിയും എന്ന് നമുക്ക് പ്രത്യാശിക്കാം, അല്ലേ?
--
മനോജിനോട്,
വളരെ നന്ദി മനോജ്. കാണുവാനും ആസ്വദിക്കുവാനും കഴിയാറുണ്ടെന്നത് ശരിതന്നെ. എന്നിരുന്നാലും കഥകളിയെക്കുറിച്ച് ആധികാരികമായി സംസാരിക്കുവാനുള്ള വിവരമൊന്നും എനിക്കില്ല. ആ ഒരു കുറവു മനസിലാക്കിത്തന്നെയാണ് ഇവയൊക്കെ എഴുതുന്നത്, അറിവുള്ളവര്‍ തിരുത്തുമെന്ന വിശ്വാസത്തോടെ...
--
കണ്ണൂസിനോട്,
കച്ചവടവല്‍ക്കരിക്കപ്പെട്ടോട്ടെ... വിരോധമില്ല. പക്ഷെ, ഒരു വജ്രക്കല്ല് ചാക്കുചരടില്‍ കോര്‍ത്ത് മാലയെന്നും പറഞ്ഞുവിറ്റാല്‍ എങ്ങിനെയിരിക്കും? അതിലൊരു അഭംഗിയില്ലേ? (അതുമൊരു ഫാഷനായേക്കാം, ഞാനൊരു ഉദാ. ബുദ്ധിമുട്ടി കണ്ടെത്തി എന്നേയുള്ളൂ...) അതുപോലെ ഗാനരംഗങ്ങളില്‍ വെറും വെറുതെ ഒരു വേഷമിങ്ങിനെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നതാവരുത് കച്ചവടവല്‍കരണം, അത്രയുമേ ഉദ്ദേശിച്ചുള്ളൂ.
കഥയറിയാതെ ആട്ടം കാണുക എന്നത് നടക്കുമെന്നുതോന്നുന്നില്ല. എന്റെ അഭിപ്രായം, ‘പദമറിഞ്ഞ് ആട്ടം കാണണം’ എന്നാണ്. പദമറിഞ്ഞ് ആട്ടം കണ്ടു തുടങ്ങിയാല്‍, സ്വാഭാവികമായി മുദ്രകളും മനസിലായിക്കൊള്ളും. മറ്റുള്ളവയോട് ഞാനും യോജിക്കുന്നു.
കഥകളിയില്‍, കഥയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. ഓരോ സിറ്റുവേഷനാണ് പ്രാധാന്യം. ഓരോ സിറ്റുവേഷനിലും കഥാപാത്രങ്ങള്‍ സാഹിത്യത്തിലൂടെ സഞ്ചരിക്കുന്നു. പദങ്ങളുടെ തുടക്കത്തിലുള്ള ശ്ലോകമാണ് കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. പുതിയ ആട്ടക്കഥകള്‍ പ്രചരിക്കപ്പെടാത്തതിന്റെ പ്രധാനകാരണം അവ സമ്പുഷ്ടങ്ങളല്ല എന്നതു തന്നെയാണ്. മാലിയുടെ കര്‍ണ്ണശപഥത്തിനു ശേഷം ശ്രദ്ധിക്കപ്പെട്ട ഒരു ആട്ടക്കഥ എന്നത് ഡോ. പി. വേണുഗോപാലെഴുതി ചിട്ടപ്പെടുത്തിയ കൃഷ്ണലീലയാവും. അതിനിടയില്‍ വന്നിട്ടുള്ളവയെല്ലാം ഒന്നോ രണ്ടോ വേദി കണ്ട ശേഷം, പിന്നണിയിലാവുകയാണ് ചെയ്യാറ്.
--
സുനില്‍ രണ്ടാമത്തെ കമന്റില്‍ പറഞ്ഞതാണതിന്റെ ശരി. “പക്ഷേ ഇപ്പോള്‍ ഉപയോഗിക്കുന്ന സൌകര്യങള്‍/ഉപകരണങള്‍ കഥകളിയുടെ ഘടനയുമായി ഒത്തുചേരണം അതിനുശേഷം, അപ്പോള്‍ ഈ ഉപകരണങള്‍ തന്നെ കഥകളിയുടെ ഘടനയെ അല്‍പ്പമെങ്കിലും മാറ്റിക്കോളും.“ അങ്ങിനെയുള്ള മാറ്റങ്ങള്‍ക്ക് സംഘാടകര്‍ തയ്യാറാവുകയാണ് വേണ്ടത്.
--
ഉം.. കുറച്ചു കാശൊക്കെ കിട്ടട്ടെ... ഞാനുമൊരു കളി സംഘടിപ്പിക്കും... :)
--
വളരെ ശരി സുനിലേ. ഞാന്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കവും ഈ കച്ചവടമൂല്യം മുതലാക്കുന്നതിന്റെ മാര്‍ഗങ്ങളെപ്പറ്റിയാണ്. അതിനോടൊപ്പം കഥകളിയുടെ സാങ്കേതികത ജനസാമാന്യത്തിന് മനസ്സിലാവുന്ന രീതിയില്‍ പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങളും വേണമെന്ന് മാത്രം. ചിലപ്പതികാരത്തിന്റേയും, ഭഗവദ്‌ഗീതയുടേയും, ഗീതാഞ്ജലിയുടേയും മറ്റും നൃത്താവിഷ്‌കാരത്തിലൂടെ ഡോ. പദ്‌മാ സുബ്രഹ്‌മണ്യത്തിന് കഴിഞ്ഞത് കലാമണ്ഡലം പോലൊരു പ്രസ്ഥാനം വിചാരിച്ചാല്‍ കഴിയാതിരിക്കില്ല.
ReplyDeleteകണ്ണൂസ് പറയുന്നത് മനസ്സിലായി. മോഹിനിയാട്ടവും ഭരതനാട്യവുമൊക്കെ കഥകളിയോടോ കൂടിയാട്ടത്തോടോ ഉപമിക്കാന്‍ പറ്റില്യ. കഥകളിയെ സംബന്ധിച്ചിടത്തോളം അതിന്റെ ചിട്ട കൂടിയാട്ടത്തിന്റേതുപോലെ (http://chintha.com/node/2548) ബലവും അതേസമയം ബലഹീനതയും ആണ്. മുന്‍കൂട്ടിനിശ്ചയിച്ച ആട്ടപ്രകാരമുള്ള ചൊല്ലിയാട്ടം ഒന്നുകൊണ്ടുമാത്രമാണ് വിളിച്ചു ചേര്‍ത്തവര്‍ ഒന്നിച്ചുകളീക്കുമ്പോള്‍ അപാകത ഇല്ലാതെ കളിക്കാന്‍ പറ്റുന്നതിനുള്ള ഒരു കാരണം. മോഹിനിയാട്ടത്തിനും മറ്റും ഇത്ര ചിട്ടയില്ല്യല്ലോ. അതേസമയം കൂത്തും കൂടിയാട്ടവും കഥകളിയുമെല്ലാം കുറച്ചുകൂടെ കൂട്ടായ്മ ആവശ്യമുള്ള കലാരൂപങ്ങളാണ്. ഭരതനാട്യത്തിനൊന്നും അത്രയ്ക്കാവശ്യമില്ലല്ലൊ. അതിനാല്‍ പദ്മാ സുബ്രഹ്മണ്യം ഒരാള്‍ വിചാരിച്ചാല്‍ കുറെ കാര്യങ്ങള്‍ നടക്കും. കൂടിയാട്ടത്തിലോ കഥകളിയിലോ ഒറ്റയടിക്ക് അങ്ങനെ കഴിയില്ല.
ReplyDeleteകലാമണ്ഡലം, ഫാക്റ്റ് പോലുള്ള പ്രസ്ഥാനങ്ങള്‍ തന്നെ മൂലധനമിറക്കി മാര്‍ക്കറ്റ് കൂടേണ്ടിവരും. അവിടെയാണ് പ്രശ്നവും.
ഹരീ ഒരു കളിയേ സംഘടിപിക്കേണ്ടൂ എങ്കില്‍ അത്രപ്രശ്നമൊന്നുമില്ല. അനുഭവം കൊണ്ട് പറയുന്നതാണ്.
ഞാന്‍ ഇവിടെ പറഞ പലകാര്യങ്ങളും കാറല്‍മണ്ണയില്‍ കഴിഞ ജൂണി-ജൂലായ് കാലത്തുണ്ടായ കഥകളി ദശദിന ശില്‍പ്പശാലയില്‍ പോയപ്പോള്‍ കെ.ബി.രാജാനന്ദിനോടും, കണ്ണനോടുമൊക്കെ പറഞതാണ്. ശില്‍പ്പശാലയില്‍തന്നെ നരിപ്പറ്റ രാജു പിന്നീടൊരു ദിവസം ഒന്നൊന്നര മണിക്കൂറ് ഇതേ വിഷയം (പരിഷ്കാരങ്ങള്‍-മാത്രം)പ്രബന്ധമായി അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി. ചിലതിനെങ്കിലും അംഗീകാരവും കിട്ടി. പക്ഷെ നടപ്പിലാക്കാന്‍ ഒറ്റയടിക്ക് പറ്റില്ല്യല്ലോ. കാത്തിരുന്നു കാണാം. അറ്റ്ലീസ്റ്റ് ചര്‍ച്ചചെയ്യപ്പെട്ടുവെന്നെങ്കിലും സമാധാനിക്കാം. (എനിക്കത്ഭുതവുമുണ്ടായി, ഒരേ ചിന്താഗതി കണ്ട കാരണം)ഓഡിറ്റോറിയത്തില്‍ കയറിചെന്നയുടന്‍ ശബ്ദബഹളം മാത്രം. സ്ഥലം നോക്കിയിരുന്നില്ലെങ്കില്‍ ഒന്നും ആസ്വദിക്കാന്‍ പറ്റില്ല്യ. അതിനാലായിരുന്നു രാജാനന്ദിനോട് എന്റെ അപ്പോള്‍ തോന്നിയകാര്യങള്‍ പറഞത്. അദ്ദേഹം “പതുക്കെ വരുംകാലങളില്‍ നോക്കാം” എന്ന് കഥകളിമുദ്രയിലൂടെ പറഞു അത്രമാത്രം.
ശില്‍പ്പശാലയെപ്പറ്റി ഒരു പോസ്റ്റ് തയ്യാറാക്കി വെച്ചു. പക്ഷെ മിനുക്കുപണി നടന്നില്ല അതിനാല്‍ അങ്ങനെതെന്ന് കിടക്കുന്നു, ഇപ്പോഴും!
-സു-
pothuvil parishkara nirddeshangalodu yojikkunnu.
ReplyDeletekurachhukoodi nerathe aattam thudangiyaal nannayirunnu ambalangalil. pandu officukalilum school, collegukalilum onnum manushyarkku pokendayirunna kaalathe timinganithu- ravile vare. annu rathri yathra saukaryangalumillaayirunnu! ee 11 manikku thudangunnath deeparaadhana kazhinh 7.30 nu thudangiyaal pittennathhe working dayum pokilla, urakkaksheenavum undaavilla. thaalparyamulla ethrayo prekshakare (prekshkarkkum) nashtappedaathirikkukayum cheyyum!
kathhakalivesham mattidangalil upayogikkaruthennu parayunnathu shariyalla. athinu oru bhangiyulla roopamenna nilayil, athhava 'kerala pratheekam'enna nilayilokke swathanthra asthitwamundu. kathakali vesham artistineyum costume artistineyum (even fashion designere polum) okke pralobhippikkunnathu swaabhavikamaanu. avarathu vikasippikkunnathu thadayunnathu shariyanennu thonnunnilla. chendakkaranum maddalakkaranum pattukaarumoke mattu vedikalil pokunnathra simple alle ithu haree?