Wednesday, February 7, 2007

പ്രണയാഭ്യര്‍ത്ഥന

തണുത്ത കല്‍പ്പടവുകള്‍
അവയുടെ മുകളില്‍
വിയര്‍പ്പൊഴുക്കി കാത്തു നിന്ന്
എങ്ങുനിന്നോ അപ്പോള്‍ കിട്ടിയ
ധൈര്യത്തില്‍ ചാടിക്കേറിയൊരു ചോദ്യം:
“എനിക്കു നിന്നെ ഇഷ്ടമാണ്, നിനക്കോ?”
ഉത്തരം വളരെയെളുപ്പം, വേഗത്തില്‍
“ഇഷ്ടമാണ്, നൂറുവട്ടം...
എനിക്കെന്നെ ഇഷ്ടപ്പെടാതെ വയ്യല്ലോ!”

കാല്പുതയുന്ന മണല്‍പ്പരപ്പ്
തിരകൊണ്ട്, കാറ്റേറ്റ്
കപ്പലണ്ടി കൊറിയ്ക്കുന്നതിനിടയില്‍
അവനവളോട് നാളുകളായി
വീര്‍പ്പുമുട്ടിക്കുന്ന കാര്യം:
“എനിക്കു നീ എല്ലാമാണ്, നീയില്ലെങ്കില്‍...”
മുഴുമിപ്പിക്കും മുമ്പ് അവള്‍:
“ശരിതന്നെ... നീയില്ലെങ്കില്‍ എനിക്കും...
എല്ലാം പറയാനൊരാങ്ങള എനിക്കു വേറാരാ?”

വീടുമുറ്റം, കരിയിലയവിടെയുമിവിടെയും,
ബുക്കുമായിപ്പോയവള്‍ ഗേറ്റും തുറന്ന്
പതിയെ അവന്റെയടുത്തേക്ക്,
അയല്പക്കക്കാരിയുടെ വരവ് അമ്മയോട്
പറയാനായി വായ്തുറക്കുന്നതിനിടയില്‍:
“ഞാനെഴുതിയിട്ടുണ്ട്, എന്റെ മനസിതില്‍”
പെട്ടെന്ന് ബുക്കിലൂടെ കണ്ണോടിച്ച്:
മനസിലുള്ള പലരേയും മറന്നവന്‍:
“എത്രനാളായി ഞാനിതു കേള്‍ക്കുവാന്‍...”
--

18 comments:

  1. എത്രയെത്ര പ്രണയാഭ്യര്‍ത്ഥനകള്‍...
    ദിവസവും, പലയിടങ്ങളില്‍...
    ഗതികിട്ടാത്ത എത്രയെത്ര കാമുകഹൃദയങ്ങള്‍...
    വീണ്ടുമൊരു പ്രണയാഭ്യര്‍ത്ഥന നടത്തുവാന്‍ ധൈര്യമവശേഷിപ്പിക്കാത്ത മറുപടികള്‍...

    ഒടുവില്‍ ഇങ്ങനെയും ഒരു കവിത...
    --

    ReplyDelete
  2. “ഇഷ്ടമാണ്, നൂറുവട്ടം...
    എനിക്കെന്നെ ഇഷ്ടപ്പെടാതെ വയ്യല്ലോ!”

    ഹരീ നല്ല വരികള്‍

    -സുല്‍

    ReplyDelete
  3. ഹരീ....

    ഇപ്പോഴും ആപ്ലിക്കേഷന്‍ അയച്ചോണ്ടിരിക്കാണോ? ബ്ലോഗില്‍ ഒരു പരസ്യം കൊടുത്താലോ? കൊള്ളാം ട്ടൊ കവിത..

    ReplyDelete
  4. വാലന്റൈന്‍സ് ഡേ അടുത്തതുകൊണ്ടാണോ ബൂലോഗത്ത് പ്രണയം പൂത്തുലയുന്നത്?

    ReplyDelete
  5. പ്രണയം പൂക്കാലമായി വരുംബോള്‍ ആര്‍ക്കും ഒന്നും പണയം വക്കാതിരിക്കാനുള്ള തിരിച്ചറിവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു....

    ReplyDelete
  6. സുല്‍,
    വളരെ സന്തോഷം... :)
    --
    ഇട്ടിമാളു,
    ഞാനാര്‍ക്കും ആപ്ലിക്കേഷന്‍ അയയ്ക്കാറില്ലേ, ഇങ്ങോട്ടുവരാറാ പതിവ്... (എവിടെ, ഒരു ജാടയ്ക്ക് പറഞ്ഞതല്ലേ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍...) കവിതയിഷ്ടപ്പെട്ടതില്‍ സന്തോഷം... :)
    --
    കണ്ണൂരാനേ...
    ആയിരിക്കും... പക്ഷെ, ഞാനിതെഴുതിയപ്പോള്‍ വാലെന്‍റെയിന്‍ ദിനമൊന്നും മനസില്‍ വന്നില്ലാട്ടോ...
    --
    ചിത്രകാരനോട്,
    എന്തു പണയം വെയ്ക്കാനാണ്, മനസോ?
    --

    ReplyDelete
  7. പ്രണയമൊക്കെ തികച്ചും ആപേക്ഷികം.ഏറ്റവും ഇഷ്ടമൊന്നൊക്കെവെറുതെ പറയാം.

    കാത്തിരിക്കൂ ഫലം കാണാതിരിക്കില്ല.

    ReplyDelete
  8. ഒടുവില്‍ ആണെങ്കിലും അവള്‍ പറഞ്ഞല്ലോ.

    ReplyDelete
  9. പ്രണയം വച്ച്‌ സദ്യ നടത്തുകയാണല്ലോ ജനം.... ഈ മാസം ബ്ലോഗില്‍.
    ഏതിലേ പോയാലും പ്രണയം...എങ്ങോട്ട്‌ തിരിഞ്ഞാലും പ്രണയം....സര്‍വം പ്രണയമഹ.....

    ഹരീ....ആദ്യ വരികളിലെ പെങ്കൊച്ചിന്റെ പെട്ടെന്നുള്ള ഉത്തരം എനിക്കിഷ്ടപ്പെട്ടു കേട്ടോ.

    അവസാനം ഒരു ബുക്ക്‌ കൊടുത്തു, എന്നു വായിച്ചു...എന്തോ എഴുതിയ ഒരു ബുക്ക്‌....ഇനി കൊടുത്തത്‌... കടേലെ പറ്റുബുക്കോ മറ്റോ ആണോ.... അവളുടെ....

    ReplyDelete
  10. ഹരീ കവിത ഇഷ്ടമായി. പ്രണയത്തിനെന്നും മധുരം തന്നെ (ആദ്യത്തില്‍ അഥവാ ആരംഭത്തില്‍, പിന്നെ കയ്ക്കും, അല്ലാതെ, നെല്ലിക്ക പോലെ, ആദ്യം കയ്ക്കുകയോ, പിന്നീട് മധുരിക്കുകയോ ഇല്ല).

    ReplyDelete
  11. നീതേടിയതൊന്നുംനിനക്കുള്ളതല്ല,
    അതൊടുവില്‍ നിന്നെത്തേടിവരും

    ഹരീ നന്നായിട്ടുണ്ട്.

    ReplyDelete
  12. വല്യമ്മായിയോട്,
    ഞാനാരേയും കാത്തിരിക്കുന്നില്ലാട്ടോ... :)
    --
    സുവിനോട്,
    മൂന്നും മൂന്നു സന്ദര്‍ഭവും വ്യത്യസ്ത ആള്‍ക്കാരുമായും കണ്ടു കൂടെ?
    --
    സാന്‍ഡോസ്,
    ആ... ഏതു ബുക്കുമാവാം, പക്ഷെ മനസെഴുതിയിട്ടുണ്ടായിരുന്നു... അത്രതന്നെ!
    --
    കുറുമാനോട്,
    :) അതെ... പ്രണയം മധുരിക്കുന്ന ഒന്നാണ്! പ്രണയമുള്ളിടത്തോളം കാലം... അതിന്റെ മധുരം നഷ്ടമായാല്‍, പ്രണയമില്ലാതായി എന്നു ഞാന്‍ പറയും.
    --
    പൊതുവാളനോട്,
    എത്ര ശരി... :)
    --
    മനുവിനോട്, :)
    --

    ReplyDelete
  13. ബ്ലോഗിലിട്ട ഒരു കമന്റിലൂടെയാണ്‌ എത്തിപ്പെടുന്നത്‌...നല്ല വരികളാണ്‌...അനുഭവങ്ങളാണ്‌...
    ഓര്‍മകളില്‍ പഴയകിയ സിമന്റുബെഞ്ചുകളും...പായല്‍ പിടിച്ച കല്‍പടവുകളുമെല്ലാം...ആരുടെയോ പാദസ്പര്‍ശത്തിനായി ഇപ്പോഴും കാത്ത്‌ നില്‍ക്കുന്നുണ്ടാവില്ലേ....
    ഇടവഴികളിലൂടെ അവനോ അവളോ വരുന്നതും നോക്കി...കാലം പ്രണയവുമായി കാത്തു നില്‍ക്കുന്നില്ലേ....
    ഹൃദ്യം...
    പരസ്പരം ഇഷ്ടം തോന്നിയിട്ടും പറയാതെ പോയ രണ്ടു പോര്‍ക്ക്‌ ഒടുവില്‍ ഒരു ഓട്ടോഗ്രാഫിന്റെ താള്‍ കിട്ടിയാല്‍ ദാഹമോ മോഹമോ കൊണ്ടു കുറിച്ചു പോയേക്കാവുന്ന ചില വരികള്‍...
    ഇഷ്ടമായ‌....
    ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്‌......

    ReplyDelete
  14. ആ മുഖം പോലെ ഹരിയുടെ കവിതയും ലാളിത്യമാം സുന്ദരബിംബം നിറഞ്ഞത്‌.
    ഗൃഹാതുരത്വവും ബാല്യകാലസ്മരണകളും ഓടിയെത്തും മനസ്സിലീ വരികളെത്തുന്നേരം...

    ReplyDelete
  15. ദ്രൌപതിയോട്,
    കമന്റിലുമുണ്ടല്ലോ ദ്രൌപതിയുടെ എഴുത്തിന്റെ ഭംഗി...
    എഴുതുവാനാഗ്രഹമുണ്ട്... എഴുതുവാന്‍ ആശയങ്ങളുമുണ്ട്... പക്ഷെ, അതു കഥയായും കവിതയായും പറയുവാന്‍ ഞാനത്ര പോര... ഈ ബ്ലോഗില്‍ ഇനിയും എന്തെങ്കിലുമൊക്കെ ഞാന്‍ എഴുതിക്കൊണ്ടേയിരിക്കും.. ഇഷ്ടമാവുമോ, യാതോരു ഉറപ്പുമില്ല. :)
    --
    ഏറനാടനോട്,
    ഒത്തിരി നന്ദി... സന്തോഷം... :)
    --

    ReplyDelete
  16. പ്രണയനീ....

    പ്രതീക്ഷിക്കാത്തതെല്ലാം അനുവാദം കൂടാതെ വരികയും പോവുകയും ചെയ്യുന്നു, എന്തോ അന്വേഷിച്ച് നടന്നത് കിട്ടിയ ആശ്വാസത്തിലായിരുന്നു ഞാന്‍ എന്തോ അതെനിക്ക് നഷ്ടപ്പെടുത്താന്‍ ഒട്ടും താല്‍‍പര്യമില്ല എന്നാല്‍ ചില കാര്യങ്ങള്‍ നില നിര്‍ത്താന്‍ നാം ചിലത് ത്യജിച്ചേ തീരൂ, അടുക്കുന്തോറും അടുപ്പത്തിന്‍റെ അകല്‍ച്ച കൂടുമെന്ന എന്‍റെ ഭയമായിരിക്കാം എന്നെ ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് എന്നുതോന്നുന്നു,ഒരു നക്ഷത്രമായ് ആകാശത്ത് നിന്നെ നോക്കി ഞാന്‍ പുഞ്ചിരിക്കും
    ഞാന്‍...

    കാലങ്ങള്‍ക്കും മായ്ക്കാനാവാത്ത പ്രണയത്തിന്‍റെ നൊമ്പരങ്ങള്‍

    ReplyDelete
  17. kollaam. pranayathholam manushyane niranhuthulumbikkunna vikaaram mattonnundo? ee 3 pranaya nimishangal kavithayaanu

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--