Saturday, December 29, 2007

ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും - പ്രകാശനം


സുഹൃത്തുക്കളേ,
എന്റെ രണ്ടാമത് പുസ്‌തകം, ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’; ഡിസംബര്‍ 30, ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധിയില്‍ പ്രകാശനം ചെയ്യപ്പെടുന്നു. സി-ഡിറ്റ് മുന്‍.ഡയറക്ടര്‍ ഡോ. അച്ചുത്ശങ്കര്‍ എസ്. നായരാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. പുസ്‌തകം ഏറ്റുവാങ്ങുന്നത് ഐ.ടി@സ്കൂള്‍ ഡയറക്ടര്‍ ശ്രീ. അന്‍‌വര്‍ സാദത്ത്. പു‌സ്തകത്തോടൊപ്പം ലഭ്യമാക്കുന്ന അനുബന്ധ സി.ഡി. ഏറ്റുവാങ്ങുന്നത് സി.സി.എം.എസ്, യൂണിവേഴ്സിറ്റി ഓഫ് കേരള ഡയറക്ടര്‍; ശ്രീ. എം. വിജയകുമാര്‍. പ്രസ്‌തുത ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളേയും വിനീതമായി സ്വാഗതം ചെയ്യുന്നു.

പ്രസ്‌തുത ചടങ്ങിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ചുവടെ:


മലയാളത്തിലിറങ്ങുന്ന കമ്പ്യൂട്ടര്‍ മാഗസീനുകളില്‍ പ്രമുഖസ്ഥാനത്തുള്ള ഇന്‍ഫോകൈരളിയാണ് ഈ പുസ്‌തകത്തിന്റെ പ്രസാധകര്‍. പൂര്‍ണ്ണമായും ബഹുവര്‍ണ്ണ അച്ചടിയില്‍, ഇരുനൂറിലധികം പേജുകളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പു‌സ്തകത്തില്‍ വിവരിച്ചിരിക്കുന്ന വിവിധ ഉദാഹരണങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കുവാനായി, സോഴ്സ്‌ഫയലുകള്‍ അടങ്ങുന്ന ഒരു അനുബന്ധ സി.ഡി.യും പുസ്‌തകത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡോബി ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധിഷ്ഠിതമായാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യുടെ 30ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ സോഫ്റ്റ്‌വെയറും സി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പു‌സ്തകം ഓണ്‍‌ലൈനായി വാങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ വെബ്‌പേജില്‍ അതിനുള്ള സാധ്യത ലഭ്യമാണ്.

ഒരിക്കല്‍ കൂടി ഏവരേയും പു‌സ്തകപ്രകാശനചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്...

സസ്നേഹം
Haree | ഹരീ
Keywords: Photoshop Padanavum Prayogavum, Hareesh N. Nampoothiri, ഹരീഷ് എന്‍. നമ്പൂതിരി, ഇന്‍ഫോകൈരളി, ഇന്‍ഫോ കൈരളി, InfoKairali, Info Kairali, Book Release, NishaGandhi, NisaGandhi, Nisha Gandhi, Nisa Gandhi, Thiruvananthapuram, December 30, 2007.
--

Saturday, December 1, 2007

ഫിലിം ഫെസ്റ്റിവല്‍


പതിനൊന്നുമണിയുടെ ഷോ കഴിഞ്ഞ് തിടുക്കത്തില്‍ തിയേറ്ററിന്റെ പടികളിറങ്ങിയോടുകയായിരുന്നു ഞാന്‍. ഒരുപക്ഷെ, അടുത്ത ചിത്രം കാണുവാനുദ്ദേശിക്കുന്ന തിയേറ്ററിന്റെ അകത്തുകയിറിപ്പറ്റുവാന്‍ സാധിച്ചില്ലെങ്കിലോ എന്ന ടെന്‍ഷനുമുണ്ട്. ഈ തിയേറ്ററിലെ അടുത്ത ചിത്രം കാണുവാനായി ആളുകള്‍ തിരക്കിട്ട് മുകളിലേക്ക് കയറിവരുന്നു. അതിനിടയില്‍ ഒരുവന്‍, എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. ആരാണത്? അല്പനേരം ഞാനും അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി, അവനെ പിന്നിട്ട് ഞാന്‍ പടികളിറങ്ങി. എന്റൊപ്പമുള്ള സൂസന്‍, അതാരാണെന്ന് ചോദിച്ചത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല. തിയേറ്ററിന്റെ കവാടം കടക്കുമ്പോള്‍, അറിയാതെ ഞാന്‍ തിരിഞ്ഞു നോക്കി, അവനവിടെയില്ല.

ഫിലിം ഫെസ്റ്റിവലിലെ ചിത്രങ്ങള്‍ ഇടയ്ക്കൊക്കെ വിരസമായും ഇടയ്ക്കൊക്കെ നന്നായും കടന്നുപൊയി. ഫുഡ്‌ബോള്‍‍ കളികാണുവാന്‍ ആണ്‍‌വേഷം കെട്ടേണ്ടിവരുന്ന ഇറാനിയന്‍ പെണ്‍കുട്ടികളുടെ ഗതികേട് കാട്ടിത്തന്ന ‘ഓഫ്‌സൈഡ്’ കണ്ടുകഴിഞ്ഞപ്പോളാണ് ഞാനിവിടെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില മനസിലാവുന്നത്. സൂസനുമൊത്ത് ഇത്രയും തിരക്കുള്ള തിയേറ്ററുകളില്‍ ഫിലിം ഫെസ്റ്റിവലിനു വരാം, സ്റ്റേഡിയത്തില്‍ ഏതു കളിയും കാണാന്‍ പോവാം, ഇഷ്ടമുള്ള വേഷം ധരിക്കാം. എന്നാലിതൊന്നും പറ്റില്ലെന്നു വരികയും, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നോക്കുവാന്‍ പോലീസിനെ നിര്‍ത്തുകയും ചെയ്താല്‍... ‘ഓഫ്‌സൈഡ്’ കണ്ട് ഇങ്ങനെയോരോന്ന് പറഞ്ഞ് ഞാനും സൂസനും പടികളിറങ്ങുമ്പോഴാണ് മറ്റൊരുവാതിലിലൂടെ ഇറങ്ങിവരുന്ന അവനെ ഞാന്‍ കണ്ടത്. എന്നെ കണ്ടില്ലെന്നു തോന്നുന്നു. എന്നെ നോക്കുമോ എന്നറിയാന്‍ അവനെത്തന്നെ ശ്രദ്ധിച്ചാണ് ഞാന്‍ നടന്നത്. സൂസനത് കണ്ടിരിക്കുമോ?

രാ‍ത്രി ഒരു ഷോകൂടിയുണ്ടെങ്കിലും അതിനു നില്‍ക്കുവാന്‍ കഴിയില്ല. രാത്രിയായാല്‍ പിന്നെ കേരളവും മറ്റൊരു ഇറാനാവും. എന്നിട്ടും രാത്രിയില്‍ ‘ഓള്‍ഗ’ കാണുവാന്‍ നിന്നിരുന്നു കഴിഞ്ഞ പ്രാവശ്യം. അതിനു വീട്ടില്‍ നിന്നു കിട്ടിയ ശകാരത്തിനു കണക്കില്ല. അവര്‍ പറയുന്നതിലും കാര്യമില്ലാതില്ല, ഫിലിം കഴിഞ്ഞ് പാതിരാത്രി പന്ത്രണ്ടര മണിക്ക് സഹപാഠിയെന്നു പറയുന്ന പയ്യന്റെ ബൈക്കില്‍ വന്നിറങ്ങിയാല്‍ നാട്ടുകാരെന്തു പറയും എന്നാണ് അവരുടെ ചോദ്യം. ശരിയല്ലേ, നാട്ടുകാര്‍ക്കെന്താണ് പറഞ്ഞുകൂടാത്തത്. ‘ഓള്‍ഗ’ കാണുന്നതിന്റെ ആവേശം പറഞ്ഞാലാരും മനസിലാക്കണമെന്നില്ലല്ലോ. ഒടുവില്‍, അച്ഛന്‍ വന്ന് “സാരമില്ല, ഇനിയിങ്ങനെ വൈകരുത്.” എന്നു പറഞ്ഞതോടെ അമ്മയും തണുത്തു. ഏതായാലും അതില്‍ പിന്നെ രാത്രിയിലെ ഷോ കാണുവാന്‍ ശ്രമിച്ചിട്ടില്ല. ഒരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ എന്നുമനസില്ലാമനസോടെ ആഗ്രഹിക്കുന്ന ചുരുക്കം ചില അവസരങ്ങളിലൊന്നാണിത്.

ഫിലിം ഫെസ്റ്റിവല്‍ ഒരു വികാരമാണ്. ഫെസ്റ്റിവല്‍ ഐഡി കാര്‍ഡും, തോള്‍ സഞ്ചിയും, ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്കുമൊക്കെയായി കുറേപ്പേര്‍ നമുക്കു ചുറ്റും, അവരിലൊരാളായി നമ്മളും. ചുറ്റും സിനിമയെക്കുറിച്ചുള്ള സംസാരങ്ങള്‍ മാത്രം. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പ്രതീതി. ഈ രാത്രിയില്‍ ഫ്ലൂറസെന്റ് വിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ ഇങ്ങിനെ നടക്കുമ്പോള്‍ മനസുനിറയെ ഒരു ദിവസം കൊണ്ട് നമ്മുടെയാരൊക്കെയോ ആയിത്തീര്‍ന്ന ഒരുപിടി കഥാപാത്രങ്ങള്‍. “ഒന്നു വേഗം വാ, ഒന്‍പതരക്കുള്ള ആ ബസ് കിട്ടിയില്ലെങ്കില്‍ കുരിശാവും...” സൂസന്‍ കൈ വലിച്ച് ഓടിക്കഴിഞ്ഞു. വിചാരങ്ങളെ അതിന്റെ പാട്ടിനുവിട്ട് ഞാനും നടപ്പിന് വേഗം കൂട്ടി.

ഭാഗ്യം, ബസ് സ്റ്റാന്‍ഡില്‍ പിടിച്ചതേയുള്ളൂ. പെട്ടെന്നു തന്നെ കയറിപ്പറ്റി ഒരു സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. അടുത്തു തന്നെ സൂസനും. ആരോ എന്നെ നോക്കുന്നുണ്ടോ? ബസിനുള്ളിലൂടെ ഒന്നു കണ്ണോടിച്ചു, ഇല്ല അവനിവിടെയെങ്ങുമില്ല. സൂസനോടെന്തോ പറയുവാന്‍ തുടങ്ങിയപ്പോഴാണ്, അവളുടെ ചുണ്ടിലൊരു ചിരി. “എന്തേ ഒരു ചിരി?”. ചോദ്യത്തിനു മറുപടി തന്നില്ല, ബസിനു പുറത്തേക്ക് അവള്‍ കൈചൂണ്ടി. ബസുകാത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അതാ, അവന്‍; തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട്.

ബസ് നീങ്ങിത്തുടങ്ങി, അവനവിടെത്തന്നെയുണ്ടായിരുന്നു. അറിയാതെപ്പോഴൊക്കെയോ ഞാനും അവനെ നോക്കിക്കൊണ്ടിരുന്നു. പതിയെ ബസ് സ്റ്റാന്‍ഡ് വിട്ടു. സൂസന്‍ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടില്‍, നാളത്തെ സിനിമകളുടെ വിവരണങ്ങള്‍ വായിച്ചു തന്നുകൊണ്ടിരുന്നു. ഇതു കാണണം, അതു കാണണം എന്നൊക്കെയുള്ള അവളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയെല്ലാം ഒരു മൂളലിലൊതുക്കി. ഞാനൊന്നും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ പുസ്തകം മടക്കി, “അല്ല മോളേ, എന്താ നിന്റെ ഉദ്ദേശം?”. ചോദിച്ച അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒന്നു ചിരിച്ച്, പുറത്ത് പിന്നിലോട്ട് പായുന്ന മരങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. തണുത്ത കാറ്റില്‍ പറന്നുപൊങ്ങുന്ന മുടിയിഴകളെ ഷാളുകൊണ്ട് പുതപ്പിച്ച് സൂസനോട് ചോദിച്ചു, “സൂസന്‍, ആരായിരിക്കും അവന്‍? എന്തിനാണ് അവനിങ്ങനെ നോക്കുന്നത്?”. അവളുച്ചത്തില്‍ പൊട്ടിച്ചിരിച്ചു, ആരൊക്കെയോ തിരിഞ്ഞു നോക്കി. അമളി മനസിലായ അവള്‍ ചിരിയൊതുക്കി, ചെവിയില്‍ രഹസ്യമായി പറഞ്ഞു, “അവനു നിന്നോടു പ്രേമമായിരിക്കും, ആദ്യം കാണുമ്പോഴേ തോന്നുന്ന പ്രേമം, അങ്ങിനെയെന്തോ ഒന്നില്ലേ, അതു തന്നെ... നിനക്കുമില്ലേ അവനോടെന്തോ ഒരു ഇത്...”. ആയിരിക്കുമോ? എനിക്കവനോടും തോന്നുന്നുണ്ടോ പ്രണയം? കണ്ടിട്ട് കുഴപ്പമൊന്നും തോന്നുന്നില്ല, ഒന്നുമില്ലെങ്കിലും സിനിമകളൊക്കെ ഇഷ്ടമുള്ളയാളാണല്ലോ, നാളെയാവട്ടെ, കഴുത്തിലെ ഐഡി നോക്കി അവന്റെ പേരെന്താണെന്ന് ഒന്നു മനസിലാക്കണം.

“എടാ, ഞാനെങ്കില്‍ വെയ്ക്കട്ടെ? ഇനി രാത്രി എന്നോടു മിണ്ടി നിന്റെ ഉറക്കം കളയണ്ട. നാളെ പിന്നെയും ഫിലിം ഫെസ്റ്റിവലിനു തെണ്ടാനിറങ്ങാനുള്ളതല്ലേ?” ഗായത്രി പകുതി കളിയായും പകുതി കാര്യമായും ചോദിച്ചത് അവനെവിടെയോ കൊണ്ടു. “നിനക്ക് ഈ സിനിമ എന്നു പറഞ്ഞാലെന്താണെന്നറിയുമോ? അതറിയാത്തവരോട് ഫെസ്റ്റിവലിനെക്കുറിച്ചു പറഞ്ഞിട്ടെന്തു കാര്യം... വെച്ചോ...” പെട്ടെന്നാണവനോര്‍ത്തത്, അവളുടെ കാര്യം ഗായത്രിയോട് പറഞ്ഞില്ലല്ലോ എന്ന്... “വെയ്ക്കല്ലേ... ഒരു കാര്യം. ഇന്നൊരു പെണ്‍കുട്ടിയെ കണ്ടു, ഫെസ്റ്റിവലിന്. നിന്നെപ്പോലെ തന്നെയിരിക്കും. ഒരു മൂന്നു നാലു പ്രാവശ്യമെങ്കിലും ഞങ്ങള്‍ തമ്മില്‍ കണ്ടു. ഞാനിങ്ങനെ സൂക്ഷിച്ചു നോക്കി കുറച്ചു നേരം നിന്നു. അവളെന്തു വിചാരിച്ചു കാണുമോ ആവോ!”. അപ്പുറത്തുനിന്നും ഒരു അലര്‍ച്ചയായിരുന്നു. “എടാ, അലവലാതി. നീയവിടെ ഫിലിം ഫെസ്റ്റിവലിനെന്നും പറഞ്ഞ് പെണ്‍പിള്ളാരുടെ പിന്നാലെയാണല്ലേ... നീയെന്റെ ലീവ് കളയും... മര്യാദയ്ക്ക് സിനിമ വല്ലോം കാണണമെങ്കില്‍ കണ്ട് വീട്ടില്‍ പൊയ്ക്കോളണം. ഓഫീസീന്ന് ലീവുമെടുത്ത് വായിന്നോട്ടം, കൊള്ളാം...”. “ശരി ശരി... ഉത്തരവു പോലെ...”. ഗുഡ്‌നൈറ്റ് പറഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ അവന്‍ ചിന്തിക്കുകയായിരുന്നു, “ഗായത്രിക്കു പകരം അവളായിരുന്നു എന്റെ കാമുകിയെങ്കില്‍!”.


Keywords: IFFK, IFFK'07, 2007, Film Festival, Short Story, Love, International Film Festival of Kerala, Romance, Romantic, Strangers, Love at First Sight, Festival Memories.
--

Thursday, November 15, 2007

എമ്പ്രാന്തിരിയും ഓര്‍മ്മയായി...

A Tribute to Kalamandalam Sankaran Embranthiri.
നവംബര്‍ 13, 2007: കഥകളിസംഗീതത്തിലെ ഒരു കാലഘട്ടത്തിന് ഇന്നു തിരശീല വീണു. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി എന്ന കഥകളിസംഗീതജ്ഞന്റെ മരണത്തോടെ എമ്പ്രാന്തിരി - ഹരിദാസ് - ഹൈദരാലി ത്രയത്തിലെ അവസാന കണ്ണിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. കഥകളിസംഗീതത്തെയും അതിലൂടെ കഥകളിയെത്തന്നെയും ജനകീയമാക്കിയതില്‍ ഇവരുടെ പങ്ക് ചെറുതല്ല. കഥകളിയില്‍ ഏവരാലും അവഗണിക്കപ്പെട്ട്, പുറംതിണ്ണയില്‍ കിടന്നിരുന്ന സംഗീതത്തെ, മുന്‍‌നിരയിലേക്ക് കൊണ്ടുവരിക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ യാഥാസ്ഥിതിക ആസ്വാദകരുടേയും കലാകാരന്മാരുടേയും ഘോരമായ എതിര്‍പ്പിനെ, സ്വന്തം പ്രതിഭകൊണ്ട് തിരുത്തി, സംഗീതത്തെ ഉമ്മറത്തെത്തിക്കുക എന്നത്, എമ്പ്രാന്തിരിയുടെ നിയോഗമായിരുന്നു. തന്റെ ജീവിതം കഥകളിസംഗീതത്തിനായി ഉഴിഞ്ഞുവെച്ച് ആ നിയോഗം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്.

വെള്ളയൂര്‍ ഗ്രാ‍മത്തിലെ ജാലനമഠത്തില്‍ കൃഷ്ണന്‍ എമ്പ്രാന്തിരിയുടേയും, അംബിക അന്തര്‍ജ്ജനത്തിന്റേയും മകനായി 1944 സെപ്റ്റംബര്‍ ഏഴിനായിരുന്നു എമ്പ്രാന്തിരിയുടെ ജനനം. 1957-65 കാലഘട്ടത്തില്‍ കലാ‍മണ്ഡലത്തില്‍ ചേര്‍ന്ന അദ്ദേഹം കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കാവുങ്കല്‍ മാധവപ്പണിക്കര്‍, കലാമണ്ഡലം ഗംഗാധരന്‍ തുടങ്ങിയ പ്രമുഖരുടെ ശിക്ഷണത്തില്‍ കഥകളിസംഗീത പഠനം പൂര്‍ത്തിയാ‍ക്കി. 1965 മുതല്‍ 1970 വരെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ കഥകളി സംഗീത അധ്യാപകനായി ജോലി നോക്കി. 1970-ല്‍ ഫാക്ട് കഥകളി വിദ്യാലയത്തില്‍ സംഗീത അധ്യാപകനായി നിയമിതനായി.

കഥകളി സംഗീതത്തിലെന്നതുപോലെ ശാസ്‌‌ത്രീയ സംഗീതത്തിലും തത്പരനായിരുന്നു അദ്ദേഹം. ജി.പി. ഗോവിന്ദ പിഷാരടി, തൃപ്പൂണിത്തുറ ശങ്കരവാര്യര്‍, എം.ആര്‍. പീതാംബര മേനോന്‍ എന്നിവരുടെ കീഴിലായിരുന്നു ശാസ്ത്രീയസംഗീതപഠനം പൂര്‍ത്തിയാക്കിയത് ശാസ്ത്രീയസംഗീതത്തില്‍ നേടിയ അറിവാണ്, കഥകളിസംഗീതത്തില്‍ വേറിട്ടൊരു പാത പരീക്ഷിക്കുവാന്‍ എമ്പ്രാന്തിരിക്ക് നിമിത്തമായത്. വെണ്മണി ഹരിദാസുമായി ചേര്‍ന്ന് കഥകളിപ്പദകച്ചേരി എന്ന രൂപത്തില്‍, കഥകളിപ്പദങ്ങളെ അവതരിപ്പിച്ചു തുടങ്ങിയതും എമ്പ്രാന്തിരിയാണ്. ഇത് കൂടുതല്‍ കലാസ്വാദകരെ കഥകളിയുമായി അടുപ്പിച്ചു. കഥകളിയിലെ സംഗീതം എത്രമാത്രം ഭാവതീവ്രമാക്കാമെന്ന് തെളിയിക്കുകയായിരുന്നു എമ്പ്രാന്തിരി ചെയ്തത്.

കഥകളിസംഗീതത്തിലെ പരിഷ്കരണങ്ങള്‍ ഭൂരിഭാഗം ആസ്വാദകരും സ്വീകരിച്ചുവെങ്കിലും, യാഥാസ്ഥിതിക മനോഭാവം വെച്ചുപുലര്‍ത്തിയിരുന്ന ആസ്വാദകരും കലാകാരന്മാരും ഇതിനെ വിമര്‍ശിച്ചു. കഥകളിസംഗീതം ചിട്ടപ്രധാനമല്ല, ഭാവപ്രധാനമാണ് എന്ന പക്ഷക്കാരനായിരുന്നു എമ്പ്രാന്തിരി. പലപ്പോഴും നടന്റെ മുദ്ര തീര്‍ന്നിട്ടും, പദങ്ങള്‍ എമ്പ്രാന്തിരി ആവര്‍ത്തിച്ചു പാടി. ഒരു നടനെ സംബന്ധിച്ചിടത്തോളം എമ്പ്രാന്തിരി പൊന്നാനി പാടുമ്പോള്‍ അരങ്ങത്ത് പ്രവര്‍ത്തിക്കുക എന്നത് അനായാസമായ ഒരു പക്രിയയായിരുന്നില്ല. സംഗീതത്തിലെ മുഴുവന്‍ സംഗതികളും പുറത്തുവരുന്നതുവരെ എമ്പ്രാന്തിരി പദങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, അത്രയും വിശദമായി മുദ്രകാട്ടുക എന്നതുമാത്രമായിരുന്നു നടന്മാര്‍ക്ക് ചെയ്യുവാനാവുമായിരുന്നത്. കഥകളിയെ സംബന്ധിച്ചിടത്തോളം, നടന്റെ മുദ്രകള്‍ക്കനുസൃതമായാണ് ഗായകര്‍ ആലപിക്കേണ്ടതെങ്കിലും, കഥകളി കാണുന്നതിനേക്കാള്‍ കൂടുതല്‍ എമ്പ്രാന്തിരിയുടെ സംഗീതം കേള്‍ക്കുവാന്‍ ആസ്വാദകര്‍ തത്പരരായതോടെ, എമ്പ്രാന്തിരി നടനനുസരിച്ച് പാടണമെന്ന നിര്‍ബന്ധവും കുറഞ്ഞുവന്നു.

തന്റെ സംഗീതജീവിതത്തിന്റെ അവസാനഘട്ടം എമ്പ്രാന്തിരിക്ക് സുഖകരമായിരുന്നില്ല. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് അവ മാറ്റിവെയ്ക്കേണ്ടി വന്നു, പ്രമേഹരോഗത്തെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചു നീക്കേണ്ടി വന്നു; എമ്പ്രാന്തിരിയുടെ സംഗീത ജീവിതം ഇതോടെ അവസാനിച്ചു എന്ന് ആസ്വാദകര്‍ കരുതിയ ഒന്നിലേറെ മുഹൂര്‍ത്തങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാ‍ല്‍ അപ്പോഴെല്ലാം എമ്പ്രാന്തിരി തിരിച്ചുവന്നു. കഥകളിസംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, ഈ രോഗങ്ങള്‍ക്കൊന്നും കീഴടക്കാവുന്നതായിരുന്നില്ല. കുചേലവൃത്തത്തിലെ ‘അജിത! ഹരേ ജയ!’യും ‘പുഷ്കരവിലോചന!’യും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളായിരുന്നു. തന്നെ സ്വയം കുചേലനായി സങ്കല്പിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പാടിയിരുന്ന അദ്ദേഹത്തിന്റെ ഈ പദങ്ങളിലുള്ളത്രയും ഭക്തി, മറ്റാരുപാടിയാലും ഈ പദങ്ങള്‍ക്ക് ഉണ്ടാവില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഹരിദാസ് കഥകളിയിലെ ഭാവഗായകനും, ഹൈദരാലി കഥകളിയിലെ ലളിതസംഗീതജ്ഞനുമായിരുന്നെങ്കില്‍, എമ്പ്രാന്തിരിക്ക് കഥകളിയിലെ ഭക്തിപ്രധാനമായ പദങ്ങളിലായിരുന്നു താത്പര്യം.

എന്നാല്‍ കുചേലവൃത്തവും സന്താനഗോപാലവും മാത്രമായിരുന്നില്ല അദ്ദേഹത്തില്‍ നിന്നും പ്രേക്ഷകര്‍ ആസ്വദിച്ചത്. നളചരിതം നാലാം ദിവസവും, കീചകവധവും, പൂതനാമോക്ഷവും എല്ലാം മികച്ചവതന്നെയായിരുന്നു. ശങ്കരന്‍ എമ്പ്രാന്തിരി - വെണ്മണി ഹരിദാസ് സഖ്യം പോലെയൊരു കൂട്ടുകെട്ട് കഥകളി സംഗീതത്തില്‍ ഇനിയുണ്ടാവുമോ എന്നതും സംശയമാണ്. ഇവര്‍ തമ്മിലുണ്ടായിരുന്ന ആരോഗ്യകരമായ മത്സരവും കഥകളി സംഗീ‍തത്തെ പോഷിപ്പിച്ചു. സമകാലീനരും അടുത്തസുഹൃത്തുക്കളുമായിരുന്ന ഹരിദാസിന്റേയും ഹൈദരാലിയുടേയും അകാലത്തിലുള്ള വിയോഗം എമ്പ്രാന്തിരിയെ ഏറെ വിഷമിപ്പിച്ചു. അവരോടൊപ്പം ചേരുവാനായി ഒടുവില്‍ അദ്ദേഹവും യാത്രയായി.

കഥകളി സംഗീതത്തിനു നല്‍കിയ സംഭാവനകളെ മാനിച്ച് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരളകലാമണ്ഡലം ഏര്‍പ്പെടുത്തിയ സുവര്‍ണമുദ്ര പുരസ്കാരം (1992), കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2002), സ്വാതിസംഗീത പുരസ്കാരം (2003) എന്നിവയാണ് എടുത്തു പറയേണ്ടവ. അടുത്ത കാലത്ത് അധികമൊന്നും അദ്ദേഹം അരങ്ങത്ത് സജീവമായിരുന്നില്ല. ദേശത്ത്, ഭാര്യ സാവിത്ര അന്തര്‍ജ്ജനവുമൊത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു എമ്പ്രാന്തിരി. സിന്ധു, രശ്മി എന്നിവരാണ് മക്കള്‍. അദ്ദേഹത്തിന്റെ സംഗീതസപര്യയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുതിയ കലാകാരന്മാര്‍ ഇനിയുമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


References:
Leading Lights - Kalamandalam Sankaran Embranthiri
Kathakali Artists - Kalamandalam Sankaran Embranthiri


Keywords: Kalamandalam Sankaran Embranthiri, Tribute, Passed Away, Desam, Kathakali, Musician, Sangeetham, Haridas, Haidarali.
--

Saturday, November 3, 2007

മണ്ണാറശാലയിലെ കര്‍ണ്ണശപഥം

2007 നവംബര്‍ 02, വെള്ളി: മണ്ണാറശാല ആയില്യ മഹോത്സവത്തോടനുബന്ധിച്ച്, ഇന്നലെ (2007 നവംബര്‍ 1) രാത്രി കഥകളി അരങ്ങേറി. മാലിയെന്ന വി. മാധവന്‍ നായര്‍ രചിച്ച കര്‍ണ്ണശപഥവും, ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗവുമായിരുന്നു കഥകള്‍. പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ ശാസ്ത്രീയസംഗീത കച്ചേരിക്കും ശേഷം, വളരെ വൈകി രാത്രി പത്തരയോടെയാണ് ആട്ടവിളക്ക് തെളിഞ്ഞത്. എങ്കിലും പുറപ്പാടും ഡബിള്‍ മേളപ്പദവും വിസ്‌തരിച്ചു തന്നെ, ഏതാണ്ട് രണ്ട് മണിക്കൂറോളമെടുത്ത് അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം ശങ്കരവാര്യര്‍‍, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളം; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ട എന്നിങ്ങനെയായിരുന്നു മേളം. പുറപ്പാടും മേളപ്പദവും പാടിയത് പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.

കളിയരങ്ങ് എന്ന പേരില്‍ പുതിയ ഒരു ബ്ലോഗിലേക്ക് ഈ അസ്വാദനം മാറ്റിയിരിക്കുന്നു. ഇവിടെ നിന്നും വായിക്കുക.
--

Wednesday, August 22, 2007

ഓര്‍മ്മകളിലൊരു പൂക്കളം

Onam, Pookkalam, Atham, Kuttikkalam, Childhood, Memory, Memories, Thumpi Mamam, Photo Narayanan, Foto, Thumbi
ഏതൊരു മലയാളിയേയും പോലെ ഓണക്കാലമെന്നാല്‍ എനിക്ക് പൂക്കാലമായിരുന്നു, പൂക്കളമൊരുക്കും കാലമായിരുന്നു. ഓണമെന്നു പറഞ്ഞാല്‍ സദ്യയേക്കാള്‍ മുന്നേ എന്റെ മനസിലേക്കെത്തുക, മുറ്റത്തൊരുക്കുന്ന പൂക്കളത്തിലെ നിറക്കൂട്ടുകളാണ്. മുറ്റത്തും തൊടിയിലും വളരുന്ന ചെമ്പരത്തിയും നന്ദ്യാര്‍വട്ടവും പിന്നെ ചെറിയ ഇലകളുമൊക്കെയൊരുക്കുന്ന നിറച്ചാര്‍ത്ത്. നിറങ്ങളില്‍ വൈവിധ്യം കുറയുമെങ്കിലും, അത്രയും നിറങ്ങള്‍ കൂട്ടിക്കലര്‍ത്തി മുറ്റത്ത് വിരിയിക്കുന്ന പൂക്കളങ്ങളുടെ ഭംഗി, അതൊന്നു വേറേ തന്നെയാണ്.

കുട്ടിക്കാലം മുതലുള്ള ശീലമാണ് ഓണത്തിന് അത്തമിടുക എന്നുള്ളത്. തിരുവോണത്തിനു മാത്രമല്ല പത്തുനാളും പൂവിടല്‍ നിര്‍ബന്ധമായിരുന്നു. അനിയത്തിയും ഞാനും, രാവിലെ ആരെണീറ്റ് പൂവിടും എന്നകാര്യത്തില്‍ തര്‍ക്കമായിരുന്നു. ‘ഞാനിടും, ഞാനിടും’ എന്നല്ല; ‘ഇന്നു നീയിട്, നീയിട്’ എന്നു പറഞ്ഞായിരിക്കുമെന്നു മാത്രം. രാവിലെ എഴുനേറ്റ്, കുളിച്ച് വേണം പൂവിടാനെന്നാണ് അമ്മയുടെ പക്ഷം. രാവിലെ എഴുനേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ എല്ലാവരേയും പോലെ ഞങ്ങള്‍ക്കും അത്ര പഥ്യമായിരുന്നില്ല. ഒടുവില്‍ ഞങ്ങളിലാരെങ്കിലും എഴുനേറ്റ് കുളിച്ച് പൂവിടുവാനെത്തും. വീട്ടില്‍ പുറം ജോലിക്ക് നില്‍ക്കുന്ന ചേച്ചി, തലേ ദിവസത്തെ പൂക്കളൊക്കെ എടുത്തുമാറ്റി, ചാണകം മെഴുകി, പൂക്കളം പൂവിടുവാനായി തയ്യാറാക്കിയിട്ടുണ്ടാവും. ഇനി പൂക്കളം നിറയ്ക്കുവാന്‍ പൂക്കള്‍ ഇറുക്കണം, പിന്നീടത് ഒരുക്കണം. അത് അന്നത്തെ ദിവസം പൂവിടുവാന്‍ എഴുന്നേല്‍ക്കുന്നയാളുടെ ഡ്യൂട്ടിയാണ്.

അങ്ങിനെ ചുറ്റുപാടുമുള്ള കൈയെത്തുന്ന പൂക്കളൊക്കെ ചെറിയ പാത്രത്തില്‍ നുള്ളിയിട്ട് പൂക്കളമിടല്‍ ആരംഭിക്കും. ആദ്യം തുമ്പക്കുടം, മൂന്നു പ്രാവശ്യം, ‘പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ’ എന്നൊക്കെ ചൊല്ലി പൂക്കളത്തിനു നടുവില്‍ വെയ്ക്കും. പിന്നെ, മറ്റ് പൂവുകളുടെ ഇതളുകള്‍ അടര്‍ത്തി തുമ്പക്കുടത്തിനു ചുറ്റും നിരത്തി കളം വലുതാക്കും. ഇന്ന് മത്സരങ്ങളില്‍ കാണുന്നതു പോലെ, ആര്‍ഭാടകരമായ പൂക്കളമൊന്നുമല്ല, വളരെക്കുറച്ച് പൂവുകള്‍ കൊണ്ട് ചെറിയ അത്തപ്പൂക്കളം. പിന്നെ ഒന്നാം ഓണമെങ്കില്‍ ഒരു കുട, രണ്ടാമോണമെങ്കില്‍ രണ്ടു കുട എന്നരീതിയില്‍ പൂക്കുടയും കുത്തും. അത്തമിട്ട് കഴിയുമ്പോഴേക്കും, അന്നേ ദിവസം ഉറങ്ങാന്‍ ഭാഗ്യം സിദ്ധിച്ച ഞാനോ അനിയത്തിയോ ഒരു കൈയില്‍ ചാ‍യഗ്ലാസും മറുകൈയില്‍ പേപ്പറുമായി ഉമ്മറത്തെത്തും. മുകളില്‍ നിന്നൊന്നു നോക്കി, പറയാവുന്ന കുറ്റവും, ഇന്നലെ ഞാനിട്ടത് എത്ര നന്നായിരുന്നു, ഇതെന്തോന്ന് പൂക്കളം, എന്നൊക്കെ പറഞ്ഞ് അന്നേ ദിവസത്തെ രണ്ടാം റൌണ്ട് വഴക്കിടല്‍ ആരംഭിക്കും. ‘ഒന്നു സൌര്യം തരുമോ പിള്ളാരേ...’ എന്ന അമ്മയുടെ അടുക്കളയില്‍ നിന്നുള്ള രോദനം വരും വരെ ഇതങ്ങിനെ തുടരും.

തിരുവോണ ദിവസത്തിലേക്കായുള്ള പൂവിടല്‍, ഉത്രാടത്തിന്റന്നു വൈകുന്നേരമാണ് ചെയ്യുക, അന്നാണ് കാര്യമായ പൂവിടല്‍. ഉത്രാടത്തിന്റന്നു ഊണു കഴിഞ്ഞ് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മുറ്റവും തൊടിയുമൊക്കെ വിട്ട്, അല്പം കാടുപിടിച്ചു കിടക്കുന്ന കാവിന്റെ ഭാഗത്തേക്കാണ് യാത്ര. അവിടെ നിന്നും ‘ശദാവരിപ്പച്ച’ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ചെറിയ ഇലകളോടെ, പഴുതാരയുടെ രൂപം ഓര്‍മ്മിപ്പിക്കുന്ന ശദാവരിയിലകള്‍ അത്തക്കളത്തിലെ കടുംപച്ചനിറത്തിന് പറ്റിയതാ‍ണ്. ചെറിയ ഇലകളായതിനാല്‍, നല്ല ഒതുക്കവും കിട്ടും. മറ്റ് പൂവുകളൊക്കെ ചെറുതായി അരിഞ്ഞാണ് അത്തപ്പൂക്കളത്തില്‍ ഉപയോഗിക്കാറ്‌, പക്ഷെ ഒരു വാടിയഛായ തോന്നും അങ്ങിനെ ചെയ്യുമ്പോള്‍. ശദാവരിക്ക് ആ ദോഷവുമില്ല.

മുള്ളുള്ള ശദാവരിയിലകള്‍ സൂക്ഷിച്ച് ഇറുത്തെടുക്കുകയാണ് അടുത്ത പടി. രണ്ടരമണിക്കൂര്‍ പടം അഞ്ചും ആറും മണിക്കൂറെടുത്തു കാണിക്കുന്ന ടി.വി.ക്കുമുന്നില്‍ ചടഞ്ഞിരുന്നാണ് ഈ പരിപാടി. അന്നൊന്നും ഞാന്‍ ഇന്നത്തെപ്പോലെ ഇറങ്ങുന്ന പടമെല്ലാം ഓടിപ്പോയി കാണുന്ന രീതിയായിരുന്നില്ല. തിയേറ്ററിലൊക്കെ സിനിമ കാണല്‍ വളരെ അപൂര്‍വ്വമായിരുന്നു. നല്ല സിനിമയെന്ന് എല്ലാവരും പറഞ്ഞ്, നാട്ടില്‍ ഞങ്ങള്‍ മാത്രമേ ഇനിയതു കാണാനുള്ളൂ എന്ന അവസ്ഥയെത്തുമ്പോളാവും അച്ഛന്‍ കൊണ്ടുപോവാമെന്ന് അര്‍ദ്ധസമ്മതമെങ്കിലും തരുന്നത്. ഓണം റിലീസുകള്‍ ഓണവും കഴിഞ്ഞ് രണ്ടുമാസമെടുക്കും ഞാന്‍ കാണുവാന്‍, അതും അത്രയും നാള്‍ ആ പടങ്ങള്‍ തിയേറ്ററിലുണ്ടെങ്കില്‍. അങ്ങിനെ സിനിമ എന്നത് ഒരു സ്വപ്നമായി കൊണ്ടുനടന്നിരുന്ന കാലത്ത്, ഉത്രാടദിന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം പരസ്യമുള്‍പ്പടെ കണ്ടു തീര്‍ക്കുക ഒരു ജീവിതാഭിലാഷമായിരുന്നു. അങ്ങിനെ സിനിമയൊക്കെ കണ്ട് പൂവൊക്കെ ഒരുക്കിത്തീര്‍ക്കും.

കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുവാന്‍ തുടങ്ങിയതോടെ, ഈ അത്തപ്പൂക്കളങ്ങള്‍ക്ക് ഒരു ‘ഗ്ലാമര്‍’ പോര എന്ന ചിന്തവന്നു. അങ്ങിനെ നൂറും നൂറ്റമ്പതും രൂപയ്ക്ക് പൂവുമേടിക്കുവാന്‍ തുടങ്ങി. വീട്ടിലുള്ള പൂക്കളോടൊപ്പം ഇത്രയും രൂപയ്ക്കുള്ള പൂവും കൂടിയായപ്പോള്‍, പൂക്കളത്തിന്റെ വലുപ്പവും കൂട്ടാമെന്നായി, രീതിയും മാറ്റാമെന്നായി. മുറ്റത്തിട്ടിരുന്ന പൂക്കളം അങ്ങിനെ തിരുവോണനാളില്‍ മാത്രം കാര്‍പോര്‍ച്ചിലേക്ക് മാറ്റി സ്ഥാപിച്ചു. എന്റെ ആവശ്യമാണല്ലോ പൂക്കളത്തിന്റെ ഗ്ലാമര്‍ കൂട്ടുകയെന്നത്, അതുകൊണ്ട് പൂ‍വൊരുക്കലൊഴികെ മറ്റെല്ലാം എന്റെ തലയിലിട്ട്, അനിയത്തി ഭംഗിയായി ബ്ലോക്ക് ബസ്റ്റര്‍ കണ്ടാസ്വദിച്ചു. മുറ്റത്തുനിന്ന് മണ്ണ് വെട്ടി പോര്‍ച്ചിലിട്ട്, ഈര്‍ക്കിലും നൂലുമൊക്കെ ഉപയോഗിച്ച് വട്ടത്തില്‍ തിട്ടകെട്ടി, ചാണകവെള്ളം തളിച്ച് മെഴുകി, ഒരു ഡിസൈനും വരയ്ക്കുമ്പോഴേക്കും സന്ധ്യയാവും. സിനിമയുടെ ശബ്ദരേഖമാത്രമേ കേള്‍ക്കുവാന്‍ കഴിയൂ എന്ന ദേഷ്യത്തിലാണ് ഞാനിത്രയും ചെയ്യുന്നത്. ഇത്രയൊക്കെ ആവുമ്പോഴേക്കും പൂവൊക്കെ റെഡിയായിരിക്കും. മഞ്ഞയ്ക്ക് മഞ്ഞ ജമന്തി, ഓറഞ്ചിന് ബന്ദി, വയലെറ്റിന് വാടാമുല്ല, റോസിന് അരളി, വെള്ളയ്ക്ക് നന്ദ്യാര്‍വട്ടം അല്ലെങ്കില്‍ മൈസൂര്‍ മുല്ല; അങ്ങിനെ എല്ലാ ഐറ്റംസും റെഡി. സന്ധ്യയാവുമ്പോഴേക്കും തുമ്പിമാമനുമെത്തും.

എന്റെ ഓണവും തുമ്പിമാമനുമായി വല്ലാത്ത ബന്ധമാണ്. ആദ്യം തുമ്പിമാമനെ പരിചയപ്പെടുത്താം. ഞങ്ങളുടെ അയല്പക്കത്തുള്ള പ്രായമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം, മണിയന്‍ പിള്ള എന്നാണ് ശരിക്കുള്ള പേര്. നീണ്ട താടിയും, തലേക്കെട്ടും, കൈയുള്ള ബനിയനും, കാവി മുണ്ടുമൊക്കെയായി ഒരു പ്രത്യേക രൂപമാണ്. കുട്ടിക്കാലത്ത് ഞാന്‍ കാണുമ്പോള്‍ മുതല്‍ അവസാനം വരേയും ഈ രൂപത്തിന്ന്‌ ഒരുമാറ്റവും വന്നിട്ടില്ല, പ്രായം ഫുള്‍‌സ്റ്റോപ്പിട്ടതുപോലെ. തുമ്പിമാമന്‍ എന്ന് ഇദ്ദേഹത്തിനു പേരുവന്നതും ഞാനുമായി ബന്ധപ്പെട്ടാണ്. കുട്ടിക്കാലത്ത് എന്റെ കരച്ചില്‍ നിര്‍ത്തുവാനായി ഇദ്ദേഹം തുമ്പിയെപിടിച്ച് നൂലില്‍ കെട്ടി തരുമായിരുന്നത്രേ, നൂലിന്റെ ഒരറ്റം എന്റെ കൈയില്‍, അങ്ങേയറ്റത്ത് പറക്കുന്ന തുമ്പി, അങ്ങിനെയായിരുന്നത്രേ ഞാന്‍ സന്തോഷിച്ചിരുന്നത്, കുട്ടിക്കാലത്തേ ഒരു ചെറിയ ക്രൂരനായിരുന്നെന്നു സാരം. അങ്ങിനെ ആ പ്രായത്തില്‍ ഞാന്‍ വിളിച്ചു തുടങ്ങിയതാണ് തുമ്പിമാ‍മനെന്ന്, അങ്ങിനെയത് സമപ്രായക്കാരായ പല കുട്ടികളും വിളിച്ചു തുടങ്ങി, പതിയെ മുതിര്‍ന്നവരില്‍ ചിലരും ഉപയോഗിച്ചു തുടങ്ങി. വരയ്ക്കുവാനും, തടിപ്പണിയിലും സാമര്‍ത്ഥ്യമുണ്ടായിരുന്ന അദ്ദേഹമാണ് കുട്ടിക്കാലത്ത് എന്നെ വരയ്ക്കുവാന്‍ പഠിപ്പിച്ച ആദ്യ ഗുരു. തടിയില്‍ കൈവണ്ടിയും, ഉന്തുവണ്ടിയും, ഓണത്തിന് പറത്തുവാന്‍ പല രീതിയിലുള്ള പട്ടങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളതും മറ്റാരുമല്ല. വലിയ സാമ്പത്തിക സ്ഥിതിയിലൊന്നുമല്ലായിരുന്ന എന്റെ വീട്ടില്‍ ഇത്തരം കളിപ്പാട്ടങ്ങളായിരുന്നു ഏറെയും.

തുമ്പിമാ‍മനും എത്തിക്കഴിഞ്ഞാല്‍ ഞങ്ങളുടെ അത്തമിടല്‍ തുടങ്ങുകയായി. അനിയത്തിയുമായുള്ള വഴക്കിടലും, ഞെളിഞ്ഞ് നിന്നുള്ള നിര്‍ദ്ദേശം കൊടുക്കലുമൊക്കെയായി പൂവിടലിന്റെ നേതൃസ്ഥാനം ഞാനങ്ങ് ഏറ്റെടുക്കും. ഇത്രയും മണ്ണുവാരി പൂക്കളമൊരുക്കുവാന്‍ എനിക്കറിയാമെങ്കില്‍, പൂവിടുന്നത് ഞാന്‍ പറയുന്നതുപോലെ മതി എന്ന ഭാവമാണ് എനിക്ക്. ചിലപ്പോഴൊക്കെ അച്ഛന്റെ അനിയന്റെ മക്കളുമുണ്ടാവും തിരുവോണത്തിന്. അവരുടെ മുന്‍പില്‍ ചേട്ടന്‍ കളിക്കുകയും മറ്റൊരു രസം. സിനിമ കാണാന്‍ കഴിയാത്തതിന്റെ നിരാശയും അപ്പോള്‍ തീര്‍ക്കും. അങ്ങിനെ രാത്രി 11-12 മണിയോടെ പൂവിടല്‍ അവസാനിക്കും, അല്ലെങ്കില്‍ അച്ഛന്‍ അവസാനിപ്പിക്കും. ആദ്യത്തെ ഡിസൈനുമായി വലിയ ബന്ധമൊന്നും അവസാ‍നം ഉണ്ടാവാറില്ല. പൂവിന്റെ ലഭ്യതയനുസരിച്ച് ഡിസൈന്‍ ഓരോ ഘട്ടത്തിലും മാറിമാറിവരും. ഒടുവില്‍ പൂ തീരുന്നതോടെ അത്തപ്പൂക്കളവും പൂര്‍ത്തിയാവും. രാവിലെ എഴുനേറ്റ് ആദ്യം ചെയ്യുന്നത് പൂക്കളം കാണുക എന്നതാണ്. പകല്‍ വെളിച്ചത്തില്‍ അത് കാണുമ്പോഴുള്ള സുഖം, അത് കണ്ടുതന്നെ അറിയണം. വീടിന്റെ മുന്നിലൂടെ പോവുന്ന കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഗെയിറ്റിനു മുകളിലൂടെ തലയേന്തി നോക്കുമ്പോള്‍, ഒട്ടൊരു ഗമയോടെ അവരുടെ നോട്ടങ്ങളെ അവഗണിച്ചങ്ങിനെ നില്‍ക്കുമ്പോള്‍, എന്തെന്നറിയാത്ത ഒരു അഭിമാനമായിരുന്നു ഉള്ളില്‍.

പിന്നെയുള്ളത് ഫോട്ടോയെടുപ്പാണ്. ഞങ്ങളുടെ അടുത്ത് താ‍മസിക്കുന്ന പ്രായം ചെന്ന ഒരു ഫോട്ടോഗ്രാഫറുണ്ട്, ഫോട്ടോ നാരായണന്‍ എന്നാണ് അറിയപ്പെടുന്നത്. ക്യാമറ എന്ന് നാട്ടുകാര് കേട്ടുവരുമ്പോഴേക്കും ഫോട്ടോഗ്രാഫറായതിനാലുള്ള ഒരു മേല്‍ക്കൊയ്മ അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങളുടെ അത്തപ്പൂക്കളം ഒരിക്കല്‍ കണ്ടപ്പോള്‍ ഇങ്ങോട്ടു വന്നു ചോദിച്ചു, ഒരു ഫോട്ടോയെടുത്തോട്ടെയെന്ന്. ഏതോ ഒരു പരസ്യത്തില്‍ ഉപയോഗിക്കുവാന്‍ കൊടുക്കുവാനാണത്രേ. കൂട്ടത്തില്‍ ഞങ്ങളേയും ചേര്‍ത്തു നിര്‍ത്തി ഓരോ പടമെടുത്തു, പൂവിടുന്നതായും നോക്കി നില്‍ക്കുന്നതുമായുമൊക്കെ. അതിന്റെ ഓരോ കോപ്പി ഞങ്ങള്‍ക്കും തന്നു. പിന്നീടങ്ങോട്ട് അതുമൊരു പതിവായി. ഞങ്ങളുടെ അത്തപ്പൂക്കളത്തിന്റെ ചിത്രം അദ്ദേഹമെടുക്കും, ഞങ്ങള്‍ക്കും ഫോട്ടോ തരും, പ്രിന്റ് അടിക്കുവാനുള്ള പൈസമാത്രം നല്‍കിയാല്‍ മതി. അദ്ദേഹം ആ പൂക്കളത്തിന്റെ പടം ആര്‍ക്കെങ്കിലുമൊക്കെ കൊടുത്ത് കാശുമേടിക്കൂം, അതിനെ എതിര്‍ക്കരുത്. അതായിരുന്നു കരാര്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം തുമ്പിമാമനും ഫോട്ടോ നാരായണനും മണ്മറഞ്ഞു. കഴിഞ്ഞ ഓണത്തിനു മുന്‍പായിരുന്നു ഇവരുടെ മരണം. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് അത്തമൊരുക്കുവാന്‍ ഒരു ശുഷ്കാന്തിയും തോന്നിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം തിരുവോണനാളിലെ അത്തവും കാര്‍ പോര്‍ച്ചില്‍ നിന്നും മുറ്റത്തൊരു ചെറുവൃത്തത്തിലൊതുങ്ങി. ഇന്ന് പൂക്കളമൊരുക്കുന്നതില്‍ സഹായിക്കുവാന്‍ തുമ്പിമാമനില്ല. അനിയത്തി ഹോസ്റ്റലില്‍ പഠിക്കുന്നു, തിരുവോണത്തിന്റെ പിറ്റേന്ന് പരീക്ഷയായതിനാല്‍ ഓണം ഹോസ്റ്റലില്‍ തന്നെ. അച്ഛന്റെ അനിയന്റെ മക്കള്‍ക്കും പരീക്ഷയുടേയും പഠനത്തിന്റേയും തിരക്കുകള്‍. ഞാന്‍ മാത്രമുണ്ട് ഇവിടെ. ഇന്നെനിക്ക് സ്വന്തമായി ക്യാമറയുണ്ട്, എത്ര ഫോട്ടോ വേണമെങ്കിലും എടുക്കാം. പൂ മേടിക്കുവാന്‍ പണം സ്വന്തമായുണ്ട്, എത്ര പൂവേണമെങ്കിലും മേടിക്കാം. ടി.വി.യിലെ ബ്ലോക്ക് ബ്ലസ്റ്റര്‍ കാണാന്‍ പറ്റില്ലെന്നുള്ള ഖേദമില്ലാതെ പൂക്കളമൊരുക്കാം, കാരണം ഞാന്‍ കാണാത്ത പടം ഒരു ചാനലിലും വരുവാന്‍ സാധ്യതയില്ല. എന്നിട്ടും പൂവിടുവാനുള്ള മനസില്ല, ഒറ്റയ്ക്കിരുന്ന് പൂവിടുന്നതില്‍ എന്തു രസം. ഇന്നത്തെ കുട്ടികള്‍ ഒരുതരത്തില്‍ ഭാഗ്യവാന്മാരാണ്, അവരറിയുന്നില്ല അവരെന്താണ് നഷ്ടപ്പെടുത്തുന്നതെന്ന്. പക്ഷെ, എനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് ഞാനറിയുന്നു, ആ നഷ്ടബോധം നികത്താനുമാവില്ല. ഇനി തിരിച്ചുവരാത്ത കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ അയവിറക്കി, ഞാനുമൊരു പൂക്കളമൊരുക്കും ഇത്തവണയും. മുറ്റത്ത് ഒരു ചെറിയ പൂക്കളം.
--

Keywords: Onam, Pookkalam, Atham, Kuttikkalam, Childhood, Memory, Memories, Thumpi Mamam, Photo Narayanan, Foto, Thumbi
--
കുട്ടിക്കാലത്തെ എന്റെ ഓണങ്ങള്‍ മനോഹരമാക്കിയ ഏവരുടേയും സ്മരണയ്ക്കുമുന്നില്‍ നമിച്ചുകൊണ്ട്...
--

Sunday, August 12, 2007

നെഹ്രുട്രോഫി ജലോത്സവം‘07


നെഹ്രുട്രോഫി ജലോത്സവത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല, മലയാളികളില്‍. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ്, ആലപ്പുഴ പുന്നമടക്കായലില്‍ ഈ ജലമേള അരങ്ങേറാറുള്ളത്. വള്ളംകളി ഒരു കായിക ഇനമായി അംഗീകരിച്ച ശേഷമുള്ള ആദ്യത്തെ നെഹ്രുട്രോഫി മത്സരം എന്ന ഒരു പ്രത്യേകത ഈ വര്‍ഷത്തെ (2007 ആഗസ്ത് 11) ജലോത്സവത്തിനുണ്ടായിരുന്നു.

അല്പം ചരിത്രം. 1952-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കേരളം സന്ദര്‍ശിച്ച വേളയില്‍ കോ‍ട്ടയത്തു നിന്നും ആലപ്പുഴവരെ ജലമാര്‍ഗം സഞ്ചരിക്കുകയുണ്ടായി. പണ്ടുകാലത്ത് കായല്‍‌യുദ്ധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ചുണ്ടന്‍ വള്ളങ്ങള്‍, അദ്ദേഹത്തിന്റെ ബോട്ടിനെ അനുഗമിച്ചു. അവയുടെ സൌഹൃദമത്സരവും അരങ്ങേറി. ചുണ്ടാന്‍ വള്ളങ്ങളുടെ പ്രകടനം കണ്ട് ആവേശഭരിതനായ നെഹ്രു അന്ന് ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി, ആലപ്പുഴ വരെ ചുണ്ടന്‍ വള്ളത്തില്‍ സഞ്ചരിക്കുകയുണ്ടായി. തിരികെ ഡല്‍ഹിയിലെത്തിയ നെഹ്രു, തന്റെ കൈയ്യൊപ്പോടു കൂടിയ ഒരു ചുണ്ടന്‍ വള്ളത്തിന്റെ മാതൃക, വെള്ളിയില്‍ തീ‍ര്‍ത്ത് അയച്ചു കൊടുത്തു. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ട്രോഫി, പിന്നീട് നെഹ്രുവിന്റെ കാലശേഷം നെഹ്രുട്രോഫി എന്ന് അറിയപ്പെട്ടുതുടങ്ങി.

മുഖ്യാതിഥിയായെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനായിരുന്നു ജലമേള ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, വിജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചീഫ് സെക്രട്ടറി ലിസി ജേക്കബ്, ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, കെ.എസ്. മനോജ് എം.പി., കെ.സി. വേണുഗോപാല്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ പി.പി. ചിത്തരഞ്ജന്‍ തുടങ്ങി ഒട്ടനേകം വിശിഷ്ടവ്യക്തികള്‍ ജലമേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മത്സരത്തില്‍ പങ്കെടുത്ത18 ചുണ്ടനുകള്‍ അണിനിരന്ന മാസ് ഡ്രില്‍ അരങ്ങേറി.

സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളായിരുന്നു ആദ്യം. 16 വള്ളങ്ങള്‍ നാല് ഹീറ്റ്സുകളിലായി മത്സരിച്ചു. രണ്ടു വള്ളങ്ങള്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തി. ഒന്നാം ഹീറ്റ്സില്‍ ശ്രീ ഗണേശന്‍(വള്ളം നമ്പര്‍:15), ജവഹര്‍ തായങ്കരി(5), വെള്ളം കുളങ്ങര(7‌), നടുഭാഗം(17) എന്നീ ചുണ്ടനുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. രണ്ടാം ഹീറ്റ്സില്‍ പട്ടാറ ചുണ്ടന്‍(12), ആനാരി ചുണ്ടന്‍(18), കരുവാറ്റ(11), സെന്റ്.ജോര്‍ജ്ജ്(1); മൂന്നാം ഹീറ്റ്സില്‍ കാരിച്ചാല്‍(9), ചെമ്പക്കുളം(3), വലിയ ദിവാഞ്ചി(13), കല്ലൂപ്പറമ്പന്‍(2); നാലാം ഹീറ്റ്സില്‍ പായിപ്പാട്(16), ചെറുതന(4), ആലപ്പാട് ചുണ്ടന്‍(6), ആയാമ്പറമ്പു പാണ്ടി(8) എന്നിങ്ങനെയാണ് ഫിനിഷ് ചെയ്തത്. പ്രാഥമിക മത്സരങ്ങളിലെ ചില ചിത്രങ്ങളാണ് ചുവടെ.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

ഇരുട്ടുകുത്തി എ/ബി ഗ്രേഡുകള്‍, വെപ്പ് എ/ബി ഗ്രേഡുകള്‍, എന്നിവയുടെ പ്രാഥമിക-ഫൈനല്‍ മത്സരങ്ങളും; ചുരുളന്‍, വനിത‍ മത്സരങ്ങളുടെ ഫൈനല്‍ എന്നിവയായിരുന്നു തുടര്‍ന്ന്. വെപ്പ് എ-ഗ്രേഡ് ഫൈനലില്‍ അമ്പലക്കടവന്‍(26‌, ബോട്ട് ക്ലബ്: പുന്നമട ബോട്ട് ക്ലബ്), വെങ്ങാഴി(33, എയ്ഞ്ചല്‍ സ്പോര്‍ട്ട്സ് ക്ലബ്), വേണുഗൊപാല്‍(30, എസ്.എന്‍. ബോട്ട് ക്ലബ്) എന്നീ വള്ളങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ഇരുട്ടുകുത്തി എ-ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ അമൃത് ബോട്ട് ക്ലബ് തുഴഞ്ഞ പടക്കുതിര(20) ഒന്നാമതെത്തി. തുരുത്തിത്തറ(21, കായല്പുരം ബോട്ട് ക്ലബ്) രണ്ടാമതും കരുവേലിത്തറ(22, കുട്ടനാട് ബോട്ട് ക്ലബ്) മൂന്നാമതും ഫിനിഷ് ചെയ്തു. വെപ്പ് ബി-ഗ്രേഡ് ഫൈനലില്‍ ലൂര്‍ദ് മാതാ ബോട്ട് ക്ലബ് തുഴഞ്ഞ തോട്ടുകടവന്‍(50) ഒന്നാമതായും പുന്നത്ര പുരക്കല്‍(48, ബ്രദേഴ്സ് ബോട്ട് ക്ലബ്) രണ്ടാമതായും ഫിനിഷ് ചെയ്തു. ഇരുട്ടുകുത്തി ബി-ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ സെന്റ്.സബസ്റ്റ്യന്‍ ഒന്ന്(43, പനങ്ങാട് ബോട്ട് ക്ലബ്) ഒന്നാമതായും ശ്രീഗുരുവായൂരപ്പന്‍(41, യുവജനവേദി ബോട്ട് ക്ലബ്) രണ്ടാമതായും കൊച്ചയ്യപ്പന്‍(35, ശ്രീ. അംബേദ്കര്‍ ബോട്ട് ക്ലബ്) മൂന്നാമതായും ഫിനിഷ് ചെയ്തു. വനിതകളുടെ ഫൈനലില്‍ ചെല്ലിക്കാടന്‍(56, വേമ്പനാട് ലേക്ക് വനിത ബോട്ട് ക്ലബ്), കമ്പനി വള്ളം(55, വനിത ബോട്ട് ക്ലബ്-കുട്ടമംഗലം), കാട്ടില്‍ തെക്കേതില്‍(54, സംയുക്ത സാംസ്കാരിക സമിതി) എന്നിങ്ങനെ ഒന്ന്, രണ്ട്, മൂ‍ന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ചുരുളന്‍ വള്ളങ്ങളുടെ ഫൈനലില്‍ കോടിമത (52, എന്‍.ഐ.എഫ്.ഇ. എസ്.ടി.ആര്‍. കോമ്പ്ലക്സ്) ഒന്നാമതായും, കുറുപ്പു പറമ്പന്‍(51, യുവഭാവന ബോട്ട് ക്ലബ്) രണ്ടാമതായും, മേലങ്ങാടന്‍(53, യൂണിവേഴ്സല്‍ കോളേജ്) മൂന്നാ‍മതായും ഫിനിഷ് ചെയ്തു.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

മത്സരത്തിന്റെ ഇടവേളയില്‍ വിശിഷ്ടാതിഥികള്‍ ബോട്ടില്‍ കായലിനു ചുറ്റും സഞ്ചരിച്ച് കാണികളെ അഭിവാദ്യം ചെയ്തു. മത്സരത്തിനിടയില്‍ നാല് വള്ളങ്ങള്‍ മുങ്ങുകയുണ്ടായി. ഫയര്‍ഫോഴ്സും പോലീ‍സും രക്ഷാപ്രവര്‍ത്തനം നടത്തി. മത്സരാവസാനമായപ്പോഴേക്കും ആകാശം മേഘാവൃതമായി. കുറച്ചു മത്സരങ്ങള്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ തന്നെ പൂര്‍ത്തിയാക്കി. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ജലസാംസ്കാരിക ഘോഷയാത്രയും വള്ളംകളിയുടെ ഭാഗമാ‍യി അരങ്ങേറി.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.


ഒടുവില്‍ കാത്തുകാത്തിരുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.. തേഡ്-ലൂസേഴ്സ് ഫൈനലില്‍ കല്ലൂപ്പറമ്പന്‍(2, ഏയ്ഞ്ചല്‍ ബോട്ട് ക്ലബ്), നടുഭാഗം(17, ഫ്രണ്ട്സ് ബോട്ട് ക്ലബ്), സെന്റ്. ജോര്‍ജ്ജ്(1, ദേശീയ വായനശാല ബോട്ട് ക്ലബ്) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. സെക്കന്റ് ലൂസേഴ്സ് ഫൈനലില്‍ വലിയദിവാഞ്ചി(13, വി വണ്‍ ബോട്ട് ക്ലബ്), കരുവാ‍റ്റ(11, ജയശ്രീ ബോട്ട് ക്ലബ്), വെള്ളംകുളങ്ങര(7, ടൌണ്‍ ബോട്ട് ക്ലബ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. അദ്യപാദ മത്സരങ്ങളില്‍ രണ്ടാമതായെത്തിയ ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ യു.ബി.സി-കൈനകരി തുഴഞ്ഞ ചെറുതന(4) ഒന്നാമതായും, നവജീവന്‍ ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി(5) രണ്ടാമതായും, സി.ബി.സി-ചങ്ങനാശേരി തുഴഞ്ഞ അനാരി(18) മൂന്നാമതായും, സെന്റ് ജോര്‍ജ്ജ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം(3) നാലാമതായും ഫിനിഷ് ചെയ്തു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 5.6 മിനിറ്റില്‍ ഫിനിഷ് ചെയ്ത ശ്രീഗണേഷ്(15, ജീസസ് ബോട്ട് ക്ലബ്, കൊല്ലം) മൂന്നാം സ്ഥാനവും, 5.5 മിനിറ്റില്‍ ഫിനിഷ് ചെയ്ത കാരിച്ചാല്‍(9, സെന്റ്. ജോര്‍ജ് ബോട്ട് ക്ലബ്, കൊല്ലം) രണ്ടാം സ്ഥാനവും നേടി. 5.3 മിനിറ്റില്‍ ഫിനിഷ് ചെയ്ത പായിപ്പാട് ചുണ്ടനാണ്(16, കുമരകം ടൌണ്‍ ബോട്ട് ക്ലബ്, കോട്ടയം) അന്‍പത്തിയഞ്ചാമത് നെഹ്രുട്രൊഫി കരസ്ഥമാക്കിയത്. പായിപ്പാട് ചുണ്ടന് ഇത് ഹാട്രിക് വിജയം കൂടിയായി.


ആലപ്പുഴയില്‍ നിന്നുമുള്ള ബോട്ട് ക്ലബുകള്‍ തുഴഞ്ഞ ഒരു ചുണ്ടനും ഫൈനനലിലെത്തിയില്ല എന്നത് ഒരു പുതുമയായി. രണ്ടു ക്ലബുകള്‍ കൊല്ലത്തുനിന്നും, മറ്റു രണ്ടു ക്ലബുകള്‍ കോട്ടയത്തു നിന്നുമായിരുന്നു ഫൈനലില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് മന്ത്രി എം. വിജയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പായിപ്പാട് ചുണ്ടന്റെ ക്യാപ്റ്റന്‍ കുഞ്ഞുമോന്‍ മ്മേലുവള്ളില്‍ നെഹ്രുട്രോഫി ഏറ്റുവാങ്ങി. ഇനി അടുത്ത വര്‍ഷം ആഗസ്റ്റിലെ രണ്ടാം ശനിയാ‍ഴ്ച, അടുത്ത ജലമാമാങ്കത്തില്‍ വീണ്ടും മാറ്റുരയ്ക്കുവാന്‍ ഈ ചുണ്ടനുകളെത്തും. കായിക ഇനമായി അംഗീകരിച്ച വള്ളംകളിയില്‍ അടുത്ത തവണ മുതല്‍, ഒരേ വലുപ്പത്തിലുള്ള, തുഴക്കാരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളില്ലാത്ത ചുണ്ടന്‍ വള്ളങ്ങളാവും മത്സരിക്കുക.
--
ചിത്രങ്ങള്‍ പിക്കാസയില്‍ കാണുവാന്‍ ഈ ലിങ്ക് നോക്കുക: നെഹ്രുട്രോഫി ജലോത്സവം’07

Keywords: Nehru Trophy Boat Race, NTBR, Punnamada Lake, Alappuzha, August, Vallamkali, Boatrace, Jalamela
--

Friday, August 10, 2007

നളചരിതോത്സവം’07

ചൂതുകളിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് പാണ്ഡവര്‍ വനവാസം ചെയ്യുന്ന കാലം. കാട്ടിലെ വിഷമതകള്‍‍ ലഘൂകരിക്കുന്നതിനായി യുധിഷ്ഠിരന്, ബൃഹദശ്യ മഹര്‍ഷി നൈഷധരാജാവായ നളന്റെ കഥ പറഞ്ഞുകൊടുക്കുന്നു. ചൂതില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് കാട്ടിലെത്തിയ പാണ്ഡവരുടെ കഥയോട് സമാനമാണ് നളന്റെ കഥയും. മഹാഭാരതം വനപര്‍വ്വത്തില്‍ അടങ്ങിയിരിക്കുന്ന നളോപാഖ്യാനം, നളചരിതം എന്നപേരില്‍ ആട്ടക്കഥയാക്കി ഉണ്ണായിവാര്യര്‍ രംഗത്തെത്തിച്ചു. നളചരിതമെന്ന ഒറ്റ ആട്ടക്കഥയിലൂടെ, കഥകളിയില്‍ ചിരപ്രതിഷ്ഠ നേടിയ മഹാനായ പണ്ഡിതനാണ് ഉണ്ണായിവാര്യര്‍. നാടകീയരംഗങ്ങളും, മനോഹരങ്ങളായ പദങ്ങളും, അഭിനയസാധ്യതകള്‍ ധാരാളമുള്ള സന്ദര്ഭങ്ങളും കൊണ്ട് സമ്പന്നമായ നളചരിതം ആട്ടക്കഥ സമ്പൂര്‍ണ്ണമായി, ‘നളചരിതോത്സവം’ എന്ന പേരില്‍ ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിലെ ആഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. ആഗസ്ത് 27 മുതല്‍ 31 വരെയാണ് ‘നളചരിതോത്സവം’ കൊണ്ടാടുക.

ആദ്യ ദിവസം ശ്രീകൃഷ്ണ ഭഗവാന്റെ രക്ഷാ-ശിക്ഷക-മധ്യസ്ഥ ഭാവങ്ങളാല്‍ സമ്പന്നമായ, വയസ്സക്കര നാരായണന്‍ മൂസ്സത് എഴുതിയ ‘ദുര്യോധനവധം’ കഥകളിയോടെയാണ് അഞ്ചുനാള്‍ നീണ്ടു നില്‍ക്കുന്ന കഥകളി ഉത്സവത്തിന് തുടക്കം. നളചരിതം ഒന്നാം ദിവസം (സമ്പൂര്‍ണ്ണം), നളചരിതം രണ്ടാം ദിവസം (സമ്പൂര്‍ണ്ണം), നളചരിതം മൂന്നാം ദിവസം, നളചരിതം നാലാം ദിവസം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറുന്നു.
നോട്ടീസ് പേജ് 2-3
നോട്ടീസ് പേജ് 4-5
നോട്ടീസ് പേജ് 6-7
--

Thursday, June 14, 2007

കടങ്കഥകള്‍

പാടവരമ്പത്തെ ചെളി ചവുട്ടിത്തെറുപ്പിച്ച് അവനോടുകയായിരുന്നു. ഇട്ടിരുന്ന ചപ്പല്‍ അവന്റെ വെളുത്ത ഒറ്റമുണ്ടില്‍ പുള്ളികള്‍ വരച്ചുകൊണ്ടിരുന്നു. പാടത്ത് പണിയെടുക്കുകയായിരുന്ന പെണ്ണുങ്ങള്‍ തലയുയര്‍ത്തി നോക്കി. അവന്റെ കൈയിലെ തോര്‍ത്ത്, സമയമില്ലെന്ന രീതിയില്‍, അവന്‍ വീശിക്കൊണ്ടിരുന്നു.

രാവിലെ മണി ഒന്‍പതാവാറാവുന്നു. നല്ല തലവേദന, അതുകൊണ്ട് നീട്ടിയുള്ള ബെല്ലടി കേട്ടാണ് ഉറക്കമുണരുന്നത്. മുഖമൊന്നു കഴുകിയെന്നുവരുത്തി മുറിക്കു പുറത്തെത്തിയപ്പോഴേക്കും, ഭാര്യ ഓടിവന്നു പറഞ്ഞു:“ഏട്ടാ, അതാ തൊടിയില്‍ പണിക്കു വരാറുള്ള പയ്യനാ, നമ്മുടെ ജാനുവേടത്തിയില്ലേ, ആയമ്മേടെ മോന്റെ മകളുടെ ശവം, അവരുടെയടുത്തുള്ള കുളത്തില്‍ പൊങ്ങിയത്രേ!”

ഞാനാകെ വല്ലാതെയായി. ഇന്നലെയും വൈകുന്നേരം ചുള്ളിപെറുക്കുവാനായി അമ്മൂമ്മയോടൊപ്പം എത്തിയതാണ് മിനിക്കുട്ടി. രണ്ടില്‍ നിന്നും മൂന്നിലേക്കായതിന്റെ സന്തോഷത്തിലായിരുന്നു അവള്‍. പുസ്തകങ്ങള്‍ക്കും യൂണിഫോറത്തിനുമായി എന്തെങ്കിലും അടുത്ത ശമ്പളം കിട്ടുമ്പോള്‍ കൊടുക്കണമെന്നും കരുതിയതാണ്. ഇതിപ്പോളെന്താണ് പറ്റിയത്... മിനിക്കുട്ടിക്ക് നന്നായി നീന്തല്‍ വശമുണ്ടല്ലോ... വേഗത്തില്‍ ഷര്‍ട്ടിട്ട് കുടയുമെടുത്ത് ഞാന്‍ പുറത്തിറങ്ങി. ചെറുതായി മഴമേഖങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ട്. ഇടയ്ക്കിടെ ഓരോ മഴത്തുള്ളിയും, ഞാന്‍ വേഗത്തില്‍ ജാനുവേടത്തിയുടെ വീട് ലാക്കാക്കി നടന്നു.

പാടവരമ്പത്തൂടെ നടക്കുമ്പോള്‍, പയ്യന്‍ തോര്‍ത്ത് വീശി എങ്ങോട്ടോ ഓടുകയായിരുന്നു. വീട്ടുമുറ്റത്ത് നല്ലപോലെ ആളുകൂടിയിട്ടുണ്ട്, സ്വാഭാവികം. പോലീസുകാര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ശ്യാമു തന്നെയാണത്രേ, ശവം കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ചത്. അവനല്ലെങ്കിലും മിനിക്കുട്ടിയെ ജീവനായിരുന്നു. ഇപ്പോള്‍ ആള്‍ക്കാരെ അറിയിക്കുവാനായി അങ്ങുമിങ്ങുമോടി നടക്കുന്നതും അവന്‍ തന്നെ. ശ്യാമുവിന്റെ അച്ഛനുമമ്മയും ദീനം വന്നു മരിച്ചു. ജാനുവേടത്തിയുടെ അയല്‍പ്പക്കമായിരുന്നു അവര്‍. പിന്നെ, ശ്യാമുവിന്റെയൊരു രക്ഷകര്‍ത്താവിന്റെ സ്ഥാ‍നമായിരുന്നു ജാനുവേടത്തിക്ക്. ശ്യാമുവിനും മിനിക്കുട്ടിയെപ്പോലെ അമ്മൂമ്മയായിരുന്നു അവര്‍. മകനും മരുമകളും പട്ടണത്തില്‍ ജോലി തേടിപ്പോയേപ്പിന്നെ, അവര്‍ക്കൊരു കൈസഹായവുമായിരുന്നു ശ്യാമു.

പോലീസ് നായയെത്തി. മിനിക്കുട്ടിയുടെ കീറിയ പാവാടത്തുണിയില്‍ മണം പിടിച്ച് അതെങ്ങോട്ടോ പായുന്നു. കുറേപ്പേര്‍ അതിന്റെ പുറകേയോടുന്നു. ഒരു പക്ഷെ, ചേറുനിറഞ്ഞ കുളത്തില്‍ താഴ്ന്നുപോയതാവാം എന്നുള്ള ധാരണയായിരുന്നു ആദ്യം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞപ്പോള്‍, ബലാല്‍ക്കാരം നടന്നതിന്റെ സൂചനകളുണ്ടത്രേ. ഞാനോര്‍ക്കുകയായിരുന്നു, ഈ നാട്ടിന്‍പുറത്തും ഇത്രയും കണ്ണില്‍ ചോരയില്ലാത്തവരോ!

നായയുടെ ഓട്ടം പറമ്പിന്റെ മൂലയിലുള്ള വിറകുപുരയ്ക്കുള്ളില്‍ അവസാനിച്ചു. ഇന്നലെ സന്ധ്യയ്ക്കാണ് കഞ്ഞിക്ക് തീകൂട്ടുവാന്‍ കുറച്ചു വിറകെടുക്കുവാനായി ജാനു മിനിക്കുട്ടിയെ അങ്ങോട്ടയച്ചത്. അപ്പോളേതാണ്ട് ഏഴുമണിയായിക്കാണും. അവിടെപ്പോകുവാനായി കുളത്തിന്റെയടുത്തുകൂടി പോവേണ്ടതില്ല താനും. എട്ടുമണിയായപ്പോഴേക്കും എല്ലാവരും അറിഞ്ഞ് എല്ലായിടവും തിരഞ്ഞതാണത്രേ. പാടത്തിനക്കരെയായതുകൊണ്ട് ഞാനക്കാര്യം അറിഞ്ഞതേയില്ല. ഇന്നിപ്പോള്‍ തന്നെ ശ്യാമുവന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ പിന്നെയും വൈകിയേനേ ഈ കാര്യം അറിയുവാന്‍. സാധാരണ രാവിലെ നടക്കാനിറങ്ങാറുള്ളതാണ്, നല്ല തലവേദനയാ‍യതിനാല്‍ ഇന്നതും ഉണ്ടായില്ല. പോലീസുകാര്‍ വിറകുപുര മൊത്തമായി സൂക്ഷ്മതയോടെ പരിശോധിച്ചു. ഒടുവില്‍ അവര്‍ കണ്ടെത്തി, കറുത്ത ചരടില്‍ കുരുത്തൊരു രുദ്രാക്ഷം. അതിന്റെയറ്റത്ത് വെള്ളിയില്‍ തീര്‍ത്ത ഒരു ലോക്കറ്റും. പോലീസുകാരത് ഉയര്‍ത്തിക്കാട്ടി, സൂര്യപ്രകാശം അതില്‍ തട്ടിത്തിളങ്ങി. ആരുടേതെന്ന ചോദ്യത്തിന്, അടുത്തു നിന്നയാരോ ഉത്തരം നല്‍കി. അതാരുടേതാണെന്ന് ആര്‍ക്കും സംശയമില്ലായിരുന്നു.

ശ്യാമുവിനെ വിലങ്ങണിയിച്ച് കൊണ്ടുപോവുമ്പോള്‍, ജാനുവേടത്തി അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. “എനിക്കിപ്പോളെന്റെ മോളുമാത്രല്ല, മോനും പോയല്ലോ... എന്നാലും എന്തിനാ മോനേ, നീയിതു ചെയ്തത്...” ശരിയാണ്, എന്തിനാണവനതു ചെയ്തത്? സംസ്കാരിക മൂല്യച്ച്യൂതിയോ, ചെറുപ്പത്തിലെ കാമാസക്തിയോ, മാനസികരോഗമോ... ഉത്തരം എനിക്കുമറിയില്ലായിരുന്നു. മഴക്കാറുമാറി നല്ല വെയില്‍, കൈയിലിരുന്ന കൈലേസുകൊണ്ട് നെറ്റിയൊപ്പി വേഗത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, മനസില്‍ ആധിയായിരുന്നു. മകള്‍ രാവിലെ സ്കൂളില്‍ പോയതാണ്, ഉണ്ണുവാനായി സാധാരണ ഉച്ചയ്ക്ക് വീട്ടിലെത്താറുള്ളതാണ്. സുരക്ഷിതയായി തിരികെയെത്തിയെന്നറിയുവാനുള്ള വെപ്രാളമായിരുന്നു മനസില്‍, കഴിയുന്നത്ര വേഗത്തില്‍ ഞാന്‍ വീട്ടിലേക്ക് നടന്നു.
--


--

Wednesday, May 30, 2007

സപ്തതി - കലാമണ്ഡലം ഗോപി

2007 മെയ് 26, 27 തീയ്യതികളിലായി കലാമണ്ഡലം ഗോപി എന്ന അതുല്യ കഥകളി കലാകാരന്റെ സപ്തതി ഗുരുവായൂര്‍ പത്മനാഭന്‍ നായര്‍ നഗരിയില്‍ വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാരും ആസ്വാദകരും ആഘോഷങ്ങളില്‍ പങ്കുചെര്‍ന്നു. മെയ് 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേരള നാട്യകലയ്ക്ക് കലാമണ്ഡലം ഗോപിയുടെ സംഭാവന എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ചലച്ചിത്ര നടന്മാരായ മുരളി, നെടുമുടി വേണു; കഥകളി കലാകാരനായ കോട്ടയ്ക്കല്‍ ശിവരാമന്‍; കൂടിയാട്ടം കലാകാരനായ വേണുജി എന്നിവര്‍ സംസാരിച്ചു.

വൈകുന്നേരം ആറുമണിയോടെ കഥകളി ആരംഭിച്ചു. പഞ്ചപാണ്ഡവരും പാഞ്ചാലിയും പുറപ്പാട് വേഷങ്ങളായി രംഗത്തെത്തി. ആറുവേഷങ്ങള്‍ ഒരുപോലെ മുദ്രകാട്ടി കലാശമെടുക്കുന്നത് ഒരു നല്ല അനുഭവമായിരുന്നു. അതിനു ശേഷം കലാമണ്ഡലം ഗോപിയെ ‘നടരാജന്‍’ എന്ന കീര്‍ത്തിമുദ്ര അണിയിക്കുന്ന ചടങ്ങായിരുന്നു. മുത്തിക്കുട, ആലവട്ടം, പിന്നണിയില്‍ മേളം, താലത്തില്‍ ദീപവുമായി കഥകളിയിലെ സ്ത്രീവേഷം എന്നീ അലങ്കാരങ്ങളോടെ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. കാവാലം നാരായണപ്പണിക്കരാണ് കീര്‍ത്തിമുദ്ര അണിയിച്ചത്. അതിനു ശേഷം നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറി. ആദ്യ രംഗത്ത് കലാമണ്ഡലം ഗോപി നളനായും മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങിലെത്തി. പച്ചവേഷങ്ങളില്‍ താന്‍ തന്നെ ഒന്നാമന്‍ എന്ന് അടിവരയിടുന്ന രീതിയില്‍ ഗോപിയാശാന്‍ നളനെ അവതരിപ്പിച്ചു. ഗോപിയാശാന്റെ നളനൊത്ത ദമയന്തിയായി മാര്‍ഗി വിജയകുമാറും രംഗം കൊഴുപ്പിച്ചു.

കലി-ദ്വാപരന്മാരായി രംഗത്തെത്തിയത് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും കൊട്ടാരക്കര ഗംഗയുമായിരുന്നു. ശാരീരികാസ്വാസ്ഥ്യം മൂലം നെല്ലിയോടിന് കലിവേഷത്തെ മികച്ചതാക്കുവാന്‍ കഴിഞ്ഞില്ല എന്നത് നിര്‍ഭാഗ്യകരമായി. ചുവപ്പ് താടി വേഷങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുവാന്‍ സ്ത്രീകള്‍ക്കുമാവും എന്ന് തെളിയിച്ച കലാകാരിയാണ് കൊട്ടാരക്കര ഗംഗ. ദ്വാപരനായെത്തിയ ഗംഗ അവസരത്തിനൊത്തുയര്‍ന്ന് കലിയുടെ കുറവു നികത്തി അഭിനയിച്ചു. കലാമണ്ഡലം ഗോപിയുടെ ശൈലി അതുപോലെ പിന്തുടരുന്ന ഒരു കലാകാരനാണ് ഗോപിയുടെ പ്രധാന ശിഷ്യരില്‍ ഒരാളായ കൃഷ്ണകുമാര്‍. കലിയുടെ വാ‍ക്കുകളില്‍ വശംവദനായി നളനെ ചൂതുവിളിക്കുന്ന പുഷ്കരനെയാണ് ഇവിടെ കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. വേര്‍പാട് രംഗങ്ങളില്‍ നളനായി കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരും ദമയന്തിയായി മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുമാണ് രംഗത്തെത്തിയത്. കലാമണ്ഡലം ഗോപി, വളരെ നാടകീയമായി, നളന്റെ വികാരതീവ്രത മുഴുവനും പ്രേക്ഷകരിലെത്തിച്ചാണ് ഈ രംഗം അവസാനിപ്പിക്കാറുള്ളത്. എന്നാല്‍ ഇവിടെ ചന്ദ്രശേഖര വാര്യര്‍ അത്രയും വിജയിച്ചു എന്നു പറയുവാനാവില്ല. കലാനിലയം ഉണ്ണികൃഷ്ണന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി എന്നിവരാണ് പ്രധാനമായും ഈ രംഗങ്ങളില്‍ പാടിയത്. രംഗബോധം, ശബ്ദസൌകുമാര്യം, താളബോധം, സംഗീതം എന്നീഗുണങ്ങളൊക്കെയും സമാസമം ചേര്‍ന്നുള്ള ഗായകനെന്ന നിലയില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയാണ് ഇവരില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരിയാവട്ടെ അമിതമായ സംഗീതപരീക്ഷണങ്ങളിലൂടെ പദങ്ങള്‍ അരോചകമാക്കി.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

കലാമണ്ഡലം ഗോപിയുടെ ജന്മദിനമായ രണ്ടാം ദിവസം; നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, പഞ്ചവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും ഘോഷയാത്രയായി സപ്തതി ആഘോഷ നഗരിയിലെത്തിച്ചു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട്, ഭദ്രദീപം തെളിയിച്ചു. എഴുപത് കഥകളി കലാകാരന്മാര്‍ സപ്തതിയുടെ പ്രതീകമായി എഴുപത് നിലവിളക്കുകള്‍ തെളിയിച്ചു. തുടര്‍ന്ന് കലാമണ്ഡലം ഗോപി തന്റെ ഗുരുക്കന്മാരെ വന്ദിച്ചാദരിക്കുന്ന ചടങ്ങാ‍യ ആചാര്യവന്ദനവും, ശിഷ്യരും മറ്റ് കഥകളി കലാ‍കാരന്മാരും ഗോപിയാശാനെ നമസ്കരിക്കുന്ന ഗുരുപൂജയും നടന്നു.

കേരള കലാമണ്ഡലം ചെയര്‍മാന്‍ കൂടിയായ കവി, പ്രൊഫ. ഓ.എന്‍.വി. കുറുപ്പ് അധ്യക്ഷനായ അനുമോദന സമ്മേളനമായിരുന്നു തുടര്‍ന്ന്. പണ്ട് തോക്കുമായിവന്നുള്ള അധിനിവേശമായിരുന്നെങ്കില്‍, ഇന്ന് സംസ്കാരത്തിനുമേലേയുള്ള അധിനിവേശമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ യുവതലമുറ പരമ്പരാഗതകലയെക്കുറിച്ച് അന്ധരാണ്. വിദേശീയര്‍ കൊള്ളാമെന്നു പറയുന്നതുകൊണ്ടാവരുത് ഗോപിയെപ്പോലെയുള്ളവര്‍ ആദരിക്കപ്പെടുന്നത്. അവരുടെ മഹത്വം അറിഞ്ഞാവണം നമ്മള്‍ ആദരിക്കേണ്ടത്. കേരളമെന്ന് പറഞ്ഞാല്‍ പെട്ടെന്ന് എല്ലാ വിദേശരാജ്യങ്ങളിലും മനസിലാവില്ല, പക്ഷെ അവര്‍ കഥകളിയെ അറിയും, കഥകളി കലാകാരന്മാരെ അറിയും. അങ്ങിനെ നമ്മുടെ സാംസ്കാരികമണ്ഡലത്തിനു മുകളിലുള്ള അധിനിവേശത്തെ ചെറുത്തുനിര്‍ത്തുകയാണ്, ഗോപിയെപ്പോലെയുള്ളവര്‍ ചെയ്യുന്നത്. അതിനാവണം അവര്‍ ആദരിക്കപ്പെടേണ്ടത്. കേരള കലാമണ്ഡലത്തെ ഒരു സര്‍വ്വകലാശാലയായി ഉയര്‍ത്തുവാന്‍ എം.എ. ബേബി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

വള്ളത്തോളിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് പ്രൊഫ. ഓ.എന്‍.വി. കുറുപ്പു തന്നെയാണെന്നും, തന്റെ സ്ഥാനത്തിരുന്ന് ചെയ്യുവാന്‍ കഴിയുന്ന സഹായങ്ങള്‍ തന്നാലാവുന്ന രീതിയില്‍ താന്‍ ചെയ്യുന്നുവെന്നേയുള്ളെന്ന് മന്ത്രി എം.എ. ബേബി പറഞ്ഞു. സംഘാടകസമിതിക്കുവേണ്ടി അദ്ദേഹം കലാമണ്ഡലം ഗോപിക്ക് ആട്ടവിളക്ക് സമ്മാനിച്ചു. തന്റെ പ്രസംഗത്തില്‍ വേദിയിലും സദസിലുമായിരിക്കുന്ന വിവിധ കലാകാരന്മാരെ പേരെടുത്തുപറഞ്ഞ് ആദരിക്കുകയും ചെയ്തു അദ്ദേഹം.

ഗോപിയെന്ന വ്യക്തിയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് തന്റെ പ്രയോഗത്തോടുള്ള ഇഷ്ടം നിമിത്തം, ഇവിടെ വന്ന് പങ്കെടുക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് ഇത്രയധികം പേര്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് തന്റെ മറുപടിപ്രസംഗത്തില്‍ ഗോപി പറഞ്ഞു. തന്റെ മുന്‍ശുണ്ഠിയും കാര്‍ക്കശ്യവും നിമിത്തം ധാരാളം പേരുടെ മുഷിച്ചില്‍ സമ്പാദിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അവയെയൊക്കെ തരണം ചെയ്ത് ഇന്നീ നിലയിലെത്തുവാന്‍ തനിക്കു കഴിഞ്ഞത്, ഗുരുക്കന്മാരുടേയും ശ്രീ.ഗുരുവായൂരപ്പന്റെയും അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. ഗുരുവായ, കലാമണ്ഡലം പത്മനാഭന്‍ നായരെ അനുസ്മരിക്കുവാനും അദ്ദേഹം മറന്നില്ല.

കലാമണ്ഡലം ഹൈദരാലിയേയോ, വെണ്മണി ഹരിദാസിനേയോ ആരും ഒരിടത്തും ഓര്‍ത്തില്ല എന്നത് ആശ്ചര്യകരമായിത്തോന്നി. ഉച്ചയ്ക്ക് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ സുഹൃത് സമ്മേളനവും നടന്നു. വൈകുന്നേരം നാലുമണിക്ക് കല്ലൂര്‍ രാമന്‍‌കുട്ടി മാരാരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറി. ശേഷം പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. നാലുകൃഷ്ണവേഷങ്ങളാണ് രണ്ടാം ദിവസം പുറപ്പാടിനായി രംഗത്തെത്തിയത്. തലേന്നെത്തിയ ആറുവേഷങ്ങളുടെ പുറപ്പാടിനേക്കാള്‍ മികച്ചതായി കൃഷ്ണവേഷങ്ങളുടെ പുറപ്പാട്. ഇന്നത്തെ യുവഗായകരില്‍ ശ്രദ്ധേയനായ കോട്ടയ്‌ക്കല്‍ മധുവായിരുന്നു പുറപ്പാടിന് പാടിയത്. സംഗീതം, ശബ്ദസൌകുമാര്യം എന്നിവയാണ് മധുവിന്റെ പ്രത്യേകതകള്‍. എന്നിരിക്കിലും നാട്യപ്രധാനമായ കഥകളിയില്‍, ഭാവപൂര്‍ണ്ണമായ സംഗീതമാണ് ആവശ്യം. സംഗീതത്തില്‍ ഭാവം കൊണ്ടുവരുവാന്‍ കൂടിക്കഴിഞ്ഞാല്‍ കഥകളിസംഗീതരംഗത്ത് സ്വന്തമായൊരു സ്ഥാനം നേടുവാന്‍ ഈ കലാകാരനു കഴിയും എന്നതില്‍ തര്‍ക്കമില്ല.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

രണ്ടാം ദിവസം ആദ്യകഥ ലവണാസുരവധമായിരുന്നു. ശ്രീരാമന്റെ യാഗാശ്വത്തെ ലവനും കുശനും ചേര്‍ന്ന് ബന്ധിക്കുന്നു. യാഗാശ്വത്തെ പിന്തുടര്‍ന്നെത്തുന്ന ശത്രുഘ്നനെ ലവകുശന്മാര്‍ പരാജയപ്പെടുത്തുന്നു. തുടര്‍ന്നെത്തുന്ന ഹനുമാനെ പരാജയപ്പെടുത്തി സീതയുടെ മുന്നിലെത്തിക്കുന്നു. സീത ഹനുമാനെ മോചിപ്പിക്കുവാന്‍ ലവകുശന്മാരോടു പറയുന്നു. സീതയുടെ അനുഗ്രഹവും വാങ്ങി, ലവകുശന്മാരുടെ വീര്യത്തില്‍ സം‌പ്രീതനായി ഹനുമാന്‍ വിടവാങ്ങുന്നു. ഇത്രയും ഭാഗമാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുടെ ഗുരുവായ കലാമണ്ഡലം രാമന്‍‌കുട്ടിനായരാശാനാണ് ഹനുമാനെ അവതരിപ്പിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍, നര്‍മ്മം ചാലിച്ചുള്ള അദ്ദേഹത്തിന്റെ ഹനുമാന്‍ സദസ്യരെ നന്നായിത്തന്നെ രസിപ്പിച്ചു. കലാമണ്ഡലം ഗോപിയുടെ സതീര്‍ത്ഥ്യനും ഒരുകാലത്ത് കഥകളി അരങ്ങുകളിലെ സ്ഥിരം പങ്കാളിയുമായിരുന്ന കോട്ടയ്‌ക്കല്‍ ശിവരാമനായിരുന്നു സീതയുടെ ഭാഗം അഭിനയിച്ചത്. കലാമണ്ഡലം ഗോപിയുടെ ശിഷ്യരില്‍ പ്രഥമഗണനീയനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ലവനേയും‍, കോട്ടയ്‌ക്കല്‍ കേശവന്‍ കുശനേയും അവതരിപ്പിച്ചു. കലാമണ്ഡലം ഗംഗാധരനായിരുന്നു ഈ ഭാഗത്തെ സംഗീതം കൈകാര്യം ചെയ്തത്. പ്രായാധിക്യത്തിലും, ഇപ്പോഴുള്ള പല ചെറുപ്പക്കാരേക്കാളും നന്നായി അദ്ദേഹം പാടുന്നു എന്നത് ചെറിയ കാര്യമല്ല. ശബ്ദസൌകുമാര്യം കുറവാണെന്നതൊഴിച്ചാല്‍, അദ്ദേഹത്തിന്റെ സംഗീതം കഥകളിക്കിണങ്ങുന്നതുതന്നെയാണ്.

സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

ഏവരും കാത്തിരുന്ന കലാമണ്ഡലം ഗോപിയുടെ ദുര്യോധനന്‍ അരങ്ങിലെത്തുന്ന ഉത്തരാസ്വയംവരമായിരുന്നു അടുത്ത കഥ. ഏകലോചനമടങ്ങുന്ന ദുര്യോധനന്റെ ആദ്യ ശൃംഗാരപദം വളരെ നന്നായിത്തന്നെ അദ്ദേഹം രംഗത്തവതരിപ്പിച്ചു. എന്നാല്‍ വാര്യരുടെ കത്തിവേഷങ്ങളുടെയത്രയും ഗാംഭീര്യം ഗോപിയുടെ കത്തിവേഷത്തിനുള്ളതായി തോന്നിയില്ല. പച്ചവേഷങ്ങളില്‍, പ്രത്യേകിച്ച് നളനായി അഭിനയിക്കുമ്പോള്‍, അനുഭവവേദ്യമാവുന്ന ഗോപിയെന്ന പ്രതിഭയുടെ ആ കരസ്പര്‍ശം ഇതിലുണ്ടായതുമില്ല. ശീലമില്ലാത്തതിനാലാവാം അലര്‍ച്ചകളും വളരെക്കുറവായിരുന്നു. കലാമണ്ഡലം ഷണ്മുഖദാസാണ് ഭാനുമതിയുടെ വേഷമിട്ടത്. പ്രായത്തില്‍ വളരെ ചെറുപ്പമാണെങ്കിലും, മുതിര്‍ന്ന കലാകാരന്മാരോടൊപ്പം വേഷമിടുവാന്‍ താന്‍ പ്രാപ്തനാണെന്ന് തെളിയിച്ച കലാകാരനാണ് ഷണ്മുഖദാസ്. ഇവിടെയും ഇരുത്തം വന്ന അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇവരിരുവരും ചെര്‍ന്നുള്ള ആദ്യരംഗം വളരെ മികച്ചുനിന്നു.

ഉത്തരാസ്വയംവരം കഥകളിയിലെ മറ്റൊരു പ്രധാന വേഷമായ തിഗര്‍ത്തകനായി രംഗത്തെത്തിയത് കോട്ടയ്ക്കല്‍ ദേവദാസാണ്. താടിവേഷങ്ങളില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരുവാന്‍ കഴിഞ്ഞുട്ടുള്ള ഒരു മികച്ച യുവകലാകാരനാണ് അദ്ദേഹം. കേരളത്തിന്റെ തെക്ക് ഭാഗങ്ങളില്‍ അധികം എത്താറില്ലാത്ത കോട്ടയ്ക്കല്‍ നാരായണന്‍, പാലനാട് ദിവാകരന്‍ എന്നിവരായിരുന്നു ഈ കഥയിലെ സംഗീതം നിര്‍വ്വഹിച്ചത്. ചിട്ടപ്രധാനമായ പദങ്ങള്‍ സംഗീതം ചോര്‍ന്നു പോവാതെ പാടുന്നതില്‍ അഗ്രഗണ്യനാണ് കോട്ടയ്ക്കല്‍ നാരായണന്‍. ഹൈദരാലിയുടെ രീതിയില്‍, ലളിതമായ ഒരു സമീപനമാണ് പാലനാട് ദിവാകരന്റേത്. തിഗര്‍ത്തകവട്ടം വരെ കോട്ടയ്ക്കല്‍ നാരായണനും തുടര്‍ന്നുള്ള ഭാഗം പാലനാട് ദിവാകരനുമാണ് പാടിയത്.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

സപ്തതിയുടെ പ്രതീകമായി എഴുപത് വേഷങ്ങള്‍ രംഗത്തെത്തുന്ന രീതിയിലായിരുന്നു കഥകള്‍ തിരഞ്ഞെടുത്തിരുന്നത്. ഗോപിയാശാന്റെ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ കോട്ടയം രാധാകൃഷ്ണവാര്യരുടെ ചിത്രപ്രദര്‍ശനം,കഥകളി സംബന്ധിയായ പുസ്തകങ്ങളുടെ പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം നടന്നു. രണ്ടുദിവസവും ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കെല്ലാവര്‍ക്കും ആഹാരവും ഏര്‍പ്പെടുത്തിയിരുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ വളരെ നന്നായിത്തന്നെ പരിപാടികള്‍ അസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിയ സംഘാടകര്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഗോപിയാശാന്റെ ആരാധകര്‍ക്കും, കഥകളി ആസ്വാദകര്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന രണ്ടു ദിവസങ്ങളായിരുന്നു ഈ ആഘോഷം സമ്മാനിച്ചത് എന്ന് നിസംശയം പറയാം. കലാമണ്ഡലം ഗോപി എന്ന കലാകാരന് എല്ലാവിധ ഭാവുകങ്ങളും ആയുസ്സും ആരോഗ്യവും നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
--



സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ഗോപിയാ‍ശാന്റെ സപ്തതി ആഘോഷം - കളിഭ്രാന്ത്
--
Keywords: Kathakali, Kalamandalam Gopi, Sapthathi, Guruvayur, Guruvayoor, 70, Birthday, Celebrations, Photos, Images, Gallery, Pictures, Kalamandalam Padmanabhan Nair Nagar, Kalamandalam Ramankutty Nair, Nalacharitham, Nalan, Damayanthi, Margi Vijayakumar, Kalamandalam Shanmughadas, Hanuman, Kottackal Chandrasekhara Varier, Duryodhanan, Kathi Vesham, Pacha, Bhanumathi, Utharaswayamvaram, Kottackal Devadas, Kottackal ivaraman, Minukku, Thadi, Thigarthakan, Kali, Dwaparan, Lavan, Kusan, Seetha, Lavanasuravadham, Thiranottam, Kottackal Madhu, Palanadu Divakaran, Pathiyoor Sankarankutty, Kalamandalam Gan, Nelliyodu Vasudevan Nampoothiri, Kottarackara Ganga, Kalamandalam Balasubrahmaniam, Kottackal Kesavan