Wednesday, February 21, 2007

രാക്കിളിപ്പാട്ട് പറയുന്നത്


രാക്കിളിപ്പാട്ടെന്ന പ്രിയദര്‍ശന്റെ മലയാളസിനിമയിലെ ഒരു ത്രെഡ് ആണ് ഇതെഴുതുവാനുള്ള പ്രേരണ. പുരുഷരോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്ന ഒരു പോലീസ് ഓഫീസറാണ് അതില്‍ ടബു അവതരിപ്പിക്കുന്ന ഗായത്രി വര്‍മ്മ എന്ന കഥാപാത്രം. ധൈര്യപൂര്‍വ്വമുള്ള ഇടപെടലുകള്‍ കൊണ്ടും, കുറ്റവാളികളോടുള്ള സമീപനം കൊണ്ടും ഗായത്രി വര്‍മ്മ ഒരു ആരാധനാപാത്രമാവുന്നു. അങ്ങിനെ അവര്‍ വിമന്‍സ് കോളേജില്‍ ഒരു പരിപാടി ഉത്ഘാടനം ചെയ്യുവാനായെത്തുന്നു. ചടങ്ങില്‍ ‘അരുന്ധതി’(ദി ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ് എഴുതിയ അരുന്ധതിയല്ല) എന്നൊരെഴുത്തുകാരി സൌഹൃദത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്നു. ഗായത്രി സംസാരിക്കുമ്പോള്‍, അരുന്ധതിയെ സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും പത്രങ്ങളിലൂടെയും മറ്റും അറിയാം, എന്നാല് അവരെവിടെയാണെന്നും മറ്റും അരുന്ധതിക്കറിയുമോ എന്ന് ചോദിക്കുന്നു. പെണ്‍കുട്ടികളുടെ സൌഹൃദം, കോളേജ് വിടുന്നതോടുകൂടി അവസാനിക്കുന്നു, അല്ലെങ്കില്‍ അവസാനിപ്പിക്കേണ്ടി വരുന്നു. ആണ്‍കുട്ടികള്‍ സൌഹൃദം പുറത്തേക്ക്, ക്ലബ്ബുകളിലും ബാറുകളിലും ബീച്ചുകളിലും ഒക്കെയായി തുടരുന്നു. പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിഞ്ഞാല്‍, സൌഹൃദം ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചുവെയ്ക്കുവാനുള്ള മുത്തുമണികള്‍ മാത്രമാവുന്നു, എന്നും മറ്റും തുടര്‍ന്നു പറയുന്നു.

വളരെയൊന്നും പ്രാധാന്യം ചിത്രത്തില്‍ ഈ വിഷയത്തിനു നല്‍കിയിട്ടില്ല. എന്നാല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമായിത്തോന്നുന്നു ഈ കാര്യം. പറഞ്ഞത് സത്യമല്ലേ? പെണ്‍കുട്ടികള്‍ പഠിത്തം കഴിഞ്ഞ് വിവാഹിതരാവുന്നതോടു കൂടി അവരുടെ ലോകം ഭര്‍ത്താവ്, കുട്ടികള്‍, ബന്ധുക്കള്‍, ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ എന്നതില്‍ ഒതുങ്ങുന്നില്ലേ? ചിലപ്പോഴെങ്കിലും സ്വന്തം ബന്ധുജനങ്ങളോടുപോലും പിന്നീടധികം ഇടപെഴകാന്‍ കഴിയാത്ത സാഹചര്യങ്ങളുമുണ്ടാവും. ഇതിനൊരപവാദമായി ചിലരുണ്ടാവാം. എന്നാല്‍ ഭൂരിഭാഗവും, തങ്ങളുടെ കുട്ടിക്കാലം മുതല്‍ക്കേയുള്ള ആത്മാര്‍ത്ഥ സുഹൃത്തുക്കളെ മറക്കുവാന്‍ നിര്‍ബന്ധിതരാവുന്നില്ലേ? ഉണ്ട് എന്നാണ് എന്റെ ഉത്തരം. ഈയൊരു അവസ്ഥ മാറേണ്ട കാലമായില്ലേ?

ഒരു പക്ഷെ, ബ്ലോഗുകളിലൂടെയും ഓര്‍ക്കുട്ടിലൂടെയും മെസ്സഞ്ചറുകളിലൂടെയും സംവേദിക്കുന്ന ഇവിടെയുള്ള സ്ത്രീജനങ്ങള്‍ക്ക് ഈയൊരു പ്രശ്നം അനുഭവപ്പെടുകയില്ലായിരിക്കാം. എന്നാല്‍ കേരളത്തില്‍ മധ്യവര്‍ഗ്ഗത്തിലുള്ള സ്ത്രീകളില്‍ ഭൂരിഭാഗവും ഈ അവസ്ഥയിലാണ്. തങ്ങളുടെ ലോകം ഭര്‍ത്താവിലും കുട്ടികളിലും തളച്ചിടുവാന്‍ നിര്‍ബന്ധിതരായവര്‍. അവര്‍ക്ക് അവരുടേതായ സുഹൃത്തുക്കളില്ല, പ്രവൃത്തികളില്ല, ചിന്തകളില്ല. നഗരങ്ങളിലെ സ്ത്രീകള്‍ കുറച്ചുകൂടി സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നു കരുതാം. എന്നിരുന്നാലും ഭര്‍ത്താവിന്റെ അറിവും സമ്മതവുമില്ലാതെ യാതൊന്നും ചെയ്യുവാന്‍ അവിടെയുള്ളവര്‍ക്കും സാധ്യമാവില്ല. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കുവാന്‍ കഴിവുള്ളവരുടെ പോലും കഥ വ്യത്യസ്തമല്ല. സ്വന്തമായി ജോലിയുള്ളവര്‍ക്ക് കുറച്ച് ഓഫീസ് സുഹൃത്തുക്കള്‍ വ്യക്തിബന്ധങ്ങളായി ഉണ്ടാവാം. എന്നാലവരെക്കുറിച്ചും ഭര്‍ത്താവിനോട് പറഞ്ഞിരിക്കണം. ആവാം, ഒരു പങ്കാളിയെന്ന നിലയ്ക്ക് ഭര്‍ത്താവ് അറിഞ്ഞിരിക്കുന്നത് നല്ലതു തന്നെ, പക്ഷെ തിരിച്ചും പറയേണ്ടതല്ലേ?

എന്തുകൊണ്ട്, ഭര്‍ത്താവിന് ഭാര്യയെ മറ്റൊരു വ്യക്തിയായി കാണുവാന്‍ സാധിക്കുന്നില്ല? അല്ലെങ്കില്‍, അങ്ങിനെയൊരു കാഴ്ചപ്പാട് എന്തുകൊണ്ട് നമ്മുടെ സമൂഹത്തില്‍ ഉണ്ടാവുന്നില്ല? ഇതിനെതിരെ പ്രതികരിക്കുന്ന ഫെമിനിസ്റ്റുകളുടെ ദിശയാവട്ടെ പലപ്പോഴും പുരുഷാധിപത്യത്തില്‍ നിന്നും വനിതാധിപത്യം വരണമെന്ന രീതിയിലാണ്. സമത്വമെന്ന കാഴ്ചപ്പാടിലേക്കാണ് സമൂഹമെത്തേണ്ടതെന്നു തോന്നുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സാമൂഹികവും ജീവശാസ്ത്രപരവുമായ പരിമിതികളുണ്ട്, മേല്‍ക്കൊയ്മകളുമുണ്ട്. അത് പരസ്പരം അറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് കരണീയം.

മറ്റൊന്നുണ്ട്. പലപ്പോഴും സ്ത്രീ-പുരുഷ സമത്വം ചര്‍ച്ചയ്ക്കെത്തുമ്പോള്‍ സ്ത്രീകളോട് കേള്‍ക്കാറുള്ള ചോദ്യമാണ്:
“നിനക്കു സന്ധ്യകഴിഞ്ഞാല്‍ / രാത്രിയില്‍ ഒരു പുരുഷനെപ്പോലെ ഒറ്റയ്ക്കിറങ്ങി നടക്കാനാവുമോ?”
സത്യത്തില്‍, ജീവശാസ്ത്രപരമായോ മറ്റെന്തെങ്കിലും സാങ്കേതിക കാരണം കൊണ്ടോ സ്ത്രീക്ക് നടക്കുവാന്‍ കഴിയായ്കയില്ലല്ലോ? പുരുഷന്മാരില്‍ നിന്നുമുള്ള അക്രമണം, അതല്ലേ അവര്‍ക്കു രാത്രിസഞ്ചാരം ദുഷ്കരമാക്കുന്നത്? സത്യത്തില്‍ ഈ ചോദ്യം തലകുനിപ്പിക്കേണ്ടത് ഇവിടുത്തെ ആണുങ്ങളെത്തന്നെയല്ലേ? മനുസ്മൃതിയിലെ ശ്ലോകം ഇവിടെ പിന്നെയും പ്രസക്തമാവുന്നു.
“പിതാ രക്ഷതി കൌമാരേ,
ഭര്‍ത്താ രക്ഷതി യൌവനേ,
പുത്രോ രക്ഷതി വാര്‍ദ്ധക്യേ,
നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.”
ഈ ശ്ലോകം, (1) പുരുഷന്മാരുടെ അധീനത്തില്‍ സ്ത്രീ എന്നും ബന്ധിക്കപ്പെട്ടവളായിരിക്കുമെന്നും, (2) പുരുഷന്മാര്‍ വേണ്ടും വണ്ണം സ്ത്രീയെ സംരക്ഷിച്ചാല്‍ അവര്‍ക്കു സ്വാതന്ത്ര്യം ആവശ്യം വരികയില്ലെന്നും, രണ്ടു രീതിയില്‍ അര്‍ത്ഥം നല്‍കാറുണ്ട്. നല്ലൊരു വിവരണം ഇവിടെ കാണാം.

വീണ്ടും രാക്കിളിപ്പാട്ടിലേക്ക്. അതിലൊരു പെണ്‍കുട്ടിയെ ഓട്ടോയില്‍ വന്ന പൂവാലന്‍ ഷാളില്‍ പിടിച്ച് വലിക്കുമ്പോള്‍, തല തറയിലിടിച്ച് മരിക്കുന്നുണ്ട്. എന്നാല്‍, പോലീസെത്തുമ്പോള്‍ പ്രതി ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നു. പിടിക്കുവാനായി കാലില്‍ വെടിവെയ്ക്കുന്ന ഗായത്രി വര്‍മ്മയോട് എന്തിന് പ്രതിയെ വെടിവെച്ചു, ഒരു കോളേജ് പയ്യനെപ്പിടിക്കുവാന്‍ വെടിവെയ്ക്കേണ്ടതുണ്ടോ എന്നൊക്കെയും ചോദിക്കുന്നു. ഈയൊരവസ്ഥ നാടിനു നന്നോ? ഇപ്പോള്‍ പല കേസുകളിലും, കുറ്റവാളികള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് വാദിക്കുന്നവര്‍ ധാരാളമായി രംഗത്തെത്തുന്നു. പക്ഷെ, അവരുടെ കുറ്റവാസന തകര്‍ത്തെറിയുന്ന കുടുംബങ്ങളേയും, അവരെ സ്നേഹിക്കുന്നവരുടേയ കണ്ണീരിനേയും കാണുവാന്‍ നാം മറക്കുന്നുണ്ടോ?

ലോകം എത്ര കപടമാണ്. സ്ത്രീധനത്തിനു വേണ്ടി മകനെ പ്രേരിപ്പിക്കുന്ന, മരുമകളെ കൊലയ്ക്കുകൊടുക്കുന്ന അമ്മായിയമ്മമാരും സ്ത്രീകള്‍ തന്നെ. അകന്ന ബന്ധുവായും, അടുത്ത വീട്ടിലെ ചേച്ചിയായും പെണ്‍കുട്ടികളെ വാണിഭസംഘങ്ങള്‍ക്ക് കൈമാറുന്ന, കുടുംബരക്ഷകരും സ്ത്രീകള്‍ തന്നെ. ഇവയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരും സ്ത്രീകള്‍ തന്നെ. ബസില്‍ സ്ത്രീകളുടെ സീറ്റിലിരിക്കുന്ന പുരുഷന്മാരെ എഴുന്നേല്‍പ്പിക്കുവാന്‍ ഉത്സാഹം കാണിക്കാറുണ്ട് സ്ത്രീകള്‍; എന്നല്‍ കൈക്കുഞ്ഞുമായി കയറിവരുന്ന അമ്മയ്ക്കുവേണ്ടി, അവശയായ വൃദ്ധയ്ക്കുവേണ്ടി സീറ്റൊഴിയുവാന്‍ എത്ര സ്ത്രീകള്‍ സൌമനസ്യം കാണിക്കും? പുരുഷന്മാരാണ് ആ കാര്യങ്ങളില്‍ കൂടുതല്‍ ഭേദം.

ഇവിടെ സ്ത്രീകളും മാറണം പുരുഷന്മാരും മാറണം. ഈ മാറ്റം സമൂഹത്തില്‍ അത്ര വേഗമൊന്നുമെത്തുകയുമില്ല. എന്നിരുന്നാലും ഇപ്പോഴേ ഈ രീതിയിലുള്ള ചിന്തകളെങ്കിലും ഉത്ഭവിക്കേണ്ടത് നാളെയുടെ ആവശ്യമാണ്. സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുവാനും ബഹുമാനിക്കുവാനും സാധിക്കുന്ന ഒരു നല്ല നാളേയ്ക്ക്, നമുക്കിന്നേ വിത്തു പാകാം.
--

3 comments:

  1. ഇവിടെ സ്ത്രീകളും മാറണം പുരുഷന്മാരും മാറണം. ഈ മാറ്റം സമൂഹത്തില്‍ അത്ര വേഗമൊന്നുമെത്തുകയുമില്ല. എന്നിരുന്നാലും ഇപ്പോഴേ ഈ രീതിയിലുള്ള ചിന്തകളെങ്കിലും ഉത്ഭവിക്കേണ്ടത് നാളെയുടെ ആവശ്യമാണ്. സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുവാനും ബഹുമാനിക്കുവാനും സാധിക്കുന്ന ഒരു നല്ല നാളേയ്ക്ക്, നമുക്കിന്നേ വിത്തു പാകാം.
    --
    രാക്കിളിപ്പാട്ടിലെ പെണ്‍കുട്ടികളുടെ സൌഹൃദത്തെപ്പറ്റിയുള്ള പ്രതിപാദ്യം ചര്‍ച്ച ചെയ്യാവുന്നതാണെന്നു തോന്നുന്നു.
    --

    ReplyDelete
  2. കേരളത്തിലെ പഴയ ആ മലയാള സ്ത്രീ എവിടെപ്പോയി? ഒരിടത്തും എനിക്കവളെ കാണുവാന്‍ കഴിയുന്നില്ല. പുരുഷന്റെ സ്വകാര്യസ്വത്താണ് ഇന്നു വിളംബരം ചെയ്തു നടക്കുന്ന സ്ത്രീകളെയല്ലാതെ വ്യക്തിത്വമുള്ള ഒരു സ്ത്രീയേയും കേരളത്തില്‍ എനിക്കു കാണുവാന്‍ കഴിയുന്നില്ല.- മല്ലിക സാരാഭായി
    --
    ഇതും ഈ ലേഖനത്തോട് ചേര്‍ത്ത് വായിക്കാമെന്നു തോന്നുന്നു. മലയാള മനോരമയില്‍ ഫെബ്രുവരി 24, ശനി, 2007-ലെ വാചകമേളയില്‍ ഇതു കാണാം. പൂര്‍ണ്ണമായ അഭിമുഖം ഫെബ്രുവരി ലക്കം ‘മലയാള’ത്തില്‍ കാണാവുന്നതാണ്.
    --

    ReplyDelete
  3. ഓ.ടോ.
    ബ്ലോഗിന്റെ പേര്‌ എനിക്ക്‌ നന്നായി ഇഷ്ടപ്പെട്ടു. ഇങ്ങോട്ട്‌ ഇപ്പോഴേ വരാന്‍ പറ്റിയുള്ളു. വായിക്കുന്നതേയുള്ളു. 'ഗ്രഹണം; ഒന്നൊന്നരപ്പേര്‌. ഈ പേര്‌ എനിക്ക്‌ ആദ്യം ഓര്‍ക്കാമായിരുന്നു.ഇനിപ്പോ പറഞ്ഞിട്ടെന്താ കാര്യം.

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--