
മാധ്യമം ദിനപ്പത്രത്തോടൊപ്പം വിതരണം ചെയ്യുന്ന ‘വെളിച്ചം’ സപ്ലിമെന്റിന്റെ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍, ഞാന്‍ ഫ്ലിക്കറില്‍ പബ്ലിഷ് ചെയ്തിരുന്ന ‘
നളദമയന്തി’ എന്ന ചിത്രം, എന്റെ അറിവോ സമ്മതമോ കൂടാതെ ഉപയോഗിച്ചതിനെക്കുറിച്ച്
ഗ്രഹണത്തില്‍ ഇതിനു മുന്‍പ് എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ചിത്രം വെളിച്ചം സപ്ലിമെന്റിന്റെ മുന്‍പേജില്‍ ഉപയോഗിച്ചിരിക്കുന്നതായാണ് പരസ്യത്തില്‍ നിന്നും മനസിലാവുന്നത്. എന്നാല്‍ ചിത്രം ഉപയോഗിച്ചുവെന്നു കരുതപ്പെടുന്ന വെളിച്ചം സപ്ലിമെന്റ് ഏറെ പ്രയത്നിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഭൂരിപക്ഷം ലൈബ്രറികളിലും മാധ്യമം സ്ഥിരമായി സൂക്ഷിക്കുന്ന ഒരു പത്രമല്ല, സൂക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ സപ്ലിമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കാറുമില്ല. അതിനാല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍(
അവിടെ മാത്രമല്ല, വെളിച്ചത്തിന്റെ മറ്റ് പരസ്യങ്ങളിലും ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നുവെന്ന് പിന്നീട് കാണുകയുണ്ടായി.) പരസ്യത്തിനായി ചിത്രം ഉപയോഗിച്ചു എന്ന രീതിയിലാണ് ഞാന്‍ ഇതുമായി മുന്‍പോട്ടു പോയത്.
മാധ്യമം ദിനപ്പത്രത്തിലും, വെബ് സൈറ്റിലും ലഭ്യമായ വിവിധ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട് എഴുതിയെങ്കിലും, ഒന്നിനുപോലും മറുപടി ലഭിച്ചില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (06 ആഗസ്റ്റ് 2008) ഷബീര്‍, മാധ്യമത്തിന്റെ പീരിയോഡിക്കത്സ് എഡിറ്റര്‍ വിളിക്കുകയുണ്ടായി. ആദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് അബദ്ധത്തില്‍ വന്ന ഒരു പിഴവാണ്. ഇനിമുതല്‍ ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. (ചെലുത്തിയ ശ്രദ്ധയുടെ കാര്യം ഇവിടെ വായിക്കാം.) ഇതിനു പ്രതിവിധിയായി ഞാന്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ചിത്രം എന്റെയാണ് എന്ന് പത്രത്തില്‍ അതേ സ്ഥാനത്ത് പ്രസിദ്ധപ്പെടുത്തുക, അര്‍ഹമായ പ്രതിഫലം നല്‍കുക എന്നിവയായിരുന്നു. പക്ഷെ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് സാധാരണയായി നടക്കുന്ന, ഒരു ചെറിയ കാര്യമായിരുന്നു. ഞാന്‍ കഷ്ടപ്പെട്ടെടുക്കുന്ന ചിത്രങ്ങള്‍; എന്റെ അറിവോ, അനുമതിയോ കൂടാതെ; എന്റെ ചിത്രമാണെന്നു പോലുമില്ലാതെ എടുത്തുപയോഗിച്ച് ആരെങ്കിലുമൊക്കെ ലാഭം ഉണ്ടാക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലെന്ന് അപ്പോള്‍ തന്നെ ഞാനദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ ആലോചിച്ചതിനു ശേഷം വിളിക്കാം എന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും, പിന്നീട് ഒരു വിവരവുമുണ്ടായില്ല.
കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരുന്നതിനു ശേഷം, എന്റെ സുഹൃത്തു കൂടിയായ ഒരു അഡ്വ. എ.കെ. രാജശ്രീയെ കണ്ട് ഈ കാര്യത്തില്‍ നിയമവിധേയമായി എന്തു ചെയ്യാമെന്ന് അന്വേഷിക്കുകയും, ഈ കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. തീരുമാന പ്രകാരം 22 സെപ്റ്റംബര്‍ 2008 ന് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കുകയുണ്ടായി. വക്കീല്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഒരു മറുപടി നല്‍കണം എന്നായിരുന്നു അതില്‍ ആവശ്യപ്പെട്ടിരുന്നത്. പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവര്‍ മറുപടി തന്നു, പക്ഷെ അത് ഇപ്രകാരമായിരുന്നു: (പ്രസക്തമായ ഭാഗം മാത്രം.)
At the very outset, we would like to inform you that there's absolutely no violation of any kind of copyright law, cyber law by publishing an advertisement as stated in your notice. Moreover it will not attract any provisions of Indian penal code also. We had absolutely no intention, and it's not our policy to plagiarise the work done by your client or anyone else. Please inform your client that we have published the photograph from the collection of our own photographer from his innumerable photo collection and as said it will not attract any kind of copyright law as alleged in your notice. Out advertisement has nothing to do with the watermarked photograph as stated in your notice.
അവര്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം എന്റേതല്ല, അത് അവരുടെ ഒരു ഫോട്ടോഗ്രാഫറുടെ അതിവിശാലമായ ചിത്രശേഖരത്തില്‍ നിന്നും ഉള്ളതാണ്, അത് ഉപയോഗിച്ചതു വഴി അവര്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല എന്നുമാണ് അവരുടെ വാദം. ഈ കേസുമായി മുന്‍പോട്ടു പോയാല്‍; ചിത്രം എന്റേതാണെന്ന് തെളിയിക്കേണ്ടി വരുമെന്നും, തെളിയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നും ഒരു മുന്നറിയിപ്പും ഒടുവിലുണ്ട്. അവരുടെ പ്ലേജറിസം സംബന്ധിച്ച ‘പോളിസി’യെക്കുറിച്ച് ഇതിനോടകം തന്നെ എല്ലാവരും മനസിലാക്കിയിരിക്കുന്നതാണ്. പക്ഷെ, ഫ്ലിക്കറില്‍/ഇന്റര്‍നെറ്റില്‍ ചേര്‍ക്കപ്പെടുന്ന ഫോട്ടോയെല്ലാം അവരുടെ ഫോട്ടോഗ്രാഫറുടെ ചിത്രശേഖരത്തിലേക്കാണ് ചേര്‍ക്കപ്പെടുന്നതെന്നത് പുതിയ അറിവായിരുന്നു.
ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമം (1957, Chapter XIII, സെക്ഷന്‍ 63) ഇങ്ങിനെ പറയുന്നു:
63. Offence of infringement of copyright or other rights conferred by this Act. Any person who knowingly infringes or abets the infringement of-
(a) the copyright in a work, or
(b) any other right conferred by this Act, 125[except the right conferred by section 53A]
126[shall be punishable with imprisonment for a term which shall not be less than six months but which may extend to three years and with fine which shall not be less than fifty thousand rupees but which may extend to two lakh rupees.
ചിത്രം ഫ്ലിക്കറില്‍ ചേര്‍ക്കുവാനായി ക്രോപ്പ് ചെയ്ത ഭാഗമാണ് മഞ്ഞ നിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ ചിത്രത്തിന്റെ ബാക്ക്‍ഗ്രൌണ്ട് പൂര്‍ണ്ണമായും കറുപ്പിക്കുകയും; ബ്രൈറ്റ്നെസ്, കോണ്‍ട്രാസ്റ്റ്, വൈറ്റ് ബാലന്‍സ് എന്നിവ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. പരസ്യത്തില്‍ ഉപയോഗിക്കുന്നതിനായി മാധ്യമം ക്രോപ്പ് ചെയ്ത ഭാഗമാണ് നീല നിറത്തില്‍ കാണുന്നത്.
എന്നാല്‍ ഇവിടെ, ചിത്രം മോഷ്ടിച്ച് ഉപയോഗിച്ചതും പോരാഞ്ഞ്, യഥാര്‍ത്ഥ ഉടമയുടെ അവകാശം നിഷേധിക്കുകയും ചെയ്തിരിക്കുന്നു. ഒരു പത്രസ്ഥാപനം എന്ന നിലയില്‍ തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് മാധ്യമം സ്വയമൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ മറുപടിയോടെ തങ്ങള്‍ തുടര്‍ന്നും മോഷ്ടിക്കും, നിയമത്തിന് എന്തു ചെയ്യുവാന്‍ കഴിയുമെന്നു കാണട്ടെയെന്ന ധിക്കാരപൂര്‍വ്വമായ നിലപാട് എടുത്തിരിക്കുകയാണ് മാധ്യമം. ഈ ചോദ്യങ്ങള്‍ക്ക് മാധ്യമം ഉത്തരം തന്നേ മതിയാവൂ:
- സംഭവവുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ച പീരിയോഡിക്കത്സ് എഡിറ്റര്‍, ഷബീര്‍ എന്തുകൊണ്ട് മോഷണം ആദ്യം അംഗീകരിച്ചു?
- 2008 മാര്‍ച്ച് 21-ന് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചിത്രമെങ്ങിനെ ഫ്ലിക്കറില്‍ എനിക്ക് 2007 സെപ്റ്റംബര്‍ 2-ന് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു? അതും ഒരു ന്യൂസ്‌പ്രിന്റില്‍ നിന്നും സ്കാന്‍ ചെയ്യുമ്പോള്‍ ലഭിക്കാവുന്നതിലും കൂടുതല്‍ മികവോടെ!
- ഫ്ലിക്കറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രത്തിനാണ് കൂടുതല്‍ വ്യാപ്തിയെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. അതെങ്ങിനെ സാധ്യമായി?
- ഇനി അതേ ആംഗിളില്‍, അതേ ലൈറ്റിംഗില്‍, അതേ പൊസിഷനില്‍, അതേ ക്യാമറ സെറ്റിംഗുകളില്‍ മറ്റൊരാള്‍ എടുത്ത ചിത്രമാണ് എന്നാണെങ്കില്‍; അത് ലോകത്തെ എട്ടാമത്തെ അത്ഭുതമായി കരുതേണ്ടി വരും! അങ്ങിനെയെങ്കില്‍, ആരാണ് ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍?
തമ്പ്രാന്‍ പറയുന്നതു കേട്ട് ആരുടെയെങ്കിലുമൊക്കെ കുട്ടികളുടെ പിതൃത്വമേറ്റെടുക്കേണ്ടി വന്നിരുന്ന കുടിയാന്മാരുടെ അവസ്ഥയിലല്ല മാധ്യമത്തിലെ ഫോട്ടോഗ്രാഫര്‍മാരെന്നു കരുതുന്നു. സ്വന്തമായി ജനിപ്പിക്കുവാന്‍ കഴിവില്ലാതെ, അന്യന്റെ മുതല്‍ തന്റേതെന്നു പറയേണ്ട ഗതികെട്ട ഫോട്ടോഗ്രാഫര്‍മാരുണ്ടെങ്കില്‍, അങ്ങിനെയൊരു ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി വേണം മാധ്യമത്തിനിനി കളത്തിലിറങ്ങുവാന്‍. Twilight Fairy എന്ന ഫോട്ടോഗ്രാഫറുടെ ഫ്ലിക്കര്‍ ആല്ബത്തിലെ ചിത്രം മോഷ്ടിച്ച് ഉപയോഗിച്ച Times of India-യുടെ അനുഭവം ഇവിടെ വായിക്കാം. എന്നാല്‍ ചെയ്ത തെറ്റ് അംഗീകരിക്കുവാനും, തിരുത്തുവാനും ടൈംസ് ഓഫ് ഇന്ത്യ തയ്യാറായി. ബോബിന്‍സണ്‍ എന്ന മറ്റൊരു ഫോട്ടോഗ്രഫറുടെ ഫ്ലിക്കര്‍ ആല്ബത്തിലെ ചിത്രം കേരളകൌമുദി മോഷ്ടിക്കുകയും; പിന്നീട് ഒരു തിരുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ രീതിയിലൊരു മാന്യമായ സമീപനം പോലും മാധ്യമം പോലെയുള്ള പത്രങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ചിത്രം മോഷ്ടിക്കുകയും, നിയമത്തിന്റെ മുന്നില്‍ അസത്യപ്രസ്താവന നടത്തുകയും ചെയ്ത മാധ്യമത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എന്നാല്‍ സാധ്യമാവുന്ന നിയമനടപടികളുമായി മുന്നോട്ടു പോവുക തന്നെ വേണമെന്നാണ് കരുതുന്നത്. ഈ കാര്യത്തില്‍ ബ്ലോഗ്, ഫ്ലിക്കര്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
• Flickr Link (English): [http://www.flickr.com/photos/haree/3023433903/]
Description: Madhyamam Plagiarism, Image Theft, Update. Photography Theft by Madhyamam Daily. 'NalaDamayanthi' a photo by Haree; published in 'Velicham' (a supplement along with Madhyamam daily); without my knowledge or permission, violating copyright terms and conditions. Photo by Hareesh N. Nampoothiri aka Haree | ഹരീ.
--