Friday, February 9, 2007

ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മയ്ക്ക്

പ്രണയം അതിന്റെ എല്ലാ വശ്യതകളോടെയും ആകര്‍ഷിച്ചിരുന്ന യുവത്വം. അതിലൂടെയായിരുന്നു അന്നവന്റെ സഞ്ചാരം. പാടവരമ്പത്തുള്ള അമ്പലത്തില്‍ ഉത്സവകാലം. ഉത്സവത്തിന് ഒരു ദിവസം കഥകളിയുണ്ടാവും. കഥയറിയില്ലെങ്കിലും, പദമൊന്നും മനസിലാവില്ലെങ്കിലും കഥകളി കാണുവാന്‍ അവനെന്നും ആവേശമായിരുന്നു. കഥകളിയിലെ നിറക്കൂട്ടുകളും, അലൌകികമായ ആടയാഭരണങ്ങളുമായിരിക്കണം അവനെ ആകര്‍ഷിച്ചത്. തിരശീലയുടെ ഇളകിയാട്ടം പോലും അവന്‍ ആസ്വദിച്ചിരുന്നു ആ കാലത്ത്.

കേളികൊട്ടു തുടങ്ങി. കേളിയോടൊപ്പം അവന്റെ ഹൃദയമിടുപ്പും മുറുകി മുറുകി വരുന്നു. കാവിനരികിലൂടെയുള്ള വഴിയില്‍ ആളുകളുടെ തിരക്ക്. ഉത്സവകാലത്തുമാത്രം ആ വഴി വിജനമാവാറില്ല. അതുകൊണ്ടു തന്നെ ഉത്സവകാലം അവന് അത്ര ആഹ്ലാദകരമല്ല. വിജനമായ വഴിയിലൂടെ ഒറ്റയ്ക്കു നീങ്ങുന്നതായിരുന്നു അവനെന്നും ഇഷ്ടം. അവളുടെ പറന്നു നടക്കുന്ന മുടിയിഴകളും, പാടത്തെ പുല്‍നാമ്പില്‍ മുട്ടിയിഴയുന്ന പാവാടയും നോക്കി അവനങ്ങിനെ അവളുടെ ശ്രദ്ധയില്‍ വരാതെ വളരെ മാറി പിന്നാലെ നടക്കും. അത്രയും മതിയായിരുന്നു അവനെപ്പോഴും. അവന്റെയുള്ളിലെ പ്രണയം അവളെയറിയിക്കണമെന്നു തന്നെ അവനാഗ്രഹിച്ചിരുന്നില്ല. അല്ലെങ്കില്‍, അവനതിന് കഴിഞ്ഞിരുന്നില്ല.

പുറപ്പാട്. തിരശീലയ്ക്കു പിന്നില്‍ കൃഷ്ണവേഷം കാട്ടുന്നതെന്തെന്ന് കാണുവാനവനെന്നും ആഗ്രഹിച്ചിരുന്നു. പക്ഷെ, പിന്നിലൂടെ പോയി നോക്കുവാനവന് ആ‍ഗ്രഹിച്ചിരുന്നുമില്ല.
എങ്കിലും ഇടയ്ക്കിടെ പൊങ്ങിത്താഴുന്ന കൃഷ്ണമുടി അവനെ ഉത്കണ്ഠപ്പെടുത്തിയിരുന്നു. മതിലിനു മുകളിലൂടെ അവളുടെ മുടി പാറുന്നതു കണ്ടാല്‍ അവന് മനസിലാവുമായിരുന്നു അതാരാണെന്ന്. ഗെയിറ്റിനുമുന്നിലൂടെ അവള്‍ പോവുമ്പോള്‍ അവളുടെ കൊലുസിലെ കാണാത്ത മണികള്‍, പോക്കറ്റില്‍ നിന്നെടുത്ത് അവന്‍ ചുണ്ടോടടുപ്പിച്ചു.

കഥയൊരിക്കലും അവനറിയാനാഗ്രഹിച്ചിരുന്നില്ല. എന്നാലിന്നെന്തോ അടുത്തിരുന്നയാളോട് അവന്‍ ‘ഇന്നേതാ കഥ?’ എന്നു തിരക്കി. നളചരിതം നാലാം ദിവസമാണത്രേ, അപ്പോള്‍ മൂന്നു ദിവസങ്ങള്‍ കണ്ടാലേ ഇത് മനസിലാവുകയുള്ളോ? ഹേയ്, അല്ലെങ്കിലും എന്തു മനസിലാവാനാ. അന്നാദ്യമായി അവള്‍ അവനരികിലൂടെപ്പോയി. അവളുടെ മണം ആദ്യമായാണ് അവനറിയുന്നത്. എന്നാല്‍ അവള്‍ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു. തന്നെക്കടന്നു പോയപ്പോള്‍ അവളുടെയുള്ളില്‍ ഒരു വിങ്ങല്‍ താന്‍ കേട്ടുവോ? എന്തുപറ്റിയതാവാം? അവന്‍ വെറുതേ വ്യാകുലപ്പെട്ടു.
--

വിജനമായ പാടവരമ്പിലൂടെ നടക്കുമ്പോള്‍ ആരോ അവളെ പിന്തുടരുന്നത് അവളെന്നും അറിഞ്ഞിരുന്നു. തിരിഞ്ഞു നോക്കുമ്പോഴൊന്നും കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും അതൊരാണിന്റേതാണെന്ന് അവളുറപ്പിച്ചു. ആ തോന്നലവള്‍ക്ക് ഏകാന്തമായ യാത്രയിലെ വിരസതയകറ്റി, ഒരു സുരക്ഷിതത്വമായി അവള്‍ക്കൊപ്പം നടന്നു. ഇപ്പോള്‍ ഉത്സവകാലത്ത്, അവളേറെ വിഷമിച്ചത് ആ ദിവസങ്ങളില്‍, ആ ഒരാള്‍ തന്റെ പിന്നിലുണ്ടാവില്ലല്ലോ എന്നോര്‍ത്തായിരുന്നു. തിരക്കുകള്‍ക്കിടയില്‍ അവന്റെ കാലൊച്ചകള്‍ അവള്‍ക്കറിയുവാനും കഴിഞ്ഞിരുന്നില്ല.

കേളികൊട്ടുകഴിഞ്ഞ് ദീ‍പാരാധനയ്ക്ക് നടയടച്ചു. എങ്ങും നിശബ്ദത. നിശബ്ദതകളിലേ അവള്‍ക്കവനെ അറിയുവാന്‍ കഴിയുമായിരുന്നുള്ളൂ, കൈ തൊഴുതു പിടിച്ചിട്ടുണ്ടെങ്കിലും അവള്‍ ചുറ്റും അവനെ തിരയുകയായിരുന്നു. ഇല്ല, അവന്‍ ഈ കൂട്ടത്തിലില്ല. അല്പം പരിഭവത്തോടെ, നടയിലേക്കു നോക്കി, അവള്‍ ദൈവത്തോട് കെറുവിച്ചു. ഇന്ന് കഥകളിയുണ്ട്, ചില പദങ്ങളൊക്കെ തിരുവാതിരകളിയില്‍ പാടിക്കേട്ടിട്ടുണ്ട്, അല്ല താനും ഏറ്റുപാടി കളിച്ചിട്ടുണ്ട്. തൂണില്‍ ചാരിയ കറുത്ത ബോര്‍ഡില്‍ ചോക്കു കൊണ്ടെഴുതിയിരിക്കുന്നത് അവള്‍ വെറുതേ വായിച്ചു - “നളചരിതം നാലാം ദിവസം”.

വെറുതെ സ്റ്റേജിനരികിലൂടെ നടന്നപ്പോള്‍ അവള്‍ അണിയറയിലേക്കൊന്ന് കണ്ണു പാളി നോക്കി. കൃഷ്ണവേഷം മുഖത്തെഴുത്തുകഴിഞ്ഞ് ഒരു സിഗരറ്റും പുകച്ചു നില്‍ക്കുന്നു. അവളറിയാതെ ചിരിച്ചു... കൃഷ്ണനേ, വിത്സും വലിച്ചു നില്ക്കുന്നു, ഓടക്കുഴലൊക്കെ പഴയകാലത്തല്ലേ... അവള്‍ പൊട്ടിച്ചിരിച്ചു. കുറ്റി ദൂരേക്കെറിഞ്ഞ് കൃഷ്ണന്‍ ഉടുത്തു കെട്ടുവാനായി അകത്തേക്കു കയറി. ചിലങ്കയുടെ കിലുക്കം. അവളപ്പോഴാണോര്‍ത്തത്, തന്റെ കൊലുസിലെ ചില മണികള്‍, അത് പാടവരമ്പിലെവിടെയോ നഷ്ടപ്പെട്ടുവല്ലോ... എങ്കിലും താനവയുടെ കിലുക്കം ആ വരമ്പത്തൂടെ നടക്കുമ്പോള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. പാടവരമ്പ് തീരും വരേയും അതിങ്ങനെ വിദൂരതയില്‍ കേട്ടുകൊണ്ടിരിക്കും.

നളചരിതം, അവളത് പാഠപുസ്തകത്തില്‍ പഠിച്ചിട്ടുള്ളതാണ്. ഹംസം ദൂതുവരുന്ന രംഗമാണ് പഠിക്കുവാനുള്ളത്. അവള്‍ പലപ്പോഴും ആലോചിക്കാറുണ്ട്, നളന്‍ ദമയന്തിയെ പ്രണയിച്ചതു പോലെ ആരെങ്കിലും തന്നേയും താനറിയാതെ പ്രണയിക്കുന്നുണ്ടാവുമെന്ന്. മിന്നല്‍ കൊടിയിറങ്ങിവരുമ്പോലെ, ചന്ദ്രബിംബം ഭൂമിയിലേക്ക് വരുമ്പോലെ, സുവര്‍ണ്ണ ഹംസങ്ങള്‍ അവളുടെ സ്വപ്നങ്ങളില്‍ പലതവണ ദൂതു വന്നു. എങ്കിലും ഉണരുമ്പോള്‍, എങ്ങും നിശബ്ദത. ആ നിശബ്ദതയില്‍ അവനില്ല, ചീവീടുകളുടെ പ്രതിധ്വനിമാത്രം.
--

അരവിന്ദനിഷ്ടമായിരുന്നു സുജിതയെ. അതവളോട് പലതവണ പറയുകയും ചെയ്തു. പക്ഷെ, അവളുടെ മറുപടിയില്‍ മാറ്റമില്ല. എന്താണിഷ്ടമല്ലാത്തതിന് കാരണമെന്നു ചോദിച്ചാല്‍ അതിനും മറുപടിയില്ല. അവളുടെയടുത്തുള്ള അമ്പലത്തില്‍ ഉത്സവം തുടങ്ങി. ഇനിയതു കഴിയും വരെ മിണ്ടാട്ടം തന്നെയുണ്ടാവില്ല. ഇനിയവള്‍ക്ക് മറ്റാരോടെങ്കിലും, ഛേയ്.. അതുണ്ടാവില്ല. ഇനിയെങ്ങാനുമുണ്ടെങ്കില്‍ തന്നെ അതങ്ങു പറഞ്ഞൂടെ. എത്ര നാളായി ഞാനിതുമായി അവളുടെ പിറകേ നടക്കുന്നു.

ഇതിങ്ങിനെ എത്രനാള്‍ കൊണ്ടുപോവാനൊക്കും. ഇന്നതിനൊരു മറുപടി വാങ്ങണം. ഇന്നവസാനത്തെ പിരീയഡ് മലയാളം. അതുകഴിഞ്ഞിട്ടാവട്ടെ, അരവിന്ദ് മനസിലോര്‍ത്തു. പിരീയഡ് കഴിഞ്ഞു, ഇറങ്ങുന്ന വഴിയ്ക്ക് സുജിതയുടെ പുസ്തകക്കെട്ട് മനഃപൂര്‍വ്വം തട്ടിവീഴ്ത്തി അരവിന്ദും പുറത്തുകടന്നു. പുസ്തകത്തിനുള്ളില്‍ നിന്നും കുറേയധികം പേപ്പറുകളും പുറത്തേക്ക് ചിതറി. ഭാഗ്യം, ഇനി അതുമുഴുവന്‍ പെറുക്കി പുറത്തെത്തുമ്പോഴേക്കും വരാന്ത വിജനമാവും. കലപില ശബ്ദങ്ങള്‍ വിദൂരതയിലായി. സുജിത, എല്ലാമടുക്കിപ്പെറുക്കി ബാഗിലാക്കി പുറത്തെത്തി. അരവിന്ദന്‍ കൈവാതില്‍ പടിയിലേക്ക് ചാരി തടഞ്ഞു നിന്നു.
“ഇന്നെനിക്കൊരു മറുപടി തരണം”, അരവിന്ദിന്റെ ശബ്ദം കടുത്തിരുന്നു.
സുജിതയ്ക്ക് ചെറുതായി പേടി തോന്നി, ഒന്നുമറിയാത്തതുപോലെ അരവിന്ദന്റെ മുഖത്തേക്കു നോക്കി നിന്നു.
“ഏന്താണെനിക്കൊരു കുഴപ്പം, അതോ നിനക്കുവേറേയാരേയെങ്കിലും ഇഷ്ടമാണോ? എന്തെങ്കിലുമൊന്ന് പറഞ്ഞു തുലയ്ക്ക്”. സുജിത ഒന്നും മിണ്ടിയില്ല, നോട്ടം താഴേക്കാക്കിയെന്നു മാത്രം.
അരവിന്ദന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു അവളുടെ നിശബ്ദത. പെട്ടെന്നുള്ള പ്രകോപനത്തില്‍, സുജിതയുടെ കരണത്ത് ശക്തിയായി ഒന്നടിച്ചു. അവള്‍ ഓടിയകന്നു... സ്കൂള്‍ ഗേറ്റിലൂടെ പുറത്തേക്കോടുമ്പോള്‍, തന്റെ കൊലുസിലെ മണികള്‍ അടുത്തുതന്നെ കിലുങ്ങുന്നത് അവളറിഞ്ഞില്ല.
--

14 comments:

 1. പരസ്പരം അറിയാതെയും അറിയിക്കാതെയുമുള്ള പ്രണയം. അവിടെ അവര്‍ ഒന്നും ആഗ്രഹിക്കുന്നില്ല, ഒന്നും ആവശ്യപ്പെടുന്നില്ല; അവകാശങ്ങളില്ല, അരുതായ്കകളുമില്ല... ഇതല്ലേ യഥാര്‍ത്ഥ പ്രണയം. ഈ കഥയിവിടെ തീരുന്നില്ല... തീര്‍ക്കുവാന്‍ എനിക്കറിയുകയുമില്ല...
  --

  ReplyDelete
 2. ആത്മാംശം ഉണ്ടോ? :)
  അരവിന്ദന്‍ ആ‍ണെങ്കില്‍ സുജിതയാവില്ല, സുധയാവും.:) ഇനി അതെന്താ അങ്ങനെ പറഞ്ഞതെന്നു മാത്രം ചോദിക്കരുത് ട്ടൊ.

  ReplyDelete
 3. ഉം. എനിക്ക് തുളസിക്കുട്ടീന്റെ ഫോട്ടൊസ് ഒക്കെ ഓര്‍മ്മവരുന്നു ഇതു വായിച്ചിട്ട്. കണ്ടിട്ടുണ്ടോ ആ ബ്ലോഗറെ? ഇങ്ങിനെ അറിയാണ്ടാരെയോ പ്രണയിക്കുന്ന കുറേയധികം ഫോട്ടോകളും ഇപ്പൊ ദെ ഹരിക്കുട്ടീനെ ഒരു കഥയും...
  ഉം ഉം..നടക്കട്ടെ..ഒരു 17 വയസ്സായിരുന്നെങ്കില്‍ എനിക്ക് വീണ്ടും...:-)

  ReplyDelete
 4. ബിന്ദുവേച്ച്യേ...
  ആത്മാംശമൊന്നുമില്ല ഇതില്‍. എല്ലാം ഭാവന മാത്രം. :)
  ഇല്ലേ, ചോദിക്കില്ലേ... അരവിന്ദനേയും സുധയേയുമൊക്കെ എനിക്കുമറിയാല്ലോ!
  --
  ഇഞ്ചിചേച്ചിക്ക് രണ്ട് പ്രൊഫൈലുണ്ടോ? ഇവിടെ ഇഞ്ചി എന്നു മാത്രം കാണുന്നു. ചിലയിടത്ത് ഇഞ്ചി പെണ്ണെന്നു കാണുന്നു. അതോ ഇത് മറ്റാരെങ്കിലുമോ?

  ഇല്ല, ആ ഫോട്ടോകള്‍ ഞാന്‍ കണ്ടിട്ടില്ല. എനിക്കതിന്‍റെ ലിങ്കൊന്ന് ഇവിടെ പോസ്റ്റാമോ?
  --

  ReplyDelete
 5. ഒരെണ്ണം ഗൂഗിള്‍ ഈമെയില്‍ അക്കൌണ്ടും, മറ്റേത് ബ്ലോഗര്‍ അക്കൌണ്ടും ആണ്. ബ്ലോഗര്‍ അക്കൌണ്ട് വെച്ച് കമന്റടിക്കുമ്പോള്‍ മാത്രമേ
  ആ പടം വരുള്ളൂ.. ഞാന്‍ ശ്രദ്ധിക്കാം കമന്റുമ്പോള്‍.
  ഇതാണാ റൊമാന്റിക്ക്
  ചെക്കന്റെ ബ്ലോഗ് :)

  ReplyDelete
 6. ഹരിയെ എഴുത്തിഷ്ടമായി.
  നല്ല ഒഴുക്കില്‍ പറ്ഞ്ഞിരിക്കുന്നു.
  അവന്റെയുള്ളിലെ പ്രണയം അവളെയറിയിക്കണമെന്നു തന്നെ അവനാഗ്രഹിച്ചിരുന്നില്ല.
  അവളുടെ കൊലുസിലെ കാണാത്ത മണികള്‍, പോക്കറ്റില്‍ നിന്നെടുത്ത് അവന്‍ ചുണ്ടോടടുപ്പിച്ചു.
  ഈ അവന്‍ അവളുടെ കരണത്തടിച്ചതിലെ പരിഭവം ഞാന്‍ രേഖപ്പെടുത്തുന്നു.

  ReplyDelete
 7. പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല
  ഹരിയുടെ കഥയും ഇനിയും തുടരും മറ്റൊരു അരവിന്ദനായും ..ബിന്ദുവായും ..ഇഞ്ചിപെണ്ണായും വേണുവായും ഇനിയും തുടരും
  കഥ അല്ല സംഭവം എനിക്കിഷ്ടായി

  ReplyDelete
 8. വേണുവിനോട്,
  ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം :)
  പക്ഷെ, അവന്‍ അവളുടെ മുഖത്തടിച്ചോ? ഒന്നു കൂടി ശ്രദ്ധിക്കൂ...
  --
  പ്രണയത്തോട്,
  ആഹ, സംഭവമാണെന്നുറപ്പിച്ചോ? ഇതില്‍ ആത്മകഥാംശമില്ല സുഹൃത്തേ... എന്നു മാത്രമല്ല, എന്‍റെ കാര്യങ്ങള്‍ വരാതിരിക്കുവാന്‍ മനഃപൂര്‍വ്വം ശ്രദ്ധിക്കുകയും ചെയ്തിരുന്നു...
  ഇഷ്ടമായതില്‍ ഞാന്‍ സന്തോഷിക്കുന്നു...:)
  --
  ഞാനീ പോസ്റ്റ് ഡിലീറ്റ് ചെയ്താലോ എന്നൊന്ന് ആലോചിച്ചതാ... പിന്നെ വിചാരിച്ചു, കിടക്കട്ടെ. പക്ഷെ, ഞാന്‍ വിചാരിച്ചതുപോലെ അത്ര ശരിയായില്ല... :(
  --

  ReplyDelete
 9. ഹരീ..
  കഥ നന്നായിരിക്കുന്നു.. പക്ഷേ പ്രണയിക്കുന്നവന്‍ പ്രണയിനിയുടെ മനസ്സ്‌ മനസ്സിലാക്കാതെ സംയമനമില്ലാതെ അവളുടെ കരണത്തടിച്ചത്‌ ഒരു എടുത്തുചാട്ടമായില്ലേ.

  കൃഷ്‌ | krish

  ReplyDelete
 10. സുനില്‍February 11, 2007 at 11:29 AM

  പ്രണയം, സ്നെഹം... ഇവയൊക്കെ എനിക്ക്‌ മനസ്സിലാകാത്ത കാര്യങള്. അതിനാല്‍ ഒരു ഓഫ്ടോപ്പിക്ക്.
  ഹരി ഒരു ഡോട്ട് കോം കമ്പനിയുമായി ബന്ധപ്പെട്ടയാളാണെന്ന്‌ നിലക്ക്‌ എനിക്കൊരു ഈമെയില്‍ അയക്കാമോ? എംബിസുനില്‍കുമാര്‍ അറ്റ് യാഹൂ ഡോട്ട് കോം. സംഗതി ഈ സി ഡിയെക്കുറിച്ചാണ്. http://vayanasala.blogspot.com/2007/02/blog-post.html

  ReplyDelete
 11. ഉത്സവപറമ്പില്‍, നളചരിതം ആട്ടക്കഥ കണ്ട്‌ നടന്ന പ്രതീതി.

  ReplyDelete
 12. കൃഷിനോട്,
  അയ്യോ... ഇതെന്താ എല്ലാവരും ഇങ്ങിനെ? അവന്‍ അവളുടെ കരണത്തടിച്ചിട്ടില്ല. ഒന്നു കൂടി ശ്രദ്ധിക്കൂ...
  --
  സുനിലിനോട്,
  ഞാന്‍ ലിങ്കിലെത്തി, സംഭവം മനസിലാക്കുകയും ചെയ്തു. അതിനെക്കുറീച്ച് എന്ത് മെയിലയയ്ക്കുവാനാണ്?
  --
  എം. എച്ച്. സഹീര്‍,
  നളചരിതം എനിക്കെന്നും പ്രീയപ്പെട്ട ആട്ടക്കഥയാണ്. കഥകളിയുമായി ശരിക്കും ബന്ധിപ്പിച്ചൊരു കഥ... അതാണെന്റെയൊരാഗ്രഹം. :)
  --

  ReplyDelete
 13. sorry. kathha poraa. hareeykk ithinekkal nannaakkaan pattum.
  pinne karanathhadicyhhenne katha vayichhaal thonnoo. (athukondalla kathha poraannu paranhathu.

  ReplyDelete
 14. ohh. sorry dear. avanum aravindanum 2 thanne. clear! ippol kathha kurekkoode kollaam. pakshe........ hareeykku ithinekkal nannayi ezhuthaan pattum..

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--